പരസ്പരം മുഖാമുഖം നിൽക്കുമ്പോൾ അവൾ ആദ്യമായി പറഞ്ഞ വാക്കുകൾ അതായിരുന്നു. അതോർക്കുമ്പോൾ ഈ നിമിഷവും…

ഒറ്റയാൻ

Story written by KANNAN SAJU

” ഡാ… നിന്റെ ഭാര്യയെ ഞാൻ മുഹ്‌സിന്റെ കൂടെ കണ്ടു…ഞാനും അവളും റൂം ബുക്ക് ചെയ്ത അതെ ഓയോ ലോഡ്ജിൽ അവരും ഉണ്ടായിരുന്നു. “

ആ വാക്കുകൾ തന്റെ അസുഖത്തേക്കാൾ അയ്യാളെ വേദനിപ്പിച്ചിരുന്നു… പതിവിലും അസ്വസ്ഥനായ അയാൾക്ക്‌ മറ്റുള്ളവരുടെ മുന്നിൽ ആറു മാസമായി ചിരിക്കാറുള്ള ഉണ്ടാക്കി ചിരി ചിരിക്കാൻ ഇന്ന് കഴിയുന്നില്ല. സിസ്റ്റത്തിന്റെ മുന്നിൽ ചത്ത മനുഷ്യനെ പോലെ നിർവികാരനായി അയ്യാൾ ഇരുപ്പു തുടർന്നു.

” പെണ്ണ് കാണാലൊക്കെ കോമഡി അല്ലേ കണ്ണേട്ടാ ???? ഈ ഒരു പെണ്ണ് കാണൽ കൊണ്ട് ഏട്ടന് എന്നെ പറ്റി എന്തറിയാൻ ആണ്? “

പരസ്പരം മുഖാമുഖം നിൽക്കുമ്പോൾ അവൾ ആദ്യമായി പറഞ്ഞ വാക്കുകൾ അതായിരുന്നു. അതോർക്കുമ്പോൾ ഈ നിമിഷവും ചുണ്ടിൽ ഒരു ചിരി വിടരും. അതിനു ശേഷം നാല്പത്തി ആറു പെണ്ണ് കണ്ടു. മൂന്ന് വര്ഷം കടന്നു പോയി.

പെണ്ണ് കാണൽ കുറിച്ചിടാറുള്ള താൻ അവളെ പ്രത്യേകം ഓർമിച്ചു… കാരണം അവളുടെ പ്രേസേന്സ് ഓഫ് മൈൻഡ്. കൃത്യം ഒരു വര്ഷം തികയുന്ന അന്നായിരുന്നു പൊളിഞ്ഞ പെണ്ണ് കാണലിന്റെ ഒരു കേക്ക് കട്ട് ചെയ്യാം വരുന്നോ എന്ന് അവൾക്കു ഫെയ്‌സ്ബുക്കിൽ ഒരു മെസ്സേജ് ഇട്ടതു.

അവൾ വന്നു… പിന്നീടുള്ള ആറു മാസം സോഷ്യൽ മീഡിയ ഹംസമായി നിലകൊണ്ടു. ഫോൺ നമ്പർ കൈ മാറി. രണ്ടാം വാർഷികം ആയ അന്ന് പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞു. ഒപ്പം അവളുടെ അടുത്ത പ്രസ്താവനയും ” ഒരു വര്ഷം കൂടി നമുക്ക് ഫ്രണ്ട് ആയി തുടരാം… ട്രാവൽ ചെയ്യാം,ഫുഡ് കഴിക്കാം, ഒരുമിച്ചു കുക്ക് ചെയ്യാം അങ്ങനെ അങ്ങനെ… അടുത്ത വാർഷികത്തിനു ഇതേ സ്നേഹം എന്നിട്ടും ഇരുവർക്കും ഉണ്ടങ്കിൽ അപ്പൊ നമുക്ക് കല്യാണത്തെ പറ്റി ചിന്തിക്കാം “

ഒരു ചിരിയോടെ ആണ് അന്നവൾക്ക് വാക്ക് കൊടുത്തത്…

” സർ.. എന്തേലും പ്രശ്നം ഉണ്ടോ? ” അയ്യാളുടെ ഇരുപ്പു കണ്ടു കല്യാണി പിന്നിൽ വന്നു ചോദിച്ചു..

” ഏയ്‌.. താനിങ്ങു വാ… ” അയ്യാൾ അവളുടെ കൈകളിൽ പിടിച്ചു മുന്നിലെ കസേരയിൽ ഇരുത്തി…. കല്യാണി എന്തെന്ന മട്ടിൽ അയ്യാളുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി

” അമ്മേടെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞോ? “

” കഴിഞ്ഞു സർ… ഞാൻ പറഞ്ഞിരുന്നല്ലോ.. സർ മറന്നു പോയോ? “

” ഇല്ലാലോ.. ഞാനൊരു തുടക്കത്തിനു വേണ്ടി പറഞ്ഞതല്ലേ? “

അപ്പൊ എന്താവും ബാക്കി എന്ന മട്ടിൽ അവൾ അയ്യാളെ തന്നെ നോക്കി ഇരുന്നു. അത്രക്കും സ്നേഹം അയാളോട് അവൾക്കു ഉണ്ടായിരുന്നു.എല്ലാ സ്റ്റാഫുകളുടെയും വീടുകൾ സന്ദർശിക്കും, അവിടുത്തെ കുടുംബങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും അടക്കം എല്ലാം അന്വേഷിച്ചറിഞ്ഞു അവർക്കു ആവശ്യങ്ങൾ എന്തെങ്കിലുമുണ്ടങ്കിൽ കണ്ടറിഞ്ഞു ചെയ്യും.

” മനസ്സിൽ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ കല്യാണി? “

” ഇല്ല സർ “

” അശ്വിൻ കുറച്ചു കാലം ആയല്ലോ പുറകെ നടക്കുന്നു..? “

” എനിക്കിഷ്ടമാണ്.. പക്ഷെ പറഞ്ഞിട്ടില്ല ” ” എന്തെ? “

” അവനു ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്…. അതിന്റെ കൂടെ ഞാനും കൂടി “

അയ്യാൾ ചിരിച്ചു….

” കല്യാണി… കുറച്ചു ദിവസം കഴിഞ്ഞാൽ ഞാനൊരു യാത്ര പോവും.. “

” എവിടേക്കാണ് സർ… നേരത്തെ പറഞ്ഞാലേ എനിക്കും പ്രെപ്ഡ് ആയിരിക്കാൻ പറ്റു “

” ഇല്ല കല്യാണി… ഈ യാത്രയിൽ പതിവുപോലെ മോളെന്റെ ഒപ്പം ഉണ്ടാവില്ല.. ഇതു ഞാൻ ഒറ്റക്കാണ്.. “

” എന്നാണ് സർ തിരിച്ചു വരുന്നേ? “

അയ്യാളൊന്നു ചിരിക്കുക മാത്രം ചെയ്തു.

” സർ.. ഞാനപ്പോ എന്താ ചെയ്യണ്ടേ? “

” പറയാം… അടുത്ത ശനിയാഴ്ച്ച ഞാൻ നിങ്ങടെ വിവാഹം നടത്തട്ടെ? “

കല്യാണി ഞെട്ടലോടെ അയ്യാളെ നോക്കി

” അശ്വിനോട് ഞാൻ സംസാരിച്ചിരുന്നു.. അവനു സമ്മതമാണ്.. കല്ല്യാണം കഴിഞ്ഞാൽ ഉടനെ ഞാൻ തിരിക്കും.. അതിനു മുൻപ് ഈ കമ്പനിയും കാര്യങ്ങളും എല്ലാം ഞാൻ നിങ്ങളെ രണ്ട് പേരെയും ഏൽപ്പിക്കുവാണ് “

” സർ ! എന്തൊക്കയാ ഈ പറയുന്നെ? ഞങ്ങൾക്കെന്തിനാ ഈ കമ്പനി? “

” വേണം… ജീവിക്കു.. സന്തോഷമായി ജീവിക്കു.. പക്ഷെ ഞാൻ പോകുന്നത് വരെ അശ്വിൻ പോലും ഇതറിയണ്ട.. ഉം.. എന്നത്തേയും പോലെ എന്റെ രഹസ്യങ്ങൾ കല്യാണിയുടെ മനസ്സിൽ മാത്രമായി നിക്കട്ടെ “

” ഇപ്പൊ ഞാനറിയാത്ത രഹസ്യങ്ങളും കടന്നു കൂടി ഇരിക്കുന്നു അല്ലേ സർ? “

” മോളേ.. ജീവിതം അങ്ങനാ.. കാറ്റിന്റെ ഗതിക്കനുസരിച്ചു കപ്പിത്താൻ പായ മാറ്റി കെട്ടുന്ന പോലെ പലതും നമുക്ക് മാറ്റി കെട്ടേണ്ടി വരും… “

കല്യാണി ഒന്നും മനസ്സിലാവാതെ ഇരുന്നു.

രാത്രി പതിവിലും നേരത്തെ ചെന്നു. ഭാര്യ നയന ഭക്ഷണം എടുത്തു വെച്ചു ടീവിയും കണ്ടു ഇരിക്കുന്നുണ്ടായിരുന്നു.

പ്രസന്നവദനനായി അയ്യാൾ ഊണ് മേശക്കരുകിൽ ഇരുന്നു… പതിവിലും വിപരീതമായി മെല്ലെ വിളിച്ചു ” നയന “

അഞ്ചാറു മാസമായി ഇല്ലാതിരുന്ന ആ വിളി കേട്ടു അവൾ ഞെട്ടലോടെ നോക്കി..

” കുറച്ചു സമയം എന്റടുത്തു ഇരിക്കുവോ മോളേ? “

അതിശയത്തോടെ അവൾ അരുകിൽ വന്നിരുന്നു…

” കഴിച്ചോ? “

” ആം “

അയ്യാൾ ഭക്ഷണം കഴിക്കാൻ തുടങ്ങി…

” അടുത്ത ആഴ്ച്ച ഒരു ബിസിനസ് ട്രിപ്പ് ഉണ്ട്… കുറച്ചു ദിവസം കഴിഞ്ഞേ വരൂ… വെള്ളിയാഴ്ച തിരക്കില്ലെങ്കിൽ നമുക്ക് ഒന്ന് പുറത്ത് പോയാലോ? “

അവൾക്കു മനസിന്‌ അസ്വസ്ഥത തോന്നി തുടങ്ങി… ” പഴയ പോലെ ആവല്ലേ കണ്ണേട്ടാ പ്ലീസ്…. ” അവൾ മനസ്സിൽ പറഞ്ഞു…

” ഈ വെള്ളിയാഴ്ച എല്ലാം നിന്നോടു പറയണം എന്ന് കരുതി ഇരുന്നതാണ് മോളേ…പക്ഷെ എല്ലാം താങ്ങാനുള്ള ശക്തി നിനക്കില്ലെങ്കിലോ എന്ന് ചിന്തിച്ചു. ഒറ്റയ്ക്ക് എല്ലാം ഉള്ളിൽ ഒതുക്കി.. മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു. ഒടുവിൽ ഞാൻ ഞാനല്ലതായി. ഞാൻ ഈ ലോകത്തു നിന്നും വിടപറയുമ്പോൾ നീ മറ്റൊരാളെ തിരഞ്ഞെടുക്കാൻ മടിക്കരുത് എന്ന് പറയാനുള്ള മുഖവുര മാത്രമായിരുന്നു ഈ വെള്ളിയാഴ്ച.. പക്ഷെ ഞാൻ നിലനിൽക്കേ ശരീരം കൊണ്ടും മനസ്സുകൊണ്ടും നിനക്ക് മറ്റൊരാണിനെ സ്വീകരിക്കാൻ കഴിഞ്ഞെങ്കിൽ ഇനി അതിനു പ്രസക്തി ഇല്ലല്ലോ.. മരണം മുന്നിൽ വന്നു എന്ന് പറഞ്ഞപ്പോൾ ആദ്യം ഓടി വന്നത് നിന്റെ മുഖം ആണ്. ഞാനില്ലാത്ത ഒരു ലോകം നീ എങ്ങിനെ താങ്ങും എന്നാണ്. പക്ഷെ ആറു മാസത്തെ എന്റെ മൗനം നിന്നെ മാറ്റി ചിന്തിപ്പിച്ചെങ്കിൽ എന്റെ മരണത്തിനു പിന്നെ പ്രസക്തിയില്ല. ഒരിക്കലും നിന്നവ ഞാൻ കുറ്റപ്പെടുത്തില്ല.. നിനക്ക് നിന്റേതായ കാരണങ്ങൾ ഉണ്ടാവും.. ഒരേ ഒരു വിഷമം, മറ്റൊരു വഴിയേ തിരിയും മുന്നേ ഒരു തുറന്നു സംസാരം ആവാമായിരുന്നു.. സാരമില്ല ” അയ്യാൾ മനസ്സിൽ പറഞ്ഞു.

” കണ്ണാ.. ഞാൻ.. എടാ ” മുഹ്സിൻ വാക്കുകൾക്കായി പരതി…

” വേണ്ട.. നിന്നെ തല്ലാനോ കൊല്ലാനോ പകരം ചോദിക്കാനോ അല്ല ഞാൻ വന്നത്.. പക്ഷെ എല്ലാത്തിലും വലുതാണെടാ സൗഹൃദം… കൂടപ്പിറപ്പിനോട് പോലും പറയാൻ കഴിയാത്ത കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കു വെക്കുന്നതും സ്വന്തം വീട്ടിൽ കസേര ഇട്ടു കൊടുക്കുന്നത് മുതലെടുപ്പ് നടത്തുമ്പോഴും ഒരിക്കൽ എങ്കിലും ചിന്തിക്കണം നിന്റെ വീട്ടിലും ഉണ്ട് പെണ്ണ്… അവരവരുടെ പെണ്ണിന് വരരുതെന്ന് ആഗ്രഹിക്കുന്ന ഒന്നും മറ്റുള്ളവരുടെ പെണ്ണിനോടും ചെയ്യരുത്…എന്നെ പറ്റിച്ചു എന്ന് നീ കരുതി എങ്കിൽ അത് നിന്നിൽ ഞാൻ വെച്ച വിശ്വാസത്തെ ആണ് നീ മുതലെടുത്തത് എന്നറിയുക. “

കല്ല്യാണിയുടെയും അശ്വിന്റെയും വിവാഹം നടന്നു.. തന്റെ ഭാരങ്ങൾ എല്ലാം ഇറക്കി വെച്ചു കമ്പനി അവരെ ഏൽപ്പിച്ചു അയ്യാൾ ദീർഘമായി നിശ്വസിച്ചു.

അയ്യാൾ പെട്ടിയിൽ വസ്ത്രങ്ങൾ അടുക്കി വെക്കുമ്പോൾ നയന പിന്നിൽ വന്നു…

” കണ്ണേട്ടാ “

അവൻ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി…

” ഞാനും വന്നോട്ടെ കൂടെ? “

അവൻ മെല്ലെ ഒന്ന് ചിരിച്ചു

” എന്തെ? “

അവളുടെ കണ്ണുകൾ നിറഞ്ഞു

” എനിക്ക് കണ്ണേട്ടനോട് കുറച്ചു കാര്യങ്ങൾ പറയുവാൻ ഉണ്ട് “

” എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ആണോ? “

” അല്ല”

” പറഞ്ഞത് കൊണ്ടു മോൾക്ക് പ്രയോജനം ഉണ്ടാവുന്ന കാര്യങ്ങൾ ആണോ? “

” അല്ല “

” പിന്നെന്തിനാ മോളേ അത് പറയുന്നേ? “

” കണ്ണേട്ടാ അത്… “

” ഇതിപ്പോ മാറ്റാരേം കൊണ്ടു പോവാൻ പറ്റത്തില്ലലോ മോളേ.. എനിക്ക് മാത്രമേ ടിക്കറ്റ് അയച്ചിട്ടുള്ളു “

” കണ്ണേട്ടൻ വിചാരിച്ച എനിക്കും കൂടി ശരിയാക്കാൻ കഴിയില്ലേ? “

” ഇല്ലെടാ.. ഇത് കുറച്ചു വിഷമം പിടിച്ച യാത്രയാണ്.. നിനക്ക് അത് ബുദ്ധിമുട്ടായിരിക്കും “

” എന്നാ തിരിച്ചു വരുന്നതെന്നെങ്കിലും എന്നോട് പറഞ്ഞൂടെ? “

അയ്യാൾ ആ കണ്ണുകളിലേക്കു നോക്കി… ഇനി ഒരു മടക്കം ഇല്ലെന്നു പറയാൻ അയാൾക്ക്‌ തോന്നിയില്ല…

” എന്തോ മനസ്സിന് വല്ലാത്തൊരു വിഷമം ” അവൾ വീണ്ടും പറഞ്ഞു

” അരുത് മോളേ..! നീയായിട്ടു ഒന്നും ഏറ്റു പറയരുത്… പിന്നെ ഈ യാത്ര വീണ്ടും ദുഖകരം ആവും ” അയ്യാൾ മനസ്സിൽ പറഞ്ഞു..

” ഏട്ടനോട് ഞാനൊരു തെറ്റ് ചെയ്തു… അതെന്താണെന്നു പറഞ്ഞിട്ട് പ്രയോജനമോ സന്തോഷമോ ഇല്ലെങ്കിലും ക്ഷമിച്ചു എന്നൊരു വാക്ക് കെട്ടിരുന്നെങ്കിൽ “

” ചില കാര്യങ്ങൾ വേദനിപ്പിക്കുന്നതാണ് മോളേ.. ആ വേദന അനുഭവിച്ച ശേഷം പ്രതികാരം ചെയ്തു മറ്റൊരാളെയും വേദനിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ക്ഷമിക്കാൻ ആണ്. മനസ്സിൽ ഭാരങ്ങൾ ഏതും വേണ്ട. നിന്നെ ഇഷ്ടപ്പെടുന്ന മനസ്സിന് നിന്നോടു ക്ഷമിക്കാനും കഴിയും. “

അയ്യാൾ ബാഗുമായി പുറത്തേക്കിറങ്ങി… കാറിൽ കയറുന്നതിനു മുന്നേ ഒരിക്കൽ കൂടി അവളെ നോക്കി…

ആളില്ലാത്തൊരു റെയിൽവേ ക്രോസ്സിന് നടുവിൽ അയ്യാൾ വണ്ടി നിർത്തി.. സീറ്റു നിവർത്തി ചാരി കിടന്നു.

നമുക്ക് പ്രിയപ്പെട്ടവർ വേദനിക്കരുതെന്നു കരുതി പലതും ഉള്ളിലൊതുക്കാൻ നമ്മൾ ശ്രമിക്കും. അതോടെ നാം നാമല്ലാതായി മാറാൻ തുടങ്ങും. ആ നിമിഷം മുതൽ അവർ പഴയ നമ്മളെ മിസ്സ്‌ ചെയ്യാൻ തുടങ്ങും. പിന്നീട് നമ്മുടെ അഭാവം അവർ ശീലമാക്കും. ഓരോന്ന് ചിന്തിക്കവേ മൂക്കിൽ നിന്നും രക്ത തുള്ളികൾ താഴേക്ക് വീണു തുടങ്ങിയിരുന്നു.

അയ്യാൾ ചോര തുള്ളികൾ തുടച്ചു.. ആ കൈകളിലേക്കു നോക്കി… ജനിക്കുമ്പോൾ തനിച്ചായിരുന്നു.. അന്നും സ്വന്തമായി ഉണ്ടായിരുന്നത് ഈ ശരീരം മാത്രം. ഇടയിൽ ഉണ്ടായതെല്ലാം ഇവിടെ നിന്നും കിട്ടിയതാണ്. കാലം പറഞ്ഞു വെച്ചത് എത്രയോ ശരിയാണ്.. ഒന്നും സ്വന്തമായി ഇല്ല… പിറക്കുന്നു.. ചുറ്റുപാടിൽ നിന്നും ചിലതു വാടകക്കെടുത്തു സ്വന്തമെന്നു പറഞ്ഞു കൊണ്ടു നടക്കുന്നു. ഒരു നാൾ മരണം വന്നു വിളിക്കുമ്പോൾ നേടിയെടുത്തതൊന്നും കൊണ്ടു പോകാനാകാതെ അതെ ശരീരം മാത്രമായി വന്നിടത്തേക്ക് മടങ്ങുന്നു.

ജനനത്തിനും മരണത്തിനും ഇടയിൽ ഒരാളുടെ സ്നേഹം നേടിയെടുക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ ആണ്. പോവുമ്പോൾ ഒരു നഷ്ടബോധം ഉണ്ടാവും. കാരണം ആത്മാർത്ഥമായി സ്നേഹിക്കുക എന്നൊന്ന് അത്രയും പ്രയാസകരമായ ഒന്നാണ്.

തുറന്നു പറയാനും കഴിഞ്ഞില്ല…. അവളൊന്നും ചോദിച്ചതും ഇല്ല… നമ്മൾ ജീവനോടെ ഉള്ളപ്പോൾ മനസ്സിൽ മറ്റൊരാൾക്ക് സ്ഥാനം കൊടുക്കുക… അതിന്റെ വിഷമം പ്രണയിക്കുന്നവർക്ക് മാത്രമേ അറിയൂ… ആത്മാർത്ഥമായി പ്രണയിക്കുന്നവർക്ക്…

അയ്യാളുടെ ചിന്തകൾ ഇരച്ചു പാഞ്ഞു… വൈകാതെ പാഞ്ഞു വന്ന ട്രെയിനിന്റെ ശക്തിയിൽ അയാളും വാഹനവും അന്തരീക്ഷത്തിലൂടെ പറന്നു.

The End.

( ഇത് കണ്ണൻ എന്ന കഥാപാത്രത്തിന്റെ മാത്രം കഥയാണ്. നാടു നന്നാക്കാനുള്ള സന്ദേശമോ പൊളിച്ചെഴുത്തുകളോ ഒന്നും ഇതിൽ ഇല്ല. ഒരു കഥ ആയി കണ്ടു വായിച്ചു മറക്കണം എന്ന് അപേക്ഷിക്കുന്നു.)