എന്റെ ചെറിയച്ഛൻ…
Story written by Anitha Anu
============
“ഇനി ആരെങ്കിലും വരാനുണ്ടോ? എങ്കിൽ എടുക്കട്ടെ?..”
ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി, കൊണ്ടു പോകുകയാണോ? ഇനിയൊരു തിരിച്ചു വരവില്ലാത്തൊരു യാത്ര…
എനിക്ക് നെഞ്ചു പിളരുന്ന പോലെ തോന്നി എന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി ഇറങ്ങി, ഇനി കാണില്ല…ഇന്നലെ വരെ എന്നോട് സംസാരിച്ചിരുന്ന ആൾ…
“എന്റെ മക്കളെ തലോടിയ കൈകൾ ഇതാ കൂട്ടി കെട്ടിയിരിക്കുന്നു…” എന്റെ തേങ്ങൽ പുറത്തെക്കു വന്നു.
“ചെറിയച്ചാ ഞാൻ ഉള്ളുരുകി വിളിച്ചു…”
ആരൊക്കെയോ ചേർന്നു ബോഡി എടുത്തു പുറത്തേക്കു കൊണ്ടു പോകുമ്പോൾ ഒരു ഇളം കാറ്റിന്റെ നേർത്ത ശബ്ദം പോലുള്ള തേങ്ങൽ കേട്ട് ഞാൻ ഒന്ന് ചെരിഞ്ഞു നോക്കി..
ലക്ഷ്മിയേടത്തി !!!
ചെറിയച്ഛനെ എടുത്തു തെക്കെ തൊടിയിൽ കോണ്ടു പോയി, അത് കാണാനാവാതെ ഞാൻ വേഗം മുറിയിലേക്ക് വന്നു കട്ടിലിൽ കിടന്നു…
ഒരു കാറ്റ് വന്നു എന്നെ തലോടി കടന്നുപോയി ചെറിയച്ഛന്റെ തലോടൽ പോലെ…തല പൊട്ടി പിളരുന്ന പോലെ നെറ്റിയിൽ ഇടാൻ ഇത്തിരി ബാം കിട്ടിയിരുന്നെങ്കിൽ…നെറ്റിയിൽ കൈ അമർത്തി കിടന്നു.
ഞാൻ ഒന്ന് മയങ്ങി എന്നു തോന്നുന്നു.
“അശ്വതി…” എന്ന് വിളി കേട്ടിട്ടാണ് ഉണർന്നത്.
” നീ പോയി കുളിക്കു..കുഴിപ്പുറത്തു നിന്നു എല്ലാരും വന്നു കുട്ടീ…വീട് അടിച്ച് തളിക്കുന്നു, നീ വേഗം കുളിച്ചു വാ..” തലവേദനക്ക് ചെറിയ ഒരാശ്വാസം ഉണ്ട്, മെല്ലെ എഴുന്നേറ്റു കുളിമുറിയിലേക്ക് നടക്കുമ്പോൾ കണ്ടു ജനാലക്കൽ ഒരു രൂപം ജനലഴി പിടിച്ച് പുറത്തേക്ക് നോക്കുന്നു…
അടുത്തു ചെന്നു നോക്കുമ്പോൾ അതാ തെക്ക് ഭാഗത്തെ ചിത കത്തി തീരാറായി, അതും നോക്കി നിൽക്കുകയാണ് ലക്ഷ്മിയേടത്തി…
ഞാൻ അടുത്തു വന്നതൊന്നും അവർ അറിഞ്ഞിരുന്നില്ല. ഞാൻ അവിടെ നിന്നും വേഗം മാറി, കുളിച്ചു വരുമ്പോഴും അവർ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു…
എനിക്ക് ചായയുമായി അമ്മായി വന്നപ്പോൾ ഞാൻ പറഞ്ഞു,
“ലക്ഷ്മിയേട്ടത്തിക്ക് ചായ കൊടുക്കു…”
“കൊടുത്തതാ കുടിക്കുന്നില്ല എത്ര നിർബന്ധിച്ചിട്ടും വേണ്ടന്നാ പറയുന്നത്. പിന്നെ എന്ത് ചെയ്യാനാ”
അമ്മായി പറഞ്ഞു.
ആളുകൾ പോയിക്കഴിഞ്ഞിരുന്നു. അടുത്ത ചില കുടുബക്കാർ മാത്രമെ ഇനി ഉള്ളു . എന്റെ മക്കൾ വന്നു എന്റെടുത്തു ഇരുന്നു, മൂത്തവൾക്ക് കിടക്കണം എന്ന് പറഞ്ഞു അവൾ കിടന്നു..ഇളയവൻ എന്റെടുത്തിരുന്നു.
മോൻ എന്റെ ചുമലിൽ ചാഞ്ഞു കിടന്നു…
ചായ കുടിച്ചില്ല നീ..? ഞാൻ ചോദിച്ചു
“ഇല്ല”… അവൻ പറഞ്ഞു.
അപ്പോഴെക്കും അമ്മ മുറിയിലേക്ക് വന്നു…
“അമ്മേ മോന് ചായ കൊടുക്കു..അവൻ ഇന്ന് ഒന്നും കഴിച്ചില്ലല്ലോ..”
“കുട്ടൻ വാ അമ്മമ്മ ചായ തരാം..”
അമ്മ അവന്റെ കൈ പിടിച്ച് മുറിയിൽ നിന്ന് പോയി.
അപ്പോഴെക്കും ലക്ഷ്മിയേടത്തി അടുത്തേക്കു വന്നു എന്നെ നോക്കി “പോവാണ്..” എന്ന് പറഞ്ഞു.
ഞാൻ അവരുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ കലങ്ങിയിരുന്നു, പക്ഷേ ആ മുഖത്ത് സങ്കടഭാവമല്ല… ഒരു തരം നിർവികാരമായ മുഖമായിരുന്നു. സാരി വലിച്ചു പുറം ഭാഗം മറച്ചു മെല്ലെ നടന്നു നീങ്ങി.
“അവർ ആരാണ് ഞങ്ങളുടെ…?” “ആരുമല്ല…” “പക്ഷേ..ആരൊക്കയോ ആവേണ്ട വരായിരുന്നില്ലേ.”
ഞാൻ എഴുന്നേറ്റു ജനാലയ്ക്കടുത്തു പോയി നിന്നു. ചിത അടങ്ങി, കനൽ മാത്രമായിരിക്കുന്നു..
“ചെറിയച്ഛൻ ..” എനിക്ക് വീണ്ടും വല്ലാത്ത സങ്കടം തോന്നി
അച്ഛന്റെ ഇളയ അനുജനാണ് ചന്ദ്രദാസ് എന്ന എന്റെ പ്രിയപ്പെട്ട ചെറിയച്ഛൻ. അറുപത്തിഏഴു വയസ്സു തികഞ്ഞത് കഴിഞ്ഞ മാസമായിരുന്നു.
അച്ഛന് മൂന്നു അനുജന്മാരായിരുന്നു. മറ്റു രണ്ട് പേരും കല്യാണം കഴിച്ചു മാറി താമസിച്ചു. ഈ ചെറിയച്ഛൻ മാത്രം കല്യാണം കഴിച്ചിരുന്നില്ല. ഒരു ജിവിതം ഇങ്ങനെയായി ഒന്നല്ല രണ്ട് ജീവിതങ്ങൾ…കൂടി ചേരാൻ കഴിയാത്ത പ്രണയം.
ലക്ഷ്മിയേടത്തി സ്കൂളിലും ചെറിയച്ഛൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു പ്രണയം തുടങ്ങിയത്. വലിയ കോളിളക്കം ഉണ്ടാക്കിയ പ്രണയമായിരുന്നു. അമ്മ പല തവണ പറയുന്ന കേട്ടു അവരുടെ പ്രണയ കഥകൾ.
ചില സമയത്ത് രണ്ട് എണ്ണം അകത്ത് ചെന്നാൽ ചെറിയച്ഛനും പറയും പഴയ വീരസാഹസീക പ്രണയ കഥകൾ. പിന്നെ ഒരു നെടുവീർപ്പ്, എന്നിട്ട് കണ്ണടച്ച് ഇരിക്കും. പിന്നെ കുറേ നേരത്തക്ക് ഒന്നും മിണ്ടില്ല…ഞങ്ങൾ കുട്ടികൾ പിന്നെയവിടെ നിൽക്കില്ല.
രണ്ടു പേരും വലിയ നായർ തറവാട്ടുകാർ പക്ഷേ…അവർ പഴയ തറവാട്ടുകാർ, ഭൂസ്വത്തിന് ഉടമ എന്ന് ഒരു വ്യത്യാസം മാത്രം. ചെറിയച്ഛൻ അച്ഛന്റെ ബിസിനസ്സിൽ ഒപ്പം കൂടി. മറ്റ് രണ്ട് പേരും ഗൾഫിൽ ജോലിയായിരുന്നു. ചന്ദ്രൻ ചെറിയച്ഛന് ഗൾഫിൽ പോകാൻ താൽപര്യമുണ്ടായിരുന്നില്ല കാരണം കാമുകിയെ കാണാതിരിക്കൽ പറ്റില്ലാത്രെ…
“ലക്ഷ്മിയേടത്തി…” അവരാണ് ചെറിയച്ഛന്റെ എല്ലാമായവൾ.
രാവിലെ ചെറിയച്ഛൻ അച്ഛന്റെ മരമില്ലിൽ പോകുമ്പോൾ ലക്ഷ്മിയേടത്തിയുടെ വീടിനടുത്തു എത്തിയാൽ ഒരു ചൂളം വിളി അതായിരുന്നു സിഗ്നൽ. അപ്പോ ലക്ഷ്മിയേടത്തി തൊടിയിൽ ഇറങ്ങി വരും…
പറമ്പിനരികിലെ ഇടവഴിയിൽ കൂടി ചെറിയച്ഛൻ നടന്നു വരുന്നത് കണ്ടാൽ ലക്ഷ്മിയേടത്തി പറമ്പിനരുകിലെ ഞാവൽ മരത്തിനടുത്തു നിൽക്കും…
രണ്ടു പേരും പരസ്പരം ഒന്ന് നോക്കി ചിരിക്കും…ചെറിയച്ഛൻ ഒരു കടലാസ്സ് തുണ്ട് എറിഞ്ഞു കൊടുക്കും…ലഷ്മിയേടത്തി നാല് ഭാഗത്തും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി അത് എടുത്തു വീട്ടിലേക്ക് ഓടും. തന്റെ മുറിയിൽ കയറി കതകടച്ച് അത് വായിക്കും. രാത്രി ചെറിയച്ഛൻ തിരിച്ചു വരുമ്പോൾ അച്ഛൻ കൂടെയുണ്ടാകും…ശനിയാഴ്ച അച്ഛൻ വരാൻ വൈകും, ജോലിക്കാർക്ക് കൂലി കൊടുത്തു കഴിഞ്ഞു രാത്രി വൈകിയെ അച്ഛൻ വരാറുള്ളു…
ചെറിയച്ഛൻ നേരത്തെ ഇറങ്ങും, അന്നാണ് രണ്ടുപേരുടെയും സംഗമം, ചെറിയച്ഛൻ സിഗ്നൽ കൊടുക്കും ലക്ഷ്മിയേടത്തി കുളക്കടവിൽ ഇറങ്ങി ചെല്ലും…ചെറിയച്ഛൻ അവരെ കാത്ത് അവിടെ ഉണ്ടാകും അവരുടെ പ്രണയ സല്ലാപങ്ങൾ…അവർ എന്തൊക്കെ ആയിരിക്കും പറഞ്ഞിട്ടുണ്ടാകുക, ലക്ഷ്മിയേടത്തിയുടെ മടിയിൽ തല വെച്ചു കിടന്ന കഥകളൊക്കെ ചെറിയച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു..
ആകാശത്തിലെ നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി ചിരിച്ചിരുന്നു…ഞങ്ങൾക്കായി നീലരാവിൽ രാക്കിളികൾ പ്രണയ ഗാനം പാടി തന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു…
അച്ഛൻ കടയിൽ നിന്ന് ഇറങ്ങുന്ന സമയം കണക്കാക്കി ചെറിയച്ഛൻ കുളക്കടവിൽ നിന്ന് യാത്ര പറഞ്ഞു പിരിയും…ഇതിനെല്ലാം കൂട്ടുനിന്നത് അവിടത്തെ വാല്യക്കാരി പെണ്ണായിരുന്നു..
അച്ഛൻ വീട്ടിലെത്തുന്ന സമയത്തിന് മുന്നേ ചെറിയച്ഛൻ വീട്ടിലെത്തിയിരിക്കും,..ചന്ദ്രൻ എപ്പോ എത്തി എന്ന് ചോദിക്കുമ്പോൾ അമ്മ പറയും ഓ അവൻ നേരത്തെ എത്തി ഊണ് കഴിക്കാതെ ചേട്ടനെയും കാത്തിരിക്കുകയാണെന്ന് പറയും…
അമ്മക്ക് എല്ലാ കാര്യവും അറിയാമായിരുന്നു. പതിവ് പോലെ ശനിയാഴ്ച ചെറിയച്ഛൻ കുളക്കടവിൽ പോയി ഇരുന്നു. ലക്ഷ്മിയേടത്തി വന്നു കല്യാണാലോചന നടക്കുന്ന കാര്യം ചെറിയച്ഛനോടു പറഞ്ഞു..ഞാൻ നാളെ തന്നെ ചേട്ടനെയും ചേട്ടത്തിയെയും അയക്കാമെന്ന് വാക്ക് കൊടുക്കിട്ടാണ് അവർ പിരിഞ്ഞത്. പിറ്റേ ദിവസം ഞായറാഴ്ച അച്ഛനോട് അമ്മ കാര്യങ്ങൾ പറഞ്ഞു…
“അവന്റെ മൂത്ത രണ്ടു പേർ നിൽക്കുന്നില്ലേ അവരുടെ കല്യാണം കഴിയാതെ ഇളയവനെ കൊണ്ട് കെട്ടിക്കുക ആളുകൾ എന്ത് പറയും. മറ്റു രണ്ടുപേരുടെയും ഒരുമിച്ച് ഈ വർഷം നടത്തണമെന്നാണ് ഞാൻ തീരുമാനിച്ചത്. രണ്ട് കൊല്ലം കഴിഞ്ഞിട്ട് ഇവന്റെ കല്യാണം നടത്താമെന്നാ ഞാൻ കണക്കു കൂട്ടിയത് ഇതിപ്പോ… “
“അവർ തമ്മിൽ ഇഷ്ടത്തിലായ സ്ഥിതിക്ക്..”
“പെണ്ണിന് കല്യാണാലോചന നടക്കുന്നുണ്ട്. നമുക്ക് ഒന്ന് പോയി അവരോട് സംസാരിച്ചിട്ട് വരാം പറ്റുമെങ്കിൽ… അടുത്ത കൊല്ലം നടത്താം,. അല്ല കല്യാണം ഉറപ്പിച്ചു വെക്കാലോ…”
അമ്മയുടെ നിർബ്ബന്ധം കൊണ്ടു അച്ഛൻ സമ്മതിച്ചു. അവർ രണ്ടു പേരും ലക്ഷ്മിയേടത്തിയുടെ വീട്ടിൽ പോയി വീട്ടിന്റെ പൂമുഖത്ത് ലക്ഷ്മി-യേടത്തിയുടെ അച്ഛനും, ജേഷ്ഠൻമാരും ഉണ്ടായിരുന്നു…
അച്ഛൻ പൂമുഖത്ത് ഇരുന്നു…അമ്മ വീട്ടിനുള്ളിലേക്ക് കയറി ലക്ഷ്മിയേടത്തിയുടെ അമ്മ തളത്തിലെ ആട്ടുകട്ടിലിൽ ഇരിക്കുകയായിരുന്നു…വെത്തിലയിൽ ചുണ്ണാമ്പ് തേച്ചു കൊണ്ട് വാല്യക്കാരി അടുത്തുണ്ടായിരുന്നു…അമ്മയെ കണ്ടപ്പോൾ അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇതാരാ വന്നിരിക്കണു…”
“സുഭദ്ര..ഇരിക്കു എന്തെ ഈ വഴി വരാൻ തോന്നിയത്? ഞാൻ നിങ്ങളുടെ കല്യാണത്തിന് വന്നിട്ടുണ്ടായിരുന്നു അന്ന് മെലിഞ്ഞു കോല് പോലെയായിരുന്നല്ലോ ഈ സുഭദ്ര..”
അവർ വാല്യക്കാരിയെ നോക്കി പറഞ്ഞു
“എത്ര കുട്ടികളാണ് ?”
” രണ്ട് പെൺകുട്ടികൾ…”
“ഉൽസവത്തിന് കാണാറുണ്ട് ഞാൻ നിന്നെ..പക്ഷേ അടുത്തു വന്നു സംസാരിക്കാൻ ഒന്നും കഴിയാറില്ല..”
അപ്പോഴെക്കും ലക്ഷ്മിയേടത്തി അവിടേക്ക് വന്നു അമ്മയെ നോക്കി ചിരിച്ചു…ലക്ഷ്മിയേടത്തിയുടെയമ്മ പറഞ്ഞു..
“ഇതെന്റെ ഇളയ മോളാ ലക്ഷ്മി…”
“ഞാൻ കണ്ടിട്ടുണ്ട്…ഇവളെ കാണാൻ വന്നതാ ഞങ്ങൾ…”
“ആണോ..” ലക്ഷ്മിയേടത്തിയുടെ അമ്മ ചോദിച്ചു.
“ആർക്കുവേണ്ടിയാണ് സുഭദ്രാ…”
മറുപടി പറയും മുന്നേ ചായയുമായി വാല്യക്കാരി വന്നു. അമ്മക്കും കൊടുത്തു പുറത്തേക്കും കൊണ്ടുപോയി . അപ്പോഴെക്കും വാല്യക്കാരി വന്നു പറഞ്ഞു
“ലക്ഷ്മി കുഞ്ഞിനെ അച്ഛൻ വിളിക്കണു…”
ലക്ഷ്മിയേടത്തി പേടിച്ചു പുറത്തേക്ക് പോയി, കൂടെ അവരുടെ അമ്മയും…പെട്ടന്ന് തന്നെ ലക്ഷ്മിയേടത്തി തിരിച്ചു വന്നു. എന്റെ അമ്മയുടെ അടുത്തു വന്നു നിന്നു. അമ്മ അവരുടെ കൈയ്യ് പിടിച്ച്.. “ഞാൻ ചന്ദ്രനോട് എന്തെലും പറയണോ…” എന്ന് ചോദിച്ചു.
അവൾ നാണത്തോടെ ഓടിക്കളഞ്ഞു. അപ്പോഴെക്കും അച്ഛൻ അമ്മയെ വിളിക്കുന്നു വെന്നു ലക്ഷ്മിയേടത്തിയുടെ അമ്മ വന്നു പറഞ്ഞു…
അമ്മ അവരോട് യാത്ര പറഞ്ഞു ഇറങ്ങി…അച്ഛന്റെ മുഖത്ത് നോക്കിയപ്പോൾ എന്തോ പന്തികേട് തോന്നി അമ്മക്ക്…
പോകുമ്പോൾ കണ്ട ആളല്ല..അമ്മ ഒന്നും ചോദിക്കാൻ പോയില്ല…വീട്ടിൽ ചെറിയച്ഛൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
അച്ഛൻ വന്ന ഉടനെ പറഞ്ഞു “നീ അവനെ വിളിക്ക്…”
അമ്മ വിളിക്കും മുന്നേ ചെറിയച്ഛൻ ഉമ്മറത്തേക്ക് വന്നു ….
അച്ഛൻ ചെറിയച്ഛനെ ഒന്ന് നോക്കി, സ്വന്തം മകനെ പോലെയാണ് ഇളയ സഹോദരനെ കാണുന്നത്.
അച്ഛന്റെ അച്ഛൻ ചെറിയച്ഛന് അഞ്ച് വയസ്സ് ഉള്ളപ്പോ മരണപ്പെട്ടു. അച്ഛന്റെ അമ്മ ചെറിയച്ഛന് പതിനഞ്ച് വയസ്സ് ഉള്ളപ്പോഴാണ് മരണപ്പെട്ടത്..മറ്റുള്ളവരെക്കാളും ചന്ദ്രദാസ് ള്ളയച്ഛനെയായിരുന്നു അച്ഛൻ ഒരുപാട് സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തത്…
“ചന്ദ്രാ ഈ ബന്ധം നമുക്ക് ശെരിയാകില്ല…”
“ഏട്ടാ അത് എന്തെ…?”
“ഞാൻ തുറന്ന് തന്നെ പറയാം അവർക്ക് താൽപര്യമില്ല..അതാ കാര്യം…”
“നിനക്ക് എന്താ ജോലി?.. അതാ അവരുടെ ചോദ്യം.. അവർക്ക് ഡോക്ടറെയും എഞ്ചിനിയറെയും…അല്ലാതെ ബിസിനസ് കാരെ ആവശ്യമില്ലെന്ന്…”
അത് കേട്ടപ്പോൾ ചന്ദ്രന്റെ മുഖം ഒന്ന് കാണണം വിളറി വെളുത്ത പോലെ.. “അമ്മ പറഞ്ഞ ഈ വാക്കുകൾ ഇന്നും ഓർമ്മയുണ്ട്..”
ചെറിയച്ഛൻ ആകെ വിഷമത്തിലായിരുന്നു പിന്നിട് ഉള്ള ദിവസങ്ങൾ…ഒരു ശനിയാഴ്ച ചെറിയച്ഛൻ ലഷ്മിയേടത്തിയെ കാണാൻ പോയി. അവർ കുറേ നേരം സംസാരിച്ചിരുന്നു. ജീവിക്കുന്നെങ്കിൽ ഒരുമിച്ച് എന്ന് തീരുമാനമെടുത്തു…അവർ കുളക്കടവിൽ നിന്ന് പറമ്പിലേക്ക് കയറിയതെ ഉണ്ടായിരുന്നുള്ളു അപ്പോ ഒരാളനക്കം കണ്ടു ഇലഞ്ഞി മരത്തിന്റെ മറവിൽ നിന്ന്… ഒന്നല്ല രണ്ട് മുന്നു പേർ ഉണ്ടായിരുന്നു..
“എടി..”എന്ന് അലറി വിളിച്ച്.
ഒരാൾ വന്നു ലഷ്മിയേടത്തിയുടെ കൈയിൽ പിടിച്ചു വലിച്ചു, വീട്ടിലേക്ക് കൊണ്ടു പോയി പിന്നെ അവിടെ നടന്നത് വളരെ ദയനീയമായ സംഭവമാണ്…മൂന്നുപേർ ചേർന്നു ചെറിയച്ഛനെ പൊതിരെ തല്ലി വലിച്ചിഴച്ചു ഞങ്ങളുടെ വീടിന്റെ പടിക്കൽ കൊണ്ടു പോയി ഇട്ടു…
ചെറിയച്ഛന് ബോധമില്ലായിരുന്നു, നീണ്ട ഒരു മാസം ഹോസ്പിറ്റലിലായിരുന്നു…ജീവൻ തിരച്ചു കിട്ടിയത് തന്നെ ഭാഗ്യം പക്ഷേ…കാലിന് നന്നായി ക്ഷതമേറ്റിരുന്നു വലത്തെ കാലിന് സ്വാധീന കുറവായിപ്പോയി…നടക്കാൻ പറ്റുമായിരുന്നില്ല…വീട്ടിൽ വന്നു ഉഴിച്ചിലും മറ്റും കുറേ നാൾ ചെയ്തു വലിയ ഫലം കിട്ടിയില്ല. വടി കുത്തി മെല്ലെ നടക്കാൻ തുടങ്ങിയത് ഒരു വർഷത്തിന് ശേഷമാണ്,..ലക്ഷ്മിയേടത്തിയുടെ സ്നേഹം നിറഞ്ഞ കത്ത് അപ്പോഴും ചെറിയച്ഛന് കിട്ടി കൊണ്ടിരുന്നു..
ചെറിയച്ഛന്റെ ഈ അവസ്ഥ താൻ കാരണമാണെന്ന് ഓർത്തു വലിയ സങ്കടത്തിലായിരുന്നു… കല്യാണത്തിന് അവർ സമ്മതിച്ചില്ല, വിട്ടുകാരോട് എതിർത്തു തുടങ്ങി എനിക്ക് കല്യാണമെ വേണ്ടന്ന് പറഞ്ഞു…
ചെറിയച്ഛൻ പിന്നെയും മൂന്ന് വർഷം കഴിഞ്ഞ ശേഷമാണ് കടയിലും കമ്പനിയിലും പോയി തുടങ്ങിയത്. ചന്ദ്രദാസ് ചെറിയച്ചന്റെ നേരെ മൂത്ത രണ്ട് ചേട്ടൻ മാരുടെയും കല്യാണം കഴിഞ്ഞു. പഴയത് പോലെ നടക്കാൻ ഒന്നും ചെറിയച്ഛന് ആവുമായിരുന്നില്ല, എന്നാലും അച്ഛനെ സഹായിക്കാൻ എപ്പോഴും കൂടെയുണ്ടാകും. ഇതിനിടയിൽ ലക്ഷ്മിയേടത്തിയുടെ അച്ഛൻ മരണപ്പെട്ടു, സഹോദരന്മാർ രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു…
ദിവസങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞു പോകുന്നത്.. അന്നത്തെ സംഭവത്തിന് പോലീസ് കേസെടുത്തിട്ടു ഒരു വഴിത്തിരിവില്ലാതെ അത് മൂടപ്പെട്ടു…ചെറിയച്ഛൻ പറഞ്ഞത് ആളെ അറിയില്ലന്നും ഇടവഴിയിൽ നിന്ന് ആരൊക്കെയോ ചേർന്നു തല്ലിയതാണ് എന്ന്…പക്ഷേ നാട്ടുകാർക്ക് പലർക്കും കഥകൾ അറിയാമായിരുന്നു..
ലക്ഷ്മിയേടത്തിയുടെ മുന്നാമത്തെ സഹോദരന്റെ കല്യാണവും കഴിഞ്ഞു അതോടെ ആ കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു…മുന്ന് സഹോദരൻമാരും മുന്നു വഴിക്കായി എല്ലാം ഭാഗിക്കപ്പെട്ടു
ദിവസങ്ങൾ മാസങ്ങളായും., മാസങ്ങൾ വർഷങ്ങളായും പോയി കൊണ്ടെയിരുന്നു..ലക്ഷ്മിയേടത്തിക്ക് പല കല്യാണാലോചനകൾ വന്നിട്ടും വരുന്നവരോടെക്കെ താൻ ഒരാളെ സ്നേഹിക്കുന്നുവെന്ന് തുറന്നു പറയുമായിരുന്നു…
പിന്നെ പെണ്ണിനെയും ചെറുക്കനെയും തനിച്ച് സംസാരിക്കാൻ അവസരം കൊടുക്കാറില്ല. ആരെങ്കിലും കൂടെ നിറുത്തും എന്നിട്ടും ലക്ഷ്മിയേടത്തി തുറന്നു പറഞ്ഞു സഹോദരൻമാർ തല്ലി ചതച്ചിട്ടും അവർ കുലുങ്ങിയതെയില്ല.
എല്ലാവരും ലക്ഷ്മിയെടത്തിയെ ഒഴിവാക്കിയ പോലെയായി…അവരുടെ മേലുള്ള ചങ്ങലകൾ കുറെശ്ശ അഴിഞ്ഞു വീണു, അമ്പലത്തിൽ പോകാനും ബന്ധുവീടുകളിൽ പോകാനും അനുവാദം കിട്ടി. അവർ അമ്പലത്തിൽ പോയി വരുമ്പോൾ വീട്ടിലെക്ക് വരും. ഇളയച്ഛനെ കാണും കുറേ നേരം സംസാരിക്കും, ലക്ഷ്മി വീട്ടിലേക്ക് മടങ്ങും..
ലക്ഷ്മിയേടത്തിയുടെ വീട്ടിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായി. കാരണം ചെറിയച്ഛനെ കാണാൻ വരുന്നത് അവരുടെ വീട്ടുകാർ അറിഞ്ഞു, ഇനി ചന്ദ്രാട്ടനെ വല്ലതും ചെയ്താൽ ഞാൻ ഇറങ്ങി പോയി അയാളുടെ കൂടെ താമസിക്കും എന്ന് ഒരു ഭീഷണിയും ലക്ഷ്മിയേടത്തി പറഞ്ഞു.
“ഞങ്ങൾക്ക് ഇനി ഒരു ജീവിതമില്ല പിന്നെ നിങ്ങളായിട്ട് അത് ചെയ്യിക്കരുത്…” എന്ന് പറഞ്ഞു
എന്തായിരുന്നു അവരുടെ രണ്ടുപേരുടെയും ഉള്ളിൽ എന്നാർക്കും അറിയില്ല.
ചന്ദ്രൻ ചെറിയച്ഛന് കാർ ഡ്രൈവ് ചെയ്ത് പോകാൻ കഴിയുമായിരുന്നു, ഇടക്ക് കാറുമായി ഒന്ന് പോകും വൈകിട്ട് തിരിച്ച് വരും. അമ്പലങ്ങളിൽ പോകുകയാണെന്ന് പറയും. പിന്നീട് അറിഞ്ഞു ലക്ഷ്മിയേടത്തിയെയും ചെറിയച്ഛനെയും അമ്പലങ്ങളിൽ ഒരുമിച്ചു കണ്ടതായി. ഇതറിഞ്ഞപ്പോൾ അമ്മ പറഞ്ഞിരുന്നു എന്നാൽ നീ അവളെ വിളിച്ചു കൊണ്ടു പോരു ഇങ്ങോട്ട്…
അതിന് മറുപടി പറയാൻ നിൽക്കാതെ ചെറിയച്ഛൻ മാറി നിൽക്കും. ലക്ഷ്മിയേടത്തി- യുടെ അമ്മയും മരണപെട്ടു അവർ തീർത്തും ഒറ്റപ്പെട്ടു, വഴിവക്കിലൊക്കെ രണ്ടു പേരും കണ്ടാൽ സംസാരിക്കുമായിരുന്നു ആരെയും പേടിയില്ലാതെ…എന്തിന് പേടിക്കണം? ആരെ പേടിക്കണം?.. എന്ന ഭാവമായിരുന്നു രണ്ടാൾക്കും.
കാലിന്റെ വേദന ചെറിയച്ഛനെ വല്ലാതെ അലട്ടിയിരുന്നു പല ഹോസ്പിറ്റലിലും കാണിച്ചിട്ടും വേദനക്ക് കുറവുമുണ്ടായില്ല…ആയിടക്കാണ് ചെറിയച്ഛൻ മ ദ്യപിക്കാൻ തുടങ്ങിയത്, അച്ഛൻ അറിയാതെ..പിന്നെ അത് പതിവായി എന്റെ കല്യാണത്തിന് ലക്ഷ്മിയേടത്തി വന്നിരുന്നു, ഇളം വയലറ്റ് സെറ്റ് സാരി ഉടുത്ത ലക്ഷ്മിയേടത്തി എന്ത് ചന്തമായിരുന്നു അവർക്ക് ആ മധ്യ വയസ്സിലും ചടങ്ങിന് ഒന്നും നിന്നിരുന്നില്ല എനിക്ക് ഒരു കാശ് മാലയും തന്നു ഉടനെ അവർ പോയി..
നീണ്ട പത്ത് വർഷങ്ങൾ കഴിഞ്ഞു ചെറിയച്ഛന്റെ എല്ലാ പിറന്നാളിനും രാവിലെ വീട്ടിലെത്തുമായിരുന്നു ലക്ഷ്മിയേടത്തി.. കുറേ സമയം അവിടെ ചിലവഴിച്ചു തിരിച്ചു പോകും. ഇതിനിടയിൽ ലഷ്മിയേടത്തിക്ക് സുഖമില്ലാതായി നെഞ്ച് വേദന വന്നിട്ട് ഹോസ്പിറ്റലിലാണെന്ന് അറിഞ്ഞു ചെറിയച്ഛൻ ആകെ തകർന്നു പോയത് പോലെ തോന്നി.
ഹോസ്പിറ്റലിൽ പോയി അവളെ കാണാൻ എന്തെ ഒരു വഴി എന്ന് അമ്മയോട് ചെറിയച്ഛൻ ചോദിച്ചിരുന്നു ഒരുദിവസം വീട്ടിൽ ഒരു ഫോൺ വന്നു…ചെറിയച്ഛന് വൈകുന്നെരം ഹോസ്പിറ്റലിൽ വരണം എന്ന്…
വൈകുന്നേരം ചെറിയച്ഛൻ പോയി. ഐ.സി യുവിലായിരുന്നു ലക്ഷ്മിയേടത്തി.
ഡോക്ടർ തന്നെ അവരെ കാണാൻ ഐ സി യു വിൽ കൊണ്ടുപോയി, “ചന്ദ്രാട്ടനെ കാണണം എന്ന് പറയുന്നു അവർ…അബോധവസ്ഥയിലും നിങ്ങളുടെ പേരാണ് പറയുന്നത് അതാണ് നിങ്ങളെ ഞാൻ വിളിപ്പിച്ചത്..എതിർപ്പുകൾ ഉണ്ടായിരുന്നു…” എന്ന് പറഞ്ഞു ഡോക്ടർ ചെറിയച്ഛനെ നോക്കി ചിരിച്ചു.
“ചെല്ലു വിളിക്കു…”
അവരെ ശരിരത്തിൽ നിറയ ടുബ്കളും ഓക്സിജൻ മാസ്ക്കുമായി കിടക്കുന്ന തന്റെ എല്ലാമായവളെ കണ്ടിട്ട് ഒരു തേങ്ങൽ തൊണ്ടകുഴലോളം വന്നു നെഞ്ച് പുകച്ചു…കണ്ണുനീർ പാട മൂടി എല്ലാം അവ്യക്തമായ കാഴ്ചയായി മാറി കുറച്ചുനേരം കട്ടിലിനരികിൽ നിന്നു..
പിന്നെ മെല്ലെ വിളിച്ചു…”ലെച്ചു….”
തന്റെ കൈ വിരലുകളാൽ ലെച്ചുവിന്റെ വിരലുകൾ കോരി എടുത്തു വീണ്ടും വിളിച്ചു
“ലെച്ചു കണ്ണ് തുറക്കു..ഞാനാണ് ചന്ദ്രാട്ടൻ..”
വിരലുകളിൽ കൂടി സ്നേഹത്തിന്റെ, ഇഷ്ടത്തിന്റെ, പ്രണയത്തിന്റെ, ചേർത്തു- പിടിക്കലിന്റെ ഒരു പ്രവാഹം സിരകളിൽ കൂടിയൊഴുകി..
ചന്ദ്രാട്ടന്റെ ലച്ചു കണ്ണു തുറന്നു….ഉറക്കത്തിൽ നിന്ന് കണ്ണു തുറന്ന പോലെ തോന്നി
“ചന്ദ്രാട്ടാൻ വന്നോ…എവിടെയായിരുന്നു…ഞാൻ എന്നും തിരക്കിയിരുന്നു…”
അപ്പോഴെക്കും എല്ലാം കണ്ടു ദൂരെ മാറി നിന്ന ഡോക്ടർ അടുത്തു വന്നു..
“ഇതാ ചന്ദ്രാട്ടൻ… പരാതി തീർന്നല്ലോ അവർ ഇവിടെ തന്നെ കാണും സുഖമായിട്ട് ഒരു മിച്ച് പോകാലോ അല്ലേ…” ഡോക്ടർ രണ്ടു പേരെയും മാറി മാറി നോക്കി പറഞ്ഞു..
ചെറിയച്ഛൻ പുറത്തെക്ക് നടന്നു ആരെയും നോക്കിയില്ല, കണ്ടില്ലന്ന് പറയാം,..
വയ്യാത്ത കാലിന്റെ വേദന അറിഞ്ഞില്ല കാൽ വലിച്ചു വേഗം നടന്നു വീട്ടിലെത്തി മദ്യപിക്കാൻ തുടങ്ങി..വെളുക്കുവോളം മുറിയിൽ ലൈറ്റ് ഉണ്ടായിരുന്നു…ഉറക്കെ തനിയെ സംസാരിക്കുന്നുണ്ടായിരുന്നു.
“അവൾ ഇല്ലേൽ ഞാൻ ഇല്ല, അവൾ ഇല്ലാത്ത ഒരു ഒരു ലോകം എനിക്ക് വേണ്ടാ…”
എന്ന് ഒക്കെ ഉറക്കെ പറയുന്നുണ്ടായിരുന്നു, അമ്മ എല്ലാം വേദനയോടെ നോക്കി കണ്ടു.
പിന്നെ എന്നും ഹോസ്പിറ്റലിൽ പോകും ഡിസ്ചാർജ് കഴിയുന്നവരെ കൂട്ടിന് ചെറിയച്ഛനായിരുന്നു അവിടെ.
എന്തായിരുന്നു അവർ ഒരുമിക്കാത്തിരുന്നത് എന്ന് ഇന്നും അറിയാത്ത ഒരു കടം കഥയായി തോന്നി.
എന്റെ രണ്ട് മക്കളെയും ചെറിയച്ഛന് വലിയ ഇഷ്ടമായിരുന്നു, എന്റെ അനിയത്തിയും കുടുംബവും വിദേശത്തായിരുന്നു..
ചെറിയച്ഛൻ മരണപ്പെടുന്നതിന്റെ ഒരു മാസം മുന്നേ ഞാൻ ഇവിടെ എന്റെ വീട്ടിൽ വന്നു, പിന്നെ ചെറിയച്ഛന്റെ കാര്യം ഞാനായിരുന്നു നോക്കിയത്. കാല് വേദന കാരണം കുറേ നാളുകളായി പുറത്തേക്ക് പോകാത്തത്..
“ലക്ഷ്മിയെ കാണാൻ ഇല്ലല്ലോ…” എന്ന് പറഞ്ഞ അന്ന് തന്നെ അവർ വരുകയും ചെയ്തു.
ലക്ഷ്മിയേടത്തി പറയുന്ന കേട്ടു.. “വീട് ഇളയ സഹോദരൻ എടുത്തു, എനിക്ക് കുറച്ച് പുരയിടം ആണ് തന്നത്.. അവിടെ നിന്ന് ഇറങ്ങിക്കോളോൻ അവന്റെ ഭാര്യ പറയുന്നു..”
“ചേച്ചി അവരുടെ അടുത്തു ചെല്ലാൻ പറയുന്നു പോകാതെ തരമില്ല…പക്ഷേ!!! ഞാൻ എങ്ങിനെ പോകും ചന്ദ്രാട്ടാ ഈ നാട് വിട്ട്..നിങ്ങളെ വിട്ട്..”
“ഞാൻ എന്ത് ചെയ്യണം ചന്ദ്രാട്ടാ .?”
“ചേച്ചി തനിച്ചല്ലെ അവിടെ വന്നു നിൽക്കാൻ എന്നോട് പറഞ്ഞു..മറ്റന്നാളെ കാറുമായിട്ട് മകൻവരും…ഒരുങ്ങി നിൽക്കാൻ പറഞ്ഞു. എന്റെ വീട്ടിൽ നിന്ന് എങ്ങോട്ട് പോകാനും കഴിയില്ലെനിക്ക്.. പക്ഷേ..” അവർ വിതുമ്പി കരയുന്നത് ഞാൻ കേട്ടു.
കുറച്ച് കഴിഞ്ഞു അവർ യാത്ര പറഞ്ഞു പോയി.. അന്ന് ചെറിയച്ഛൻ മൗനത്തിലായിരുന്നു രാത്രി ഭക്ഷണം കഴിച്ചില്ല, അർദ്ധരാത്രിയായപ്പോൾ മുറിയിൽ നിന്ന് ഒരു ശബ്ദം കേട്ട് അമ്മയും അച്ഛനും ചെന്ന് നോക്കിയപ്പോൾ നിലത്ത് വീണ് കിടക്കുകയായിരുന്നു ചെറിയച്ഛൻ…
അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയി, പക്ഷേ… അവിടെ എത്തുമ്പോഴെക്കും ആൾ പോയിരുന്നു.
ലക്ഷ്മിയേടത്തി പോകുമെന്ന് ഓർത്താണോ ചെറിയച്ഛന്റെ നെഞ്ച് തകർന്നത്…ഒരു ജീവിതം അങ്ങിനെ അവസാനിച്ചു ഒരു അടയാളപെടുത്തലുമില്ലാതെ…
എപ്പോഴോ ഒന്ന് ഉറങ്ങി പോയി ഞാൻ..
“അശ്വതി..” എന്ന വിളി കേട്ടിട്ടാണ് ഉണർന്നത്. നേരം പുലർന്നിരിക്കുന്നു അമ്മ മുറിയിലേക്ക് കയറി വന്നു…
“മോളെ നമ്മുടെ ലക്ഷ്മി പോയി…”
“ഏ.. ഇത്ര രാവിലെയോ? ഇവിടെ വന്നിരുന്നോ..” ഞാൻ അമ്മയോട് ചോദിച്ചു.
“നീ എന്താ ഈ പറയുന്നത്..” അമ്മ.
“അല്ല..അവരെ കൊണ്ടുപോകാൻ ചേച്ചിയുടെ മകൻ വരുമെന്നല്ലേ പറഞ്ഞത്?..”
“മോളെ അവൾ ചെറിയച്ഛന്റെ അടുത്തേക്ക് പോയി..” അതു പറഞ്ഞു അമ്മ കരഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു.
എന്റെ നെഞ്ചകം വിങ്ങിപ്പൊട്ടി ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു..
“എപ്പോഴായിരുന്നു അമ്മേ.. എന്താ പറ്റിയെ..?
“പുലർച്ചെ വാല്യക്കാരിയോട് വിളിക്കാൻ പറഞ്ഞിരുന്നു ലക്ഷ്മി…”
“അവൾ ചെന്നു വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു..വാല്യക്കാരിയുടെ കരച്ചിൽ കേട്ട് എല്ലാരും വന്ന് നോക്കിയപ്പോൾ അവൾ പോയിരുന്നു..രാത്രിയാണെന്ന് തോന്നുന്നു അവൾ ഈ ലോകം വിട്ടു പോയത്. രണ്ടാമത്തെ അറ്റാക്കായിരുന്നു അത്..”
“ഒരുമിച്ചു ജീവിക്കാൻ സാധിച്ചില്ല അവർക്ക്, മരണത്തിനപ്പുറമൊരു ജീവിതമുണ്ടെങ്കിൽ അവർ ഒരുമിച്ച് ജീവിക്കട്ടെ”…
ശുഭം
അനിത