Story written by Kavitha Thirumeni
===============
” ലക്ഷ്മിയമ്മേ… അറിഞ്ഞോ… നമ്മുടെ അമ്പലത്തറയിലെ കുട്ടിക്ക് വിശേഷം ഉണ്ടെന്ന്… “
” ഏത്… ശങ്കരേട്ടന്റെ മോൾക്കോ… ?
” അതെന്നെ…ആ ദേവന്റെ നേരെ ഇളയത്… ഗൗരിക്കുട്ടി… “
” ചിത്തഭ്രമം ബാധിച്ച കുട്ടിയല്ലേ അത്.. ? മാത്രമല്ല അതിന്റെ വേളി കഴിഞ്ഞില്ലല്ലോ നാരായണാ.. ?
” അതൊക്കെ ശരി തന്നെയാ.. വയ്യാത്ത കുട്ടിയാ.. ആരാ… എന്താന്നൊന്നും ആർക്കും അറിയില്ല… അതിനോട് ചോദിച്ചിട്ടും കാര്യമില്ലല്ലോ. ?
” ആരാണേലും വല്ലാത്ത ക്രൂരതയായി പോയി.. പാവം കുട്ടി..അതിന്റെ ഒരവസ്ഥയേ… “
തൊടിയിൽ നിന്നുള്ള അമ്മയുടെയും നാരായണേട്ടന്റെയും സംസാരം ഉമ്മറത്ത് നിന്ന് എനിക്കും കേൾക്കാമായിരുന്നു.. ഞാൻ പ്രതീക്ഷിച്ചിരുന്ന വാർത്ത തന്നെയായിരുന്നു അത്..ഗൗരിക്കുട്ടിയോട് ഇപ്പോൾ കാണിക്കുന്ന സഹതാപം അമ്മ മുൻപ് കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവൾ ഈ വീട്ടിൽ കാണുമായിരുന്നു.. ഈ നന്ദന്റെ പെണ്ണായിട്ട്..
ഗൗരിയുടെ ഉള്ളിൽ തുടിക്കുന്ന ജീവൻ തന്റേതാണെന്ന് ഉറക്കെ പറയണമെന്നുണ്ട്.. പക്ഷേ കഴിയുന്നില്ല.. പൊട്ടിക്കാനാവാത്ത ബന്ധങ്ങളുടെ ചങ്ങലകളിൽ അമ്മയെന്നെ തളച്ചിട്ടിരിക്കുകയാണ്..
ഇന്നെന്റെ സിന്ദൂരത്തിന്റെയും താലിയുടെയും അവകാശിയായി മറ്റൊരു പെണ്ണിനേയും ചേർത്തു വെച്ചിരിക്കുന്നു..എല്ലാരുടെയും മുന്നിൽ തെറ്റുകാരിയായി ജീവിക്കുന്ന ഗൗരിയുടെ മുഖമോർത്തപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു..
ആദ്യം വെറുമൊരു സൗഹൃദം പിന്നീടെപ്പോഴോ പ്രണയമായി മാറി തുടങ്ങിയപ്പോൾ അവൾ മനപ്പൂർവം എന്നിൽ നിന്നും അകലാൻ ശ്രമിച്ചു.. എന്നിട്ടും ഞാൻ അവളെ വിടാതെ തന്നിലേക്ക് അടുപ്പിച്ചു.. ഒരിക്കലും ഒരുമിക്കാനാവിലാന്ന് അവൾ നന്നേ ഭയപ്പെട്ടിരുന്നു..അത് മാറ്റാനും ഗൗരിയിൽ ഒരു വിശ്വാസം നേടിയെടുക്കാനും വേണ്ടിതന്നെയാണ് അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചത്..
പ്രണയിച്ചു നടക്കാതെ നേരിട്ട് വന്നു ചോദിച്ചപ്പോൾ അവളുടെ അച്ഛന് എന്നോട് ഒരു താല്പര്യം തോന്നി.അച്ഛൻ പാതി സമ്മതം അറിയിച്ചതിനു ശേഷമാണ് ഗൗരി എന്നോട് അടുക്കാൻ തുടങ്ങിയത്. എല്ലാ രീതിയിലും അവളെ എന്റേതാക്കി മാറ്റാൻ പിന്നീട് ഒരുപാട് സമയം ഒന്നും വേണ്ടി വന്നില്ല. പക്ഷേ അവളുടെ അച്ഛനോട് സമ്മതം ചോദിച്ചപ്പോൾ ഞാൻ എന്റെ വീട്ടിലെ കാര്യം ഒരു നിമിഷം മറന്നുപോയി…
ഒരിക്കൽ ഈ വിഷയം അമ്മയോട് അവതരിപ്പിച്ചപ്പോൾ ഒറ്റയ്ക്ക് തീരുമാനം എടുത്തത്തിന്റെ പേരിൽ അന്ന് ഞാൻ ശകാരങ്ങൾ ഏറെ കേട്ടു..
“നീ എന്ത് ആലോചിച്ചിട്ടാ നന്ദാ ആ കുട്ടിയെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്.. ?അവരേതാ ജാതി, കുലം എന്നൊക്കെ നിനക്ക് അറിയോ ???
” പെണ്ണ് ആണെന്ന് അറിയാം എനിക്കത്രേ വേണ്ടൂ…. “
“താഴ്ന്ന ജാതി പെട്ട ഒരു പെണ്ണിനെ തറവാട്ടിലെക്ക് കൊണ്ടുവരാൻ നിന്റെ അമ്മാവന്മാർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ???
” അമ്മാവന്മാരല്ലല്ലോ കെട്ടുന്നത് ഞാൻ അല്ലേ…?
” തന്നിഷ്ടം കാണിച്ചാൽ അവസാനം ആരുമുണ്ടാവില്ല… അത് മറക്കണ്ട നീ.. ” അമ്മയും വിട്ടു തന്നില്ല..
“അമ്മയൊക്കെ ഇതേത് നൂറ്റാണ്ടിലാ ജീവിക്കുന്നെ..? ഒരു ജാതീം മതോം.. “
” ഞാൻ കൂടുതൽ വിശദീകരണം ചോദിച്ചില്ല.. നീ ഇനി എത്ര പറഞ്ഞാലും ഈ കല്യാണം നടക്കാൻ പോകുന്നില്ല.. “
അമ്മയ്ക്ക് എന്തിനാ ഇത്ര വാശി എന്നെനിക്കു മനസിലായില്ല..
” അപ്പോൾ എന്റെ ഇഷ്ടത്തിന് ഇവിടെ ഒരു വിലയുമില്ലേ…?
എന്നോട് തർക്കിക്കാൻ താല്പര്യമില്ലാത്തതിനാലാവാം അമ്മ അവിടെ വെച്ച് സംസാരം നിർത്തി… എങ്കിലും ഒരു പ്രതീക്ഷ എന്നിൽ അപ്പോഴും നിലനിന്നിരുന്നു..പക്ഷേ പിന്നീട് അങ്ങോട്ടുള്ള ഗൗരിയുടെ മാറ്റം എന്നെ വല്ലാതെ അത്ഭുതപെടുത്തി..
അമ്മയുമായി വീട്ടിൽ വരാമെന്ന് പറഞ്ഞപ്പോൾ ‘വേണ്ടാ’ എന്നായിരുന്നു അവളുടെ മറുപടി. കാരണം തിരക്കിയപ്പോഴോ മൗനം മാത്രം.. എന്നെ കാണാനോ മിണ്ടാനോ കൂട്ടാക്കാതെയുള്ള അവളുടെ ഒഴിഞ്ഞുമാറ്റം എന്നെ പലപ്പോഴും തളർത്തി…
അവസാന ശ്രമമെന്നപോലെ ഗൗരിയുടെ അച്ഛനോട് കാര്യം തിരക്കിപ്പോഴാണ് അറിഞ്ഞത് മറ്റൊരു നല്ല ആലോചന വന്നപ്പോൾ അവൾക്ക് അതാണ് താല്പര്യമെന്ന് പറഞ്ഞത്രേ..അമ്മയുടെ വാക്ക് എതിർത്ത് അവൾക്കു വേണ്ടി വാദിച്ചതോർത്ത് ഞാൻ സ്വയം ലജ്ജിച്ചു..
ഗൗരിയോടുള്ള അന്നത്തെ വാശിയിലും ദേഷ്യത്തിലുമാണ് അമ്മ കാണിച്ചു തന്ന പെണ്ണിനെ മുഖം പോലും നോക്കാതെ സിന്ദൂരമണിയിച്ചത്..
അതിന് ശേഷം ചെയ്തതൊക്കെ തെറ്റാണെന്ന് ബോധ്യപ്പെടുത്തിയത് എന്റെ ഗൗരിയുടെ കാലിൽ കൂട്ട് പിടിച്ച ചങ്ങലയാണ്.. ഇരുട്ട് നിറഞ്ഞ ഒറ്റ മുറിയിലെ അവളുടെ തേങ്ങലുകളിൽ ഓരോനിമിഷവും ഞാനില്ലാതാവുകയായിരുന്നു..
‘മരുമോളായിട്ട് നീ വരരുതെന്ന ‘ എന്റെ അമ്മയുടെ അപേക്ഷ അവൾ ശിരസാ വഹിച്ചു. വല്യൊരു തറവാടിന് ചീത്തപ്പേര് ഉണ്ടാവാതിരിക്കാൻ അവൾ അവളെ തന്നെ ബലിയാടാക്കുകയായിരുന്നു.. ഇപ്പോൾ എന്റെ കുഞ്ഞിനേയും വയറ്റിൽ ചുമന്ന് ഭ്രാന്തിക്കൊപ്പം പി ഴച്ചവൾ എന്ന പേരിന്റെയും അവകാശിയായി…
” നന്ദേട്ടൻ ഇതുവരെ പോയില്ലേ… നേരം കുറേ ആയല്ലോ പുറത്തേക്ക് വന്നിട്ട്.. ?
ദിവ്യയുടെ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പതറി.. നിറഞ്ഞ കണ്ണുകൾ മെല്ലെ തുടച്ചു.. അവളെ ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല.. അറിഞ്ഞാലും എന്നെ മനസ്സിലാക്കാൻ എന്റെ ഭാര്യക്ക് ഈ ജന്മം കഴിയുമായിരുന്നില്ല..
” ആഹ്… പോകുവാ..പിന്നേയ്… ഇന്നലത്തെ കാര്യമൊന്നും അമ്മയോട് പറയാൻ നില്ക്കണ്ട… “
” മ്മ്…. “
കടുപ്പിച്ച് ഒന്നു മൂളിയിട്ട് അവൾ കയറിപോയി..
മാതൃത്വം വേണ്ടാന്ന് വെച്ച അന്ന് മുതൽ ഞാനവളെ വെറുത്ത് തുടങ്ങിയിരിക്കുന്നു. ശരീരം സംരക്ഷിക്കാൻ വേണ്ടി ഒരു കുഞ്ഞു ജീവനെ ഇല്ലാതാക്കിയ എന്റെ ഭാര്യയോട് പുച്ഛവും ദേഷ്യവുമാണ് ഇന്നെനിക്ക്..എല്ലാം സഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.. അമ്മയെങ്കിലും ഇതൊന്നുമറിയാതെ സമാധാനത്തോടെയിരിക്കട്ടെ എന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ..
മാസങ്ങൾക്കപ്പുറം ഒരു പെൺകുഞ്ഞിന് ജന്മം നൽകി എന്റെ ഗൗരി ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുമ്പോഴും സത്യങ്ങൾ എന്നിൽ മാത്രമായി ഒതുങ്ങി നിന്നു..
അമ്പലത്തറ വീട്ടിൽ അച്ഛന് അമ്മയുമില്ലാതെ കാലചക്രത്തിന്റെ വേഗതയിൽ എന്റെ മോള് വളർന്നപ്പോൾ ഒരപരിചിതനെ പോലെ നോക്കി കാണാനേ എനിക്കും സാധിച്ചുള്ളൂ..
വിവാഹം കഴിഞ്ഞു വർഷം 3 ആയിട്ടും ഒരു പൊന്നോമനയെ താലോലിക്കാൻ ഭാഗ്യമില്ലാത്ത ദമ്പതികളായി ഞങ്ങൾ മാറിയിരുന്നു അപ്പോഴേക്കും. ചെയ്ത പാപത്തിന്റെയെല്ലാം ശിക്ഷ ഒരിക്കൽ എന്നെ തേടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു..
സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ ദിവ്യയ്ക്കും അത്രയും സമയം വേണ്ടി വന്നു… പ്രാർഥനയും ചികിത്സയും കൊണ്ട് യാതൊരു ഫലവും കാണാതെ വന്നപ്പോൾ അവൾ മാനസികമായി തളർന്നു.. താളം തെറ്റിയ മനസ്സുമായി ഇവളെക്കൂടി കാണാൻ കഴിയാത്ത അവസ്ഥയിലാണ് എന്റെ ഗൗരിയെ കുറിച്ച് ഞാൻ ദിവ്യയോട് പറഞ്ഞത്. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എന്നോടുള്ള വെറുപ്പ് മാത്രമായിരുന്നു അവളുടെ കണ്ണിൽ നിറഞ്ഞു നിന്നത്..പിറ്റേന്ന് എന്നെയും കൂട്ടി അവൾ അമ്പലത്തറയിലേക്ക് തിരിച്ചപ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു ഭയമുണ്ടായിരുന്നു..ആ പടി ചവിട്ടാൻ യാതൊരു അർഹതയുമില്ല എനിക്ക്..
ഗൗരിയുടെ അച്ഛനോടും അമ്മയോടും എനിക്ക് വേണ്ടി അവൾ മാപ്പ് പറയുമ്പോൾ ആ അച്ഛന്റെ കൈകളവളെ തലോടുന്നത് ഞാൻ കണ്ടു.. അമ്മയ്ക്കൊപ്പം ചേർന്ന് നിന്നപ്പോൾ ഒരു നിമിഷത്തേക്കെങ്കിലും അതെന്റെ ഗൗരി ആയിരുന്നെങ്കിൽ എന്നു ഞാൻ പ്രാർത്ഥിച്ചു… ആ കാലിൽ വീണൊന്ന് മാപ്പ് ചോദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി…
അവിടെ നിന്നുള്ള മടക്കയാത്രയിൽ അവളുടെ കൈയിൽ തൂങ്ങി ഒരു മൂന്ന് വയസ്സുകാരിയും ഉണ്ടായിരുന്നു.. അന്നാദ്യമായാണ് അവളിൽ ഞാനൊരു അമ്മയെ കാണുന്നത്… ഒപ്പം പക്വതയുള്ള ഒരു പെണ്ണിനെയും..എത്ര പെട്ടെന്നാണ് അവൾ മാറിയത്…
ഞങ്ങൾക്കൊപ്പം പടിപ്പുര താണ്ടി പോരുമ്പോൾ ആ കുഞ്ഞു മാലാഖയുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു… അതൊരു പക്ഷേ എന്റെ ഗൗരിക്കായി അസ്ഥിത്തറയിൽ കൊളുത്തിയ കൽവിളക്ക് അണയുന്നുണ്ടോയെ ന്നാവാം…
(ചില തെറ്റുകൾ അങ്ങനെയാണ് എത്ര ശ്രമിച്ചാലും പിന്നെ തിരുത്താൻ കഴിയില്ല… അതിന്റെ ഫലം ഇന്നല്ലെങ്കിൽ നാളെ നമ്മൾ തന്നെ അനുഭവിക്കണം.. അതുപോലെ തന്നെ കുറ്റബോധത്തെക്കാൾ വല്യ പ്രായിശ്ചിത്തവും ഉണ്ടാവില്ല…)
Kavitha Thirumeni…