പക്ഷേ അവൾക്ക് കല്യാണപ്രായമായി നില്ക്കുവല്ലേ, അതിനൊരു തീരുമാനമുണ്ടാക്കണ്ടെ, ഈ…

അച്ഛൻ പെങ്ങൾ

Story written by SAJI THAIPARAMBU

രണ്ട് കാൽമുട്ടുകൾക്കിടയിൽ, അലുമിനിയം കലം തിരുകി വച്ച് ,ഇരു കൈകൾ കൊണ്ടും, പശുവിനെ കറക്കുന്ന ശോഭയാൻ്റിയെ ,നന്ദു സാകൂതം വീക്ഷിച്ചു.

“എത്ര നാള് കൊണ്ട് , ആൻറിയമ്മയോട് ഞാൻ പറയുന്നതാ, ഇതൊക്കെ എന്നെയും
കൂടി പഠിപ്പിച്ച് തരാൻ ,ഇങ്ങനെ ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുന്നതെന്തിനാ”

നന്ദു, അടുത്ത് ചെന്ന് പശുവിൻ്റെ പുറത്ത് തടവിക്കൊണ്ട് ,ശോഭയോട് ചോദിച്ചു.

“എൻ്റെ മോനിപ്പോൾ അതിനെക്കുറിച്ചൊന്നും, വേവലാതിപ്പെടേണ്ട ,നീ നന്നായി പഠിച്ച് ആദ്യമൊരു ഡിഗ്രി യെടുക്ക് ,എന്നിട്ട് വേണം നിൻ്റെ അച്ഛനെയും ,അമ്മയെയും വിളിച്ച് എനിക്ക് അഭിമാനത്തോടെ പറയാൻ, ദേ നിങ്ങളെന്നെ വളർത്താൻ ഏല്പിച്ചിട്ട് പോയ, ആ രണ്ട് വയസ്സുകാരനെ ഞാൻ ഒരു ഡിഗ്രിക്കാരനാക്കിയെന്ന്”

“അപ്പോൾ അവരെന്നെ അമേരിക്കയിലേക്ക് കൊണ്ട് പോകില്ലേ?

“ഉം.. കൊണ്ട് പോകും ,അതിനുള്ള അവകാശം അവർക്കുണ്ടല്ലോ ,നീയവരുടെ മോനല്ലേ?

“അപ്പോൾ ആൻ്റിയമ്മയ്ക്ക് എന്നെ വേണ്ടേ ?

“വേണമെന്ന് വച്ചാലും, എനിക്ക് നിന്നെ ,പിടിച്ച് വക്കാനാവില്ലല്ലോ? അതിനുള്ള അർഹത എനിക്കില്ലല്ലോ”

അത് പറയുമ്പോൾ, ശോഭനയുടെ കണ്ഠമിടറിയത്, നന്ദു ശ്രദ്ധിച്ചു.

“ഇല്ല ,എൻ്റെ ആൻ്റിയമ്മയെ വിട്ട് ഞാൻ എങ്ങോട്ടും പോവില്ല ,ഓർമ്മ വച്ച നാൾ മുതൽ ഞാൻ കാണുന്നത് ,എൻ്റെ ആൻ്റിയമ്മയെയാണ് ,അന്ന് മുതൽ ,എൻ്റെ അച്ഛനും അമ്മയും എല്ലാം നിങ്ങളാണ് ,രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ വന്ന്, എത്തി നോക്കിയിട്ട് പോകുന്ന അവരെനിക്ക്, നമ്മുടെ വീട്ടിൽ, ഉത്സവനാളുകളിൽ , വന്ന് പോകാറുള്ള ,വെറും അതിഥികൾ മാത്രമാണ് ,എനിക്കെൻ്റെ ആൻറിയമ്മയെ മാത്രം മതി”

കൊഞ്ചലോടെ നന്ദു, ശോഭനയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു.

“അയ്യേ … അവൻ്റെ ഒരു പുന്നാരം കണ്ടില്ലേ? വയസ്സ് പത്തൊൻപതാകുന്നു ,ഇപ്പോഴും ഇളളാ കുഞ്ഞാണെന്നാ വിചാരം, അങ്ങോട്ട് മാറ്ചെക്കാ ,ഞാനീ പയ്യിനെ ഒന്ന് കറന്നോട്ടെ”

വാത്സല്യപൂർവ്വം നന്ദൂനെ മാറ്റി നിർത്തിയിട്ട് ,ശോഭന തൻ്റെ ജോലി തുടർന്നു.

അതിനിടയിൽ അവരുടെ ചിന്തകൾ പതിനേഴ് വർഷം പിറകിലേക്ക് പോയി.

നന്ദുവിന് രണ്ട് വയസ്സുള്ളപ്പോഴാണ് ,അമേരിക്കയിലുള്ള തൻ്റെ മൂത്ത ഏട്ടൻ ,പെട്ടെന്നൊരു ദിവസം കയറി വന്ന് അവൻ്റെ അമ്മ, രാഗിണിയ്ക്ക് കൂടി ,അവിടെ ഒരു ജോലി ശരിയായിട്ടുണ്ടെന്നും ,എത്രയും പെട്ടെന്ന് അങ്ങോട്ട് പോകണമെന്നും പറയുന്നത് ,പക്ഷേ ഒരു പ്രശ്നമുണ്ടെന്നും, രാഗിണിക്കുള്ള വിസ മാത്രമേ കിട്ടിയുള്ളു ,എന്നും ദേവേട്ടൻ പറഞ്ഞു .

“മോനെ കൊണ്ട് പോകാൻ കഴിയില്ലല്ലോ ,അപ്പോൾ പിന്നെ ഞാനെങ്ങനെ വരും, എന്ന് രാഗിണി ഏട്ടത്തി ചോദിച്ചപ്പോൾ ,ദേവേട്ടനാ പറഞ്ഞത്,

“അത് കുഴപ്പമില്ല ,ഇവിടെ ശോഭനയും അച്ഛനുമുണ്ടല്ലോ? തല്ക്കാലം അവനെ അവര് നോക്കിക്കൊള്ളും ,ഒന്ന് രണ്ട് വർഷത്തിനുള്ളിൽ അവൻ്റെ വിസ റെഡിയാകുമ്പോൾ, നമുക്ക് വന്ന് അവനെയും കൂട്ടി പോകാമെന്ന്”

“പക്ഷേ ,അവൾക്ക് കല്യാണപ്രായമായി നില്ക്കുവല്ലേ? അതിനൊരു തീരുമാനമുണ്ടാക്കണ്ടെ ,ഈ തറവാട് നില്ക്കുന്ന ബാക്കി പുരയിടമെല്ലാം കൊടുത്തിട്ടാണ്, നിനക്ക് അമേരിക്കയിൽ ജോലി ശരിയാക്കിയത് ,അത് നീ അവളുടെ വിവാഹക്കാര്യം നോക്കിക്കൊള്ളാമെന്ന് ഉറപ്പ് പറഞ്ഞത് കൊണ്ടാണ് ,അതൊക്കെ ഓർമ്മയുണ്ടോ ?

അന്ന് ,തൻ്റെ അച്ഛൻ ഏട്ടനോട് ആശങ്കയോടെ ചോദിച്ചു.

“അതൊക്കെ എനിക്ക് ഓർമ്മയുണ്ടച്ഛാ .. അതിനുള്ളതൊക്കെ ,ഞാൻ കരുതി വച്ചിട്ടുമുണ്ട് ,അവൾക്കിപ്പോൾ പതിനെട്ട് കഴിഞ്ഞതല്ലേയുള്ളു, ഒരു ഇരുപതെങ്കിലുമാവാതെ എങ്ങനാ അച്ഛാ… അവളെ പറഞ്ഞു വിടുന്നത്, കുറച്ച് പക്വത കൂടി വരട്ടെ, രാഗിണിയെ ഞാൻ കല്യാണം കഴിച്ചത്, അവൾക്ക് ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോഴാ”

ദേവേട്ടൻ, അച്ഛനെ സമാധാനിപ്പിക്കാൻ അത് പറയുമ്പോൾ ,സന്തോഷിച്ചത് താനായിരുന്നു ,കാരണം തനിക്കൊരു ഇഷ്ടമുണ്ടായിരുന്നു, “പപ്പേട്ടൻ “,പക്ഷേ ആ സമയത്ത് പുള്ളിക്കാരന് ജോലിയൊന്നുമാകാതിരുന്നത് കൊണ്ട്, തനിക്ക് കുറച്ച് താമസിച്ച് വിവാഹമാലോചിച്ചാൽ മതിയെന്നായിരുന്നു , അന്നൊക്കെ ആഗ്രഹിച്ചത്

പക്ഷേ, അന്ന് യാത്ര പറഞ്ഞ് പോയ, ഏട്ടനും ഏടത്തിയും പിന്നെ വന്നത് ,അവന് ഏഴ് വയസ്സുള്ളപ്പോഴാണ്,

ആ വരവിന് ,തൻ്റെ വിവാഹം നടത്തണമെന്ന് അച്ഛൻ വാശിപിടിച്ചപ്പോൾ, താനന്ന് തൻ്റെ ഇഷ്ടം എല്ലാരോടും തുറന്ന് പറഞ്ഞു.

ദേവേട്ടൻ, ആദ്യം എതിർപ്പ് പറഞ്ഞെങ്കിലും, പിന്നീട് പപ്പേട്ടനെ കാണാൻ പോയി.

തിരിച്ച് വന്ന്, ഈ കല്യാണം നടക്കില്ലന്ന് ദേവേട്ടൻ പറഞ്ഞപ്പോൾ, താൻ തകർന്ന് പോയിരുന്നു.

“നമ്മുടെ തറവാടിന് ചേർന്നൊരു ബന്ധമല്ലച്ഛാ അത് ,നീ സമാധാനപ്പെട് ശോഭേ … നിനക്ക് ഈ ഏട്ടൻ അമേരിക്കേന്ന് നല്ല ഒന്നാന്തരം എൻജിനീയറെ കൊണ്ട് വന്ന് തരും”

“വേണ്ട ഏട്ടാ .. എനിക്കിനി നിങ്ങൾ കല്യാണമൊന്നും ആലോചിക്കേണ്ട, ഞാനിവിടെ എൻ്റെ അച്ഛനോടൊപ്പം ,ഈ തറവാട്ടിൽ തന്നെ കഴിഞ്ഞോളാം,”

ദൃഡതയുള്ള തൻ്റെ തീരുമാനം കേട്ടപ്പോൾ ,എതിർപ്പൊന്നും പറയാതിരുന്ന ദേവേട്ടൻ, തന്നിൽ നിന്നും ആ മറുപടിയാണ് ആഗ്രഹിച്ചിരുന്നതെന്ന് തോന്നി.

“ങ്ഹാ ,വേണ്ടെങ്കിൽ വേണ്ട ,നീ പ്രായപൂർത്തിയായവളാണ് ,നിൻ്റെ ജീവിതം നീയാണ് തീരുമാനിക്കേണ്ടത് ,ഇനിയിപ്പോൾ നന്ദുമോനും, ഇവിടെ തന്നെ നില്ക്കട്ടെ, അവൻ്റെ വിസ ഇത് വരെ ശരിയായിട്ടില്ല”

അപ്പോൾ അതാണ് കാര്യം ,നന്ദുവിൻ്റെ സംരക്ഷണമായിരുന്നു ഏട്ടൻ്റെ പ്രശ്നം ,അത് കൊണ്ട് തന്നെ തൻ്റെ വിവാഹക്കാര്യത്തിൽ ഏട്ടൻ കാണിച്ച നിസ്സംഗത, മനപ്പൂർവ്വമായിരുന്നെന്ന് തനിക്ക് മനസ്സിലായി.

വീണ്ടും, അച്ഛനെയും, നന്ദുവിനെയും തന്നെ ഏല്പിച്ചിട്ട്, ഏട്ടനും ഏട്ടത്തിയും തിരികെപോയപ്പോൾ, കിടപ്പിലായിപ്പോയ അച്ഛൻ തന്നെയോർത്ത് ഒരു പാട് വിഷമിച്ചു.

“സാരമില്ലച്ഛാ … അതൊരു കണക്കിന് നന്നായില്ലേ? അല്ലെങ്കിൽ, അച്ഛൻ്റെ കാര്യങ്ങളൊക്കെ ആര് നോക്കു മായിരുന്നു”.

ഉള്ളിലെ പ്രയാസങ്ങൾ പുറത്ത് കാണിക്കാതെ താനന്ന് ,അച്ഛനെ ആശ്വസിപ്പിച്ചു.

നന്ദു മോനായിരുന്നു, തൻ്റെ ഏക ആശ്വാസം ,അറിയാതെ താനൊരു അമ്മയാകുകയായിരുന്നു, അപ്പോഴേക്കും, പപ്പേട്ടനെയും മനപ്പൂർവ്വം താൻ മറന്ന് തുടങ്ങിയിരുന്നു.

കാത്തിരിക്കുന്നതിലർത്ഥമില്ലെന്നും ,അച്ഛനെയും നന്ദുവിനെയും ഉപേക്ഷിച്ച് ,സ്വന്തം ജീവിതം നോക്കി പോകുന്നത്, സ്വാർത്ഥതയാണെന്നും മനസ്സ് പറഞ്ഞത് കൊണ്ടാണ്, വേദനയോടെ ആ സ്വപ്നങ്ങൾ, വിസ്മൃതിയിലേക്ക്, കുഴിച്ച് മൂടിയത്.

“ആൻ്റിയമ്മേ… ദേ മഴ വരുന്നു “

നന്ദുവിൻ്റെ വിളിയാണ്, ശോഭനയെ ഓർമകളിൽ നിന്ന് ഉണർത്തിയത്.

“ഞാനൊരു കാര്യം ചോദിച്ചാൽ ആൻ്റിയമ്മ സത്യം പറയുമോ?

വൈകിട്ട് അടുക്കളയിൽ ശോഭന ,അത്താഴത്തിനുള്ളത് നോക്കുമ്പോഴാണ് ,പിന്നിൽ വന്ന് നന്ദുവിൻ്റെ ചോദ്യം

“ഉം ..എന്താ, നീ ആദ്യം ചോദിക്ക്”

“അതേ, ആൻറിയമ്മയെന്താ ,ഇത് വരെ കല്യാണം കഴിക്കാതിരുന്നത്”

അപ്രതീക്ഷിതമായ ആ ചോദ്യം, അവളെയൊന്ന് അമ്പരപ്പിച്ചു.

നന്ദുവിൻ്റെ നിർബന്ധം മൂത്തപ്പോൾ, അവൾ എല്ലാം തുറന്ന് പറഞ്ഞു.

“ഏത് !നമ്മുടെ പപ്പൻ മാഷോ?

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ,നന്ദു അത്ഭുതത്തോടെ ചോദിച്ചു.

“ഉം അതെ”

ശോഭന ജാള്യതയോടെ പറഞ്ഞു.

“ചുമ്മാതല്ല, കക്ഷി ഇപ്പോഴും കല്യാണം കഴിക്കാതെ നടക്കുന്നത്, നിരാശാ കാമുകനാണല്ലേ?

“ങ്ഹേ, മാഷിത് വരെ കല്യാണം കഴിച്ചില്ലേ ?

ശോഭനയ്ക്ക് അതൊരു പുതിയ അറിവായിരുന്നു .

“ഇല്ല ,നമുക്ക് ഒന്ന് കൂടി ആലോചിച്ചാലോ, പപ്പൻ മാഷിനെ”

നന്ദു ചോദിച്ചു.

“ഒന്ന് പോടാ ചെറുക്കാ ,ഇനി ഈ വയസ്സാംകാലത്താ അവൻ കല്യാണമാലോചിക്കാൻ പോണത്”

ഉള്ളിൽ നുരഞ്ഞ് പൊന്തിയ മോഹങ്ങളെ അടക്കി വച്ച് കൊണ്ട്, ശോഭന അവനെ ശാസിച്ചു.

“പിന്നേ … മുപ്പത്തിയഞ്ച് വയസ്സാണോ ഒരു പ്രായം ,ഞാനെന്തായാലും അച്ഛനെ വിളിച്ച് സംസാരിക്കാൻ പോകുവാ”

“വേണ്ട നന്ദു ,അത് ശരിയാവില്ല ,ഞാനിവിടുന്ന് പോയാൽ പിന്നെ, നിന്നെയും അച്ഛനെയും ആര് നോക്കും”

തൻ്റെ എക്കാലത്തെയും ഉത്ക്കണ്ഠ അതായിരുന്നു, അത് കൊണ്ടാണല്ലോ, ഒരു കുടുംബ ജീവിതത്തെക്കുറിച്ച് താനിത് വരെ ചിന്തിക്കാതിരുന്നത്.

“അതോർത്ത് ആൻ്റിയമ്മ വിഷമിക്കേണ്ട ,എനിക്കിപ്പോൾ എൻ്റെ കാര്യം നോക്കാനും മുത്തച്ഛൻ്റെ കാര്യം നോക്കാനുമൊക്കെയുള്ള പ്രാപ്തിയായി ,അത് ഞാൻ നോക്കിക്കൊള്ളാം”

“എടാ.. അതിന് നിൻ്റെ അച്ഛൻ സമ്മതിക്കില്ല”

“അതൊക്കെ ഞാൻ സമ്മതിപ്പിച്ച് കൊള്ളാം”

അതും പറഞ്ഞ് നന്ദു പുറത്തേക്കോടിപ്പോയി .

എന്ത് ചെയ്യണമെന്നറിയാതെ ശോഭന സ്തംഭിച്ച് നിന്നു.

രാത്രി ഏറെ വൈകിയാണ്, നന്ദു തിരിച്ച് വന്നത്

“എവിടെയായിരുന്നു നീ ഇത് വരെ?

“അതോ? അച്ഛനെ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ച് സമ്മതിപ്പിച്ചിട്ട് ,ഞാൻ ടൗണ് വരെ പോയിരുന്നു ,പപ്പൻ മാഷിനോട് കാര്യങ്ങളൊക്കെ പറഞ്ഞു ,ആള് വലിയ സന്തോഷത്തിലാണ് ,നാളത്തെ കല്യാണത്തിനുള്ള മാലയും ബൊക്കയുമൊക്കെ വാങ്ങി ,പിന്നെ എൻ്റെ രണ്ട് മൂന്ന് കുട്ട്കാരെയും ക്ഷണിച്ചു ,.സാക്ഷികള് വേണ്ടേ ,സാധനങ്ങളൊക്കെ അവരെ ഏല്പിച്ചു. കാറുമായി, അവർ രാവിലെ ഇവിടെ വരും ,നമ്മുടെ അമ്പലത്തിൽ വച്ചാണ് ചടങ്ങ് “

ഒറ്റ ശ്വാസത്തിലവൻ പറഞ്ഞ് നിർത്തി.

“എടാ, അപ്പോൾ ദേവേട്ടൻ എന്ത് പറഞ്ഞു, അവരില്ലാതെ ഇത്ര പെട്ടെന്ന്, എന്തിനാ ഇതൊക്കെ നീ തീരുമാനിച്ചത്”

“അവരില്ലെന്നാര് പറഞ്ഞു, ഇന്ന് രാത്രിയിലെ ഫ്ളൈറ്റിൽ ,അവർ യാത്ര തിരിക്കും ,മുഹൂർത്ത സമയത്ത് അവർ അമ്പലത്തിലുണ്ടാവും”

എല്ലാം ഒരു സ്വപ്നം പോലെ ശോഭനയ്ക്ക് തോന്നി.

പിറ്റേന്ന് ,അച്ഛൻ്റെ കാൽതൊട്ട് വന്ദിച്ചിട്ട് ,ശോഭന അമ്പലത്തിലേക്ക് നന്ദുവിനോടൊപ്പം യാത്രയായി.

മുഹുർത്ത സമയമായിട്ടും, ദേവേട്ടനും, ഏട്ടത്തിയും എത്തിയിരുന്നില്ല.

“ഇനിയിപ്പോൾ, അവരെ കാത്ത് നിന്ന് സമയം കളയണ്ട ,ഫ്ളൈറ്റ് ചിലപ്പോൾ താമസിച്ചായിരിക്കും പുറപ്പെട്ടത്”

നന്ദു ധൃതിവച്ചപ്പോൾ, ശോഭന പിന്നെ എതിർത്തില്ല, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പപ്പൻ ശോഭനയുടെ കഴുത്തിൽ താലിചാർത്തി.

വിവാഹം കഴിഞ്ഞ് ആദ്യം സ്വന്തം തറവാട്ടിലേക്കാണ് വന്നത് .

കിടപ്പിലായ അച്ഛനെക്കണ്ട് യാത്ര പറഞ്ഞ് ,പപ്പനോടൊപ്പം കാറിൽ കയറിയപ്പോഴാണ്, ശോഭനയോട് നന്ദു ആ സത്യം തുറന്ന് പറഞ്ഞത്,

“അച്ഛന് ഈ വിവാഹത്തിന് സമ്മതമല്ലായിരുന്നു ,ഇതെന്നല്ല, ഒരു വിവാഹത്തിനും , ആൻറിയമ്മ, ഇവിടുന്ന് പോകുന്നതിനോട്, അച്ഛന് യാതൊരു യോജിപ്പുമില്ലായിരുന്നു, കാരണം എന്നെയും, മുത്തച്ഛനെയും നോക്കാൻ വേണ്ടി,ആൻ്റിയമ്മയെ ഈ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനായിരുന്നു, അച്ഛൻ്റെ ഉദ്ദേശ്യം ,അതൊന്നും ഞാനിന്നലെ പറയാതിരുന്നത്, ആൻറിയമ്മ ഈ കല്യാണത്തിന് സമ്മതിക്കില്ലെന്ന് തോന്നീട്ടാ”

“മോനേ .. അച്ഛനെ എതിർത്ത് കൊണ്ട് നീയിത് ചെയ്യണമായിരുന്നോ?

“വേണം ആൻ്റീ .. ഈ ഭൂമിയിൽ എല്ലാവർക്കും ചില അവകാശങ്ങളൊക്കെയുണ്ട്,
ആൻ്റിയമ്മയുടെ സ്വകാര്യ ജീവിതത്തിന് തടസ്സം നില്ക്കാൻ എൻ്റച്ഛന് കഴിയില്ല, ഇത്രയും നാളും മറ്റുള്ളവർക്ക് വേണ്ടിയല്ലേ ആൻ്റിയമ്മ ജീവിച്ചത്, ഇനി കുറച്ച് നാൾ സ്വയമൊന്ന് ജീവിച്ച് തുടങ്ങ്”

അത്രയും പറഞ്ഞ് അവരെ യാത്ര യാക്കുമ്പോൾ, ഒരു വലിയ കടമ നിർവ്വഹിച്ചതിൻ്റെ ചാരിതാർത്ഥ്യമായിരുന്നു നന്ദുവിൻ്റെ മനസ്സിൽ.