മനസ്സിൽ ഒരാളെ പ്രതിഷ്ഠിച്ചിട്ട് ഒരുപാടായി. അതൊന്ന് വീട്ടിൽ അവതരിപ്പിക്കണമെങ്കിൽ ചേച്ചിയുടെ കല്യാണം ഒന്ന്…

എഴുത്ത്: മഹാ ദേവൻ

ചേച്ചിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ചേച്ചിയേക്കാൾ കൂടുതൽ സന്തോഷം അനിയത്തിയായ സംഗീതക്ക് ആയിരുന്നു.

മനസ്സിൽ ഒരാളെ പ്രതിഷ്ഠിച്ചിട്ട് ഒരുപാടായി. അതൊന്ന് വീട്ടിൽ അവതരിപ്പിക്കണമെങ്കിൽ ചേച്ചിയുടെ കല്യാണം ഒന്ന് ശരിയാകണമല്ലോ എന്ന ആശങ്കയായിരുന്നു ഇത്ര നാൾ. എന്നാൽ ഇന്ന് വരുന്നത് ഏകദേശം ശരിയാകാൻ സാധ്യത ഉണ്ടെന്ന് അച്ഛൻ പറയുന്നത് കൂടി കേട്ടപ്പോൾ നിന്ന നിൽപ്പിൽ തുള്ളിച്ചാടാനാണ് അവൾക്ക് തോന്നിയത്.

പക്ഷേ അത് കുറച്ചു കടുപ്പമായിപോകും എന്നറിയാവുന്നത് കൊണ്ട് ആ തീരുമാനം മുളയിലേ നുള്ളി ചേച്ചിയെ പെണ്ണുകാണാൻ വരുന്നവർക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ. ചേച്ചിയായ സരിതക്ക് പോലും അവരെ കാണാൻ ഇത്രക്ക് തിടുക്കം ഇല്ലായിരുന്നു.

സമയം ഒന്പതരയോട് അടുത്തപ്പോൾ ആണ് വീടിന്റ ഗേറ്റ് കടന്ന് ഒരു കാർ മുറ്റത്തേക്ക് കയറ്റി നിർത്തിയത്.

ആ വണ്ടിയുടെ സൗണ്ട് കേട്ടപ്പോൾ തന്നെ അച്ഛന്റെയും അമ്മയുടെയും കൂടെ സംഗീതയും ഓടി ഉമ്മറത്ത് എത്തിയിരുന്നു.

ചേച്ചിയെ കെട്ടാൻ പോകുന്നവനെ ചേച്ചിയേക്കാൾ മുന്നേ തനിക്ക് കാണണം എന്ന കുശുമ്പോടെ കാറിന്റെ ഡോർ തുറക്കുന്നതും കാത്ത് നിൽകുമ്പോൾ പതിയെ ഡോർ തുറന്നിറങ്ങിയ ആളെ കണ്ട് ശരിക്കും ഞെട്ടിയത് സംഗീതയായിരുന്നു. കണ്ട കാഴ്ച സത്യമാണോ എന്നറിയാൻ ഒന്നുകൂടി കണ്ണടച്ച് തുറക്കുമ്പോൾ കൂടെ ഇറങ്ങിയ ആളുകൾക്കൊപ്പം മുന്നോട്ട് വരുന്നത് ശരത് തന്നെ ആണെന്നത് അവൾക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു.

“മനസ്സിൽ ഇത്ര നാൾ പ്രതിഷ്ഠിച്ചുകൊണ്ടുനടന്ന വിഗ്രഹം വീണുടയാൻ പോകുകയാണോ ദൈവമേ ” എന്ന് മനസ്സിൽ ഓർത്തുകൊണ്ട് പതിയെ അവിടെ നിന്ന് പിൻവാങ്ങുമ്പോൾ അവളുടെ മനസ്സ് ദേഷ്യവും സങ്കടവും കൊണ്ട് നീറുകയായിരുന്നു.

” ശരത് തന്നോട് ഈ ചതി ചെയ്യുമെന്ന് കരുതിയില്ല ” എന്നോർക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അനിയത്തിയെ പ്രണയിച്ചിട്ട് ചേച്ചിയെ വിവാഹം കഴിക്കാൻ പോകുന്ന ദുഷ്ടൻ.

അവൾക്കത് ആ നിമിഷം വിളിച്ച് പറയണമെന്ന് ഉണ്ടായിരുന്നു. എന്നെ പ്രണയിച്ചവൻ ആണ് ഇപ്പോൾ ചേച്ചിയെ പെണ്ണ് കാണാൻ വന്നിരിക്കുന്നത് എന്ന് എല്ലാവരെയും അറിയിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, എന്തോ ചില കാര്യങ്ങള് മനസ്സിലൂടെ ഓടിയപ്പോൾ ആ ഉദ്യമത്തിൽ നിന്നും അവൾ പിന്തിരിഞ്ഞു.

ശുദ്ധജാതകകാരിയായ ചേച്ചിക്ക് വന്ന ആലോചനകളെല്ലാം മുടങ്ങുമ്പോൾ ആണ് ജാതകം നോക്കണ്ട എന്ന് പറഞ്ഞ് ഒരു കൂട്ടർ വരുന്നത്.

പെണിനെ ചെക്കൻ കണ്ടിട്ടുണ്ടെന്നും കൂടി പറഞ്ഞപ്പോൾ അതില്പരം സന്തോഷം വീട്ടിൽ വേറെ ഇല്ലായിരുന്നു. പക്ഷേ, അത് ശരത് ആകുമെന്ന് മാത്രം വിചാരിച്ചില്ല.

എല്ലാം കുളമാക്കാൻ ഒരു നിമിഷം മതി. പക്ഷേ, ചേച്ചിയുടെ അവസ്ഥയും ഇത്ര വയസ്സ് ആയിട്ടും മൂത്ത മകളുടെ വിവാഹം കഴിയാത്തതിൽ അമ്മയ്ക്കും അച്ഛനും ഉളള സങ്കടവുമെല്ലാം ഓർത്തപ്പോൾ ഇനി വരുന്നത് പോലെ നടക്കട്ടെ കാര്യങ്ങൾ എന്ന് കരുതികൊണ്ട് ഹാളിലേക്ക് കാഴ്ച കിട്ടുന്ന ജനാലക്കൽ അവൾ ഇരുന്നു. സോഫയിൽ ഞെളിഞ്ഞിരിക്കുന്ന ശരത്തിനെ രൂക്ഷമായി നോക്കികൊണ്ട്.

” എടി, മോളോട് ചായ എടുക്കാൻ പറ.. ഇനി ചായ കുടിച്ചിട്ടാവാം മറ്റുള്ള കാര്യങ്ങൾ സംസാരിക്കുന്നത് ” എന്ന് പറയുന്ന അച്ഛനും അകത്തു നിന്ന് ട്രേയിൽ ചായയുമായി ഹാളിലേക്ക് പോകുന്ന ചേച്ചിയും അവളുടെ നിറഞ്ഞ കണ്ണുകളിലെ കാഴ്ചയായി.

” സെറ്റുസാരിയിൽ സുന്ദരിയാണ് ചേച്ചി. ശരത്തിന് എന്തായാലും ഇഷ്ട്ടമാകും. അവർ തമ്മിൽ നല്ല ചേർച്ചയും ഉണ്ട്. എന്നേക്കാൾ നല്ലത് അവന് ചേച്ചി തന്നെയാ ” എന്നൊക്കെ മനസ്സിനെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞ് പഠിപ്പിക്കികയായിരുന്നു സംഗീത.

ശരത്തിന്റെ അടുത്തേക്ക് ചായ നീട്ടുന്ന സരിത പുഞ്ചിരിക്കുന്നു.. !

ശരത് തിരിച്ചും. അത് കാണുന്ന സംഗീതയുടെ മനസ്സിൽ വല്ലാത്തൊരു ഭാരം തങ്ങി നിൽക്കുന്ന പോലെ..

ചായ കൊടുത്തു പുഞ്ചിരിയോടെ തിരിയുന്ന ചേച്ചിയെ കണ്ടപ്പോൾ അവൾക്ക് ഒരു കാര്യം മനസ്സിലായി ‘ ചേച്ചിക്ക് ശരത്തിനെ ഇഷ്ട്ടമായി ‘എന്ന്.

ഇനി എല്ലാം പെട്ടന്ന് ഉണ്ടാകും. നിശ്ചയം… കല്യാണം…എല്ലാത്തിനും സാക്ഷിയായി ചിരിച്ചുകൊണ്ട് മുന്നിൽ തന്നെ വേണം താനും.

അതൊക്ക ഓർക്കുമ്പോൾ തന്നെ ഹൃദയം പൊട്ടുന്ന പോലെ. ജീവനെ പോലെ സ്നേഹിച്ചവൻ ചേച്ചിയുടെ മുറിയിൽ കിടക്കുമ്പോൾ, അടുത്ത മുറിയിൽ കിടക്കുന്ന അവസ്ഥ ഓർക്കുമ്പോൾ…..

അവൻ കഴിക്കുമ്പോൾ അവന്റെ കൈ കൊണ്ട് വാരി തരണം എന്ന് പറഞ്ഞിട്ടുണ്ട് പല വട്ടം. ഇനി അത് ചേച്ചി കഴിക്കുന്നത് കാണേണ്ടി വരും….

അവന്റ കൂടെ ബുള്ളറ്റിൽ കെട്ടിപിടിച്ചിരുന്നു പോണം എന്ന് പറഞ്ഞിട്ടുണ്ട്..പക്ഷേ, എന്റെ സ്ഥാനത് ചേച്ചി അവനെ കെട്ടിപിടിക്കുന്നത് കാണുമ്പോൾ….

ഓരോന്നും ഓർക്കുമ്പോൾ തന്നെ തല പെരുകുന്ന പോലെ..

ചിരിയോടെ അകത്തേക്ക് വന്ന് അവളുടെ തോളിലേക്ക് തല ചേർത്ത് നിൽക്കുന്ന ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ മനസ്സിൽ ഉള്ളെതെല്ലാം അവിടെ തന്നെ കുഴിച്ചുമൂടികൊണ്ട് മുഖത്തൊരു പുഞ്ചിരി വരുത്തി സംഗീത. പിന്നെ അവളുടെ കവിളിൽ പതിയെ പിടിച്ചു കുലുക്കികൊണ്ട് അവൾ ചോദിച്ചു,

” എന്റെ ചേച്ചികുട്ടിക്ക് ഇഷ്ടായോ ചെക്കനെ ” എന്ന്. ആ ചോദ്യം കേട്ട് ചെറിയ നാണത്തോടെ സരിത തലയാട്ടുമ്പോൾ സംഗീതയുടെ മനസ്സ് ഒന്ന് പിടഞ്ഞു. പക്ഷേ, അത് പുറത്ത് കാണിക്കാതെ മുഖത്തു സന്തോഷം കാണിച്ചുകൊണ്ട് അവളെ കെട്ടിപിടിക്കുമ്പോൾ കണ്ണ് നിറയുന്നത് ചേച്ചി കാണാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു സംഗീത.

” മോളെ, അവർ ഇറങ്ങാട്ടോ ” എന്ന് ഹാളിൽ നിന്നും അച്ഛൻ വിളിച്ചുപറയുമ്പോൾ സരിത ഹാളിലേക്ക് പോകാൻ തിരിഞ്ഞു. അതിനൊപ്പം കൈ പിടിച്ച് സംഗീതയെയും ഹാളിലേക്ക് വലിച്ചപ്പോൾ അവൾ നാണം കാണിച്ചുകൊണ്ട് അതിൽ നിന്നും പിന്മാറി.

അല്ലെങ്കിലും ഇനി അവരെ ഒക്കെ കാണേണ്ടത് ചേച്ചി അല്ലെ….അതല്ലേ അതിന്റ ശരി..

വന്നവർ പോയി കഴിഞ്ഞ് ഹാളിൽ പെണ്ണുകാണൽ ചർച്ചയുമായി എല്ലാവരും ഒത്തുകൂടുമ്പോൾ സംഗീതയും ഉണ്ടായിരുന്നു അവർക്കിടയിൽ. ഒരു ഉന്മേഷമില്ലാതെ എല്ലാം മൂളിക്കേൽക്കുമ്പോഴും ചിരിക്കാൻ ശ്രമിച്ചുകൊണ്ട് !!!

” നിനക്ക് കാണണ്ടേ പെണ്ണെ ചേച്ചിയെ കെട്ടാൻ പോകുന്നവനെ ” എന്ന അച്ഛൻ ചോദിക്കുമ്പോൾ….

“അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ അച്ഛാ.. ഇപ്പോൾ കാണേണ്ടത് ചേച്ചി അല്ലെ, ചേച്ചിക്ക് ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് ഇനി വൈകിക്കണ്ട. എല്ലാം പെട്ടന്ന് നടക്കട്ടെ ” എന്ന് മറുപടി നൽകുമ്പോൾ സംഗീതയുടെ മനസ്സ് നിർവ്വികാരമായിരുന്നു.

” എന്നാലും ചേച്ചിയുടെ ചെക്കനെ കുറിച് നിന്റെയും അഭിപ്രായം അറിയണമല്ലോ ” എന്നും പറഞ്ഞ് വന്നവർ നൽകിയ ഫോട്ടോ അവൾക്ക് നേരെ നീട്ടുമ്പോൾ കാണാൻ താല്പര്യം ഇല്ലാഞ്ഞിട്ടും വീട്ടുകാർക്ക് മുന്നിൽ മനസ്സിലെ വിഷമം അറിയിക്കാതിരിക്കാൻ വേണ്ടി ആ ഫോട്ടോ വാങ്ങി വെറുതെ ഒന്ന് നോക്കുമ്പോൾ അവളുടെ മുഖം വല്ലാതെ വികസിച്ചിരുന്നു. അത്ര നേരം ഉണ്ടായിരുന്ന വിഷമം സന്തോഷമായി മാറുമ്പോൾ വിശ്വസിക്കാൻ കഴിയാത്ത പോലെ അവൾ എല്ലാവരെയും ഒന്ന് നോക്കി. ” ഇത്… ഇതാണോ അച്ഛാ ചേച്ചിയെ കെട്ടാൻ പോകുന്ന ആള് ” എന്ന് ചോദിക്കുമ്പോൾ അതേ എന്ന് തലയാട്ടിയ അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് ആ കവിളിൽ ഉമ്മ വെച്ചു സംഗീത.

പെട്ടന്ന് അങ്ങനെ ഒരു പ്രതികരണം കണ്ട് ഈ പെണ്ണിനിത് എന്ത് പറ്റി എന്ന ചിന്തയോടെ എല്ലാവരും അവളെ നോക്കുമ്പോൾ സംഗീതം സന്തോഷത്തോടെ പറയുന്നുണ്ടായിരുന്നു ” ഇപ്പോൾ തന്ന ഉമ്മ അച്ഛൻ ചേച്ചിക്ക് വേണ്ടി ഇത്രയും നല്ല ഒരാളെ കണ്ടെത്തിയതിനാണ് ” എന്ന്.

അത് കേട്ട് എല്ലാവരും പുഞ്ചിരിക്കുമ്പോൾ അവൾ മടിച്ചു മടിച്ചാണെങ്കിലും ഒന്ന് കൂടി ചോദിച്ചു, ” അപ്പൊ ഇത്ര നേരം ഇവിടെ ഇരുന്നിരുന്നത് ആരാ അച്ഛാ ” എന്ന്.

ഒന്നും അറിയാത്ത പോലെ ഉളള അവളുടെ ചോദ്യം കേട്ട് ചിരിയോടെ തന്നെ അച്ഛൻ പറയുന്നുണ്ടായിരുന്നു…

” അത് ചെക്കന്റെ അമ്മാവന്റെ മോൻ ആണ്.ചെക്കൻ വരാത്തത് കൊണ്ട് വണ്ടിയുമായി അവൻ കൂടെ വന്നതാ ” എന്ന്.

അത് കേട്ടപ്പോൾ അത്ര നേരം മനസ്സിൽ ഉണ്ടായിരുന്ന ഭാരം ഒന്ന് ഇറങ്ങിപ്പോയ പോലെ തോന്നി അവൾക്ക്. അവനെ തെറ്റിദ്ധരിച്ചല്ലോ എന്ന വിഷമവും.

” ചെക്കന് പെട്ടന്ന് എന്തോ തിരക്ക്. പിന്നെ പെണ്ണിനെ നേരത്തെ കണ്ടിട്ടുള്ളത് കൊണ്ട് വീട്ടുകാരെ വിട്ടതാ. പറഞ്ഞ വാക്ക് തെറ്റിക്കണ്ട എന്ന് കരുതി. കൂടെ ഈ ഫോട്ടോയും കൊടുത്ഹ് വിട്ടു. “

അച്ഛൻ അത്രയും പറയുമ്പോൾ “അത് നന്നായി ” എന്ന് അവളുടെ വായിൽ നിന്നും അറിയാതെ പുറത്തേക്ക് വന്നു.

അത് മറയ്ക്കാനെന്നോണം പെട്ടന്ന് ചേച്ചിയെ കെട്ടിപിടിക്കുമ്പോൾ അച്ഛൻ മറ്റൊന്നുകൂടി പറയുന്നുണ്ടായിരുന്നു, ” ഇപ്പോൾ വന്ന ചെക്കനും മോശമല്ലാട്ടോ. ചേച്ചിയുടെ കഴിഞ്ഞാൽ നിനക്ക് വേണ്ടി ഒന്ന് ആലോചിക്കാവുന്നതേ ഉള്ളൂ ” എന്ന്.

ഇതിൽപ്പരം എന്ത് സന്തോഷം വേണം.

അങ്ങനെ അച്ഛൻ പറഞ്ഞെങ്കിലും ആ വാക്ക് കേൾക്കാൻ വേണ്ടി കാത്തിരിക്കുകയാണെന്നത് മുഖത്തു കാണിക്കാതെ അവൾ തലയാട്ടിപറയുന്നുണ്ടായിരുന്നു,

” എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട.. എനിക്ക് പഠിക്കണം ” എന്ന്

ഇതുപോലെ ഉള്ള അവസ്ഥയിൽ പെണ്ണുങ്ങൾ പറയുന്ന സ്ഥിരം വാചകം…. !!!

(ഈ വിഷയത്തിൽ പലരും കഥ എഴുതിയിട്ടുണ്ടാകും. ഇത് എന്റേതായ രീതിയിൽ ഒരു ശ്രമമാണ്.)