മറ്റൊരാളുടെ കൂടെ കഴിഞ്ഞ ഭാര്യയെ വീണ്ടും കൂടെ കൂട്ടുന്നത് ക്ലൈമാക്സ്‌ അറിയാവുന്ന സിനിമ ഒന്ന് കൂടി കാണുന്ന…

കാലൻ

Story written by Atharv Kannan

” എന്റെ കൂട്ടുകാരനുമായി തന്നെ നിനക്കൊരു റിലേഷൻഷിപ് ഉണ്ടെന്നറിഞ്ഞപ്പോ സത്യത്തിൽ അന്ന് ഞാൻ തകർന്നു പോയി… പക്ഷെ പിനീടുള്ള ഓരോ നിമിഷങ്ങളും എന്നെ ചിന്തിപ്പിച്ചു ജാനു ” മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം ജനനിയും കണ്ണനും മുഖാമുഖം വന്നപ്പോൾ തളം കെട്ടിയ മൗനത്തെ വകഞ്ഞു മാറ്റി കൊണ്ടു കണ്ണൻ സൗമ്യനായി പറഞ്ഞു.

ജനനിയുടെ കണ്ണുകൾ കലങ്ങിയിരുന്നു. അവൾ വീണ്ടും മൗനം പാലിച്ചു.

” തനിക്കിപ്പോഴും എന്നോട് ദേഷ്യാണോ? “

മെല്ലെ മുഖമുയർത്തി അവൾ കണ്ണനെ നോക്കി.. പഴയ തലയെടുപ്പും ഗംഭീര്യവും ഇന്നില്ല… നെറ്റിയിൽ ചുളിവുകൾ മൊട്ടിട്ടു തുടങ്ങിയിരിക്കുന്നു.. മുടികളിലും താടിയിലും നര കൂടുകൂട്ടി കഴിഞ്ഞു.

” എന്നോടല്ലേ ദേഷ്യം ഉണ്ടാവണ്ടേ ? തെറ്റ് ചെയ്തത് ഞാനല്ലേ? “

” തെറ്റും ശരിയും ഒക്കെ ആപേക്ഷികം അല്ലേ… ” ദീര്ഘമായൊന്നു നിശ്വസിച്ചുകൊണ്ടു കണ്ണൻ ചാരി ഇരുന്നു….

” ഇനി ഒരിക്കലും ഏട്ടനെന്നെ കാണാൻ വരുമെന്ന് ഞാൻ കരുതിയില്ല “

” ഞാനും… പക്ഷെ കാലം… ഓർമ്മകൾ… നീയില്ലാതെ ഉള്ള ഓരോ നിമിഷങ്ങളും ആണ് നീയെനിക്കെന്തായിരുന്നു എന്ന് ജീവിതം പഠിപ്പിച്ചു തന്നത്… “

ജനനി നിശബ്ദയായി ഇരുന്നു..

” സത്യത്തിൽ ഞാനും അതിനൊക്കെ കാരണക്കാരൻ അല്ലേ…! അല്ലേ എന്നല്ല.. ആണ് “

” ഒരിക്കലും അങ്ങനെ ഞാൻ പറയില്ല… എനിക്ക് മറ്റൊരു കൂട്ടു വേണമെന്ന് തോന്നിയപ്പോ ഞാൻ പറയണമായിരുന്നു പിരിയാം എന്ന്… ഈ താലി കഴുത്തിൽ കിടന്നപ്പോ മറ്റൊരാളെ സ്വീകരിച്ചത് എന്റെ തെറ്റ് തന്നെയാണ് “

” നീ എന്നോട് സംസാരിക്കാൻ ശ്രമിച്ച നിമിഷങ്ങളെ കുറിച്ച് എനിക്ക് ഓർമയുണ്ട് ജാനു.. “

ജാനുവിന്റെ ഫോൺ റിങ് ചെയ്തു.. അവളതു കട്ട് ചെയ്തു മേശപ്പുറത്തു വെച്ചു.

” ജ്യോതിഷ് ആണ്.. അവൻ ഇടക്കിടെ ഇങ്ങനെ വിളിച്ചോണ്ടിരിക്കും.. എവിടാ എന്താ.. എല്ലാം അറിയണം.. “

” ആങ്ങളമാർക്ക് സ്നേഹം ഉള്ളത് നല്ലതല്ലേ? “

” ഇത് കുറച്ചു ഓവർ ആണ് “

” ഉം “

ചെറിയ മൗനം വീണ്ടും തളം കെട്ടി.

” കണ്ണേട്ടൻ എന്തെ പിന്ന മറ്റൊരു വിവാഹത്തെ പറ്റി ആലോചിച്ചില്ല? “

കണ്ണൻ ചിരിച്ചു…

” അറിയില്ല… എന്റെ മനസ്സിൽ നിന്നും നിന്നെ പറിച്ചെറിയാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല… “

” എന്നെ കളിയാക്കുന്ന ആണോ കണ്ണേട്ടാ? “

” നെവർ… എന്റെ തെറ്റ് ഞാൻ മനസിലാക്കുന്നു ജാനു… ഒരു ദിവസം പത്തും പതിനെട്ടും മണിക്കൂർ വർക്ക്‌.. ഇതിനിടയിൽ നീ എന്ത് ചെയ്യുന്നു, നിനക്കെന്താണ് ഇഷ്ടം ഒന്നും ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല.. ഒരിക്കൽ പോലും ചോദിച്ചിട്ടില്ല… ആ വലിയ വീട്ടിൽ നീ ഒറ്റയ്ക്ക്… നീ പോയ ശേഷം ഒറ്റക്കിരുന്നപ്പോ ആണ് ഏകാന്തത എത്രത്തോളം അപകടകാരി ആണന്നു ഞാൻ തിരിച്ചറിയുന്നത് “

ജനനി തല താഴ്ത്തി മിണ്ടാതെ ഇരുന്നു.

” ഫൈസലുമായി ഇപ്പോ കോൺടാക്ട് ഒന്നും ഇല്ലേ? “

ഒരു ഞെട്ടലോടെ അവൾ തല ഉയർത്തി നോക്കി… ” ഇല്ല.. “

കണ്ണൻ മുഖം വെട്ടിച്ചു കൊണ്ടിരുന്നു

” അവൻ എന്നെ യൂസ് ചെയ്യുവായിരുന്നു… എന്ന് ഞാൻ നിങ്ങളുടെ ജീവിതത്തിന്നു പുറത്തയോ അന്ന് അവനും എന്നെ വിട്ടു പോയി “

” ജാനുവിന് അവനെ ശരിക്കും ഇഷ്ടമായിരുന്നു അല്ലേ? “

” എന്തിനാ കണ്ണേട്ടാ ഇങ്ങനൊക്കെ ചോദിക്കുന്നെ? “

” ഒരിക്കൽ നീ ഒരുപാട് സ്നേഹം തന്നു.. അന്ന് അത് അനുഭവിക്കാൻ ഉള്ള യോഗം എനിക്കുണ്ടായില്ല.. ഇന്ന് ആ സ്നേഹം ഞാൻ ആഗ്രഹിക്കുന്നു… “

” കണ്ണേട്ടനു ഇനി ഒരിക്കലും എന്നെ പഴയ പോലെ സ്നേഹിക്കാൻ കഴിയില്ല…മറ്റൊരാളുടെ കൂടെ കഴിഞ്ഞ ഭാര്യയെ വീണ്ടും കൂടെ കൂട്ടുന്നത് ക്ലൈമാക്സ്‌ അറിയാവുന്ന സിനിമ ഒന്ന് കൂടി കാണുന്ന പോലത്തെ ഫീലായിരിക്കും ഏട്ടാ..നിങ്ങള്ക്ക് എപ്പോഴും എന്നെ സംശയിക്കാനേ തോന്നു “

കണ്ണൻ മുഖം താഴ്ത്തി

” ഞാൻ ഏട്ടനെ കുറ്റപ്പെടുത്തിയതല്ല.. എന്റെ ചെയ്തികളുടെ ഫലം ആണ് “

” ഞാൻ നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല ജാനു… ഒരാൾ നിന്റെ സാഹചര്യം മുതലെടുക്കുവാണ് എന്ന് മനസ്സിലാക്കാൻ പോലും വയ്യാതെ അയ്യാളെ സ്നേഹിക്കാൻ മാത്രം പോന്ന അവസ്ഥയിലേക്ക്‌ നിന്നെ തള്ളി ഇട്ടതു ഞാനാണ്… ആ തെറ്റ് എനിക്ക് തിരുത്തണം “

” വേണ്ട കണ്ണേട്ടാ… മുറിഞ്ഞു പോയതെല്ലാം അങ്ങനെ ഇരിക്കട്ടെ… പരസ്പരം കുറ്റപ്പെടുത്തിയാലും താങ്ങായാലും നമ്മൾ ചെയ്തതൊന്നും ഇല്ലാതാവില്ലല്ലോ? “

” മനസ്സിന് ഏറ്റ കളങ്കം തിരുത്താനാണ് ജാനു ബുദ്ധിമുട്ട്… ശരീരത്തിന് ഏറ്റ കളങ്കം ഒന്ന് കുളിച്ചാൽ മാറാവുന്നതേ ഉളളൂ.. കഴിഞ്ഞു പോയ കാലങ്ങൾക്കു ഇനി ഒന്നും ചെയ്യാനില്ല.. വരാനിരിക്കുന്ന നിമിഷങ്ങൾ ഇന്നിന്റെ പ്രവർത്തിയുടെ ഫലവും “

പറഞ്ഞു കൊണ്ടിരിക്കവേ വീണ്ടും ജനനിയുടെ ഫോൺ റിങ് ചെയ്തു… അവൾ ഫോൺ സൈലന്റ് ആക്കി മാറ്റി വെച്ചു.

” നമുക്കിനിയും ജീവിതം ബാക്കിയുണ്ട്… നിന്റേതു മാത്രമായി ജീവിക്കാൻ എനിക്കാഗ്രഹം ഉണ്ട്… “

” എനിക്ക് കണ്ണേട്ടൻ എന്നെ പെണ്ണ് കാണാൻ വന്നത് ഓർമ്മ വരുന്നു.. അന്നെത്ര സ്നേഹത്തോടയ ഏട്ടൻ എന്നോട് പെരുമാറിയതു.. ഏതു തിരക്കിനിടയിലും കുറച്ചു സമയം കണ്ടെത്തി എന്നും എന്ന വിളിക്കുമായിരുന്നു.. ഏട്ടന്റെ ഒരു കോളിന് വേണ്ടി പിന്നീട് ഞാൻ കൊതിച്ചിട്ടുണ്ട് “

” അറിയാം ജാനു.. നീ എന്നോട് ക്ഷമിക്കണം… എല്ലാ ആണുങ്ങൾക്കും പൊതുവെ ഉള്ള സ്വഭാവം ആണ് സ്വന്തം ആക്കും വരെ പിന്നാലെ നടന്നു കെയർ ചെയ്യുക എന്നത്.. സ്വന്തം ആയാലോ എങ്ങും പോവില്ലെന്ന തോന്നൽ.. എപ്പോ വേണേലും വിരൽത്തുമ്പിൽ ഉണ്ടെന്ന തോന്നൽ… അതാണ് എന്നെ അങ്ങനെ ആക്കിയത്…നീ വെച്ചുണ്ടാക്കി തന്നിരുന്ന ഓരോ ഭക്ഷണത്തിനും എന്ത് രുചി ആയിരുന്നു എന്ന് പിന്നെ ആണ് എനിക്ക് മനസ്സിലായത്… “

” നല്ലതാണെന്നു ഒരു വാക്ക്‌ ഏട്ടൻ പറയുന്നത് കേൾക്കാൻ ഞാനും കൊതിച്ചിട്ടുണ്ട്…ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ അത്രയും ഏട്ടൻ മറന്നു.. അധികം ഒന്നും വേണ്ടിയിരുന്നില്ല… വല്ലപ്പോഴും ഒരുമിച്ചൊരു നടത്തം.. എന്റ മടിയിൽ കുറച്ചു നേരം എനിക്ക് മാത്രമായി വേണമായിരുന്നു… എപ്പോഴെങ്കിലും ഒരു നൈറ്റ് ഡ്രൈവ്… എന്നെ കേൾക്കാൻ കുറച്ചു നിമിഷങ്ങൾ… അങ്ങനെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.. അതിലും ഏട്ടൻ കണ്ണടച്ചപ്പോ ആ വലിയ വീട്ടിൽ ശരിക്കും ഞാൻ വീർപ്പു മുട്ടി “

” എന്നോട് ക്ഷമിക്കു ജാനു… ഇനി ഞാൻ നിന്റേതു മാത്രമായിരിക്കും… എന്റെ നിമിഷങ്ങൾ നിനക്കുള്ളതായിരിക്കും.. സമ്മതമാണോ നിനക്ക്? “

ജാനു കണ്ണുകൾ അടച്ചു ശ്വാസം അകത്തേക്ക് വലിച്ചു…കണ്ണനും മൗനം പാലിച്ചു…

” ഒന്ന് റിലാക്സ് ചെയ്യ് ജാനു… ഞാനൊന്നു മുഖം കഴുകിയിട്ടു വരാം “

കണ്ണൻ നടന്നകന്നു… ജനനി ദീർഘമായി ഒന്ന് നിശ്വസിച്ചു…

ഫോണിൽ ജ്യോതിഷ് വീണ്ടും വിളിക്കുന്നത്‌ കണ്ടു അവൾ ഫോണെടുത്തു

” നിനക്ക് പ്രാന്തയോട? ഇങ്ങനെ വിളിച്ചോണ്ടിരിക്കണേ എന്തിനാ? ഫ്രീ ആയ ഞാൻ തിരിച്ചു വിളിക്കില്ലേ? “

” ജാനു ഞാൻ പറയുന്ന നീ ഒന്ന് ശ്രദ്ധിച്ചു കേൾക്ക്.. അളിയൻ നിന്നെ അന്വേഷിച്ചു വന്നിരുന്നു “

” ആ.. അതിനെന്ന…? കണ്ണേട്ടൻ ഇപ്പോ എന്നെ കണ്ടിരുന്നു.. ഞങ്ങൾ കുറെ സംസാരിച്ചു… “

” ഏഹ്… അയ്യാൾ ഇപ്പോ നിന്റടുത്തുണ്ടോ? “

” ഇല്ല മുഖം കഴുകാനോ മറ്റോ മാറിയതാ “

” എന്നാ ജാനു വേഗം അവിടുന്ന് രക്ഷപട് പ്ലീസ് “

” നീ എന്തൊക്കെയാ ഈ പറയുന്നേ? ഏട്ടനോട് ഞാനിപ്പോ സംസാരിച്ചതാ അങ്ങേർക്കു ഒരു കുഴപ്പവും ഇല്ല “

” അയ്യോ ജാനു പ്ലീസ്… പറയുന്ന ഒന്ന് മനസ്സിലാക്കു.. നിന്നോടു ഞങ്ങൾ പറയാതെ മറച്ചു വെച്ചൊരു കാര്യം ഉണ്ട്.. അളിയൻ കഴിഞ്ഞ രണ്ടര വർഷമായി ഒരു മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു… നീ പോയതിൽ പിന്നെ അങ്ങേർക്കു ഭ്രാന്തായി.. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ.. ഇപ്പൊ നിന്നോടു സംസാരിച്ചത് ആദ്യമായി കണ്ട അളിയനായിട്ടാണെങ്കിൽ കുറച്ചു കഴിയുമ്പോ ആള് മാറും.. രാവിലെ ആണ് അളിയന്റെ അനിയൻ വിളിച്ചു പറഞ്ഞത് അളിയൻ ഹോസ്പിറ്റലിൽ നിന്നും ചാടി എന്ന്… “

അവൾ ബൂട്ടിന്റെ ശബ്ദം കേട്ടു ഫോൺ ചെവിയിൽ നിന്നും മാറ്റി വിറയലോടെ തിരിഞ്ഞു… പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ടു കണ്ണൻ പിന്നിൽ നിന്നു… അവളുടെ ശ്വാസോച്വസം കൂടി വന്നു. വിറയലോടെ അവൾ വിളിച്ചു

” ക.. കണ്ണേട്ടാ… “

” കണ്ണൻ അല്ലേടി നിന്റെ കാലൻ “

അവന്റെ കയ്യിലിരുന്ന ഇരുമ്പ് ദണ്ഡ് ജനനിയുടെ തലയിൽ താളം പിടിച്ചു!

Kannan Saju