കാലും കയ്യുമൊക്കെ നല്ല വേദന ഉണ്ടെങ്കിലും എന്റെ മാങ്ങാച്ചമ്മന്തി തിന്നു കഴിയുമ്പോഴുള്ള എക്സ്പ്രഷൻ ഒക്കെ ഓർത്തു ഞാൻ…

മാങ്ങാച്ചമ്മന്തി vs മസാലദോശ

Story written by AMMU SANTHOSH

================

കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി പ്രിയ പറഞ്ഞത് കേട്ടപ്പോൾ കല്യാണം കഴിഞ്ഞ തുടക്കമല്ലേ? ഒരു മാങ്ങായല്ലേ? ഒന്ന് ഇമ്പ്രെസ്സ് ചെയ്യിച്ചെക്കാമെന്നു കരുതി മാവിൽ കേറിയതാ പണി പാളി. ദേ കിടക്കുന്നു പൊത്തൊന്നു താഴെ.

കാലുമുള്ക്കി. പക്ഷെ മാങ്ങാ നമ്മൾ വിട്ടില്ല. അതും കൊണ്ട് ഉളുക്കിയ കാലും വലിച്ചു അടുക്കളയിൽ വന്നു. ഇനി ഇത് കൊണ്ട് എങ്ങനെ ആവോ ചമ്മന്തി അരയ്ക്കുക.? തൊലി കളയണോ വേണ്ടയോ? തേങ്ങ ചേർക്കണോ വേണ്ടയോ? മുളക് ചുവന്നതോ പച്ചയോ? അമ്മായിയമ്മയെ വിളിച്ചു ചോദിക്കാമെന്ന് വെച്ചാൽ ഒരു ചമ്മൽ. സ്വന്തമായി പാചകം ചെയ്തു കെട്ടിയോനെ ഞെട്ടിക്കുന്നതിലാണ് പവർ. ഹും ഇന്ന് ഞാൻ നിന്നെ….

മാങ്ങാ കയ്യിൽ എടുത്തു.തൊലി അങ്ങ് ചെത്തിയേക്കാം. എവിടെ പിച്ചാത്തി? കടന്ന് വരൂ കടന്ന് വരൂ കടന്ന് വരൂ.. പിച്ചാത്തി എടുത്തു ഇറച്ചിക്കടയിലെ പദ്മനാഭൻ ചേട്ടനെ മനസ്സിൽ ധ്യാനിച്ചു ഒറ്റ വെട്ട്.. തൊലി പോയി. തൊലി മാത്രം അല്ല ഇച്ചിരി മാംസം കൂടി പോയി.. മാങ്ങയുടെ അല്ല എന്റെ.. ഹൂ ഇത്രയും ചോരയൊക്കെ ഉണ്ടായിരുന്നോ എന്റെ ദേഹത്ത്.. കണ്ണിൽ ചോരയില്ലാത്തവളെന്ന് പറയുന്നവരെയൊക്കെ ഇത് കൊണ്ട് വന്നു കാണിക്കണം. എന്തായാലും ഒരു തുണി ഒക്കെ വെച്ച് കെട്ടി എന്റെ സംരഭം ഞാൻ പൂർത്തിയാക്കി. തളരരുത് രാമൻകുട്ടി എന്ന് ഇടയ്ക്കിടെ ഞാൻ എന്നോട് തന്നെ പറഞ്ഞു..

എന്തായാലും മാങ്ങാ ചമ്മന്തി അരച്ചെടുത്തു.. നാവിൽ വെച്ച് നോക്കി കുഴപ്പമില്ല. ഇതിന് മുന്നേ ഞാൻ ഈ സാധനം കഴിച്ചിട്ടില്ല.ഒരു രുചി ഒക്കെ ഉണ്ട്. ഒരു കലം ചോറുണ്ടില്ലെങ്കിലും ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇതൊക്ക മാത്രം മതി.. അങ്ങനെ ഇതൊക്ക ഉണ്ടാക്കി ഞാൻ എന്റെ കെട്ടിയോൻ മനുവിനെ കാത്തിരിക്കാൻ തുടങ്ങി.

കാലും കയ്യുമൊക്കെ നല്ല വേദന ഉണ്ടെങ്കിലും എന്റെ മാങ്ങാച്ചമ്മന്തി തിന്നു കഴിയുമ്പോഴുള്ള എക്സ്പ്രഷൻ ഒക്കെ ഓർത്തു ഞാൻ ഇങ്ങനെ പൂമുഖപ്പടിയിൽ (സിടൗട്ടിൽ..)കാത്തിരിക്കുവാണ്.

ആളിന്ന് ഒരു കടയ്ക്കു മുറി നോക്കാൻ പോയിരിക്കുവാണെന്നു പറയുന്നത് കേട്ടു. എന്നോടായിട്ടല്ല കൂട്ടുകാരനോട് ഫോണിൽ പറയുന്ന ഞാൻ കേട്ടതാ.ഞങ്ങൾ തമ്മിൽ ഒന്ന് സിങ്ക് ആയി വരുന്നേയുള്ളൂ. കല്യാണം കഴിഞ്ഞു രണ്ടാഴ്ച യെ ആയുള്ളൂ ന്നെ. എന്നെ പോലല്ല ആൾ കുറച്ചു സീരിയസ് ആണെന്നാ എനിക്ക് തോന്നിട്ടുള്ളത്.. ഭയങ്കര കേറിങ്,കാര്യങ്ങൾ ഒന്നുമില്ല. മുത്തേ പൊന്നെ വിളി ഒട്ടുമില്ല. ഇപ്പൊ വിളിക്കും പിന്നെ വിളിക്കും എന്നൊക്ക കരുതി.. എവിടുന്ന്… ലക്ഷ്മി…. എന്ന് നീട്ടിയോറ്റ വിളിയാ.. ഞാൻ ഈ സിനിമ ഒക്കെ ഒരു പാട് കാണുന്ന കൂട്ടത്തിലാ,ഭയങ്കര റൊമാന്റികും.. ഇയാൾ ഒരു മാതിരി ഐസ് വെള്ളത്തിൽ വീണ പട്ടിക്കുഞ്ഞിനെ പോലെ.. തണുത്ത് തണുത്തു ഒരു ഇരിപ്പാ. ഇനിയും റൊമാന്റിക് ആകാൻ വല്ലോം പറഞ്ഞാ എനിക്കിനി മുൻ എക്സ്പീരിയൻസ് വല്ലോമുണ്ടോന്നു സംശയിച്ചാലോ.. നമ്മളില്ലേ.എന്നാലും ഇച്ചിരി കൂടി ഒക്കെ റൊമാന്റിക് ആകാം.കല്യാണം കഴിഞ്ഞല്ലേയുള്ളു. ഇതിനാണ് പ്രേമിച്ചു കല്യാണം കഴിക്കണം എന്ന് പറയുന്നേ.ഇതിപ്പോ ഇങ്ങേർക്ക് ഏറ്റവും ഇഷ്ടം മാങ്ങാച്ചമ്മന്തിയാണെന്നു നാത്തൂനോട് ചോദിച്ചു മനസിലാക്കേണ്ട വന്നില്ലേ? എനിക്കെറ്റവും ഇഷ്ടം ഇന്ത്യൻ കോഫി ഹൗസിലെ മസാലദോശ ആണെന്ന് ഇങ്ങേർക്ക് അറിയുമോ.? ഇല്ല.. അതാണ്.

ദേ വരുന്നുണ്ട്.ബൈക്ക് മുറ്റത്തു നിർത്തി.. നല്ല ഭംഗിയാട്ടോ എന്റെ മനുവിനെ കാണാൻ.. താടിയൊക്കെ വെച്ച് കുറച്ചു മുടി ഒക്കെ നെറ്റിയിലോട്ട് വീണു കിടന്ന്..

“എനിക്ക് വേഗം പോണം നീ ചോറെടുത്തു വെയ്ക്കു “

കളഞ്ഞു. ഒന്ന് ചേർത്ത് പിടിച്ചു ഒരു ഉമ്മയൊക്കെ തന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ? സ്വന്തം ഭാര്യ തന്നെ അല്ലെ?

എന്റെ കയ്യിൽ ഒരു ഭീമൻ കെട്ടുണ്ട്. മുറിഞ്ഞത്. അതെന്താ എന്ന് ചോദിക്കുന്നില്ല. കാല് വലിച്ചു വലിച്ചു നടക്കുവാ ഉളുക്കിട്ട്.അത് ചോദിക്കുന്നില്ല. എന്റെ മുഖത്ത് പോലും നോക്കുന്നില്ല. ഫോൺ എടുത്തു ഭയങ്കര വർത്താനം..

ഞാൻ ചോറും ചമ്മന്തിയുമൊക്കെ വിളമ്പി കൊടുത്തു

“ഇതെന്താ?”

“മാങ്ങാ ചമ്മന്തി”

“ഇത് എന്തിനാ ഉണ്ടാക്കിയെ?”

“ഇഷ്ടാണെന്ന് പ്രിയ പറഞ്ഞു”

എനിക്ക് കണ്ടൂട ഇത്.. നിനക്ക് എന്നോട് ചോദിച്ചു കൂടെ എന്തെങ്കിലും ചെയ്യുമ്പോൾ.? ഉണ്ടാക്കി വെച്ചിരിക്കുന്നു.. വേറെ ഒന്നുമില്ലേ?

നാത്തൂൻ പണി തന്നതാണെന്ന് മനസിലാക്കാൻ ഐൻസ്റ്റീന്റെ ബുദ്ധി ഒന്നും വേണ്ടല്ലോ..

“വേറെ…വേറെ.ഒന്നും ഉണ്ടാക്കിയില്ല. കൈ ഒന്ന് മുറിഞ്ഞു.. അതോണ്ട്..”

അത് കെട്ടില്ലെന്ന് തോന്നി.അടുത്ത ഫോൺ വന്നു

“ആ ഞാൻ ഇപ്പൊ വരാം “

“നീ തന്നെ കഴിച്ചോ. അവളുടെയൊരു മാങ്ങാ ചമ്മന്തി “

എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണ് നിറഞ്ഞു

ആൾ പെട്ടെന്ന് വല്ലാതായി

“എന്തിനാ കരയുന്നെ? ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..”

ഞാൻ വേഗം മുറിയിൽ കയറി വാതിൽ അടച്ചു

“ലക്ഷ്മി.. വാതിൽ തുറക്ക് “

ഞാൻ തുറന്നില്ല എനിക്ക് സങ്കടം വന്നിട്ട് വയ്യ. എന്റെ കയ്യും മുറിഞ്ഞു.കാലുമുള്ക്കി അത് ചോദിച്ചു പോലുമില്ല എന്നിട്ട് എന്നെ വഴക്ക് പറയുന്നു

“ലക്ഷ്മി എനിക് അത്യാവശ്യം ആയിട്ട് പോകണം.. ഒന്ന് വാതിൽ തുറക്ക്.. പ്ലീസ് “

ഞാൻ തുറന്നില്ല.

ഞാൻ മിണ്ടത്തില്ല നോക്കിക്കോ.

ബൈക്ക് സ്റ്റാർട്ട്‌ ആക്കി പോകുന്ന ശബ്ദം കേട്ട് ഞാൻ വാതിൽ തുറന്നു. ആൾ പോയി കഴിഞ്ഞു

എനിക്ക് സങ്കടം കൂടി. ഇത്രയും സ്നേഹമില്ലാത്ത ഒരാൾ ആയി പോയല്ലോ ദൈവമേ എനിക്ക് അച്ഛനും അമ്മയും കണ്ടു പിടിച്ചു തന്നത്? എനിക്കിതു വേണം. ഇഷ്ടമാ എന്ന് പറഞ്ഞു പുറകെ നടന്ന എത്ര എണ്ണത്തിനെയാ ഏട്ടനും ഞാനും കൂടി ഓടിച്ചു വിട്ടത്? എന്നിട്ട് ഇപ്പൊ കിട്ടിയത് കണ്ടില്ലേ?

എനിക്ക് നല്ലോണം വിശന്നപ്പോ ഞാൻ ചമ്മന്തി കൂട്ടി നല്ലോണം ചോറുണ്ട്. അല്ല പിന്നെ എന്താ രുചി. യോഗമില്ല അമ്മിണിയെ… എടാ മനു നീ പട്ടിണി കിടക്ക്.. ഞാൻ തന്നെതാൻ പറഞ്ഞു.

ഞാൻ എന്റെ മുറിയിൽ പോയി കിടന്നു സുഖമായി ഉറങ്ങി

ഒരു തണുപ്പ് നെറ്റിയിൽ വീണപ്പോഴാ ഉണർന്നെ

“ഈ വാതിൽ ഇങ്ങനെ തുറന്നു കിടന്ന് ഉറങ്ങിയാ കള്ളന്മാർ വല്ലോം കേറില്ലേ ലക്ഷ്മി?

മനു മനു എപ്പോ വന്നു ആവോ?

ഞാൻ കൈ പിടിച്ചു മാറ്റി മെല്ലെ എഴുനേറ്റു. മനുവിന്റെ കൈകൾ എന്നെ ചുറ്റിയിരിക്കുകയാണ്

“ഇതെന്താ കയ്യിൽ?”

“മാങ്ങാ മുറിച്ചപ്പോ മുറിഞ്ഞതാ. മാങ്ങാ പറിക്കാൻ മാവിൽ കേറിയപ്പോ വീണു കാലും ഉളുക്കി എന്നിട്ടും ഞാൻ ഉണ്ടാക്കി.. അപ്പൊ എന്നെ വഴക്ക് പറഞ്ഞു ” ഞാൻ മുഖം വീർപ്പിച്ചു

“ഞാൻ അറിഞ്ഞില്ലല്ലോ പൊന്നെ “

കൈയിൽ അമരുന്ന മുഖം

ങേ ഞാൻ എന്താ കേട്ടെ? പൊന്നെ എന്നല്ലേ വിളിച്ചേ?

ഞാൻ ഒറ്റ നിമിഷം കൊണ്ട് നിറയെ പൂത്തു നിൽക്കുന്ന ഒരു പൂമരമായി

“കാൽ നോക്കട്ടെ? “

കാൽ എടുത്തു മടിയിൽ വെച്ച് മെല്ലെ തടവി

“ബാം ഇട്ട് തരട്ടെ?”

“വേണ്ട “എനിക്ക് നാണം ഒക്കെ വരുന്നുണ്ട്

“തരാംന്ന്..”കുസൃതിച്ചിരി

“വേണ്ടാന്ന് “ഞാൻ ചിരിച്ചു

ആളുടെ മുഖം എന്റെ കാലിൽ അമർന്നു.. പിന്നെ മുഖമുയർത്തി കള്ളനോട്ടത്തോടെ എന്റെ നെറ്റിയിൽ കവിളിൽ, കഴുത്തിൽ.. ഒടുവിൽ ചുണ്ടിൽ…

“സോറി ട്ടോ.. എന്റെ പൊന്ന് ക്ഷമിക്ക് “

ഈശ്വര ഇങ്ങനെ ആണെങ്കിൽ കാൽ ഒടിഞ്ഞാലും വേണ്ടില്ല. ആളിത്ര റൊമാന്റിക് ആയി ഞാൻ ആദ്യം കാണുവാ.

സ്നേഹചുംബനങ്ങളുടെ ഒടുവിൽ ആൾ എന്നെ രണ്ടു കയ്യിലും കോരിയെടുത്ത് ഡൈനിങ് ടേബിളിനടുത്തുള്ള കസേരയിൽ കൊണ്ട് ഇരുത്തി.മേശപ്പുറത്ത് ഒരു പൊതി.. അത് മെല്ലെ അഴിച്ചു

“അയ്യോ ഇന്ത്യൻ കോഫി ഹൗസിലെ മസാലദോശ.. ഇതെങ്ങനെ അറിഞ്ഞു എനിക്കിഷ്ടമാണെന്ന്?” ഞാൻ ഞെട്ടി

“നിന്റെ ഏട്ടനോട് ചോദിച്ചു..”മനു ചിരിച്ചു

“കണ്ടോ എന്റെ ഏട്ടൻ സത്യം പറഞ്ഞത്..?”

മനു അത് മുറിച്ചു ചമ്മന്തിയിൽ മുക്കി വായിൽ വെച്ച് തന്നു

“മനുവിന് ഏതാ ഏറ്റവും ഇഷ്ടം ഉള്ള പലഹാരം?”അത് കഴിക്കുമ്പോൾ ഞാൻ ചോദിച്ചു

“ഇത് തന്നെ… മസാലദോശ… ഇന്ത്യൻ കോഫി ഹൗസിലെ മസാലദോശ “

“റിയലി?”

“യെസ് “

“അപ്പൊ നമ്മൾ സെയിം… സെയിം പിഞ്ച് “

ഞാൻ മനുവിനെ നുള്ളി

മനു ചിരിച്ചു

“എന്നാലും നീ ഉണ്ടാക്കിയതല്ലേ ആ മാങ്ങാച്ചമ്മന്തി? ഞാൻ തിന്നാം എവിടെ?”

ഞാൻ എഴുനേൽക്കാൻ തുടങ്ങി യ മനുവിനെ തടഞ്ഞു

“അത് മുഴുവൻ ഞാൻ തിന്നു “

മനു പൊട്ടിച്ചിരിച്ചു

“എന്റെ പൊന്നെ… നിന്നെ…”മനുവെന്നേ ഇറുക്കി കെട്ടിപിടിച്ചു. നിറയെ ഉമ്മതന്നു ശ്വാസംമുട്ടിച്ചു.

മനു ഭയങ്കര റൊമാന്റിക്കാ ട്ടോ

എന്നെക്കാളും രണ്ടിരട്ടി റൊമാന്റിക്..

ഞാൻ ഹാപ്പിയായി