നാളുകൾ കഴിയും തോറും അവന് അച്ഛന്റെ ജോലിയോടുള്ള ദേഷ്യം കൂടി കൂടി വന്നു…

ചപ്പൽസ്

Story written by PRAVEEN CHANDRAN

“അച്ഛന് ഈ പണി ഒന്ന് നിർത്തിക്കൂടെ? ഈ ചെരുപ്പുകുത്തിയുടെ മകൻ എന്ന ലേബൽ കേട്ട് എനിക്ക് മടുത്തു.. നാണക്കേടായി തുടങ്ങി…”

അവന്റെ പറച്ചിൽ കേട്ട് പതിവ് പോലെ ബാഗും തൂക്കി പുറത്തേക്കിറങ്ങിയ അയാൾ പതിയ തലവെട്ടിച്ച് അവനെ ഒന്ന് നോക്കി… അവന്റെ ആ ചോദ്യം അയാളെ വല്ലാതൊന്ന് ഉലച്ചെങ്കിലും അതയാൾ പുറത്ത് കാണിച്ചില്ല…

“നീ എന്തിനാടാ അച്ഛനോട് അങ്ങനെയൊക്കെ പറയുന്നത്? അച്ഛൻ ചെരുപ്പ് കുത്തിയത് കൊണ്ടല്ലേ നിന്നെയൊക്കെ ഇവിടം വരെ എത്തിക്കാനായത്..? നാല് നേരം വെട്ടിവിഴുങ്ങുമ്പോൾ ഈ നാണക്കേടൊന്നും ഇല്ലല്ലോ? മോനാദ്യം പോയി പണിയെടുത്ത് നാല് കാശുണ്ടാക്കാൻ നോക്ക് അപ്പോ മനസ്സിലാവും.. “

അവർ പറഞ്ഞത് കേട്ട് അവൻ തല ചൊറിഞ്ഞ് കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് അകത്തേക്ക് പോയി..

അവർ വിഷമത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി..

അയാൾ ചെറുതായൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മുന്നോട്ട് നടന്നു…

തന്റെ മകൻ ഒരുപാടങ്ങ് വളർന്ന് വലുതായെന്ന് അയാൾ ചിന്തിച്ചു…

നാളുകൾ കഴിയും തോറും അവന് അച്ഛന്റെ ജോലിയോടുള്ള ദേഷ്യം കൂടി കൂടി വന്നു.. കൂട്ടുകാരുടെയും കാമുകിയുടേയും ഇടയിൽ അവന് അച്ഛന്റെ തൊഴിൽ ഒരു കുറച്ചിലായി അനുഭവപ്പെട്ടു..

കൂട്ടുകാരിൽ പലരും ഷൂസ് നന്നാക്കാനും ചെരുപ്പ് നന്നാക്കാനുമായി അവന്റെ വീട്ടിലേക്ക് വരുക കൂടെ ചെയ്തതോടെ അവന് അരിശം കൂടി….

അങ്ങനെ ഒരു ദിവസം.. പതിവ് പോലെ ചാരു കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്നു അയാൾ…

അപ്പോഴാണ് അവനൊരു ബാഗുമെടുത്ത് ഉമ്മറത്തേക്ക് വന്നത്..

എല്ലാവരും കേൾക്കാനെന്നോണം അവൻ ഉറക്കെയാണ് സംസാരിച്ചത്…

“ഇനി ഞാനീ വീട്ടിൽ ഒരു നിമിഷം പോലും നിൽക്കില്ല.. ഞാൻ പോവുകയാണ്.. ഇനി പണക്കാരനായി മാത്രമേ ഞാൻ തിരിച്ച് വരൂ.. അത് വരെ നിങ്ങളെന്നെ അന്വേഷിക്കരുത്…”

അവൻ പറഞ്ഞത് കേട്ട് അവർ അവനെ തടയാൻ ശ്രമിച്ചെങ്കിലും അവനൊന്നിനും ചെവി കൊടുക്കാതെ നടന്നകന്നു…

നിസ്സഹായയായി അവർ അയാളെ നോക്കി.. അവന്റെ അനിയത്തിമാരും ആ കാഴ്ച്ച കണ്ട് കരയാൻ തുടങ്ങി…

അയാൾക്ക് പക്ഷെ പ്രത്യേക ഭാവമാറ്റമൊന്നും ഉണ്ടാവാത്തത് കണ്ട് അവർ അമ്പരന്നു…

” എന്താ ഇത്? നിങ്ങൾക്കൊന്ന് അവനെ തടയാമായിരുന്നില്ലേ? എത്രയായാലും നമ്മുടെ മോനല്ലേ?”

അയാളതിന് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അയാളുടെ നെഞ്ച് ഒന്ന് പിടഞ്ഞിരുന്നു…

വർഷങ്ങൾ കടന്നുപോയ് കൊണ്ടിരുന്നു..

അവനെക്കുറിച്ച് അവർക്ക് പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു..

അയാൾ പതിവ് പോലെ വഴിയരികിലുള്ള തന്റെ സ്ഥാനത്തിരുന്ന് ചെരുപ്പുകൾ തുന്നിക്കൊണ്ടിരുന്നു.. പെൺമക്കളെ കെട്ടിച്ചയക്കാനുള്ള വരുമാനം അയാൾക്ക് അയാളുടെ തൊഴിലിൽ നിന്നും കിട്ടിയിരുന്നുമില്ല..

കഷ്ടപാടുകളിൽ നിന്ന് കഷ്ടപാടുകളിലേക്ക് അവരുടെ ജീവിതം നീങ്ങുന്നതിനിടെയാണ് അയാൾ ചെരുപ്പ് തുന്നാനിരിക്കുന്ന വഴിയോരത്തിന് പുറകിൽ ഒരു ഷോപ്പ് തുടങ്ങുന്നുണ്ടെന്ന് അറിഞ്ഞത്.. അതിനുള്ള പണികൾ തകൃതിയായി നടന്നുകൊണ്ടുമിരുന്നു..

തമിഴ്നാടിൽ നിർമ്മാണമുള്ള ഒരു ഷൂസ് & ചപ്പൽസ് കമ്പനിയുടെ പുതിയ ഷോപ്പ് ആണ് അവിടെ തുറക്കാൻ പോകുന്നത് എന്ന് അയാൾക്ക് അറിയാൻ കഴിഞ്ഞു…

മൂന്ന് നിലകളോട് കൂടിയ വലിയൊരു ബിൽഡിങ്ങായിരുന്നു അത്… മാസങ്ങൾക്കു ള്ളിൽ അതിന്റെ നിർമ്മാണ ജോലികളെല്ലാം പൂർത്തിയായി..

ഉദ്ഘാടന ദിവസം മന്ത്രിമാരും സിനിമാനടന്മാരും അടക്കം വലിയൊരു നിര തന്നെ ഉണ്ടായിരുന്നു…

അപ്പോഴാണ് ഒരു ആഢംബരകാർ അതു വഴി വന്നത്..

അയാളുടെ അടുത്തെത്തിയതും കാർ ഒന്ന് സ്ലോ ആയി…

” പുതിയ ഷോപ്പിന്റെ മുതലാളിയാണെന്ന് തോന്നുന്നു കാറിലിരിക്കുന്നത്..”

തൊട്ടടുത്ത് ചായകച്ചവടം നടത്തുന്ന ആളാണ് അയാളോട് അത് പറഞ്ഞത്..

അത് കേട്ട് ചെരുപ്പ് തുന്നുകയായിരുന്ന അയാൾ തലയുയർത്തി കാറിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി..

അതിനുള്ളിലിരിക്കുന്ന ആളെ കണ്ട് അയാളൊന്ന് അമ്പരന്നു..

അതെ അത് അയാളുടെ മകൻ തന്നെയായിരുന്നു…

സൈഡ് വിൻഡോയുടെ ഗ്ലാസ്സ് ഇറക്കി അവൻ അയാളെ ഒന്ന് നോക്കി..

അയാളുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒര സന്തോഷവും അത്ഭുതവും ഉണ്ടായിരുന്നു..

പക്ഷെ അവൻ വണ്ടിയിൽ നിന്ന് ഒന്നിറങ്ങുക പോലും ചെയ്യാതെ ഗ്ലാസ്സ് ഉയർത്തി ഷോപ്പിനകത്തേക്ക് പോകുകയാണ് ചെയ്തത്..

അത് അയാളെ അത്ഭുതപ്പെടുത്തി.. ഇത്രയും നാൾ മകനെയോർത്ത് മറ്റാരോടും പറയാതെ കൊണ്ട് നടന്ന സങ്കടത്തിന് അർത്ഥമില്ലാതായത് പോലെ അയാൾക്ക് തോന്നി..അവൻ നന്നായി കാണണം എന്ന് മാത്രമേ അയാളാഗ്രഹിച്ചിരു ന്നുള്ളൂ… ഒരു ദിവസം പോലും അവന് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല.. ആ മകനാണ് തന്നോട് ഒന്ന് ചിരിക്കുക പോലും ചെയ്യാതെ കടന്ന് പോയത്…

അങ്ങനെ ഗംഭീരമായി ഉദ്ഘാടനം കഴിഞ്ഞു… തൊട്ടടുത്ത് തന്നെ ജനിപ്പിച്ച് വളർത്തി വലുതാക്കിയ ആൾ ചൂടും പൊടിയും സഹിച്ച് ചെരുപ്പുകൾ തുന്നുമ്പോൾ ശീതീകരിച്ച ക്യാമ്പിനിലിരുന്ന് വിശ്രമിക്കുന്ന മകൻ…

വിഷമത്തോടെയാണ് അയാൾ അന്ന് വീട്ടിലേക്ക് പോയത്.. വീടിനുള്ളിലേക്ക് കയറിയതും അയാളുടെ ഭാര്യയും മക്കളും അയാളുടെ അടുത്തേക്ക് ഓടി വന്നു..

“നിങ്ങളവനെ കണ്ടിരുന്നോ ?” അവർ ചോദിച്ചു..

“ആരെ?”

” വിവേകിനെ”

“ഞാനെങ്ങനെ കാണാനാ.. അവൻ നാട് വിട്ട് പോയില്ലേ”.. അതും പറഞ്ഞ് അയാൾ അകത്തേക്ക് കയറിപ്പോയി..

അവർ അയാളെ പിൻതുടർന്നു…

” അവൻ ഇന്ന് ഇവിടെ വന്നിരുന്നു… “

അത് കേട്ട് തോർത്ത് കൊണ്ട് മുഖം തുടയ്ക്കുകയായിരുന്ന അയാൾ കണ്ണുകൾ വെട്ടിച്ച് അവരെ നോക്കി…

” എന്നിട്ടെന്ത് പറഞ്ഞു?”

“അവൻ ഇപ്പോൾ പഴയ വിവേകൊന്നുമല്ല.. ചെന്നൈയിലെ വലിയ പണക്കാരനാ..അവന് ലെതർ ഫാക്ടറീടെ ബിസിനസ്സാന്നാ പറഞ്ഞേ.. നമ്മുടെ ടൗണിൽ വലിയ ഷോപ്പെടുത്തിട്ടുണ്ടത്രേ.. ഫ്ലാറ്റും വാങ്ങിച്ചിട്ടുണ്ട്.. നമ്മളോട് ഇനി അവിടെ വന്ന് താമസിക്കാനാണ് അവൻ പറയുന്നത്…” അവർ വളരെ സന്തോഷത്തോടെ ആണ് അത് പറഞ്ഞത്..

അത് കേട്ട് അയാൾക്ക് ദേഷ്യമാണ് വന്നത്…

“എന്നിട്ട് നീയെന്ത് മറുപടി പറഞ്ഞു?”

“ഞാനെന്ത് പറയാൻ.. നിങ്ങളോട് ചോദിക്കാൻ പറഞ്ഞു..”

“എന്താ നിങ്ങൾക്ക് പോകണംന്നുണ്ടോ?” കുറച്ച് ഗൗരവത്തിലാണ് അയാൾ അത് ചോദിച്ചത്..

“ഇല്ല”

അവർ അല്പം പേടിയൊടെ മറുപടി പറഞ്ഞു..

അങ്ങനെ വീണ്ടും കാലം കടന്ന് പോയ്ക്കൊണ്ടിരുന്നു..

അയാൾ മകന്റെ ഷോപ്പിന് മുന്നിലെ റോഡ്സൈഡിൽ പതിവ് പോലെ ചെരുപ്പ് തുന്നിക്കൊണ്ടുമിരുന്നു..

ഇടയ്ക്ക് കാറിൽ ഞെളിഞ്ഞിരുന്ന് പോകുന്ന അവനെ അയാൾ ഇടയ്ക്ക് കാണാറുണ്ടാ യിരുന്നു..

അവനെ ശ്രദ്ധിക്കാതെ അയാൾ അയാളുടെ ജോലിയിൽ മുഴുകികൊണ്ടിരുന്നു…

അവൻ ഒന്ന് രണ്ട് തവണ കൂടെ വീട്ടിൽ വന്നിരുന്നെങ്കിലും അവർക്ക് അവന്റെ കൂടെ വരുവാൻ സമ്മതമല്ല എന്നറിഞ്ഞതോടെ തിരിച്ച് പോകുകയായിരുന്നു..

ഒരു വർഷത്തിന് ശേഷം അയാളുടെ മൂത്തമകളുടെ കല്ല്യാണം ഏതാണ്ടൊക്കെ ശരിയായി വന്നു..

അതിന്റെ തിരക്കുകളിലേക്ക് പോകുന്നതിനിടെയാണ് അന്ന് അവൻ വീണ്ടും വീട്ടിലേക്ക് കയറി വന്നത്..

അന്ന് അയാളുമുണ്ടായിരുന്നു വീട്ടിൽ…

ഉമ്മറത്തെ ചാരുകസാരയിലിരുന്ന് എന്തൊ ക്കെയോ കണക്കുകൾ നോക്കുകയായിരുന്നു അയാൾ…

അവൻ വരുന്നത് കണ്ട് അയാൾ പേന താഴെ വച്ച് അവനെ എത്തി നോക്കി…

അയാൾക്ക് കുടിക്കാനുള്ള ചായയുമായി അവർ അപ്പോൾ പൂമുഖത്തേക്ക് വരുകയായിരുന്നു..

അവനെ കണ്ടതും അവരൊന്ന് ശങ്കിച്ചു…

അവൻ അവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു…

“അച്ഛാ ഞാൻ എല്ലാവരേയും എന്റെ പുതിയ വീട്ടിലേക്ക് ക്ഷണിക്കാനാണ് വന്നത്.. വിജിതയുടെ കല്ല്യാണം നമുക്ക് നന്നായി തന്നെ നടത്തണം.. അച്ഛന്റെ കൈയിൽ പൈസ കാണില്ലാന്ന് അറിയാം.. അത് കൊണ്ട് തന്നെ അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്.. അച്ഛൻ വിഷമിക്കണ്ട.. പക്ഷെ ഒരു കണ്ടീഷൻ അച്ഛൻ തൊഴിലുപേക്ഷിക്കണം… ഞാൻ ഇപ്പോൾ ടൗണിലെ അറിയപെടുന്ന ഒരാളാണ്.. പല ഉന്നതരുമായും എനിക്ക് ഇപ്പോൾ നല്ല ബന്ധമാണ്.. അവരാരെങ്കിലും അച്ഛൻ ചെയ്യുന്ന തൊഴിലിനെക്കുറിച്ച് അറിഞ്ഞാൽ അത് എനിക്ക് നാണക്കേട് ആണ്.. അച്ഛനും അമ്മയ്ക്കും ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാനുള്ള സ്വത്ത് ഞാനുണ്ടാക്കിയിട്ടുണ്ട്.. “

അല്പം അഹന്തയോടെയുള്ള അവന്റെ ആ സംസാരത്തിന് പക്ഷെ മറുപടി പറഞ്ഞത് അവരാണ്..

” ഇനി ഈ പടി നീ ചവിട്ടരുത്… അച്ഛനെകുറിച്ച് നീ എന്ത് വിചാരിച്ചു.. അദ്ദേഹം ചെയ്യുന്ന തൊഴിൽ മാന്യമായതാണ്.. അത് കൊണ്ട് ഞങ്ങൾക്ക് യാതൊരു നാണക്കേടും ഇല്ല.. ഞങ്ങളെ പൊന്ന് പോലെയാണ് അദ്ദേഹം നോക്കുന്നത്.. ഇത്രയും കാലം നീ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയോ? അവളുടെ കല്ല്യാണം ഞങ്ങളെക്കൊണ്ട് കഴിയുന്നത് പോലെ ഞങ്ങൾ നടത്തും.. അതിന് ആരുടേയും സഹായം ആവശ്യമില്ല..”

അവർ പറഞ്ഞത് കേട്ട് അവൻ ഞെട്ടിപ്പോയി.. അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചില്ലായി രുന്നു..

അയാൾ അവരുടെ മുഖത്തേക്ക് നോക്കി.. ദേഷ്യവും സങ്കടവും കൊണ്ട് അവരുടെ മുഖം ചുവന്നിരുന്നു…

താൻ പറയണമെന്ന് കരുതിയത് അവർ പറഞ്ഞ് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം അയാൾക്ക് തോന്നി..

ചമ്മലോടെ അവിടന്നിറങ്ങാൻ നേരം അവൻ അയാളെ നോക്കി പറഞ്ഞു…

“അച്ഛനോട് എനിക്ക് നന്ദി മാത്രമേയുള്ളൂ.. അച്ഛൻ കാരണമാണ് ഞാൻ ഈ നിലയിലെത്തിയത്.. ജയിക്കാനുള്ള വാശി ആണ് എന്നെ ഈ നിലയിലെത്തിച്ചത്.. ഞാനിറങ്ങുന്നു.. ഇനി ഈ പടി ചവിട്ടില്ല…”

അവൻ പറഞ്ഞത് കേട്ട് അയാൾ കൈയിലിരുന്ന പുസ്തകം താഴെ വച്ച് കൊണ്ട് പറഞ്ഞു..

“എന്റെ മോൻ ഒന്ന് നിന്നേ. ശരിക്കും ഞാൻ നിന്നോട് ആണ് നന്ദി പറയേണ്ടത്..കാരണം നിന്റെ ആ ഷോപ്പ് അവിടെ വന്നിട്ടില്ലായിരുന്നെ ങ്കിൽ നിന്റെ പെങ്ങളുടെ കല്ല്യാണത്തിനുള്ള വക കണ്ടെത്താൻ എനിക്ക് കഴിയില്ലായിരുന്നു..”

അയാൾ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാവാത്തത് പോലെ അവൻ അയാളെ തന്നെ നോക്കി നിന്നു..

” സംശയിക്കണ്ട.. നിന്റെ കടയിൽ നിന്നും പലരും വാങ്ങിക്കുന്ന ചെരുപ്പുകളുടേയും ഷൂസുകളുടേയും റിപ്പയറിംഗ് ആണ് കഴിഞ്ഞ കുറച്ച് നാളുകളായി എന്റെ അടുത്ത് ഏറ്റവും കൂടുതൽ വന്നിരുന്നത്.. മോനേ ഇനിയെങ്കിലും ഗുണനിലവാരമുള്ള വസ്തുക്കൾ നിർമ്മിക്കാൻ നോക്ക്… അല്ലേൽ എനിക്ക് പറ്റിയ പോലെ പാഴായി പോകും…”

അത് കേട്ട് ചെരുപ്പ് കൊണ്ട് അടികിട്ടിയത് പോലെ അവൻ നിന്നു…

പ്രവീൺ ചന്ദ്രൻ