എഴുത്ത്:-അച്ചു വിപിൻ
അത് പിന്നെ അങ്ങനെയല്ലേ വരൂ അവനച്ഛന്റെ മോനല്ലേ?
സ്കൂളിൽ പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ വന്നപ്പോൾ ക്ലാസ്സിൽ ഒന്നാമതെത്തിയ കുട്ടിയുടെ അമ്മയോട് അവിടെയിരുന്ന അധ്യാപകൻ പറഞ്ഞ വാക്കുകൾ ആണിത്..
അതു കേട്ടതും ആ സ്ത്രീ അടുത്തിരിക്കുന്ന ഭർത്താവിന്റെ നേരെ നോക്കിയ ശേഷം അത് ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി…ആ മനുഷ്യന്റെ മുഖത്തു അഭിമാനത്തിന്റെ പൊൻ തിളക്കം ഹോ! അതൊന്നു കാണേണ്ടത് തന്നെ ആയിരുന്നു. മകനെ സ്കൂളിൽ ചേർത്തതിന് ശേഷം ആദ്യമായാണയാളെ ഞാൻ കാണുന്നത് പോലുമെന്നോർക്കണം..
ഒന്നാലോചിച്ചു നോക്കിക്കേ ആ കുഞ്ഞിനെ ഉറക്കമുളച്ചു പഠിപ്പിക്കുന്ന അവനു നല്ല ശീലങ്ങൾ പറഞ്ഞ് കൊടുക്കുന്ന,അവന്റെ വിവരങ്ങൾ സ്കൂളിൽ വിളിച്ചു തിരക്കുന്ന,അവന്റെ പ്രോഗ്രസ് കാർഡ് മുടങ്ങാതെ ഒപ്പിടാൻ വന്നിരുന്ന ആ അമ്മയപ്പോൾ ആരായി?
മിക്കവാറും മകന്റെ വിവരങ്ങൾ തിരക്കി സ്കൂളിൽ വരുന്നയാ സ്ത്രീയോട് അച്ഛനെവിടെ എന്നു ക്ലാസ്സ് ടീച്ചറായ ഞാൻ ചോദിക്കുമ്പോൾ അദ്ദേഹത്തിന് ലീവില്ല മിസ്സേ എന്ന് മറുപടി പറയുന്ന ആ അമ്മയും അടുത്തുള്ള ഒരു കമ്പനിയിൽ ജോലിക്കു പോകുന്നുണ്ട് എന്നതാണ് അഭുതം..
രാവിലെ എണീറ്റു വീട്ടിലെ എല്ലാ പണിയും ചെയ്ത ശേഷം തന്റെ മകനെ സ്കൂളിൽ കൊണ്ടു വിടുകയും വൈകിട്ട് ജോലി കഴിഞ്ഞൂതിയലച്ചു വീട്ടിൽ വന്ന ശേഷം വീണ്ടും വീട്ടുപണികൾ ചെയ്യുകയും അത്കഴിഞ്ഞുള്ള സമയം മകനെ ഇരുത്തി പഠിപ്പിക്കുകയും,അവനെ നല്ല മാർക്ക് വാങ്ങാൻ പ്രാപ്തനാക്കുകയും ചെയ്തയാ അമ്മയുടെ അധ്വാനത്തിന്റെ ക്രെഡിറ്റ് എത്ര പെട്ടന്നാണ് സമൂഹം ഒന്നും ചെയ്യാത്ത അച്ഛന് മേൽ ചാർത്തി കൊടുത്തത്…..
ഇനി ഒരു വീട്ടിലെ പെൺകുട്ടി ആരുടെയെങ്കിലും കൂടെ ഇറങ്ങി പോയെന്നു കരുതുക നേരത്തെ അച്ചനെ വാഴ്ത്തിയ മഹാമനസ്കരായ ആളുകൾ നമ്മൾ നോക്കി നിക്കാലെ മറുകണ്ടം ചാടിയ ശേഷം അവിടെ നിന്നും പറയും ഹാ!അവളൊക്കെ എങ്ങനെ പോകാതിരിക്കും? ആ തള്ളയുടെ അല്ലെ മോള്…. അവളുടെ കൊറെയൊക്കെ ഗൊണം ആ കൊച്ചിനും കിട്ടിയിട്ടുണ്ട്…പാവം ആ തന്തയുടെ കാര്യമാണ് കഷ്ടം അയാളെങ്ങനെ ഇനി നാട്ടുകാരുടെ മുഖത്ത് നോക്കും..
Wow!!സിമ്പതി മുഴുവൻ അച്ഛന്..” How beautiful peoples!!”
ഓന്ത് പോലും ഇങ്ങനെ നിറം മാറില്ല ട്ടോ. മക്കൾ നല്ലത് ചെയ്യുമ്പോൾ അച്ഛനെ വാഴ്ത്തുകയും തെറ്റു ചെയ്യുമ്പോൾ അമ്മയെ പഴിക്കുകയും ചെയ്യുന്നതിൽ എന്ത് ന്യായമാണുള്ളത്,, എന്ത് നീതിയാണുള്ളത്?എന്തോന്നടെ ഇത് കുറച്ചു മര്യാദയൊക്കെ വേണ്ടേ?
ഇനി വേറൊരു സംഭവം കൂടിയുണ്ട്…
അമ്മ അപ്പുറത്ത് പോയി ഇപ്പുറത്തു വന്ന പോലെയിരിക്കുന്ന മക്കളെ നോക്കി ഹോ!! അച്ഛന്റെ അതെ മൂക്ക്,അതെ കണ്ണുകൾ അതെ നെറ്റി.. മക്കൾ രണ്ടാളുംഅച്ഛനെ അങ്ങ് വാർത്തു വച്ചേക്കുവല്ലെ? എന്നൊന്ന് പറഞ്ഞില്ലെങ്കിൽ ചിലർക്ക് സമാധാനം കിട്ടില്ല….മക്കൾ അച്ഛന്റെ തനി പകർപ്പാണ് എന്നൊക്കെ കേൾക്കുന്നത് അമ്മമാർക്ക് സന്തോഷമുള്ള കാര്യങ്ങൾ തന്നെയാണ് പക്ഷെ കാണാൻ അമ്മയെ പോലെ ഇരിക്കുന്ന മക്കളെ നോക്കി അച്ഛന്റെ തനിരൂപം എന്നൊക്കെ നൊണ പറഞ്ഞാ ഇനി ഒന്നും നോക്കൂല ഒരു വലിയ കല്ലെടുത്തങ്ങെറിയും പറഞ്ഞേക്കാം..അല്ല പിന്നെ..
മക്കളുടെ വളർച്ചയിൽ അച്ഛന് പങ്കില്ലെന്നോ അച്ഛൻ മോശമാണെന്നോ അല്ല ഞാൻ പറഞ്ഞ് വരുന്നത് ഒരാൾ ചെയ്യുന്ന അധ്വാനത്തിന്റെ ഫലം മറ്റൊരാളുടെ മേൽ ചാർത്തിക്കൊടുക്കുന്നത് അത്ര നല്ല പ്രവണതയല്ലന്നാണ് .മക്കളുടെ തെറ്റുകൾ മുഴുവൻ അമ്മയുടെ വളർത്തുദോഷമായി കാണുന്നവർ നല്ല രീതിയിൽ വളർന്നു വരുന്ന മക്കളെ കാണുമ്പോൾ അവൻ അല്ലെങ്കിൽ അവൾ ആ “അമ്മയുടെ കുഞ്ഞാണ്” എന്ന് പറയാനെന്തിനു മടിക്കണം.
“അല്പം പ്രശംസയൊക്കെ ഞങ്ങൾ അമ്മമാർക്കും ഇഷ്ടമാണന്നേ”.ഞങ്ങളത് അർഹിക്കുന്നുണ്ട്?