പക്ഷേ നീയീ ലഗ്ഗിൻസ് ധരിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല…അതെന്താ ഇഷ്ടമല്ലാത്തത്…

Story written by Saji Thaiparambu

“വീണേ .. നീ ബ്യൂട്ടി പാർലറിൽ പോകുന്നതിനോ, ഫേഷ്യല് ചെയ്യുന്നതിനോ, മുടി സ്ട്രയ്റ്റ് ചെയ്യുന്നതിനോ ഒന്നും എനിക്ക് യാതൊരെതിർപ്പുമില്ല, പക്ഷേ നീയീ ലഗ്ഗിൻസ് ധരിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല”

“അതെന്താ ഇഷ്ടമല്ലാത്തത് , എൻ്റെ കൂട്ടുകാരികളെല്ലാം ധരിക്കുന്നുണ്ടല്ലോ ?അവരുടെ ഭർത്താക്കന്മാർക്കും കുഴപ്പമില്ല, പിന്നെ ഷിജു ഏട്ടന് മാത്രമെന്താ പ്രശ്നം”

“എടീ..അത് കൊണ്ട് തന്നെയാ ഞാൻ പറഞ്ഞത്, അത് വേണ്ടെന്ന്, കഴിഞ്ഞ ദിവസം നിൻ്റെ കൂട്ടുകാരി മഞ്ജുവില്ലേ ?അവള് ,ഞങ്ങള് കവലയിൽ നില്ക്കുമ്പോൾ, ഒരു ലഗ്ഗിൻസും ടീ ഷർട്ടുമിട്ട് കൊണ്ട് ടൈലർ ഷോപ്പിലേക്ക് വന്നു ,നിനക്കറിയാമല്ലോ ?അവൾക്ക് കുറച്ച് കൊഴുത്തുരുണ്ട ശരീരമാണെന്ന് ,അവളെ കണ്ടയുടനെ, എൻ്റെ കൂട്ടുകാരുടെ ഒരു നോട്ടവും, കമൻറ് പറച്ചിലും നീയൊന്ന് കേൾക്കണ്ടതായിരുന്നു, ഹോ ! എനിക്ക് തന്നെ അസഹനീയമായി തോന്നി, നാളെ നിന്നെയവർ വഴിയിൽ വച്ച് കാണുമ്പോഴും ഇത് തന്നെയല്ലേ പറയുന്നത് ,”

“അത് ശരി, അപ്പോൾ മറ്റുള്ളവര് നോക്കുകയും കമൻ്റ് പറയുകയും ചെയ്യുമെന്നുള്ളതാണ് ഷിജു ഏട്ടൻ്റെ പ്രശ്നം ,അതെന്തിനാ ഷിജുവേട്ടാ.. നമ്മള് മൈൻഡ് ചെയ്യുന്നത് ,അവര് നോക്കുമ്പോൾ കിട്ടുന്ന നയനാനന്ദം അവരനുഭവിച്ചോട്ടെ ,അത് കൊണ്ട് നമ്മുടെ ദേഹം തേഞ്ഞ് പോകുകയൊന്നുമില്ലല്ലോ ,പിന്നെ കമൻ്റ്, അത് ഞാനിപ്പോൾ സാരിയുടുത്തോണ്ട് പോയാലും, അതിൻ്റെ വിടവിൽ കൂടി , ഇത്തിരി വയറ് കണ്ടാലും, അവര് അതിനെക്കുറിച്ച് വർണ്ണിക്കും, അതൊക്കെ സർവ്വസാധാരണമാണ്, എൻ്റേട്ടാ..നമുക്ക് എത്ര പേരുടെ കണ്ണും വായും മൂടി കെട്ടാൻ പറ്റും”

“എന്നാലും വീണേ …?

“ഒരെന്നാലുമില്ല ,നിങ്ങള് പോയി കുളിക്കാൻ നോക്ക്, നേരമൊരുപാടായി”

“എന്നാൽ ഞാൻ പോയി ,പുഴയിലൊന്ന് മുങ്ങിക്കുളിച്ചിട്ട് വരാം”

ഷിജു, തോർത്തും സോപ്പുമെടുത്ത് കൈലിമുണ്ടുടുത്ത് കൊണ്ട് പുഴക്കടവിലേക്ക് പോകാനിറങ്ങി .

“ഒന്ന് നിന്നേ .. ദേ ഈ ഷർട്ടിട്ടോണ്ട് പോ ,വെറുതെ നെഞ്ചും വിരിച്ച് നടന്ന് പോയാൽ, കണ്ട പെണ്ണുങ്ങളൊക്കെ കണ്ണ് വയ്ക്കും, നിങ്ങൾക്കാണെങ്കിൽ ഇത്തിരി മസില് കൂടുതലാ”

“അതിനെന്താടീ.. അവര് നോക്കട്ടെ, എന്ന് വച്ച് എൻ്റെ മസിലൊന്നും ഉടഞ്ഞ് പോകില്ലല്ലോ, ഞാനിപ്പോൾ ഷർട്ടുമിട്ടോണ്ട് ഇവിടുന്നിറങ്ങിപ്പോയാലും, കുളിക്കാൻ നേരത്ത് എന്തായാലും അഴിച്ചിടണമല്ലോ ?അപ്പോൾ സ്വാഭാവികമായിട്ടും ,പുഴക്കടവിൽ നിന്ന് തുണി അലക്കുന്ന പെണ്ണുങ്ങൾ കാണും, എന്നെ നോക്കരുതെന്ന് എനിക്കവരോട് പറയാൻ പറ്റുമോ ? അങ്ങനെ നോക്കുമ്പോൾ അവർക്ക് കിട്ടുന്ന നയനാനന്ദ സുഖം അവരനുഭവിച്ചോട്ടെടീ… ആർക്കാ ഛേദം”

“എന്നാൽ ഷിജുവേട്ടൻ പുഴയിൽ കുളിക്കാൻ പോകണ്ട ,ഇവിടെ കുളിമുറിയുണ്ടല്ലോ? അവിടെ കുളിച്ചാൽ മതി”

“ദേ ,വീണേ ..വെറുതെ വാശി പിടിക്കരുത് ,നിനക്കാവശ്യമുള്ള മേയ്ക്കപ്പ് സാധനങ്ങൾ ഞാനിവിടെ വാങ്ങി വച്ചിട്ടുണ്ടല്ലോ ?എന്നിട്ടും,നീ ബ്യൂട്ടി പാർലറിൽ പോയി മേയ്ക്കപ്പ് ചെയ്യുമ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോ ? നിനക്ക് ഞാൻ ആവശ്യത്തിന് സ്വാതന്ത്ര്യം തന്നിട്ടുണ്ട്, അത് കൊണ്ട് എൻ്റെ സ്വാതന്ത്ര്യത്തിൽ, നീയും കൈ കടത്താൻ പാടില്ല”

അങ്ങനെയവരുടെ തർക്കം മൂത്തപ്പോൾ, രണ്ട് പേർക്കും അവരവർക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി, മനസ്സില്ലാ മനസ്സോടെ പരസ്പരം വിട്ട് വീഴ്ച ചെയ്യേണ്ടി വന്നു.

ഒരു പക്ഷേ, ഷിജുവിൻ്റെ ആവശ്യം വീണ, ആദ്യമേ അംഗീകരിച്ചിരുന്നെങ്കിൽ, വീണയ്ക്കും, ഷിജുവിനെക്കൊണ്ട് തനിക്കിഷ്ടമില്ലാത്ത കാര്യം ചെയ്യിക്കാതിരിക്കാമായിരുന്നു ,

ഭാര്യാഭർത്താക്കന്മാർ വിട്ട് വീഴ്ചാ മനോഭാവത്തോടെ ജീവിക്കണമെന്ന് പറയുന്നത്, ഒരാൾ തൻ്റെയിഷ്ടം ഇണയെ അടിച്ചേല്പിക്കുന്നതിലൂടെയാകരുത്. മറിച്ച് സ്വന്തം ഇഷ്ടം മാറ്റിവയ്ക്കുന്നതിലൂടെ ,ഇണക്ക് കൈവരുന്ന സന്തോഷം വലുതാണെങ്കിൽ, അത് കൊണ്ട് നമുക്ക് നഷ്ടപ്പെടാനൊന്നുമില്ലെങ്കിൽ , അവിടെ വേണം, ദമ്പതികൾ വിട്ട് വീഴ്ചാ മനോഭാവം കാണിക്കേണ്ടത്,

NB മേൽപ്പറഞ്ഞ കഥയിലെ കാര്യങ്ങൾ, കഥയ്ക്ക് വേണ്ടിയുള്ള വെറുമൊരു ഉദാഹരണം മാത്രമാണ് ,അത് കൊണ്ട് ലെഗ്ഗീൻസിടുന്ന പെണ്ണുങ്ങളും, മസിലുള്ള ആണുങ്ങളും ദയവ് ചെയ്ത് എന്നോട് വഴക്കിന് വരരുത്.