അയാളുടെ വിരലുകൾ അനങ്ങാൻ തുടങ്ങിയപ്പോഴാണ് അവളുടെ ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞത്…

അലീന

Story written by PRAVEEN CHANDRAN

മെഷീനിൽ ഉയർന്നും താണും പോയ്ക്കൊണ്ടിരി ക്കുന്ന ആ രേഖകൾ അയാളെ ഭയപ്പെടുത്തി ക്കൊണ്ടിരുന്നു… അയാളുടെ കണ്ണുകൾ നിർജ്ജീവമായിരുന്നു… ഏത് നിമിഷവും മരണം തന്നെ വരിഞ്ഞ് മുറുക്കാം എന്ന ഭയം അയാളുടെ മനസ്സിനെ കീഴ്പെടുത്തിക്കൊണ്ടിരുന്നു…വയറിന് വലതുവശത്ത് നിന്നും എന്തോ കുത്തികയറുന്ന പോലെ ഒരു വേദന… മുഖത്ത് ഘടിപ്പിച്ചിട്ടുള്ള ഓക്സിജൻ മാസ്ക്കിലാണ് തന്റെ ജീവനിരിക്കുന്നതെന്ന് അയാൾക്ക് ബോധ്യമായി…

വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് അയാളുടെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞത്..

ഡോക്ടറും ഡ്യൂട്ടി നേഴ്സുമായിരുന്നു അത്…

ഡോക്ടർ നേരെ അയാളുടെ അരികിലേക്ക് വന്നു..കുറച്ച് നേരത്തെ പരിശോധനകൾക്ക് ശേഷം അദ്ദേഹം നഴ്സിനോടായ് പറഞ്ഞു…

“അലീന.. പേഷ്യന്റിന്റെ ബന്ധുക്കളാരെങ്കിലും വന്നിട്ടുണ്ടെങ്കിൽ എന്റെ മുറിയിലേക്ക് വരാൻ പറയൂ… ട്രീറ്റ്മെന്റിനോട് ഇയാളുടെ ശരീരം പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്..കുറച്ച് ദിവത്തിനുള്ളിൽ റിക്കവറാകുമെന്ന് പ്രതീക്ഷിക്കാം.. ഡോക്ടർ എബിനോട് എന്നെ വന്ന് ഒന്ന് കാണാൻ പറയൂ.. “

“ശരി സർ” അവൾ മറുപടി പറഞ്ഞു…

” തന്റെ ആദ്യ ദിവസമല്ലേ ഇന്ന്.. എന്തെങ്കിലും സംശയമുണ്ടെങ്കിൽ സിസ്റ്റർ റീനയോട് ചോദിച്ചാ മതി… നൈറ്റ് ആയത് കൊണ്ട് എന്തെങ്കിലും എമർജൻസി ഉണ്ടേൽ എന്നെ വിളിക്കുക.. ഓൾ ദ ബെസ്റ്റ്”

“താങ്ക്യൂ സർ” അവൾ വളരെ സന്തോഷത്തോടെ പറഞ്ഞു..

അവരുടെ സംഭാഷണം അവ്യക്തമായിട്ടാണെ ങ്കിലും അയാൾക്ക് കേൾക്കാമായിരുന്നു.. അയാളുടെ മുഖത്തെ പേശികൾ അയയാൻ തുടങ്ങി..ചെറിയൊരു ആശ്വാസം അയാൾക്ക് അനുഭവപ്പെട്ടു..

ഡോക്ടർ പോയതിന് ശേഷം .. അവൾ അയാളുടെ അടുത്തേക്ക് വന്നു.. ഏകദേശം നാല്പത് വയസ്സോളം പ്രായമുണ്ട് അയാൾക്ക്.. അയാളെ ആശ്വസിപ്പിക്കാനെന്നോണം അവൾ പറഞ്ഞു..

“പേടിക്കണ്ടാട്ടോ… പെട്ടെന്ന് തന്നെ എല്ലാം ശരിയാവും.. “

അയാളവളുടെ മുഖത്തേക്ക് ഒന്ന് നോക്കി പിന്നെ ഐ.സി.യു വിന്റെ വാതിലിലേക്കും..

ആരെയൊക്കെയൊ അയാൾ പ്രതീക്ഷിച്ചിരുന്നു..

ട്രെയിനിംഗിന് ശേഷമുള്ള അലീനയുടെ ആദ്യ പോസ്റ്റിംഗ് ആയിരുന്നു അവിടെ…വീട്ടിലെ കടുത്ത ദാരിദ്ര്യത്തിന് ഒരു ശമനം ആയിരുന്നു അവൾക്ക് ആ ജോലി…അച്ഛൻ തളർന്ന് കിടന്നപ്പോഴൊക്കെ അമ്മയാണ് വീട്ട് പണികൾ ചെയ്ത് അവളുടെ പഠനം പൂർത്തിയാക്കിയത്..

ആതുരസേവനം അവൾ തെരഞ്ഞെടുക്കാനുള്ള കാരണം അത് മാത്രമല്ലായിരുന്നു..ജീവിത്തിൽ കഷ്ടതയനുഭവിക്കുന്നവരെ പരിചരിക്കുക എന്നത് മാലാഖമാരുടെ ജോലിയാണെന്ന് അവൾ മനസ്സിലാക്കിയിരുന്നു… ചെറുപ്പത്തിൽ അകന്ന ഒരു ബന്ധുവിന്റെ പീ ഢനത്തിനിരയായ അവളെ വളരെ കഷ്ടപെട്ടാണ് വീട്ടുകാർ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്നത്.. കുറച്ച് നാൾ അവൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു… ആ ഓർമ്മകൾ ചിലപ്പോഴൊക്കെ അവളെ വല്ലാതെ വേട്ടയാടിയിരുന്നു… അപ്പോഴൊക്കെ ബൈബിൾ ആയിരുന്നു അവൾക്ക് ആശ്രയം…

ഡ്യൂട്ടിക്കായ് അന്ന് അവിടെ മൂന്ന് നഴ്സുമാരായിരുന്നു അവിടെ ഉണ്ടായിരുന്നത്…ചെറിയ ഹോസ്പിറ്റലായിരുന്നത് കൊണ്ട് വലിയ സൗകര്യങ്ങളൊന്നും അവിടെയില്ലായിരുന്നു.. അവരുമായും അവൾ പെട്ടെന്ന് അടുത്തു…

സമയം കടന്ന് പോയ്ക്കൊണ്ടിരുന്നു…

അയാളുടെ വിരലുകൾ അനങ്ങാൻ തുടങ്ങിയപ്പോഴാണ് അവളുടെ ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞത്…

അയാളെന്തോ പറയാൻ ശ്രമിക്കുന്ന പോലെ അവൾക്ക് തോന്നി..

അവൾ ഉടനെ അയാളുടെ അടുത്തേക്ക് ചെന്നു…

“അനങ്ങാതെ കിടന്ന് കൊള്ളൂ.. വേണ്ടപെട്ടവരെ കാണണമെന്ന് ഉണ്ടാവുമല്ലേ ഇപ്പോൾ?… ഞാൻ നോക്കട്ടെ.. വിഷമിക്കണ്ട”

അത് പറഞ്ഞ് അവൾ വാതിലിന് പുറത്തേക്ക് പോയി.. അവിടെ ഒന്ന് രണ്ട് പേരെ ഇരുന്നിരുന്നിരുന്നുള്ളൂ… അവരോടായ് അവൾ ചോദിച്ചു..

“അജയന്റെ ആരെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ അകത്തേക്ക് വന്നാൽ കാണാവുന്നതാണ്”

അവൾ പറഞ്ഞത് കേട്ട് അവിടെയിരുന്നവർ പരസ്പരം നോക്കിയതല്ലാതെ ആരും ഒന്നും മിണ്ടിയില്ല…

അവൾക്കും അതിശയമായി.. ഇത്രയും ക്രിട്ടിക്ക ലായി കിടക്കുന്ന ആളുടെ കൂടെ ഇരിക്കാൻ ആരുമില്ലേ?…

അപ്പോഴാണ് രണ്ട് പോലീസുകാർ ദൂരെ നിന്ന് അവിടേക്ക് വരുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.. അവരെ ഒന്ന് നോക്കിയതിന് ശേഷം അവൾ അകത്തേക്ക് പോയി…

അവൾക്ക് ഒന്നും മനസ്സിലായില്ല…

അല്പ നേരത്തെ ചിന്തകൾക്ക് ശേഷം അവൾ അയാളുടെ അടുത്ത് വന്ന് വീണ്ടും റിപ്പോർട്ട് എടുത്ത് നോക്കി… വയറിന് വലതുവശത്ത് ആഴത്തിലുള്ള മുറിവ് ഉണ്ട്…ക ത്തി കൊണ്ടോ മറ്റോ കു ത്തിയതായിരിക്കണം അത്..

അത് കണ്ടതും അവൾ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…

എന്തിനായിരിക്കണം ഇയാൾക്ക് കുത്തേറ്റത്.. ? അവൾക്ക് ആകാംക്ഷയായി…

അയാളുടെ കണ്ണുകൾ അടഞ്ഞിരുന്നു അപ്പോഴേക്കും…

സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു… ഉറക്കമു ളച്ച് ശീലമില്ലാത്തതിനാൽ അവളുടെ കണ്ണുകൾ അടയാൻ തുടങ്ങി… തീരെ പറ്റാതായപ്പോൾ എപ്പോഴോ മേശയിൽ തല ചായ്ച്ച് അവളൊന്ന് മയങ്ങിയിരുന്നു…

പെട്ടന്ന് എന്തോ ശബ്ദം കേട്ടെന്നോണം അവൾ ഞെട്ടി എഴുന്നേറ്റു… അവിടന്ന് എഴുന്നേറ്റ് മുഖം കഴുകി അവൾ തിരിച്ച് വന്നു…

സമയം രണ്ട് മണി കഴിഞ്ഞിരിക്കുന്നു…

അയാൾ ഉണർന്ന് കിടന്നിരുന്നു എന്നവൾക്ക് മനസ്സിലായി…

ഉറക്കം വിടാൻ വേണ്ടി ആണ് അവൾ ഫ്ലാസ്ക്കിലെ ചായ കപ്പിലേക്ക് ഒഴിച്ച് കുടിക്കാൻ തീരുമാനിച്ചത്..

അപ്പോളാണ് അവിടെ ഇരുന്ന ന്യൂസ് പേപ്പർ അവളുടെ ശ്രദ്ധയിൽ പെട്ടത്.. അവൾ അത് എടുത്ത് മറിച്ച് നോക്കി…

അത് വായിച്ചതും അവൾ ആകെ അസ്വസ്ഥയാവാൻ തുടങ്ങി.. അവളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി… കണ്ണുകൾ കനൽ പോലെ എരിയാൻ തുടങ്ങി… മുഖത്തെ പേശികൾ വലിഞ്ഞ് മുറുകി.. ചായ ഗ്ലാസ്സിൽ അവളുടെ കൈകൾ മുറുകി…

പിറ്റെ ദിവസം രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വന്നതിന് ശേഷം അമ്മ ഉണ്ടാക്കിക്കൊടുത്ത ചായ കുടിക്കുന്നതിനിടയിൽ ടി.വി ന്യൂസിൽ അവൾ ആ വാർത്ത കേട്ടു..

“വെളിയന്നൂരിൽ ബാലികയെ പീ ഢിപ്പിച്ച് കൊന്ന കേസിലെ പ്രതി മരിച്ചു..കോടതിയിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ ബാലികയുടെ അച്ഛന്റെ കു ത്തേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം..”

അത് കേട്ട് അവളുടെ മുഖത്ത് ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു..താനേറ്റെടുത്ത ആദ്യ ജോലി ഭംഗിയായി പൂർത്തീകരിക്കാനായതിന്റെ സന്തോഷമായിരുന്നു അത്..

“നീ മരിക്കേണ്ടവനാണ്.. ഇനി ഒരു പെണ്ണിന്റേയും ശരീരത്തിൽ നിന്റെ ഈ ദുഷിച്ച കൈ പതിയരുത് നീ പൈ ശാചികമായി കൊന്ന് തള്ളിയ ആ പാവം കുട്ടിയുടെ ആത്മാവിന് വേണ്ടി നിന്റെ ജീവൻ ഞാനെടുക്കുന്നു.. “

അയാളുടെ മുഖത്തെ ഓക്സിജൻ മാസ്ക് അഴിച്ച് മാറ്റുമ്പോൾ അവളയാളോട് അവസാനമായി പറഞ്ഞതതായിരുന്നു…

പ്രവീൺ ചന്ദ്രൻ