ഒരു കുറവും വരാതെ പൊന്നു പോലെ നോക്കുന്നുണ്ട് താൻ. ആദ്യമായാണ് ഒരു ആഗ്രഹം പറഞ്ഞത്…

കൊലുസ്സ്

Story written by AMMU SANTHOSH

::::::::::::::::::::::::

“ഒരു കൊലുസു വേണം “

മാങ്ങ പിഞ്ചോ മുല്ല മൊട്ടോ.. ?പഴയതൊക്കെ ഇപ്പോൾ ഫാഷൻ ആണ് “

അയാൾ ഓരോന്നായി എടുത്തു നോക്കി.. മകളുടെ സ്വര്ണനിറമുള്ള പാദങ്ങളിൽ ഏതാവും കൂടുതൽ ഭംഗിയോടെ കിടക്കുക.. ഏതു ആണേലും ഭംഗി ആവും. അത്രയ്ക്ക് സുന്ദരികുട്ടിയാണ് തന്റെ മകൾ. അവളുടെ അമ്മയെ പോലെ തന്നെ. അയാളുടെ ചിന്തകൾ ഒന്നിടറി.. ആയുസ്സ് കൊടുത്തില്ല ദൈവം. പക്ഷെ ഒരു കുറവും വരാതെ പൊന്നു പോലെ നോക്കുന്നുണ്ട് താൻ.. ആദ്യമായാണ് ഒരു ആഗ്രഹം പറഞ്ഞത്.. കുറച്ചു ദിവസമായി അതിനുള്ള ഓട്ടത്തിലായിരുന്നു. രാവിനെ പകലാക്കി ഓട്ടോറിക്ഷ ഓടിച്ചു.. മോൾക്ക്‌ കൊലുസ് വേണം.. അത്‌ ഒരു ഊർജ്ജമായിരുന്നു.

എല്ലാ ക്ലാസ്സിലും ഒന്നാമതെത്തുമ്പോളും ഒന്നും ചോദിക്കില്ല. അച്ഛന്റെ ഉമ്മ മതിയല്ലോ എന്ന് പറഞ്ഞു കെട്ടിപിടിച്ചു ഉമ്മ കിട്ടാൻ കവിൾ നീട്ടി തരും. അച്ഛന്റെ ഇല്ലായ്മകൾ അറിയുന്ന പൊന്നുമോൾ

തന്റെ മകൾ. അവളാണ് തന്റെ വെളിച്ചം.. ജീവൻ… ജീവിതം.

ഒരു പാട് പേര് നിർബന്ധിച്ചു വീണ്ടും ഒരു വിവാഹം… മകളെ കുറിച്ചോർക്കുമ്പോൾ വയ്യ. സ്വന്തം നെഞ്ചിലിട്ടാണ് ഉറക്കിയത്. ഇന്നും ചിലപ്പോൾ “സ്വപ്നം കണ്ടു അച്ഛാ പേടിയാകുന്നു ” എന്ന് പറഞ്ഞു ഒപ്പം വന്നു കിടക്കും. അയാൾക്ക്‌ അതോർത്തപ്പോൾ ചിരി വന്നു.

“പറയു ഏതാ വേണ്ടത് ?”

സെയിൽസ്മാന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ചിന്തയിൽ നിന്നുണർന്നു

“മാങ്ങ പിഞ്ചു മതി “

ഭാര്യയുടെ കാലിലെ കൊലുസും അതായിരുന്നു. തോണിയപകടത്തിൽ മുങ്ങി മരിക്കുകയായിരുന്നു തിരിച്ചു കിട്ടുമ്പോൾ ആഭരണങ്ങൾ ഒന്നും ദേഹത്തുണ്ടായിരുന്നില്ല. ആരോടും പരാതിപ്പെട്ടില്ല.. അവളെക്കാളും വലുതല്ലല്ലോ അതൊക്കെ. കൊലുസ് വാങ്ങി അയാൾ സ്കൂളിലേക്ക് തിരിച്ചു. സ്കൂൾ ബസിൽ കയറും മുന്നേ എത്തണം..

ദൂരെ നിന്ന് മകൾ ഓടി വരുന്നത് കാണെ അയാളുടെ ഹൃദയം നിറഞ്ഞു

“സൂക്ഷിച്ചു നിരത്ത് മുറിച്ചു കടക്കു” അത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ കണ്ണിൽ അച്ഛൻ മാത്രമേയുണ്ടായിരുന്നുള്ളൂ

“അച്ഛാ “

ഒരു ലോറി വരുന്നതേ അയാൾ കണ്ടുള്ളു ഉയർന്നു പൊങ്ങി ചോരയിൽ കുതിർന്നു നിലത്തേക്ക് വീണ മകളുടെ ദേഹം അയാൾ കോരിയെടുത്തു

“അച്ഛാ ” അവൾ അവ്യക്തമായി വിളിച്ചു ആ കണ്ണുകൾ അയാളുടെ മുഖത്തേക്ക് നോക്കി തുറന്നിരുന്നു. കൈകൾ അയാളുടെ നെഞ്ചിൽ ഇറുക്കി പിടിച്ചിരുന്നു

അയാൾ ഒരു അലർച്ചയോടെ മകളെ മാറോടടുക്കി.

ആശുപത്രി

“കഴിഞ്ഞു “ആരോ പറയുന്നു

അയാൾ കണ്ണിനുള്ളിൽ നിന്ന് ശ്വാസം പോയപോലെ തെല്ല് നേരം നിന്നു .

മകൾ ഉറങ്ങും പോലെ കിടക്കുന്നു

“സ്വപ്നം കണ്ടു പേടിച്ചാലോ “

അയാൾ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു. ഷിർട്ടിനുള്ളിൽ എന്തോ തടഞ്ഞു

“കൊലുസ് “

അയാൾ വേഗം ആ പാദങ്ങൾ കൈയിൽ എടുത്തു ഒരു പോറൽ പോലും ഏൽക്കാത്ത പാദങ്ങൾ. അച്ഛന്റെ പൊന്നുമോളുടെ പാദങ്ങൾ. കൊലുസ് മെല്ലെ കെട്ടി കൊടുക്കുമ്പോൾ ചുറ്റും നിന്നവർ അത് കണ്ടു നിൽക്കാനാവാതെ മുഖം തിരിച്ചു.

“മുത്തേ.. അച്ഛനാരുമില്ലെടീ “

അയാൾ ദീനദീനം വിലപിച്ചു കൊണ്ട് ആ പാദങ്ങൾ മുഖത്തോടു ചേർത്തു.. ഹൃദയം നിലച്ചു പോയെങ്കിൽ.. ഇനി ഒരു നിമിഷം പോലും ജീവിക്കണ്ട. കാലുകളിൽ അയാൾ അമർത്തി ഉമ്മ വെച്ചു

അവളുടെ പാദങ്ങൾ ഒന്ന് അനങ്ങിയോ

ആ കണ്ണിമകൾ ഒന്ന് ചലിച്ച പോലെ

അടഞ്ഞ കണ്ണിൽ നിന്ന് നീര്തുള്ളികൾ ഒഴുകിയിറങ്ങുന്ന കാഴ്ച കണ്ടു ഡോക്ടർ അതിശയത്തോടെ അവളുടെ പൾസ് നോക്കി.അവ വീണ്ടും മിടിച്ചു തുടങ്ങിയിരിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ കൃത്യമായ കണക്കുകൾക്കപ്പുറം ദൈവത്തിനു ഒരു കണക്കുണ്ട്…തെറ്റാത്ത ഒരു കണക്കു.

മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് വരിക എളുപ്പമല്ല തിരിച്ചുള്ള യാത്ര എളുപ്പമാണെങ്കിലും.

പക്ഷെ അത്ര മേൽ തീവ്രമായ സ്നേഹം പിൻവിളി വിളിച്ചാൽ ഏതു വിധിയും തോറ്റുകൊടുക്കും ആത്മാവിനെ തിരികെ കൊടുക്കും. അല്ലെങ്കിലും ദൈവങ്ങൾ പോലും തോറ്റു പോകുന്നത് മനുഷ്യന്റെ സ്നേഹത്തിനു മുന്നിലാണല്ലോ. മരണത്തിനു പോലും നിസഹായത തോന്നുന്ന പരാജയം സമ്മതിക്കുന്ന നിമിഷങ്ങളുണ്ട്.. ജീവിതം ഇങ്ങനെയുമുണ്ട്