വീണ്ടെടുക്കലുകൾ ❤❤
Story written by Bindhya Balan
??????????
“ഏട്ടന്റെ ഇന്ദുന് കുറച്ചു ദിവസമായിട്ടു എന്താ പറ്റിയെ….. എന്തെങ്കിലും സങ്കടം ഉള്ളിലുണ്ടോ മോൾക്ക്.. “
രാത്രിയിൽ പതിവ് പോലെ എന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ അവളിൽ നിന്നൊരു ദീർഘശ്വാസം ഉയരുന്നത് കേട്ട് ഉള്ളിലെന്തോ ഒരു അസ്വസ്ഥത തോന്നിയെനിക്ക്. ഇതിപ്പോ കുറച്ചു ദിവസമായി ഇവൾ ഇങ്ങനെയാണ്..ആകെ ഒരു മൗനം.. ചിരിയില്ല, കലപില വർത്തമാനമില്ല… എനിക്കെന്തോ അത് താങ്ങാൻ കഴിയാത്ത ഒരവസ്ഥ ..
ഇനി എന്റെ ഭാഗത്ത് നിന്ന് അവളെ വേദനിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും ഉണ്ടായോ.. ആകെ വട്ടു പിടിക്കുന്നത് പോലെ തോന്നിയെനിക്ക്. അത് കൊണ്ടാണ് ഞാൻ അവളോട് ചോദിച്ചത്. പക്ഷെ എന്റെ ആ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ, എന്നേ ഒന്ന് കൂടി മുറുകെപ്പിടിച്ച് അവൾ മറ്റൊരു ചോദ്യമാണ് ചോദിച്ചത്
“എന്റെ കൂടെ എന്നൂണ്ടാവില്ലേ അനുവേട്ടൻ? “
“അതെന്താ നിനക്കിപ്പോ അങ്ങനെ ഒരു സംശയം? നമ്മുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസം ആയി.. ഇത് വരെയുള്ള എന്നേ കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു…? അതല്ല, ഞാൻ എന്നും നിന്റെ കൂടെയുണ്ടാവും എന്ന് ഞാൻ പറഞ്ഞു കേൾക്കുന്നത് ഇഷ്ടം ആണെങ്കിൽ ഞാൻ പറയാം, എന്റെ ഇന്ദൂട്ടീടെ കൂടെ ഏട്ടൻ ഉണ്ടാവും എന്നും.. നിന്നെ ഒറ്റയ്ക്കാക്കി ചാവേം കൂടിയില്ല ഞാൻ.. അത്രയ്ക്ക് ജീവനാടി നീയെന്റെ.. നീയില്ലെങ്കിൽ പിന്നെ അനുദീപ് ഇല്ല.. മനസിലായോ “
അത്രയും പറഞ്ഞിട്ട് അവളെ ചേർത്ത് പിടിച്ച് കണ്ണിന്റെ കോണിലൊരുമ്മ കൊടുക്കുബോൾ, ചുണ്ടിൽ കിനിഞ്ഞ കണ്ണുനീരിന്റെ ഉപ്പ് രസം വീണ്ടുമെന്റെ നെഞ്ചിൽ നീറ്റലുണ്ടാക്കി..
അവളുടെ മുഖം ഉമ്മകൾ കൊണ്ട് മൂടി,
“ഏട്ടനുണ്ടെടാ കൂടെ ” എന്ന് മാത്രം പറഞ്ഞ് അവളെ ഒന്ന് കൂടി ചേർത്ത് പിടിക്കുമ്പോൾ മൂന്ന് മാസം മുൻപത്തെ കാര്യങ്ങൾ വെറുതെ ഓർത്തു ഞാൻ.
വിവാഹാലോചനയുമായി വന്ന ബ്രോക്കറോട് ഒന്നേ ഞാൻ പറഞ്ഞുള്ളൂ, പാവപ്പെട്ടൊരു വീട്ടിലെ കുട്ടിയാവണം, ഒരു തരി പൊന്ന് പോലും സ്ത്രീധനമായെനിക്ക് വേണ്ട “
അങ്ങനെയാണ് ഇന്ദുവിനെ ഞാൻ പെണ്ണ് കാണാൻ പോകുന്നത്. അവളെ കണ്ടു കുട്ടിത്തവും ശ്രീയും നിറഞ്ഞ മുഖം..വിടർന്ന കണ്ണുകളും, ചിരിക്കുമ്പോൾ ഇടംകവിളിൽ തെളിയുന്ന നുണക്കുഴിയും എന്നേ ആദ്യകാഴ്ചയിൽ തന്നെ അവളിൽ തളച്ചിടുകയായിരുന്നു.
എനിക്ക് അവളെയും അവൾക്ക് എന്നെയും ഇഷ്ടപ്പെട്ടത് കൊണ്ട്, പിന്നെയുള്ള കാര്യങ്ങൾ എല്ലാം വളരെപ്പെട്ടെന്നായിരുന്നു. തറവാട്ടമ്പലത്തിലെ ദേവിയ്ക്ക് മുന്നിൽ വച്ച് അവളുടെ കഴുത്തിൽ താലി കെട്ടി,അവളുടെ അച്ഛൻ എന്റെ വലം കയ്യിലേക്ക് അവളുടെ കൈ ചേർത്ത് വയ്ക്കുമ്പോൾ എന്നോട് ഒന്നേ പറഞ്ഞുള്ളൂ
“പിടിച്ചാൽ എത്താത്ത ഉയരത്തിലേക്കാണ് ന്റെ മോളെ ഞാൻ പറഞ്ഞു വിടുന്നത്. പാവമാണ് ന്റെ മോള്.. കരയിക്കരുത് അവളെ.. “
അച്ഛന്റെ കൈയെടുത്തെന്റെ നെഞ്ചോട് ചേർത്ത് പിടിച്ച്, അച്ഛന്റെ മകൾ എന്റെ പ്രാണനാണ് എന്ന് പറയുമ്പോൾ നിറഞ്ഞ ആ കണ്ണുകളിൽ, മകൾ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് എന്ന ആശ്വാസം ഉണ്ടായിരുന്നു…
അച്ഛന് കൊടുത്ത ആ വാക്ക് കഴിഞ്ഞ നിമിഷം വരെയും ഞാൻ പാലിച്ചിട്ടുണ്ട്..പക്ഷെ ഇന്നാദ്യമായി അവളുടെ കണ്ണ് നിറഞ്ഞു… എന്തോ വലിയൊരു സങ്കടം അവളുടെ ഉള്ളിൽ കിടന്നു പുകയുന്നുണ്ട്.. എന്നോട് പറയാൻ പറ്റാത്ത, അല്ലെങ്കിൽ എന്നോട് പറയാൻ പേടിക്കുന്ന എന്തോ ഒന്ന്..എന്തായാലും നാളെയാവട്ടെ..അങ്ങനെ ഒരു സങ്കടം അവൾക്കുണ്ടെങ്കിൽ അതിന് പരിഹാരം കാണാൻ ഞാൻ അല്ലാതെ അവൾക്ക് മറ്റാരാണ് ഉള്ളതെന്ന ധൈര്യം അവൾക്ക് കൊടുക്കണം.. എന്നോട് പറയും അവൾ… തീർച്ച..
ഉറച്ചൊരു തീരുമാനത്തോടെ, അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ച് നെറുകയിൽ ഒരുമ്മ കൂടി കൊടുത്ത് ഉറക്കത്തിലേക്ക് വീഴുമ്പോൾ, അപ്പോഴും അവ്യക്തമായി അവളുടെ തേങ്ങൽ ഞാൻ കേട്ടു.
??????????
രാവിലെ ഉറക്കമുണരുമ്പോൾ ഞാൻ കണ്ടത്, ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ഇന്ദുവിനെയാണ്.. ഒന്നും മിണ്ടാതെ പതിയെ എഴുന്നേറ്റു ചെന്ന് അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റി, കഴുത്തിൽ ചുണ്ടമർത്തുമ്പോൾ, ഉയർന്ന് വന്നൊരു തേങ്ങലോടെ അവളെന്റെ നെഞ്ചിലേക്ക് വീണു.
“ഇന്ദു.. മോളെ.. എന്താടാ കാര്യം. നീ ഏട്ടനോട് പറയ്.. എന്താണെങ്കിലും പറയ്. നമുക്ക് പരിഹാരം ഉണ്ടാക്കാം “
അവളെ കെട്ടിപ്പിടിച്ചു, പുറം തലോടിക്കൊണ്ട് ഞാൻ ചോദിച്ചു. പക്ഷെ അവളുടെ തേങ്ങലുകൾ കൂടിയതല്ലാതെ മറുപടി ഒന്നും ഉണ്ടായില്ല… എന്റെ ക്ഷമ നശിക്കാൻ തുടങ്ങിയെങ്കിലും, ഒട്ടും ദേഷ്യംകാട്ടാതെ ഞാൻ അവളോട് പിന്നെയും പറഞ്ഞു
“എന്താണെങ്കിലും ഏട്ടനോട് പറയ്.. നിന്നെ കേൾക്കാൻ ഞാനല്ലാതെ വേറേ ആരാടി ഉള്ളത്… അതോണ്ട് പേടിക്കാതെ, സങ്കടപ്പെടാതെ നീ കാര്യം പറയ്.. “
അപ്പോഴും ഒന്നും മിണ്ടാതെ അവൾ കരച്ചിൽ തുടർന്നു.. എനിക്ക് പിന്നെ ദേഷ്യം പിടിച്ചു നിർത്താൻ ആയില്ല,.അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി ഞാൻ പറഞ്ഞു
“പറയാൻ സൗകര്യം ഉണ്ടേൽ പറഞ്ഞാൽ മതി..എന്തിനും ഒരു പരിധിയുണ്ട്.. ഇന്നലെ മുതൽ നിന്നോട് ഞാൻ ചോദിക്കുന്നതല്ലേ.. നിനക്കെന്താ പറഞ്ഞാല്.. അത്ര തല പോകുന്ന എന്ത് പ്രശ്നമാടി നിനക്ക്.. എനിക്ക് അറിയണം.. അത് പറഞ്ഞിട്ട് നീ എന്നോട് മിണ്ടിയാൽ മതി.. അല്ലാതെയിനി എന്റെയടുത്ത് അനുവേട്ടാന്ന് വിളിച്ച് കിണുങ്ങി വരാൻ നിൽക്കരുത്.. കേട്ടല്ലോ.. “
അത്രയും പറഞ്ഞിട്ട് അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടില്ലെന്നു വച്ച് അവളെ തള്ളിമാറ്റി ഞാൻ ഹോസ്പിറ്റലിലേക്ക് പോകാനുള്ള തിരക്കുകളിലേക്ക് പോയി..
കുളിയും വേഷം മാറലുമെല്ലാം കഴിഞ്ഞ് റെഡി ആയി താഴേക്കിറങ്ങി വരുമ്പോൾ കണ്ടു, ഡൈനിങ് ടേബിളിൽ അവളും അമ്മയും ഇരുപ്പുണ്ട്. എന്നേ കണ്ടതും ഭക്ഷണം വിളമ്പാനായി അവൾ പ്ലേറ്റ് നിവർത്തി വച്ചു..അത് ഗൗനിക്കാതെ ഞാൻ അമ്മയോട് മാത്രം യാത്ര പറഞ്ഞിറങ്ങുമ്പോൾ ചങ്കിനകത്തൊരു കത്തി കുത്തിയിറങ്ങിയ വേദനയോടെ എന്നേ നോക്കി നിൽക്കുന്ന എന്റെ ഇന്ദുവിന്റെ മുഖം…സാരമില്ല.. അവളെക്കൊണ്ട് ഉള്ളിലെ വിഷമം പറയിക്കാൻ ഇതാണ് ഏക വഴി എന്ന് ആശ്വസിച്ചു കൊണ്ട് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
എങ്കിലും ഹോസ്പിറ്റലിൽ ചെന്നിറങ്ങുമ്പോഴും കാഷ്വാലിറ്റിയിലെ തിരക്കുകളിൽ മുഴുകുമ്പോഴും ഉള്ള് നിറയെ അവളുടെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു..ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ.. ആ അവസ്ഥയിൽ ഇനിയും പേഷ്യൻസിനെ നോക്കിയാൽ ശരിയാവില്ല എന്ന് മനസിലായപ്പോൾ ചെറിയൊരു ബ്രേക്ക് എടുത്ത് ഞാൻ ക്യാന്റീനിലേക്ക് നടന്നു .
അവിടെ ചെന്ന് ഒരു ചായ ഓർഡർ ചെയ്ത്, ഇന്ദുവിനെക്കുറിച്ച് തന്നെ ആലോചിച്ചു ഇരിക്കുമ്പോൾ ആണ്, ഡോക്ടർ പ്രവീൺ, എന്റെ അടുത്ത കൂട്ടുകാരൻ വന്നത്. എന്റെ മുഖത്ത് നിറഞ്ഞ വല്ലായ്മയുടെ കാരണം തിരക്കിയ അവനോട്, കുറച്ചു ദിവസങ്ങളായി ഇന്ദുവിൽ കാണുന്ന മാറ്റത്തെക്കുറിച്ച് ഞാൻ പറഞ്ഞു. ഒക്കെ കേട്ടിട്ട് അവൻ ചോദിച്ചു
“ഇന്ദുവും അമ്മയുമായി പ്രോബ്ലം ഒന്നുമില്ലല്ലോ”
“ഏയ്.. അവർ തമ്മിൽ നല്ല സ്നേഹം ആണെടാ.. പെൺകുട്ടികൾ ഇല്ലാതിരുന്നത് കൊണ്ട് അമ്മയ്ക്ക് അവളെ കാര്യമാണ്… “
“അപ്പൊ അത് തന്നെ, ഡാ ഇത് മിക്ക പെൺകുട്ടികൾക്കും ഉണ്ടാവുന്നതാണ്.. വീട്ടിൽ നിന്ന് പോന്നതിന്റെ ഒരു ഇൻസെക്യുരിറ്റിഫീൽ കല്യാണം കഴിഞ്ഞു ആദ്യത്തെ കുറച്ചു ദിവസം എപ്പോഴും നീ കൂടെ ഉണ്ടായിരുന്നല്ലോ.. ഇപ്പൊ അതില്ല.. മാത്രമല്ല, നിന്റെ ഈ തിരക്കുകളും ഹോസ്പിറ്റലിലേക്കുള്ള ഓട്ടവും ഒക്കെ കാണുമ്പോൾ അവൾക്ക് തോന്നുണ്ടാവും നീ അവളെ തനിച്ചാക്കുവാണെന്നു .. അതാവാം കാരണം.. അത് കൊണ്ടാണ് നീ ചോദിക്കുമ്പോൾ പറയാത്തത്. നീയത് ഏത് സെൻസിൽ എടുക്കുമെന്ന് അവൾക്കറിയില്ലല്ലോ. “
അവൻ പറഞ്ഞതിലും കാര്യമുണ്ടെന്നു എനിക്ക് തോന്നി. എങ്കിലും ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ തിരക്കുകളിൽ ഒരിക്കൽപ്പോലും ഞാനവളെ ശ്രദ്ധികാതിരുന്നിട്ടില്ല.. എന്നിട്ടുമെന്തേ അവൾക്ക് ഇങ്ങനെയൊരു നൊമ്പരം..
കാരണം മറ്റെന്തോ ആണെന്ന് ഉള്ളിലിരുന്നു ആരോ പറയുന്നത് പോലെ. പെട്ടന്ന് തോന്നിയ ഒരുൾവിളിയിൽ ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. എന്റെ പോക്ക് കണ്ട് പിന്നിൽ നിന്ന് വിളിച്ച പ്രവീണിനോട്, വീട്ടിലേക്ക് പോകുവാണ് എന്ന് മാത്രം ഞാൻ പറഞ്ഞു.
??????????
വീട്ടിലെത്തിയതും ഗേറ്റിനു മുന്നിൽ കാറ് നിർത്തിയിറങ്ങി, ഗേറ്റ് തുറന്നു മുറ്റത്തേക്ക് കയറുമ്പോൾ, എന്നും തുറന്നു കിടക്കാറുള്ള മുൻവാതിൽ അടഞ്ഞു കിടക്കുന്നതാണ് ഞാൻ കണ്ടത്. ഷൂ അഴിച്ചു റാക്കിൽ വച്ച് ,വാതിലിന്റെ പിടിയിൽ പിടിച്ചു തിരിച്ചു നോക്കിയപ്പോൾ വാതിൽ തുറന്നു. ഹാളിലോ അടുക്കളയിലൊ ഒന്നും അമ്മയെയോ ഇന്ദുവിനെയോ കാണാനില്ല.. ഞാൻ നേരെ മുകളിലേക്ക് ചെന്നു. റൂമിന്റെ വാതിക്കൽ എത്തിയപ്പോൾ ചാരിയിട്ടിരിക്കുന്ന വാതിലിന്റെ വിടവിലൂടെ അവളുടെ കരച്ചിൽ കേട്ടു ഞാൻ. പതിയെ വാതിൽ കുറച്ചു തുറന്നു അകത്തേക്ക് നോക്കിയ ഞാൻ എന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ മരവിച്ചു നിന്നു പോയി. എന്നേ വിശ്വസിച്ചു എന്റെ കൂടെ വന്ന എന്റെ പെണ്ണിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് അവളെ ഭിത്തിയോട് ചേർത്ത് പിടിച്ചിരിക്കുന്ന എന്റെ അമ്മയുടെ മുഖം എനിക്കൊട്ടും പരിചയമില്ലാത്ത മറ്റാരുടെയോ മുഖം പോലെ തോന്നിയെനിക്ക്.
അമ്മയുടെ കൈപ്പിടിയിൽ കിടന്നു പിടയുന്ന അവളെ നോക്കി പല്ല് ഞെരിച്ചു കൊണ്ട് അമ്മ പിടുത്തം വിട്ടു. ചുമച്ചു കൊണ്ട് തളർന്നു താഴേക്കു വീണ് പോയ അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് അമ്മ പറഞ്ഞു
“ഒന്നും ഇല്ലാത്തിടത്ത് നിന്നു വലിഞ്ഞു കേറി വന്ന് ഇവിടെ സുഖമായി വാഴാമെന്നു കരുതിയോ നീ.. എന്റെ മോന്റെ ഭാര്യയാവാൻ എന്ത് യോഗ്യതയാടി നിനക്കുള്ളത്.. അല്ല നിന്നെ പറഞ്ഞിട്ട് കാര്യമില്ല, നിന്റെ ചന്തം കണ്ട് മയങ്ങി, നിന്റെ തന്തയോട് സ്ത്രീധനമൊന്നും വേണ്ട എന്ന് പറഞ്ഞ എന്റെ മോനേ പറഞ്ഞാൽ മതി.. അത് കേട്ടതും, ഒരു തരി പൊന്നു പോലും ഇല്ലാതെ മകളെ ഇങ്ങോട്ട് വിട്ട നാണംകെട്ടവൻ…എന്റെ മോൻ ഡോക്ടർ ആണ്.അവന്റെ രണ്ടു ചേട്ടന്മാരും കല്യാണം കഴിച്ചിരിക്കുന്നത് രണ്ടു ഡോക്ടർമാരെയാണ്. അതും നല്ല സ്ത്രീധനം വാങ്ങി.. ഇളയവന് മാത്രം സഹജീവികളോട് ഇത്തിരി സഹതാപം കൂടുതൽ ആണ്.. അതാണ് ഒരു ഗതിയും പരഗതിയുമില്ലാത്ത നീ ഈ വീട്ടിൽ കഴിയുന്നത്.. പക്ഷെ ഇനി വേണ്ട.. നല്ല സ്ത്രീധനം വാങ്ങി നല്ല കുടുംബത്ത് നിന്ന് അവനൊരു പെണ്ണിനെ ഞാൻ നോക്കുന്നുണ്ട്..നിന്നോട് ഇത്രയും നാൾ നല്ല ഭാഷയിലും അല്ലാതെയും ഞാൻ പറഞ്ഞു. പറഞ്ഞതനുസരിച്ച് നീയായിട്ട് ഒഴിഞ്ഞു പോയാൽ നിനക്ക് നല്ലത്..ഇല്ലെങ്കിൽ എന്റെ കൈ കൊണ്ട് നീ ചാവും”
അമ്മ പറഞ്ഞത് കേട്ട് കണ്ണുകൾ നിറച്ച് വേദനയോടെ പിടയുന്ന എന്റെ ഇന്ദുവിനെ കണ്ട് സമനില തെറ്റി ഒരു ഭ്രാന്തനെപ്പോലെ അലറി ഞാൻ
“അമ്മേ…. “
എന്റെ വിളി കേട്ട് ഞെട്ടിയ അമ്മ പെട്ടന്ന് അവളുടെ മുടിക്കുത്തിലെ പിടി വിട്ടു.ആ സമയത്തു എന്നേ അവർ അവിടെ പ്രതീക്ഷിച്ചില്ലല്ലോ..
എന്നേ കണ്ടതും അനുവേട്ടാന്ന് അലറി വിളിച്ചു കരഞ്ഞ് ഓടി വന്നെന്റെ പിന്നിൽ മറഞ്ഞു നിന്ന് കിതച്ചു അവൾ
“എനിക്ക് പേടിയാ അനുവേട്ടാ. ഞാൻ.. ഞാൻ പൊയ്ക്കോളാം.. എനിക്ക് പേടിയാണ്.. എന്നെ കൊല്ലല്ലേന്നു പറയ് ഏട്ടാ…ആർക്കുമൊരു ശല്യം ആവാതെ ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാം…അമ്മ പറേണ പോലെ ഞാൻ അനുസരിച്ചോളാം അനുവേട്ടാ.. ന്നേ ഒന്നും ചെയ്യല്ലെന്നു പറയ് ഏട്ടാ.. ഞാനൊരു പാവമാണ് . “
എന്നൊക്കെ എന്നെ പിടിച്ചുലച്ചു അവൾ പുലമ്പി. അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണും മുഖവുമൊക്കെ തുടച്ചു കൊണ്ട്
“ഒന്നൂല്യ.. ഒന്നൂല്യ… അനുവേട്ടനുണ്ട് മോൾക്ക്… ഞാൻ ഉള്ളപ്പോൾ അനുവേട്ടന്റെ ഇന്ദൂനെ ഇവിടെ ആരും ഒന്നും ചെയ്യില്ല.. പേടിക്കാതെ.. “
എന്ന് പറഞ്ഞ് സമാധാനിപ്പിച്ചിട്ട്, എനിക്ക് മുന്നിൽ തല താഴ്ത്തി നിൽക്കുന്ന അമ്മയോട് ഞാൻ മെല്ലെ പറഞ്ഞു
“പെൺകുട്ടികൾ ഇല്ലാത്ത അമ്മയ്ക്ക് ഏട്ടത്തിമാരുടെ ഒപ്പം ഇവളും മകൾ ആയിരിക്കുമെന്ന് വിശ്വസിച്ചതാണ് എന്റെ ഏറ്റവും വലിയ തെറ്റ്.. എന്ത് ഭംഗിയായിട്ടാണ് അമ്മ എന്റെ മുന്നിലഭിനയിച്ചത്.. ഇത്രയ്ക്ക് ക്രൂരയായിരുന്നോ എന്റെ അമ്മ? ഇത്തിരി പൊന്നിന്റെയും പണത്തിന്റെയും പേരിൽ ഈ വീട്ടിൽ ഇവളെയിങ്ങനെ കൊല്ലാക്കൊല ചെയ്യുമ്പോൾ എന്നെക്കുറിച്ച് ഓർത്തായിരുന്നോ എപ്പോഴെങ്കിലും? അമ്മ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഇവൾ അതൊക്കെ ഉള്ളിലൊതുക്കി എന്നോട് ഒരു വാക്ക് പോലും പറയാതെ സഹിച്ചു നിന്നത് എന്താന്നറിയോ, പെറ്റമ്മയെക്കുറിച്ച് എന്നോട് ഇങ്ങനെ പറഞ്ഞാൽ ഒരിക്കലും ഞാനത് വിശ്വസിക്കില്ല എന്ന് തോന്നിയത് കൊണ്ട്.. കാരണം ഞാൻ അറിയുന്ന എന്റെ അമ്മയ്ക്ക് ഇങ്ങനെ ഒരു മുഖം ഇല്ലല്ലോ..”
“മോനേ.. അനൂ.. “
“വിളിക്കരുത് എന്നെയങ്ങനെ..ഞാൻ നിങ്ങളുടെ ആരുമല്ല.. ആയിരുന്നെങ്കിൽ നിങ്ങളീ ദ്രോഹം ചെയ്യുമായിരുന്നോ..”
അമ്മയോട് അത്രയും പറഞ്ഞിട്ട്, നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച്, അലമാര തുറന്നു എന്റെയും അവളുടെയും കുറച്ചു ജോഡി ഡ്രെസ്സുകൾ ഒരു ബാഗിനുള്ളിൽ കുത്തി നിറച്ചു.. പിന്നെ ഇന്ദുവിന്റെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു
“ഇത്രയും നാള് എനിക്ക് വേണ്ടിയല്ലേ ഒക്കെ സഹിച്ചത്..ഒന്നും അറിയാത്തൊരു പൊട്ടനെപ്പോലെ ഞാൻ ഈ വീട്ടിൽ കഴിഞ്ഞു.. ഇനി വേണ്ട… എനിക്കിപ്പോ പ്രധാനം നിന്റെ ജീവനും ജീവിതവുമാണ്..അത് രണ്ടും നിന്റെ അച്ഛൻ എന്നെ വിശ്വസിച്ചു എന്റെ കയ്യിലേക്ക് തന്നതാണ്. അത് കൊണ്ട് ഈ വീട്ടിൽ ഇനി നിന്നെ നിർത്താനുള്ള ധൈര്യം എനിക്കില്ല.. നിന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ ഞാൻ നമ്മുടെ അച്ഛനൊരു വാക്ക് കൊടുത്തിരുന്നു, ഒരിക്കലും നിന്നെ കരയിക്കില്ല എന്ന്.. പക്ഷെ ഞാൻ തോറ്റു പോയ് മോളെ.. ഒന്നും അറിഞ്ഞില്ല ഞാൻ.. ഒരു സൂചനയെങ്കിലും തരാമായിരുന്നില്ലേ നിനക്ക്..”
അത് കേട്ട്, അനുവേട്ടാ എന്നൊരു നിലവിളിയോടെ എന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുന്ന അവളെയും ചേർത്ത് പിടിച്ച് ഒന്നും മിണ്ടാതെ പുറത്തേക്ക് നടക്കുമ്പോൾ അമ്മ പിന്നിൽ നിന്ന് പറഞ്ഞു
“പെറ്റു വളർത്തി വലുതാക്കി അച്ഛനില്ലാത്ത കുറവ് അറിയിക്കാതെ ഇത്രയും ആക്കി
എന്നും നിന്റെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ച അമ്മയെ ഇന്നലെ കയറി വന്നവൾക്ക് വേണ്ടി പുറംകാല് കൊണ്ട് തട്ടിമാറ്റി പോകുന്ന നീ ഒരുകാലത്തും ഗുണം പിടിക്കില്ലെടാ.. ഉള്ള് നൊന്ത് പറയുവാ ഞാൻ.. “
അമ്മ പറഞ്ഞത് കേട്ട് തിരിഞ്ഞ് നിന്നൊരു ചിരിയോടെ ഞാൻ പറഞ്ഞു
“വളർത്തി വലുതാക്കിയത് എന്തിനായിരുന്നു എന്ന് ഇപ്പോഴല്ലേ മനസിലായത്..ഉള്ള് നൊന്ത് ശപിക്കാൻ, അങ്ങനെ ഒരു സാധനം നിങ്ങൾക്കുണ്ടോ… ഇല്ല…എനിക്കൊരിക്കലും നിങ്ങളുടെ ശാപം ഏൽക്കില്ല.. പക്ഷെ നിങ്ങളോട് ഒരു ദ്രോഹവും ഇന്നോളം ചെയ്തിട്ടില്ലാത്തൊരു പെണ്ണിനെ കൊല്ലാക്കൊല ചെയ്തില്ലേ നിങ്ങൾ..ഇവളുടെ കണ്ണിൽ നിന്നൊഴുകിയ ഈ കണ്ണുനീരിന്റെ ശാപം ഏൽക്കാതിരിക്കാൻ ഇനിയുള്ള കാലം അറിയാവുന്ന ഈശ്വരൻമാരെ വിളിച്ചു പ്രാർത്ഥിക്ക് .. “
അത്രയും പറഞ്ഞിട്ട്, അമ്മയ്ക്ക് തിരിച്ചെന്തെങ്കിലും പറയാൻ അവസരം കൊടുക്കാതെ വാതിൽ വലിച്ചടച്ചു എന്നെന്നേക്കുമായി ആ വീടിന്റെ പടികൾ ഇറങ്ങി ഞാൻ…..
അവിടെ നിന്നിറങ്ങി നേരെ ചെന്നത് പ്രവീണിന്റെ അടുത്തേക്കായിരുന്നു. അവൻ വേഗം തന്നെ ഒരു വാടക വീട് ശരിയാക്കി തന്നു. എനിക്കും ഇന്ദുവിനും മാത്രമായൊരു സ്വർഗം..
പ്രശ്നങ്ങളെല്ലാം ഒതുങ്ങി പുതിയ വീട്ടിൽ ഞങ്ങൾ ജീവിതം തുടങ്ങി.
അങ്ങനെ കുറേ ദിവസങ്ങൾക്ക് ശേഷം എന്റെ ഇന്ദുവിന്റെ മുഖത്ത്, അമ്മ കെടുത്തിക്കളഞ്ഞ ആ ചിരി വീണ്ടും തെളിഞ്ഞു..എനിക്കേറെ ഇഷ്ട്ടമുള്ള അവളുടെ ആ ഒറ്റനുണക്കുഴിക്ക് ചന്തം കൂടിയ പോലെ..ആ ചിരി മതിയായിരുന്നു സങ്കടങ്ങളെല്ലാം മറക്കാൻ…
രാത്രികളിൽ , ഒരു കൊടുങ്കാറ്റ് വീശിയൊഴിഞ്ഞ തീരം പോലെ എല്ലാ സങ്കടങ്ങളും മറന്ന് ശാന്തമായി എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന ഇന്ദൂട്ടിയെ മുറുകെ ചേർത്ത് പിടിച്ച് നിറഞ്ഞ കണ്ണുകൾ തുടയ്ക്കുമ്പോൾ , എല്ലാം വേണ്ടെന്നു വച്ച് എന്റെ പെണ്ണിന് വേണ്ടി വീട് വിട്ടിറങ്ങിയതിൽ തെല്ലും വിഷമം തോന്നിയില്ലെനിക്ക്. പകരം മനസ്സിൽ നിറഞ്ഞത് കുറ്റബോധം ആയിരുന്നു, അവളുടെ നൊമ്പരം അത്രയും നാൾ ഞാൻ അറിയാതെ പോയല്ലോ എന്നോർത്ത്…
NB : ഒരു ആൺ സുഹൃത്തിന്റെ അനുഭവം പറഞ്ഞു കേട്ടപ്പോൾ എഴുതിയതാണിത്..അന്ന് അവൻ ആ വീട് വിട്ടിറങ്ങി കുറേ നാൾ കഴിഞ്ഞു നേരിൽ കണ്ടപ്പോൾ അവൻ പറഞ്ഞു “ഇപ്പൊ പച്ചവെള്ളം കുടിച്ചാലും അവൾ നന്നാവുന്നുണ്ടെടി . കാരണം ഇപ്പൊ അവൾക്ക് സമാധാനവും സന്തോഷവും ഉണ്ട് ” കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി..
ആൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.. ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നത് സ്വന്തം അച്ഛനോ അമ്മയോ ആയാൽപ്പോലും അതിനെതിരെ റിയാക്ട് ചെയ്യാനുള്ള ചങ്കൂറ്റം വേണം
ബിന്ധ്യ ബാലൻ