മഴ
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
==============
“രമേഷേട്ടാ, ആരാണീ മഴ…?നിങ്ങൾക്ക്, ഒരു വാട്സ്ആപ്പ് മെസേജ് വന്നിരിക്കണൂ, അതില് ഇത്രയേ എഴുതീട്ടുള്ളൂ…’ഞാൻ വരുന്നു…അടുത്ത ഞായറാഴ്ച്ച..’ എന്നു മാത്രം…ആരാണ് ഏട്ടാ, ഈ മഴ….?”
പ്രഭാതത്തിൽ, ഉമ്മറത്തിണ്ണയിലിരുന്നു ചായ കുടിക്കുകയായിരുന്ന രമേശൻ, ഭാര്യയുടെ ചോദ്യത്തിൽ ഒന്നു പതറി. അയാൾ വിദൂരതയിലേക്കു നോക്കി. ആർത്തിരമ്പിപ്പെയ്യുന്ന മഴയിൽ, നാട്ടുവഴി മുങ്ങിപ്പോയിരിക്കുന്നു. ചീറിയടിച്ച കാറ്റിൽ, മഴപ്പിശറുകൾ അയാളുടെ മുഖത്തു ഈറൻ പടർത്തിക്കൊണ്ടിരുന്നു. നെടുനാളായി വേനലായിരുന്നു. ഈ മഴ അപ്രതീക്ഷിതമാണ്. അയാൾ ഓർത്തു….പിന്നേ, ഭാര്യയുടെ ചോദ്യത്തിനുള്ള മറുപടിക്കായി ചുണ്ടനക്കി…..
“പ്രിയാ, നമ്മുടെ രണ്ടുവർഷമെത്താറായ വിവാഹജീവിതത്തിൽ, ഞാൻ നിന്നോടു പറയാത്ത ഒരേയൊരു കാര്യമേയുള്ളൂ…സാവിത്രിയേക്കുറിച്ച്….എൻ്റെ കാമുകിയായിരുന്നു. ഒത്തിരി വർഷം, ഞങ്ങൾ പ്രണയിച്ചിട്ടുണ്ട്….അവൾ വേറെ കല്യാണം കഴിച്ചു. ഇപ്പോൾ, ആ ബന്ധം വേർപിരിഞ്ഞു. അവളുടെ ഭർത്താവിന്, ഇപ്പോഴും ഒന്നിലേറെ കാമുകിമാരുണ്ടായിരുന്നുവത്രേ….ഞാനവളുടെ പേര് ‘മഴ’യെന്നാണ് സേവ് ചെയ്തു വച്ചിരിക്കുന്നത്. ഇന്ന് മഴ പെയ്തതിൽ അതിശയമില്ല…ഞാനവളേ കാണുമ്പോളൊക്കെ മഴ പെയ്യാറുണ്ടായിരുന്നു…..”
പ്രിയയുടെ മിഴികളിൽ, രോഷത്തിൻ്റെ ചുവപ്പു പടർന്നു.
“അവളുടെ വീട് ചിറാപുഞ്ചിയിലായിരുന്നോ…? കാണുമ്പോ കാണുമ്പോ മഴ പെയ്യാൻ…ദേ, നിങ്ങള് മണ്ണാറത്തൊടി ജയകൃഷ്ണൻ കളിക്കരുത്….ഒരു വയസ്സുള്ള ക്ടാവ്, അകത്തു കിടന്നുറങ്ങണുണ്ട്….സാവിത്രി…. കുന്തം അവള്, എവിടെയെങ്കിലും പോയി തുലയട്ടേ…..”
രമേശൻ, ഭാര്യയെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.
“പ്രിയാ….നീ പേടിക്കേണ്ടാ…അത് കഴിഞ്ഞ അധ്യായമാണ്…അതുമല്ല, ഈ ശനിയാഴ്ച്ച വൈകുന്നേരം, ഞാൻ തൃശൂർക്ക് പോകില്ലേ….ഓഫീസിലെ, പ്രസാദിൻ്റെ ഗൃഹപ്രവേശത്തിൻ്റെ പാർട്ടി ഞങ്ങൾക്കെല്ലാം രാത്രിയല്ലേ നിശ്ചയിച്ചിട്ടുള്ളത്….അവിടെ നിന്നും, ഞാൻ ഞായറാഴ്ച്ചയല്ലേ തിരികെയെത്തുക…അതിരാവിലെ വരുന്ന ട്രെയിനിലാണ്, സാവിത്രിയെത്തുക….ഞങ്ങളൊരിക്കലും കാണില്ല…”
പ്രിയ, ചുണ്ടും കൂർപ്പിച്ച്, മുഖവും വെട്ടിത്തിരിച്ച്, അകത്തേക്കു നടന്നു. കട്ടിൽത്തലയ്ക്കൽ ഫോണും വച്ച്, ഉമ്മറത്തു വന്നിരുന്ന നിമിഷത്തേ, രമേശനും ശപിച്ചു.
ഞായറാഴ്ച്ച, രാവിലെ ആറുമണി….ബാംഗ്ലൂർ എക്സ്പ്രസ് വന്നു നിന്നപ്പോൾ, പെരുമഴ പെയ്യുന്നുണ്ടായിരുന്നു. ഫ്ലാറ്റുഫോമിനോടു ചേർന്ന കാത്തിരിപ്പുകേന്ദ്രത്തിൽ രമേശൻ ഇരുന്നു…ട്രെയിൻ എത്തിയപ്പോൾ, അയാൾ ഫ്ലാറ്റുഫോമിലേക്കു തെല്ലിറങ്ങി നിന്നു. മഴയിലൂടെ സാവിത്രി അയാൾക്കരികിലെത്തി….അവൾ, അയാളെ നോക്കി പുഞ്ചിരിച്ചു.
“ഇന്നും, മഴ പെയ്യണൂ……”
അവളാണതു പറഞ്ഞത്….
“കാലമാടാ….ഇനിയെന്നും നിനക്കു കണ്ണീർമഴയായിരിക്കും…..”
മറുപടി, ഇരുവർക്കും പുറകിൽ നിന്നാണ് വന്നെത്തിയത്….രണ്ടാളും ഒന്നിച്ചാണ് തിരിഞ്ഞു നോക്കിയത്….പുറകിൽ, കത്തുന്ന മിഴികളോടെ പ്രിയ….
“പതിനഞ്ചു കിലോമീറ്റർ ആക്ടീവ ഓടിച്ചു വന്നത് വെറുതെയായില്ല….നിങ്ങള്, വീട്ടിലേക്ക് വാ മനുഷ്യാ….ഞാൻ, ശരിയാക്കിത്തരാം….നിങ്ങടെയൊരു ഗൃഹപ്രവേശം….ഇതിന് ഒരു തീരുമാനം ഉണ്ടാക്കാതെ ഞാൻ നിങ്ങളുടെ വീട്ടിലേക്കു വരില്ല….ഞാനും, മോനും എൻ്റെ വീട്ടിൽ പോണൂ…സിനിമ പോലെയാണോ ജീവിതമെന്ന് കരുതിയോ…..വൃത്തികെട്ടവൻ…..”
അവൾ, ട്രാക്കിൽ നിന്നും കരുതിയ ഉരുളൻ കല്ലെടുത്തു അയാൾക്കു നേരെ വലിച്ചെറിഞ്ഞു. ഒഴിഞ്ഞുമാറിയതിനാൽ അതു ദേഹത്തു കൊണ്ടില്ല….അതിവേഗം, നടന്നകന്നു മറഞ്ഞ ഭാര്യയേയും നോക്കി അയാൾ തെല്ലുനേരം നിന്നു…..
തീവണ്ടിയുടെ സൈറൺ മുഴങ്ങി….അതു പതിയെ ചലിക്കാൻ തുടങ്ങി…രമേശൻ, സാവിത്രിയേ നോക്കി….അവളടുത്തുണ്ടായിരുന്നില്ല…..
“രമേശേട്ടാ……”
സാവിത്രിയുടെ പരിചിത ശബ്ദം….അവൾ, ട്രെയിനിൻ്റെ വാതിൽക്കൽ നിന്നു കൈ വീശിക്കാണിച്ചു. പതിയേ നീങ്ങുന്ന അവൾക്കൊപ്പം അയാൾ നടന്നു.
“രമേശേട്ടാ…..എൻ്റെ വിവാഹം ശരിയായി…..ബാംഗ്ലൂരിലെ ഒരു ബിസിനസ്സുകാരനാണ്….ഓൺലൈനിൽ ചാറ്റു ചെയ്തു പരിചയപ്പെട്ടതാ….കോടീശ്വരൻ……ഇനി, നമ്മുടെ ചാറ്റുകൾ ഉണ്ടാവില്ലാ ട്ടാ….ഞാൻ എൻ്റെ സിം ഉപേക്ഷിച്ചു….ശരീട്ടാ………. ബൈ”
ട്രെയിൻ അകന്നു മറഞ്ഞു. രമേശൻ, ഫ്ലാറ്റുഫോമിൽ തനിച്ചായി….അപ്പോഴും, മഴ പെയ്യുന്നുണ്ടായിരുന്നു…മഴയേ നോക്കി അയാൾ പിറുപിറുത്തു…
“സിനിമയല്ല, ജീവിതം….”