വിലങ്ങ്
Story written by Indu Rejith
=========
“ഇതിപ്പോ ഒന്നും രണ്ടും തവണ അല്ല ഏട്ടാ അവനെ കാണുമ്പോൾ മാത്രം നമ്മുടെ ഗായു ആകെ വയലന്റ് ആകുവാ…കാലത്തു കുളിപ്പിച്ചപ്പോഴും ഞാൻ അവളുടെ ദേഹമാസകലം പരിശോധിച്ചു അങ്ങനെ അരുതാത്തത് ആയിട്ട് ഒന്നുമില്ല….
നേരെ ചൊവ്വെ നടക്കാനോ നാക്കെടുക്കാനോ വയ്യാത്ത അതിനോട് ഞാൻ എങ്ങനെയാ കാരണം ചോദിച്ചറിയണ്ടത്”…..?
“ജോണിയെ എന്തെ പേടി എന്ന് ചോദിച്ചപ്പോൾ ചോറ് കൊടുത്ത പത്രത്തിൽ വിരല് കൊണ്ട് എന്തൊക്കെയോ വരച്ച് കുനിഞ്ഞൊരു ഇരുപ്പാ….ഞാൻ പോരുന്നത് വരെ മുഖത്ത് നോക്കാൻ കൂട്ടാക്കിയില്ല ആ കുട്ടി…ശരീരവളർച്ച ഉണ്ടെന്ന് കരുതി അവൾ കുഞ്ഞല്ലേ ബാലേട്ടാ….”
“അവൻ അങ്ങനത്തെ പയ്യൻ ആണെന്നല്ല ടീവിലും പത്രത്തിലും ഓരോന്ന് കാണുമ്പോൾ…എനിക്ക് എന്തോ പേടിയാണേട്ടാ….”
“തനിക്കെന്താടോ സ്നേഹേ…ഇനി തനിക്ക് അങ്ങനെ പേടിയുണ്ടെങ്കിൽ അവൻ ഇനി ഇവിടെ വരില്ല….ഞാൻ സംസാരിക്കാം അവനോട്….മോള്ടെ കാര്യം തനിക്കറിയില്ലേ പരിചയ കുറവ് ഉള്ളവരോട് അവൾ ഇങ്ങനെ അല്ലേ പെരുമാറാറ്….”
“ഇത് അങ്ങനെ അല്ല ഏട്ടാ….”
“താൻ ഒന്ന് കേൾക്കെടോ….നമ്മൾ ഇവിടോട്ട് മാറിയിട്ടും അധികായില്ലല്ലോ…അപ്പോൾ പരിചയകുറവ് ആകും അതാ എനിക്ക് തോന്നണേ…അതുമല്ലെങ്കിൽ എന്തെങ്കിലും കാട്ടി അവൻ വിരട്ടിയിട്ടുണ്ടാവും…താൻ വിഷമിക്കാതെ…ഞാൻ പറഞ്ഞിട്ടും സമാധാനം ആയില്ലെന്ന് ആണെങ്കിൽ അവനെ പിടിച്ചൊന്ന് വിരട്ടാനും എനിക്ക് മടിയില്ല….അവന്റെ ഭാഗത്ത് തെറ്റൊന്നുമുള്ളതായി ഇത് വരെ തോന്നിയിട്ടില്ലാത്ത സ്ഥിതിക്ക് അന്യനാട്ടിൽ നിന്ന് വന്നനാൾ മുതൽ നമ്മളെ കൂടപ്പിറപ്പിനെ പോലെ കാക്കണ അവന്റെ അപ്പച്ചനും അമ്മച്ചിക്കും അത് ചിലപ്പോൾ മനസ്സിലൊരു നീറ്റലായീന്നു വരും…..”
“എന്തായാലും നമുക്ക് നോക്കാം….”
“താൻ മോൾക്ക് കാപ്പി എടുത്ത് കൊടുക്ക് എനിക്ക് ഇറങ്ങാൻ നേരായി……”
????????
ബാലേട്ടനും പോയതോടെ മനസ്സ് ആകെ ഭയപ്പെട്ടിരുന്നു…..എന്റെ കുട്ടിക്ക് ഒരു ദുരനുഭവം ഉണ്ടായെങ്കിൽ അത് അറിയാൻ വൈകി പോയവൾ ആണല്ലോ ഞാൻ….അതോ വയ്യാഴികയുടെ ഭാഗയിട്ട് എന്തെങ്കിലും…ഒരു എത്തും പിടിയും കിട്ടണില്ല എനിക്ക്…കാരണം അറിഞ്ഞല്ലേ മതിയാവു…..
ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതിനിടയിൽ തിളച്ചു പൊന്തിയ പാൽ അടുപ്പാകെ നനച്ചിരുന്നു…ഗായുവിനുള്ള കാപ്പിയുമെടുത്തു അവളുടെ മുറിയിലേക്ക് നടന്നു…തറയിൽ ഇഴഞ്ഞു നീങ്ങി എന്തൊക്കെയോ വായിൽ പറക്കിയിട്ട് അപൂർണങ്ങളായ ശബ്ദങ്ങളിങ്ങനെ കെട്ടഴിച്ചു വിട്ടുകൊണ്ടേയിരിക്കുന്നു അവൾ…അവൾ ഇഴഞ്ഞു നീങ്ങുന്നിടത്തെല്ലാം രക്തം പോലെ…എന്റെ ജീവൻ ഒന്ന് പിടച്ചിരുന്നു…കയ്യിലിരുന്ന പ്ലേറ്റും ഗ്ലാസും താങ്ങു നഷ്ടപ്പെട്ട് നിലത്തേക്ക് വീണിരുന്നു…അവൾ പെൺകുട്ടി ആയെന്നു ശരീരം പ്രഖ്യാപിച്ചതായി എന്റെ മനസ്സ് അടുത്ത നിമിഷംതന്നെ തിരിച്ചറിഞ്ഞിരുന്നു…..
ശരീരത്തിൽ ആദ്യമായി ഊർന്നിറങ്ങിയ ആ നനവിനെ പോലും ലാളിക്കാനുള്ള അറിവ് ഗായുവിന്റെ മനസ്സിനോ ശരീരത്തിനോ ഉണ്ടായിരുന്നില്ല….
അവളുടെ വളർച്ചയിൽ എന്തോ ഈ അമ്മമനസ്സും സന്തോഷിച്ചില്ല….
സൃഷ്ടിച്ചവൻ ചിലതൊക്കെ മറക്കാറുള്ളു ചില കാര്യത്തിൽ വലിയ കണിശക്കാരൻ തന്നെ…ഗായുവിന്റെ കാര്യത്തിൽ തന്റെ ചുമതലകൾ വർധിച്ചു വരുന്നു…അവളെ താങ്ങിയെടുത്ത് കട്ടിലിൽ ഇരുത്തി…ലാന്റ്ഫോണിൽ നമ്പർ കുത്തി ബാലേട്ടനെ വിളിച്ചു….
“ഏട്ടാ ഗായു വയസ്സറിയിച്ചു….”
“അതെയോ…എന്റെ മോൾ വല്യകുട്ടി ആയല്ലേ….”
“മ്മ്…..”
അതായിരിരുന്നു സ്നേഹയുടെ മറുപടി..ഫോൺ താഴെ വെച്ചു…പിന്നീട് ബാലൻ പറയുന്നതൊന്നും അവൾ കേട്ടിരുന്നില്ല…അവളുടെ മനസ്സ് അയാളുടെ ചോദ്യത്തിൽ ഉടക്കി കിടന്നു…
വല്യ കുട്ടി എന്ന് പറഞ്ഞാൽ……?
ശ്ശെ ബാലേട്ടന്റെ മറുപടി പോലും എന്നേ എന്തിനിത്ര ചിന്തിപ്പിക്കുന്നു…ആകെ എന്തോ ഒരു വല്ലായ്ക…..
“കൊച്ചേ നീ എന്തെടുക്കുവാ….ഇവിടെ ഉള്ളോരൊക്കെ ഇത് എവിടെ പോയി….”
പറഞ്ഞു തീരും മുൻപ് ജോണിയുടെ അമ്മച്ചി കത്രീന ചേട്ടത്തി മുറ്റത്ത് നിന്ന് കൂകി വിളിക്കുണ്ടായിരുന്നു…..
“ഞാൻ ഇവിടുണ്ട് അമ്മച്ചി….”
മടിക്കുത്തിൽ നിന്ന് ഫോൺ എടുത്ത് എനിക്ക് നേരെ നീട്ടി….
“ടി കൊച്ചേ ദാ ഇത് കറന്റ് ആപ്പീസിലെ നമ്പരാ ഇതിൽ ഒന്ന് കുത്തി വിളിച്ചേ….”
എനിക്ക് നേരെ മൊബൈൽ നീട്ടിയാണ് അമ്മച്ചി അത് പറഞ്ഞത്…..
“ഇത് ജോണിയെടെ ഫോണാ അവൻ കവലയിൽ പോയപ്പോൾ കൊണ്ടോവാൻ മറന്നു….പെരയിലെ വെട്ടവും വെളിച്ചവും പോയിട്ട് രണ്ടു ദിവസായി ആ സാറന്മാരെ ഒന്ന് വിളിച്ച് പറയാൻ അവന് വല്യ വിമ്മിട്ടമാ…അവൻ വരുന്നെന്നു മുൻപ് മോളുന്നു വിളിക്ക്…എന്നിട്ട് അത് അങ്ങ് മായിച്ചു കളയാൻ പറ്റില്ലേ അതുടെ ചെയ്തേക്ക്…ഞാൻ ഫോൺ എടുത്തൂന് അറിഞ്ഞാൽ അടുത്ത പൊല്ലാപ്പ് കൂട്ടും അവൻ….”
കൈ നീട്ടി ഫോൺ വാങ്ങിച്ചു…അക്ഷര അഭ്യാസമില്ലാത്ത അപ്പച്ചനും അമ്മച്ചിയും ഫോൺ എടുത്ത് പണിയില്ലെന്നവന് ഉറപ്പുള്ളത് പോലെ…ലോക്ക് ഒന്നുമില്ല…ഫോൺ കൈയിലേക്ക് വാങ്ങിയതും ചറപറ മെസ്സേജ് വന്നു വീഴുന്നുണ്ടായിരുന്നു..
അത് ഞങ്ങടെ കൊച്ച് വിളിക്കുന്നതാവും അവന് ഒരു പെങ്കൊച്ചിന് മനസ്സ് കൊടുത്തെന്ന്….അത് പറയുമ്പോൾ ആ അമ്മച്ചിയുടെ മുഖത്ത് അഭിമാനവും ആനന്ദവും ഒരു മെഴുകുതിരി നാളം പോലെ ശോഭനിറച്ചിരുന്നു….
മെസ്സേജിൽ ഒന്നും കണ്ണ് പതിപ്പിക്കാതെ നമ്പർ കുത്താൻ തുടങ്ങിയതും പിന്നെയും പിന്നയും മെസ്സേജ്…
ബാലേട്ടൻ 2……
ബാലേട്ടനോ…ഏത് ബാലേട്ടൻ…ഇത് ബാലേട്ടന്റെ നമ്പർ അല്ലല്ലോ…അപ്പോളേക്കും അടുത്ത മെസ്സേജ് വീണ്ടും….
നിനക്ക് എന്റെ കൂടെ നിൽക്കാൻ പറ്റുമോ ഇല്ലിയോ….??
അറിയാതെ കണ്ണ് ആ സന്ദേശത്തെ ഒപ്പി എടുത്തിരുന്നു അന്നേ വരെ എന്റെ കണ്ണിനെ മൂടിയ ഇരുട്ടിനെ നീക്കാനെന്ന പോലെ…എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങുന്നത് പോലെ…പാതി ചത്ത മനസ്സോടെ ഓരോരോ മെസേജ് ഞാൻ വായിക്കാൻ തുടങ്ങി…ഞാൻ ഏട്ടനെ വിളിച്ച അതേ സമയം തന്നെ ഗായുവിന്റെ വിവരം ഇതിൽ മെസ്സേജ് കിടക്കുന്നു…അപ്പോൾ ഇത് ഏട്ടന്റെ നമ്പർ ആണോ…ഇതൊക്കെ ഇവനോട് പറയണ്ട ആവശ്യം??
ഉത്തരം അവിടെ തന്നെ ഉണ്ടായിരുന്നു..ജോണിയെ കൊണ്ട് നിർബന്ധിപ്പിച്ച് എന്റെ കൊച്ചിന്റെ ഫോട്ടോകൾ എടുക്കാൻ അയാൾ ആവശ്യപെടുന്നു…മ ദ്യലഹരിയിൽ അത് കണ്ട് രസിക്കാൻ ജോണിയെ കൂട്ട് വിളിക്കുന്നു….
എന്റെ ബാലേട്ടൻ തന്നെ ആണോ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്…
ഇല്ല…..
സ്വന്തം ചോര അല്ലെങ്കിലും പൊന്നുപോലെ ഈ നിമിഷം വരെ എന്റെ കുഞ്ഞിനെ സംരക്ഷിച്ച മനുഷ്യൻ…ഇനിയൊരു വിവാഹ പരീക്ഷണത്തിന് താല്പര്യം ഇല്ലാതെ ഒതുങ്ങി കൂടിയവൾക്ക് ഈ നിമിഷം വരെയും അന്നത്തിനും ആനന്ദത്തിനും ഇളവ് വരുത്താത്ത പ്രകൃതം..ഒരിക്കൽ പോലും എന്റെ സാമിപ്യം ഇല്ലാതെ അവളെ ഒന്ന് തൊട്ടു നോക്കാൻ പൊന്തിയിട്ടില്ല ആ വിരലുകൾ…ഇന്ന് അവളുടെ കാര്യം പറഞ്ഞപ്പോഴും ഒരുപാട് സന്തോഷം നിറച്ചായിരുന്നു മറുപടി…..
പിന്നെ…..
മോളുടെ കാര്യംഞാൻ ഏട്ടനോടെ പറഞ്ഞിട്ടുള്ളു….അപ്പോൾ ഇത് ഏട്ടനല്ലാതെ മറ്റ് ആരാകാനാ….ഓരോന്ന് ഓർത്ത് ഓർത്ത് എന്റെ ഹൃദയം തുണ്ടം തുണ്ടമായി നുറങ്ങുന്നുണ്ടായിരുന്നു അപ്പോൾ…ഫോണിലെ ചിത്രങ്ങൾ നോക്കാനുള്ള ശേഷി ഇല്ലാതിരുന്നിട്ടും സത്യം അറിഞ്ഞേ തീരു എന്ന ഒറ്റക്കാരണം കൊണ്ട് ആ സാഹസത്തിന് മുതിർന്നു..എണ്ണയും കുഴമ്പും തേച്ച് ഇന്നോളം താൻ കാത്തു വെച്ച അവളുടെ ശരീരത്തിന്റെ ഇരുട്ടതും വെളിച്ചത്തിലുമുള്ള ഒരുപാട് ചിത്രങ്ങൾ…പലതിലും അവളുടെ മുഖത്ത് ഭയം നിറഞ്ഞിരിക്കുന്നു…ചില ചിത്രങ്ങളിൽ ബാലേട്ടനൊപ്പം ക ള്ള് സഭയിൽ ഇരിക്കുന്ന ചിത്രങ്ങൾ…..
എന്റെ സാന്നിധ്യത്തിൽ അവൻ അവളോട് അധികം ഇടപഴക്കാറ് പോലും ഇല്ല അപ്പോൾ ഇതൊക്കെ…ആ ചതിയന്റെ ബുദ്ധിയിൽ പിറന്ന നിമിഷങ്ങളാണ് എന്ന് സംശയമില്ലാതെ എനിക്കിനി പറയാം….
ഇതിനിടയിൽ എത്രയോ തവണ അവളുടെ മനസ്സ് എന്റെ സാമിപ്യം കൊതിച്ചിട്ടുണ്ടാവും…കരച്ചിലിൽ കലർത്തി എന്റെ കുട്ടി എത്ര തവണ എന്നേ അമ്മേ എന്ന് അപൂർണമായി വിളിച്ചിട്ടുണ്ടാവും….ഒന്നും കേട്ടില്ല ഞാൻ…
പാപി…
ചിന്തയുടെ ഭാരം കണ്ണീർ തുള്ളിയായ് മാറുന്നതു പോലെ..കരയാനോ…ഒരുതുള്ളി പൊഴിച്ചേക്കരുത് അതിനുള്ള യോഗ്യത നഷ്ടപ്പെട്ടവളാണ് നീ…സ്വബോധം എന്നേ നോക്കി കാർക്കിച്ചു തുപ്പുന്നത് പോലെ….
“ടി കൊച്ചേ…മണിക്കൂർ ഒന്നായല്ലോ നിനക്കിതിന്റെ പണി അറിയില്ലെങ്കിൽ അതിങ്ങു കാട്ട്….”
“എനിക്കിതിന്റെ പണി അറിയില്ല അമ്മച്ചി…എന്റെ കൈയിൽ ഫോൺ തന്നെന്നും എനിക്ക് വിളിക്കാൻ അറിയില്ലാരുന്നെന്നും ജോണിയോട് പറയണ്ട അവൻ എന്നേ കളിയാക്കും….”
“ഞാൻ ഒന്നും പറയണില്ല ഇത് എടുത്തൂന് അറിഞ്ഞാൽ തന്നെ ഇന്നവൻ അത്താഴം പോലും കഴിക്കില്ല.” എന്തൊക്കെയോ പറഞ്ഞു കൊണ്ടുവർ നടന്നകന്നു….
ജോണി അറിഞ്ഞാൽ അത് ആ ചതിയൻ അറിയും..എനിക്ക് തന്നെ അവനോട് ചോദിക്കണം…എന്റെ മുന്നിൽ തന്നെ അവന്റെ പൊയ്മുഖം അഴിഞ്ഞുവീഴണം…ബാലൻ വരുന്നത് വരെ ഉമ്മറത്തവൾ കാത്തിരുന്നു…..
“എന്താടോ പൂമുഖവാതിൽക്കൽ കാത്തിരിക്കുന്ന പൂന്തിങ്കൾ ആകാനാണോ ഭാവം.”…
കൈയിലെ കവറിലെ പലഹാരങ്ങൾ നീട്ടിയായിരുന്നു സംസാരം….
ഇത് എന്താ…??
മോൾക്ക് ഇത്തിരി മധുരം….
അതും പറഞ്ഞയാൾ അകത്തേക്ക് കേറി…
മോളെവിടെ…
ആരുടെ മോള്? നിനക്കിവിടെ മോളുമില്ല ഭാര്യയുമില്ല…
സ്നേഹേ എന്തായിത്…എന്തുവാ നീ ഈ പറയുന്നേ….
നിർത്തടോ ഇയാൾടെ അഭിനയം ഇന്നത്തോടെ തീരാൻ പോവാ എല്ലാം….
ഇത്രയും പറഞ്ഞവൾ ഇരുകൈകളും കൊണ്ട് അയാളുടെ നെഞ്ചിൽ ആഞ്ഞടിച്ചു….
ച്ചി മാറിനിക്കെടി….
ഇടതു കൈ കൊണ്ടുള്ള അടിയിൽ സ്നേഹ തറയിലേക്ക് വീണിരുന്നു…
നീ എന്താ കരുതിയെ എന്നേ പറ്റി… നിന്നെയും കണ്ടവന് ഉണ്ടായതിനേം ആറേഴുകൊല്ലം ചുമ്മാതെ ഊട്ടാൻ ഞാൻ ഈശ്വരന് ഉണ്ടായതൊന്നുമല്ല…നീ ഒന്നോ രണ്ടോ കൊല്ലമല്ലേ ഇവള്ടെ തന്തയോടൊപ്പം കഴിഞ്ഞത്…മാത്രമല്ല ഇന്നല്ലെങ്കിൽ നാളെ വളർന്നു വരുമ്പോൾ അവളും ഒരു പെണ്ണല്ലേ എന്ന ഒറ്റ ചിന്തയില ഇന്നോളം ഞാൻ നിന്റെ മോളേ ഊട്ടി വളർത്തിയത്…പ്രായത്തിനേക്കാൾ വേഗത്തിൽ ആ ശരീരം മുന്നേറുന്നത് കണ്ട് ഒരു പാട് ഞാൻ സന്തോഷിച്ചു….ഋതുമതിയായി ഒരു സ്ത്രീയുടെ എല്ലാപൂർണതയുടെയും വേണമായിരുന്നു എനിക്ക് അവളെ….
ഇന്നത് കേട്ടപ്പോൾ ഞാൻ എത്ര സന്തോഷിച്ചെന്ന് അറിയില്ല നിനക്ക്…എതെങ്കിലും ഒരു നിമിഷത്തെ ആവേശത്തിന് ചിലപ്പോൾ അതിന് മുൻപ് എന്തെങ്കിലും ഞാൻ ചെയ്ത് പോയാൽ നീ ജോണിയെ മാത്രമേ തെറ്റിദ്ധരിക്കാവു…
അതിനുള്ള അവസരം അവനെ കൊണ്ട് തന്നെ ഞാൻ ഉണ്ടാക്കി ക ഞ്ചാവും മ യക്കുമരുന്നും കൊടുത്ത് അവന്റെ എന്റെ വരുതിയിലാക്കി..എല്ലാം എന്റെ വഴിക്ക് ആയപ്പോൾ തടസ്സം നിക്കുന്നത് ആരാണെങ്കിലും കഴുത്തറക്കും ഞാൻ…..
നിനക്ക് കാണണോ നിന്റെ മോളേ ഞാൻ…അയാൾ പൊട്ടിച്ചിരിച്ചു….
ഇനി ഉയരരുത് നിന്റെ പുഴുത്ത നാവ്….
മേശയുടെ വശത്തു വെച്ചിരുന്ന വെ ട്ടുകത്തിയെടുത്തവൾ അവന്റെ കഴുത്തിൽ ആഞ്ഞു കൊ ത്തി…നിന്നിൽ നിന്ന് തന്നെ ഇത് ഞാൻ കേൾക്കണം അതായിരിന്നു ഒരമ്മ എന്ന നിലയ്ക്ക് എനിക്കുള്ള ശിക്ഷ…അയാളുടെ ശരീരം നിലത്തു വീണുരുണ്ട് പിടയുന്നുണ്ടായിരുന്നു അപ്പോൾ…
കറിക്കരയ്ക്കാൻ തേങ്ങ പൊട്ടിക്കാൻ മാത്രമല്ല നിന്നെ പോലുള്ളവൻമാരുടെ തലമണ്ട വെട്ടിപിളർക്കാനും പെണ്ണിന് ഇത് മതിയെടാ…ദൈവം എന്നൊരാള് ഉണ്ടെടാ ചിലതൊക്കെ അങ്ങേര് കണ്ടില്ലെന്നു നടിച്ചാലും ചിലകാര്യത്തിൽ കണിശക്കാരനാ…കൊടുത്തത് തന്നേ വിടു…നിന്നെ ഞാൻ കൊന്നെന്നു നാലാള് അറിയണം….അതെനിക്കിനി അഭിമാനമാ….
ഇനിയെന്നെ ഏത്പോലീസ് കൊണ്ട് പോയാലും എനിക്ക് ഒന്നുല്ലല്ലടാ ചെറ്റേ…വയ്യാത്ത എന്റെ കുട്ട്യേ അവര് തെരുവിൽ കളയില്ലെന്നോർത്ത് സമാധാനിക്കും ഞാൻ…നിന്റെ ജീവന്റെ അവസാന കണിക നിന്നെ വിട്ടു പിരിയുന്നത് വരെ അതു കണ്ടു കണ്ടു രസിക്കണമെനിക്ക്……എന്റെ ജീവിതം മാത്രമല്ല ഒരു അപ്പച്ചന്റെയും അമ്മച്ചിയുടേം അത്താണി കൂടി കുരുതി കൊടുത്തവനാ നീ….നിനക്ക് തരാൻ ഇതേ ഉള്ളു എന്റെ കൈയിൽ….
ഇനിഎന്റെ മോളേം കൊണ്ട് ഞാൻ പോകും നിയമം എനിക്ക് തരുന്ന ശിക്ഷ ചോദിച്ചു വാങ്ങിക്കാൻ….
പിടഞ്ഞു പിടഞ്ഞ് അവന്റെ ശരീരം അവളോട് മാപ്പീരന്നു കൊണ്ടിരുന്നു..ഒടുവിൽ പ്രതീക്ഷയറ്റ് അവന്റെ ആത്മാവ് അവനിൽ നിന്നും പിടഞ്ഞെഴുന്നേറ്റോടി….
മുഖത്തും കൈയിലും ഉണ്ടായിരുന്ന ര ക്തക്കറതുടച്ച് അവൾ അയാളെ നോക്കി ചിരിച്ചു…തന്റെ മകളെ സംരക്ഷിച്ച അമ്മയുടെ ചിരി…..
വാതിലുകൾ മലക്കെ തുറന്നിട്ട്…ബാധ്യതതയുടെ കടലാസ്സ് ഭാണ്ഡം തിരയാതെ…തന്റെ മകളെ ഒക്കത്തിരുത്തി ആ അമ്മ നടന്നു…രാത്രിയുടെ ഇടവഴികളിൽ കാലിടറുമ്പോൾ തന്റെ കുഞ്ഞിലും അരയിൽ തിരുകിയ വെട്ടുക ത്തിയിലും അവൾ മാറി മാറി കൈയോടിച്ചു….സ്വാതന്ത്രയായവളിൽ നിന്ന് വിലങ്ങിട്ടവളെ തേടിയിങ്ങനെ….
ശുഭം