ആരോ ഒരാൾ ആ വീട്ടിൽ രാത്രിയിൽ കയറാറുണ്ടാന്ന് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ…

തലവിധി

Story written by Kannan Saju

============

“എന്നാലും പ്രായമായ ഒരു മോനുള്ള നിനക്ക് ഒരുത്തന്റെ കൂടെ ഇറങ്ങി പോവാൻ എങ്ങനെ തോന്നീടി..?”

സ്റ്റേഷന് മുന്നിൽ നിന്നു ആശയുടെ അമ്മ അവളെ നോക്കി അലറി. ആശയെ കൊണ്ടു പോയ നിഹാസ് അപ്പോഴും അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.

മകൻ കണ്ണൻ ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് നിക്കുന്നുണ്ടായിരുന്നു. അവനു ഇരുപത് വയസുകാണും. ആശയുടെ ഭർത്താവ് കണ്ണന് 4 വയസുള്ളപ്പോൾ മരിച്ചതാണ്. ഉടനെ ഭർത്താവിന്റെ അമ്മയും. ഭർത്താവിന്റെ അച്ഛൻ ദിവാകരൻ ആയിരുന്നു വീട്ടു കാരണവൻ.

“അവക്ക് ക–ഴപ്പ് കേറീട്ടു…അല്ലാതെന്തു” ദിവാകരൻ അടിവരയിട്ടു…അയ്യാളുടെ വായിൽ നിന്നും വന്ന മ–ദ്യത്തിന്റെ ഗന്ധം അടിച്ചു എസ് ഐ ക്ക് വരെ പറ്റായത് പോലെ തോന്നി.

“കുടുംബത്തിന് നാണക്കേടുണ്ടാക്കാൻ ആയിട്ട് ഓരോ അവളുമാര്…” ആശയുടെ അച്ഛൻ ഏറ്റു പിടിച്ചു…

“കണ്ട മുസ്ലീം ചെറുക്കന്റെ കൂടെ പോവാൻ ഞാൻ സമ്മതിക്കില്ല മര്യാദക്ക് വീട്ടിലേക്കു വന്നോണം” ദിവാകരൻ ആജ്ഞാപിച്ചു.

ആളുകൾ കൂട്ടം കൂടി കൗതുകകരമായ ആ കാഴ്ച്ച കണ്ടു കൊണ്ടിരുന്നു…

“ആരോ ഒരാൾ ആ വീട്ടിൽ രാത്രിയിൽ കയറാറുണ്ടാന്ന് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ…അതിവാനാന്നെ…ഉറപ്പാ ”  കൂട്ടത്തിൽ ഒരുവൻ അതാങ്ങറപ്പിച്ചു.

“ഒന്നു മിണ്ടാതിരിക്കാട…ഇവിടെ കെട്ടിക്കൊണ്ടു വരുമ്പോ ആ പെണ്ണിനു പതിനെട്ടു വയസേ ഉളളൂ…കണ്ണന് നാല് വയസാവുമ്പോ അവനും പോയി. നല്ല പ്രായം…ഏതെങ്കിലും ഒരു നല്ല മനുഷ്യനെ കണ്ടെത്തി ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാൻ ഉള്ളെന്, ദിവാകരന്റെ പെണ്ണുമ്പുള്ള ചത്തപ്പോ അവന്റെ വീട്ടുകാര്യങ്ങൾ നോക്കാനും ആവശ്യം വരുമ്പോ ഭാര്യ ആക്കാനും ഇവിടെ പൂട്ടി ഇട്ടു..രാവിലെ നാലിന് ആ കൊച്ചു എണീക്കും..പശുനെ കറക്കും കുളിപ്പിക്കും, അടുക്കള പണി ചെയ്യും, റബ്ബർ വെട്ടും അത് ഷീറ്റടിക്കും, വൈകുന്നേരം പാലുമായി സോസിറ്റിലേക്കു പോവും, രാത്രി അവന്റെ വാക തെറിയും ഇടിയും…കുറെ അനുഭവിച്ചില്ലേ…ജീവിതം ഒന്നേ ഉള്ളൂ…ആ കൊച്ചു ചെയ്തതാ ശരി…

“എന്താ നിന്റെ തീരുമാനം? “

എസ് ഐ ആശയോട് ചോദിച്ചു…

“ഞാൻ ഇക്കാടെ കൂടെ പോവു സാറേ.. “

“ഇവന് സ്വന്തൊം ബന്ധോം ഒന്നും ഇല്ലെന്നു നിനക്കറിയാലോ?”

“അറിയാം സാറേ…”

“അപ്പോ നിന്റെ മോനോ? “

“അവനു ഇരുപത് വയസു കഴിഞ്ഞില്ലേ..അവന്റെ കാര്യങ്ങൾ അവൻ ഇപ്പോഴും തനിയ നോക്കുന്നെ..”

“ചി.. നിർത്തടി നാളെ അവനെങ്ങനേ ആളുകളുടെ മുഖത്ത് നോക്കൂടി..”

എസ് ഐ അവൾക്കു നേരെ കൈ ഓങ്ങി

“സാറേ…” അതുവരെ മിണ്ടാതിരുന്ന കണ്ണൻ വാ തുറന്നു…എല്ലാവരും അവനെ നോക്കി

“അമ്മയെ ഒന്നും ചെയ്യല്ലേ സാറേ…അമ്മക്ക് പോകാൻ രാത്രി കതക് തുറന്നു കൊടുത്തത്…”

ഞെട്ടലോടെ എല്ലാവരും തരിച്ചു നിന്നു..

“ഡാ..അലറിക്കൊണ്ട് ദിവാകരൻ കണ്ണന്റെ അരികിലേക്ക് പാഞ്ഞു വന്നു….എസ് ഐ അയ്യാളെ തള്ളി താഴെ ഇട്ടു.

“ഈ കു-ടിയനേ എങ്ങോടെലും പിടിച്ചോണ്ട് പോടോ..” ശേഷം എസ് ഐ കണ്ണനെ നോക്കി..

കണ്ണൻ നിറ കണ്ണുകളോടെ അയ്യാളെ നോക്കി കൈ കൂപ്പി “എന്റെ ഓർമ്മ വെച്ച നാൾ മുതൽ കാണുന്നത സാറേ എന്റമ്മേടെ കണ്ണീരു…പണിയെടുത്തു പാവം…എന്നെയും ചേർത്തു പിടിച്ചു കരഞ്ഞു ഉറങ്ങാത്ത രാത്രികൾ ഇന്നും ഓർമയിൽ ഉണ്ട്..കുടി കഴിഞ്ഞു വന്നു ഇയ്യാൾ എന്നെ അമ്മയുടെ അടുത്തുന്നു അടിച്ചൊടിക്കും..എന്നിട്ടു അമ്മയുടെ പുറത്ത് കയറി..” അവൻ വിങ്ങി പൊട്ടി…

ആശ കരഞ്ഞു നിലത്തേക്കിരുന്നു..നിഹാസ് അവളെ ആശ്വസിപ്പിച്ചു..

“അന്നൊന്നും അതെന്താന്ന് പോലും എനിക്കറിയില്ലായിരുന്നു..അറിവ് വെച്ചപ്പോ അയ്യാളെ കൊല്ലാനാ എനിക്ക് തോന്നിയത്..പക്ഷെ അപ്പോഴും അമ്മ ഒറ്റക്കാവൂലോ എന്ന് കരുതി. രാവിലെ പശൂനെ കുളിപ്പിച്ചും പുല്ലു വെട്ടിയും ചാണകത്തിന്റെ മണവും ആയിട്ടാ ഞാൻ സ്കൂളിൽ പോയിരുന്നത്..അങ്ങനെ ആരും അടുപ്പിക്കാതെ പഠിത്തത്തോടും വെറുപ്പായി പണിക്കിറങ്ങി..അവൻ കണ്ണുകൾ തുടച്ചു..ഇന്നുവരെ എന്റെ അമ്മ ചിരിച്ചു ഞാൻ കണ്ടിട്ടില്ല സാറേ..ഒരു ദിവസം ചിരിച്ചു കൊണ്ടു വന്നു എന്നിട് പറഞ്ഞു എനിക്കൊരാളെ ഇഷ്ടമാണ് അയാൾക്ക്‌ എന്നെയും..അമ്മ അയ്യാളുടെ കൂടെ ജീവിച്ചോട്ടെന്ന്…” വീണ്ടും പൊട്ടി കരഞ്ഞു…

“ജീവിതം ഒന്നല്ലേ ഉള്ളൂ സാറേ…ആളുകൾ എന്നെ എങ്ങനാ വേണേലും കണ്ടോട്ടെ..പക്ഷെ മരിക്കും മുന്നേ കുറച്ചു സ്നേഹം എങ്കിലും എന്റെ അമ്മയും അനുഭവിച്ചോട്ടെ സാറെ..അവരെ അവരുടെ വഴിക്കു വിട്ടേക്ക് സാറേ..പ്ലീസ്….” ഇരു കൈകൾ കൂപ്പിക്കൊണ്ട് കണ്ണൻ മുട്ടുകുത്തി ഇരുന്നു.