പിന്നെയും നാളുകൾക്കു ശേഷം കുട്ടികൾ ഉണ്ടാകാത്തതിനെ പറ്റി സംസാരങ്ങൾ വന്നപ്പോൾ നിവർത്തിയില്ലാതെ….

അടുക്കളപ്പുറത്തെ തേങ്ങലുകൾ…

Story written by Aswathy Joy Arakkal

:::::::::::::::::::::::::::::::::::

അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടൊരു പെണ്ണിന്റെ കൊലപാതക വാർത്ത ചർച്ചയാകുമ്പോൾ.. ഭർത്താവ് തന്നെയാണ് സമാനതകളില്ലാത്ത ആ ക്രൂരകൃത്യം ചെയ്തതെന്ന് തെളിഞ്ഞപ്പോൾ, ഓർമ്മ വരുന്നത് വർഷങ്ങൾക്കു മുൻപ് സീനിയർ ആയൊരു സഹപ്രവർത്തകനായ രവികൃഷ്ണൻ സാറിന്റെ (പേര് വ്യാജമാണ് ) മരണം കൂടാൻ പോയ ദിവസമാണ്… അവിടെ കണ്ട വെളുത്തു മെല്ലിച്ച പെൺരൂപമാണ്… അവരുടെ നിസ്സംഗമായ മുഖമാണ്…

ഞാൻ ജോലിക്ക് ജോയിൻ ചെയ്ത് അധികമാകും മുൻപായിരുന്നത് കൊണ്ട് രവികൃഷ്ണൻ സാറെ പറ്റി കാര്യമായൊന്നും അറിയില്ലെങ്കിലും കാഴ്ചയിലും, പെരുമാറ്റത്തിലും മാന്യൻ… നല്ലൊരു വ്യക്തി എന്നൊരു മതിപ്പ് തോന്നിക്കുന്ന ആൾ.. അൻപതു വയസ്സ് പ്രായം… ഒരുദിവസം ഉറങ്ങാൻ കിടന്നയാൾ പിറ്റേന്ന് ഉണർന്നില്ല എന്ന വാർത്ത കേട്ടത് ശെരിക്കും എല്ലാവർക്കുമൊരു ഷോക്ക് തന്നെയായിരുന്നു..

മരണാനന്തര ചടങ്ങുകളൊക്കെ കഴിഞ്ഞ് ഓഫീസിലേക്കുള്ള മടക്ക യാത്രയ്ക്കിടയിലാണ് കൂടെ വർക്ക്‌ ചെയ്യുന്ന ഗിരിജേച്ചിയോട് “പാവം, നല്ലൊരു മനുഷ്യൻ ആയിരുന്നല്ലേ? ” എന്ന ആത്മഗതം ഞാൻ നടത്തുന്നത്… ഗിരിജേച്ചി രവി സാറിന്റെ അയൽക്കാരി കൂടിയാണ്.. ഓഫീസിൽ എന്തോ അത്യാവശ്യ വർക്ക്‌ ഉണ്ടായിരുന്നത് കൊണ്ടാണ് ഞങ്ങൾക്കൊപ്പം അന്ന് തിരികെ വന്നത്…

ഗിരിജേച്ചി കുറച്ചുനേരം ഒന്നും മിണ്ടിയില്ല… പിന്നെ എന്നോടായി ചോദിച്ചു..

“കുട്ടി, രവി സാറിന്റെ ഭാര്യയെ കണ്ടിരുന്നോ? “

അപ്പോഴാണ് അവിടെ നിർവികാരയായി ഒരുതുള്ളി കണ്ണീരുപോലും പൊഴിക്കാതിരുന്ന വെളുത്തു മെല്ലിച്ച ആ പെൺരൂപം എന്റെ മനസ്സിലേക്ക് വരുന്നത്. സ്വന്തം ഭർത്താവല്ലേ മരിച്ചു കിടക്കുന്നത് ഒരുതുള്ളി കണ്ണീരുപോലും അവർ പൊഴിക്കുന്നില്ലല്ലോ എന്നു ഞാൻ ചിന്തിച്ചിരുന്നു…

“അവരുടെ മുഖത്ത് ഭർത്താവ് മരിച്ചതിന്റെ ഒരു സങ്കടവും കാണാനില്ലല്ലോ എന്നാകും അല്ലേ കുട്ടി ചിന്തിക്കുന്നത്.. ” എന്റെ മൗനം മുറിച്ചുകൊണ്ട് ഗിരിജേച്ചി തുടർന്നു..

“അവർ രവി സാറിന്റെ രണ്ടാം ഭാര്യയാണ്‌… രണ്ടാൺകുട്ടികളാണ് സാറിന്.. മൂത്തവന് പത്തും, ഇളയവന് എട്ടും വയസ്സുള്ളപ്പോഴാണ് ന്യൂമോണിയ വന്ന് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ദേവിചേച്ചി മരിക്കുന്നത്… അദ്ദേഹം മറ്റൊരു വിവാഹം കഴിക്കുന്നത് രണ്ടുമക്കൾക്കും ഇഷ്ടമല്ലായിരുന്നു. എന്നിട്ടും അധികം വൈകാതെ അദ്ദേഹം വേറെ കല്യാണം കഴിച്ചു.. ” ഗിരിജേച്ചി പറഞ്ഞു നിർത്തി..

“രണ്ടാംവിവാഹം തെറ്റൊന്നുമല്ലല്ലോ ചേച്ചി? ” ഞാൻ ചോദിച്ചു.

” രണ്ടാംവിവാഹം തെറ്റൊന്നുമല്ല.. പക്ഷെ ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ അവളുടെ അവസ്ഥ മുതലെടുത്തു ചതിക്കുന്നത് തെറ്റല്ലേ..? അന്ന് ഇപ്പോഴത്തെ ഭാര്യയായ ഈ കുട്ടിക്ക് ഇരുപത് വയസ്സ്… വീട്ടിലെ ദാരിദ്രവും പട്ടിണിയും കാരണം എങ്ങനെയെങ്കിലും ഇതിനൊരു നല്ല ബന്ധം കിട്ടട്ടെ എന്നുവെച്ചാണ് രണ്ടാംകെട്ടുകാരനായിട്ടും വീട്ടുകാർ ഈ വിവാഹം നടത്തികൊടുത്തത്. ഇതിന് അച്ഛനില്ല.. ഉപേക്ഷിച്ചു പോയതെന്തോ ആണ്.. ഇളയത്തുങ്ങൾ രണ്ടെണ്ണം ഉണ്ട്… “

“പക്ഷെ, സാറ് ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവളുടെ അവസ്ഥ മുതലെടുത്തു. രണ്ടാമത് വിവാഹം കഴിച്ചാൽ… വരുന്ന പെണ്ണിനൊരു കുഞ്ഞു കൂടി ആയാൽ ആദ്യബന്ധത്തിലെ തന്റെ മക്കളെ രണ്ടാംഭാര്യ നോക്കുമോ എന്ന സാറിന്റെ പേടിമാറ്റാൻ, സാറിന്റെ പെങ്ങൾ ആങ്ങളയെ കൊണ്ടുപോയി “വാസക്ടമി ” ചെയ്യിച്ചു.. പിന്നെ കുട്ടികൾ ഉണ്ടാകില്ലല്ലോ .. ഇതിവർ ആങ്ങളയും പെങ്ങളും രഹസ്യമാക്കി വെച്ച് ആ പെൺകുട്ടിയെ ചതിച്ചു … വിവാഹം ചെയ്തു വന്ന അവൾ ആ മക്കളെ സ്നേഹിക്കാൻ ഒരുപാട് നോക്കിയെങ്കിലും രണ്ടുമക്കൾക്കും രണ്ടാനമ്മയെ വെറുപ്പായിരുന്നു.. ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് അവളെ ആ കുട്ടികൾ… പിന്നെയും നാളുകൾക്കു ശേഷം കുട്ടികൾ ഉണ്ടാകാത്തതിനെ പറ്റി സംസാരങ്ങൾ വന്നപ്പോൾ നിവർത്തിയില്ലാതെ സത്യം അവൾക്കു മുന്നിൽ പറയപ്പെട്ടു… ആദ്യമൊക്കെ “എനിക്ക് കുറവുണ്ടെങ്കിൽ രണ്ടുമക്കൾ ഉണ്ടാകില്ലല്ലോ.. നിനക്കാണ് കുറവെന്ന് ” പറഞ്ഞു സാറ് പിടിച്ചു നിന്നെങ്കിലും പിന്നീട് എല്ലാം പറയേണ്ടി വന്നു.. “

“എന്നിട്ട്? ” ഒട്ടും പ്രതീക്ഷിക്കാതെ എന്തൊക്കെയോ കേട്ട മാനസികാവസ്ഥയോടെ ഞാൻ ചോദിച്ചു…

“എന്നിട്ടെന്താ. അതിനു പോകാൻ ഒരിടം ഇല്ലാത്തതുകൊണ്ട് എല്ലാവരുടേയും ആട്ടും തുപ്പും സഹിച്ചവിടെ നിൽക്കുന്നു… അതിന്റെ വീട്ടിൽ പറഞ്ഞപ്പോൾ അമ്മ കുറേ കരഞ്ഞു എന്നല്ലാതെ അവരെന്തു ചെയ്യാൻ.. ചെറ്റകുടിലിൽ നിന്നു വന്നവൾക്ക് ഈ സൗകര്യങ്ങളൊക്കെ അധികം എന്നല്ലാതെ അവൾക്കു നിഷേധിക്കപ്പെട്ട മാതൃത്വത്തെ പറ്റി ആർക്കുമൊരു കുറ്റബോധവുമില്ല.. “

” വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും അവളുടെ അവസ്ഥയ്ക്കൊരു മാറ്റവും വന്നില്ല.. സാറിന്റെ മനസ്സലിഞ്ഞില്ല.. സാർ ഉള്ളപ്പോഴേ മക്കൾക്കവളെ ഇഷ്ടവല്ല. ഇനി ഈ അവസ്ഥയിൽ ആ വീട്ടിൽ അതിന്റെ ഗതി എന്താകുമോ എന്തോ..? അവിടെ പരിസരത്ത് ആകെ എന്നോടെ അവൾ മിണ്ടൂ.. ഇടയ്ക്ക് സങ്കടം പറഞ്ഞു കരയും പാവം.. ” ഒരു ദീർഘനിശ്വാസത്തോടെ ഗിരിജേച്ചി പറഞ്ഞു നിർത്തി…

മാന്യനെന്നു കരുതിയ ഒരാളുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നത് ശെരിക്കും അദ്ദേഹത്തിന്റെ മരണത്തേക്കാൾ വലിയ ഷോക്ക് ആയിരുന്നു എനിക്ക് .. പക്ഷെ സങ്കടം തോന്നിയത് ആ സ്ത്രീയെ കുറിച്ചോർത്തപ്പോഴാണ്… ദാരിദ്ര്യത്തിൽ നിന്നൊരാൾ കൈപിടിച്ച് കയറ്റാൻ വന്നപ്പോൾ പുതിയ ജീവിതത്തെ കുറിച്ച് ഒരുപിടി സ്വപ്‌നങ്ങൾ അവളും കണ്ടുകാണില്ലേ? എന്നിട്ട് മാതൃത്വം പോലും അവൾക്ക് നിഷേധിക്കപ്പെട്ടു. അമ്മയാവുന്നതാണ് ഏറ്റവും വലിയ കാര്യം എന്നല്ല പക്ഷെ അവൾക്കത് നിഷേധിക്കാൻ അയാൾക്കെന്താണ് അവകാശം.. എല്ലാം സഹിച്ചവൾ അവിടെ തന്നെ നിൽക്കുന്നത് നിവർത്തികേട്‌ കൊണ്ടാകില്ലേ? അവൾക്ക് നല്ല വിദ്യാഭ്യാസമോ, സ്വന്തമായി ഒരു ജോലിയോ, പിടിച്ചുനിൽപ്പോ ഉണ്ടെങ്കിൽ ഇത്രയും വലിയൊരു ചതി സഹിച്ചവൾ അവിടെ തുടരില്ലല്ലോ.. വിവാഹം നടന്നില്ലെങ്കിൽ നടന്നില്ലന്നേ ഉള്ളു ഇതിപ്പോൾ അവഗണിക്കപ്പെട്ടു, ചതിക്കപ്പെട്ട് അവർ ജീവിച്ചിരിക്കുന്നു എന്നുമാത്രം…

ഇതുപോലെ എത്രയോ സ്ത്രീകൾ… വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടോ , സ്വന്തമായൊരു പിടിച്ചുനിൽപ്പ് ഇല്ലാത്തതു കൊണ്ടോ മാത്രം നരകജീവിതം നയിക്കുന്നു.. പട്ടിണിക്കിട്ടു കൊല്ലുമ്പോഴും, സ്റ്റവ് പൊട്ടിത്തെറിക്കുമ്പോഴും, പാമ്പ് കടിക്കുമ്പോഴുമൊക്ക മാത്രമേ നമ്മൾ അറിയുന്നുള്ളു എന്നുമാത്രം.. അല്ലാത്ത വിലാപങ്ങളൊക്കെ അടുക്കളപ്പുറങ്ങളിലെ തേങ്ങലുകളോ, നെടുവീർപ്പുകളോ ആയി അവസാനിക്കുന്നു ആരോരും അറിയാതെ.. എഴുതപ്പെടാതെ….. നാലാളറിയുന്ന വാർത്തകൾക്ക് വരെ അടുത്തൊരു പ്രമാദമായ മരണം വരേയെ ആയുസ്സുള്ളൂ എന്നിരിക്കേ ഇതിനൊക്കെ എന്തു പ്രസക്തി അല്ലേ?

വിവാഹമല്ല വിദ്യാഭ്യാസവും, സ്വന്തം കാലിൽ നിൽക്കാനൊരു ജോലിയുമാണ് പെണ്ണിനാദ്യം വേണ്ടതെന്നു പലരും തിരിച്ചറിഞ്ഞിരുന്നെങ്കിൽ… അതാണ്‌ ഏറ്റവും വലിയ സ്ത്രീധനം എന്നു മനസ്സിലാക്കിയിരുന്നെങ്കിൽ…