അമ്പലത്തിൽ പോയി വരുന്ന വൈകുനേരം ഒരിക്കൽ ഞാൻ അവന്റെ സൈക്കിളിൽ കയറി, ഇരുട്ടി തുടങ്ങിയിരുന്നു…

Story written by Sowmya Sahadevan
======================

റോഡ് പണിക്കു വന്ന ഹിന്ദിക്കാരൻ പയ്യന്മാരെ ചുമ്മാ നോക്കി ഇരുന്നതിൽ എനിക്ക് വെള്ളാരംകണ്ണുകളുള്ള ജ്യോതിബസു വിനെ ഇഷ്ടമായി, കമ്പെയിൻ സ്റ്റഡിക്കു വന്ന കൂട്ടുകാരികളുടെ അട്ടഹാസത്തിൽ നിന്നും ചിരികളിൽ നിന്നും അവനതു മനസ്സിലാവുകയും ചെയ്തു. മുറി മുറി ഹിന്ദിയിൽ അവർ ഓരോന്ന് വെറുതെ അവനോട് ചോദിക്കും, ഹിന്ദി കലർന്ന മലയാളത്തിൽ അവൻ പറയുന്ന മറുപടി ഞാൻ രസിച്ചു കേട്ടു നില്കും.

അവന്റെ കണ്ണുകളുടെ ചലനങ്ങൾ മനോഹരമായിരുന്നു. മറ്റു ഹിന്ദിക്കാരിൽ നിന്നും അവൻ വ്യത്യസ്തനായിരുന്നു. വായിൽ മുറുക്കാനില്ലാതെ വൃത്തിയുള്ള വസ്ത്രങ്ങളിൽ അവൻ അവരുടെ ഇടയിൽ വ്യത്യസ്തനായി നിന്നു.

ഇടയ്ക്കു വെള്ളം എടുക്കാൻ റോഡിലെ പൈപ്പ്നരുകിൽ വരുമ്പോളെല്ലാം അവൻ എന്നോട് എന്താ പഠിക്കുന്നതെന്നും, ആരാവനാണ് ആഗ്രഹമെന്നും ചോദിക്കും. നന്നായി പഠിക്കണം എന്നും എന്നോട് പറഞ്ഞു.

അമ്പലത്തിൽ പോയി വരുന്ന വൈകുനേരം ഒരിക്കൽ ഞാൻ അവന്റെ സൈക്കിളിൽ കയറി, ഇരുട്ടി തുടങ്ങിയിരുന്നു. വൈകിയതിനു എന്തായാലും വഴക്കു കേൾക്കും അതൊഴിവാക്കാനായി കയറിയാതായിരുന്നു. സൈകിളിന്റെ മുന്നിൽ ഇരുന്നു കൊണ്ട് ഞാൻ വീടിന്റെ വഴിയിൽ എത്തിയതും അമ്മ കാത്തുനിൽപുണ്ടായിരുന്നു.

വേലിപടർപ്പിലെ നീരോലി വടികൊണ്ട് അമ്മാ എന്നെ തല്ലി. കെട്ടിടം പണികാരി ആയിരുന്നു അമ്മ. തനിച്ചു വളർത്തികൊണ്ട് വന്നതായിരുന്നു! കിട്ടിയ അടിയുടെ വേദന മാറും മുൻപ് ഞാൻ ജ്യോതിബസു വിന്റെ വാടക വീടിനടുത്തു എത്തി. എന്നെ കണ്ടതും അത്ഭുതത്തോടെ പുറത്തേക്കു വന്ന അവനെ ഞാൻ കെട്ടിപിടിച്ചു, എന്നെ പിടിച്ചു മാറ്റികൊണ്ട് അവൻ എന്നോട് എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചു, ഞാൻ വീട്ടിൽ കൊണ്ടാക്കിത്തരാം എന്നും ഹിന്ദിയിൽ പറഞ്ഞു. ഞാൻ പോവൂല എന്നു പറഞ്ഞു കൈയിൽ പിടിച്ചു കരഞ്ഞു. അപ്പോളേക്കും ഞങ്ങളുടെ മുന്നിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു.

എന്റെ കരച്ചിലിനും വാശിക്കും മുകളിൽ അമ്മയുടെ വഴക്കും ശാപവാക്കുകളും ആ സ്റ്റേഷനിൽ നിറഞ്ഞു നിന്നു. പിറ്റേന്ന് പോലീസ് കാരുടെ സഹായത്താൽ രജിസ്റ്റർ മാരേജ്യും കഴിഞ്ഞു. ആ നേരങ്ങളിലെല്ലാം ജ്യോതിബസു എന്റെ മുഖത്ത് പോലും നോക്കിയിരുന്നില്ല, കൂടാതെ ഫോണിൽ സംസാരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. അവരുടെ ഏതോ പ്രാദേശിക ഭാഷയിലുള്ള അവന്റെ സംസാരം എനിക്ക് അവനെ അപരിചിതനാക്കി.

സ്റ്റേഷനിൽ വച്ചു എന്റെ കമ്മൽ പോലും അമ്മ അഴിച്ചു വാങ്ങിയപ്പോൾ, പോലീസ്കാരോട് പറഞ്ഞു അവൻ എന്റെ പുസ്തകങ്ങൾ മാത്രം അമ്മയുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു.

കിളിക്കൂട് പോലൊരു ഒറ്റമുറി വീടായിരുന്നു അവനു, ഒരു ചെറിയ മുറി, അടുക്കള, പുറത്തൊരു ബാത്രൂം.

അവൻ കുറച്ചു ചോറും പരിപ്പുകറിയും വച്ചു കൊണ്ട്. അവൻ അവന്റെ ജോലി സ്ഥലത്തേക്ക് പോയി. ആ ചെറിയ വീട്ടിലെ നിശബ്ദത എന്നെ കുറ്റബോധത്തിന്റെ ഇരുട്ടിലേക്കു തള്ളിവിട്ടു തുടങ്ങി. വൈകുനേരം അവൻ എനിക്ക് 2 ജോഡി ഡ്രസ്സ്‌ വാങ്ങി കൊണ്ടു വന്നു. ഒരു പായയും. കുറച്ചു അരിയും.

അപ്പോളാണ് വൈകുനേരത്തെ ഭക്ഷണത്തെ കുറിച്ച് ഞാൻ ഓർത്തത്‌. അവൻ കുറച്ചു മാവ് കുഴച്ചു തന്നു കൊണ്ട് പരത്താൻ പറഞ്ഞു. അടുക്കളയുമായി വലിയ ബന്ധം ഇല്ലാതിരുന്ന എനിക്ക് ഷേപ്പ് ഇല്ലാത്ത ചപ്പാത്തി കണ്ടു നാണം തോന്നി, അവൻ അതൊന്നും ശ്രദിക്കാതെ കറി ഉണ്ടാക്കി, ചപ്പാത്തി ചുട്ടു, കുളിച്ചു എന്നിട്ടു ഒന്നിച്ചു ഭക്ഷണം കഴിച്ചു.

ഞാൻ കുളിച്ചു വരുമ്പോൾ, അവൻ അവന്റെ വീട്ടിലേക്കു  ഫോൺ വിളിക്കുകയായിരുന്നു. അവന്റെ അമ്മയോട് അവൻ മാപ്പു പറയുകയും കരയുകയും ചെയ്യുന്നു. എന്നെ കണ്ടപ്പോൾ അമ്മക്ക് പുറകിൽ നിന്നും2 പെൺകുട്ടികൾ എത്തി നോക്കുന്നത് കണ്ടു. ഒരാൾക്കു എന്റെ പ്രായവും, മറ്റൊരു ചെറിയ പെൺകുട്ടിയും ഉണ്ടായിരുന്നു.

കാഴ്ച കണ്ടു കഴിഞ്ഞെങ്കിൽ പുസ്തകം എടുക്കു. അവൻ അവരോട് പറഞ്ഞു. അവരെ അവൻ പഠിപ്പികുകയിരുന്നു. ഞാൻ പുറത്തേക്കു ഇറങ്ങി നിലാവ് നോക്കിനിന്നു. നിലാവിലെ അമ്മയെയും കുഞ്ഞിനേയും കണ്ടപ്പോൾ കണ്ണു നിറഞ്ഞു. പെട്ടെന്നാണ് എന്റെ തോളിലേക്ക് ഒരു കൈകൾ നീണ്ടത്. നീയും പഠിക്കു, പരീക്ഷ അടുത്തില്ലേ…ആ കണ്ണുകളിലേക്കു എനിക്ക് നോക്കാൻ കഴിഞ്ഞില്ല.

അപരിചിതരെ പോലെ ഞങ്ങൾ ആ വീട്ടിൽ കഴിഞ്ഞു. പഠിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. കുറ്റബോധം, അവഗണന എല്ലാം കൂടെ ഞാൻ തളർന്നു പോയിരുന്നു. ഒന്നു തുറന്നു സംസാരിക്കാൻ പോലും ശ്രമിക്കാതെ ഇറങ്ങി വന്ന ഞാൻ എന്നോടും ഇവനോടും കുടുംബത്തോടും ഒരു പോലെ തെറ്റു ചെയ്തിരിക്കുന്നു.

അവൻ എന്നെ അവന്റെ വീടും വീട്ടുകാരെയും എല്ലാം വീഡിയോ കാണിച്ചു തന്നു, എന്നിട്ട് പറഞ്ഞു ഈ വീട്ടിലെ അടുക്കളയിൽ ജീവിക്കണോ അതോ എന്തെങ്കിലും ആയി തീരാണോ, ആലോചിച്ചു തീരുമാനിക്കു! ഇനിയും വൈകിയിട്ടില്ല.

ജീവിതത്തിൽ ആദ്യമായി ഞാൻ ആത്മാർത്ഥതയോടെ പഠിച്ചു പരീക്ഷ എഴുതി.

അവന്റെ അനിയത്തിക്കും കൂട്ടുകാർക്കും ഞാൻ ഓൺലൈൻ ആയി ഫിസിക്സ്‌ പഠിപ്പിച്ചു കൊടുക്കുമ്പോൾ അവൻ ചപ്പാത്തി ഉണ്ടാകുകയായിരുന്നു.

അനിയത്തി എന്നോട് ചോദിച്ചു, ബാബി, എന്റെ ഏട്ടനിൽ എന്താണ് ഏറ്റവും ഇഷ്ടപെട്ടത്? പരത്തികൊണ്ടിരുന്ന ചപ്പാത്തിക്കോൽ നിശ്ചലമായി. ഞാൻ മെല്ലെ പറഞ്ഞു “വെള്ളാരംകണ്ണ് പോലുള്ള മനസ്സ്”

അവരെല്ലാം കൂടെ ചിരിച്ചു, അവിടെമാകെ ചിരി പരന്നു…ആ വെള്ളാരംകണ്ണിലും ആ ചിരി തിളങ്ങികൊണ്ടിരുന്നു….

~Sowmya Sahadevan

Leave a Reply

Your email address will not be published. Required fields are marked *