എന്തൊരു കരുതലാ അവർക്ക്? ദിവസം ഓഫീസിൽ ഇരുന്നു എത്ര തവണ ഭാര്യയെ വിളിക്കുമെന്ന് അറിയോ…

ഞാനാരാ മോൻ….

Story written by AMMU SANTHOSH

“ഞാൻ ഇട്ടിട്ട് പോകുമ്പോൾ പഠിച്ചോളും. സ്നേഹം വേണം സ്നേഹം.. ഓരോ ഭർത്താക്കന്മാർ എന്തൊക്കെയോ ഭാര്യക്ക് വാങ്ങിക്കൊടുക്കുന്നത്? എന്തൊരു കരുതലാ അവർക്ക്? ദിവസം ഓഫീസിൽ ഇരുന്നു എത്ര തവണ ഭാര്യയെ വിളിക്കുമെന്ന് അറിയോ? കഴിച്ചോ? ചായ കുടിച്ചോ? ഊണ് കഴിച്ചോ?എന്റെ ഓഫീസിലെ അനിതയുടെ ഭർത്താവ് കൃത്യമായി എന്നും വിളിച്ചു ചോദിക്കും രാവിലെ ഹോർലിക്സ് ഇട്ട് പാൽ കുടിച്ചോ എന്ന്?”

“ഈ അനിതക്ക് എന്ത് പ്രായം വരും?”

“മുപ്പത്തിയഞ്ച്. എന്താ?”

“ഇപ്പോഴും ഹോർലിക്സ് ഇട്ട പാലെ കുടിക്കു?”

“ഭർത്താവിന് അത് നിർബന്ധമാ.. അങ്ങനയാണ് സ്നേഹം ഉള്ളവർ. എനിക്ക് ഒരെണ്ണം ഉണ്ട്. എടി ഇങ്ങനെ വാരി വലിച്ചു തിന്നു തടി വെയ്ക്കല്ലേ..മെലിഞ്ഞിരിക്കുന്നതാ ഭംഗി. സത്യം പറ മനുഷ്യാ നിങ്ങളെ തേച്ചിട്ട് പോയ ആ ഷൈനി മെലിഞ്ഞതല്ലേ?”

“അയിന്..?അതും ഇതുമായി എന്താ ബന്ധം?”

“നിങ്ങൾ മുന്നേ പ്രേമിച്ച കൊണ്ട എന്നോട് ഒരു സ്നേഹം ഇല്ലാത്തത്. അവളെ ഓർക്കാൻ അല്ലെ എന്നെ മെലിയിക്കുന്നത്?”

“എടി പ്രേമിച്ചവള് തേച്ചിട്ടും പോയില്ലേ? പിന്നെ ആരെങ്കിലും അവളെ ഓർത്തിരിക്കുമോ?”പിന്നെ അനിതയുടെ ഭർത്താവിന്റെ സ്നേഹം. അങ്ങേര് എവിടെയാ?”

“ദുബായിൽ “

“പിന്നെ എന്തിനാടി അങ്ങേര് ദിവസവും ഈ ഹോർലിക്സ് കുടിപ്പിക്കുന്നെ? വല്ല പ്രയോജനോം ഉണ്ടൊ?”

“പ്രയോജനത്തിനാണോ ഭാര്യേ സ്നേഹിക്കുന്നെ..? അതിനൊക്കെ യോഗം വേണം യോഗം.. എനിക്കതില്ല. ചുമ്മാതല്ല ഇമ്മാതിരി ഭർത്താക്കന്മാർ ആയിട്ടായിരിക്കും പല പെണ്ണുങ്ങളും കാമുകന്മാരുടെ കൂടെ പോവുന്നെ..എന്റെ ഓഫീസിൽ മിക്കവാറും പേർക്കുണ്ട് കാമുകന്മാര് . ഈശ്വര എനിക്ക് കിട്ടിയില്ലല്ലോ ഒരു കാമുകനെ “

“അത്രക്ക് ദാരിദ്ര്യം പിടിച്ചവരൊക്ക കേരളത്തിൽ ഉണ്ടോടി?”

“ദേ മനുഷ്യാ. നിങ്ങൾ നോക്കിക്കോ ഞാൻ പ്രേമിക്കും.. നല്ല ഒരുത്തനെ പ്രേമിക്കും..കണ്ടോട്ടാ ” അവൾ ചവിട്ടി തുള്ളി അകത്തേക്ക്

“എടിയേ സ്വന്തം ഭർത്താവിനോട് തന്നെ ഇങ്ങനെ ഒക്കെ പറയണം കേട്ടോ..”

“ആ ഭർത്താവിനെ കൊണ്ട് കൊള്ളത്തില്ലെങ്കിൽ പെണ്ണുങ്ങൾ കൊള്ളാവുന്നവന്റെ കൂടെ പോകും “അവൾ ഉറക്കെ പറഞ്ഞു

ഈശ്വര നാട്ടുകാര് കേൾക്കുമല്ലോ

അല്ല എന്റെ വശത്ത് നിന്നും എന്താ തെറ്റ് വന്നേ..

ഞാൻ രാവിലെ എണീക്കുന്നു, പത്രം വായിക്കുന്നു (ഒരു കാര്യോമില്ല )പക്ഷെ വായിക്കും..മനോരമ, മാതൃഭൂമി രണ്ടെണ്ണം വായിക്കും. അവൾ കൊണ്ട് വന്നു വെയ്ക്കുന്ന ചായ കുടിക്കും.

കുളിക്കും. ഡ്രസ്സ്‌ ചെയ്യും അവൾ ഉണ്ടാക്കുന്ന ദോശ കഴിക്കും. ഓഫീസിൽ പോകും. അവളെ വിളിക്കാറില്ല. . അത്ര തിരക്കാണെന്നെ. വൈകുന്നേരം വരും അവൾ തരുന്ന ചായ കുടിക്കും. ടീവി കാണും. അവൾ ഉണ്ടാക്കുന്ന അത്താഴം കഴിക്കും അവളേം കെട്ടിപിടിച്ചു കിടന്നുറങ്ങും. ഞാൻ വലിയ കുഴപ്പം ഇല്ലല്ലോ ഉവ്വോ?

ശ്ശെടാ ഇവൾക്കിതെന്ത് പറ്റി?

ഇനി വല്ലോരും അപ്പ്രോച് ചെയ്തു കാണുമോ? കാണാൻ സുന്ദരിയാണല്ലോ..
ഞാൻ പമ്മി പമ്മി ചെന്ന് അവളുടെ മൊബൈൽ എടുത്തു. ഫേസ്ബുക് മെസ്സഞ്ചേർ, വാട്സാപ്പ് ഇൻസ്റ്റാഗ്രാം സകല സംഭവങ്ങളും അരിച്ചു പെറുക്കി നോക്കി. അപ്പൊ വരുന്നു വാട്സാപ്പിൽ ഒരു മെസ്സേജ്

“ഹായ് ബേബി ഗുഡ്മോർണിംഗ് “നമ്പർ ആഡ് ചെയ്തിട്ടില്ല

“ഹായ് ഹണി “

ഹണി… **** റിപ്ലൈ ചെയ്തു നോക്കിയാലോ? ഇവൾ റിപ്ലൈ ചെയ്തത് ഒന്നും കാണുന്നുമില്ലല്ലോ. ഇനി ഡിലീറ്റ് ചെയ്തു കാണുമോ? സമാധാനം പോയല്ലോ ഭാഗവനെ..

“ബേബി എന്ത് ചെയ്യുവാ?”

“ദോശ ഉണ്ടാക്കുവാ ” വെറുതെ ടൈപ്പ് ചെയ്തു അയച്ചു

” വൗ.. ദോശ “

ഈ നാറി ജീവിതത്തിൽ ദോശ കണ്ടിട്ടില്ലേ?

“യാ യാ “

“എനിക്കും വേണം ഒരെണ്ണം. ഞാൻ അങ്ങോട്ട് വരട്ടെ?”

വാടാ മാക്രി.. ഒന്നല്ല കൊതി തീരെ തരാം..ഞാൻ പല്ല് കടിച്ചു

“എന്താ റിപ്ലൈ ഇല്ലല്ലോ? ഇന്നലെ ഇട്ട റെഡ് ചുരിദാർ സൂപ്പർ ആയിരുന്നു.. ഒരു ചുവപ്പ് കടൽ പോലെ..”

കടൽ ഒക്കെ നിറം മാറി തുടങ്ങിയോ? ചുവപ്പ് കടലോ…

അപ്പൊ ഇവളെ എന്നും കാണുന്നവനാ.. ആഹാ ചുമ്മാതല്ല ഇവൾ പ്രേമിക്കും എന്ന് പറഞ്ഞത്. ഞാൻ അവന്റെ dp നോക്കി. കൊള്ളാം. വെളുത്തിട്ട് ഒരു ചൊക്ലറ്റ് സുന്ദരൻ. ഞാൻ എന്റെ തൊലി നോക്കി. വെയിൽ നല്ലോണം കൊള്ളുന്നത് കൊണ്ടാവും കറുത്ത് പോയി.. ഇവൾക്കിപ്പോ എന്നെ വേണ്ട. വഞ്ചകി..

“സ്നേഹം ഡിയർ.. “

ഞാൻ വെറുതെ അടിച്ചു വിട്ടു ഒരു പ്രോത്സാഹനം ആയിക്കോട്ടെ. അവിടെ നിന്നെന്താ വരുന്നതെന്ന് അറിയാമല്ലോ?

“ഇപ്പോൾ മോളേത് ഡ്രസ്സാ ഇട്ടിരിക്കുന്നത്?”അവൻ

“എടാ മിടുക്കാ ഒറ്റയടിക്ക് മോളിൽ വന്നല്ലോ

“പച്ചനെറ്റി “ഞാൻ അമർത്തി ടൈപ്പി

“ഓ വൗ പച്ചതത്ത… എന്റെ പച്ചക്കിളി ഒരു ഫോട്ടോ എടുത്തു അയച്ചേ.. പ്ലീസ് “

പച്ചക്കിളി അല്ലടാ ഞാൻ കഴുകനാ കഴുകൻ… നിന്നേ ഞാൻ നോക്കിക്കോ..

“എന്നെ എവിടെ വെച്ചാ കാണുന്നത്? ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ “

അറിയണമല്ലോ

“എന്നെ കണ്ടിട്ടില്ലന്നോ? എന്റെ മോളുട്ടി തമാശ പറയല്ലേ നമ്മൾ ഇന്നലെ കൂടി മിണ്ടിയില്ലെ..?”

“ഓ സോറി ട്ട ഞാൻ മറന്നു “ഞാൻ ദയനീയമായി ടൈപ്പി

“ഇന്ന് ഞാൻ വരും കേട്ടോ. ഇന്നലെ ഞാൻ ചോദിച്ച കാര്യം തരണേ.മടി വിചാരിക്കല്ലേ…”

ഈശ്വര ഇവൾ ഇവനെന്താ കൊടുക്കാൻ പോണേ..? ഇവനെന്താ ചോദിച്ചേ..?

“അതിനിന്നലെ എന്താ ചോദിച്ചേ?”കൈ വിറയ്ക്കുന്നു

“കൊച്ചുകള്ളി മറന്നല്ലേ? ഒന്നോർത്തു നോക്കിക്കേ.. ഞാൻ ചോദിച്ചപ്പോൾ ആലോചിച്ചു പറയാം എന്ന് പറഞ്ഞില്ലേ? ആലോചിച്ചാരുന്നോ?”

ഇനി കാത്തു നിന്നിട്ട് കാര്യമില്ല ഞാൻ അവനെ ബ്ലോക്കി. എന്നിട്ട് അവളെ നോക്കി.

എവിടെ അവൾ?

എടി പിശാചേ…ഇതാണല്ലേ നീ പറഞ്ഞ കാമുകൻ..എന്നും കാണും മിണ്ടും… വേറെ എന്തൊക്കെ കാണും…

ആഹാ അടുക്കളയിൽ നിൽക്കുവാ ല്ലേ?

അവൾ എനിക്കും അവൾക്കുമുള്ള ചോറ് പാത്രത്തിൽ ആക്കി വെയ്ക്കുന്നു.

“എടി…”ഞാൻ അലറി

“എന്തോന്നാ മനുഷ്യാ ചെവി പൊട്ടിപ്പോയല്ലോ
പതുക്കെ വിളി “

“ഇവിടെ വാ ഇവൻ ആരാ സത്യം പറഞ്ഞോ…”

“ആര്?”

“നിന്നേ ബേബി എന്ന് വിളിക്കുന്നത് ആരാണെന്ന്?”

“വാട്സാപ്പിലോ ഫേസ്ബുകിലോ?”

“അമ്പടി അപ്പൊ എല്ലായിടത്തും ഉണ്ടല്ലേ? നിനക്ക് എത്ര കാമുകന്മാർ ഉണ്ടെടി?
സത്യം പറ “

“കാക്കതൊള്ളയിരം എന്തേ ? എന്റെ മനുഷ്യാ അത് അഖിലേന്ത്യാ കാമുകന്മാരുടെ സംഘടന അംഗീകരിച്ചിട്ടുള്ള പൊതുവെയുള്ള വിളികൾ അല്ലെ? ഹണി,മുത്തേ, പൊന്നേ, വാവേ, വാവാച്ചി, തക്കുടു, ബേബി.. എല്ലാരും ഇങ്ങനെ തന്നെയാ വിളിക്കുക. സ്വന്തം ഭാര്യയെ ഒഴിച്ച് “അവൾക്ക് നിസാരം

“എന്നിട്ട് ഞാൻ ആരെയും വിളിക്കുന്നില്ലല്ലോ?”

“അതിന് നിങ്ങൾ കാമുകനല്ലല്ലോ “ഒരു ലോഡ് പുച്ഛം..

“ഇതേതു കാമുകൻ ആണെടി സത്യം പറഞ്ഞോ? നിങ്ങൾ സ്ഥിരം കാണുന്നുണ്ടെന്നു ഇവൻ പറഞ്ഞല്ലോ “

“ലെവൻ? അവൾ ഫോൺ മേടിച്ചു നോക്കുന്നു.

“അയ്യേ നിങ്ങൾ ഇവന് റിപ്ലൈ കൊടുത്തോ?”

“അറിയണമല്ലോ.എന്നെ വഞ്ചിച്ചിട്ടെവിടെയൊക്കെ പോകുന്നെന്ന് “

“എന്റെ പൊന്നു മനുഷ്യാ ഇതാ എൽ ഐ സി ഏജന്റാ ഇന്നലെ ഓഫീസിൽ വന്നു പോളിസിയെ കുറിച്ച് സംസാരിച്ചപ്പോൾ നമ്പർ കൊടുത്തത് ആണ്”

എൽ ഐ സി ഏജന്റോ?

“അങ്ങേര് പഞ്ചാരയാണെന്നു പിന്നല്ലേ അനിത പറഞ്ഞത് . ബ്ലോക്ക് ചെയ്യണം ന്നു കരുതി ഇരിക്കുവായിരുന്നു. അല്ല നിങ്ങൾ എന്തിനാ റിപ്ലൈ കൊടുത്തേ.. അയ്യേ എന്തൊക്കെ എഴുതി വെച്ചേക്കുന്നേ? “അവൾ എന്നെ അഞ്ചാറ് ഇടി..

ഞാൻ ചമ്മി ചിരിച്ചു

“ഈശ്വര അവൻ ഇനി എന്റെ പുറകിന്ന് മാറില്ലല്ലോ.. നിങ്ങൾ ഇങ്ങനെ ഒരു കഴുത ആയി പോയല്ലോ മനുഷ്യാ! “

“ശര്യാ.ഞാൻ കഴുതയും കുരങ്ങനുമൊക്കെയാ.. അത് കൊണ്ടാണല്ലോ എന്നെ നിനക്കിപ്പോ വേണ്ടാത്തത് “

ഞാൻ പാകത്തിന് സെന്റി, പാകത്തിന് ശബ്ദത്തിൽ ഇടർച്ച, മുഖം വാടൽ പാകത്തിന് ഒക്കെ ചേർത്ത് അത്രയും പറഞ്ഞിട്ട് മുറിയിലേക്ക് പോരുന്നു

അവൾ വരും…

വരൂമേന്നെ..മൂന്ന് തരം

കൊലുസിന്റ ശബ്ദം.

വന്ന്

“അതേ… ഫീൽ ആയാ?”അവൾ ചേർന്നിരിക്കുന്നു

“ഓ,നീ സത്യം പറഞ്ഞതല്ലേ? എന്നെ കൊള്ളൂല്ലല്ലോ? ഞാൻ കറുത്തവൻ, കേയറിങ് ഇല്ല, ഫോൺ വിളിയില്ല മെസ്സേജ് ഇല്ല..”

“കഷ്ടം ഉണ്ട് ട്ടോ.ഞാൻ വെറുതെ പറയുന്നതല്ലേ?”

അവൾ എന്റെ ഷർട്ടിന്റ ബട്ടൻസ് ഇപ്പൊ വലിച്ചു പൊട്ടിക്കും..

“കൈ എടുത്തേ പുതിയ ഷർട്ടാ..”

“കണ്ടോ കണ്ടോ ഇതാ നിങ്ങളുടെ കുഴപ്പം. റൊമാന്റിക് അല്ല “

“എടി റൊമാന്റിക് ആകുന്നതിനു ഷർട്ടിന്റ ബട്ടൺ പൊട്ടിക്കണോ..? ഞാൻ റൊമാന്റിക് ആകുന്നില്ല എന്നാണല്ലോ പരാതി.. അതിപ്പോ തീർത്തുതരാം പോരെ?”

ഞാൻ അവളുടെ മുഖത്ത് മുഖം ചേർത്ത് വെച്ചു കണ്ണുകളിലേക്ക് ഉറ്റു നോക്കി..ചുവന്ന മുഖം. ചേർത്ത് പിടിച്ചു കണ്ണിലോരുമ്മ,മൂക്കിന് തുമ്പിൽ ഒരുമ്മ…നാണിക്കുന്നു പാവം ഇവൾ ഇത്രയും പാവമായി പോയല്ലോ..

“എടി..”

“ഉം “

“നിന്നെ എപ്പോഴും ഫോൺ വിളിക്കുന്നില്ല മെസ്സേജ് അയയ്ക്കുന്നില്ല ഒക്കെ അല്ലെ പരാതി? “

“ഉം “

“ഈ മൊബൈൽ എന്നാ വന്നേ? അതിനും എത്രയോ മുന്നേ ആൾക്കാർ പ്രേമിച്ചിരുന്നില്ലേ? കാണാതെ മിണ്ടാതെ…”

“എന്നാലും ഓർത്താൽ വിളിക്കും. എന്നെ ഓർക്കാറില്ല അതാ.”

“പിന്നേ..നിന്നേ കാണാതെയിരിക്കുമ്പോൾ ഓർക്കുന്നില്ലന്നാണോ? വൈകുന്നേരം ഇങ്ങോട്ട് വരുമ്പോൾ ഓർമയിലുള്ളത് എന്താന്നോ?. നിന്റെ മണം, നിന്റെ ചിരി, നിന്റെ ദേഷ്യം… അതൊക്കെ നിറഞ്ഞ ഈ വീടാണ് എന്നെ കാത്തിരിക്കുന്നത് എന്ന ചിന്ത. എന്നിലലിഞ്ഞു ചേർന്നവളേ പ്രതേകിച്ചു എങ്ങനെ ഓർക്കുക?.എന്റെയായിട്ടല്ലാതെ? നീ എന്റെയല്ലെ? എന്റെ മാത്രം കുറുമ്പി? ഉം?” ഞാനവളെ എന്നോട് ചേർത്ത് പിടിച്ചു.

“ഇതൊക്കെ എന്നോടെന്നും പറഞ്ഞാലെന്താ?” അവൾ എന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് മെല്ലെ ചോദിച്ചു

“എന്നും പറഞ്ഞാൽ ഒരു സുഖമില്ല. വല്ലപ്പോഴും കേൾക്കാനല്ലെ സുഖം?ഞാൻ ഇത് പറയുമ്പോൾ നിന്റെ കണ്ണ് ഇങ്ങനെ പാതി അടയും.. മുഖം വിടർന്ന ചെന്തമര കണക്കെയാവും.. അത് കാണാൻ എന്താ ഭംഗി!”

അവൾ നാണിച്ചെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.

“നിങ്ങളസ്സൽ കാമുകനാട്ടോ “അവളുടെ ശബ്ദം അടഞ്ഞു..

ഇന്ന് ലീവ്.

പോണില്ല. അല്ല പിന്നെ.

നമ്മളോടാ പെണ്ണിന്റെ കളി..

പ്രണയത്തിന്റെ യൂണിവേഴ്സിറ്റി അല്ലെ നമ്മൾ? ഇനി മേലിൽ ഇവള് പരാതി പറയരുത്..എന്റെ കുറ്റം കൊണ്ടിവള് വേറാരെയും പ്രേമിക്കാൻ പോകണ്ട…

ഇനി എന്തൊ വായിക്കാൻ ഇരിക്കുവാ?കഥ തീർന്ന്.. അയ്യടാ,പോയെ.പോയി പ്രേമിക്ക്.. അയ്യോ സോറി. പോയി വല്ല പണിം ചെയ്യ്…