ഒരു പാതിരാക്ക് പെണ്ണ് കിടന്ന് അലറുന്നു. അമ്മ തീഗോളം പോലെ പാഞ്ഞു വന്നു എന്നെ ഒരു നോട്ടം…

കെട്യോൾ ആണെന്റെ മാലാഖ

Story written by Manju Jayakrishnan

രാവിലെ എണീറ്റതെ ആരോ വാളു വയ്ക്കുന്നതും കേട്ടോണ്ടായിരുന്നു..എന്നാലും ഈ കൊച്ചുവെളുപ്പാൻ കാലത്ത് ‘ഇതാരാ ‘ എന്ന് പുതപ്പിനുള്ളിൽ നിന്നും തല പൊക്കിനോക്കിയ എന്നെ അമ്മ കയ്യോടെ എണീപ്പിച്ചു. “എല്ലാം ഒപ്പിച്ചു വച്ചിട്ട് അവന്റെ ഒരു പള്ളിയുറക്കം” എന്നു പറഞ്ഞു അമ്മ പോയെങ്കിലും ലിജോ ജോസ് പല്ലിശ്ശെരിയുടെ ജല്ലിക്കെട്ട് കണ്ടു ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ നിന്നു.

ഭദ്രകാളിയെ പോലെ പെണ്ണുംപിള്ള വന്നു മുന്നിൽ നിന്നപ്പോൾ ആണ് ആ ‘വാളിന്റെ ‘ അവകാശിയെ എനിക്ക് മനസ്സിലായത്. “എന്തു പറ്റി രമണാ ” എന്നു ചോദിക്കുന്നതിനു മുന്നേ പെണ്ണുങ്ങളുടെ ഏറ്റവും ശക്തമായ ആയുധം, നാവ് എടുത്ത് അവൾ പ്രയോഗിക്കാൻ തുടങ്ങിയത്.”ഞാൻ പറഞ്ഞതാ ഇപ്പോളൊന്നും വേണ്ട. എനിക്കൊരു ജോലി കിട്ടിയിട്ട് മതി എന്നൊക്കെ. അല്ലെങ്കിലും അടങ്ങി കിടക്കാൻ പറഞ്ഞാൽ നിങ്ങൾ കേക്കില്ലല്ലോ “.

മുറിയുടെ വാതിൽ തുറക്കുമ്പോഴേക്കും നാരദന്റെ അവതാരമായ അനിയത്തി മുന്നിൽ. അവളുടെ ഇളിച്ച ചിരി കണ്ടപ്പോൾ ഈ വഴി എവിടെ എങ്കിലും ഓടി പോയാലോ എന്നു തോന്നിപ്പോയി.

ചുരുക്കിപ്പറഞ്ഞാൽ പെണ്ണ് അങ്ങ് ഗർഭിണി ആയി. അവളുടെ രാജയോഗവും എന്റെ കഷ്ടകാലവും തുടങ്ങി. ഉടക്കി നിന്ന അമ്മയെ വരെ അവൾ വരുതിയിലാക്കി. ഓരോ ദിവസവും പുതിയ പുതിയ ആഗ്രഹങ്ങൾ. ഇന്ന് ഗർഭിണികളുടെ ദേശീയ ഭക്ഷണമായ മസാല ദോശ ആണെങ്കിൽ നാളെ അപ്പുറത്തെ മാത്യുച്ചായന്റെ വീട്ടിലെ കരിക്ക് ആണ്. അതും ആഗ്രഹങ്ങൾക്ക് നട്ട പാതിര എന്നൊന്നും ഇല്ലല്ലോ.

കാലു തിരുമ്മൽ, കുഴമ്പു തെയ്ക്കൽ അങ്ങനെ നിരവധി കലാപരിപാടികൾ . ജീവിതത്തിൽ എണ്ണ എന്ന സാധനം എനിക്ക് വെറുപ്പ്‌ ആയിരുന്നു. ആ എന്നെക്കോണ്ട് ബോധം പോകുന്ന മണമുള്ള കുഴമ്പ് അവളുടെ ശരീരത്തിൽ പുരട്ടിച്ചപ്പോൾ അവൾ ഒന്ന് ആക്കി ചിരിച്ചു. കാലമാടീ നിനക്കെപ്പോഴും നിത്യഗർഭിണി ആകാൻ പറ്റില്ലല്ലോ. ‘കയ്യിൽ കിട്ടുമെടീ ‘ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

ഒരു പാതിരാക്ക് പെണ്ണ് കിടന്ന് അലറുന്നു. അമ്മ തീഗോളം പോലെ പാഞ്ഞു വന്നു എന്നെ ഒരു നോട്ടം. ഒന്നും ചെയ്യാഞ്ഞിട്ടും ഉരുകിയോലിച്ചു ഞാൻ നിന്നു. ‘കാലിലെ മസ്സിലാ’ പണി കൊടുത്തതു എന്നു പെണ്ണ് മൊഴിഞ്ഞപ്പോഴേക്കും അനിയത്തി അത് എത്തേണ്ടിടത്ത് എത്തിച്ചു കൊടുത്തിരുന്നു.

ഒടുവിൽ ഒരു വെള്ളിയാഴ്ച അവൾക്ക് ഭയങ്കര സ്നേഹം. എന്തോ പണി ഞാൻ മണത്തു. സ്നേഹത്തിൽ അവൾ മൊഴിഞ്ഞു. “ഏട്ടാ എനിക്ക് ഈ വേദന സഹിക്കാൻ പറ്റില്ല”.വേദനയില്ലാതെ പ്രസവിക്കാൻ പറ്റുമെന്ന് അപ്പുറത്തെ റോസി സിസ്റ്റർ പറഞ്ഞത്രെ. അപ്പോ അതാണ്‌ കാര്യം.അമ്മയും സപ്പോർട്ട്

അവളറിയാതെ അമ്മയെ ഞാൻ പാട്ടിലാക്കി. ” പേറ്റുനോവറിയാതെ അമ്മ ആയാൽ കുഞ്ഞിനോട് സ്നേഹം കാണില്ലത്രെ ” എന്നൊരു പച്ചക്കള്ളം ഞാൻ അങ്ങ് കാച്ചി. അമ്മ കാലും മലച്ചു വീണു.

അവളോട്‌ എല്ലാം ശരിയാക്കാം എന്നുറപ്പും കൊടുത്തു.’ അവളെ ഞാൻ നൈസായിട്ട് തേച്ചു ‘.ഒടുവിൽ ഒരു ദിവസം മുഴുവൻ വേദന സഹിച്ചു ഒരു മാലാഖക്കുട്ടിയെ എനിക്ക് തന്നു. പണ്ടാരത്തിനു ബോധം വന്നപ്പോൾ കണ്ണു കൊണ്ട് അവൾ എന്നെ കാണിച്ച ആക്ഷനിൽ നിന്നും ‘കാര്യം’ എനിക്ക് മനസിലായി.

പൂർണ ആരോഗ്യവതിയായി വന്നപ്പോൾ അവളെന്നെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചു. ഇനി അവളെ ഈ ‘പരിപാടി’ ക്ക് കിട്ടില്ലെന്നും പ്രഖ്യാപിച്ചു. എവിടെ പെണ്ണ് അല്ലേ. കൃത്യം മൂന്നു വർഷം കഴിഞ്ഞപ്പോൾ അവൾ വീണ്ടും വേദന തിന്നു തന്നെ അടുത്ത മാലാഖക്കുട്ടിയെ എനിക്ക് സമ്മാനിച്ചു