അന്ന് ജോലി കഴിഞ്ഞു അനന്തു വരുമ്പോൾ കൈയ്യിൽ എനിക്കുള്ള ദുബായ് ടിക്കറ്റുമുണ്ടായിരുന്നു…

Story written by Nitya Dilshe

“” തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം….തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി..അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല ..ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ ആണേലും …””

അവസാനത്തെ വാക്കുകൾ വല്ലാതെ കനപ്പിച്ചാണ് പറഞ്ഞത് ..അത് എനിക്കും പപ്പക്കുള്ള മറുപടിയാണെന്നു മനസ്സിലായി …അവനൊന്നു ദീർഘമായി ശ്വസിച്ചു ..

“” സോ .. ഓരോപ്ഷൻ മാത്രേ മുന്നിലുള്ളൂ .. അറിയാലോ…. “”

അവനൊന്നു നിർത്തി ശ്വാസമെടുത്തു. തുടർന്നു ..

“”ഞാൻ തന്റെ വീട്ടിലേക്കു വിളിച്ചു പറഞ്ഞിട്ടുണ്ട് ..കേൾക്കുമ്പോൾ ആദ്യം കുറച്ചു വിഷമം കാണും എല്ലാർക്കും .. ഇവിടുള്ളോരേ സാവകാശം ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം …””

ലാപ്ടോപ്പ് ബാഗുമെടുത്തു അനന്തു ഗോവണിയിറങ്ങി പോകുമ്പോൾ നിസ്സംഗതയോടെ നോക്കി നിന്നു …

താഴെ ചിറ്റയെന്തോ ചോദിക്കുന്നത് കേട്ടു ..തന്നെ അന്വേഷിച്ചു അവരിപ്പോൾ മുകളിലേക്ക് വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ വാതിൽ വലിച്ചടച്ചു ..

അനന്തു പറഞ്ഞത് മുഴുവൻ ശരിയാണ് .. വീർപ്പുമുട്ടിത്തന്നെയാണ് കഴിയുന്നത്..അതിന്റെ കാരണം ഒന്നേയുള്ളു ‘ചിറ്റ’..

ചിറ്റ എന്ന് വിളിക്കുന്നുണ്ടെങ്കിലും അകന്ന ബന്ധുവാണ് …10 ക്ലാസ് മാത്രമുള്ള പഠിപ്പ് ..പതിനെട്ടാം വയസ്സിൽ ഒളിച്ചോട്ടം .. രണ്ടുവർഷത്തെ ദാമ്പത്യം .. അയാൾ മരിച്ചപ്പോൾ ബന്ധുക്കൾ ആരും ഏറ്റെടുക്കാതിരുന്നപ്പോൾ അഭയം കൊടുത്തതാനിവിടെ .. പിന്നീടെന്ത് മാജിക് കാണിച്ചിട്ടാണാവോ അവരിവിടത്തെ എല്ലാമായി .. .

ജോലിക്കാരിയുണ്ടെങ്കിലും അടുക്കളയും തൊടിയുമെല്ലാം ഇവരുടെ ഭരണത്തിൻ കീഴിലാണ് ..സദാ സമയവും ഇവിടൊക്കെ ഓടി നടക്കുന്നത് കാണാം ..മോളെ എന്നേ വിളിക്കുള്ളു ..സമയം കിട്ടുമ്പോഴെല്ലാം ഇഷ്ടങ്ങൾ ചോദിച്ചു പിന്നാലെ നടക്കും ..ആരുമല്ലാത്ത ഒരാൾക്ക് ഇത്രകണ്ട് പരിഗണന കൊടുക്കുന്നത് കൊണ്ടോ എന്തോ തനിക്കവരെ അത്ര ഇഷ്ടമായിരുന്നില്ല ..

നെറ്റിയിലെ വിയർപ്പൊപ്പുന്നതും കൈ കഴുകിത്തുടക്കുന്നതും ഒരേ നേര്യതിൻ തുമ്പിൽ .. അതേ കൈ കൊണ്ട് തന്നെ അവർ ഭക്ഷണം വിളമ്പുന്നതും കഴിക്കുന്നതും അടുത്തിരിക്കുന്ന എന്റെ പ്ലേറ്റിലെ ഭക്ഷണം കൈ കൊണ്ട് നീക്കി എല്ലാം കൂട്ടി കഴിക്കാൻ നിർബന്ധിക്കുന്നതും ..പലപ്പോഴും കഴിക്കാതെ ഞാൻ എഴുന്നേറ്റു പോകുന്നതും ഇതേ കാരണം കൊണ്ട് തന്നെ ..

ഏതെങ്കിലും ഒരു കറി രണ്ടു തവണ എടുക്കുന്നത് കണ്ടാൽ പിറ്റേന്നും അതെ കറി ടേബിളിൽ ഉണ്ടാവും ..

“” ഇന്നലെ മോൾക്കിഷ്ടായി രണ്ടുതവണ എടുക്കുന്നത് കണ്ടല്ലോ””എന്ന് പറഞ്ഞു നിർബന്ധിക്കും ..

അനന്തുവിനു അവരെപ്പറ്റി പറയുമ്പോൾ നൂറു നാവാണ് . ജോലിക്കാരായ അച്ഛനുമമ്മയും .. നോക്കിയതും ഊട്ടിയതും കഥ പറഞ്ഞു കൊടുത്തതുമൊക്കെ ഇവരാത്രേ …

രണ്ടു മണിക്കൂർ യാത്ര ചെയ്താണ് അനന്തു എന്നും ഓഫീസിൽ പോകുന്നത് .. ഓഫീസിനടുത്ത് എവിടെയെങ്കിലും താമസം നോക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ചപ്പോൾ ഇവിടം വിട്ടു മറ്റൊരു ലോകത്തേക്കില്ലെന്നു പറഞ്ഞു വായടപ്പിച്ചു ..

ഒരിക്കൽ പപ്പയും പറഞ്ഞതാണ് ഇതിനേക്കാൾ ബെറ്റർ ജോബ് ദുബായിൽ കിട്ടുമെന്ന് ..എന്നോട് പറഞ്ഞ അതേ മറുപടിയായിരുന്നു അവിടേയും ….

വാതിലിൽ മുട്ട് കേട്ടു .. ഒപ്പം മോളെ എന്ന വിളിയും ..പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തുറക്കാൻ പോയില്ല … കുറച്ചു നേരം കൂടി വിളി കേട്ടു .. അവർ പോയെന്നു ഉറപ്പായപ്പോഴാണ് വാതിൽ തുറന്നു പുറത്തിറങ്ങിയത് ..

അന്ന് ജോലി കഴിഞ്ഞു അനന്തു വരുമ്പോൾ കൈയ്യിൽ എനിക്കുള്ള ദുബായ് ടിക്കറ്റുമുണ്ടായിരുന്നു..

“” നിന്റെ പപ്പയെ വിളിച്ചിരുന്നു .. തിരക്കാണത്രെ ..നിന്നെ അങ്ങോട്ട് കയറ്റി വിട്ടേക്കാൻ പറഞ്ഞു ..”” അല്പം പുച്ഛത്തോടെ പറഞ്ഞു ടിക്കറ്റ് അലസമായി ടേബിളിലേക്കിട്ടു എന്റെ മുഖത്ത് നോക്കാതെ ആൾ ഇറങ്ങിപ്പോയി ..

പോകുന്ന ദിവസം ചിറ്റേടെ വക എന്തൊക്കെയോ പൊതിഞ്ഞു കെട്ടി തന്നിരുന്നു കൊണ്ടുപോകാൻ .. പോകുന്നത് അറിഞ്ഞത് മുതൽ മുഴുവൻ സമയവും ഇങ്ങനെയോരോ പണികളിലായിരുന്നു ചിറ്റ .. ഇനിയൊരു മടങ്ങിവരവുണ്ടാവില്ല ..എല്ലാവരുടെ മുന്നിൽ വച്ച് നിരസിച്ചു വിഷമിപ്പിക്കേണ്ടെന്നു കരുതി …വേഗം തിരിച്ചുവരണം എന്ന് പറഞ്ഞാണ് എല്ലാവരും യാത്രയാക്കിയത് ..അവരോടു അനന്തു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നു മനസ്സിലായി …

യാത്ര പറയുമ്പോൾ അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ടിട്ടോ അതോ ഉള്ളിൽ വിഷമം ഉണ്ടായിരുന്നോ ..അറിയില്ല ..എന്റെ കണ്ണും നിറഞ്ഞിരുന്നു …അനന്തു അപ്പോഴും മുഖം തരാതെ ഒഴിഞ്ഞു മാറി ..

ഒത്തിരി നാളുകൾക്കു ശേഷം പപ്പയെയും അമ്മയെയും കണ്ടപ്പോൾ സന്തോഷമായിരുന്നു ….

വീണ്ടും പഴയ സാമ്രാജ്യത്തിലേക്ക്‌ .. അവിടെ എല്ലാം എന്റേതുമാത്രമായൊരു ലോകം… എന്റെ റൂം …എന്റെ സാധനങ്ങൾ .. കഴിക്കുന്ന പ്ലേറ്റ് വരെ എനിക്കായി മാത്രം മാറ്റിവച്ചവ …

വിചാരിച്ച പോലെ എനിക്കൊന്നും ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല …എന്തൊക്കെയോ …എവിടെയൊക്കെയോ .. കൃത്യമായി ഒരുത്തരം നൽകാനാവാതെ….ഒന്നുമാത്രം മനസ്സിലായി ഇവിടെ എല്ലായ്പ്പോഴും എന്റെ പിറകെ .. അല്ലെങ്കിൽ എന്റെ ഇഷ്ടങ്ങൾ ശല്യം പോലെ ചോദിച്ചു നടക്കാൻ .. സ്നേഹത്തോടെ ഊട്ടാൻ ..ആരുമില്ല …പപ്പയും അമ്മയും പഴയപോലെ അവരുടേതായ തിരക്കിലാണ് ..

ദിവസങ്ങൾ കടന്നുപോയി … അനന്തു ഒരിക്കൽ പോലും വിളിച്ചില്ല ..ഒരു മെസ്സേജ് പോലും ഇല്ല … പ്രതീക്ഷിച്ചതാണ് ..ഞാനും വിളിച്ചില്ല ..പപ്പ ഞാൻ എത്തിയെന്നു വിളിച്ചു പറയുന്നത് കേട്ടിരുന്നു ..

ജീവിതത്തിൽ ആദ്യമായി തനിച്ചായതുപോലെ …

ഒരു ദിവസം പപ്പ റൂമിലേക്ക് വന്നു ഫോൺ എനിക്കായി നീട്ടി ..സംശയത്തോടെയാണ് ഫോൺ ചെവിയോട് ചേർത്തത് … മറുപുറത്ത് അനന്തുന്റെ വീട്ടിൽ നിന്നായിരുന്നു ..ഒരു നിമിഷം കൊണ്ട് മനസ്സ് തുടികൊട്ടി ..ഇത്രത്തോളം സന്തോഷം ജീവിതത്തിൽ ആദ്യമായ് അറിഞ്ഞ പോലെ …

സംസാരത്തിൽ നിന്ന് അനന്തു അറിഞ്ഞു കൊണ്ടുള്ള വിളിയല്ലെന്നു മനസ്സിലായി ..എല്ലാവരും എന്ന് വരുമെന്ന് തന്നെയാണ് ചോദിച്ചത് .. അവസാനമാണ് ചിറ്റക്ക് ഫോൺ കിട്ടിയത് … എന്റെ ശബ്ദം കേട്ടതും ആ ശബ്ദം ഇടറിയിരുന്നു .. ഒരുവേള കരയുകയാണോ എന്ന് പോലും തോന്നി …

കുറേനാളായി അനന്തുവിനോട് എന്നെ ഒന്ന് വിളിക്കണമെന്ന് പറയുന്നതത്രെ … ആൾ ഇവിടത്തെ സമയവും നാട്ടിലെ സമയവും പറഞ്ഞതിനെ പറ്റിക്കുകയായിരുന്നു …ഇപ്പോൾ അച്ഛനോട് പറഞ്ഞു വിളിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞു..അനന്തുവിനും മോളെക്കാണാതെ വിഷമമുണ്ടെന്നു പറഞ്ഞാണ് ചിറ്റ ഫോൺ വച്ചത് …

പിറ്റേന്ന് പപ്പയോടെനിക്ക് ഒന്നേ ആവശ്യപ്പെടാനുണ്ടായിരുന്നുള്ളു .. നാട്ടിലേക്കൊരു ടിക്കറ്റ് …

ടാക്സിയിൽ വീട്ടിൽ വന്നിറങ്ങുമ്പോൾ ചിറ്റ മുറ്റത്ത് മുളക് ഉണക്കുന്ന തിരക്കിലായിരുന്നു .. തൊടിയിലെ പണി കഴിഞ്ഞിട്ടാണെന്നു തോന്നുന്നു ആകെ വിയർത്തു മുഷിഞ്ഞാണ് നിൽപ് ..

ഓടിച്ചെന്നു കെട്ടിപ്പിടിക്കുമ്പോൾ ആ അഴുക്കോ വിയർപ്പോ എന്നിൽ വെറുപ്പുണ്ടാക്കുന്നില്ലെന്നു അദ്‌ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു ഞാൻ ..

ജോലികഴിഞ്ഞെത്തി കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനന്തു എന്നെ കാണുന്നത് .. കണ്ണുകളിൽ അമ്പരപ്പായിരുന്നു .. ചുണ്ടിൽ ഒരു ചിരി മിന്നിപ്പോയി ..എന്നെ ഒട്ടും പ്രതീക്ഷിച്ചില്ലെന്നു തോന്നി …ആൾ പെട്ടെന്ന് ഗ്ലാസുമെടുത്തു പുറത്തെ വരാന്തയിലേക്ക് പോകുന്നത് കണ്ടു ..

വരാന്തയുടെ അങ്ങേയറ്റത്ത് പുറത്തേക്കു നോക്കിയിരിക്കുന്നത് കണ്ടു .. അടുത്തേക്ക് ചെന്നപ്പോൾ ഇരിക്കാൻ കണ്ണുകാണിച്ചു…കുറെ നേരത്തേക്ക് ഇരുവർക്കുമിടയിൽ മൗനമായിരുന്നു .. ഒടുവിൽ ചോദിച്ചു ..

“” എന്തുപറ്റി തിരിച്ചു വരാൻ ?””

“” ഇവിടുള്ളവരെ എനിക്കും വേണമെന്ന് തോന്നി ..”” പറയുമ്പോൾ ശബ്ദം ഇടറി ..

“”ചിറ്റയേയും ??””

“”ഉം ..””

അപ്പോഴേക്കും അതുവരെ പിടിച്ചു നിർത്തിയ കണ്ണുകൾ പെയ്തുതുടങ്ങിയിരുന്നു..ആൾ ചിരിയോടെ മടിയിലേക്കു കിടന്നു ..

“” എനിക്കറിയാമായിരുന്നു നീ തിരിച്ചു വരുമെന്ന് .. വിചാരിച്ചതിനേക്കാൾ അല്പം നേരത്തെയായി പോയെന്നു മാത്രം ..””

ആൾ കുസൃതിയോടെ കൈകൾ ഉയർത്തി പിൻ കഴുത്തിൽ അമർത്തി എന്റെ മുഖം താഴ്ത്തി .. …അധരങ്ങൾ കൂട്ടിമുട്ടിയതും ചിറ്റയുടെ അത്താഴം കഴിക്കാനുള്ള വിളിഎത്തിയിരുന്നു…

സ്നേഹത്തോടെ …Nitya Dilshe