സ്വർഗ്ഗം
എഴുത്ത്: ദേവാംശി ദേവ
“മനയ്ക്കലെകുട്ടീടെ ഒരു ആലോചന വരുവാന്ന് പറഞ്ഞാൽ അതില്പരം ഒരു ഭാഗ്യം ഉണ്ടോ നമ്മളെ പോലുള്ളവർക്ക്..
പിന്നെ രണ്ടാം കെട്ട് എന്നതും ഒരു കുഞ്ഞുണ്ടെന്നതും നമുക്കൊരു കുറവായി കാണാൻ പറ്റോ മോളെ..അതിലും വലിയ കുറവുകൾ ഇല്ലേ നമുക്ക്….എത്രകാലം എന്റെ മോള് ഒറ്റക്ക് ജീവിക്കും…അച്ഛനും അമ്മയ്ക്കും വേണ്ടി എങ്കിലും മോള് ഇതിന് സമ്മതിക്കണം….നാളെ രാഹുൽ കുഞ്ഞ് മോളെ കാണാൻ വരും…”
കാറോടിക്കുമ്പോഴും തലേ ദിവസം രാത്രി അമ്മ ഫോണിലൂടെ പറഞ്ഞ വാക്കുകൾ ആയിരുന്നു അഭിരാമിയുടെ മനസ്സിൽ..
മനയ്ക്കലെ രാഹുൽ…ആ പേര് ഓർത്തതും അവളുടെ ചുണ്ടിലൊരു ചിരി വിടർന്നു..
അഞ്ചുവര്ഷങ്ങൾ അവൾക്ക് മുൻപുള്ള ദിനങ്ങൾ അവൾക്ക് മുന്നിലേക്ക് ഓടിയെത്തി…
*************************
അഭിരാമി എന്ന ഡിഗ്രി വിദ്യാർത്ഥിനി..അച്ഛനും അമ്മയും അനിയത്തിയും അടങ്ങിയ സാധരണ കുടുംബം..
പതിവുപോലെ കൂട്ടുകാരി സുമിക്കൊപ്പംഅമ്പലത്തിൽ പോയപ്പോൾ അവളാണ് ഒരു സംശയം പറഞ്ഞത്…
“മനയ്ക്കലെ രാഹുൽ ചേട്ടൻ നീ പോകുന്നിടത്തൊക്കെ ഉണ്ടല്ലോ..പുള്ളി നിന്നെ നോട്ടമിട്ടെന്ന തോന്നുന്നെ..”
രാഹുൽ..നാട്ടിലെ പ്രമുഖ തറവടായ മനയ്ക്കൽ തറവാട്ടിലെ ഏക മകൻ..കോടീശ്വരൻ…
ദേഷ്യത്തോടെ നോക്കി അവളുടെ വായ അടപ്പിച്ചെങ്കിലും പിന്നീടുള്ള ഓരോ ദിവസവും ഞാൻ പോകുന്നിടത്തൊക്കെ വന്ന് അവള് പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുവായിരുന്നു രാഹുൽ..
ഒടുവിൽ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞ ദിവസം ഇഷ്ടമല്ലന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചപ്പോഴും വിടാതെ പുറകെ നടന്ന രാഹുൽ…
ഒടുവിൽ കാവിലെ ഉത്സവത്തിന്റെ അന്ന് സന്ധ്യക്ക് ആളൊഴിഞ്ഞ ഇടവഴിയിൽ വെച്ച് “വയസ്സറിയിക്കാത്ത പെണ്ണിന് ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്ന്” പറഞ്ഞ് പൊട്ടിക്കരയുമ്പോൾ തന്നെ നെഞ്ചോട് ചേർത്ത് “എനിക്ക് നിന്നെ മാത്രം മതി പെണ്ണേ..നിനക്കപ്പുറം വേറൊന്നും ഇല്ല”ന്ന് പറയുമ്പോൾ അത്ഭുതം ആയിരുന്നു…
പിന്നീടുള്ള ഓരോ ദിവസവും ഓരോ നിമിഷവും സ്നേഹിച്ച് തോല്പിക്കുകയായിരുന്നു രാഹുൽ..
പരിഹാസവും സഹതാപവും കൊണ്ട് നിറഞ്ഞ നാട്ടുകാർക്കും ബന്ധുക്കൾക്കും ഇടയിൽ ഒരു ആശ്വാസം ആയിരുന്നു രാഹുൽ..
വീട്ടുകാർ പോലും അറിയാതെ എന്റെ ഹൃദയത്തിൽ ഒളിപ്പിച്ച പ്രണയം..
“ഇന്ന് മനയ്ക്കലെ രാഹുൽ ചേട്ടന്റെ വിവാഹ നിശ്ചയം ആയിരുന്നു..കോടീശ്വരിയ കുട്ടി..”
സുമി അത് പറയുമ്പോൾ ഒന്നനങ്ങാൻ പോലും ആകാതെ തളർന്നു പോയിരുന്നു..
“അച്ഛനും അമ്മയ്ക്കും ഞാൻ ഒരേ ഒരു മകൻ ആണ്.. എനിക്ക് കുട്ടികൾ ഉണ്ടായില്ലെങ്കിൽ ഞങ്ങളുടെ തറവാട് തന്നെ അന്യം നിന്ന് പോകും..
അച്ഛനെയും അമ്മയെയും ധിക്കരിക്കാൻ എനിക്ക് കഴിയില്ല..”
തിരിഞ്ഞു നടക്കുന്ന രാഹുലിനെ കണ്ടപ്പോൾ സങ്കടം തോന്നിയില്ല..
പുച്ഛം ആണ് തോന്നിയത്..അർഹിക്കാത്തത് ആശിച്ച അവളോട് തന്നെ തോന്നിയ പുച്ഛം..
*************************
റെസ്റ്റോറന്റിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ കണ്ടു അവളെ കാത്തിരിക്കുന്ന രാഹുലിനെ..
“ഹായ് രാഹുൽ..”
“ഹായ് അഭി…”
“മോളെ കൊണ്ട് വന്നില്ലേ രാഹുൽ..”
“ഇല്ല..തന്റെ അമ്മ താൻ ഇന്ന് ഇവിടെ എന്നെ കാണാൻ വരുമെന്ന് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല..”.
“അതെന്താ…”
“അഭിക്ക് എന്നോട് ദേഷ്യമൊന്നും ഇല്ലേ..”
“ദേഷ്യമോ..എന്തിന്..”
“അഭി എന്നെ കളിയാക്കുവാണോ..നിന്നെ ഉപേക്ഷിച്ച് ശാലുവിനെ വിവാഹം കഴിച്ചതിൽ നിനക്ക് എന്നോട് ഒരു ദേഷ്യവും ഇല്ലേ..”
“എനിക്ക് ഒരു ദേഷ്യവും ഇല്ലെന്ന് മാത്രം അല്ല ഈ ലോകത്ത് ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് രാഹുലിനോട് ആണ്..”
രാഹുൽ നിറഞ്ഞ പുഞ്ചിരിയാലെ അവളെ നോക്കി നിന്നു..
“ശാലു ഇപ്പൊ…”
“വിദേശത്ത് ആണ്..വേറെ വിവാഹം കഴിച്ചു…ഒരുപാട് അഡ്ജസ്റ് ചെയ്യാൻ ഞാൻ ശ്രമിച്ചു…ഒരു കുഞ്ഞാകുമ്പോൾ എങ്കിലും എല്ലാം ശരിയാകും എന്ന് കരുതി…പക്ഷെ അവൾ സ്വപ്നം കണ്ട ജീവിതം അല്ല എന്നോടൊപ്പം എന്ന് പറഞ്ഞ് കുഞ്ഞിനെയും എനിക്ക് തന്ന് ഇറങ്ങിപ്പോയി…
ഇപ്പൊ രണ്ട് വർഷം ആയി…മറ്റൊരു വിവാഹത്തെ പറ്റി ചിന്തിച്ചപ്പോൾ നീയാണ് മനസ്സിലേക്ക് ഓടിവന്നത്..ഇപ്പൊ എനിക്കൊരു ഭാര്യയെ മാത്രം അല്ലല്ലോ എന്റെ മോൾക്കൊരു അമ്മയെ കൂടി വേണ്ടേ…
നിനക്ക് സമ്മതം ആണോ അഭി…”
“എനിക്ക് സമ്മാതാകുറവൊന്നും ഇല്ല രാഹുൽ..പക്ഷെ എന്റെയൊരു കണ്ടീഷൻ നീ അംഗീകരിക്കണം…”
“എന്ത് കണ്ടീഷനും ഞാൻ തയാറാണ്.”
“എങ്കിൽ നമുക്കൊരു ഡ്രൈവ് ആയാലോ..”
അഭിരാമിയോടൊപ്പം അവളുടെ കാറിലേക്ക് കയറിയപ്പോൾ അവളെ തന്നെ നോക്കി കാണുകയായിരുന്നു രാഹുൽ..
അവളൊരുപാട് മാറി പോയത് പോലെ അവന് തോന്നി..
“അഭി..നീയൊന്നും പറഞ്ഞില്ല…”
“നമ്മൾ പിരിഞ്ഞ ശേഷം എന്നെങ്കിലും നീ എന്നെ കുറിച്ച് അന്വേഷിച്ചിരുന്നോ രാഹുൽ…ഞാൻ എവിടെയാണ് എന്ത് ചെയ്യുന്നു എന്നൊക്കെ..”
അതിന് മറുപടി പറയാതെ രാഹുൽ മുഖം കുനിച്ചു…
“നീ മറ്റൊരു കുട്ടിയുടെ കഴുത്തിൽ താലി കെട്ടിയ അന്ന് എന്റെ ജീവിതം തന്നെ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു..നീ നഷ്ടപ്പെട്ടു എന്നതിലുപരി ഒരു അമ്മ എന്ന ഭാഗ്യം ഒരിക്കലും എന്നെ തേടിയെത്തില്ല എന്ന വിഷമം ആയിരുന്നു എനിക്ക്..
ട്രെയിനിന്റെ മുന്നിലേക്ക് ചാടാൻ തുടങ്ങിയ എന്നെ ആരോ രക്ഷിച്ചു..
അയാളോട് എന്റെ സങ്കടങ്ങൾ എല്ലാം പറഞ്ഞു കരഞ്ഞപ്പോൾ അയാൾ പുഞ്ചിരിയോടെ എന്നോടൊരു കാര്യം ചോദിച്ചു…
“ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല എന്ന വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച നിനക്ക് നീ പ്രസവിക്കാത്ത കുറച്ച് കുഞ്ഞുങ്ങളുടെ അമ്മ ആകാമോ എന്ന്..”
രാഹുൽ ഒന്നും മനസ്സിലാകാതെ അവളെ നോക്കിയിരുന്നു.
അപ്പോഴേക്കും കാർ ഒരു കോമ്പൗണ്ടിനകത്തേക്ക് കയറി…അഭിരാമി പുറത്തേക്ക് ഇറങ്ങി..കൂടെ രാഹുലും..
“ഞാനിന്ന് അമ്മയാണ് രാഹുൽ. ഒന്നോ രണ്ടോ അല്ല.. നൂറോളം കുഞ്ഞുങ്ങളുടെ അമ്മ..”
അഭിരാമി ചിരിച്ചുകൊണ്ട് സ്വർഗം എന്ന ബോർഡ് വെച്ച പടിപ്പുര വാതിൽ തുറന്നു..
അതിനകത്ത് കളിച്ചുകൊണ്ടിരുന്ന കുറെ കുട്ടികൾ “അമ്മേ” എന്ന് വിളിച്ച് അവൾക്ക് ചുറ്റും കൂടി..
“മക്കള് പോയി കളിച്ചോ..അമ്മ ഇപ്പൊ വരാം..”
അവൾ രാഹുലിനെയും കൂട്ടി അകത്തേക്ക് നടന്നു…
“ഞാൻ നിന്റെ മോളുടെ അമ്മ ആകുമ്പോൾ എന്റെ മക്കളുടെ അച്ഛൻ ആകാൻ നിനക്ക് സാധിക്കുമോ രാഹുൽ….
നിന്റെ മകളെ ഇവരിലൊരാളായി ഇവരുടെ കൂടെ വളർത്താൻ നിനക്ക് സമ്മതമാണെങ്കിൽ ഞാൻ നിന്റെ ഭാര്യയാകാം..”
രാഹുൽ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു..
അപ്പോഴേക്കും ഒരു ചെറുപ്പക്കാരൻ അവർക്കടുത്തേക്ക് വന്നു…
“ഹായ് രാഹുൽ..”
അയാൾ പുഞ്ചിരിയോടെ രാഹുലിനുനേരെ ഹസ്തദാനത്തിനായി കൈ നീട്ടി…രാഹുൽ അഭിരാമിയെ നോക്കി കൊണ്ട് അയാൾക്ക് കൈ കൊടുത്തു..
“രാഹുൽ ഇത് വിഷ്ണു…ഞാൻ പ്രസവിക്കതെ ഇവിടുത്ത മക്കളുടെ അമ്മയാണെങ്കിൽ വിഷ്ണു ജന്മം നൽകാതെ അവരുടെ അച്ഛൻ ആണ്…ഒരിക്കൽ ആത്മഹത്യയിൽ നിന്നും എന്നെ രക്ഷിച്ച് എനിക്ക് ഈ ഭാഗ്യങ്ങളൊക്കെ തന്നത് വിഷ്ണു ആണ്..”
“അഭി പറഞ്ഞ് എനിക്ക് മനയ്ക്കലെ രാഹുലിനെ അറിയാം…
എനിക്ക് നാടും വീടുമൊന്നും ഇല്ല രാഹുൽ..ഒരു അനാഥൻ ആണ്…അരുടെയിക്കെയോ സഹായത്തോടെ പഠിച്ച് ഒരു നിലയിൽ അയപ്പോ സ്വന്തമായി ഒരു കുടുംബം എന്ന് ചിന്തിച്ചില്ല..പകരം എന്നെപ്പോലെ ആരോരും ഇല്ലാത്ത കുട്ടികൾക്ക് ഒരു ജീവിതം എന്ന് ചിന്തിച്ചു…അങ്ങനെയാണ് ഈ സ്വർഗ്ഗം ഉണ്ടായത്..
ഞാനവരുടെഅച്ഛൻ ആണ്…അഭി അമ്മയും..”
“രാഹുൽ എനിക്ക് നിന്നോട് ആദ്യമേ ഒരു നോ പറയമായിരുന്നു..പക്ഷെ നീ നേരിട്ട് എല്ലാം അറിയണം എന്ന് തോന്നി..
പ്രസിവിച്ചാൽ മാത്രം ഒരു സ്ത്രീയും അമ്മ ആകില്ല രാഹുൽ….പ്രസവിച്ചില്ല എന്ന് കരുതി അമ്മ ആകാതിരിക്കുകയും ഇല്ല..
നിനക്ക് എന്നോട് ദേഷ്യം തോന്നേണ്ട രാഹുൽ..”
“ഒരിക്കലും ഇല്ല അഭി..നീയാണ് ശരി..ഇപ്പോൾ തന്നെ പ്രസവിക്കാൻ കഴിയാത്ത നിനക്ക് എന്റെ മകളുടെ നല്ലൊരമ്മ ആകാൻ കഴിയുമെന്ന് കരുതിയാണ് ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്..
ഞാൻ സ്വാർത്ഥൻ ആണ്…വലിയൊരു തെറ്റ്..അത് നീ എനിക്ക് കാണിച്ചു തന്നു…
മുഴുവനായി എന്നെ തിരുത്താൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല…പക്ഷെ ഞാൻ അതിന് ശ്രെമിക്കും…
എന്ത് ആവശ്യത്തിനും നിങ്ങൾക്ക് എന്നെ വിളിക്കാം..”
അവരോട് യാത്രപറഞ്ഞ് രാഹുൽ തിരിഞ്ഞു നടക്കുമ്പോൾ പുഞ്ചിരിയോടെ അത് നോക്കി നിൽക്കുകയായിരുന്നു ആ അച്ഛനും അമ്മയും മക്കളും…പിന്നെ അവരുടെ സ്വർഗ്ഗമെന്ന വീടും…
അവസാനിച്ചു