ഒരു പക്ഷെ ഈ ലോകത്ത് ഏറ്റവും ഭാഗ്യവാനായ മകൻ ഞാനായിരിക്കും എന്നെനിക്ക് തോന്നി…

എഴുത്ത്: വിശ്വ

മോനെ….. എന്ന അമ്മയുടെ നീട്ടിയുള്ള വിളിക്കേട്ടാണ് ഞാൻ കിടക്ക പായയിൽ നിന്നും ഉണർന്നത്.

ഞങ്ങളുടെ കുടുംബം വളരെ ചെറുതാണ്. ബ്രഹ്മണ കുടുംബത്തിൽ ജനിച്ച എന്റെ അച്ഛൻ മുസ്ലിം കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടിയെ ( എന്റെ അമ്മ ) വിവാഹം കഴിച്ചതോടെ അച്ഛനെയും അമ്മയെയും അവരുടെ കുടുംബത്തിൽ നിന്നും പുറത്താക്കി, അതോടെ ആ കുടുംബം അവർ രണ്ടുപേരിൽ ഒതുങ്ങി ഞാൻ ജനിച്ചതോടെ അത് മൂന്നായി.

അമ്മ അഞ്ച് നേരം നമസ്കരിക്കുന്നതും അച്ഛൻ എല്ലാ ദിവസവും ദൈവങ്ങൾക്ക് മുന്നിൽ തിരി തെളിയിച്ചു പ്രാർത്ഥിക്കുന്നതും എന്റെ സ്ഥിരം കാഴ്ചകളാണ്.

ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അടുക്കളയിൽ അമ്മ തിരക്കിട്ട പണിയിലാണ് എന്നെ കണ്ടതും അമ്മ അച്ഛനെ വിളിച്ചു പറഞ്ഞു…

“അതെ… മോൻ എഴുന്നേറ്റു വന്നിട്ടുണ്ട്. അവനെ ഒന്ന് ഒരിക്കിക്കേ.. “

വയസ് പത്തു കഴിഞ്ഞെങ്കിലും ഇപ്പോഴും ഞാൻ അവർക്ക് കൊച്ചു കുഞ്ഞാണ്. പെട്ടന്ന് അച്ഛന്റെ വിളി വന്നു.

“കുട്ടാ… വേഗം വാ..! നമുക്ക് കുളിക്കണ്ടേ…? “

കുളികഴിഞ്ഞു സ്കൂളിൽ പോകണം എന്ന് ഓർക്കുമ്പോ ഒരു മടുപ്പാണ്.

വീണ്ടും അച്ഛന്റെ വിളിവന്നു. ” വേഗം വാ ഇന്ന് ഞായറാഴ്ച അല്ലെ..? “

അത് കേട്ടതും ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി കാരണം ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ വിട്ടിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയാൽ പിന്നെ ഷോപ്പിങ്ങും കഴിഞ്ഞു പാർക്കിലോ ബീച്ചിലോ പോയി ശേഷം ഒരു സിനിമയും കണ്ട് ഡിന്നറും കഴിഞ്ഞേ വിട്ടിൽ തിരിച്ചെത്തു.

ഞാൻ അച്ഛന്റെ അടുത്തെത്തി ” ഇന്ന് പാലക്കാട്‌ രാഗം തിയേറ്ററിൽ വിജയുടെ വേലായുധം സിനിമയുണ്ട് ” അച്ഛൻ എനിക്ക് പല്ല് തേച്ചു തരുന്നതിനിടയിൽ പറഞ്ഞു.

അത് കേട്ടതും ഞാൻ വീണ്ടും സന്തോഷവാനായി കാരണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനാണ് വിജയ്. എനിക്ക് മൂന്ന് വയസ് പ്രായം ഉള്ളപ്പോഴാണ് “തുള്ളാത്ത മനമും തുള്ളും ” സിനിമ റിലീസ് ആകുന്നത്. അന്ന് മുതൽ തുടങ്ങിയ ആരാധനയാണ്.

അങ്ങനെ കുളി കഴിഞ്ഞു. അമ്മ അടുക്കളയിൽ നിന്നും ഡ്രസ്സ്‌ മാറാനായി വിളിച്ചു പറഞ്ഞു. ഒരു പക്ഷെ ഈ ലോകത്ത് ഏറ്റവും ഭാഗ്യവാനായ മകൻ ഞാനായിരിക്കും എന്നെനിക്ക് തോന്നി. ഞാൻ ഡ്രസ്സ്‌ മാറാനായി റൂമിൽ കയറി എന്റെ അലമാര തുറന്നു. അതിൽ നിറയെ പുത്തൻ ഉടുപ്പുകൾ ഞാൻ അതിൽ നിന്നും ഒരു ഷർട്ട്‌ എടുത്തു. പെട്ടെന്ന് എന്റെ തോളിൽ ആരോ തട്ടുന്നത് പോലെ …

“എഴുന്നേൽക്ക് വിശ്വ…! സമയം ഏഴ് കഴിഞ്ഞു സ്കൂളിൽ പോണ്ടേ…? “

ഓർഫനേജിലെ മദറിന്റെ ശബ്ദമാണ്. ഞാൻ പതിയെ കണ്ണ് തുറന്നു. അപ്പോൾ എന്റെ കണ്ണ് കലങ്ങിയിരുന്നു തൊണ്ട വരണ്ടിരുന്നു. ആ സ്വപ്നം ഒന്ന് യഥാർഥ്യം ആയെങ്കിൽ എന്ന് ഒരു ആയിരം തവണ ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടുണ്ടാകും.

വിശ്വ