കഴിഞ്ഞ തവണ കുറേ ആളുകളുടെ മുന്നിൽ വെച്ച് അയാളെന്നെ നിർത്തി പൊരിച്ചതാ…

Story written by Murali Ramachandran

“നീയെന്താടാ പതിവില്ലാതെ കാശ് എണ്ണി നോക്കുന്നെ..? ഞാനതൊക്കെ എണ്ണിയതാ.. നീയത് ബാങ്കിൽ ചെന്നു അടച്ചാൽ മതി.”

മായേച്ചിയെ ഒന്നു നോക്കിയിട്ട് മേശമേൽ അടുക്കി വെച്ചിരുന്ന ഓരോ നോട്ടുകെട്ടുകളും എണ്ണിതിട്ടപ്പെടുത്തി ഞാൻ പേപ്പറിൽ കുറിച്ചെടുത്തു. കസേരയിൽ നിന്നും എഴുന്നേറ്റ് മായേച്ചിയോട് ഞാൻ പറഞ്ഞു.

“മറ്റൊന്നും കൊണ്ടല്ല ചേച്ചി, ഞാൻ പറഞ്ഞിട്ടില്ലേ..? ആ ബാങ്കിലെ ചൂടന്റെ കാര്യം. അയാൾക്ക് എന്നെ കാണുമ്പോ പ്രത്യേക ചൊറിച്ചിലാ..”

“ആര്..?”

“ഓ.. ചേച്ചി മറന്നോ..? ആ ക്യാഷ്യർ..! അയാള് രണ്ട് മൂന്ന് തവണയായി ആവർത്തിക്കുന്നു ഈ ക്യാഷിന്റെ കാര്യം. ഇപ്പോ ദേ ഓരോന്നും എത്രവീതം ആണെന്ന് ആർക്കായാലും മനസിലാവില്ലേ..?”

ഞാൻ എഴുതി വെച്ചിരിക്കുന്ന ആ പേപ്പർ മായേച്ചിക്ക് നേരെ നീട്ടി. അത് കണ്ടതും ഉടനെ മായേച്ചി പറഞ്ഞു.

“മ്മ്.. ഇത് കുഴപ്പമില്ലടാ..”

“കഴിഞ്ഞ തവണ കുറേ ആളുകളുടെ മുന്നിൽ വെച്ച് അയാളെന്നെ നിർത്തി പൊരിച്ചതാ.. ഇനി ഇന്നേന്തെങ്കിലും അയാള് പറയട്ടെ.. ഞാൻ രണ്ടെണ്ണം പറഞ്ഞിട്ടേ വരൂ. ബാങ്കുകാർക്ക് ഇത്രക്കഹങ്കാരം പാടില്ലല്ലൊ..”

നോട്ടുകെട്ടുകൾ ബാഗിലേക്ക് എടുത്തു വെച്ചിട്ട് ബാഗുമായി ഞാൻ പുറത്തേക്കു ഇറങ്ങി. നട്ടുച്ചയായതിനാൽ പതിവിൽ കൂടുതൽ ചൂട് ഉള്ളതായി എനിക്ക് തോന്നി. ഞാൻ വേഗത്തിൽ ബാങ്കിലേക്ക് നടന്നു.

അവിടെ എത്തിയതും ആ തണുത്ത അന്തരീക്ഷത്തിന് ഒരു പ്രത്യേക സുഖം ഉണ്ടായിരുന്നു. ഞാൻ ആദ്യം ചെന്നത് ക്യാഷ്യറുടെ അടുക്കലേക്കാണ്. എനിക്ക് മുന്നിലെ ഗ്ലാസ്സിലൂടെ ഞാൻ എത്തി നോക്കുമ്പോൾ ആയാൾ അവിടെ ഉണ്ടായിരുന്നില്ല. ആ സ്ഥാനത്തു മറ്റൊരു സ്ത്രീയെയാണ് കണ്ടത്. എങ്കിലും ഞാൻ ബാഗിലെ നോട്ടുകെട്ടുകൾ അവർക്ക് നേരെ നീട്ടി. ഒപ്പം കൈയിൽ കരുതിയ ആ പേപ്പറും..

ഞാൻ അവിടുന്ന് തിരിക്കുമ്പോൾ എന്റെ കണ്ണുകൾ അയാളെ തിരയുന്നുണ്ടായിരുന്നു. മനസ്സിൽ അയാളോട് പറയാൻ ഉണ്ടായിരുന്നത് പറയാതെ പോകുന്നത് എങ്ങനെയാണ്..? എന്നാൽ, അയാൾ എവിടെ..? ഞാൻ ചുറ്റും ഒന്നു നോക്കി. ശരി, ഈ സ്ത്രീയോട് ചോദിക്കാം.

“മേഡം.. മുമ്പ് ഇവിടെ ഉണ്ടായിരുന്ന ആ ക്യാഷ്യർ എവിടെ..?”

“മഹേഷ്‌ സാറോ..? നിങ്ങൾ അറിഞ്ഞില്ലേ..?”

അവരുടെ ആ മറുപടിയിൽ ഞാൻ അറിയാത്തത് എന്തോ ഉള്ളതായി തോന്നി. ഞാൻ വീണ്ടും ചോദിച്ചു.

“ഇല്ല, എന്താ..? എന്തുപറ്റി..?”

“അതുപിന്നെ.. സാറ്.. സാറ് മരിച്ചു, ആക്‌സിഡന്റായിരുന്നു. മിനിഞ്ഞാന്ന് നൈറ്റ്‌ ഇവിടുന്നു ബൈക്കുമെടുത്തു വൈക്കത്തേക്ക് ഭാര്യയെ കാണാൻ പോയതാ..വേഗത്തിൽ പിന്നിൽ നിന്ന് വന്ന ട്ടോറസ് വണ്ടി ഇടിച്ചിട്ടേച്ചും നിർത്താതെ പോയി. രാത്രിയിലായത് കൊണ്ടു ആരും അറിഞ്ഞില്ല.”

അവർ അത് പറയുമ്പോൾ സങ്കടം കൊണ്ടു ശബ്ദം ഇടറുന്നത് ഞാൻ ശ്രദ്ധിച്ചു. അവർ വീണ്ടും തുടർന്നു..

“ഇവിടെ തലേന്ന് വരെയുള്ള കണക്ക് ശരിയാക്കിവെച്ചേച്ചും പോയതാ.. ജോലീടെ കാര്യത്തിലും ക്യാഷിന്റെ കാര്യത്തിലും സാറ് കൃകൃത്യമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ.. നല്ല മനുഷ്യൻ. ആ ഭാര്യയെയും നാലു മാസം പ്രായമായ കുഞ്ഞിനെയും കുറിച്ചു ഓർക്കുമ്പോളാ..”

അവർ അത് പറഞ്ഞതും ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഉടനെ കൈയിൽ കരുതിയ കർച്ചീഫ് എടുത്തു കണ്ണുകൾ മെല്ലെ തുടച്ചു. മറ്റൊന്നും ചോദിക്കാൻ ആ നിമിഷം എനിക്ക് ആവാതെ പോയി. പെട്ടെന്നാണ് ആ ചിത്രം എന്റെ ശ്രദ്ധയിൽ പെട്ടത്. പുഞ്ചിരിച്ചു കൊണ്ടുള്ള അയാളുടെ ആ മുഖം. അതിന് താഴെ ഏതാനും പൂക്കളും നിരത്തി വെച്ചിരിക്കുന്നു. ഒരു നിമിഷം ഞാൻ അവിടെ നിന്നു. നിസ്സഹായനായി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

ആ നിമിഷം എന്നിൽ നിന്നും എന്തോ ചോർന്നു പോകുന്നതായി തോന്നി. അവിടെ നിന്നും ഇറങ്ങുമ്പോൾ എന്റെ ശരീരത്തിൽ മാത്രമല്ല, എന്റെ മനസിനും മരവിപ്പുണ്ടായിരുന്നു.