എങ്ങനെയാണ് വീടെത്തിയത് എന്ന്പോലും അവനറിയില്ലായിരുന്നു. അവന്റെ മനസ്സ് ആകെ മരവിച്ചിരുന്നു…

കൊലുസ്സ്

Story written by PRAVEEN CHANDRAN

“ആർക്കാടാ ഈ കൊലുസ്സ്… ഉം.. കുറച്ചൊക്കെ ഞാനും കേൾക്കുന്നുണ്ട്ട്ടാ കണ്ണാ…”

ജ്വല്ലറിയിലെ സെയിൽസ്ഗേളായി ജോലിക്ക് നിൽക്കുന്ന രമ്യചേച്ചിയുടെ ആ ചോദ്യം അവന്റെ മുഖത്ത് അല്പം ജാള്യത പടർത്തി…

“അത്… ചേച്ചി ഇനി ഇത് അമ്മയോട് പോയി പറയാൻ നിക്കണ്ടാട്ടോ… ശമ്പളത്തീന്ന് കുറച്ച് മാറ്റി വച്ച് ഉണ്ടാക്കിയതാ.. ശ്രീകുട്ടിയുടെ കാര്യം അമ്മയ്ക്കറിയില്ല… അറിഞ്ഞാ എന്നെ കൊല്ലും… ഡിസ്കൗണ്ട് കിട്ടുമെന്ന് വച്ചാ ചേച്ചിയുടെ അടുത്ത് വന്നത്.. ” അവൻ അല്പം ഒച്ച താത്തി പറഞ്ഞു..

“ഞാനാരോടും പറയണില്ല കണ്ണാ.. പക്ഷെ നളിനിയേടത്തിക്ക് വയസ്സായി വരാണെന്ന് നീ മറക്കണ്ടാ.. ഇനിയും അതിനെ ഇങ്ങനെ മറ്റുള്ളോരുടെ വീട്ടില് പണിക്ക് വിടണോന്ന് നീ തന്നെ ആലോചിക്ക്..ആ പാവം എത്ര കഷ്ടപെട്ടാ നിങ്ങളെ നോക്കിവളർത്തിയേന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ? രാഘവേട്ടനും കുറച്ച് നാളായി പണിക്കൊന്നും പോകുന്നില്ലാന്ന് കേട്ടു.. നീ വേണ്ടേ ഇനി കാര്യങ്ങൾ നോക്കാൻ..”

അവർ പറഞ്ഞത് കേട്ട് അവന്റെ മുഖം വാടി..

” നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാട്ടോ… ശ്രീകുട്ടി നല്ല കുട്ടിയാ.. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയും ഉണ്ട്… പക്ഷെ നിനക്ക് ജോലി കിട്ടീട്ട് അധികം നാളായിട്ടില്ലല്ലോ മോനേ? കുറച്ചൂടെ ഒന്ന് കാര്യങ്ങൾ ശരിയായിട്ട് പോരേ ഇതൊക്കെ എന്നേ ഞാൻ പറഞ്ഞുള്ളൂ.. നിന്നെക്കുറിച്ച് അമ്മയ്ക്ക് വലിയപ്രതീക്ഷകളുണ്ട് കണ്ണാ”

“എന്റെ ചേച്ചി.. അച്ഛനേം അമ്മയേയും ഞാൻ വഴിയിലൊന്നും ഉപേക്ഷിക്കാൻ പോകുന്നില്ല.. ഇത് ശ്രീകുട്ടി എന്നോട് വാങ്ങിത്തരാൻ പറഞ്ഞതുമല്ല.. അവൾക്ക് ഈ ഒരാഗ്രഹം ഞങ്ങൾ കോളേജിൽ പഠിക്കുമ്പോൾ മുതലേ ഉള്ളതാ.. പക്ഷെ അറിയാലോ അവളുടെ വീട്ടിലെ അവസ്ഥ.. അവളുടെ അച്ഛൻ വാങ്ങിച്ച് കൊടുത്തില്ല..അവൾ ആ ആഗ്രഹം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 4വർഷത്തോളമായി.. ഇതെങ്കിലും വാങ്ങിക്കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പിന്നെ കാമുകനാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താ കാര്യം?.. എന്നായാലും അവളെന്റേതാവാനുള്ളത് അല്ലേ…?”

അവൻ പറഞ്ഞത് കേട്ട് അവർ അവന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഉം.. നടക്കട്ടെ നടക്കട്ടെ.. എന്തായാലും അവളോട് എന്റെ അന്വേഷണം പറയിട്ടോ കണ്ണാ..”

അവരോട് യാത്ര പറഞ്ഞ് കടയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അവന്റെ മനസ്സ് നിറയെ അവളായിരുന്നു…

അവൾക്ക് ഇന്നൊരു സർപ്രൈസ് ഉണ്ടെന്ന് അവനവളോട് പറഞ്ഞിരുന്നു…

അത് പ്രകാരം ഇന്ന് അവളോട് പാർക്കിലേക്ക് വരാനും അവൻ പറഞ്ഞിരുന്നു…

ഇത് അവൾ കാണുമ്പോൾ എത്രമാത്രം അവൾക്ക് സന്തോഷമാകുമെന്നോർത്ത് അവൻ പാർക്കിലേക്ക് നടന്നു…

അവന്റെ മനസ്സിൽ മുഴുവൻ അവളായിരുന്നു…

അവളുടെ പാദങ്ങൾക്ക് ഏഴഴകാണ്.. അത് പല തവണ അവളോട് അവൻ പറഞ്ഞിട്ടുമുണ്ട്…

ഈ പൂ പോലത്തെ കാലിലൊരു കൊലുസ്സിട്ടാൽ എന്ത് ചേലായിരിക്കും എന്ന് അവനൊരു തവണ പറഞ്ഞപ്പോഴാണ് നാളുകളായ് അവൾ കൊണ്ട് നടക്കുന്ന ആഗ്രഹത്തെ പറ്റി അവൾ പറഞ്ഞത്..

അവളുടെ ആ മിനുസമുള്ള പാദങ്ങളിൽ ഈ കൊലുസ്സുകൾ കിടന്ന് തിളങ്ങും.. അത് കാണാൻ നല്ല ചേലാവും.. അത് കണ്ട് അവൾക്ക് തന്നോടുള്ള ഇഷ്ടം കൂടും….

സ്വപ്നങ്ങൾ കണ്ട് നടക്കുന്നതിനിടെയാണ് അവന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നത്..

അവന്റെ ഉറ്റ സുഹൃത്തിന്റെ കോൾ ആയിരുന്നു അത്..

” ഹലോ.. കണ്ണാ നീ എവിടാ?”

” ഞാൻ ടൗണിലുണ്ട്… എന്താടാ?”

” നീ വേഗം വീട്ടിലേക്ക് വരണം.. ” അവൻ കിതച്ച് കൊണ്ട് പറഞ്ഞു..

“എന്ത് പറ്റിയെടാ? നീ കാര്യം പറ? മനുഷ്യനെ ടെൻഷനടിപ്പിക്കാതെ.. ” അവന്റെ ശബ്ദത്തിലെ വിറയൽ തിരിച്ചറിഞ്ഞെന്നോണം അവൻ ചോദിച്ചു..

“ഡാ.. അമ്മ….” അവൻ പറഞ്ഞ് നിർത്തിയിടത്ത് നിന്ന് എന്താണ് നടന്നതെന്ന് അവനൂഹിക്കാമായി രുന്നു..

കണ്ണിനുള്ളിൽ ഇരുട്ടുകയറുന്നപോലെ അവന് തോന്നി..

അല്പനേരത്തേക്ക് അവന് അനങ്ങാൻ പോലുമായിരുന്നില്ല..

മുന്നിൽ വന്ന ഓട്ടോയ്ക്ക് കൈകാട്ടി അവൻ വീട്ടിലേക്ക് തിരിച്ചു…

എങ്ങനെയാണ് വീടെത്തിയത് എന്ന്പോലും അവനറിയില്ലായിരുന്നു… അവന്റെ മനസ്സ് ആകെ മരവിച്ചിരുന്നു..

വീടിന് മുന്നിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു..

ഓട്ടോയിൽ നിന്ന് അവനിറങ്ങുന്നത് കണ്ടതും സുഹൃത്തുക്കൾ അവന്റെ അടുത്തേയ്ക്ക് വന്നു..

അവർ അവനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി…

അവനെ കണ്ടതും അവന്റെ അനിയത്തിമാർ ഉച്ചത്തിൽ “ഏട്ടാ.. അമ്മ..” എന്ന് വിളിച്ച് കരയാൻ തുടങ്ങി…

ഇന്ന് രാവിലെ ഒരുങ്ങിയിറങ്ങുമ്പോൾ “അമ്മയ്ക്ക് തീരെ വയ്യടാ നീ ഒന്ന് എന്നെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോകുമോ? എന്ന് ചോദിച്ച അമ്മയുടെ മുഖം അവന്റെ മനസ്സിലേക്ക് വന്നു…

കൊലുസ്സ് വാങ്ങാൻ പോയി വന്നിട്ട് കൊണ്ട് പോകാം എന്ന് വിചാരിച്ചാണ് അമ്മയോട് ഉച്ചക്ക് പോയാൽ പോരേ? എന്ന് ചോദിച്ചത്..

അമ്മ അതിന് ഒന്ന് മൂളുക മാത്രമാണ് ചെയ്തത്..

അവന്റെ നെഞ്ച് പിടയാൻ തുടങ്ങി.. താൻ കാരണമാണ് അമ്മയ്ക്ക് ഇങ്ങനെ സംഭവിച്ചത് എന്ന ബോധം അവനെ കൂടുതൽ വിഷമത്തിലാക്കി…

അവന്റെ കണ്ണിൽ നിന്നും നീർച്ചാല് പോലെ കണ്ണീരൊഴുകാൻ തുടങ്ങി…

അലറികരയണമെന്ന് ഉണ്ടായിരുന്നെങ്കിലും ശബ്ദം പുറത്തേക്കെടുക്കാനാവാത്തത് പോലെ അവന് അനുഭവപ്പെട്ടു…

തൊട്ടടുത്ത് ചുമരിൽ ചാരി നിർവ്വികാരനായി ഇരിക്കുന്ന അച്ഛനെ അവനൊന്ന് തലയുയർത്തി നോക്കി…

അമ്മയായിരുന്നു അച്ഛന്റെ എല്ലാം…

“അച്ഛൻ പോയാലും അമ്മയെ പൊന്ന് പോലെ നോക്കണേടാ” എന്ന് ഇന്നലെ കൂടെ തന്നെ ഓർമ്മപെടുത്തിയിരുന്ന ആ അച്ഛനോട് ഇനി എന്ത് മറുപടി പറയും…

അവൻ അച്ഛന്റെ അടുത്തേക്ക് ചെന്നിരുന്നു..

അവനെ കണ്ടതും അയാൾ അവന്റെ കൈയിൽ കയറി പിടിച്ചു..

” അമ്മ നമ്മളെ തോല്പിച്ചല്ലോടാ?”

അത് കേട്ടതും അവൻ ആ കൈകൾ കൂട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി…

അദ്ദേഹം അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

“നീ തളരരുത്.. നിന്നിലായിരുന്നു അവളുടെ പ്രതീക്ഷയത്രയും..എല്ലാവരേക്കാളുമധികം അവൾ സ്നേഹിച്ചിരുന്നത് നിന്നെയാണ്… പലപ്പോഴും അത് നിന്നോട് പ്രകടിപ്പിക്കാനാ യില്ലെന്ന് മാത്രം…”

അവന്റെ കണ്ണിൽ നിന്നും വെള്ളം ഇറ്റുവിഴാൻ തുടങ്ങി…

“അവളുടെ ഏറ്റവും വലിയ ഒരാഗ്രഹം മാത്രം എനിക്ക് നിറവേറ്റാനായില്ലടാ… ആ ഒരു വിഷമം മാത്രമേയുള്ളൂ എനിക്ക്.. “

അദ്ദേഹം പറഞ്ഞ് കേട്ട് അവൻ കണ്ണു തുടച്ചുകൊണ്ട് ചോദിച്ചു..

“എന്തായിരുന്നു അച്ഛാ അത്…?

” കല്ല്യാണം കഴിഞ്ഞത് മുതൽ അവൾ ആഗ്രഹിക്കുന്നതാ സ്വർണ്ണകൊലുസ്സ് അണിയണമെന്നത്… കടങ്ങളും ബാധ്യതകളും തീർന്നിട്ട് വാങ്ങിച്ച് കൊടുക്കാമെന്ന് ഞാനേറ്റതുമാണ്… പക്ഷെ എനിക്കതിന് കഴിഞ്ഞില്ല.. “

അത് കേട്ടതും അവൻ അമ്പരപ്പോടെ അച്ഛനെ നോക്കി…

“അന്ന് അവളുടെ കാലുകൾ കാണാൻ നല്ല ഭംഗിയായിരുന്നു.. കഴിഞ്ഞ ദിവസം ഞാനവളോട് പറഞ്ഞിരുന്നു നിന്നോട് പറഞ്ഞ് ഒന്ന് വാങ്ങിത്ത രാമെന്ന്.. പക്ഷെ അപ്പോ അവൾ പറഞ്ഞത് “എന്തിനാ ഇനി.. ആ മോഹമൊക്കെ പോയി.. പിന്നെ എന്റെ കാലുകണ്ടോ നിങ്ങൾ.. കരിവാളിച്ച് വിണ്ട് കീറി തൊലിയെല്ലാം ചുളിഞ്ഞ്.. ഈ കാലില് കൊലുസ്സിട്ടാ എന്ത് ഭംഗിയുണ്ടാവാനാ” എന്നായിരുന്നു..

അത് കേട്ടതും നിശ്ചലമായിക്കിടക്കുന്ന അമ്മയുടെ കാലുകളിലേക്ക് അവൻ നോക്കി..

ശരിയാണ് അമ്മയുടെ പാദങ്ങൾ ആകെ വിണ്ട് കീറിയിരിക്കുന്നു.. ആ കണങ്കാലുകൾ ചുളിവുകൾ കൊണ്ട് മൂടിയിരുന്നു…

” ആ പാദങ്ങൾ പറയും അവൾ നിങ്ങളെ വളർത്താൻ എത്രമാത്രം കഷ്ടപെട്ടിട്ടുണ്ടെന്ന്.. അവയ്ക്കറിയാം ചളിയും വെള്ളത്തിലും വെണ്ണീറിലും കുതിർന്ന് അവൾ അദ്ധ്വാനിച്ചതിന്റെ കണക്ക്.. ഇന്ന് നിശ്ചലമായെങ്കിലും നിങ്ങളെ ചുമന്ന് നടന്നതിന്റെ തഴമ്പ് ഇപ്പോഴും ആ കാലുകളിലുണ്ട്.. “

അതിൽ കൂടുതൽ കേട്ട് നിൽക്കാൻ അവന് കഴിയില്ലായിരുന്നു.. അമ്മ എത്ര കഷ്ടപെട്ടാണ് തങ്ങളെ വളർത്തിയതും പഠിപ്പിച്ചതും എന്ന് മറ്റാരേക്കാളും കൂടുതൽ അവന് അറിയാമായിരുന്നു..

പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കൊലുസ്സിന്റെ ഡപ്പി അവൻ തുറന്നു…

ആ കൊലുസ്സുകൾ അമ്മയുടെ പാദങ്ങളിലേക്ക് അണിയിച്ചപ്പോൾ അവനുണ്ടായ നിർവൃതിക്ക് മറ്റെന്തിനേക്കാളും മൂല്യമുണ്ടായിരുന്നു…

ആ കൊലുസ്സുകൾക്ക് അമ്മയുടെ കാലിനോളം ചേർച്ച വേറെയേതുമില്ലെന്ന് അവന് തോന്നി…

ആ പാദങ്ങൾ കൂട്ടിപിടിച്ച് അവൻ പൊട്ടിക്കരയുന്നത് ഒരുപക്ഷെ ആ ആമ്മ കാണുന്നുണ്ടാവാം… തന്റെ മകനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലുമാകാതെ ആ ആത്മാവ് തേങ്ങുന്നുണ്ടാവാം….

Photo: JT photography