വീട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടി. വാതിൽക്കൽ തന്നെയുണ്ട് അജിത്തിന്റെ അച്ഛൻ…

അഗ്നി

Story written by Ammu Santhosh

പുഴയൊഴുകുന്നത് അവൾ നോക്കി നിന്നു. ഉള്ളിലും ഉണ്ട് ഒരു പുഴ. കലങ്ങി മറിഞ്ഞൊഴുകുന്ന പുഴ. പാലത്തിൽ നിന്നു താഴേക്ക് നോക്കുമ്പോൾ ആഴം വ്യക്തമല്ല. പക്ഷെ നല്ല ആഴമുണ്ടാവും. വാഹനങ്ങളിൽ പോകുന്നവർ ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. അവൾ അത് ശ്രദ്ധിക്കാൻ പോയില്ല. ഇരുളും മുന്നേ വേണം.ഫോൺ ബെൽ അടിക്കുന്നത് അവൾ കേട്ടു നാലഞ്ച് തവണയായി. നോക്കാതെ തന്നെ അറിയാം അജിത്തേട്ടനാണ്, അബുദാബി യിൽ നിന്ന്. കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു പോയതാണ്. ഇന്ന് മൂന്ന് മാസമാവുന്നു. അവസാനമായി ആ ശബ്ദം കേൾക്കാൻ തോന്നി അവൾക്ക്.

“എവിടെയാ പൊന്നു ?” അവളുടെ കണ്ണ് നിറഞ്ഞു.ആ വിളി.. അച്ഛൻ വിളിക്കുന്നതാണ്.. പിന്നെ ഈ ആളും

“ഞാൻ അജിത്തേട്ടന് ചേർന്ന ഭാര്യയല്ല. കുറച്ചു കൂടി സ്വത്തുള്ള പെണ്ണിനെ മതിയാരുന്നു. എന്തിനാ എന്നെ വേണം ന്ന് പറഞ്ഞത്? അവൾ ഇടറിയ ശബ്ദത്തിൽ ചോദിച്ചു. അവൻ നിശബ്ദനായി

“എനിക്ക് മടുത്തു…”അവൾ മെല്ലെ പറഞ്ഞു

“അച്ഛൻ വീണ്ടും നിന്നേ വിഷമിപ്പിച്ചോ? അതോ അമ്മയോ? ഞാൻ വിളിച്ചു ചോദിക്കാം അവരോട്..”അവനെ കോപം കൊണ്ട് വിറയ്ക്കുന്നത് അവൾ അറിഞ്ഞു

“വേണ്ട പിന്നെ അതിന്റെ പേരിലാവും..”

“നീ ഇപ്പൊ എവിടെയാ?” അവൾ മിണ്ടിയില്ല

“പറയ് “

“ഞാൻ വാരാപ്പുഴപ്പാലത്തിൽ..”

“അവസാനിപ്പിക്കാൻ ഇറങ്ങിയതാ അല്ലെ?” അവൾ ഒന്ന് മൂളി

“ശരി.ഒരു ചോദ്യം. ഒറ്റ ചോദ്യം. നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” അവൾ കരഞ്ഞു പോയി

“എടി ഉണ്ടോന്ന്?”

“ഉം “

“ഞാനും നിന്നേ സ്നേഹിക്കുന്നുണ്ട്. അടുത്ത വരവ് പ്രവാസജീവിതത്തിന്റ അവസാനം ആയിരിക്കും. നമുക്ക് ഒന്നിച്ചു ജീവിക്കണം. എനിക്ക് നിന്നെ പോലൊരു മോളെ തരണം.. എന്റെ അവകാശമാണ് അത്.. എന്റെ നിന്നോടുള്ള പ്രണയത്തിന്റെ അവകാശം. ഇനി നിനക്ക് തീരുമാനിക്കാം. അജിയെ വേണോ വേണ്ടയോ?”

“അച്ഛൻ എന്നെ ഒത്തിരി അപമാനിക്കുന്നുണ്ട് ഏട്ടാ. കാണുമ്പോഴെല്ലാം എന്റെ വെള്ളി കൊലുസ് എത്ര പവനാണെന്നും ഇട്ടിരിക്കുന്നതെല്ലാം മുക്ക് പണ്ടങ്ങളാണെന്നും എന്റെ അച്ഛനെയും അമ്മയെയും എല്ലാം ചീത്ത വിളിക്കുവാ.. അവർ പാവങ്ങള.. ഇനി കാശ് തരാനൊന്നുമില്ല..”

“എനിക്ക് ഒന്നും വേണ്ട. നീ എന്റെ അച്ഛനാണെന്നോ അമ്മയാണെന്നോ നോക്കണ്ട നിന്നേ അപമാനിച്ചാൽ തിരിച്ചു പറഞ്ഞോ. നല്ലോണം.. പറഞ്ഞോണം.. നല്ല വീറോടെ നിൽക്കണം ഒരു പെണ്ണിന് പറ്റാത്തത് ഒന്നുല്ല.. ചേട്ടന്മാരുടെ ഭാര്യമാരോടും ഇങ്ങനെ ആയിരുന്നു അതാ അവർ തിരിഞ്ഞു നോക്കാത്തത്. നീ ഒന്ന് വിചാരിച്ചാൽ മതി. നിന്റെ സ്വർണമോ പണമോ എനിക്ക് വേണ്ട.. എന്നിൽ വലുതാണോ എന്റെ അച്ഛൻ?”

അവളുടെ ഉള്ളിൽ എന്തൊ വന്നു നിറഞ്ഞു ഒരു ഊർജം കിട്ടിയ പോലെ…ശരിയാണല്ലോ ഞാനെന്തിനാ മരിക്കുന്നത്? എന്റെ ഏട്ടന്റെയൊപ്പം ജീവിച്ചു കൊതി തീർന്നില്ല. തോൽക്കാൻ എനിക്ക് മനസില്ല

“മോള് വേഗം വീട്ടിൽ പൊ. ഞാൻ രാത്രി വിളിക്കും ” അവൾ മൂളി

അവന്റെ മനസ്സിൽ ഉണ്ടായ പിടച്ചിൽ അവസാനിച്ചു. അവൻ കണ്ണടച്ച് കിടക്കയിലേക്ക് വീണു. എന്റെ പെണ്ണ് എന്റെ പാവം പെണ്ണ്.

വീട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടി. വാതിൽക്കൽ തന്നെയുണ്ട് അജിത്തിന്റെ അച്ഛൻ. “എവിടെ ആരുന്നെടി ഇത്രയും നേരം?അവൻ ഇല്ലാന്ന് വെച്ചു കണ്ടിടത്തു കറങ്ങി നടക്കൽ ഇവിടെ നടക്കില്ല ” അവൾ നിന്നു

“എന്റെ ഭർത്താവ് അറിയാത്തത് ഒന്നും ഞാൻ ചെയ്യില്ല. ഭർത്താവ് അറിഞ്ഞാൽ മതി “അവൾ മൂർച്ചയോടെ പറഞ്ഞു അയാൾ ഒന്ന് പതറി

“ഒരു ഗതിയും പരഗതിയും ഇല്ലാത്തവളുടെ അഹങ്കാരം. അന്തസ്സ് ഇല്ലാത്തവൾ “

“ഇപ്പൊ ഞാൻ നിങ്ങളുടെ മകന്റെ ഭാര്യ ആണ്. നിങ്ങളുടെ മോന് ഗതിയില്ല എങ്കിൽ എനിക്കുമില്ല, നിങ്ങളുടെ മോന് അന്തസ്സ് ഇല്ലെങ്കിൽ എനിക്കുമില്ല ” അവൾ വീട്ടിനുള്ളിലേക്ക് നടന്നു

അമ്മ അച്ഛന്റെ അരികിലേക്ക് പോകുന്നത് കണ്ട് അവൾ സ്വന്തം മുറിയിലേക്കു നടന്നു

“അവൾക്ക് പെട്ടെന്ന് എന്താ ഒരു മാറ്റം?”അയാൾ ഭാര്യയോട് ചോദിച്ചു

“ആ ആർക്കറിയാം, നിങ്ങളെന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ? മറ്റ് രണ്ടു പേരുടെയും ഭാര്യമാരോ തിരിഞ്ഞു നോക്കുന്നില്ല. ഇവളെ കൂടി ഇല്ലായ്മ ചെയ്യാതെ “

“നീ അകത്തു പൊ “അയാൾ കോപത്തോട് പറഞ്ഞു. അയാളുടെ കലി അടങ്ങുന്നില്ലായിരുന്നു. കഴിക്കാൻ ഇരുന്നപ്പോൾ വീണ്ടും തുടങ്ങി

“കാലിൽ കിടക്കുന്ന കൊലുസ് എത്ര പവനാടി പെണ്ണെ?” പരിഹാസച്ചിരി

“എടി,പോടീ,പെണ്ണെ എന്നൊക്കെ സ്വന്തം ഭാര്യയെ വിളിച്ച മതി. എന്റെ സ്വർണത്തിന്റെയും വെള്ളിയുടെയും കണക്ക് ഇവിടെ ബോധിപ്പിക്കണ്ട കാര്യമില്ല. കൂടുതൽ ആയാൽ ഞാൻ എന്റെ വീട്ടിൽ പോകും. മോനയയ്ക്കുന്ന കാശ് അങ്ങോട്ടാ വരിക.അതോർത്ത മതി ” അവൾ പ്ലേറ്റിൽ ചോറ് വിളമ്പി കസേര വലിച്ചിട്ടു ഇരുന്നു കഴിച്ച് തുടങ്ങി

രാത്രി അജിത് വിളിച്ചപ്പോൾ അവൾ എല്ലാം പറഞ്ഞു “സത്യത്തിൽ എന്നെ വിറയ്ക്കുകയാ. അജിത്തേട്ടൻ തരുന്ന ധൈര്യമേയുള്ളു.”

“ഞാനുണ്ട്.. ഒട്ടും പറ്റുന്നില്ലെങ്കിൽ വീട്ടിൽ പൊയ്ക്കോ..”

“ഇല്ല ഞാൻ ഇവിടെ തന്നെ ജീവിക്കും. ഇതാ എന്റെ വീട്. മര്യാദ പഠിക്കുമോന്നു നോക്കട്ടെ ” അവൻ പൊട്ടിച്ചിരിച്ചു

പൊട്ടിത്തെറിക്കലുകൾക്കും കുറ്റപ്പെടുത്തലുകൾക്കും ഒരു മയം വന്നു.നേരേ ഒന്നും പറയില്ല. പിറുപിറുക്കുന്നത് കേൾക്കാം അവൾ ശ്രദ്ധിക്കാറില്ല

“നവവധു ആ ത്മഹത്യ ചെയ്തു. ഭർത്താവിന്റെ വീട്ടിലെ പീ ഡനങ്ങൾ സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ” ഉമ്മറത്തിരുന്ന് ഉറക്കെ പത്രം ഉറക്കെ വായിക്കുകയാണ് അമ്മായിയച്ഛൻ

അവൾ മുറ്റം തൂക്കുന്നത് നിർത്തി അരികിൽ ചെന്നു

“അകത്തെ പേജിൽ വേറെ ഒരു വാർത്ത ഉണ്ട് ശരിക്കും വായിച്ച് നോക്ക് ” അയാൾ പത്രം നിവർത്തി അകത്തെ പേജ് എടുത്തു നോക്കി

“മരുമകൾ ഭർത്താവിന്റെ അച്ഛനെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊന്നു ” അയാൾ അവളെ ഒന്ന് നോക്കി

“നല്ല ഉഗ്രൻ വാർത്ത അല്ലെ..? ഗതികേട് കൊണ്ട് ചെയ്യുന്നതായിരിക്കും. ഇത് പോലെ ഉള്ള ആൾക്കാർ വേറെയും കാണുമല്ലോ..ഞാൻ എന്റെ സ്റ്റാൻഡ് പറയാം.മര്യാദ ആണെങ്കിൽ അത്.സ്നേഹം ആണെങ്കിൽ അങ്ങനെ.ഇത് രണ്ടുമില്ലെങ്കിൽ മിണ്ടാതെ ഇരുന്ന മതി.എന്റെ ഭർത്താവ് വരുന്ന വരെ ഞാൻ ഇവിടെ തന്നെ കാണും. അത് കഴിഞ്ഞു ഞങ്ങൾ പൊയ്ക്കോളാം. അത് വരെ സമാധാനം തരണം.അതിനുദേശമില്ല, ഉപദ്രവിക്കാൻ തന്നെയാണ് ഉദ്ദേശം എങ്കിൽ..ഇവിടെയും അടുക്കള മരുമകളുടെ കസ്റ്റഡിയിൽ തന്നെ ആണെന്നുള്ളത് മറക്കണ്ട.” അയാൾ ഞെട്ടി ഇരിക്കുമ്പോൾ അവൾ ഒന്നും സംഭവിക്കാത്ത പോലെ ജോലി തുടർന്നു.

മരിക്കാൻ എളുപ്പമാണ്. ജീവിക്കാനാണ് ധൈര്യം വേണ്ടത്…അഗ്നിയാവട്ടെ പെണ്ണ്… മഞ്ഞു പോലെ തണുത്തു പോവാതെ ജ്വലിക്കുന്ന അഗ്നിയാവട്ടെ