ആദ്യ നിമിഷങ്ങൾ ഓർത്തപ്പോൾ അറിയാതെ തന്നെ അവളുടെ ചുണ്ടിൽ ചിരി വിടർന്നു….

മരീചിക

Story written by KANNAN SAJU

തന്റെ പിന്നിലൂടെ ആരോ നടക്കുന്ന പോലെ അവൾക്കു തോന്നി.. ഇരുട്ടിൽ ഒരു നിഴൽ രൂപം കണ്ടു അവൾ ഞെട്ടലോടെ തിരിഞ്ഞു. പിന്നിൽ ആരും ഉണ്ടായിരുന്നില്ല. ബാഗിൽ പിടുത്തം മുറുക്കി സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു കൊണ്ടു അവൾ തെക്കേ പറമ്പിലെ തൊടിയിൽ നിന്നും താഴേക്കു ചാടി. കിതച്ചു കൊണ്ടു ഇരുട്ടിലൂടെ നാല് ദിക്കും കണ്ണോടിച്ചു.

ഫോൺ അച്ഛൻ പിടിച്ചു വാങ്ങി വെച്ചിരുന്നതിനാൽ കയ്യിൽ ഒരു കുഞ്ഞി ടോർച് മാത്രമേ കരുതിയിട്ടുള്ളു. അതും അച്ഛന്റെ മേശയിൽ നിന്നും കട്ടെടുത്തത്. ബുക്ക് വാങ്ങാനെന്നും പറഞ്ഞു വന്ന മിന്നുവാണ് കണ്ണേട്ടൻ തന്ന എഴുത്തു തന്നെ ഏല്പിച്ചത്.

കണ്ണേട്ടൻ ഒരിക്കലും വാക്ക് തെറ്റിച്ചിട്ടില്ല. അതുകൊണ്ടാണ് ഫോൺ പോലും ഇല്ലാഞ്ഞിട്ടും പറഞ്ഞ സമയത്തു രാത്രിയെ പോലും ഭയക്കാതെ കിട്ടിയ ഉടുപ്പുകളും എടുത്തു പന്ത്രണ്ടു മണിക്ക് റോഡരുകിൽ എത്താനായി ഇറങ്ങിയത്. സമയം പതിനൊന്നര കഴിഞ്ഞു.

അവൾ കുഞ്ഞി ടോർച്ചിന്റെ കുഞ്ഞു വെളിച്ചത്തിലൂടെ മുന്നോട്ടു നീങ്ങി….ജീവികളുടെ ശബ്ദവും പട്ടികളുടെ ഓരിയിടലും ഒന്നും അവളെ ഭയപ്പെടുത്തിയില്ല. ഉള്ളിൽ ഒരേ ഒരു ചിന്ത മാത്രം.. കണ്ണേട്ടൻ.. ജീവിതത്തിൽ താൻ ആഗ്രഹിച്ച ഒരേ ഒരു കാര്യം.. കണ്ണേട്ടന്റെ കൂടെ ഒരു ജീവിതം..

കണ്ണനെ ആദ്യമായി കണ്ട ആ നിമിഷം അവൾ ഓർത്തു….

” ഇന്നത്തെ യുവാക്കൾ നശിക്കുന്നതിന്റെ പ്രധാന കാരണം ല ഹരിയുടെ ഉപയോഗം ആണ്. പ്രത്യേകിച്ചും പു കവലി… നിരോധനം അല്ലാതെ ഉപേക്ഷിക്കൽ ആണ് നമുക്ക് വേണ്ടത്… ” നിറഞ്ഞ സദസ്സിൽ ല ഹരിക്കെതിരെയുള്ള പ്രസംഗം കണ്ടായിരുന്നു താൻ ആദ്യമായി വാ പൊളിച്ചിരുന്നതു.. പെൺകുട്ടികൾ മത്സരിച്ചു കയ്യടിക്കുന്നത് കണ്ടു ആദ്യം അസൂയയാണ് തോന്നിയത്. എന്നാൽ അതിലും വലിയ ഞെട്ടൽ കാത്തിരിക്കുവായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

ബസ് കാത്ത് ബസ് സ്റ്റോപ്പിൽ നിക്കുമ്പോൾ പ്രസംഗത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങി സുന്ദരിമാരോട് യാത്ര പറഞ്ഞു കണ്ണേട്ടൻ സ്റ്റേജിന് പിന്നിലേക്ക് പോകുന്നത് കണ്ടു. എന്തോ രണ്ട് നല്ല വാക്ക് പറയാൻ തോന്നി തേടി ചെല്ലുമ്പോൾ ആണ് ചുണ്ടിൽ രണ്ട് സി ഗരറ്റും വെച്ചു നിക്കുന്ന കണ്ണേട്ടനെ കാണുന്നത്.

ഞെട്ടിയത് ഞാനോ കണ്ണേട്ടനോ… അതോ രണ്ട് പേരുമോ? എന്തായാലും ആ കണ്ടു മുട്ടൽ പിന്നീട് രണ്ട് കാര്യങ്ങളിൽ അവസാനിച്ചു. ഒന്ന് ഏട്ടൻ വലി നിർത്തി.. രണ്ട് അടുത്ത ല ഹരി ഞാനായി.

ആദ്യ നിമിഷങ്ങൾ ഓർത്തപ്പോൾ അറിയാതെ തന്നെ അവളുടെ ചുണ്ടിൽ ചിരി വിടർന്നു. പെട്ടന്ന് റോഡിലൂടെ ഉള്ള കാറിന്റെ വെളിച്ചം കണ്ടു അവൾ അടുത്തടുത്തുള്ള രണ്ട് മരങ്ങൾക്കിടയിൽ ഒളിച്ചു. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ പോലീസുകാർ ആണ്. ഈശ്വരാ അവരെങ്ങാനും ഏട്ടനെ കണ്ടു കാണുവോ. എവിടെയും അര മണിക്കൂർ നേരത്തെ എത്തുന്ന ശീലം കണ്ണേട്ടന് ഉണ്ട്.

മരങ്ങൾക്കിടയിൽ ശ്വാസം അടക്കി പിടിച്ചു നിൽക്കവേ ആ രംഗം ഓർമ്മയിൽ തുളച്ചു കയറി. സ്കൂളിലെ സ്റ്റേജിന് പിന്നിലെ മരങ്ങൾ. കണ്ണേട്ടനെ കാണാതെ ചുറ്റും തിരയുമ്പോൾ ആയിരുന്നു പിന്നിൽ നിന്നും കൈ പിടിച്ചു ഇരു മരങ്ങൾക്കിടയിലേക്ക് വലിച്ചടുപ്പിച്ചു ആദ്യമായി നെറ്റിയിൽ ചുംബിച്ചത്.

അതെ, ജീവിതത്തിൽ ആദ്യമായി കിട്ടുന്ന പ്രണയത്തിന്റെ പ്രതീകം. ഒരാൾക്കും അത് മറക്കാൻ കഴിയില്ല. കണ്ണേട്ടൻ ചേർത്തു പിടിക്കുമ്പോൾ കിട്ടുന്ന ആനന്ദം… ഈ ലോകത്തു അതിലും സന്തോഷം ഉള്ള നിമിഷങ്ങൾ ഉണ്ടാവോ.. അറിയില്ല…ഇല്ലായിരിക്കും.

ഓരോന്ന് ചിന്തിച്ചു അവൾ പറമ്പിലൂടെ വീണ്ടും നടന്നു.. മഴ നനഞ്ഞു കുതിർന്നു കിടന്ന പറമ്പിലെ ചെളിയിൽ കാലു താന്നു. സ്വയം പഴിച്ചു കൊണ്ടു തോട്ടിലെ വെള്ളത്തിൽ കാലു മുക്കി ചെളി കളയവേ ആ രംഗം ഓർമ്മ വന്നു.. അതെ..കോളേജിന് പിന്നിലെ ജാതിക്ക തോട്ടത്തിലൂടെ നടക്കുമ്പോൾ ആയിരുന്നു കാലു ഇതുപോലെ ചെളിയിൽ താണത്… അന്ന് ചെളി കഴുകനെന്നും പറഞ്ഞു പുഴക്കരയിലേക്കു വിളിച്ചോണ്ട് പോയി വെള്ളത്തിലേക്ക് തള്ളി ഇട്ടു.. അവളുടെ മുഖത്ത് വീണ്ടും ചിരി വിടർന്നു.ആദ്യമായി ഒരുമിച്ചു കുളിച്ച നിമിഷം… സത്യത്തിൽ നാണം തോന്നിയ നിമിഷം. ഒപ്പം ചില സ്പർശനങ്ങളുടെ ആനന്ദം അറിഞ്ഞ നിമിഷം.

അവൾ വീണ്ടും നടന്നു… പറമ്പ് മുറിച്ചു റോഡിലേക്ക് കയറി. പറഞ്ഞ സ്ഥലം എത്തി. അവൾ ചുറ്റും നോക്കി… കണ്ണേട്ടൻ എവിടെ? അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു. അതുപോലെ ഒരു നിമിഷം മുന്നേയും ഉണ്ടായതു അവൾ ഓർത്തു.

” ആരെ നോക്കി നിക്കുവാ മോളേ? ” അന്ന് കൂട്ടുകാരിയുടെ വിവാഹം കഴിഞ്ഞു കണ്ണേട്ടൻ കൊണ്ടാക്കാം വഴിയിൽ ഇറങ്ങി നിന്നോളാൻ പറഞ്ഞ ആ രാത്രിയിൽ കുറച്ചു പേർ വട്ടം കൂടി.

” എന്റെ… എന്റെ ” താൻ വിറക്കാൻ തുടങ്ങിയിരുന്നു

” നിന്റെ.. നിന്റെ..? പറ മറ്റവൻ വരാന്നു പറഞ്ഞിട്ടുണ്ടോ? “

തന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു… ചങ്കിടിപ്പ് ഉന്നതിയിൽ എത്തിയിരുന്നു…

” ഇതേതോ പോക്ക് കേസാ… പൊക്കിയാലോ “

എല്ലാം അവസാനിച്ചു എന്നു തോന്നിയ നിമിഷം ആയിരുന്നു ഏട്ടന്റെ ബുള്ളറ്റിന്റെ വെളിച്ചം എന്റെ മുഖത്ത് പതിച്ചത്. ഒരു നിമിഷം കൊണ്ടു എന്റെ ഭയം എല്ലാം പമ്പ കടന്നു. അവന്മാരെ തള്ളി മാറ്റി ഞാൻ ഏട്ടനരുകിലേക്ക് ഓടി. അത്രക്കും വിശ്വാസം ആണ് എനിക്ക് കണ്ണേട്ടനെ. അത് ഏട്ടൻ സൂപ്പർമൻ ആയതു കൊണ്ടൊന്നും അല്ല..പക്ഷെ സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി ഉള്ളിൽ ആത്മാർത്ഥ സ്നേഹമുള്ള ഏതൊരു പുരുഷനും നെഞ്ചും വിരിച്ചു നിൽക്കും. കണ്ണേട്ടൻ ജീവനോടെ ഉള്ളപ്പോ എന്റെ ദേഹത്ത് ഒരാളും കൈ വെക്കില്ലെന്ന വിശ്വാസം.

അവൾ വാച്ചിലേക്ക് നോക്കി… ഈശ്വര സമയം 11:59.. ഇന്നുവരെ ഏട്ടൻ വാക്ക് തെറ്റിച്ചിട്ടില്ല… ചിന്തിച്ചു തീർന്നതും ഓടി കിതച്ചു അവൻ അവൾക്കു മുന്നിലെക്കെത്തി.

” എന്ത് പറ്റി കണ്ണേട്ടാ…? ബൈക്കെവിടെ? ഏട്ടനെന്താ കിതക്കുന്നെ? “

” അവർ പിന്നിലുണ്ട് കാർത്തു… ” അവൻ കുനിഞ്ഞു നിന്നു കിതച്ചുകൊണ്ട് പറഞ്ഞു…

” ആര് കണ്ണേട്ടാ… ആരേലും അറിഞ്ഞോ നമ്മള് പോണത്? ” അവൾ ഭയത്തോടെ ചോദിച്ചു..

” എന്റെ ബുള്ളെറ്റ് അവന്മാര് നശിപ്പിച്ചു.. നിന്റെ ചേട്ടന്റെ കൂട്ടുകാർ… ഇപ്പൊ നിന്റെ വീട്ടിലും അറിഞ്ഞു കാണും.. ജാതിയുടെ ദുരഭിമാനം മൂലം ആയുധങ്ങളുമായി അവരും ഇറങ്ങിയിട്ടുണ്ടാവും കാർത്തു “

അവളുടെ കണ്ണുകൾ നിറഞ്ഞു.. ” ഏട്ടാ വേഗം വാ.. നമുക്കെങ്ങോടെങ്കിലും പോയി രക്ഷപെടാം “

” ഇല്ല കാർത്തു… അവര് നമ്മളെ കൊല്ലും… ഒരുമിച്ചു മരിക്കാൻ പേടിയുണ്ടോ നിനക്ക്? “

” ഏട്ടന്റെ കൂടെ മരിക്കാനും ഞാൻ തയ്യാറാണ് “

അവൻ അവളുടെ കൈകളിൽ പിടിച്ചു.അതിനു മുൻപ് എനിക്കൊരു ആഗ്രഹം ഉണ്ട്…

കാർത്തു നിറകണ്ണുകളോടെ അവന്റെ കണ്ണുകളിലേക്കു നോക്കി.. ആ കണ്ണുകളിൽ ഒന്നും ചെയ്യാൻ കഴിയാത്ത ഒരുത്തന്റെ നിസ്സഹായതാ നിറഞ്ഞു നിന്നിരുന്നു.

അവൻ പോക്കറ്റിൽ നിന്നും താലി എടുത്തു…

” നിനക്ക് വേണ്ടി ബുള്ളറ്റിന്റെ അടവ് തീർന്നപ്പോൾ മുതൽ മിച്ചം വെച്ചു മിച്ചം വെച്ചു വാങ്ങിയതാണ്… നിനക്ക് തരാൻ ഞാൻ ആറ്റു നോറ്റു വാങ്ങിയതാണ്.. ഞാനിതു നിന്റെ കഴുത്തിൽ ഇപ്പൊ കെട്ടിക്കോട്ടെ? ഈ രാത്രിയെ സാക്ഷി നിർത്തി എന്റെ അമ്മയുടെ ആത്മാവിനോട് സമ്മതം വാങ്ങി? “

” ഏട്ടാ ” ആ വിളിയിൽ എല്ലാം ഉണ്ടായിരുന്നു… കണ്ണൻ കണ്ണുകൾ അടച്ചു അമ്മയെ ഓർത്തു.. താലി അവളുടെ കഴുത്തിൽ കെട്ടി.

രണ്ട് കാറുകൾ ചീറി പാഞ്ഞു വന്നു.. അതിൽ നിന്നും ആദ്യം ഇറങ്ങി വരുന്ന മിന്നുവിനെ കണ്ടു കാർത്തികയുടെ നിയന്ത്രണം വിട്ടു. അവൾ ഒറ്റിയതാവും എന്ന ചിന്തയിൽ അവൾ കോപത്താൽ ജ്വലിച്ചു. കണ്ണന്റെ കൈകൾ വിടുവിച്ചു അവർക്കു മുന്നിലേക്ക് അവൾ പാഞ്ഞു ചെന്നു.വണ്ടിയിൽ നിന്നും അവളുടെ കുടുംബക്കാരും ഇറങ്ങി.

” ആദ്യം എന്നെ കൊല്ല്‌… എന്റെ ശവം തിന്നിട്ടെ നിങ്ങൾ കണ്ണേട്ടനെ തൊടൂ “

അവളുടെ വാക്കുകൾ കേട്ടു ആരും ഒന്നും മിണ്ടാതെ നിന്നു… മിന്നു ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ അവൾക്കരുകിലേക്കു നടന്നു വന്നു.

” നിന്നെ വിശ്വസിച്ചല്ലേ കണ്ണേട്ടൻ ആ എഴുത്തു തന്നു വിട്ടത്? എന്നിട്ടു നീ ഞങ്ങളെ ചതിച്ചല്ലേ? പക്ഷെ മരണത്തിനും ഞങ്ങളെ വേർപെടുത്താൻ കഴിയില്ല മിന്നു..ദാ ഇത് കണ്ടോ? ഇതെന്റെ ഏട്ടൻ കെട്ടിയ

അത്രയും പറഞ്ഞു കഴുത്തിൽ താലിക്കായി പരതിയ കാർത്തിക നിശ്ശബ്ദയായി..അവൾ ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി. അവിടെ കണ്ണൻ ഉണ്ടായിരുന്നില്ല..

” കാർത്തു ” മിന്നുവിന്റെ പതറിയ ശബ്ദത്തിൽ ഉള്ള വിളി കേട്ടു അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി

” കണ്ണേട്ടൻ ഇനി വരില്ല മോളേ “

കാർത്തു ഞെട്ടലോടെ നിന്നു..

” നിന്റെ ഏട്ടനും കൂട്ടുകാരും കൂടി…. “

കാര്ത്തുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

” അച്ഛൻ പറഞ്ഞതാ മോളേ അവനോടു ഒന്നും വേണ്ടാന്ന്… ” മുന്നിലേക്ക് വന്നുകൊണ്ടു കാർത്തികയുടെ അച്ഛൻ സങ്കടത്തോടെ പറഞ്ഞു..

” എനിക്ക്.. എനിക്ക് അവസാനായി എന്റെ കണ്ണേട്ടനെഒന്ന് കാണാൻ പറ്റുവോ…? ” ജീവച്ഛവം പോലെ നിന്നുകൊണ്ട് അവൾ ചോദിച്ചു.

” കാ…. കാർത്തു… വണ്ടിയും കണ്ണേട്ടനും കത്തി… കത്തി ചാമ്പലായെടി.. ഇനി കാണാൻ ഒന്നും… “

കാർത്തികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഞെരമ്പുകൾ വരിഞ്ഞു മുറുകി… ഉള്ളം കീറി മുറിച്ചു കൊണ്ടു കണ്ണന്റെ പുഞ്ചിരി അവളുടെ മനസ്സിലൂടെ കുതിച്ചു പാഞ്ഞു. നിന്ന നിൽപ്പിൽ തന്നെ ബോധം നശിച്ചു അവൾ താഴേക്കു വീണു. എല്ലാവരും കൂടി വാരിയെടുത്തു കൊണ്ടു പോകുമ്പോഴും അവളുടെ കാതുകളിൽ ആരോ പറയുന്നുണ്ടായിരുന്നു ” അവിടെ കണ്ണേട്ടൻ നിനക്കായി കാത്തിരിക്കും… ചെല്ലാതെ ഇരിക്കരുത്.. ” എന്ന്.

The End