ഇരുപത്തിയൊന്നാം വയസ്സിൽ സുമംഗലിയായി ഭർതൃവീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ….

എഴുത്ത്: മഹാ ദേവൻ

::::::::::::::::::::::::::::::::::::

ഇരുപത്തിയൊന്നാം വയസ്സിൽ സുമംഗലിയായി ഭർതൃവീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ നിലവിളക്കുമായി നിറപുഞ്ചിരിയോടെ നിൽക്കുന്ന അമ്മയുടെ മുഖത്തിന് ആ വിളക്കിനോളം വെളിച്ചമുണ്ടായിരുന്നു.

ഇനി മുതൽ ഇതാണ് മോളുടെ വീടെന്നും പറഞ്ഞ് ഹേമയെ കൈപിടിച്ചുള്ളിലേക്ക് ആനയിക്കുമ്പോൾ കൊല്ലാൻ കൊണ്ടുപോകുന്ന മൃഗത്തിനോടുള്ള അവസാനസ്നേഹം മാത്രമായിരുന്നു അതെന്ന് അവൾ അറിഞ്ഞത് ദേവൻ ഗൾഫിലേക്ക് മടങ്ങിയതിന്റെ അടുത്ത ദിവസം മുതൽക്കായിരുന്നു.

മകന് മുന്നിൽ പുഞ്ചിരികൊണ്ട് പാല്നിലാവ് പകുത്തുനൽകിയ അമ്മയും മോളെ എന്ന് മുഴുവൻ വിളിക്കാത്തത്ര സ്നേഹം കാണിക്കുന്ന അച്ഛനെയും കണ്ട് ഗൾഫിലേക്ക് പറക്കുമ്പോൾ കൂടെ വന്നവൾക്കിവിടെ സ്വർഗ്ഗം ആയിരിക്കുമെന്നത് തന്നെ ആയിരുന്നു ആ യാത്രയിൽ അവനെ ഏറെ സന്തോഷിപ്പിച്ചതും.

പക്ഷേ, ആ സന്തോഷങ്ങൾക്ക് അവൻ ഇവിടെ നിന്നും യാത്ര തുടങ്ങി ഗൾഫിൽ ഇറങ്ങുന്ന നേരത്തോളം ഉള്ള ആയുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നവൾ അറിഞ്ഞത് കറിയിൽ അല്പം ഉപ്പ് കൂടിപ്പോയെന്ന കാരണം ഒന്നിൽ തുടങ്ങിയതായിരുന്നു.

പഠിക്കാൻ മിടുക്കിയായിരുന്നത്കൊണ്ടുതന്നെ അവളുടെ സമയങ്ങളെ അടുക്കളയുടെ കരിപുരണ്ട മൂലകളിലേക്ക് അപഹരിക്കാതിരിക്കാൻ അവളുടെ അമ്മ സ്വയം അടുക്കളയിൽ കിടന്ന് ഉരുകിയത് കൊണ്ട് ഹേമക്ക് പാചകകാര്യങ്ങളിൽ അത്ര പ്രാവിണ്യം ഇല്ലെങ്കിൽ കൂടി അറിയാവുന്ന പോലെ അവൾ ഭർത്താവിന്റെ അമ്മയോടൊപ്പം സഹായിച്ചും പലതും ചോദിച്ചും അറിഞ്ഞും കുറച്ചൊക്കെ പഠിച്ചെടുത്തിരുന്നു.

അന്നൊക്കെ ഉപ്പൊന്നു കലിച്ചാലോ എരിവ് കൂടിയാലോ ” അത്‌ സാരമില്ല മോളെ ” എന്നും പറഞ്ഞ് മുടിയിൽ തഴുകിയിരുന്ന അമ്മ ആ തഴുകിയ കൈകൊണ്ടു തന്നെ ഇന്ന് തലക്കിട്ടൊന്നു കിഴുക്കികൊണ്ടായിരുന്നു ” അശ്രീകരം.. കൈ കൊണ്ട് തൊട്ട ഒന്നും വായിൽ വെക്കാൻ കൊള്ളില്ല ” എന്നും പറഞ്ഞത്.

ദേവൻ പോയതില്പിന്നെ ആ വീട്ടിൽ അവൾ ഒറ്റപ്പെട്ടൊരു അവസ്ഥയിലേക്ക് എത്തിയിരുന്നു.

രാവിലെ മുതൽ മ ദ്യത്തിലേക്ക് മാത്രമായി ജീവിതം ഉഴിഞ്ഞുവെക്കുന്ന അച്ഛനിൽ നിന്ന് പിന്നെ കേൾക്കാൻ തുടങ്ങിയതെല്ലാം പുളിച്ച വാക്കുകൾ ആയിരുന്നു. അരക്ക് താഴേക്ക് വിളിക്കാത്ത തെറികളില്ലായിരുന്നു. മോളെ എന്നും വിളിച്ചുകൊഞ്ചിച്ച നാവുകൊണ്ടാണ് ഇതൊക്കെ വിളിച്ചതെന്നോർക്കുമ്പോൾ ഹേമക്ക് അതൊരു അത്ഭുതവും അതിനേക്കാൾ കൂടുതൽ അമ്പരപ്പുമായിരുന്നു.

ഈ രണ്ട് പേർക്കിടയിൽ വേണം ഇനിയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്ന് ആലോചിക്കുമ്പോൾ തന്നെ തലക്കൊരു പെരുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു.

അച്ഛന്റെ പുഴുത്തുനാറിയ വാക്കുകൾക്കു മുന്നിൽ ഒന്നും പറയാതെ നിൽക്കുന്ന അമ്മക്കരികിൽ കരഞ്ഞ കണ്ണുകളുമായി നിൽക്കുമ്പോൾ ആ മുഖത്തിലൊരു പുച്ഛഭാവം മാത്രമായിരുന്നു.

” എന്താടി ഭർത്താവിന്റെ അച്ഛൻ ഒന്ന് വഴക്ക് പറയുമ്പോഴേക്കും ഇങ്ങനെ കിടന്ന് മോങ്ങാൻ. നിന്റെ കയ്യിലെ കൊണവധികാരം കൊണ്ട് തന്നെ അല്ലെ ഇതൊക്കെ കേൾക്കുന്നത്. ഇതൊന്നും കേൾക്കാൻ കഴിയില്ലെങ്കിൽ കെട്ടിലമ്മക്ക് ഇങ്ങോട്ട് കെട്ടിക്കേറിവരാതെ അവിടെ തന്നെ കെട്ടാച്ചരക്കായി നിന്നാൽ മതിയായിരുന്നല്ലോ. ” എന്നും പറഞ്ഞ് പുച്ഛിക്കുന്ന അമ്മയുടെ ഭാവം..

എത്രയൊക്കെ അറപ്പുളവാക്കുന്ന വാക്കുകൾ കേട്ടിട്ടും ഭർത്താവിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഇവരും ഒരു പെണ്ണല്ലേ എന്ന് മനസ്സിൽ ചിന്തിച്ചെങ്കിലും അതെങ്ങാനും തുറന്ന് ചോദിച്ചാൽ അടുത്ത വഴക്ക് അതിന്റ പേരിൽ ആകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഹേമ മൗനം പാലിച്ചു.

” ഇതെന്റെ വീടാണ്.. ഇവിടെ ഞാൻ പറയുന്നതേ നടക്കൂ.. അതിപ്പോ മക്കളായാലും മരുമക്കൾ ആയാലും. ഇന്നുവരെ ഈ വീട്ടിൽ എന്റെ വാക്കിനപ്പുറം ഒരാൾ മറുത്തൊന്നു പറഞ്ഞിട്ടില്ല.. ഇനി ആരേലും പറഞ്ഞാൽ…… ” എന്നും പറഞ്ഞ് ആടിയാടി അകത്തേക്ക് പോകുന്ന അച്ഛനെ നോക്കി തേങ്ങലുകൾ കടിച്ചമർത്തുമ്പോൾ ആ വേദനയുടെയും സങ്കടങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ അഴിച്ചുവെക്കാൻ ആകെ ഒരാശ്രയം ദേവൻ മാത്രമായിരുന്നു.

പക്ഷേ, അവിടെയും അവൾ തോറ്റുപോകുകയായിരുന്നു ദേവന്റെ സ്നേഹത്തോടെ ഉള്ള വാക്കുകൾക്ക് മുന്നിൽ.

” നിനക്ക് അറിയാലോ ഹേമേ.. നിങ്ങളുടെ മൂന്ന് പേരുടെയും സ്നേഹം കണ്ടാണ് ഞാൻ അവിടെ നിന്നും ഇങ്ങോട്ട് വന്നത് തന്നെ. ആ ഒരു സന്തോഷത്തിൽ നിൽക്കുന്ന എന്നോട് ഇതൊക്കെ പറയുമ്പോൾ…..എന്തോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..അച്ഛൻ കുറച്ചു മുൻകോപി ആണെങ്കിലും ഇങ്ങനെ ഒന്നും ചെയ്യാൻ വഴിയില്ല.. ഞാൻ കണ്ടതാണല്ലോ നിന്നോടുള്ള അദ്ദേഹത്തിന്റെ സ്നേഹം.. പിന്നെ നീയും കുറച്ചൊന്നു ശ്രദ്ധിക്കണം. വയസ്സിനു മൂത്തവർ അല്ലെ അവരൊക്കെ. പിന്നെ പഴഞ്ചൻ ആളുകളും. അതുകൊണ്ട് തന്നെ അവർക്ക് അവരുടേതായ ചില നിർബന്ധബുദ്ധികൾ ഉണ്ട്. അതൊക്ക അറിഞ്ഞു പെരുമാറാൻ കഴിയണം..അല്ലാതെ തൊട്ടതിനും പിടിച്ചതിനും നമ്മൾ മുഖം വീർപ്പിക്കാൻ നിന്നാൽ അവർക്ക് ചിലപ്പോൾ നമ്മുടെ പോലെ അതിനെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല.. അതുകൊണ്ടാണ് പെട്ടന്ന് അവർ പ്രതികരിക്കുന്നത്. “

അതിൽ നിന്നും അവൾക്ക് മനസ്സിലാക്കൻ കഴിഞ്ഞത് ഒരു കാര്യം മാത്രമായിരുന്നു.

എന്തൊക്കെ ദുരനുഭവങ്ങൾ ഉണ്ടായാലും അത്‌ ഷെയർ ചെയ്യാൻ ഇവിടെ ആരും തനിക്കില്ലെന്ന്. ഭർത്താവ് പോലും സ്നേഹത്തോടെ തന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നോർക്കുമ്പോൾ അവളുടെ കണ്ണുകൾ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

മകളെ കേൾക്കാൻ കഴിയുന്നത് സ്വന്തം അച്ഛനും അമ്മക്കും മാത്രമാണ്. പക്ഷേ, താഴെ വളർന്നു വരുന്ന ഒരു പെണ്ണുകൂടി ഉണ്ടെന്ന് പറയാതെ പറയുന്ന അവർക്ക് മുന്നിൽ എന്തിനാണ് വെറുതെ തന്റെ വേദനയുടെ ഭാണ്ഡം അഴിക്കുന്നത് എന്നോർക്കാറുണ്ട് പലപ്പോഴും.

അതുകൊണ്ട് തന്നെ ആവുന്നതും അവരെ ഒന്നും അറിയിക്കാതിരിക്കാൻ ആയിരുന്നു ഹേമ ശ്രമിച്ചതും.

അന്ന് രാത്രി ഏറെ വൈകിയിട്ടും അച്ഛനെ കാണാതായപ്പോൾ വയറു വിശന്ന് പ്ളേറ്റിലേക്ക് ഒരു തവി ചോറെടുത്തിടുമ്പോൾ ആയിരുന്നു അപ്പുറത്ത് നിന്ന് നോക്കുന്ന അമ്മയുടെ കണ്ണുകൾ ചുവക്കുന്നത് കണ്ടത്,

” നിനക്ക് ഇത്രക്കും അഹങ്കാരമോ ഒരുമ്പട്ടവളേ ” എന്നും പറഞ്ഞ് അടുത്തേക്ക് പാഞ്ഞു വന്ന് കയ്യിലെ പ്ളേറ്റിൽ ഉള്ള ചോറ് പുറത്തെ വേസ്റ്റ്‌ കോട്ടയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അമ്മ കലി തുള്ളിപറയുന്നുണ്ടായിരുന്നു

” നിനക്കൊക്കെ തോന്നിയ പോലെ എടുത്ത് കഴിക്കാൻ ഈ വീട്ടിൽ പറ്റില്ല.. ഇവിടെ ആണൊരുത്തൻ വരാൻ ഉണ്ട്. അദ്ദേഹം വന്ന് കഴിച്ചതിനു ശേഷമേ ഈ വീട്ടിൽ മറ്റുള്ളവർ കഴിക്കാൻ പാടുള്ളൂ.. അല്ലാതെ നീയൊക്കെ തിന്നതിന്റെ എച്ചിൽ അല്ല അങ്ങേര് കഴിക്കേണ്ടത്.അത്ര വിശപ്പു സഹിക്കാൻ കഴിയുന്നില്ലെങ്കിൽ പുറത്തിറങ്ങി കുറച്ച് മണ്ണ് വാരി തിന്ന് കിടക്കടി ” എന്ന്.

അതും കേട്ട് പ്ളേറ്റിലേക്കിട്ട വിരലിൽ പറ്റിയ രണ്ട് വറ്റ് ചോറ് പതിയെ കുടഞ്ഞികൊണ്ട് ഒന്നും മിണ്ടാതെ കൈ കഴുകി റൂമിലേക്ക് നടക്കുമ്പോൾ അമ്മയുടെ മുഖത്തെ പുച്ഛം അവളെ വല്ലാതെ അടിച്ചമർത്തുന്നുണ്ടായിരുന്നു.

അന്ന് തിരുവോണനാളിൽ ഏറെ സന്തോഷത്തോടെ വീട്ടിലേക്ക് പോകാനുള്ള തെയ്യാറെടുപ്പിൽ നിൽക്കുമ്പോൾ അമ്മായച്ചൻ കേറി വന്നത് നാലുകാലിൽ ആയിരുന്നു. വന്ന പാടെ മകൻ അയച്ച കാശ് കുറച്ചു തരാൻ ആവശ്യപ്പെടുമ്പോൾ അവൾക്ക് ആ കൈ മലർത്താനേ കഴിഞ്ഞുള്ളു.. പക്ഷേ, അതിന് അദ്ദേഹം നൽകിയ മറുപടി ആ കൈകൾ ഹേമയുടെ മുഖത്തു ആഞ്ഞു പതിപ്പിച്ചു കൊണ്ടായിരുന്നു.

അഞ്ചു വിരലുകള് കൊണ്ട് തിണർത്തു മുഖവുമായി നിൽക്കുന്ന അവൾക്ക് മുന്നിൽ ” എന്റെ മകന്റെ കാശിന് അവകാശി ഞാൻ ആണേടി, അല്ലാതെ കുറച്ച് ദിവസം മുന്നേ കേറി വന്ന നീ അല്ലേടി ” എന്നും പറഞ്ഞ് മുടിക്കിതിന് പിടിക്കുമ്പോൾ എല്ലാം കണ്ട് കൊണ്ട് ഹേമയുടെ അച്ഛൻ ഉണ്ടായിരുന്നു പുറത്ത്. മകളെ കൂട്ടിക്കൊണ്ടുപോകാൻ സന്തോഷത്തോടെ വന്ന അച്ഛന് കാണേണ്ടി വന്ന ക്രൂരമായ നിമിഷങ്ങളിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ അയാൾ ഒന്ന് മാത്രം മനസ്സിൽ ഉറപ്പിച്ചിരുന്നു ” ഇനി മോളെ കൊല്ലാനായി വിട്ടു കൊടുക്കാൻ കഴിയില്ല ” എന്ന്.

അന്ന് ആ വീട്ടിൽ നിന്നും പടിയുറങ്ങുമ്പോൾ ജീവൻ കിട്ടിയ സന്തോഷം ഉണ്ടായിരുന്നു അവളിൽ. പക്ഷേ, മകളുടെ അവസ്ഥയോർത്തു കണ്ണുകൾ നിറക്കുന്ന അച്ഛനെ കാണുമ്പോൾ ….

അന്ന് ദേവൻ വിളിക്കുമ്പോൾ ഓണദിനത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളേക്കാൾ കൂടുതൽ അവൾക്ക് പറയാനുണ്ടായിരുന്നു ഇതുവരെ മകളെ ഒരു ചുള്ളിക്കമ്പ് വെച്ച് പോലും തല്ലാത്ത അച്ഛന്റെ മുന്നിൽ വെച്ച ദേവന്റെ അച്ഛനാൽ കവിളിൽ പതിഞ്ഞ നീറ്റലുകളുടെ നിമിഷങ്ങളെ കുറിച്ചായിരുന്നു. അതോടൊപ്പം കവിളിൽ തിണർത്തുകിടക്കുന്ന കൈവിരൽപാടുകൾ അവനെ കാണിക്കുമ്പോൾ അതുവരെ തോന്നാത്ത ഒരു സങ്കടം അവന്റെ കണ്ണുകളിൽ കാണാമായിരുന്നു.

പക്ഷേ, അപ്പോഴും അവൻ സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ ആണെങ്കിൽ കൂടി അത്‌ അവളുടെ ഹൃദയത്തെ തകർക്കുന്നതായിരുന്നു.

” മോളെ… കഴിഞ്ഞത് കഴിഞ്ഞു. അപ്പോഴത്തെ അച്ഛന്റെ ദേഷ്യത്തിന് ചെയ്തതാകും എന്ന് കരുതി നീ അതങ്ങ് ക്ഷമിച്ചേക്ക്. ന്നിട്ട് നീ തിരികെ വീട്ടിൽ പോണം..മറ്റുള്ളവരെ കൊണ്ട് ന്തിനാ വെറുതെ പറപ്പിക്കുന്നെ നമ്മളായിട്ട്.. ആര് പറയുമ്പോഴും കുറ്റം നിനക്ക് ആയിരിക്കും. വന്ന് കേറിയവളുടെ കൊണം എന്നെ ആരും പറയൂ, അതുകൊണ്ട് ന്റെ കുട്ടി എല്ലം മറന്ന് തിരികെ പോണം.. ഞാൻ നാട്ടിൽ വരുന്നത് വരെ എങ്കിലും…. “

അവന്റെ വാക്കുകളിൽ ശരിക്കും ആരോടുള്ള സ്നേഹമാണ് നിഴലിച്ചുനിൽക്കുന്നതെന്ന് അവൾക്ക് പോലും മനസ്സിലാകുന്നില്ലായിരുന്നു. തന്നോടുള്ള സ്നേഹമോ അതോ വീട്ടുകാരോടുള്ള സ്നേഹമോ ! അതുമല്ല നാട്ടുകാർ എന്ത് പറയുമെന്നോർത്തുള്ള പേടിയോ…. ! ഒന്നും അവൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ കൂടി അവൾ ഭർത്താവിന്റെ വാക്കുകൾക്ക് എതിർത്തൊന്നും പറഞ്ഞില്ല, വിധിയെ സ്വാഗതം ചെയ്യുംപോലെ..

അങ്ങനെ ചില മാസങ്ങൾ എവിടെയും തൊടാതെ കടന്നുപോയി.

അത്രനാൾ കേട്ട കുത്തുവാക്കുകളിൽ നിന്നും ഇച്ചിരി സന്തോഷം തോന്നിയത് അവൻ നാട്ടിൽ എത്തുന്ന ആ ദിവസമായിരുന്നു. രാവിലെ ദേവനെ കൊണ്ടുവരാൻ പോകാൻ വീടിന്റ മുന്നിൽ വണ്ടി വന്ന് നിൽകുമ്പോൾ അതിരാവിലെ തന്നെ എഴുനേറ്റ് റെഡിയായിരുന്നു ഹേമ. പുറത്ത്‌ വണ്ടിയുടെ സൗണ്ട് കേട്ടപ്പോൾ തന്നെ അതീവസന്തോഷത്തോടെ പുറത്തേക്കിറങ്ങിയ അവളെ കാത്തുനിന്നത് മകനെ കൂട്ടാൻ പോവാൻ റെഡിയായി നിൽക്കുന്ന അമ്മയെയും അച്ഛനെയും ആണ്.

” നീ ഇതെങ്ങോട്ടാ രാവിലെ ഉടുത്തുകെട്ടികൊണ്ട്. നീ കൂടി പോന്നാൽ പിന്നെ ഇവിടെ ആരും വേണ്ടേ? രാവിലെ ഉടുത്തൊരുങ്ങി പോയാൽ ഇവിടെ ആര് വെച്ചുണ്ടാക്കും എല്ലാം ? വരുമ്പോൾ അവന് പിന്നെ എന്തോന്ന് എടുത്ത് കൊടുക്കും കഴിക്കാനൊക്കെ? ” എന്നൊക്കെ ദേഷ്യത്തോടെ ചോദിക്കുന്ന അമ്മക്ക് മുന്നിൽ നിറകണ്ണുകളുമായി നിൽക്കുമ്പോൾ ” ഇനി ഇതിന്റെ പേരിൽ മുഖം വീർപ്പിച്ചു കിടന്നുനിറങ്ങാതെ പണി ഒക്കെ നേരത്തെ തീരത്തേക്കണം, കേട്ടല്ലോ ” എന്നും പറഞ്ഞ് പുറത്തേക്ക് പോകുന്ന അച്ഛനും അമ്മയും.

കരഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ഉടുത്ത വേഷം അഴിച്ചുമാറ്റി അടുക്കളയിലേക്ക് യാന്ത്രികമായി നടക്കുമ്പോൾ വീണ്ടും ഒറ്റപ്പെടലിന്റെ അവസ്ഥ അവളെ പിടിമുറുകിത്തുടങ്ങിയിരുന്നു.

അവൻ കേറി വരുമ്പോൾ അവളെ അത്ഭുതപെടുത്തിയത് മറ്റൊന്നായിരുന്നു.

” മോളെ എല്ലാം റെഡിയായോ ” എന്ന് ചോദിക്കുന്ന അമ്മ. അവൾ അടുക്കളയിൽ കേറിയാൽ പിന്നെ എല്ലാം റെഡി ആകാതെ ഇരിക്കുമോ എന്ന് ചിരിച്ചുകൊണ്ട് ചോദിക്കുന്ന അച്ഛൻ. ഇതേല്ലാം കണ്ട് അന്തം വിട്ട് നിൽക്കുന്ന അവൽക്കരികിലേക്കെത്തി ദേവൻ പുഞ്ചിരിക്കുമ്പോൾ എന്തോ അവൾക്ക് അവന്റെ പുഞ്ചിരിയിൽ സന്തോഷിക്കാൻ കഴിയുന്നില്ലായിരുന്നു. അമ്മയുടെയും അച്ഛന്റെയും ചിരിക്കുപിന്നിൽ ഒളിച്ചുവെച്ചിരിക്കുന്നതെന്ത് എന്ന് അറിയാതെ ഉള്ള വേവലാതി മാത്രമായിരുന്നു അപ്പോൾ അവളിലാകെ.

പക്ഷേ, പിന്നീടുള്ള ദിവസങ്ങൾ അവൾ പോലും പ്രതീക്ഷിക്കാത്ത സന്തോഷം ആയിരുന്നു ആ വീട്ടിൽ. അങ്ങനെ ഒരാഴച്ചക്ക് ശേഷം അവളെയും കൂട്ടി പെട്ടിയുമായി പുറത്തേക്കിറങ്ങാൻ നിൽകുമ്പോൾ അത്‌ കണ്ട് നിൽക്കുന്ന അമ്മയിലും അച്ഛനിലും ആശ്ചര്യവും അതോടൊപ്പം ഉള്ളിൽ കുറച്ചു ദേഷ്യവും ഉടലെടുത്തുതുടങ്ങിയിരുന്നു. പക്ഷേ, ആ ദേഷ്യം പുറത്ത് കാണിക്കാതെ അമ്മ അവൾക്കരികിലെത്തി മുടിയിലൂടെ തലോടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു ” മക്കളിപ്പോ ടൂർ ഒക്കെ പോവാവും അല്ലെ.. ന്തിനാ പ്പോ അതൊക്കെ പോകുന്നെ. നിങ്ങൾ പോയിക്കഴിഞ്ഞാൽ പിന്നെ ഇവിടെ ഒരു ഒച്ചയും അനക്കവും ഉണ്ടാകില്ല.. മോള് ഇല്ലാത്ത വീട് ഉറങ്ങിപ്പോകും, അതുകൊണ്ട് മോളേം കൂട്ടി എപ്പോ എങ്ങോട്ടും പോണ്ട മോനെ.. ടൂറൊക്കെ പിന്നെ പോവാ ” എന്ന്.

അത്‌ കേട്ട് ദേവൻ ഒന്ന് ചിരിച്ചു. പിന്നെ അവളോട് പെട്ടി പുറത്തെ കാറിലേക്ക് വെക്കാൻ പറഞ്ഞുകൊണ്ട് അവൻ അച്ഛനും അമ്മയ്ക്കും നേരെ തിരിഞ്ഞു.

” ഒരു പെണ്ണ് എന്നും കൊതിക്കുന്നത് കെട്ടിക്കേറിവരുന്ന വീട്ടിലെ സമാധാനം ആണ്. അത്‌ കൊടുക്കാൻ ഒരിക്കലും അമ്മക്കോ അച്ഛനോ കഴിഞ്ഞിട്ടില്ല എന്ന് അറിയാം.. പുറമെ കാണിക്കുന്ന ഈ അഭിനയം തന്നെ ആണ് നിങ്ങൾ ജീവിതത്തിൽ മുഴുവൻ കാണിക്കുന്നത്. അത്‌ മക്കളോടായാലും മരുമക്കളോടായാലും.

ഒന്നോർത്താൽ നന്ന്.. അമ്മയും ഒരിക്കൽ ഒരു മരുമോൾ ആയിരുന്നു എന്ന്. ആ സമയം എന്റെ ഇതേ സ്ഥാനത് അന്ന് അച്ഛനും ഉണ്ടായിരുന്നു എന്നത്..

അന്ന് അമ്മയെ തല്ലുമ്പോൾ അച്ഛൻ നോക്കി നിന്നിട്ടുണ്ടാകും. പക്ഷേ, ആ അടിമത്വകാലം ഒക്കെ കഴിഞ്ഞില്ലേ.. പിന്നെ എന്തിന്റെ പേരിൽ ആണ് അച്ഛൻ അവളുടെ ദേഹത്തു കൈ വെച്ചത്. അതിനുള്ള എന്ത് അധികാരം ആണ് അച്ഛനുള്ളത്? അന്ന് ഞാൻ അവളെ പിന്നെയും ഈ വീട്ടിലേക്ക് അയച്ചത് മനസ്സിൽ പലതും കണക്ക് കൂട്ടി തന്നെ ആയിരുന്നു. അവൾ ഒറ്റയ്ക്ക് ഇവിടെ നിന്ന് ഇറങ്ങിയാൽ പിന്നെ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നത് ആയിരിക്കും നാട്ടുകാർ പാടി നടക്കുന്നത്. ഇപ്പോൾ ആണെങ്കിൽ ഞാൻ ഉണ്ട് അവളുടെ കൂടെ..ഇനി അവളും ഒന്ന് സന്തോഷിക്കട്ടെ… നിങ്ങൾ മാത്രം ങ്ങനെ സന്തോഷിച്ചാൽ പോരല്ലോ.. അതുകൊണ്ട് ഞാൻ ഇവിടെ നിന്ന് മാറുകയാണ്. അച്ഛന്റെ അധികാരം ഉള്ള വീട്ടിലല്ലേ പ്രതികരിക്കാൻ പാടില്ലാത്തതുള്ളൂ. ആരും വളർത്തുപട്ടികൾ അല്ല എന്ന് തോന്നുന്ന ഒരുനാൾ വരികയാണെങ്കിൽ അന്ന് നിങ്ങൾക്ക് അങ്ങോട്ട്‌ വരാം. സ്നേഹത്തോടെ തന്നെ ഞങ്ങൾ കാത്തിരിക്കും അവിടെ.. പക്ഷേ, ഇപ്പോഴത്തെ ഈ അധികാരസ്വരം ഇവിടെ വച്ചിട്ട് വരണം.. അവിടെ സ്നേഹിക്കുന്നവരെ മതി. സ്നേഹം നടിച്ചു പിന്നിൽ നിന്ന് കുത്തുന്നവരുടെ ലോകം അല്ല അവിടെ. കേട്ടല്ലോ…ആരേം ഉപേക്ഷിച്ചു പോകുകയല്ല…. എന്നും കൂടെ ഉണ്ടാകും, ന്റെ അച്ഛനും അമ്മയും അല്ലെ..

അതുപോലെ അവൾ എന്റെ ഭാര്യയും ആണ്. അവിടെയും ഉണ്ട് എനിക്ക് എന്റേതായ ചില ഉത്തരവാദിത്വങ്ങൾ.. അതുകൊണ്ട്…. “

എന്നും പറഞ്ഞ് കയ്യിലെ ബാഗുമായി അവനും ആ പടിയിറങ്ങുമ്പോൾ ഒന്നും പറയാൻ കഴിയാതെ നിൽക്കുകയായിരുന്നു ആ അച്ഛനും അമ്മയും.

പുറത്ത് അവന്റെ വാക്കുകൾ കേട്ട് സംരക്ഷണത്തിന്റെ ആ ശബ്ദത്തിൽ അലിഞ്ഞ് സന്തോഷത്തോടെ അവളും ഉണ്ടായിരുന്നു.

✍️ദേവൻ