വിവാഹം കഴിഞ്ഞ ഉടനെ കുട്ടി കുടുംബം എന്നൊക്കെ ഉള്ള ഉത്തരവാദിത്വത്തിലേക്ക് കടക്കാതെ ലൈഫ് ഒന്ന് അടിച്ചുപൊളിച്ചതിനു…

എഴുത്ത്: മഹാ ദേവൻ

വിവാഹം കഴിഞ്ഞ രാത്രി അവളെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു ” നമുക്ക് പെട്ടന്നൊന്നും ഒരു കുട്ടി വേണ്ട മനുവേട്ടാ ” എന്ന്. അപ്പോൾ അങ്ങനെ പറയുമ്പോൾ അത് അംഗീകരിക്കാൻ അവനും തയാറായിരുന്നു.

വിവാഹം കഴിഞ്ഞ ഉടനെ കുട്ടി കുടുംബം എന്നൊക്കെ ഉള്ള ഉത്തരവാദിത്വത്തിലേക്ക് കടക്കാതെ ലൈഫ് ഒന്ന് അടിച്ചുപൊളിച്ചതിനു ശേഷമാകാം അതൊക്കെ എന്ന് അവനും തോന്നിയിരുന്നു..പക്ഷെ, തന്നിഷ്ടത്തിൽ മാത്രം ജീവിതത്തെ നോക്കിക്കാണുന്ന അവൾക്ക് മുന്നിൽ പലപ്പോഴും മുന്നോട്ടുള്ള ജീവിതത്തിന്റെ നല്ല നാളുകൾക്ക് വേണ്ടി താഴ്ന്നുകൊടുക്കുമ്പോൾ അവളുടെ മനസ്സിൽ അങ്ങനെ ഒരു ചിന്തയായിരുന്നു ഇത്ര നാൾ എന്ന് അറിയാൻ വൈകിയിരുന്നു മനു.

” ശാരി, വിവാഹം കഴിഞ്ഞിട്ടിപ്പോൾ വർഷം ഒന്നായില്ലേ.. ഇനി എങ്കിലും നമ്മൾ കുട്ടികളെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനിയും അത് വൈകിക്കണോ നമ്മൾ..അതൊക്ക വരുമ്പോഴേ നമ്മുടെ ലൈഫിനോക്കെ ഒരു അർത്ഥമുള്ളൂ.. “

ആ രാത്രി മൊബൈലിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന അവളോട് മനു കുഞ്ഞിനെ കുറിച്ച് സൂചിപ്പിക്കുമ്പോൾ അത് കേട്ട ഭാവം പോലും കാണിക്കാതെ മൊബൈലിൽ തന്നെ ശ്രദ്ധ പായിക്കുന്ന അവളുടെ ആ പ്രതികരണം അവനെ ചൊടിപ്പിച്ചുവെങ്കിലും അല്പം സംയമനം പാലിച്ചുകൊണ്ട് അവൻ അതേ കാര്യം വീണ്ടും അവൾക്ക് മുന്നിൽ അവതരിപ്പിച്ചു,

” ശാരി.. ഇനിയും കുഞ്ഞിന്റെ കാര്യത്തിൽ നമ്മൾ വൈകിക്കണോ.. നീ ഒന്നും പറഞ്ഞില്ല ! “

അവൻ അത് മുഴുവനാക്കും മുന്നേ തന്നെ പെട്ടന്ന് ആയിരുന്നു അവളുടെ മറുപടി,. “മനു, എനിക്ക് പ്രസവിക്കാനും മു ലയൂട്ടാനുമൊന്നും താല്പര്യം ഇല്ല. അതുകൊണ്ട് തന്നെ ആണ് ഇത്ര നാൾ ഞാൻ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞതും..ഈ കാര്യം പറഞ്ഞു വെറുതെ മുഷിച്ചിലുണ്ടാക്കണ്ട… “

അവളുടെ ആ വാക്കുകൾ വല്ലാത്തൊരു ഷോക്ക് ആയിരുന്നു അവന് . ഇത്ര നാളുകൾ കാത്തിരുന്നത് വിവാഹജീവിതം ഒന്ന് എൻജോയ് ചെയ്യട്ടെ എന്ന് കരുതിയായിരുന്നു. അന്നൊക്കെ അവൾ പറയുമ്പോൾ താനും സമ്മതിച്ചത് അതുകൊണ്ട് ത്നന്നെ ആയിരുന്നു. പക്ഷേ അവളുടെ മനസ്സിൽ ഇങ്ങനെ ഒരു തീരുമാനം ആയിരുന്നു എന്ന് മനസ്സിലായില്ലല്ലോ എന്നോർക്കുമ്പോൾ മനുവിന് വല്ലാത്തൊരു വിഷമം തോന്നി.

” ശാരി … നാളെ നമുക്ക് ലാളിക്കാനും സ്നേഹിക്കാനുമൊക്കെ ഒരു തലമുറ വേണ്ടേ..എത്രയോ ആളുകൾ കുട്ടിയെ ആഗ്രഹിച്ചിട്ടും കിട്ടാത്തതിൽ ദുഃഖിക്കുന്നുണ്ടെന്ന് അറിയോ..ഒരു കുഞ്ഞിനെ പ്രസവിക്കാനും മു ലയൂട്ടാനും ആഗ്രഹിക്കാത്ത പെണ്ണുങ്ങൾ ചുരുക്കമാണ്.. പക്ഷേ. നീ…..ശാരി… നിന്റെ ഈ തീരുമാനം കടുത്തതാണ്.. “

അവൻ മൊബൈലിൽ നോക്കികൊണ്ടിരിക്കുന്ന അവൾക്കരികിൽ ചേർന്നിരുന്നു പറയുമ്പോൾ അവൾ മൊബൈലിൽ നിന്നും കണ്ണെടുത്തുകൊണ്ട് അവനെ ഒന്ന് രൂക്ഷമായി നോക്കി,

” മനു.. എന്റെ തീരുമാനം ഞാൻ പറഞ്ഞുകഴിഞ്ഞു. അതിൽ ഒരു മാറ്റവും ഇല്ല. എനിക്ക് താല്പര്യം ഇല്ല പ്രസവിക്കാൻ..

ഇനി മനുവിന് അത്ര നിർബന്ധം ആണെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുത്തോ..അല്ലെങ്കിൽ ഇപ്പോൾ ഗർഭപാത്രം വരെ വാടകക്ക് കിട്ടുന്ന കാലമല്ലേ.. ഒന്ന് വാടകക്കെടുത്ത്‌ ഒന്നിനെ ഉണ്ടാക്കിക്കോ… പക്ഷേ, അതിനെ നോക്കാനെന്നും പറഞ്ഞ് എന്നെ വിളിക്കരുത്. ഉള്ള കാര്യം പറഞ്ഞേക്കാം.. “

അതും പറഞ്ഞവില ഉറഞ്ഞുതുള്ളികൊണ്ട് റൂമിൽ നിന്നും ഇറങ്ങിപോകുമ്പോൾ അവളെ പിടിച്ചു നിർത്തി ഒന്ന് പൊട്ടിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു മനുവിന്.പക്ഷേ ഇവളെ ഒന്നും തല്ലിയിട്ട് കാര്യമില്ലെന്ന അറിയാവുന്നത് കൊണ്ട് അവളുടെ ആ ധാഷ്ട്ര്യത്തോടെ ഉള്ള പോക്ക് നോക്കി ഇരുന്നു അവൻ. മനസ്സിൽ ചിലത് കണക്ക് കൂട്ടിത്തന്നെ..

പിറ്റേ ദിവസം രാവിലെ പെട്ടി പാക് ചെയ്യുമ്പോൾ അവൾ ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ടായിരുന്നു ” നമ്മൾ എവിടെക്കാ മനു… എന്റെ പെട്ടിയും ഉണ്ടല്ലോ ” എന്ന്.

അത് കേട്ട് കൊണ്ട് അവളുടെ പെട്ടിയിൽ അവളുടെയും തന്റെ പെട്ടിയിൽ തന്റെയും തുണികള് എടുത്തുവെക്കുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു ” ഇന്നലെ നിന്റെ മനസ്സ് ഞാൻ വിഷമിപ്പിച്ചെന്ന് അറിയാം.. അതിന് ഒരു സർപ്രൈസ് തരാമെന്ന് കരുതി.. എല്ലാ വിഷമവും മറക്കാൻ നമ്മൾ ഒരിടം വരെ പോകുന്നു.. നിനക്കും എനിക്കും ഇന്നലത്തെ നിന്റെ തീരുമാനത്തിന്റെ ഹാങ്ങോവറിൽ നിന്ന് ഒരു മോചനം..അതുകൊണ്ട് നീ വേഗം റെഡിയാക് ” എന്ന്..

അത് കെട്ട പാടെ അകത്തേക്കോടി വേഗം ഡ്രസ്സ്‌ മാറി പെട്ടിയുമെടുത്തു കാറിൽ കയറുമ്പോൾ അവൻ കാർ മുന്നോട്ട് എടുത്തിരുന്നു.

” നമ്മൾ എങ്ങോട്ടാ മനു പോകുന്നെ… എന്നെ ഇങ്ങനെ ആകാംക്ഷയിൽ നിർത്താതെ ഒന്ന് പറ “

അവൾ വല്ലത്ത ആവേശത്തോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ അതിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.

പതിയെ മുന്നോട്ട് നീങ്ങിയ കാർ ചെന്ന് നിന്നത് തന്റെ വീടിന്റ മുന്നിൽ ആണെന്ന് മനസ്സിലായപ്പോൾ അവളുടെ മുഖത്ത്‌ ഇവിടെ എന്താണ് എന്നൊരു ചോദ്യം ഉണ്ടായിരുന്നു.

അത് മനസ്സിലാക്കിയപോലെ ചിരിച്ചുകൊണ്ട് അവളോട് ഇറങ്ങാൻ പറഞ്ഞ് മനു പുറത്തേക്കിറങ്ങി ഡിക്കിയിൽ നിന്ന് അവളുടെ ബാഗെടുത്തുകൊണ്ട് ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു.

ഒന്നും മനസ്സിലാകാതെ അവന്റെ പിന്നാലെ നടക്കുന്ന അവൾ ചോദിക്കുന്നുണ്ടായിരുന്നു ” എന്താണ് മനു ഇവിടെ.. ഇവിടേക്ക് വരാൻ ആയിരുന്നോ എന്നോട് ഒരുങ്ങാൻ പറഞ്ഞത് ” എന്ന്.

അത് കേട്ട് കൊണ്ട് സിറ്റൗട്ടിലേക്ക് കയറിയ അവൻ ബാഗ് അവിടെ വെച്ചുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു,

” ഞാൻ അവിടെ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞല്ലോ നിനക്കും എനിക്കും മനസ്സിന് ഒരു ആശ്വാസം നൽകുന്ന ഒരിടം.. അത് ഇവിടെ ആണ്. നിനക്ക് നിന്റെ ഇഷ്ട്ടങ്ങൾ മാത്രമാണ് വലുത്. അതിനിടയിൽ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കോ വിഷമങ്ങൾക്കോ എന്ത് വില. ഇന്നലെ നീ എന്താ പറഞ്ഞത്, എനിക്ക് കുട്ടി വേണമെങ്കിൽ വാടകക്ക് ഒരു ഗർഭപാത്രം കിട്ടുമെന്ന്..ശരിയാ കിട്ടും… അങ്ങനെ ഒരു കുഞ്ഞിനേയും ജനിപ്പിക്കാം..പക്ഷേ, നിന്നെ പോലെ മനസുള്ള ഒരാളുടെ കൂടെ വേണമല്ലോ ആ കുഞ്ഞും താമസിക്കാൻ…അതുകൊണ്ട് നിനക്ക് നല്ലത് ഇവിടെ ആണ്… നിന്റെ താളത്തിനൊത്തു തുള്ളുന്നവർ ഇവിടെ ഉണ്ടല്ലോ.. അവർക്കൊപ്പം ഇനി സന്തോഷത്തോടെ കഴിയാം..ഇന്നലെ നീ പറഞ്ഞ വാക്കുകൾക് മുഖമടച്ചൊന്നു തരണം എന്നാണ് ആദ്യം കരുതിയത്.. പക്ഷേ, അതിൽ എന്ത് കാര്യം… എന്റെ കൈ വേദനിക്കുമെന്നല്ലാതെ..

അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു.. ഒരു ഗർഭപാത്രം വാടക്കെടുക്കുന്നതിലും നല്ലത്

ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന്..അങ്ങനെ ഒരു കുഞ്ഞിനെ അച്ഛനാകാമെന്ന്..അതുപോലെ പ്രസവിക്കാനും കുഞ്ഞിന്റെ അമ്മയാകാനും ആഗ്രഹത്തോടെ കാത്തിരുന്നിട്ടും അതിന് കഴിയാത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച ഒരു പെണ്ണിനെ ജീവിതത്തിലേക്ക് കൂട്ടാനും….ഗർഭപാത്രം ഉണ്ടായിട്ടും കുഞ്ഞിന്റെ അമ്മയാകാൻ മടിക്കുന്ന നിന്നെക്കാൾ നല്ലത് ഒരു കുഞ്ഞിന്റെ അമ്മയാവാൻ കൊതിയോടെ കാത്തിരുന്നിട്ടും ഗർഭത്തിൽ ചുമക്കാൻ കഴിയാതെ പോയ അങ്ങനെ ഒരു പെണ്ണാണ്.നിന്റെ പൊന്നും പണവുമെല്ലാം ഈ ബാഗിൽ ഉണ്ട്..അത് കെട്ടിപിടിച്ച് ഇവിടെ സൗന്ദര്യം കാത്തുസൂക്ഷിച്ചിരിക്ക് മോള്..ഡിവോഴ്സ് പേപ്പർ വഴിയേ വരും.

ഇനി ഇതിന്റെ പേരിൽ ഫേസ്ബുക്കിൽ നിന്റെ വലിയ ഒരു പോസ്റ്റ്‌ ഉണ്ടാകുമെന്ന് അറിയാം.. അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ കൊച്ചമ്മമാരും രാത്രി ആങ്ങളമാരും ഒക്കെ ഉണ്ടാകുമെന്ന് അറിയാം… അവരോട് ഈ നിമിഷത്തിൽ ഒന്നേ കൊടുക്കാനുള്ളൂ..

ഒരു അസ്സൽ നടുവിരൽ നമസ്ക്കാരം…

അപ്പൊ പോട്ടെ.. വീണ്ടും കാണാം എന്ന് പറയുന്നില്ല…എന്തിനാണ് വെറുതെ…. “

അതും പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് അവന് പുറത്തേക്ക് പോകുമ്പോൾ അവൾ എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു..മനസ്സിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കണ്മുന്നിൽ കണ്ടതിന്റെ ഹാങ്ങോവറിൽ..!