കല്യാണം കഴിഞ്ഞു കാറിൽ എന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. അവൾ മൊബൈൽ കയ്യിൽ നിന്നു…

ജീവിതം മാറുമ്പോൾ…

Story written by AMMU SANTHOSH

കല്യാണം കഴിഞ്ഞു കാറിൽ എന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. അവൾ മൊബൈൽ കയ്യിൽ നിന്നു ഒന്ന് മാറ്റിപിടിക്കുകയോ എന്നെ നോക്കുകയോ ചെയ്യാത്തത് എന്നിൽ വല്ലായ്മ ഉണ്ടാക്കി. ഞാൻ എന്തൊക്കയോ ചോദിച്ചതിന് മൂളൽ മാത്രം. അവൾ ധൃതിപ്പെട്ടു മെസ്സേജ് കൾക്ക് മറുപടി അയയ്ക്കുന്ന തിരക്കിലാണ്. കൂട്ടുകാരാവും. ഞാൻ ഓർത്തു.

ഇടക്ക് അവളുടെ കൈ തട്ടി ഒരു വോയിസ്‌ മെസ്സേജ് ഓൺ ആയി. ഒരു പുരുഷൻ ആണ്.. പെട്ടെന്ന് അവൾ അത് ഓഫ്‌ ചെയ്തു. അതിലൊരു കള്ളത്തരംതോന്നി ഞാൻ പെട്ടെന്ന് മൊബൈൽ തട്ടിയെടുത്തു നോക്കി.. കാമുകൻ ആണ്. നല്ല പ്രണയപൂർവമുള്ള ചാറ്റിംഗ്. കല്യാണം കഴിഞ്ഞു കഷ്ടിച്ച് ഒരു മണിക്കൂർ കഴിഞ്ഞിട്ടില്ല.ഞാൻ കണ്ടിട്ടും അവൾക്ക് കൂസലൊന്നുമില്ല. വീട്ടുകാർ പറഞ്ഞത് കൊണ്ടാണത്രേ. ഞാൻ പെണ്ണ് കാണാൻ ചെന്നപ്പോൾ ആവർത്തിച്ചു ചോദിച്ചതാണ്. അന്നേരം ഇഷ്ടം ആണ് എന്ന് കുണുങ്ങി പറഞ്ഞവൾ ആണ് ഇപ്പൊ ഇങ്ങനെ. എന്താ ല്ലേ?

“വണ്ടി പോലിസ് സ്റ്റേഷനിലേക്ക് വിട് “

ഞാൻ ഡ്രൈവറോട് പറഞ്ഞു.

അവൾ ഒന്ന് ഞെട്ടി.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. അവളുടെ ബന്ധുക്കൾ, എന്റെ ബന്ധുക്കൾ എല്ലാരും എത്തി.

ഫേസ്ബുക് പ്രണയം.. കണ്ടിട്ടും കൂടിയില്ല. അവന്റെ കൂടെ പോകണം എന്ന് അവൾ. അവനെ വിളിച്ചു വരുത്തണം എന്ന് പോലീസ്.

ഞാൻ പറഞ്ഞു

“അവന്റെ കൂടെ പോകുകയോ പോകാതിരിക്കുകയോ എനിക്ക് അറിയണ്ട..നഷ്ടപരിഹാരം ആയിട്ട് എനിക്ക് ഇരുപത്തി അഞ്ചു ലക്ഷം ഇപ്പൊ കിട്ടണം..”

ഒറ്റ പൈസ സ്ത്രീധനം വാങ്ങാതെ കെട്ടിയ ഞാൻ ആണ് അപ്പൊ ഇത് പറഞ്ഞത്. അല്ല തെറ്റുണ്ടോ? എന്റെ ജീവിതമാണ് കോഞ്ഞാട്ട ആയി കിടക്കുന്നത്..

“പിന്നെ ഇരുപത്തിഅഞ്ചു ലക്ഷം. നീ അത് കേസ് കൊടുത്തു വാങ്ങിക്ക് “എന്ന് അവളുടെ അച്ഛൻ

അയാൾ അറിഞ്ഞു ചെയ്ത ഒരു ചതി ആണ് എന്ന് എനിക്ക് ഇതിനിടയിൽ മനസിലായി

“എടി കൊച്ചേ നിനക്ക് ഇച്ചിരി എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ എന്റെ പൈസ എനിക്ക് തന്നേക്കണം അല്ലെങ്കി നിന്നെയും നിന്റെ ലവനെയും ചേർത്ത് ഞാൻ കേസ് ഫയൽ ചെയ്യും.നീ കോടതി കേറി ഇറങ്ങി മരിക്കും “ഞാൻ അവളോട്‌ പറഞ്ഞു

അവൾ ഇട്ടിരിക്കുന്നതെല്ലാം ഊരി തന്നു.എനിക്കൊരു ചളിപ്പും തോന്നിയില്ല. അവൾക്കു ഒട്ടും ഇല്ല അവൾക്കെന്ത്? സ്വയം അധ്വാനിച്ചതല്ലല്ലോ..

നിങ്ങള്ക്ക് തോന്നും ഇവനെന്ത് ഊളയാണെന്ന് അല്ലെ?

കല്യാണം നിശ്ചയിക്കുന്ന അന്ന് മുതൽ ഓട്ടം തുടങ്ങിയതാ.. ബന്ധുക്കളുടെ വീടുകളിൽ.. പിന്നെ കൂട്ടുകാരുടെ.. പെട്രോൾ എത്ര ആയിന്നാ? പിന്നെ വണ്ടിയുടെ വാടക..ബന്ധുകൾ ക്ക് ഉള്ള ഡ്രെസ്സിന്റെ കാശ്, അവൾക്കുള്ള താലിമാല.. അഞ്ച് പവനാ വാങ്ങിയേ.. ഞാൻ പിന്നെ എന്നാ വേണം?

ഇത് കൊണ്ട് തീർന്നോ?

ജീവിതം മുഴുവൻ ഇനി ഞാൻ രണ്ടാംകെട്ടുകാരനാ.. കെട്ടിയ പെണ്ണ് വല്ലോന്റേം കൂടെ പോയവൻ.. ആ നാണക്കേട് മാറാൻ ഈ ഇരുപത്തി അഞ്ചു ലക്ഷം പോരാ. മാനനഷ്ടത്തിന് കേസ് ഞാൻ വേറെ കൊടുക്കും. അത് അവളുടെ അച്ഛന്റെ പേരിൽ തന്നെ. അറിഞ്ഞു വെച്ചോണ്ട് ഒരു അച്ഛൻ ഈ ചതി ഒരു ആണിനോടും ചെയ്യരുത്. ഇങ്ങനെ തിരിച്ചു പത്ത് ആണ്പിള്ളേര് ചെയ്താൽ ഇനി ഒന്നറയ്ക്കും.

പക്ഷെ ദിവസങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ, വീണ്ടും ചിന്തിച്ചു തുടങ്ങിയപ്പോൾ ആ പണം എനിക്ക് വേണ്ട എന്ന് എനിക്ക് തോന്നി. അത് വെണ്ട..

ഞാൻ ആ പണം കൊണ്ട് എന്റെ നാട്ടിലെ അച്ഛനില്ലാത്ത, ആരുമില്ലാത്ത വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന മൂന്നു ചേച്ചിമാരുടെ കല്യാണം നടത്തി. ബാക്കിയുള്ള കുറച്ചു പണം എന്റെ വീടിനടുത്തുള്ള അന്നകുട്ടിയുടെ ഡോക്ടറാകാനുള്ള പഠനചിലവിലേക്കു ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തു. ഒറ്റ പൈസ ഞാൻ എടുത്തില്ല കേട്ടോ..

എനിക്കുള്ള പെണ്ണ് വരും…എനിക്കായി ഉണ്ടെങ്കിൽ അവൾ വരും..പ്രതീക്ഷ അല്ലെ ജീവിതം?