കണക്ക് പുസ്തകം
എഴുത്ത്: അനിൽ പി. മീത്തൽ
“ഇന്ന് വൈകീട്ട് 6 മണിക്ക് മുൻപായി പണം പലിശ സഹിതം തന്നില്ലെങ്കിൽ ഞാനങ്ങോട്ട് വരും, നിന്റെ വീട്ടിലേക്ക്… ഒറ്റക്കല്ല എന്റെ പിള്ളേരുണ്ടാകും കൂടെ. നിനക്ക് അറിയാലോ നമ്മുടെ ഒരു രീതി “
മീശ പിരിച്ച് കൊണ്ട് വട്ടി പലിശക്കാരൻ നാഗേഷ്, ഗോപന്റെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു
നാഗേഷിന്റെ വിരട്ടൽ കണ്ട് ഗോപൻ നിന്ന് വിയർത്തു. സുഹൃത്തിന്റെ അച്ഛന്റെ അടിയന്തര സർജറിക്ക് വേണ്ടിയാണ് പലിശക്ക് പണം എടുത്ത് കൊടുത്തത്. അതിപ്പോൾ പലിശയും പലിശയുടെ പലിശയുമായി . സുഹൃത്തിനോട് ഇപ്പോൾ പണം തിരിച്ച് ചോദിക്കാൻ പറ്റിയ അവസ്ഥയുമല്ല.
“ചേട്ടാ ഇന്ന് വൈകുന്നേരത്തേക്ക് ഞാൻ പണം തരും. ഉറപ്പായിട്ടും തന്നിരിക്കും. ഞാനിപ്പോൾ പോകട്ടെ… വൈകുന്നേരം നമുക്ക് കാണാം” ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി താഴ്ന്ന സ്വരത്തിൽ ഗോപൻ പറഞ്ഞു.
“ഉം… ഇപ്പോൾ പോയിക്കോ.. വൈകുന്നേരം കാണണം…ഞാൻ പറഞ്ഞാ പറഞ്ഞതാ. അതോർത്താൽ നന്ന്” നാഗേഷ് മുറുക്കാൻ നീട്ടി തുപ്പി ക്കൊണ്ട് പറഞ്ഞു.
ഗോപൻ ഒരു വിധം അവിടുന്ന് രക്ഷപ്പെട്ടു. ഈശ്വരാ എവിടുന്ന് ഞാൻ ഇത്രയും പണം വൈകുന്നേരത്തേക്ക് ശരിയാക്കും. ഓർക്കുമ്പോൾ തന്നെ തല പെരുക്കുന്നു.
ഗോപൻ പണം കിട്ടാനുള്ള വഴികൾ ആലോചിച്ചു. പെട്ടന്ന് തന്റെ സുഹൃത്തായ സണ്ണിയെ ഓർമ്മ വന്നു. സണ്ണി CA ക്ക് പഠിക്കുകയാണ്. അവന്റെ അച്ഛൻ വല്യ കാശുകാരനാണ്. ചോദിച്ചാൽ തരാതിരിക്കില്ല. ഗോപൻ നേരെ സണ്ണിയുടെ വീട്ടിലേക്ക് തിരിച്ചു.
സണ്ണിയോട് നടന്ന കാര്യങ്ങളൊക്കെ ഗോപൻ പറഞ്ഞു.
“നീ എന്താ സണ്ണി ഒന്നും മിണ്ടാത്തത്. ഇന്ന് വൈകുന്നേരത്തേക്ക് പണം കൊടുത്തില്ലേൽ എനിക്ക് വീട്ടിലേക്ക് പോകാൻ പറ്റില്ല” ഗോപൻ ഓർമിപ്പിച്ചു
“ഒരു മിനിറ്റ്…ഞാനിപ്പോ വരാം” സണ്ണി അകത്തേക്ക് പോയി ഒരു ലാപ്ടോപ്പുമായി തിരിച്ചു വന്നു.
ഇവനെന്താ ലാപ്ടോപ്പുമായിട്ട്. ഇനി ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാനായിരിക്കുമോ. ഗോപൻ മനസിൽ പറഞ്ഞു.
“ദാ..ഇത് നോക്ക്” സണ്ണി ഒരു ഫയൽ തുറന്ന് ഗോപന് കാണിച്ച് കൊടുത്തു.
“എന്തായിത്… ഇതെന്തിനാ ഇപ്പം എന്നെ കാണിക്കുന്നത് ” ഗോപൻ സംശയത്തോടെ ചോദിച്ചു.
“ഇത് കണക്ക് പുസ്തകം. നീ പലപ്പോഴായി എന്റെടുക്കൽ നിന്നും വാങ്ങിയ കാശിന്റെ കണക്ക്” സണ്ണി ലാപ് ടോപ്പ് ഗോപന്റെ മുന്നിലോട്ട് നീക്കിവെച്ച് കൊണ്ട് പറഞ്ഞു.
“എന്തെടാ ഇത് ..നീ ഇതൊക്ക എഴുതിവെക്കാറുണ്ടോ.. അപ്പോ ഞാൻ നിനക്ക് വേണ്ടി ചെലവാക്കിയ കാശിന്റെ കണക്കൊക്കെയെവിടെ?” ഗോപൻ തിരിച്ച് ചോദിച്ചു
” നിന്റെയെടുക്കൽ ഉണ്ടെങ്കിൽ എന്നെ കാണിക്ക്…ഞാൻ തരാം” സണ്ണി പറഞ്ഞു
“ഓ… ഞാൻ അങ്ങനെ സുഹൃത്തുകൾക്ക് വേണ്ടി ചെലവാക്കുന്ന പണത്തിന്റെ കണക്ക് വെക്കാറില്ല” ഗോപൻ ഈർഷ്യയോടെ പറഞ്ഞു.
“ഉം… അതുകൊണ്ടാ നീ ഇപ്പം പണത്തിന് വേണ്ടി പരക്കം പായുന്നത്” സണ്ണി ലാപ്ടോപ്പ് അടച്ചു കൊണ്ട് പറഞ്ഞു.
“അപ്പോ ഞാൻ ചോദിച്ച പണം എങ്ങനെ യാ.. തരാൻ പറ്റ്യോ ” ഗോപൻ സോഫയിൽ നിന്നെണീറ്റ് കൊണ്ട് ചോദിച്ചു.
“നീ ഈ അകൗണ്ട് ക്ലോസ് ചെയ്യാതെ പുതിയ ക്രെഡിറ്റ് തരാൻ പറ്റൂല. പിന്നെ കാശ് നിനക്ക് വേണ്ടിയല്ലല്ലോ.. നാട്ടുകാരെ നന്നാക്കാനല്ലെ” സണ്ണി ചിരിച്ച് കൊണ്ട് പറഞ്ഞു.
“എന്നാൽ നീ ക്രഡിറ്റും ഡബിറ്റും ചെയ്ത് പഠിക്ക് …ഞാൻ വെറെ വഴി നോക്കട്ടെ “
ഗോപൻ സണ്ണിയുടെ വീട്ടിൽ നിന്നിറങ്ങി നേരെ പോയത് ഗവ. ഗേൾസ് ഹൈസ്കൂളിലേക്കാണ് . അവിടെയാണ് ദേവിക പഠിപ്പിക്കുന്നത്.
“ദേവു നിന്നോട് ഒരു കാര്യം പറയാനുണ്ട്.. വരൂ നമുക്ക് കുറച്ച് നേരം പുറത്ത് പോയിട്ട് വരാം” ടീച്ചേർസ് റൂമിലിരിക്കുകയായിരുന്ന ദേവികയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് ഗോപൻ പറഞ്ഞു.
“ഗോപു …. കൈയ്യെടുക്ക്…പ്ലീസ് ടീച്ചേർസ് നോക്കുന്നു” ദേവിക പതുക്കെ പറഞ്ഞു
“അവർക്കൊക്കെ നമ്മുടെ കാര്യമറിയാം.. നീ വേഗത്തിൽ വരൂ… നമുക്ക് കേന്റീനിൽ പോയിരിക്കാം” ഗോപൻ തിരക്കുകൂട്ടി.
“കുറേ നേരമായല്ലോ ഒന്നും മിണ്ടാതിരിക്കുന്നത്. എന്താ ഇത്ര വലിയ കാര്യം” കേന്റീനിലുള്ള സ്റ്റാഫിന്റെ കേബിനിൽ നിന്ന് ചായ കുടിക്കുന്നതിനിടയിൽ ദേവിക ചോദിച്ചു.
“ദേവൂ… എനിക്ക് അത്യാവശ്യമായി കുറച്ച് പണം വേണം” കാര്യങ്ങൾ ചെറുതായി ഗോപൻ വിവരിച്ച് കൊടുത്തു.
“എനിക്ക് അപ്പോഴേ തോന്നിയിരുന്നു… ഇതിപ്പം എത്ര പ്രവശ്യമായി നാട്ടുകാരെ സഹായിക്കാനായി ഇങ്ങനെ കടം വാങ്ങാൻ തുടങ്ങിയിട്ട്… സാമൂഹ്യ സേവനം ഇത്തിരി കൂടുന്നുണ്ട്… ഈശ്വരാ ഇങ്ങനെയൊരാളൊപ്പമാണല്ലോ ഞാൻ ജീവിക്കാൻ തീരുമാനിച്ചത് ” ദേവിക ദേഷ്യത്തോടെ പറഞ്ഞു.
“നിനക്ക് തരാൻ പറ്റ്യോ എന്ന് മാത്രം പറഞ്ഞാൽ മതി… അധികം വിസ്തരിക്കണ്ട” ഗോപൻ അല്പം ദേഷ്യത്തോടെ പറഞ്ഞു.
“ഒരു മിനിറ്റ് … ഇതൊന്ന് നോക്കിയെ ” ദേവിക ബാഗ് തുറന്ന് മൊബൈൽ ഫോൺ എടുത്തു കാണിച്ചു.
“എന്താണിത്” ഗോപൻ മൊബൈൽ വാങ്ങി കൊണ്ട് ചോദിച്ചു.
“ഗോപു ഇതുവരെ എന്നോട് വാങ്ങിയ പൈസയുടെ കണക്കാണിത്…എനിക്കറിയാം ഇതൊക്കെ ഗോപുവിന് വേണ്ടി വാങ്ങിയതല്ലെന്ന് … അതുകൊണ്ടാണ് ഞാൻ കൃത്യമായി കണക്ക് വെച്ചത്. കൂടാതെ കൈയ്യിലുണ്ടായിരുന്ന പണം ഒരത്യാവശ്യത്തിന് അച്ഛന് കൊടുക്കുകയും ചെയ്തു.” മൊബൈൽ തിരികെ ബാഗിൽ വച്ചുകൊണ്ട് ദേവിക പറഞ്ഞു.
“നീയും കണക്ക് പറയുകയാണല്ലേ. ശരി ഞാൻ പോകുന്നു”. ദേവിക തിരിച്ച് വിളിച്ചെങ്കിലും ഗോപൻ നിന്നില്ല.
വീട്ടിൽ തിരിച്ചെത്തിയ ഗോപൻ ഡ്രോയിംഗ് റൂമിൽ ടിവി കണ്ടിരിക്കുന്ന മണിക്കുട്ടിയെ കണ്ടു. ഇനിയുള്ള ആശ്രയം ഇവളാണ്. പെങ്ങളാണെങ്കിലും അറു പിശുക്കിയാണ്. എന്നാലും ഒന്ന് നോക്കാലോ.
“മണിക്കുട്ടീ ഇന്ന് രാവിലത്തെ ദോശക്കുള്ള ചമ്മന്തി നീയാണോ ഉണ്ടാക്കിയത് “
“അതേല്ലോ.. ഞാനാണുണ്ടാക്കിയത്. എന്താ ഇഷ്ടപ്പെട്ടില്ലേ” മണിക്കുട്ടി ടീവിയിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
“വളരെ നന്നായിരുന്നെടീ …നിനക്ക് ഭയങ്കര കൈപുണ്യമാണ്” ഗോപൻ മണിക്കുട്ടിയുടെ അരികിലേക്കിരുന്നു കൊണ്ട് പറഞ്ഞു.
“ഉം… മതി മതി…എന്താ പ്രശ്നം..”
“ചെറിയ പ്രശ്നമുണ്ട്. നിന്റെയെടുക്കൽ കുറച്ച് കാശുണ്ടാവുമോ എടുക്കാൻ”
“പുകഴ്ത്തൽ കണ്ടപ്പോഴെ തോന്നി എന്തെങ്കിലും ആവശ്യമുണ്ടാവുമെന്ന് “
“നീ നിന്റെ ഭണ്ഡാരപ്പെട്ടിയിൽ ഒന്ന് നോക്ക്.. ഞാൻ പെട്ടെന്ന് തിരിച്ചു തരാം”
“ഒരു മിനിറ്റ്… ഞാനിപ്പോൾ വരാം” മണിക്കുട്ടി അകത്ത് പോയി ഒരു ചെറിയ പുസ്തകവുമായി തിരിച്ചു വന്നു.
“എന്തായിത് മണിക്കുട്ടി ” ഗോപൻ ചോദിച്ചു.
“ചേട്ടൻ ഇതു വരെ എന്റെടുത്തീന്ന് വാങ്ങിയ കാശിന്റെ കണക്ക് ” ബുക്ക് ഗോപന് നേരെ നീട്ടികൊണ്ട് മണിക്കുട്ടി പറഞ്ഞു.
“എടീ കഴിഞ്ഞ മാസം നിനക്ക് ഞാൻ വാങ്ങി തന്ന ചുരിദാറിന്റെ കണക്ക് ഇതിലുണ്ടോ” ഗോപൻ മണി കുട്ടിയുടെ ചെവിക്ക് നുള്ളി കൊണ്ട് ചോദിച്ചു.
“അതിന് ഞാൻ ചോദിച്ചിട്ടല്ലല്ലോ ചുരിദാർ വാങ്ങിതന്നത്” ഗോപനെ തള്ളിമാറ്റി കൊണ്ട് മണിക്കുട്ടി അകത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞു.
ടെൻഷനും ക്ഷീണവും കൊണ്ട് ഗോപൻ സോഫയിൽ ഇരുന്നയിടത്ത് തന്നെ ഉറങ്ങിപോയി. കുറച്ച് സമയത്തിന് ശേഷം ഒരു നനുത്ത കൈ സ്പർശം നെറ്റിയിൽ തലോടുന്നത് പോലെ തോന്നി കണ്ണു തുറന്നു . അമ്മയാണ്.
“എന്താ നിനക്ക് പറ്റിയത്. മുഖത്ത് നല്ല ക്ഷീണമുണ്ടല്ലോ” അമ്മ ഗോപന്റെയടുത്ത് ഇരുന്നു.
“ഒന്നുമില്ല… വെറുതെ കിടന്നതാണ്”
“അല്ല നിന്റെ മുഖം കണ്ടാലെനിക്കറിയില്ലേ… നീ എന്താണേലും എന്നോട് പറയ്”
ഗോപൻ അമ്മയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു.
“അമ്മയുടെയടുത്ത് കാശുണ്ടോ” സോഫയിൽ നിന്നെഴുന്നേറ്റ് അമ്മയുടെ കൈ പിടിച്ചുകൊണ്ട് ഗോപൻ ചോദിച്ചു.
“എന്റെടുത്ത് എവിടുന്നാ കാശ്.. മാസാവസാനമല്ലേ” അമ്മ കൈമലർത്തി
“എങ്ങനെയെങ്കിലും ശരിയാക്കി തരൂ … അല്ലെങ്കിൽ പലിശക്കാർ എന്നെ … ” ഗോപൻ വാക്കുകൾ പൂർത്തിയാക്കാൻ വിഷമിച്ചു.
“ഒരു മിനിറ്റ് … ഞാനിപ്പോൾ വരാം” ഗോപന്റെ മുഖഭാവം കണ്ട അമ്മ അകത്തേക്ക് പോയി.
കുറച്ച് സമയത്തിന് ശേഷം അകത്ത് നിന്ന് തിരിച്ചു വന്ന അമ്മ നേർത്ത മിനുസമുള്ള തുണിപ്പൊതി ഗോപന്റെ കൈയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു
“ഇത് എന്റെ പെട്ടിയിൽ കിടന്നിരുന്നതാണ്. പെട്ടി വൃത്തിയാക്കുന്നതിനിടയിൽ കിട്ടിയതാ. ഇത് വിറ്റാൽ നിനക്ക് ആവശ്യമുള്ള പണം കിട്ടും “
ഗോപൻ പൊതി തുറന്നു നോക്കി. സാമാന്യം നല്ല വലിപ്പമുള്ള ചുവന്ന കല്ലുള്ള മുക്കുത്തി!
“ഇത് എനിക്ക് വേണ്ട.. ഞാൻ വേറെ വഴി നോക്കിക്കോളാം ” പൊതി തിരിച്ച് നീട്ടി കൊണ്ട് ഗോപൻ പറഞ്ഞു.
“ഞാൻ ഇനി ഇത് ഇടാനൊന്നും പോകുന്നില്ല. നിന്റെ കൈയിൽ കാശുണ്ടാകുമ്പോൾ മണിക്കുട്ടിക്ക് പുതിയതൊന്ന് വാങ്ങി കൊടുത്തോളൂ ” അമ്മ ഗോപനെ നിർബന്ധിച്ചു.
എന്തായാലും ആവശ്യം നടക്കട്ടെ. തെല്ലൊരു ആശ്വാസത്തോടെ ഗോപൻ മനസ്സിൽ വിചാരിച്ചു. പിന്നീട് പതുക്കെ അമ്മയോട് ചോദിച്ചു
“അല്ല അമ്മേ … അമ്മയ്ക്ക് കണക്ക് പുസ്തകമൊന്നുമില്ലേ?”
“എന്ത് കണക്ക് പുസ്തകം? ” അമ്മ മനസ്സിലാവത്തത് പോലെ ചോദിച്ചു.
” അത്…അമ്മ എനിക്ക് തന്നതിന്റെയൊക്കെ കണക്ക് എഴുതി വെക്കുന്ന പുസതകം”
ഗോപൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
അമ്മ കുറച്ച് നേരം നിശ്ശ്ബദയായി… പിന്നിട് ഗോപനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു
“ഞാൻ നിനക്ക് തന്നതിന്റെ കണക്കിൽ എന്തൊക്കെ പെടും? പണം മാത്രമാണോ? മറ്റ് വല്ലതും പെടുമോ?… നീ ജനിച്ചത് മുതൽ ഇത് വരെയുള്ള എന്റെ ജീവിതമാണ് നിനക്ക് തന്നിട്ടുള്ളത്. അതിന് എത്ര കണക്ക് പുസ്തകം വേണ്ടിവരും? “
അമ്മയുടെ മറുപടി കേട്ട് ഗോപൻ വല്ലാതായി…ഒരു നിമിഷം… ഗോപന്റെ കണ്ണ് നിറഞ്ഞു… പിന്നെ പതുക്കെ അമ്മയെ കെട്ടിപിടിച്ച് പറഞ്ഞു
“സോറി അമ്മേ…ഞാൻ… അറിയാതെ “
സാരമില്ലെടാ… നീ വേഗം പോയി വേണ്ടത് ചെയ്യൂ. എനിക്ക് അടുക്കളയിൽ പണിയുണ്ട്” അമ്മ ഗോപന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു. പിന്നെ ധൃതിയിൽ അകത്തേക്ക് നടന്നു പോയി.
ഗോപൻ കൈയ്യിലിരിക്കുന്ന പൊതിയിലേക്ക് നോക്കി…ചുവന്ന കല്ലുള്ള മുക്കുത്തി തന്നെ നോക്കി വാത്സല്യത്തോടെ ചിരിക്കുന്നതായി ഗോപന് തോന്നി