മോളെ എടുത്ത് അവൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ട് അവൾ ഭയന്ന് ബാൽക്കണിയിലേക്ക് ഓടിച്ചെന്നു…..

കവിടി

Story written by Praveen Chandran

“ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്.. ബോധം തെളിഞ്ഞാലേ എന്തെങ്കിലും ഉറപ്പ് പറയാനൊക്കൂ.. ഹോപ് ഫോർ ദ ബെസ്റ്റ്” ഐ.സി.യൂവിന് മുന്നിൽ വിഷമത്തോടെ നിന്നിരുന്ന ആകാശിന്റെ അച്ഛനോടായി ഡോക്ടർ പറഞ്ഞു…

അയാൾ നിർവ്വികാരനായിരുന്നു.. മകനെ അത്രയധികം സ്നേഹിച്ചിരുന്നു ആ അച്ഛൻ.. പക്ഷെ അവനിങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് അയാളൊരിക്കലും കരുതിയിരുന്നില്ല..

ബിസിനസ്സ് സംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് അറിയാമായിരു ന്നെങ്കിലും ആ ത്മഹത്യ ചെയ്യത്തക്ക കാരണ ങ്ങളൊന്നും തന്നെ അവന് ഉണ്ടായിരുന്നുമില്ലെന്ന് അയാൾക്ക് തോന്നി…

വരാന്തയിലെ ബെഞ്ചിലേക്ക് വേദനയോടെ അയാളുടെ കണ്ണുകൾ സഞ്ചരിച്ചു..

നിശ്ചലമായ ശരീരം പോലെ ചുമരിൽ ചാരി ഇരിക്കുന്നുണ്ട് അവൾ.. അവന്റെ ഭാര്യ രശ്മി ആണ് അത്.. മടിയിൽ അവരുടെ നാല് വയസ്സായ മകളും..

അയാൾ അവളുടെ അടുത്തേക്ക് നടന്നു….

അയാളെ കണ്ടതും അവൾ കണ്ണുകൾ തുടച്ച് ആകാംക്ഷയോടെ എഴുന്നേറ്റു…

“എന്തായി അച്ഛാ? ഡോക്ടറെന്താ പറഞ്ഞത്?”

അവളോട് എന്ത് പറയണമെന്നറിയാതെ അയാൾ കുഴങ്ങി..

“ദൈവം അവനെ നമുക്ക് തിരിച്ച് തരും മോളെ… പ്രാർത്ഥിക്കുക.. അതല്ലാതെ നമുക്ക് മുന്നിൽ വേറെ വഴികളില്ല…”

അവളുടെ മിഴികൾ നിറഞ്ഞിരുന്നു…

“എന്തിനാ മോളേ അവനിത് ചെയ്തത്? നിങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലാന്നറിയാം എന്നാലും ഒന്നറിയാൻ വേണ്ടി മാത്രം…”

അവളതിന് മറുപടിയൊന്നും പറഞ്ഞില്ല..

അവൾക്കത് വിഷമമായി എന്ന് അയാൾക്കും തോന്നി…

“അവന്റെ ജാതകവശാൽ മോശം സമയം ആണ്.. കഴിഞ്ഞ തവണ കവിടി നിരത്തിയപ്പോൾ കണിയാര് പറഞ്ഞതും അതാണ്.. അതാവും.. “

അത് കേട്ടതും അവളുടെ ഉള്ളൊന്ന് കിടുങ്ങി..

“ഞാനൊരു ചായ കുടിച്ചിട്ട് വരാം മോളെ.. മോൾക്കെന്തെങ്കിലും വേണോ?”

“വേണ്ട അച്ഛാ…” അവൾ കണ്ണുകൾ തുടച്ചു കൊണ്ട് മറുപടി പറഞ്ഞു…

സമയം കടന്ന് പോയ്ക്കൊണ്ടിരുന്നു…

അവളുടെ മനസ്സ് പിടയുന്നുണ്ടായിരുന്നു..

ആറ് വർഷത്തോളമായിരുന്നു അവരുടെ വിവാഹം കഴിഞ്ഞിട്ട്.. ഒരു വർഷം മുന്ന് വരെ വളരെ സന്തോഷകരമായിരുന്നു അവരുടെ ജീവിതം…

പഠിപ്പ് കഴിയുന്നതിന് മുന്നേ വീട്ടുകാർ വിവാഹം ഉറപ്പിച്ചത് കൊണ്ട് അവൾക്ക് ഈ വിവാഹത്തോട് എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും കല്ല്യാണത്തിന് ശേഷം അവന്റെ സ്നേഹത്തിനും കരുതലിനും മുന്നിൽ അധികനാൾ അവൾക്ക് പിടിച്ച് നിൽക്കാനായില്ല..

പിന്നീട് അങ്ങോട്ട് ഓരോ ദിവസവും അവർക്ക് ആഘോഷമായിരുന്നു..

അവന് ഒരു ആൺകുട്ടി വേണമെന്ന് ആയിരുന്നു ആഗ്രഹം.. അങ്ങനെ തന്നെയേ സംഭവിക്കൂ എന്നും അവൻ ഉറച്ച് വിശ്വസി ച്ചിരുന്നു.. അതിന് കാരണം അവന് ഉണ്ടായിരുന്ന അമിതമായ വിശ്വാസമാണ്…

കുടുംബ ജ്യോത്സന്റെ കവിടി നിരത്തലുകൾക്കനു സരിച്ചായിരുന്നു അവന്റെ ജീവിതം മുന്നോട്ട് പോയിരുന്നത്.. എന്ത് കാര്യം തുടങ്ങുമ്പോഴും ജ്യോത്സ്യനോട് ചോദിച്ചിട്ടേ അവൻ ചെയ്യുമായിരുന്നുള്ളൂ.. പാരമ്പര്യമായി അങ്ങനെ തന്നെ ആയിരുന്നു അവർ….

ആൺകുട്ടി ജനിക്കുമെന്നും അവൻ ഐശ്വര്യം കൊണ്ടുവരുമെന്നുമായിരുന്നു ആ ജ്യോത്സ്യൻ പ്രവചിച്ചിരുന്നത്..

പക്ഷെ ആ പ്രവചനത്തിന് വിപരീതമായി അവർക്ക് ഒരു പെൺകുഞ്ഞ് ആയിരുന്നു ജനിച്ചത്..

ആദ്യമൊക്കെ അവന് അതിൽ വിഷമമുണ്ടായിരു ന്നുവെങ്കിലും കുഞ്ഞുമുഖത്തെ ചിരിയും നിഷ്കളങ്കതയും അവനെ അവളിലേക്ക് ആകർഷിച്ചു..

പിന്നീട് അവന് അവൾ എന്ന് വച്ചാൽ ജീവനായിരുന്നു.. വളരും തോറും ആ ഇഷ്ടം കൂടി കൂടി വന്നതേയുള്ളൂ… അവൾക്ക് പലപ്പോഴും ആ സ്നേഹം കണ്ട് അസൂയ തോന്നിയിരുന്നു..

കാരണം അവൾക്ക് ഒരു പെൺകുട്ടി വേണമെന്നായിരുന്നു പണ്ടേ ആഗ്രഹം.. അത് കൊണ്ട് അവനേക്കാളേറെ അവൾ കുഞ്ഞിനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു…

അങ്ങനെ സന്തോഷത്തോടെ പോയ്ക്കൊണ്ടിരി ക്കുന്നതിനിടയിലാണ് അവന്റെ ബിസിനസ്സ് തകരാൻ തുടങ്ങിയത്…

ആദ്യമൊക്കെ അവനത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് അവന്റെ മനസമാധാനം തന്നെ നഷ്ടപെട്ടിരുന്നു..

കാര്യമില്ലാതെ അവൻ പലപ്പോഴും അവളോട് ദേഷ്യപെടാൻ തുടങ്ങിയിരുന്നു…

ദിവസവും രാത്രി വീട്ടിൽ വന്നതിന് ശേഷം മോളോടൊപ്പം കളിച്ചിരുന്ന അവൻ പതിയെ പതിയെ നേരം വൈകിവരാനും മദ്യപിക്കാനും തുടങ്ങിയിരുന്നു…

ഒരു ദിവസം അവൾക്ക് അതിനെക്കുറിച്ച് തുറന്ന് സംസാരിക്കേണ്ടതായ് വന്നു..

“എന്താ ഇത് ഏട്ടാ… ? ലാഭവും നഷ്ടവുമൊക്കെ ബിസിനസ്സിൽ പറഞ്ഞിട്ടുള്ളത് അല്ലേ? ഇങ്ങനെ ഒക്കെ തുടങ്ങിയലെങ്ങനാ? ഏട്ടൻ മോളോട് പോലും ഇപ്പോൾ മിണ്ടുന്നില്ലല്ലോ?”

അവളുടെ ചോദ്യത്തിന് അവൻ മറുപടിയൊന്നും പറയാതെ അകത്തേക്ക് കയറിപ്പോയി..

അവൾ വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു…

“ഇങ്ങനെ പോയാ ശരിയാവില്ല..ഞങ്ങൾക്ക് ഞങ്ങളുടെ പഴയ ഏട്ടനെ തിരിച്ച് കിട്ടണം.. അച്ചു എത്രദിവസമായി വിഷമിച്ചിരിക്കുന്നു എന്നറിയോ? അവളുടെ കൂടെ കളിക്കാഞ്ഞിട്ട്?”

അത് കേട്ടതും അവൻ പെട്ടെന്ന് പൊട്ടിത്തെറിച്ചു..

“നിങ്ങൾക്കൊക്കെ ഇങ്ങനെ കളിച്ചിരുന്നാ മതിയല്ലൊ.. മനുഷ്യനിവിടെ ചക്രശ്വാസം വലിക്കാ.. മുന്നോട്ട് എങ്ങനെ പോകുമെന്നറിയാതെ ഭ്രാന്തായി ഇരിക്കുമ്പോഴാ അവളുടെ ഒരു കളി… “

അവന്റെ അപ്പോഴത്തെ മുഖഭാവം കണ്ട് അവൾക്ക് ഭയമായി.. അങ്ങനെ ഇത് വരെ അവനെ അവൾ കണ്ടിട്ടില്ലായിരുന്നു…

“ഒന്ന് പതുക്കെ പറ ഏട്ടാ…മോളെണീക്കും..”

“എണീക്കട്ടെ.. ഇങ്ങനെ പോയാ എല്ലാത്തിനും വിഷം വച്ച് തന്ന് ഞാനും ചാവും…” അതും പറഞ്ഞ് അവൻ ഫ്ലാറ്റിന് പുറത്തേക്ക് നടന്നു…

അവൻ പറഞ്ഞത് കേട്ട് അവൾക്ക് പരിഭ്രമമായി.. എന്തോ കാര്യമായ പ്രശ്നമില്ലാതെ അവനിങ്ങനെ സംസാരിക്കില്ലെന്ന് അവൾക്കറിയാമായിരുന്നു…

അന്ന് അവൾ ഉറങ്ങിയതേയില്ല.. അന്ന് അവൻ പുറത്ത് പോയിട്ട് തിരിച്ച് വന്നതുമില്ല..

അവൾക്ക് പരിഭ്രമം കൂടി കൂടി വന്നു…

പിറ്റെ ദിവസം രാവിലെ അവനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് അവൾ അവന്റെ അടുത്ത സുഹൃത്തിനെ വിളിച്ചത്..

അവനവിടെ ഉണ്ടെന്നും പേടിക്കേണ്ടതില്ലെന്നും അവൻ പറഞ്ഞ് കേട്ടപ്പോഴാണ് അവൾക്ക് ആശ്വാസമായത്..

എന്താണ് ജ്യോത്സ്യൻ പറഞ്ഞത് എന്നറിയാൻ അവൾ സുഹൃത്തിനോട് ചോദിച്ചു..

ആദ്യം മടികാണിച്ചെങ്കിലും ആ ഞെട്ടിക്കുന്ന കാര്യം സുഹൃത്ത് അവളോടായി പറഞ്ഞു..

ബിസിനസ്സ് പരാജയപെടാനും കുടുംബം തകരാനും ഉള്ള കാരണം അച്ചു മോളാണത്രേ… അവൾ ജീവിച്ചിരിക്കുന്നിടത്തോളം അവനൊരി ക്കലും രക്ഷപെടില്ലെന്നും അയാൾ പറഞ്ഞു…

ഇതിന് പോം വഴി ഒന്നുമില്ലെന്ന് ജ്യോത്സ്യൻ പറഞ്ഞത് കേട്ട് വളരെയധികം അസ്വസ്ഥനായാണ് അവൻ അവിടെ നിന്ന് തിരികെ പോന്നത്…

അത് കേട്ട് അവൾ ഷോക്കേറ്റത് പോലെയായി…

അവന് ആ ജ്യോത്സ്യനിലുള്ള അമിതവിശ്വാസം അവളെ കൂടുതൽ പരിഭ്രമത്തിലാക്കിയിരുന്നു…

അതിൽ പിന്നെയാവാം അവനിൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്ന് അവൾ ചിന്തിച്ചു..

അതോടെ അവളുടെ സമാധാനവും എന്നന്നേക്കുമായി നഷ്ടപെട്ടിരുന്നു…

ദിവസങ്ങൾ കടന്ന് പോകും തോറും അത് കൂടികൊണ്ടിരുന്നു…

അതേ പിന്നെ എന്നും അവനെ അവൾ വീക്ഷിക്കാൻ തുടങ്ങിയിരുന്നു.. മകളുടെ അടുത്തേക്ക് അവൻ പോകുന്നത് പോലും അവൾക്ക് പേടിയാവാൻ തുടങ്ങി…

അവൻ അവളോട് അധികം സംസാരിക്കാതായ തോടെ അവർ തമ്മിലുള്ള അന്തരം കൂടി കൂടി വന്നിരുന്നു..

അവൾ അവനെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി..

ഒരു തവണ അവൾ മാർക്കറ്റിൽ പോയി വന്നപ്പോൾ അച്ചു മോളെ മുറിയിൽ കാണുന്നില്ലായിരുന്നു..

മോളെ എടുത്ത് അവൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ട് അവൾ ഭയന്ന് ബാൽക്കണിയിലേക്ക് ഓടിച്ചെന്നു..

അവന്റെ കൈയിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്ത് അവൾ മുറിയിൽ കയറി വാതിലടച്ചിരുന്നു…

അവനത് ശ്രദ്ധിച്ചതേയില്ല.. അവന്റെ മദ്യപാനശീ ലവും നാൾക്ക് നാൾ കൂടിക്കൊണ്ടിരുന്നു..

സന്തോഷകരമായ അവരുടെ കുടുംബജീവിതം താളം തെറ്റാൻ അധികസമയം വേണ്ടി വന്നില്ല..

ദിവസങ്ങൾ കഴിയുംന്തോറും ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് അവൾ നീങ്ങിക്കൊണ്ടിരുന്നു..

അങ്ങനെയിരിക്കെ ഒരു ദിവസം…

അന്ന് അവൻ പതിവിന് വിപരീതമായി മദ്യപിക്കാ തെയായിരുന്നു വീട്ടിലെത്തിയത്.. മേശപ്പുറത്ത് അവൾ തയ്യാറാക്കി വച്ചിരുന്ന ഭക്ഷണം കണ്ട് അവനൊന്ന് അമ്പരന്നു..

അവന് ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാമുണ്ടായിരു ന്നു അതിൽ..

അത് കണ്ട് അവന് അത്ഭുതമായി.. നാളുകളേറെ യായിരുന്നു അവൻ നല്ല ഭക്ഷണം കഴിച്ചിട്ട് തന്നെ.. അതും അവളുടെ കൈകൊണ്ട് ഉണ്ടാക്കിയത്..

ആർത്തിയോടെ ആ ഭക്ഷണമെല്ലാം കഴിച്ചതിന് ശേഷം ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു അവൻ…

അപ്പോഴാണ് അവൾ അവിടേക്ക് ചെന്നത്..

അവളെക്കണ്ടതും അവൻ അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു…

പക്ഷെ അവളുടെ മുഖം ഇരുണ്ടിരുന്നു.. അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു…

“ആഹാ.. താൻ ഉറങ്ങിയില്ലേ? .. അവൻ ചോദിച്ചതിന് അവൾ മറുപടിയൊന്നും പറയാതെ തലകുനിച്ച് നിന്നു…

അവളുടെ മുഖത്ത് എന്തോ പരിഭ്രമം ഉണ്ടെന്ന് അവന് തോന്നി…

“എന്ത് പറ്റി? പനിയുണ്ടോ തനിക്ക്?” അവൻ അവളുടെ കഴുത്തിൽ തൊട്ട് നോക്കാൻ നോക്കിയപ്പോൾ അവൾ പിന്നോട്ട് മാറി..

അവൾ പിണക്കത്തിലാണെന്നറിയാമായിരുന്നത് കൊണ്ട് അവനതിൽ പരിഭവമൊന്നും തോന്നിയില്ല..

“എന്നോട് ദേഷ്യമാകുമല്ലേ? കുറച്ച് നാളായിട്ട് മനസ്സിന് ഒരു സുഖവുമില്ലായിരുന്നടോ.. അതിന്റെ കാരണം എന്നെ ഇല്ലാതാക്കുമോന്ന് വരെ ഞാൻ ഭയന്നു.. ഇനിയും അത് തുറന്ന് പറഞ്ഞില്ലെങ്കിൽ ശരിയാവില്ല…”

അവൻ ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു..

“അച്ചുമോളാണ് നമ്മുടെ ഐശ്വര്യങ്ങൾക്കൊ ക്കെ തടസ്സം നിൽക്കുന്നതെന്നും നമ്മുടെ ബിസിനസ്സ് തകരാൻ കാരണമെന്നും ആ ജോത്സ്യൻ പറഞ്ഞപ്പോൾ ഞാനാകെ തകർന്ന് പോയിരുന്നു.. അയാൾ പറയുന്നത് അപ്പാടെ വിശ്വസിച്ചിരുന്ന എനിക്ക് അതൊരു ഷോക്കായിരുന്നു.. അതിന് ശേഷം എനിക്ക് എന്നെ തന്നെ നഷ്ടപെട്ടു.. തന്നോട് ഇത് തുറന്ന് പറയണമെന്നാണ് ആദ്യം കരുതിയത്.. പക്ഷെ താൻ വിഷമിക്കുമെന്ന് അറിയുന്നത് കൊണ്ടാണ് അറിയിക്കാതിരുന്നത്.. “

അവൾ പരിഭ്രമത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നെന്ന് അവൾക്ക് മനസ്സിലായി….

” പക്ഷെ ദിവസങ്ങൾ കഴിയുംതോറും എന്റെ ടെൻഷൻ കൂടി കൂടി വന്നു.. ഒരു ദിവസം ഞാൻ ഒരു ദുസ്വപ്നം കണ്ടു… എന്റെ ഈ കൈകൊണ്ട് നമ്മുടെ മോളുടെ കഴുത്ത്ഞെരിക്കുന്നത്.. അതോടെ എന്റെ ബാക്കിയുണ്ടായിരുന്ന സമാധാനം കൂടെ പോയി.. എനിക്ക് പേടിയായിരുന്നു പിന്നെ മോളുടെ അടുത്ത് കിടക്കാൻ തന്നെ..കാരണം എനിക്ക് അവളെ അത്രയ്ക്കിഷ്ടമാണ്.. എന്റെ ജീവനാണ് അവൾ.. “

അത് കേട്ട് അവളുടെ ശരീരം തളരാൻ തുടങ്ങി.. തൊണ്ട വരളുന്നത് പോലെ അവൾക്ക് തോന്നി..

“ഒരാഴ്ച്ച മുന്നാണ് ഡോക്ടർ രഘുനാഥിനെ ഞാൻ കാണുന്നത്.. അദ്ദേഹമാണ് എനിക്ക് ധൈര്യം തന്നത്.. കഴിഞ്ഞ ഒരാഴ്ചയായി ഞാൻ തന്നോട് ഇതൊക്കെ സംസാരിക്കണമെന്ന് വിചാരിക്കുന്നു..പക്ഷെ ധൈര്യം കിട്ടിയില്ല.. ഇനി എനിക്ക് ഒന്നും നോക്കാനില്ല… പഴയപോലെ നമ്മുടെ സന്തോഷം തിരിച്ചെടുക്കണം.. ഈ ഫ്ലാറ്റും നമ്മുടെ സ്ഥലവും ഞാൻ വിൽക്കാൻ തീരുമാനിച്ചു..കടമെല്ലാം വീട്ടണം.. ബാക്കി വരുന്നതിന് ഒരു ചെറിയ വാടക വീടെടുക്കണം.. പിന്നെ എന്തേലും ഒരു ചെറിയ ബിസിനസ്സ്.. നമുക്ക് എല്ലാം ഒന്നേ നിന്ന് ആരംഭിക്കാടോ? താനും മോളും എന്റെ കൂടെ ഉണ്ടെങ്കിൽ പിന്നെ എന്തിനാ ഞാൻ പേടിക്കുന്നത്.. നമ്മുടെ മോളെ ഞാൻ രാജകുമാരിയെപോലെ വളർത്തും…”

അത് പറഞ്ഞവസാനിച്ചതും അവൻ ശക്തമായ ചുമയോടെ ഛർദ്ദിച്ചതും ഒരുമിച്ചായിരുന്നു…

“ഏട്ടാ…. ” അവളുടെ വിളി ഫ്ലാറ്റിൽ മുഴങ്ങി…

നിലത്ത് കുഴഞ്ഞ് വീണ അവന്റെ വസ്ത്രങ്ങളിലെല്ലാം രക്തമായിരുന്നു…

ഓർമ്മയിലൂടെ ചെറിയൊരു മയക്കത്തിലേക്ക് വീണ അവൾ അപ്പോഴേക്കും ഞെട്ടിയെഴുന്നേ റ്റിരുന്നു…

അവളുടെ മുഖത്തെ പരിഭ്രമം പ്രകടമായിരുന്നു..

അവൾ ചുറ്റും നോക്കി.. ഹോസ്പിറ്റൽ വരാന്ത നിശബ്ദമായിരുന്നു..

” ആരാ രശ്മി?” ഐ.സി.യുവിൽ നിന്നും ഒരു നഴ്സാണ് അത് ചോദിച്ചത്..

അത് കേട്ട് ഷോളുകൊണ്ട് കണ്ണുതുടച്ച് മകളെ എടുത്ത് അവൾ ഐ.സി.യൂവിനടുത്തേക്ക് നടന്നു..

” ആകാശിന് ബോധം വന്നിട്ടുണ്ട്.. കാണണമെന്ന് നിർബന്ധം പിടിച്ചു..കുട്ടിയെ അച്ഛന്റെ കൈയിൽ കൊടുത്തോളൂ.. ബോധം വീണിട്ട് അല്പനേരം ആയിട്ടേയുള്ളൂ… അധികം സ്ട്രെയിൻ ചെയ്യിക്കരുത്”

അവർ പറഞ്ഞത് കേട്ട് കുഞ്ഞിനെ അച്ഛന്റെ കൈയിൽ ഏൽപിച്ച ശേഷം അവൾ അവരുടെ ഒപ്പം അകത്തേക്ക് കയറി..

ആശങ്കകളായിരുന്നു അവളുടെ മനസ്സ് മുഴുവൻ..

അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു അവന് അരികിലായി ഇരുന്നു…

“ഏട്ടാ… ” അവൾ നീട്ടിവിളിച്ചു…

” വിഷമിക്കണ്ടടോ… എനിക്കൊന്നും വരില്ല.. “

ദയനീയമായിരുന്നു അവന്റെ സ്വരം…

” എന്നോട് ക്ഷമിക്കൂ ഏട്ടാ.. ലോകത്തൊരു ഭാര്യയും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ…” അവൾ പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ അവനവളുടെ വായ് പൊത്തി..

“അരുത്…ഞാനും താനുമല്ലാതെ മൂന്നാമതൊ രാൾ ഇതറിയരുത്.. നമുക്ക് തിരിച്ച് പിടിക്കണം നമ്മുടെ ജീവിതം.. അതിന് താനെന്റെ കൂടെ വേണം.. അച്ചുവിനോടുള്ള സ്നേഹം കൊണ്ടാണ് താനിത് ചെയ്തതെന്ന് എനിക്ക് മനസ്സിലാക്കാനാ വും.. തെറ്റ് എന്റെ ഭാഗത്താണ്.. ഞാനെല്ലാം നിന്നോട് മുന്നേ പറയണമായിരുന്നു… “

അവൻ പറഞ്ഞത് കേട്ട് അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു…

” തെറ്റ് എന്റെ ആണ് ഏട്ടാ…ഞാൻ ഏട്ടനെ ഒരിക്കലും മനസ്സിലാക്കാൻ ശ്രമിച്ചില്ല.. പാപിയാണ് ഞാൻ..ഏട്ടനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഞാനും മോളും പിന്നെ ജീവിച്ചിരിക്കില്ലായിരുന്നു.. ദൈവം ആണ് ഞങ്ങൾക്ക് ഏട്ടനെ തിരികെ തന്നത്.. ഈ ജന്മം മുഴുവൻ ഇനിയെന്റെ ഏട്ടനെ സ്നേഹിക്കണം എനിക്ക്..”