പക്വതയെത്തും മുന്നേ ജാതക ദോഷത്തിലകപ്പെട്ട് അനിയേട്ടന്റെ പെണ്ണായി ഈ വീട്ടിലേക്ക് വന്ന് കയറിയ…

“ഒരു തണൽ”

എഴുത്ത്: അനു സാദ്

::::::::::::::::::::::::::::::

“ഈശ്വരാ… ഊണ് കാലാവാനായല്ലോ… ഒന്നും ആയിട്ടില്ല താനും.. ഇനി ഇതൊക്കെ എപ്പഴാ ഞാനൊന്ന് ഒരുക്കിയെടുക്കുവ?? അവര് ഇപ്പൊ ഇങ്ങെത്തുവല്ലോ.!! ചോറ് വാങ്ങിവെച്ചിട്ടുണ്ട്.. കറികളൊരു കൂട്ടം ആവുന്നേയുള്ളു…ഒരു തരി ഏറിയും കുറയാതെയും കൊടുക്കണം..ഒരു കുറവും വരുത്താൻ പാടില്ലാ.. അതിന്നെനിക്ക് നിർബന്ധാ… പണികളൊരുക്കുന്ന തിരക്കിൽ അവൾ ഓരോന്ന് സ്വയം പറഞ്ഞിരുന്നു..ഇടക്കെപ്പഴൊ ചിന്തകളൊക്കെയും പല വഴിമാറി പോയിരുന്നു…

“പക്വതയെത്തും മുന്നേ ജാതക ദോഷത്തിലകപ്പെട്ട് അനിയേട്ടന്റെ പെണ്ണായി ഈ വീട്ടിലേക്ക് വന്ന്കയറിയ ആ നല്ല നാളുകളിലേക്ക്,,,,അനിയേട്ടനും അമ്മയും മൂന്ന് പെങ്ങള്മാരും മാത്രമുള്ള ഈ കൊച്ചു ലോകത്തിലേക്ക്… അച്ഛനെ ഞാൻ കണ്ടിട്ടില്ല.. കുറച്ച് വർഷങ്ങൾക് മുന്നേ അച്ഛൻ ഇവരെ വിട്ട് പോയി.. അവർക്ക് വേണ്ടതെല്ലാം അച്ഛൻ ഒരുക്കിവെച്ചിരുന്നെങ്കിലും ഏട്ടനുള്ള എല്ലാ കടമകളും തീർത്തിട്ടാണ് സ്വന്തമായൊരു കൂടൊരുക്കാൻ ഏട്ടൻ തയ്യാറായത്…

“ഇവിടെയെന്നെ വരവേറ്റതൊകെയും എന്റെ സങ്കല്പ മോഹങ്ങളിൽ പോലും വന്നണയാത്തവയായിരുന്നു!!…സ്നേഹം കൊണ്ട് എന്നെ ഉടലോടെ കവർന്നെടുത്ത അനിയേട്ടൻ… കൂടെപ്പിറക്കാതെ എന്റെ കൂടപ്പിറപ്പായ അനിയത്തിമാർ… അതിലേറെ ഞാൻ കൗതുകം കൊണ്ടത് അമ്മയിലായിരുന്നു,,,,ഓരോ നോട്ടങ്ങളിൽ പോലും നിറയെ സ്നേഹം എനിക്ക് വെച്ചുനീട്ടിയ അമ്മ… ഈ വീട്ടിലും തൊടുവിലും പറമ്പിലുമൊക്കെ ഒരു മടിയും കൂടാതെ ഒരു നേരം വെറുതെയിരിക്കാതെ ഓരോ പണിയും ചെയ്ത് ഓടിനടന്ന് … എന്റെ കഴിവിലും കഴിവ് കേടിലും കൂടെ നിന്ന്.. കുറവുകളൊക്കെയും നികത്തി തന്ന്… ദേഷ്യം വരുമ്പോൾ സ്നേഹത്തോടെ ശാസിച്ചും.. അറിവില്ലാതെ ഓരോ കുറുമ്പ് കാണിക്കുമ്പോൾ എന്റെ കളിക്കൊക്കെ നിന്ന് തന്നും.. കുറേ തമാശകൾ പറഞ് എന്നെ പൊട്ടിച്ചിരിപ്പിച്ചും.. അമ്മേടെ കുട്ടി എന്നും.. കുഞ്ഞാ എന്നും മാത്രം വിളിച്ച് അമ്മ എന്നെ നെഞ്ചേറ്റിയപ്പോൾ ഞാൻ ശരിക്കും അമ്മക്കൊരു കാന്താരിയായി മാറിയിരുന്നു!!

“” കുട്ടിക്കളി മാറാത്ത ഈ പെണ്ണിനെ ഇത്രപെട്ടെന്ന് കെട്ടേണ്ടായിരുന്നില്ല ന്റെ അനിയേ,, എന്ന് എപ്പഴും തമാശയാലേ അമ്മ ഏട്ടനോട് പരിഭവം പറയും….”

“എന്ന വേണ്ട അവളെ നമുക്ക് തിരിച്ചു് വീട്ടിൽ കൊണ്ടാകാമെന്ന് ഏട്ടൻ മറുപടി കൊടുക്കുമ്പോ,,,,

“പ്പോടാ… എന്റെ കുട്ടിയില്ലാതെ ഇനിയൊരു നേരം എനിക്ക് വയ്യാന്ന്!! ള്ള അമ്മേടെ വാക്ക് കേൾക്കാനായിരുന്നു എനിക്കിഷ്ടം”””

“ഞങ്ങളെയൊന്നും ഇപ്പൊ വേണ്ടല്ലോയെന്ന് അനിയത്തിമാരും പരാതി പറയുമ്പോ.. അമ്മ പുഞ്ചിരിച്ചോണ്ട് ഒന്നൂടെ എന്നെയൊന്നു ചേർത്ത് പിടിക്കും…എപ്പോഴും മറ്റുള്ളവരുടെ മനസ്സ് കാണാനും മക്കളെയെല്ലാം പൊന്നു പോലെ നോക്കാനും സ്നേഹിക്കാനും അമ്മയുടെ അടുത്തേക്ക് മാത്രം വന്നെത്തുന്ന കുറേ നിത്യ സന്ദർഷകരിൽ ഏതൊരാളുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞു നിർവഹിക്കാനും അമ്മക്കൊരു പ്രത്യേക കഴിവായിരുന്നു…ആര് വന്നാലും വെറുംകയ്യോടെ അമ്മ മടക്കി അയക്കുമായിരുന്നില്ല…. ഏതൊരാളുടെ നാവിലും നൂറുമേനി പത്തരമാറ്റ് തിളക്കത്തോടെ സ്നേഹത്തിന്റെ വർണ്ണനകൾ ചൊരിഞ്ഞിരുന്ന ഒരേയൊരു പേരായിരുന്നു എന്റെ അമ്മയുടേത്!!”” എന്റെ സ്വന്തം അമ്മയോടും ഞാൻ പറയുമായിരുന്നു… എന്തുകൊണ്ടും എനിക്ക് ചേർന്ന അമ്മ എന്റെ ഇപ്പോഴത്തെ അമ്മയാണെന്ന്…!

“എങ്കിലും പലപ്പോഴും കണ്ണീരാലെ അമ്മ ഇടറി വീണിരുന്നത് അച്ഛന്റെ ഓർമ്മകളിലായിരുന്നു…! എള്ളോളം നോവും തൊടിയിക്കാതെ അമ്മയെ അതിരറ്റു സ്നേഹിച്ച അച്ഛൻ പെട്ടെന്നൊരു നാൾ വേർപിരിഞ്ഞു പോയത് അമ്മയെ ശരിക്കും തളർത്തിയിരുന്നു….അമ്മയെത്ര കളിചിരികളിൽ സ്വയം ഒളിപ്പിക്കുമ്പോഴും അമ്മയുടെ നെറ്റിത്തടത്തിലെ മന്മറഞ്ഞ സിന്തൂര ചുവപ്പു അമ്മക്കെല്ലായിപ്പോഴും ഒരു ചിതയൊരുക്കുവായിരുന്നു!! അമ്മക്കുള്ളിൽ അച്ഛനൊഴിച്ചിട്ട ഇടം അത്രയേറെ ആഴമേറിയതാണല്ലോ!!! അവരുടെ കുസൃതിയുണർത്തുന്ന സ്നേഹത്തിന്റെയും ഇണക്കത്തിന്റെയും പിണക്കത്തിന്റെയും കഥകൾക്ക് കാതോർക്കുമ്പോൾ ഞാനും അനിയേട്ടനും അവരെ റോൾ മോഡൽസ് ആകാനുള്ള തീവ്രമായ പരിശ്രമത്തിലായിരുന്നു..!!””

ജീവിതം ഒത്തിരിയേറെ മധുരം നൽകിയപ്പോൾ അതിലേറ്റവും കൂടുതൽ മധുരിച്ചത് ഞങ്ങളുടെ മോൾ എന്റെയുള്ളിൽ പിറവി എടുത്തപ്പോഴാണ്…

ആദ്യമാദ്യം കുഴപ്പമൊന്നും ഉണ്ടായില്ലെങ്കിലും പിന്നെയങ്ങോട്ട് ക്ഷീണവും ഛർദിയും ഭക്ഷണത്തോട് വിരക്തിയും അസുഖങ്ങളും എല്ലാം എന്നെ ഒത്തിരി വലച്ചു.. എന്റെ വീട്ടിൽ പോലും വിടാതെ അമ്മയെന്നെ കൈവെള്ളക്കുള്ളിൽ കൊണ്ട് നടന്നു.. രാവും പകലുമെന്നില്ലാതെ ഓരോ നേരം വയ്യായ്ക വരുമ്പോഴും എന്നെയെടുത്തു ഓടുമായിരുന്നു.. രാവൊത്തിരി വീട്ടിലും ആശുപത്രി വരാന്തയിലുമായി അമ്മ എനിക്ക് വേണ്ടി ഉറക്കമിളച്ചിട്ടുണ്ട്… ഓരോ നേരത്തും എന്തെങ്കിലുമൊക്കെയായി എന്റെ ചുണ്ട് നനക്കാൻ ഉണ്ടാക്കി കൊണ്ടുവരുമായിരുന്നു.. കൈ ഉഴിഞ്ഞും കാൽ ഉഴിഞ്ഞും എപ്പോഴും എനിക്കരികിലിരിക്കുമായിരുന്നു .. ലേബർ റൂമിൽ പോലും ഞാൻ എനിക്ക് കൂട്ടുപിടിച്ചത് അമ്മയെ ആയിരുന്നു.. എന്റെ വേദനകൾ ഒക്കെയും ഊറ്റം കൊണ്ടത് ആ കണ്ണുകളിലായിരുന്നു.. ഒരുപാട് വേദന സഹിച്ചപ്പോ.. ഇനി എനിക്ക് വയ്യ അമ്മേ നമുക്ക് ഇത് നിർത്താം.. നമുക്ക് ഇനി കുട്ടിയും ചട്ടിയും ഒന്നും വേണ്ടെന്ന് പറഞ് ഞാൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞപ്പോൾ,,, ആ കണ്ണീരിലും അമ്മ ഒത്തിരിയൊത്തിരി പൊട്ടിച്ചിരിച്ചു!! നമുക്ക് അനിയോട് പറയാട്ടോ ന്നും പറഞ് എന്നെ സമാധാനിപ്പിച്ചു!!”” ഒടുവിൽ മോളെ മാറോടു ചേർക്കുമ്പോൾ ആദ്യം എനിക്കൊരു ഉമ്മ തരാനും അമ്മ മറന്നില്ല..!!

അമ്മ അവളെ വാരിയെടുക്കുമ്പോഴും ഓമനികുമ്പോഴും കൊഞ്ചിക്കുമ്പോഴും എനിക്കൊരിത്തിരി കുശുമ്പ് ഇല്ലാതില്ലാ.. അപ്പോഴും നെറുകിലൊരു ഉമ്മ തന്ന് അമ്മയെന്നെ മയക്കും…വീണ്ടും എപഴൊക്കെയോ ആ മുഖത്ത് കണ്ണീർചാലുകൾ ഉടലെടുക്കും.. അച്ഛന്റെ ഓർമ്മകളുടെ കുത്തൊഴുക്കിൽ!!!

ദിവസങ്ങൾ കഴിയവേ ഒട്ടും നിനച്ചിരിക്കാതെ ഒരുനാൾ കണ്ണീരിൽ ഞാൻ മുഖം പൂഴ്ത്തിയത് പെട്ടെന്നൊരു ദിവസം അമ്മ വീണുപോയപ്പോഴാണ്,,, ഉമ്മറകോലായിൽ കാൽ വഴുതിവീണ വീഴ്ചയിൽ നട്ടെല്ലിന് നല്ല ക്ഷതമുണ്ടായിരുന്നു…ആദ്യം എല്ലാവരും അമ്മക്ക് കൂട്ടിരുന്നെങ്കിലും ഇനി അമ്മ കിടന്ന കിടപ്പിലാകും,, എഴുന്നേറ്റു നടക്കാൻ നന്നേ പ്രയാസമാണ് എന്നറിഞ്ഞപ്പോഴാണ് പെണ്മക്കളെല്ലാം പതിയെ അരങൊഴിയാൻ തുടങ്ങിയത്..! പിന്നെ പിന്നെ വരവ് കുറഞ്ഞു..ചോദ്യവും പറച്ചിലും കുറഞ്ഞു.. വന്നാൽ തന്നെ കുറച്ചു നേരം നില്കാൻ ഇടമില്ലാതെയും സ്വന്തം കുടുംബത്തിൽ ഉള്ളത് ഒതുക്കി വെച്ചു വന്നാൽ പിന്നെയൊന്നിനും വയ്യെന്ന് പറഞ് മൂലക്കിരിപ്പാവാനും തുടങ്ങി..

അമ്മയെ ഒന്ന് താങ്ങാനും പിടിക്കാനും കുളിപ്പിക്കാനും വിസർജ്യങ്ങൾ വൃത്തിയാകാനും ഭക്ഷണം കൊടുക്കാനും തുണിയാടകൾ കഴുകാനും അങ്ങനെ ഓരോന്നിനുമായി എന്നെയൊരു കൈ സഹായിക്കാൻ അമ്മ തന്നെ അവരോട് ആവശ്യപ്പെടുമ്പോൾ.. അതെല്ലാം വഴക്കിലും വിദ്വേഷത്തിലും കുത്തുവാക്കുകളിലും പഴംപുരാണം പറച്ചിലിലുമൊക്കെയായി പരിണമിച്ചു….

“അമ്മ എനിക്കൊട്ടും അധികമല്ല എന്ന് ഞാൻ അമ്മയെ കൂടെകൂടെ ഓർമിപ്പിച്ചു.. ഞാനും ഏട്ടന് ആവുന്ന പോലെ ഏട്ടനും എല്ലാം ഭംഗിയായി നിർവഹിച്ചു… എങ്കിലും അമ്മ എനിക്ക് ചെയ്തു തന്നതിനോളം ഒന്നും വരുന്നില്ലെന്ന സങ്കടം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.. പഴയത് പോലെ അമ്മയെ എനിക്ക് വേണമെന്ന് ഞാൻ മനസ്സാൽ വരിച്ചിരുന്നു… അതിനു വേണ്ടി എന്തും ത്യജിക്കാൻ ഞാൻ ഒരുക്കമായിരുന്നു…

“എങ്കിലും അമ്മ ഒന്നിനും ഒരു കുറവും ഒരു പരിഭവവും പറഞ്ഞില്ല.. തുള്ളി വെള്ളം വേണമെങ്കിൽ പോലും ഞാൻ റൂമിൽ വരുമ്പോഴല്ലാതെ എന്നെ വിളിച്ചു വരുത്തി കുടിക്കാൻ പോലും അമ്മ തുനിഞ്ഞില്ല… ഓടിനടന്ന് ഞാൻ ക്ഷീണിച്ചെന്നും എന്റെ കുട്ടി ഇടങ്ങേറായെന്നും പറഞ് ഒത്തിരി സങ്കടപ്പെട്ടോണ്ടിരുന്നു…

സഹായിക്കാനല്ലെങ്കിൽ എന്നെ കഷ്ടപ്പെടുത്താനായിട്ട് ആരും ഇങ്ങോട്ട് വരണ്ടെന്ന് അമ്മ തന്നെ മക്കളോട് പറഞ്ഞത് അവരെ ചൊടിപ്പിച്ചു…അവരുടെ സ്നേഹക്കുറവും അവഗണനയും അമ്മക്കൊരു തീരാനോവായി… അമ്മക്കുള്ളതെല്ലാം ഏട്ടന് പോകുമോ?? എന്നവര് തുറന്നു ചോദിച്ചതും അമ്മയെ ഒത്തിരി വേദനിപ്പിച്ചു…അപ്പഴെല്ലാം ആ കരം പിടിച്ച് അമ്മയോട് അരിക് പറ്റി കിടന്ന് ഞാൻ ചോദിക്കും…

” അമ്മക്ക് ഞാനില്ലേ??? ഞാൻ എന്റെ അമ്മയെ നോക്കുന്നില്ലേയെന്ന്… പിന്നെന്തിനാ എന്റെ അമ്മ കരയണേ എന്ന്??? അന്നേരം എന്നെ തലോടിയൊന്ന് ഹൃദ്യമായി പുഞ്ചിരിക്കും””

അച്ഛനെയാണ് ഏറ്റവും കൂടുതൽ…. ആരേക്കാളും.. അമ്മ അപ്പോ മിസ്സ്‌ ചെയ്യുന്നത് എന്ന് എനിക്ക് തോന്നി..

“അച്ഛനാണിപ്പോ ഇവിടെ വേണ്ടിയിരുന്നത് എന്ന് പറഞ് അമ്മ സദാ സമയവും ആ നെഞ്ച് അലക്കുന്നതും കണ്ണീര് തൂകുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു…ആ കൈപിടിക്കാനും എല്ലാ വേദനയും ആ നെഞ്ചോട് ഇറക്കിവെക്കാനും അമ്മ ഒരുപാട് ആശിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി…..

സത്യമാണ്… ആണായാലും പെണ്ണായാലും എത്ര പ്രായം ഏറിയാലും തനിക്കൊരു ഇണയെ കൊതിക്കും… മക്കൾക്കും മരുമക്കൾക്കും പേരമക്കൾക്കും.. അവരുടെ സ്നേഹത്തിനും കരുതലിനും ഒകെ ഒരു പരിധിയുണ്ട്… അവർക്ക് ഒന്നും ചിന്തിക്കാൻ പോലുമാകാത്തതാണ് ഉള്ളില് പ്രതിഷ്ഠിക്കുന്ന ഇണയുടെ സ്ഥാനം…ബാലിഷമായതൊന്നുമില്ലെങ്കിലും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കരുതൽ കൊള്ളാനും ഏത് സുഖത്തിലും ദുഖത്തിലും നെഞ്ചോടു ചേരാനും തോളോട് ചായാനും ഒന്ന് ചേർത്ത് പിടിക്കാനും കൊതിക്കാത്തവരായി ആരുമുണ്ടാകില്ല… കുറച്ച് പ്രായമായാൽ പിന്നെയത് പ്രകടിപ്പിക്കില്ലെന്ന് മാത്രം… കാരണം സമൂഹം മേൽചാർത്തിയ കുറെ പാഴ് നിയമങ്ങൾക്ക് മുന്നിൽ ഉള്ളില് മുളപൊട്ടുന്ന ഓരോ കുഞ്ഞു മോഹവും അവിടെ തന്നെ ഒളിപ്പിക്കുന്നവരാണ് ഏറെയും…!!””

അങ്ങനെയിരിക്കെ വീണ്ടുമൊരു ദിവസം അമ്മ സങ്കടത്തിരയിൽ മുങ്ങി താഴുമ്പോൾ ഞാൻ ചോദിച്ചു

“അമ്മക്കൊരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടോ???

എന്റെ ചോദ്യത്തിൽ ആദ്യം ഒന്ന് പതറിയെങ്കിലും.. പിന്നേ., നീയെന്ത് വിവരക്കേട കുട്ടി പറയണേ??!! എന്നും ചോദിച് മുഖം തിരിച്ചു…

പക്ഷെ അമ്മയൊരുവേള അത് ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു…..ആ ചോദ്യവും അതിനുള്ള ഉത്തരവും ഞാൻ എന്റെ മനസ്സിൽ ആറ്റിക്കുറുക്കി വെച്ചു…

പതിയെ ദിനങ്ങൾകപ്പുറം അമ്മക്കൊരുപാട് മാറ്റങ്ങൾ വന്നു.. പതുക്കെ എണീക്കാനും ഇരിക്കാനും പിടിച്ച് നിൽക്കാനും പിടിച്ചു നടക്കാനും ഒകെ തുടങ്ങി…ഒടുവിൽ വീണ്ടും ഞാനെന്റെ ആ ചോദ്യം പുറത്തെടുത്തു…

അമ്മ തനിയെ നടക്കാമെന്നായപ്പോൾ കൂട്ടായി ഒരാളെ കൂടെ നൽകണമെന്ന്..”” വീണ്ടും തനിച്ചാവാതിരിക്കാൻ!!!

അമ്മ ഒരിക്കലും എനിക്ക് അധിക പറ്റല്ല… എത്ര കാലം വേണമെങ്കിലും അമ്മയെ പൊന്നു പോലെ നോക്കാനും സംരക്ഷിക്കാനും എനിക്ക് സാധിക്കും… പക്ഷെ ശൂന്യമായ ഇടമെല്ലാം നികത്തണം.. കൂടിച്ചേരേണ്ടതെല്ലാം കൂടിച്ചേരുക തന്നെ വേണം…!!! ഇനിയൊരുവേള എന്നെങ്കിലും അമ്മ.,ഞാൻ അമ്മയുടെ ഉള്ളറിഞ്ഞില്ലല്ലോ?? എന്ന് പരിഭവപ്പെട്ടാൽ എനിക്കത് താങ്ങാൻ കഴിയില്ലാ…!”””

അമ്മയും ഏട്ടനും ഒരുപോലെ ആദ്യം എതിർത്തെങ്കിലും എന്റെ നിർബന്ധങ്ങൾക്കും വാക്കുകൾക്കും മീതെ മൗനമെങ്കിലും അമ്മ സമ്മതം മൂളി..ഏട്ടനും.,, അമ്മയ്ക്ക് ദോഷം വരുന്നതൊന്നും നീ ചെയ്യില്ലെന്ന് എനിക്ക് നന്നായിട്ടറിയാമെന്ന് പറഞ്ഞ് എന്നെ ചേർത്തുപിടിച്ചു..”””

പ്രതീക്ഷിച്ച പോലെ തന്നെ വിവരം അറിഞ്ഞതും അമ്പും വില്ലും എടുത്ത് പെണ്മക്കളും വന്നെത്തി…ചോദ്യാവലികളുമായി അവർ അമ്മയ്ക്ക് നേരെ പാഞ്ഞടുത്തപ്പോൾ…വാക്കുകളിൽ മൂർച്ചകൊണ്ട് അതൊക്കെയും അമ്മയിൽ ആഞ്ഞുതറഞ്ഞപ്പോൾ…ഒന്ന് മാത്രം ചോദിച്ചു ഞാൻ,,,,

“ഇത്രനാളും അമ്മയ്ക്ക് കൂട്ടിരിക്കാൻ നിങ്ങളാരും എന്തെ വന്നില്ല???””

തപ്പിതടഞ്ഞു അവർ ഓരോ മറുപടി പറയാൻ മുതിർന്നപ്പോൾ എന്റെ മറുചോദ്യങ്ങൾക്കൊന്നും തന്നെ അവർക്ക് ഉത്തരമുണ്ടായിരുന്നില്ല…പിന്നെയും പലതും ഞാൻ അക്കമിട്ട് നിരത്തുമ്പോൾ.. മറുപടി പറയാനാകാതെ അവർ കുഴങ്ങുന്നുണ്ടായിരുന്നു.!!ഒടുവിൽ അമ്മയുടെ അഭിലാഷങ്ങളും അവർ ചെയ്ത തെറ്റും അവരെ ബോധ്യപ്പെടുത്തിയപ്പോൾ അവർ അമ്മയ്ക്ക് മുന്നിൽ മാപ്പിരന്നു…എന്റെ തീരുമാനത്തിന് അവരും പൂർണ്ണ സമ്മതം പറഞ്ഞപ്പോൾ ഞാനൊരു കുഞ്ഞു കുറുമ്പിയായി തന്നെ നിലകൊണ്ടു.. അഭിമാനത്തോടെ!!!

വൈകാതെ തന്നെ ഭാര്യ മരിച് തനിച്ചായ ഏകാന്തത മാത്രം കൂട്ടിനുള്ള ഒരച്ഛനെ ഞങ്ങൾ അമ്മയ്ക്ക് വേണ്ടി കണ്ടെത്തി.. അമ്മയുടെ എല്ലാ ഗുണങ്ങളും ആ അച്ഛനിൽ ഞാൻ കണ്ടു.. എന്തുകൊണ്ടും അമ്മയ്ക്ക് യോഗ്യനാണെന്ന് എന്റെ മനസ്സ് പറഞ്ഞു..ഇവിടെ ഞങ്ങളുടെ കൂടെ കഴിയാൻ അച്ഛനെ ഒത്തിരി നിർബന്ധിച്ചെങ്കിലും,,ആ മണ്ണ് വിട്ട് പോരാനാകില്ലെന്ന് പറഞ് അച്ഛൻ ആ ക്ഷണം സ്നേഹത്തോടെ നിരസിച്ചു…

ഇന്ന് ഞങ്ങളെ കാണാൻ അച്ഛനും അമ്മയും വരും.. അവർക്ക് വേണ്ടിട്ടുള്ള വിരുന്നൊരുക്കുവാ ഞാൻ!!

ഊണ് കഴിക്കുമ്പോൾ ഞാനും അനിയേട്ടനും അച്ഛനെയും അമ്മയെയും മതിയാവോളം നോക്കികണ്ടു..അവരുടെ സ്നേഹവും, കരുതലും കുഞ്ഞ് തമാശകളും.. ഒടുവിൽ ഓരോ ഉരുളകളായി ഒരു മടിയും കൂടാതെ ഞങ്ങളോടൊന്ന് കണ്ണടച്ചേ,,,, എന്നും പറഞ് അമ്മയ്ക്ക് വെച്ചുനീട്ടുന്ന ചില കുസൃതികളും!!””” അവർ ഓരോ നിമിഷവും ആസ്വദിക്കുവായിരുന്നു….എന്റെയും അനിയേട്ടന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു…കൂടെ ഞാൻ കണ്ടു,, ഓരോ നോക്കിലും അമ്മയുടെ കണ്ണിലെ തിളക്കം,,, അമ്മ എന്നോട് പറയാതെ പറയുന്നത്,,,

“”ഞാൻ അമ്മയ്ക്ക് നൽകിയ ഏറ്റവും വിലപ്പെട്ട ഒന്നാണ്.. ഈ അച്ഛനെന്ന്!!”””

(ചില അനുഭവങ്ങളും കൂടെ തോന്നിയ കുറച്ച് ആശയങ്ങളും ഒരു കഥയാക്കിയതാണ്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. എല്ലാവരും അഭിപ്രായങ്ങൾ തുറന്നു പറയണം. സപ്പോർട്ട് ചെയ്യണം.. ഒത്തിരി സ്നേഹത്തോടെ)