മരണത്തിന്റെ നോട്ടിഫിക്കേഷൻ
Story written by Shintappen
ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിലും എല്ലാ ഗ്രൂപ്പുകളിലും കാണുന്ന പോലെ സ്ഥിരം സംഭാഷണങ്ങളും, കുസൃതികളും കുറച്ച് കഴിയുമ്പോൾ കുറഞ്ഞു… പിന്നെ ആരുടെയെങ്കിലും പിറന്നാൾ ആശംസകളും വിവാഹ വാർഷിക ആശംസകളും മാത്രമായി…. എല്ലാ ഗ്രൂപ്പുകളെയും പോലെ… ആർക്കും വേണ്ടാതായി തുടങ്ങി..
അപ്പോഴാണ് അധികമൊന്നും ആക്റ്റീവ് അല്ലാതിരുന്ന പഴയ ഉണ്ടക്കണ്ണി ഗ്രൂപ്പിൽ മെസേജുകൾ അയച്ചു തുടങ്ങിയത്.. അവൾ ഉണ്ടാക്കുന്ന ഭക്ഷണവും വരയ്ക്കുന്ന പടങ്ങളും എന്നിങ്ങനെ ഫോട്ടോകളും വീഡിയോകളും നിറുത്താതെ അയച്ചു കൊണ്ടേയിരുന്നു.. പതിയെ അവൾക്ക് മറുപടി കൊടുക്കാനും ഭക്ഷണത്തിന്റെ റെസിപി ചോദിക്കാനുമായി ഗ്രൂപ്പിൽ പലരും തല പൊക്കി തുടങ്ങി… പതിയെ പതിയെ ഗ്രൂപ്പ് ആക്റ്റീവ് ആയി..
ഇടയ്ക്ക് “ആത്മാവിൻ അഴങ്ങളിൽ അറിഞ്ഞു നിൻ ദിവ്യ സ്നേഹം ” എന്ന ഭക്തിഗാനം അവൾ മനോഹരമായി പാടി പോസ്റ്റ് ചെയ്തു….എല്ലാവർക്കും ഇഷ്ടപ്പെട്ടു ആ പോസ്റ്റ്.
ഉണ്ടക്കണ്ണി വളരേ സന്തോഷവതി ആയിരുന്നു.. സംസാരത്തിലും ചെളിയിലും എല്ലാം അവൾ തന്നെ മുന്നിട്ട് നിന്നു.. ഗ്രൂപ്പിനെ ഉണർത്തുന്നതും.. ഉറക്കുന്നതും അവൾ ആയിരുന്നു..ആറ് മാസത്തോളം ഗ്രൂപ്പ് വളരെയധികം ഒത്തൊരുമയോടെ മുന്നോട്ട് പോയി.ഭയങ്കര എനർജറ്റിക് ആണല്ലോ ഇവൾ എന്ന് എല്ലാവരും കരുതി.
സ്വന്തം ഫോട്ടോകൾ അയച്ചിരുന്ന അവൾ പിന്നീട് അത് മാത്രം അയക്കാതെയായി.. എടുക്കുന്ന ഫോട്ടോകളിൽ താൻ വരാതെ ശ്രദ്ധിച്ചിരുന്ന പോലെ .. അങ്ങനെ ഒരിക്കൽ അയച്ച ഒരു ഫോട്ടോയിൽ കണ്ട പിന്നാമ്പുറം എന്നിൽ ചില സംശയങ്ങൾ ഉളവാക്കി..
അന്ന് രാത്രി, സംശയങ്ങൾ തീർക്കാൻ ഞാൻ ഗ്രൂപ്പിൽ അല്ലാതെ നേരിട്ട് ചോദിച്ചു ” തൃശൂർ അമലയിൽ പോയിരുന്നോ? ” എന്റെ ചോദ്യം കേട്ട അവൾ ഞെട്ടിയിട്ടുണ്ടാവും എന്നാണ് എന്റെ അനുമാനം… “എന്തേ ചോദിച്ചേ?” നീ അവസാനം അയച്ച ആ അക്വാറിയത്തിലെ മീൻ കണ്ടപ്പോൾ എനിക്ക് തോന്നി.. അമലയിലെ ആക്വേറിയം ആണെന്ന്.
അല്പ സമയത്തെ നിശബ്ദത….
എനിക്ക് വാട്സാപ്പിൽ വന്ന ഫോട്ടോകൾ തുറന്നിട്ട് ഒന്നും മനസിലായില്ല മെഡിക്കൽ റിപ്പോർട്ടുകൾ ആണ്.. വായിച്ചെടുത്ത് മനസിലാക്കാനുള്ള പാഴ് ശ്രമത്തിനിടെ വീണ്ടും വാട്സാപ്പിൽ വന്ന കുറച്ച് ഫോട്ടോകൾ തുറന്ന ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി… മുടിയൊക്കെ പോയ കവിളൊക്കെ ഒട്ടിയ ആ ഉണ്ടക്കണ്ണി! ഉണ്ടക്കണ്ണി എന്ന് വിളിക്കാൻ പോലും തോന്നാത്ത രൂപം.
ഞാൻ കാണുന്നത് സ്വപ്നമാണോ എന്ന് ഞാൻ കുറച്ച് നേരത്തേയ്ക്ക് സംശയിച്ചു പോയി.. ഉടനെ വന്ന voice മെസേജ് ” ഞെട്ടിയോ?.. എങ്ങനെ ഉണ്ട് കോലം.. ഗ്രൂപ്പിൽ ആരോടും ഒന്നും പറയരുത് ട്ടോ.. ” എന്നിട്ട് സ്വശൈലിയിൽ ഒരു ചിരിയും..ഒപ്പം “സിനിമകൾ ഉണ്ടെങ്കിൽ ടെലെഗ്രാമിൽ അയക്കണേ” എന്നൊരു മെസ്സേജും.
എന്താ ഇതൊക്കെ?.. എനിക്ക് ഒന്നും മനസിലാവുന്നില്ല… എന്ന് ഞാൻ അയച്ച ആ മെസേജിന് അന്ന് രാത്രി റിപ്ലൈ കിട്ടിയില്ല..കയ്യിൽ ഉണ്ടായിരുന്ന സിനിമകളുടെ ലിങ്ക് എല്ലാം അയച്ചു കൊടുത്തു..
എനിക്ക് പരിചയമുള്ള മെഡിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്ന ഒന്ന് രണ്ട് പേർക്ക് ആ റിപ്പോർട്ടുകൾ അയച്ചു കൊടുത്തു.
ആദ്യത്തെ റിപ്ലൈ :- ഇത് ആരുടെയാണ്?വൻ കുടലിൽ ക്യാൻസർ ആണ്.. അതും ലാസ്റ്റ് സ്റ്റേജ്
റിപ്ലൈ 2 :- സംഭവം കുഴപ്പമാണ്, ഇയാൾ ജീവിച്ചിരിപ്പുണ്ടോ?
റിപ്ലൈ 3 :- ഇത് ആരുടേയായാലും അവരോട് പറയരുത് ക്യാൻസർ ആകെ ബാധിച്ചിട്ടുണ്ട്.. ഓപ്പറേഷൻ വേണ്ടി വരും…
ഞാൻ ആ രാത്രി വെളുപ്പിക്കാൻ പാട് പെട്ടു…നേരം വെളുത്തപ്പോഴും എന്റെ മെസേജിന് റിപ്ലൈ ഇല്ല..പക്ഷേ പതിവ് പോലെ പുള്ളിക്കാരത്തി ഗ്രൂപ്പിൽ തകർക്കുകയാണ്… വീട്ടിൽ മീൻ വളർത്തൽ തുടങ്ങിയതിന്റെ ഫോട്ടോകൾ അയച്ചു അതിനെ കുറിച്ച് വാചാലയായി..
ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ഞാൻ ആശയകുഴപ്പത്തിലായി.. ദിവസങ്ങൾ കടന്ന് പോയി… ഓരോ ദിവസവും കടന്ന് പോകുമ്പോഴും എല്ലാം ശരിയാകും എന്ന ഒരു പ്രതീക്ഷ എന്റെ മനസ്സിൽ കടന്നുകൂടിയിരുന്നു..
പക്ഷേ പിറ്റേന്നത്തെ അവളുടെ മെസേജ് വരെയേ അതിന് ആയുസുണ്ടായുള്ളു “സ്കാൻ ചെയ്തു, അസുഖം വളരേ കൂടുതൽ ആണ്… രാത്രി മുഴുവൻ വേദന, ഉറക്കമില്ല.. ഇപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് മാഷേ… ചാവാൻ പേടിയില്ല… കാരണം വേദന അതി കഠിനമാണ്…. പിന്നേ സിനിമ വല്ലതും ഉണ്ടെങ്കിൽ അയച്ചോളുട്ടോ.
അവളെ ഇത്രയ്ക്കും ഡെസ്പ് ആയി കണ്ടിട്ടില്ല…അവൾ ഗ്രൂപ്പിൽ മെസേജ് അയക്കുന്നത് കുറഞ്ഞിരുന്നു..
വീണ്ടും ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മെസേജ് വന്നു ” അവസാന ശ്രമമായി ആയുർവേദം നോക്കാൻ പോകുന്നു “
ഒന്നിനെയും കുറിച്ച് നമുക്ക് വലിയ പിടിപാടൊന്നും ഇല്ല എന്നാലും ഞാൻ റിപ്ലൈ അയച്ചു “ഇത്തവണ എല്ലാം ശരിയാവും ഡോ”….
മാസ്റ്റർ ഇറങ്ങുന്നതിന് മുൻപ് ഒരു ദിവസം… രാവിലേ മെസേജ് വന്നു… മാസ്റ്റർ കിട്ടിയോ? ഞാൻ പറഞ്ഞു സമയം എടുക്കും… കിട്ടിയാൽ അയക്കാം…
ഗ്രൂപ്പിലെ മെസേജുകൾ കുറഞ്ഞു… ആരും അവളെന്താ മെസേജ് അയക്കാത്തത് എന്ന് അന്വേഷിച്ചില്ല… ഞാൻ അയക്കുന്ന മെസേജുകൾ റീഡ് ആകുന്നുണ്ടെങ്കിലും റിപ്ലൈ ഇല്ല…
രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ റിപ്ലൈ വന്നു.. “ക്ഷീണം കാരണം ഉറക്കമാണ്…” പിന്നീട് വന്ന മെസേജുകൾ പലതും വായിച്ചാലും മനസിലാക്കാൻ കഴിയുന്നതല്ല…. പല അക്ഷരങ്ങളും വാക്കുകളും മുറിഞ്ഞു പോയിരുന്നു…
ഞാൻ അപ്പോഴും ചോദിച്ചു… എങ്ങനെയുണ്ട്?… 6 വയസുകാരൻ മകൻ വന്ന് ചോദിച്ചുവത്രെ ” അമ്മ മരിക്കോ എന്ന് “… അത് കൂടി കേട്ടപ്പോൾ അവൾക്ക് ജീവിക്കാൻ ഒരു ആഗ്രഹം തോന്നുന്നു എന്നും പറഞ്ഞു.. മൂത്ത മക്കൾ, എപ്പോഴും വഴക്ക് കൂടിയ അമ്മായമ്മ, ജോലിക്ക് പോലും പോകാതെ കെട്ട്യോൻ… സ്വന്തം അപ്പൻ അമ്മ എല്ലാവരും ചില്ല് വാതിലിൽ വന്ന് എത്തി നോക്കുന്നത് മൂടൽ പോലെ കണ്ടത്രേ…വയർ വീർത്ത് പൊട്ടാറായി… എന്താകുമോ എന്തോ?
പിറ്റേന്ന് … മെസേജ് അയച്ചു…” എങ്ങിനെയുണ്ട് “… ഏറെ വൈകി voice റിപ്ലൈ വന്നു ” എനിക്ക് ശ്വാസം കിട്ടുന്നില്ല.. പിന്നെ വരാട്ടാ”
ആയുർവ്വേദ ചികിത്സ ഫലിച്ചാൽ മതിയെന്ന് അറിയാതെ പ്രാർത്ഥിച്ചു പോയ ദിവസങ്ങൾ.. എന്റെയും കുഞ്ഞുങ്ങൾ ആ പ്രായത്തിൽ തന്നെ ആയത് കൊണ്ട് കൂടുതൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി കൊണ്ടേയിരുന്നു…
അങ്ങനെ മാസ്റ്റർ കിട്ടിയ ദിവസം അപ്പോൾ തന്നെ അയച്ചു കൊടുത്തു… മെസേജ് റീഡ് ആയില്ല…
പിറ്റേന്ന് വീണ്ടും അയച്ചു.. എന്തായി കാര്യങ്ങൾ?…
അതിനും റിപ്ലൈ ഇല്ല….
രണ്ട് മൂന്ന് നാല്…. നാലാം ദിവസം ജോലി കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ പതിവില്ലാതെ wife വിളിക്കുന്നു… സാധാരണ ആ സമയത്ത് വിളിക്കാറില്ല…
” നിങ്ങളുടെ ക്ലാസ്സ് മേറ്റ് മരിച്ചു അല്ലേ… ഞാൻ സത്യത്തിൽ വേറേതോ ലോകത്തിൽ ചെന്ന പോലെയായി… ആരോ തള്ളി പാതാളത്തോളം താഴ്ച്ചയുള്ള കുഴിയിൽ കൊണ്ടിട്ട പോലെ…
അല്പ സമയത്തിനകം സ്കൂൾ ഗ്രൂപ്പിലും… നാട്ടിലെ ഗ്രൂപ്പുകളിലും എല്ലാം ആ ചരമ വാർത്ത ഫോട്ടോയടക്കം വന്നു…. ഒന്നും കാണാനുള്ള ത്രാണി ഉണ്ടായിരുന്നില്ല…
വേദനകൾ ഇല്ലാത്ത ലോകത്തിലേക്ക് അവൾ യാത്രയായെങ്കിലും അത് അംഗീകരിക്കാൻ ഞാൻ എന്നല്ല പരിചയമുള്ള ആർക്കും കഴിഞ്ഞില്ല… അത്രയ്ക്കും പോസിറ്റീവ് വൈബ് ആയിരുന്നു അവൾ.
അവളുടെ വീട്ടുകാരെയും… കുഞ്ഞുമക്കളേയും കുറിച്ചോർത്തപ്പോൾ ഉള്ളിലെ കനം കൂടി കൂടി വന്നു… നാട്ടിൽ ഇല്ലാത്തത് കൊണ്ട് അവസാനമായി ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ല… നാട്ടിൽ ഉള്ള പോകാൻ പറ്റാവുന്നവരോടൊക്കെ പങ്കെടുക്കാൻ പറഞ്ഞു… ഒപ്പം ആരും ഫോട്ടോ എടുത്ത് അയക്കരുത് എന്ന നിർബന്ധവും വച്ചു,.
പ്രതീക്ഷിക്കാതെ ഒരാൾ മരിച്ചു എന്നറിഞ്ഞാലും ഫോട്ടോ കാണും വരെ നമ്മൾ വിശ്വസിക്കാൻ പാട് പെടും.. ഫോട്ടോ കണ്ടാലും ഇത് ആള് തന്നെയാണോ എന്ന് സംശയത്തോടെ നോക്കും..മാത്രമല്ല വെള്ള ഉടുപ്പെല്ലാം ഇട്ട് ഇങ്ങനെ കിടക്കുന്നത് സങ്കൽപ്പിക്കാൻ കൂടി ആകില്ല.
ഉണ്ടക്കണ്ണി ഗ്രൂപ്പിൽ ഇടയ്ക്ക് വന്ന് പോകുന്നു… തിരക്കായത് കൊണ്ട് മിണ്ടാറില്ലെങ്കിലും… നമ്മളുടെ മെസേജുകൾ എല്ലാം കാണുന്നുണ്ട്…എന്നൊക്കെയോർത്ത് സമാധാനിച്ചു പോരുന്നു.
നമ്മൾ എത്രയൊക്കെ സമാധാനിച്ചാലും നഷ്ട്ടപെട്ടവർക്ക് അത് ഒരിക്കലും നികത്താനാവാത്ത നഷ്ട്ടം തന്നെയാണ്….പകരം വെയ്ക്കാനാവാത്ത നഷ്ട്ടം.
ദൃശ്യം 2 ഇറങ്ങിയിപ്പോൾ ഞാൻ അവൾക്ക് അയച്ചു കൊടുത്തു… ഇനി ചിലപ്പോൾ അവൾക്ക് ഇതൊക്കെ കാണാൻ പറ്റുന്നുണ്ടെങ്കിലോ…..
ഇടയ്ക്ക് പഴയ മെസേജുകൾ കേട്ട് നോക്കിയപ്പോൾ ” എനിക്ക് ചാവാനൊന്നും പേടിയില്ല പക്ഷേ എന്റെ കുഞ്ഞുങ്ങളെ കണ്ട് കൊതി തീർന്നിട്ടില്ല” എന്ന് പറഞ്ഞ മെസേജ് വീണ്ടും കേട്ടപ്പോൾ മനസ്സിൽ അറിയാതെ ഒരു തേങ്ങൽ….
പലപ്പോഴും ആലോചിക്കും വേദനയില്ലാത്ത ആ ലോകത്ത് നീ ചിരിക്കുകയാണോ അതോ എല്ലാവരെയും വിട്ട് പോയ നീ കരയുകയാണോ
ഈ എഴുതിയത് വായിച്ച് നീ കളിയാക്കുന്നുണ്ടാവും കാരണം മനസ്സിൽ എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും നിനക്ക് ഉണ്ടക്കണ്ണ് തുറന്ന് ചിരിക്കാൻ ആണല്ലോ ഇഷ്ട്ടം!
ഇനിയാർക്കും ഈ ഗതി വരുത്തല്ലേ ഈശ്വരാ….