ഒടുവിൽ ഉമ്മയുടെ നിർബന്ധം കാരണം തനിക്കു വന്ന ഒരു ആലോചനക്ക് അവൾ സമ്മതിച്ചു…

ആയിഷ

Story written by Shaan Kabeer

==========

ഇന്ന് അനുവിന്റെ കല്യാണമാണ്. ആയിഷ തന്റെ കല്യാണം കഴിഞ്ഞിട്ട് ഇന്ന് വരേയും പഴയ സുഹൃത്തുകൾക്കിടയിലേക്ക് പോയിട്ടില്ല. പക്ഷെ ഇത് പോകാതിരിക്കാനാവില്ല, കാരണം കൂടെപ്പിറപ്പ് പോലെ കണ്ട സുഹൃത്താണ്. എല്ലാം അറിയുന്നവൾ…

അലമാര തുറന്ന് ആയിഷ പഴയ ഫോട്ടോ എടുത്തു. എൻസിസി വേഷത്തിൽ അനുവിന്റെ കൂടെയുള്ള ഫോട്ടോ. അത് ആയിഷയെ പഴയ ഓർമകളിലേക്ക് കൊണ്ട് പോയി…

“ഷൂ പോളിഷ് ചെയ്യാതെ പരേഡിന് വരരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്, എനിക്ക് സാബിന്റെ കയ്യിൽ നിന്ന് വഴക്ക് കേൾപ്പിക്കാനാണോ നിങ്ങളൊക്കെ ഇങ്ങനെ വരുന്നേ”

ആയിഷ നല്ല കലിപ്പിലായിരുന്നു. ആ കലിപ്പാണ് അമീറിന്റെ കണ്ണുകൾ അവളിലേക്ക് ഉടക്കിയത്, ദേഷ്യപ്പെടുമ്പോൾ വിടരുന്ന അവളുടെ കണ്ണിലേക്കു തന്നെ അവൻ നോക്കി നിന്നു

“എന്താ മാഷേ നല്ല കലിപ്പിലാണല്ലോ…? “

അമീർ ചോദിച്ചു. എന്താ തന്നെ പേടിക്കണോ എന്ന് ചോദിച്ചവൾ മുഖം തിരിച്ചു. അമീർ ചിരിച്ചു, അപ്പോഴേക്കും സാർ അവിടേക്ക് വന്നു. അമീറിനെയും ആയിഷയേയും ഒരുമിച്ച് കണ്ടപ്പോൾ സാർ അമീറയെ നോക്കി

“ആയിഷക്ക് അമീറിനെ അറിയുമോ…?”

അവൾ ആശ്ചര്യത്തോടെ സാറിനെ നോക്കി.

“സംസാരിക്കുന്ന കണ്ടപ്പോൾ ഞാൻ കരുതി നിങ്ങൾ തമ്മിൽ നേരത്തെ അറിയാമെന്ന്. അമീർ എന്റെ ബെസ്റ്റ് കേഡട്ടിൽ ഒരാൾ ആയിരുന്നു, കഴിഞ്ഞ വർഷത്തെ ക്യാപ്റ്റൻ”

ആയിഷ അവനെ ഒന്ന് നോക്കി. അമീർ അവളെ നോക്കി പുഞ്ചിരിച്ചു. അന്ന് തൊട്ടു അമീർ അവളെ കാണാനായി മാത്രം ഹൈസ്കൂൾ ബ്ലോക്കിലേക്ക് വരും. അവളും അവനെ അറിയാതെ ശ്രദ്‌ധിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഒരു കലോത്സവ ദിവസം ഒപ്പനയുടെ ശീലോടെ വേദിയിൽ നിന്നും ഇറങ്ങി വരുന്ന ആയിഷയെ നോക്കി അമീർ തന്റെ  പ്രണയം അറിയിച്ചു.  ഒരു കള്ള ചിരിയിലൂടെ തന്റെ പ്രണയം ആയിഷ അവനേയും.

അനുവിനോട് ആയിഷ എല്ലാം പറഞ്ഞു. പക്ഷെ അനു അവളെ വഴക്ക് പറഞ്ഞു.

“വീട്ടിൽ അറിഞ്ഞാൽ എന്താകുമെന്ന് നീ ഓർത്തോ…? വേണ്ടാത്ത പണിക്ക് പോകേണ്ട ആയിഷ”

അവൾ എതിർത്തു. ആയിഷയും ചിന്തിച്ചു, ബാപ്പ മരിച്ചതിൽ പിന്നെ ഉമ്മ വളരെ കഷ്ടപ്പെടുത്തിയാണ് അവളെ വളർത്തിയത്. മാമന്മാർ അറിഞ്ഞാൽ പിന്നെ എന്താകും. വേണ്ട,  അമീറിനോട് നല്ല സുഹൃത്തുക്കൾ ആകാമെന്ന് പറയാം. പിറ്റേന്ന് രാവിലെ തന്നെ അവളേയും കാത്തിരുന്ന അമീറിനോട് നല്ല സുഹൃത്തുകൾ ആയിരിക്കാമെന്ന് പറഞ്ഞു. അമീർ ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും അവളുടെ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ സമ്മതം മൂളി. ഒടുവിൽ നല്ല സുഹൃത്തുക്കൾ ആയി തുടർന്നു.. അമീർ മാത്രമല്ല മനുവും കാർത്തിയും ഒക്കെ അവളുടെ സുഹൃത്തുക്കൾ ആയി മാറി. പക്ഷെ ആ സൗഹൃദത്തിനിടയിലും അമീറിന്റെ പ്രണയം കൂടിക്കൂടി വന്നു. എപ്പോഴോ ആയിഷയും ആ പ്രണയത്തിൽ വീണു.

അങ്ങനെ അനുവിന്റെയും അമീറിന്റെ സുഹൃത്തുക്കളുടെയും അറിവോടെ അവർ പ്രണയിച്ചു. സ്കൂളിന്റെ മുറ്റത്തെ മാവിൻ ചോടും പഴയ ബ്ലോക്കും അവരുടെ പ്രണയത്തിന് സാക്ഷികളായി. അമീർ അവിടം വിട്ട് പോയപ്പോഴും ആയിഷയെ തേടി അവൻ എന്നും വന്നു. ഗ്രൗണ്ടിന്റെ അടുത്തുള്ള ഇടവഴിയിൽ അവൻ അവളെയും കാത്തിരുന്നു. ഇടക്ക് വെച്ച് വീട്ടിൽ അറിഞ്ഞപ്പോഴും അവനും അവളും പിന്തിരിഞ്ഞില്ല.

അങ്ങനെയിരിക്കെയാണ് ആയിഷാക്ക് വീട്ടിൽ കല്യാണലോചന വരാൻ തുടങ്ങിയത്. അവൾ അമീറിനോട് വന്നു കാര്യം പറഞ്ഞു

“അമീർ എനിക്ക് നിന്നെ പിരിയാനാവില്ല…”

ആയിഷക്ക് തേങ്ങൽ അടക്കാൻ ആയില്ല. അമീർ അവളെ ചേർത്ത് നിർത്തി

“ഞാൻ എന്താണ് വേണ്ടത്…?”

ആയിഷ അമീറിന്റെ കണ്ണിലേക്ക് നോക്കി

“അമീർ ഉമ്മയെ വന്നൊന്ന് കാണണം, എന്നിട്ട് കാര്യം പറയണം. ഉമ്മ പറഞ്ഞാൽ കല്യാണക്കാര്യം ഇപ്പോൾ വീട്ടിൽ നോക്കില്ല”

അങ്ങനെ അമീർ മനുവിനെയും കാർത്തിയെയും കൂട്ടി ആയിഷയുടെ ഉമ്മയുടെ അടുത്തേക് പോയി. അവന്റെ വാക്കുകൾ കേട്ടപ്പോൾ ഉമ്മയും അവൾക്ക് കൂട്ടായി നിന്നു. അങ്ങനെ പിന്നെയും രണ്ട് വർഷം അവർ പ്രണയിച്ചു. അമീറിന് മോശമില്ലാത്ത ഒരു ജോലിയൊക്കെ ആയി. അവൾ അമീറിനോട് വീട്ടിൽ വന്ന് ചോദിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ അമീർ അത് കാര്യമായി എടുത്തില്ല. പക്ഷെ അവളുടെ വീട്ടിൽ കല്യാണ കാര്യം ശക്തമായി നോക്കാൻ തുടങ്ങി. അമീറിനോട് കാര്യം പറഞ്ഞു. അമീർ വീട്ടിൽ പറയട്ടെ എന്ന് പറഞ്ഞു. പക്ഷേ, അമീറിന്റെ ഫോൺ പിന്നീട് സ്വിച്ച് ഓഫ്‌ ആയിരുന്നു.

ആയിഷക്ക് സങ്കടം സഹിക്കാനായില്ല. അവൾ അനുവിനെയും കൂട്ടി നേരിട്ട് ചെന്നു. പക്ഷേ അവന്റെ മറുപടി അവളെ തളർത്തി കളഞ്ഞു.

“എന്റെ വീട്ടുകാർക്ക് നിന്നെയും നിന്റെ വീട്ടുകാരേയും അംഗീകരിക്കാൻ പറ്റില്ല ആയിഷ. ഉമ്മന്റേയും ഉപ്പാന്റേയും വീട്ടുകാർ അതിനെ എതിർക്കും. എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാണ് ആയിഷ. പക്ഷേ…”

ആയിഷ അമീറിന്റെ കണ്ണിലേക്ക് നോക്കി

“എന്താണ് അമീർ ഒരു പക്ഷേ, എന്നോട് പ്രണയം പറഞ്ഞപ്പോഴും എന്റെ ഉമ്മയോട് വന്ന് കാര്യം പറഞ്ഞപോഴും ഒന്നും ഇതൊന്നും നിനക്ക് അറിയില്ലായിരുന്നോ…?”

അവൾ തേങ്ങൽ അടക്കാൻ പാടുപെട്ടു, അമീർ അവളെ നോക്കി

“ആയിഷ, ഞാൻ എന്ത് ചെയ്യാനാണ്”

“അമീർ, നീയൊര് ആണല്ലേ, നിനക്ക് വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാൻ കഴിയുന്നില്ലേ…?പിന്നെന്തിനാണ് എനിക്ക് മോഹങ്ങൾ തന്നത്…?”

മറുപടി പറയാനില്ലാതെ അമീർ തിരിഞ്ഞു നടന്നു. വിളിക്കാൻ ആയിഷയും തുനിഞ്ഞില്ല. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വീട്ടിലേക്കു കയറിചെന്ന ആയിഷയെ കണ്ടപ്പോൾ തന്നെ ഉമ്മാക്ക് കാര്യങ്ങൾ മനസ്സിലായി. ഉമ്മ അവളെ ആശ്വസിപ്പിച്ചു. അവൾ ഉമ്മയെ ചേർത്ത് പിടിച്ച് തേങ്ങി

“അവൻ എന്നോട് കാത്തിരിക്കാനെങ്കിലും പറഞ്ഞിരുന്നേൽ ഞാൻ അവനെ കാത്തിരുന്നേനെ ഉമ്മാ…”

അവൾ പിന്നെയും ഒരുപാട് കരഞ്ഞു. ഒടുവിൽ ഉമ്മയുടെ നിർബന്ധം കാരണം തനിക്കു വന്ന ഒരു ആലോചനക്ക് അവൾ സമ്മതിച്ചു..

അൻവർ, അത്യാവശ്യം സമ്പത്തുള്ള വീട്ടിൽ നിന്നാണ്. അവളെ കണ്ട് ഇഷ്ടമായി വന്നതാണ്. അവളെ പഠിക്കാനും ജോലിക്കും ഒക്കെ വിടാൻ സമ്മതവുമാണ്. അങ്ങനെ ഒരു ആലോചന ഇനി വരില്ല എന്ന ഉമ്മയുടെ നിർബന്ധം ആ ബന്ധത്തിന് അവളെ സമ്മതിപ്പിച്ചു. അനുവിനോട് മാത്രം ആയിഷ എല്ലാം പങ്കു വെച്ചു.

ഒടുവിൽ ആയിഷ അൻവറിന്റെ ഭാര്യയായി. നിന്റെ പഠിത്തം ഒക്കെ കഴിഞ്ഞിട്ട് നമ്മൾക്കു ഒരു ജീവിതമൊക്കെ തുടങ്ങിയാൽ മതി എന്ന അൻവറിന്റെ വാക്കുകൾ അവൾക്ക് ആശ്വാസമായിരുന്നു. ഒരു ഭാര്യ എന്ന നിലയിൽ അൻവറിന്റെ എല്ലാ കാര്യങ്ങളും അവൾ നോക്കി. പക്ഷേ സ്നേഹത്തോടെ അവനോട് അടുക്കാൻ മാത്രം അവൾക്കായില്ല.

“നീ ഇനിയും ഒരുങ്ങിയില്ലേ…?”

അൻവറിന്റെ വിളി കേട്ടിട്ടാണ് ആയിഷ ഓർമകളിൽനിന്നും ഉണർന്നത്. അൻവർ ആയിഷയെ നോക്കി

“എന്താ കണ്ണ് നിറഞ്ഞിരിക്കുന്നത്”

ആയിഷ കൈകൊണ്ട് കണ്ണ് തുടച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചു

“ഒന്നുമില്ല, ചുമ്മാ”

അവൾ ഒഴിഞ്ഞു മാറി. കല്യാണത്തിന് പോകാനൊരുങ്ങി. അവിടെ എത്തിയപ്പോൾ മനുവും കാർത്തിയും പിന്നെ അമീറും ഉണ്ടായിരുന്നു. അവളെ കണ്ടപ്പോൾ തന്നെ മനു ഒരു പുച്ഛത്തോടെയുള്ള ചിരി ചിരിച്ചു. അനുവിനെ കണ്ട് ആശംസകൾ അറിയിച്ച് ആയിഷ തിരികെ നടക്കാൻ ഒരുങ്ങിയപ്പോൾ കാർത്തി അവളെ തേപ്പുകാരി എന്ന് വിളിച്ച് പരിഹസിച്ചു. അവൾ ഒന്ന് തിരിഞ്ഞു നോക്കി

“തേപ്പുകാരി ഒന്നിങ്ങു വന്നേ…”

അവൻ വീണ്ടും അവളെ കളിയാക്കി. ആയിഷ ധൈര്യത്തോടെ അവരുടെ അടുത്തേക് നടന്നു

“നിനക്ക് എങ്ങനെയാടി ഇവന്റെ മുന്നിൽ പിന്നെയും വരാൻ തോന്നിയത്…?ഇത്രേം വർഷം നിന്നെ പൊന്നു പോലെ സ്നേഹിച്ചിട്ട് ഒടുവിൽ വലിയ ആലോചന വന്നപ്പോൾ നീ ഇവനെ തേച്ചില്ലേ…?”

അവൾ പുച്ഛത്തോടെ കൂട്ടുകാരെ മാറിമാറി നോക്കി

“നിനക്കൊക്കെ പൊന്നു പോലെ സ്നേഹിച്ച അമീറിനെയല്ലേ അറിയൂ, സ്നേഹിച്ചവളെ സ്വന്തമാക്കാൻ ധൈര്യമില്ലാത്ത, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുള്ള അമീറിനെ അറിയില്ലല്ലോ, കൂടെയുണ്ടല്ലോ ചോദിച്ചു നോക്ക്”

ഇതും പറഞ്ഞവൾ അമീറിനെ നോക്കി

“സമയം കിട്ടുമ്പോൾ സുഹൃത്തുക്കൾക്ക് ഒന്ന് പറഞ്ഞു കൊടുക്ക്, വാഴപ്പിണ്ടി നട്ടെല്ലുള്ള നീ എന്നെ ചതിച്ച കഥ”

ആയിഷ കൂട്ടുകാരെ നോക്കി

“നിങ്ങളിപ്പോൾ വിളിച്ചില്ലേ തേപ്പുകാരി എന്ന്, നട്ടെല്ലില്ലാത്ത ഇവനെ  പിരിഞ്ഞതിന് എന്റെ നിസ്സഹായാവസ്ഥക് കിട്ടിയ പേരല്ലേ തേപ്പുകാരി…? ഒരു കാമുകനും കാമുകിയും പിരിഞ്ഞാൽ അപ്പൊ ആളുകൾ പറയും ആ ചെക്കനെ പെണ്ണ് തേച്ചെന്ന്. സത്യാവസ്ഥ ആരും അന്വേഷിക്കില്ല, പഴി മുഴുവൻ പെണ്ണിന്. പെണ്ണ് തേച്ച കഥയേ എല്ലാവർക്കും അറിയൂ, ആണ് തേച്ച കഥകൾ അറിയില്ല, അറിഞ്ഞാലും മിണ്ടില്ല”

അത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു. തന്നെ കാത്തു പുറത്തു നിൽക്കുന്ന അൻവറിന്റെ കൈകൾ കോർത്തു പിടിച്ചു. ഒരു ചെറു ചിരിയും സമ്മാനിച്ച്…

~ഷാൻ കബീർ