തലകുനിച്ച് കൊണ്ടയാൾ പുറത്തേയ്ക്ക് പോയപ്പോർ അനീറ്റ തിരിച്ച് ഡയസ്സിലേക്ക് വന്ന് തൻ്റെ സംസാരം തുടർന്നു….

Story written by Saji Thaiparambu

===============

ദിലീപ്…ഇപ്പോൾ സമയമെന്തായെന്നറിയുമോ?

CEO അനീറ്റ, തൻ്റെകൈയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കിയിട്ടാണ് അയാളോടത് ചോദിച്ചത് ?

സോറി മേഡം , ഇന്ന് കുറച്ച് താമസിച്ച് പോയി , ഇനിമുതൽ ലേറ്റാവാതെയെത്തിക്കോളാം

ഉം , ഈ ആഴ്ചയിലിത് , രണ്ടാമത്തെ പ്രാവശ്യമാണ് താനിങ്ങനെ താമസിക്കുന്നത് , തനിക്കറിയാമല്ലോ പങ്ങ്ച്വാലിറ്റിയുടെ കാര്യത്തിൽ, ഞാൻ വളരെ സ്ട്രിക്ടാണെന്ന് ,ഇപ്രാവശ്യം കൂടി ഞാൻ ക്ഷമിച്ചിരിക്കുന്നു ഡോണ്ട് റിപീറ്റ് ഇറ്റ്

ഓകെ മേഡം ,താങ്ക് യു

നന്ദി പറഞ്ഞിട്ടയാൾ ക്യാബിന് പുറത്തേക്ക് പോയപ്പോൾ ,അനീറ്റ അക്കൗണ്ടൻ്റ് കൃഷ്ണപിള്ളയോട് അയാളെക്കുറിച്ച് പറയുകയായിരുന്നു .

ഈ കമ്പനിയിലെ ഏറ്റവും സ്മാർട്ടായ മാർക്കറ്റിങ്ങ് എക്സിക്യുട്ടീവായിരുന്നു ദിലീപ് , കമ്പനിയുടെ മികച്ച ടേൺ ഓവറിന് ഒരു പരിധി വരെ അയാളുടെ പെർഫോമൻസ് ഗുണം ചെയ്തിട്ടുമുണ്ട് , പക്ഷേ ഇപ്പോൾ കുറച്ച് ദിവസമായി അയാളുടെ ഉന്മേഷക്കുറവ് കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്, അയാൾക്കെന്ത് പറ്റിയതാ കൃഷ്ണേട്ടാ..അയാളുടെ പഴയ ചുണയും ചൊടിയുമൊക്കെ എങ്ങോട്ട് പോയി,

വീട്ടിലെന്തെങ്കിലും ഇഷ്യൂസ് കാണും മേഡം , പിന്നെ ചെറുപ്പക്കാരല്ലേ?ടെൻഷൻ കുറയ്ക്കാൻ വൈകുന്നേരങ്ങളിൽ മ ദ്യപിച്ചിട്ടായിരിക്കും ഇവരൊക്കെ രാത്രി ഉറങ്ങാൻ കിടക്കുന്നത്, അത് കൊണ്ടാവും രാവിലെ എഴുന്നേല്ക്കാൻ വൈകുന്നതും ഇവിടെയെത്തുമ്പോൾ ലേറ്റാകുന്നതും

ഉം.. യെസ് ,യെസ് , എനിവെ, കൃഷ്ണേട്ടാ , എല്ലാവരോടും ഉച്ചകഴിഞ്ഞുള്ള  മീറ്റിംഗിനെക്കുറിച്ച് അറിയിപ്പ് കൊടുത്തല്ലോ അല്ലേ? മാറ്റർ എന്താന്നറിയാമല്ലോ അത് കൊണ്ട് തന്നെ ഇന്ന് നടക്കാൻ പോകുന്നത് വെരി ഇംപോർട്ടൻ്റ് മീറ്റിങ്ങാണ്

അറിയാം മേഡം, ഇന്നലെ തന്നെ ഞാൻ എല്ലാവരോടും പറഞ്ഞിരുന്നു , വേണമെങ്കിൽ ഒരിക്കൽ കൂടി ഓർമിപ്പിച്ചേക്കാം

ഉം ഓകെ ,എന്നാൽ കൃഷ്ണേട്ടൻ പൊയ്ക്കോളു

അയാൾ പുറത്തേയ്ക്ക് പോയപ്പോൾ അനീറ്റ മേശപ്പുറത്തിരുന്ന ഫയലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

=============

ഉച്ചകഴിഞ്ഞ് കൃത്യം രണ്ടര മണിക്ക് തന്നെ മീറ്റിങ്ങ് ആരംഭിച്ചു

കമ്പനിയുടെ വലിയ ഹാളിലെ ഡയസ്സിൽ  എംഡി, മഹേശ്വരിയമ്മയും മറ്റ് ഡയറക്ടേഴ്സുമൊക്കെ സന്നിഹിതരായിരുന്നു,

എല്ലാവരെയും അഭിവാദ്യം ചെയ്തു കൊണ്ട് അനീറ്റ ഫ്യൂച്ചർ പ്ളാനുകളെക്കുറിച്ച് ആധികാരികമായി സംസാരിച്ച് തുടങ്ങി.

എല്ലാവരും അനീറ്റയുടെ വിലപ്പെട്ട വാക്കുകളിലേക്ക് ചെവി കൂർപ്പിരിക്കുമ്പോഴാണ് ഒരു കൂർക്കം വലിയുടെ ശബ്ദം കേൾക്കുന്നത്.

ഏവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു

അനീറ്റ…സ്റ്റോപ്പിറ്റ്, ഹൂ ഈസ് ദാറ്റ്?

എംഡി ശബ്ദമുയർത്തി ചോദിച്ചു

മേഡം…അത് മിസ്റ്റർ ദിലീപാണ്

ഓഹ് ഇയാളാണോ നിങ്ങൾ പറഞ്ഞ ആ മോസ്റ്റ് ബ്രില്യൻ്റ്മാൻ ,വെരി ഗുഡ്, വിളിച്ചുണർത്തയാളെ, എന്നിട്ട് വീട്ടിൽ പൊയ്ക്കൊള്ളാൻ പറയ് , ഇനി ഈ കമ്പനിക്ക് അയാളെ ആവശ്യമില്ല

എംഡി രോഷത്തോടെ പറഞ്ഞു

സോറി മേഡം, ഐ വിൽ മാനേജ് ഇറ്റ് , ഞാനയാളെ പറഞ്ഞ് വിട്ടോളാം

എംഡിയുടെ ദേഷ്യം കണ്ട് ഭയന്ന് പോയ അനീറ്റ പൊടുന്നനെ ഡയസ്സിൽ നിന്നെഴുന്നേറ്റിട്ട് , ദിലീപിൻ്റെ അടുത്തുവന്ന് തട്ടി വിളിച്ചു

വാട്ട് നോൺസെൻസ് മിസ്റ്റർ ദിലീപ്, ഇവിടെയൊരു സീരിയസ് മാറ്റർ ചർച്ച ചെയ്യുമ്പോൾ താനിരുന്നുറങ്ങുകയാണോ? എഴുന്നേറ്റ് വേഗം പുറത്ത് പോകാൻ നോക്ക്

ഈർഷ്യയോടെയാണ് അനീറ്റ , അയാളോട് സംസാരിച്ചത്

സോറി മേഡം..ഞാനറിയാതെ…

ഉം വിശദീകരണമൊക്കെ പിന്നെയാവാം ,ക്ലിയർ ഔട്ട്

തലകുനിച്ച് കൊണ്ടയാൾ പുറത്തേയ്ക്ക് പോയപ്പോർ അനീറ്റ തിരിച്ച് ഡയസ്സിലേക്ക് വന്ന് തൻ്റെ സംസാരം തുടർന്നു.

===========

ഇനിയെന്ത് ചെയ്യും ദിലീപേട്ടാ…അനീറ്റ മാഡം വിചാരിച്ചാൽ എംഡിയുടെ മനസ്സ് മാറ്റാൻ കഴിയില്ലേ?

ഇല്ല ദിവ്യേ.. മഹേശ്വരി മേഡം ഒരു കാര്യം തീരുമാനിച്ചാൽ അത് പിന്നെ ആര് വിചാരിച്ചാലും മാറ്റാൻ കഴിയില്ല. ഇനി വേറെ ഏതെങ്കിലും കമ്പനിയിൽ ഡ്രൈ ചെയ്യുന്നതാണ് നല്ലത്

പക്ഷേ അതിനൊക്കെ കുറെ നാളുകൾ വേണ്ടി വരില്ലേ? അത് വരെ നമ്മുടെ വീട്ടുകാര്യങ്ങളും വീടിൻ്റെയും കാറിൻ്റെയും ലോണടവുമൊക്കെ എങ്ങനെ നടക്കുമെന്ന് വല്ല ഐഡിയയുമുണ്ടോ ? അത് മാത്രമല്ല ,ജാനുവിനെ എൽകെജിയിൽ ചേർക്കാനുള്ള മുപ്പത്തിയാറായിരം അടയ്ക്കേണ്ടത് അടുത്തയാഴ്ചയാണ് ഇപ്പോൾ നമ്മുടെ കൂടെ പുതിയൊരാള് കൂടെയുണ്ടെന്നറിയാമല്ലോ? അവന് കുറച്ച് ദിവസം കൂടി കഴിയുമ്പോൾ ടിൻ ഫുഡ് കൊടുത്ത് തുടങ്ങണം, ഓരോ മാസവും എത്ര രൂപയുടെ ടിൻഫുഡ്‌ തന്നെ വേണ്ടി വരുവെന്നറിയാവോ ?ഇതിനൊക്കെ നമ്മളെവിടെ പോകാനാ?

നീയെന്നെ ഭ്രാന്ത് പിടിപ്പിക്കാതെ ഒന്ന് പോകുന്നുണ്ടോ?

ദിലീപ് ഒച്ചവച്ചപ്പോൾ തോളിൽ കിടന്ന രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങിയപ്പോൾ ദിവ്യ പതിയെ അകത്തേയ്ക്ക് വലിഞ്ഞു.

==============

കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ട് വേലക്കാരിയാണ് വന്ന് വാതിൽ തുറന്നത്

മഹേശ്വരി മാഡത്തെ ഒന്ന് കാണാനാ, ഒന്ന് ചെന്ന് പറയാമോ ?

സ്റ്റോൺ പീസ് പാകി മനോഹരമാക്കിയ മുറ്റത്ത് നിന്ന് കൊണ്ട് ദിവ്യ, അവരോട് ദയനീയതയോടെ ചോദിച്ചു.

അത് കേട്ട് വാതിലടച്ച് ഒന്നും മിണ്ടാതെ അവർ അകത്തേയ്ക്ക് പോയപ്പോൾ ദിവ്യ എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം കൂടി അവിടെ ചെലവഴിച്ചു.

അല്പം കഴിഞ്ഞ് വന്ന് വാതില് തുറന്നത് മഹേശ്വരിയമ്മയായിരുന്നു

മേഡം, ഞാൻ ദിലീപിൻ്റെ ഭാര്യയാണ്, കഴിഞ്ഞ ദിവസം കമ്പനിയിൽ നിന്ന് പുറത്താക്കിയില്ലേ?

ദിവ്യ ,ഭവ്യതയോടെ അവരോട് പറഞ്ഞു

ഉം എന്താ കാര്യം? അയാളെ തിരിച്ചെടുക്കണോന്ന് പറയാനാണെങ്കിൽ കുട്ടി ഇവിടെ നില്ക്കണമെന്നില്ല. കാരണം അത്ര വലിയൊരു വീഴ്ചയാണ് അയാളിൽ നിന്നുണ്ടായത്, കമ്പനിയുടെ ഭാവി നിർണ്ണയിക്കുന്ന സീരിയസ്സ് ഡിസ്ക്കഷൻ്റെ ഇടയിലിരുന്ന് യാതൊരു ഉളുപ്പുമില്ലാതെ കൂർക്കം വലിച്ചുറങ്ങുകയെന്ന് പറഞ്ഞാൽ കമ്പനിയോട് അയാൾക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്നല്ലേ അതിനർത്ഥം ,വീട്ടിലും അയാളിങ്ങനെ തന്നെയാണോ? ഭാര്യയുടെയും മക്കളുടെയും കാര്യങ്ങളൊക്കെ അയാള് ശ്രദ്ധിക്കാറുണ്ടോ? അയാളൊരു സ്ഥിരംമ ദ്യപാനിയാണെന്നാണ് എനിക്ക് തോന്നുന്നത്, അത് കൊണ്ടായിരിക്കും ,ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുന്നത്?

അയ്യോ അല്ല മേഡം ,അങ്ങനെയൊന്നുമല്ലഅദ്ദേഹം മ ദ്യപിക്കില്ലെന്ന് മാത്രമല്ല, കുടുംബ സ്നേഹിയുമാണ്, ഏട്ടൻ മീറ്റിങ്ങിനിടയിലിരുന്ന് ഉറങ്ങിപ്പോയതും എന്നെയും മകളെയും ജീവന് തുല്യം അത്രയധികം സ്നേഹിച്ച് പോയത് കൊണ്ടാണ്, മേഡത്തിനറിയുമോ ?ഞങ്ങൾക്ക് രണ്ട് ചെറിയ കുട്ടികളാണുള്ളത് ,അതിൽ രണ്ടാമത്തെ കുട്ടിയെ ഞാൻ പ്രസവിച്ചിട്ട് രണ്ട് മാസമാകുന്നേയുള്ളു ,ആ പ്രായത്തിലൊരു കുഞ്ഞിനെ വളർത്തിയെടുക്കുന്നതിൻ്റെ ബുദ്ധിമുട്ടൊക്കെ മാഡത്തിനറിയാമല്ലോ , അവൻ പകല് മുഴുവൻ കിടന്നുറങ്ങിയിട്ട് രാത്രിയിൽ ഞങ്ങളെ ഉറക്കാറില്ല , അങ്ങനെ രണ്ട് മൂന്ന് ദിവസം ഉറക്കം ശരിയാകാത്തത് കൊണ്ട് എനിക്ക് പെട്ടെന്ന് ബിപി കൂടി, തലകറക്കം വന്നു, ഡോക്ടറെ കാണിച്ചപ്പോൾ, രാത്രി നിർബന്ധമായും ആറ് മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് പറഞ്ഞു, അതിന് ശേഷം, ഞാൻ ഉറക്കം നില്ക്കാൻ അദ്ദേഹം സമ്മതിക്കില്ല ,രാത്രിയിൽ ഉണർന്ന് കരയുന്ന കുഞ്ഞിനെയുമെടുത്ത് തോളത്തിട്ട് താരാട്ട് പാടിക്കൊണ്ട് ,അദ്ദേഹം മുറ്റത്തും മറ്റുമായി വെളുപ്പാൻകാലം വരെ ഉറക്കമിളച്ച് നടക്കും, കുഞ്ഞിന് രാത്രി വിശന്നാൽ കൊടുക്കാൻ പാല് തിളപ്പിച്ചാറ്റി കുപ്പിയിലാക്കിയിട്ടാണ് ,ഞാൻ കിടക്കാറുള്ളത് ,അങ്ങനെ അദ്ദേഹം ശരിയായൊന്നു റങ്ങിയിട്ട് കുറെ ദിവസങ്ങളായി ,ആ ഒരു ക്ഷീണം കൊണ്ടാണ് മാഡം, ഇന്നലെ അങ്ങനെയൊരു അബദ്ധം പറ്റിയത് ,അദ്ദേഹത്തിന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു ,ഈ ജോലിയില്ലെങ്കിൽ ഞങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല, പ്ളീസ് മേഡം…

ദിവ്യ അവർക്ക് നേരെ കൈകൂപ്പി.

ഓഹ് അങ്ങനെയായിരുന്നോ? സോറി, എനിക്കിതൊന്നുമറിയില്ലായിരുന്നു, ഇക്കാലത്തും ഇങ്ങനെയുള്ള ഭർത്താക്കന്മാരുണ്ടോ? വിശ്വസിക്കാൻ പറ്റുന്നില്ല ,എൻ്റെ ആദ്യ പ്രസവത്തിന് രാത്രിയിൽ എന്നെ സഹായിക്കാൻ എൻ്റെ വീട്ടുകാരുണ്ടായിരുന്നു, രണ്ടാമത്തെയും മൂന്നാമത്തെയും ഞാൻ ശരിക്കും അനുഭവിച്ചു ,അതിൻ്റെ കാരണമെന്താന്ന് കുട്ടിക്ക് മനസ്സിലായിക്കാണുമല്ലോ?രാത്രിയിൽ, കുഞ്ഞുണർന്ന് കരയുമ്പോൾ, ഉറക്കം പോകുമെന്ന് പറഞ്ഞ് ,ആ സമയത്തൊക്കെ എൻ്റെ ഭർത്താവ് ,അടുത്ത മുറിയിലാണ് കിടന്ന് കൊണ്ടിരുന്നത്, നിങ്ങളൊരു സ്വാർത്ഥനാണെന്ന് ഞാൻ ഹസ്സിൻ്റെ മുഖത്ത് നോക്കി പറയുമായിരുന്നു ,കുട്ടി പറഞ്ഞത് വച്ച് നോക്കുമ്പോൾ, ദിലീപ്, മോസ്റ്റ് ബ്രില്യൻറ് മാനല്ല ,ഹീ ഈസ് ദി, മോസ്റ്റ് ലവ്വബിൾ ഹസ്ബൻ്റ്, ഇൻ ദി വേൾഡ്, എന്നാണ് പറയേണ്ടത്, കുട്ടി ധൈര്യമായി വീട്ടിലേക്ക് ചെല്ലു, എന്നിട്ടയാളോട് പറയ്, നാളെ മുതൽ കമ്പനിയിൽ ജോയിൻ ചെയ്ത് കൊള്ളാൻ, ഞാൻ അനീറ്റയെ ഇപ്പോൾ തന്നെ വിളിച്ച് പറഞ്ഞോളാം

സന്തോഷം കൊണ്ട് ദിവ്യയുടെ കണ്ണുകൾ നിറഞ്ഞു.

അവൾ നടന്ന് പോകുന്നത് കണ്ട മഹേശ്വര്യഅമ്മയ്ക്ക്, കുറച്ച് നേരത്തേക്കെങ്കിലും അവരെ വേദനിപ്പിക്കേണ്ടി വന്നതിൽ , കുറ്റബോധം തോന്നി.

~ സജി തൈപ്പറമ്പ്.