കുഞ്ഞിന്റെ ജനനം കൊണ്ട് വല്ല ദോഷവും ആണെങ്കിൽ നമ്മൾ കുഞ്ഞിനെ എന്തെങ്കിലും ചെയ്താലോ എന്നോർത്തു പറഞ്ഞതാവും…

അമ്മായിയമ്മ…

Story written by Manju Jayakrishnan

“എടാ കൊച്ചു ജനിച്ചതിൽ പിന്നാ ഈ കഷ്ടപ്പാടൊക്കെ”

ആ വാക്കുകൾ കേട്ടാണ്‌ ഞാൻ ഉമ്മറത്തു നിന്നും കയറി വരുന്നത്. കണ്ണിൽ തീയായിരുന്നു. അവരെ ചുട്ടെരിക്കാൻ ഉള്ള അത്രയും തീ. പൊതുവെ മറുത്തൊന്നും പറയാത്ത ഞാൻ പ്രതികരിച്ചു പോയി.” രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞ് എന്തു ദോഷം ഉണ്ടാക്കാൻ ആണ്‌ ഏട്ടാ? ” എന്ന് നിസ്സഹായതയോടെ ചോദിച്ചു പോയി.

മോളുടെ ജനനം കൊണ്ട് അച്ഛനാണ് നല്ലത് എന്ന് പറഞ്ഞത് അമ്മേടെ പ്രിയപ്പെട്ട ജ്യോത്സൻ തന്നെ അല്ലെ? അപ്പോഴേക്കും പതിവു പോലെ മറുപടിയെത്തി.

“കുഞ്ഞിന്റെ ജനനം കൊണ്ട് വല്ല ദോഷവും ആണെങ്കിൽ നമ്മൾ കുഞ്ഞിനെ എന്തെങ്കിലും ചെയ്താലോ എന്നോർത്തു പറഞ്ഞതാവും ” എന്ന്.

സ്വന്തം രക്തത്തെ തള്ളിപ്പറയുന്നതിനെ എതിർക്കാത്ത ഏട്ടനോട് അപ്പോൾ തോന്നിയത് പുച്ഛം മാത്രം ആണ്. ഏട്ടൻ ജനിച്ചപ്പോൾ ഇങ്ങനെ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ അമ്മ ഉപേക്ഷിക്കുവായിരുന്നോ എന്ന ചോദ്യത്തിന് അമ്മയുടെ മറുപടി ഇതായിരുന്നു. “അവനൊരു ആണ് അല്ലെ. വളർത്തിയത് കൊണ്ട് ഗുണം ഉണ്ടാകും “.

അതും കൂടെ കേട്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു. പെൺകുഞ്ഞായതിന്റെ മുറുമുറുപ്പ്‌ അവർക്കുണ്ടായിരുന്നു.അതും കൂടെ അവർ പ്രകടിപ്പിച്ചു എന്നതാണ് നേര്. ” എങ്കിൽ അമ്മക്കൊരു ജേഴ്‌സി പശുവിനെ മേടിച്ചാൽ പോരായിരുന്നോ? ഗുണം നോക്കിയാണെങ്കിൽ “. അതോടെ ഏട്ടൻ ‘അടെങ്ങടീ’ എന്ന് അലറി വിളിച്ചു. എനിക്കു നേരെ കൈ ഉയർന്നപ്പോൾ പുറകിൽ നിന്നും ഞാൻ ആ ശബ്ദം കേട്ടു. ‘വച്ചെക്കേണ്ട തല്ലി കൊല്ലെടാ അവളെ ‘ എന്ന്.

എന്റെ നോട്ടത്തിനു മുന്നിൽ കൈകൾ താഴ്ത്തി ഏട്ടൻ പോയി. ഞാൻ അമ്മയോടായി പറഞ്ഞു. “കഞ്ഞി കുടിച്ചു പോകുന്നത് ഞാൻ ജോലിക്കു പോയിട്ടാണ്. അതു കൊണ്ട് കൊല്ലാൻ ഉള്ള ചങ്കുറപ്പ് ഏട്ടനു ഇല്ല “. ജോലി നഷ്ടപ്പെട്ടു ഏട്ടൻ വീട്ടിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ പ്രസവിച്ചു അമ്പത്താറു ദിവസം കഴിഞ്ഞപ്പോഴേ ജോലിക്കു പോയിതുടങ്ങിയിരുന്നു ഞാൻ.

വലിയ പ്രതീക്ഷകളുമായി വന്ന എനിക്ക് ആദ്യമേ തന്നെ അവിടുത്തെ രീതികൾ സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ഭാര്യയിൽ നിന്നും എപ്പോളും മകനെ അകറ്റി നിർത്താൻ അവർ ശ്രദ്ധിച്ചിരുന്നു. ഭക്ഷണം വിളമ്പി കൊടുത്തു ഒരുമിച്ചിരുന്നു കഴിക്കാൻ പോലും അനുവാദം ഇല്ലായിരുന്നു. ഒരുമിച്ചൊരു സിനിമക്കു പോകാൻ വിവാഹത്തിന്റെ ആദ്യ നാളുകളിൽ പോലും സാധിച്ചിരുന്നില്ല. കുറച്ചു നേരം ഒരുമിച്ചിരുന്നാൽ എന്തെങ്കിലും ജോലി ഉണ്ടാക്കി അമ്മ ചെയ്യാൻ പറയുമായിരുന്നു.

അച്ഛനും അമ്മയും ആയി അധികകാലം ഒരുമിച്ചു കഴിഞ്ഞിട്ടില്ല. അതു കൊണ്ട് “നീ ക്ഷമിക്കു ” എന്ന വാക്ക് കേട്ട് ഞാൻ പലതും ‘കണ്ടില്ല കേട്ടില്ല’ എന്നു വച്ചു നടന്നു.ഒരു മുത്തശ്ശി ആയാൽ അവർക്കു മാറ്റം വരുമെന്ന് വെറുതെ ഓർത്തു. എല്ലാം വെറുതെ ആയിരുന്നു. കുഞ്ഞിനോടുള്ള ഏട്ടന്റെ സ്നേഹം കണ്ടപ്പോൾ അവരുടെ ദേഷ്യം ഇരട്ടിച്ചു. ആ പൊടി കുഞ്ഞു പോലും അവർക്കു ശത്രു ആയി.

ഒടുവിൽ രണ്ടും കൽപ്പിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി. പൊടി കുഞ്ഞുമായി ഓഫീസിന്റെ അടുത്ത് വാടകക്ക് താമസം തുടങ്ങി. ഏട്ടനും മാസങ്ങൾക്കുള്ളിൽ ഞങ്ങൾക്കരുകിൽ തെറ്റു മനസിലാക്കി മടങ്ങിയെത്തി.

ജീവിതത്തിൽ ഏറ്റവും വലുത് ‘മനസ്സമാധാനം’ എന്ന് എനിക്കു മനസ്സിലായി. ഇണങ്ങിയും പിണങ്ങിയും മോളുമായും ഞങ്ങൾ പരസ്പരം സ്നേഹിച്ചു ജീവിക്കുന്നു. മുറിപ്പാടുകൾ ഞങ്ങൾ മറന്നു കഴിഞ്ഞു.എന്നെങ്കിലും അമ്മ എല്ലാം മനസിലാക്കി വന്നാൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കാനും ഞങ്ങൾക്ക് സന്തോഷം.

Nb:(കൂട്ടുകാരിയുടെ അനുഭവകഥ എഴുതിപ്പിടിപ്പിക്കാൻ ഒരു എളിയ ശ്രമം)