ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയവൻ പോകുന്നത് നിറകണ്ണുകളോടെ നോക്കാൻ മാത്രമേ അയാൾക്കായുള്ളൂ…

മകനാണ് താരം

Story written by PRAVEEN CHANDRAN

കാണികളുടെ ഹൃദയമിടിപ്പിനോടൊപ്പം അയാ ളുടെ ഹൃദയമിടിപ്പും കൂടികൊണ്ടിരുന്നു… കോടീശ്വരനിലെ ഹോട്ട്സീറ്റിൽ തന്റെ മകനെ ത്തിയത് മുതൽ അയാൾ ആകാംക്ഷയിലാ യിരുന്നു… ഇന്നിതാ ഒരു കോടി നേടുവാനായ് ഒരു ചോദ്യം മാത്രം അവന് മുന്നിൽ.. അതിന് ഉത്തരം പറയാനായാൽ തന്റെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും അതോടെ തീരുമെന്ന് അയാൾക്കറിയാമായിരുന്നു..

ചെറുപ്പം മുതലേ അവന്റെ ആഗ്രഹങ്ങളൊന്നും സാധിച്ച് കൊടുക്കാൻ അയാൾക്ക് ആവുമായിരുന്നില്ല.. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയി ലും കുടുംബം പട്ടിണിയാകാതിരിക്കാൻ അയാൾ എല്ലുമുറിയെ പണിയെടുത്തു കൊണ്ടിരുന്നു..ഹൈസ്ക്കൂളിൽ പഠിക്കുന്നത് മുതലേ കിട്ടുന്ന ജോലിക്കെല്ലാം പോകേണ്ടി വന്നു അവന് പഠനത്തിനുള്ള വക കണ്ടെത്താനായി…

അവസാനം കുടുംബത്തിന്റെ ഭാരം കൂടെ അവന്റെ ചുമലിലേക്ക് വച്ചു കൊടുക്കേണ്ടി വന്നു അയാൾക്ക്..

ഒരു അപകടത്തിൽ പരിക്കേറ്റ് നടുതളർന്ന് അയാൾ കിടപ്പിലായിരുന്നു…

കോടീശ്വരൻ മത്സരത്തിന് പുറപ്പെടും മുന്ന് അവനയാളെ കാണാൻ വന്നിരുന്നു…

ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയവൻ പോകുന്നത് നിറകണ്ണുകളോടെ നോക്കാൻ മാത്രമേ അയാൾക്കായുള്ളൂ..

അവന്റെ ശിരസ്സിൽ തൊട്ട് അനുഗ്രഹിക്കാൻ പോലും കഴിയാത്ത തന്റെ കൈകളോട് ആദ്യമായി അയാൾക്ക് വെറുപ്പ് തോന്നി…

പക്ഷെ മനസ്സ് കൊണ്ട് നൂറു തവണ അയാളവനെ അനുഗ്രഹിച്ചിരുന്നു അപ്പോഴേക്കും…

കാണികളുടെ ആരവത്തിനിടയിൽ തലയുയർത്തി തന്നെ അവനിരുന്നു… അത് വരെയുള്ള ചോദ്യങ്ങൾക്ക് വളരെ ആത്മവിശ്വാ സത്തോടെ തന്നെയായിരുന്നു അവൻ മറുപടി നൽകിയിരുന്നത്…

“ദേ പോയി ദാ വന്നു.. ഒരു ചോദ്യം മതി ജീവിതം മാറി മറയാൻ.. എന്ത് പറയുന്നു.. അവസാന ചോദ്യത്തിലേക്ക് കടക്കട്ടെ രഞ്ജിത്ത്…?” അവതാരകന്റെ ചോദ്യത്തിനുള്ള ഉത്തരം പറയാൻ അവന് അധികമൊന്നും ചിന്തിക്കേണ്ടതായ് വന്നില്ല..

“യെസ് സർ…” ഉറച്ച ശബ്ദത്തോടെ അവൻ മറുപടി പറഞ്ഞു…

“ആർ യൂ ഷുവർ… അവസാനത്തെ ചോദ്യമാണ് തെറ്റിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയാമല്ലോ? ഇനി ഒരു ലൈഫ് ലൈൻ മാത്രമേ ബാക്കിയുള്ളൂ.. പിൻമാറുകയാണെങ്കിൽ അമ്പത് ലക്ഷം രൂപയുമായി മടങ്ങാം.. രഞ്ജിത്തിന്റെ സ്വപ്നം പോലെ അച്ഛന്റെ ചികിത്സയും സ്വന്തമായി ഒരു വീടും എല്ലാം നടക്കും.. അല്ലെങ്കിൽ വന്നപോലെ മടങ്ങേണ്ടി വരും…”

അത് കേട്ടിട്ടും അവന്റെ ആത്മവിശ്വാസത്തിന് ഒര കോട്ടവും തട്ടിയില്ല..

“മുന്നോട്ട് പോകാം സർ.. ” അവൻ പറഞ്ഞു…

“ഓക്കെ രഞ്ജിത്ത്… ഗുരുജി ഒരു കോടിയിലേക്കുള്ള ആ ചോദ്യം തരൂ..”

സ്ക്രീനിൽ ചോദ്യവും നാല് ഓപ്ഷനുകളും തെളിഞ്ഞതും കാണികളെല്ലാം നിശബ്ദരായി…

“സ്വീഡിഷ് ആയുധ നിർമ്മാണകമ്പനി ആയ ബോഫേഴ്സിന്റെ ഉടമസ്ഥൻ കൂടിയായ ശാസ്ത്രഞ്ജൻ ഇവരിൽ ആരാണ് അതാണ് ചോദ്യം..”

അവനും കുറച്ച് നേരം ചോദ്യത്തിലേക്കും ഓപ്ഷനുകളിലേക്കും നോക്കിയിരുന്നു…

” നല്ലവണ്ണം ആലോചിച്ചുത്തരം പറയുക.. ലൈഫ് ലൈൻ ഉപയോഗിക്കാം.. ഉത്തരം ഉറപ്പില്ലെങ്കിൽ ക്വിറ്റ് ചെയ്യാം.. ” അദ്ദേഹത്തിന്റെ ആ ഉപദേശത്തിനോട് യോചിച്ചുവെന്നോണം അവസാന ലൈഫ് ലൈനായ “ഫോൺ എ ഫ്രണ്ട്” എടുക്കാൻ അവൻ തയ്യാറായി..

“ശരി… ആരെയാണ് വിളിക്കാൻ രഞ്ജിത്ത് ഉദ്ദേശിക്കുന്നത്..” അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒട്ടും മടിക്കാതെ അവൻ ഉത്തരം പറഞ്ഞു..

“അച്ഛൻ…”

അത് കേട്ട് അദ്ദേഹത്തോടൊപ്പം അവിടെയു ണ്ടായിരുന്നവരെല്ലാം ഞെട്ടി… കാരണം അവന്റെ അച്ഛന്റെ അവസ്ഥ അവൻ പറഞ്ഞത് വച്ച് അവിടെ എല്ലാവർക്കും അറിയാമായിരുന്നു…

സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാ നാവാതെ കൂലിപണിക്ക് പോയി കുടുംബം നോക്കിയിരുന്ന ആളായിരുന്നു അവന്റെ അച്ഛൻ.. ആ അച്ഛനെങ്ങനെയാണ് ഇത്രയും വലിയ ഒരു ചോദ്യത്തിന് ഉത്തരമറിയുന്നതെന്ന് അവർ ചിന്തിച്ചു..

“ആർ യു ഷുവർ.. ഞാൻ വിളിക്കട്ടെ അച്ഛന്?” അദ്ദേഹം ചോദിച്ചു..

“യെസ് സർ” ഉറച്ചതായിരുന്നു ആ മറുപടി…

അവൻ പറഞ്ഞത് പ്രകാരം അദ്ദേഹം അവന്റെ അച്ഛന് ഡയൽ ചെയ്തു…

സാധാരണ ഫോൺ വരുമ്പോൾ അവന്റെ അമ്മയാണ് ഫോൺ സ്പീക്കറിലിട്ട് അച്ഛനെ കേൾപ്പിച്ചിരുന്നത്… അന്ന് പക്ഷെ മറുതലയ്ക്കൽ ആരാണ് എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി…

അവർ സ്പീക്കർ ഓൺ ചെയ്ത് അയാൾക്ക് അഭിമുഖമായി പിടിച്ചു..

അത് കണ്ട് അയാൾ ഒന്നമ്പരന്നു..

കാണികളെല്ലാം കാതോർത്തിരുന്നു…

അച്ഛന്റെ ശബ്ദം കേട്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു…

അവനൊന്നും മിണ്ടാനായില്ല…

“വേഗം രഞ്ജിത്ത് മണിക്കുട്ടി ഒടിക്കൊണ്ടിരിക്കുന്നു…”

അവൻ നിശബ്ദമായിരിക്കുന്നത് കണ്ട് എല്ലാവരും അമ്പരന്നു..

അയാൾക്കും ഒന്നും മിണ്ടാനാവുന്നില്ലായിരുന്നു..

അവൻ ഒന്നും മിണ്ടാതായതോടെ എല്ലാവരുടേയും ടെൻഷൻ കൂടി.. കാണികളിൽ പലരും പിറുപിറുത്തുകൊണ്ടിരുന്നു…

അനുവദിച്ച സമയം തീരാൻ പത്ത് സെക്കന്ടുകൾ ബാക്കിയുള്ളപ്പോഴാണ് അവന്റെ ശബ്ദം പുറത്ത് വന്നത്..

“അച്ഛാ… അച്ഛന്റെ മകൻ ഇനി വീട്ടിലേക്ക് വരുന്നത് കോടീശ്വരനായായിരിക്കും… “

അവൻ പറഞ്ഞത് കേട്ട് അവിടെയുള്ളവരെല്ലാം ഒരു നിമിഷം അമ്പരന്നു..

ഫോൺ കട്ടായതിന് ശേഷം അതേ ആത്മവിശ്വാ സത്തോടെ അവൻ പറഞ്ഞു…

“സാർ… ലോക്ക് ചെയ്തോളൂ… ഓപ്ഷൻ ബി ആൽഫ്രഡ് നൊബേൽ…. “

ഒരു നിമിഷത്തെ പകപ്പിന് ശേഷം രണ്ടാമതൊന്ന് ചോദിക്കാതെ അദ്ദേഹം അത് ലോക്ക് ചെയ്തു ..

“ഗുരുജി..ഓപ്ഷൻ ബി.. ആൽഫ്രഡ് നൊബേൽ”

ഉത്തരം ശരിയായിരുന്നു….

അവന്റെ ആ മരണ മാസ്സ് ചങ്കൂറ്റത്തിന് സദസ്സ് മുഴുവൻ നിറഞ്ഞ കൈയ്യടിയോടെയാണ് മറുപടി നൽകിയത്…

(യു.എസ്സിലെ മില്ല്യനയർ പ്രോഗ്രാമിൽ നടന്ന ഒരു സംഭവത്തിൽ നിന്ന് പ്രചോദനം)

പ്രവീൺ ചന്ദ്രൻ