ആറുമാസം മുമ്പ് വരെ തന്റെ ബെഡ്റൂമിലെ അലമാരയിൽ സുലഭമായി ഉണ്ടായിരുന്ന…

Story written by Saji Thaiparambu

============

വിസ്പറിന്റെ പായ്ക്കറ്റുകൾ ഓരോന്നായി റാക്കിലേക്ക് അടുക്കി വെക്കുമ്പോൾ അതിൽ ലാർജ് സൈസെടുത്ത് വില പരിശോധിച്ചിട്ട് സെറീന ,നിരാശയോടെ തിരിച്ച് വച്ചു.

“വേണമെങ്കിൽ നീ ഒന്നോ രണ്ടോ പായ്ക്കറ്റ് എടുത്തോ, മക്കൾക്കും ആവശ്യം വരില്ലേ ,അതിന് നീ പൈസയൊന്നും തരേണ്ട”

ക്യാഷ് കൗണ്ടറിൽ ഇരുന്ന ജമാലിക്ക അവളോട് വിളിച്ചു പറഞ്ഞു.

അതുകേട്ട് ജാള്യതയോടെ അവൾ മുഖം കുനിച്ചു നിന്നു.

ആറുമാസം മുമ്പ് വരെ തന്റെ ബെഡ്റൂമിലെ അലമാരയിൽ സുലഭമായി ഉണ്ടായിരുന്ന ഒന്ന് ,മറ്റുള്ളവർ ചോദിച്ചപ്പോഴൊക്കെ മടികൂടാതെ എടുത്ത് കൊടുത്തിട്ടുമുണ്ട്, എന്നിട്ട് ഇന്ന് രാവിലെ തനിക്ക് ബ്ലീ-ഡിങ് ഉണ്ടായപ്പോൾ പഴന്തുണിയെ ആദ്യമായി ആശ്രയിക്കേണ്ടിവന്നു , ഇപ്പോൾ അതിന്റെ വില കണ്ടിട്ട് മേടിക്കാൻ തോന്നുന്നില്ല.

കാരണം അകാലത്തിലുണ്ടായ അദ്ദേഹത്തിന്റെ വേർപാടിലൂടെ തന്റെ സ്വർഗ്ഗതുല്യമായ ജീവിതം എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു.

പ്രവാസിയായ അദ്ദേഹം എല്ലാമാസവും കൃത്യമായി തൻറെ അക്കൗണ്ടിലക്ക് കണക്കില്ലാതെ പണം അയച്ച്കൊണ്ടിരുന്നു,

നിനക്കും മക്കൾക്കും അവിടെ ഒരു കുറവുമുണ്ടാകാൻ പാടില്ല എന്ന് അദ്ദേഹം ഇടയ്ക്ക് ഓർമ്മിപ്പിക്കുമായായിരുന്നു.

മക്കളെ രണ്ടുപേരെയും രാജകുമാരിമാരെ പോലെ വളർത്തണമെന്നും ,നീ നിന്റെ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞതുകൊണ്ട്, താൻ യോഗ ക്ലാസിൽ മുടങ്ങാതെ പോയി, ബ്യൂട്ടിപാർലറുകളിൽ കണക്കില്ലാതെ പണം ചെലവഴിച്ചു, വിലകൂടിയ ചുരിദാറുകളും സാരികളും വാങ്ങി വെറുതെ കറങ്ങി അടിച്ചു നടന്നു .

പക്ഷേ എല്ലാം ഒരൊറ്റ ദിവസം കൊണ്ട് അവസാനിക്കുകയായിരുന്നു.

ആദ്യ കുറെ ദിവസങ്ങൾ ബന്ധുക്കളും നാട്ടുകാരും ഒക്കെ സഹായിച്ചു, പിന്നെ പിന്നെ ഓരോരുത്തരായി അകലാൻ തുടങ്ങി, അവസാനം താനും തന്റെ രണ്ട് പെൺമക്കളും ആ വീട്ടിൽ തനിച്ചായി .

വീട്ടിലുണ്ടായിരുന്ന പലചരക്ക് സാധനങ്ങൾ തീർന്ന് തുടങ്ങിയപ്പോഴാണ്,ഇനി അത് വാങ്ങുവാൻ തന്റെ അക്കൗണ്ടിലേക്ക് പൈസ ഒന്നും വരില്ല എന്ന തിരിച്ചറിവ് ഉണ്ടായത്.

മക്കളെ പട്ടിണി കൂടാതെ വളർത്താൻ വരുമാനം ഉണ്ടാവണമെങ്കിൽ, താൻ ജോലിക്കുപോയേ മതിയാവൂ എന്ന അവസ്ഥ ഉണ്ടായപ്പോഴാണ് , ടൗണിൽ സ്റ്റേഷനറി കട നടത്തുന്ന തന്റെ നാട്ടുകാരനായ ജമാലിക്കയുടെ കടയിൽ സെയിൽസ് ഗേൾ ആയി പോകുന്നത്.

“എന്താ സറീന ആലോചിക്കുന്നത്, നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്”

ജമാലിക്കയുടെ ചോദ്യം അവളെ ചിന്തകളിൽ നിന്നുണർത്തി.

“ഒന്നുമില്ലിക്കാ വൈകിട്ട് എന്നെ കുറച്ചു നേരത്തെ വിട്ടാൽ മതി”

“അതിനെന്താ ഞാൻ നേരത്തെ കട അsക്കാം , എന്നിട്ട് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോകാം”

ഒരിക്കൽ തന്റെ ബാപ്പയുടെ കൂട്ടുകാരനായിരുന്നു ജമാലിക്ക, ബാപ്പയുടെ സ്ഥാനത്ത് തന്നെയാണ് അദ്ദേഹത്തെ കാണുന്നത്.

ഏഴു മണി കഴിഞ്ഞപ്പോൾ കട അടച്ചിട്ട് ജമാൽ തന്റെ പഴയ മാരുതി കാർ സ്റ്റാർട്ട് ചെയ്തു. ഇടത്ഡോർ തുറന്നു പിടിച്ചു അയാൾ സറീനയോട് കയറി ഇരിക്കാൻ പറഞ്ഞു.

മങ്ങിയ തെരുവ് വെളിച്ചം വീണു കിടക്കുന്ന ചെമ്മൺ പാതയിലൂടെ കാർ മുന്നോട്ട് നീങ്ങി.

ഇടയ്ക്ക് ഏതോ പാർട്ടിയുടെ പന്തം കൊളുത്തി പ്രകടനം എതിരെ വന്നപ്പോൾ ജമാലിക്ക കാർ ഒതുക്കി നിർത്തി .

വണ്ടി നിന്നപ്പോൾ ഏസി ഇല്ലാത്ത ക്യാബിനകത്തേക്ക് ചൂടു നിറഞ്ഞു.

വിയർത്തുകുളിച്ച ജമാലിക്കയുടെ ശരീരത്തിൽ നിന്നും വമിച്ച ദുർഗന്ധം , അടുത്തിരുന്ന സെറീനയെ അസ്വസ്ഥയാക്കി.

“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു”

ജമാൽ സറീനയോട് ശബ്ദം താഴ്ത്തി പറഞ്ഞു.

“എന്താ ഇക്കാ”

ആകാംക്ഷയോടെ അവൾ ചോദിച്ചു.

“എൻറെ ഭാര്യ മരിച്ചിട്ട് 14 കൊല്ലമായി, ഒരേയൊരു മകൻ ഉണ്ടായിരുന്നത്, കല്യാണം കഴിഞ്ഞു ഗൾഫിൽ തന്നെ സെറ്റിൽ ആയിട്ട് ഇപ്പോൾ വർഷം അഞ്ചായി, ഞാൻ ഇപ്പോൾ വീട്ടിൽ തനിച്ചാണെന്ന് നിനക്ക് അറിയാമല്ലോ? അതുകൊണ്ട് ഞാൻ…അതെങ്ങനെ നിന്നോട് പറയും എന്ന കൺഫ്യൂഷനിലാണ്”

ജമാലിന്റെ സംഭാഷണം സെറീനയിൽ ഞെട്ടൽ ഉളവാക്കി. താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ് അയാൾ പറഞ്ഞു വരുന്നത് എന്ന് സെറീന ഊഹിച്ചു ,എന്നാലും മോളെ പോലെ കരുതേണ്ട ഒരുവളോട് എങ്ങനെ ഇത് പറയാൻ തോന്നി.

ആലോചിച്ചപ്പോൾ അവളുടെ രക്തം തിളച്ചു.

“വണ്ടി നിർത്തു”

അവളുടെ ശബ്ദം ഉച്ചത്തിലായിരുന്നു.

“എന്താ മോളെ എന്തുപറ്റി”

അയാൾ അമ്പരപ്പോടെ ചോദിച്ചു.

“ഇതിൽ കൂടുതൽ എന്തു പറ്റാൻ ഞാൻ ഇതുവരെ നിങ്ങളെ എന്റെ ബാപ്പയുടെ സ്ഥാനത്താണ് കണ്ടത് ,നിങ്ങളുടെ മനസ്സിൽ ഇങ്ങനെ മോശപ്പെട്ട ചിന്തകൾ ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല”

“മോളെ ..നീ എന്തൊക്കെയാണ് പറയുന്നത് ,ഇപ്പോഴും ഞാൻ നിന്നെ എന്റെ മകളെ പോലെ തന്നെയാണ് കരുതുന്നത്, അതു തന്നെയാണ് ഞാൻ ചോദിക്കാൻ വന്നത്, എന്റെ മകളായും ചെറുമക്കളായും നിങ്ങൾക്ക് എല്ലാവർക്കും കൂടി എൻറെ വീട്ടിൽ വന്ന് നിന്നു കൂടെ എന്ന്, ആ വീട്ടിൽ നിങ്ങൾ മൂന്ന് സ്ത്രീകൾ മാത്രമായി എങ്ങനെ കഴിയും, എൻറെ പഴയ കൂട്ടുകാരന്റെ മകൾ നിരാലംബയായി കഴിയുന്നത് കൊണ്ടുള്ള വിഷമം കൊണ്ട് ചോദിച്ചതാണ്”

അതുകേട്ട് സെറീന വല്ലാതെയായി ,താൻ അദ്ദേഹത്തെ തെറ്റിദ്ധരിച്ചതോർത്ത് അവൾ പശ്ചാത്താപ വിവശയായി.

പെട്ടെന്ന് പുറത്തു നിന്ന് ഒരിളം കാറ്റ് കാറിനകത്തേക്ക് കടന്നു വന്നു , അപ്പോൾ ജമാലിക്കയുടെ ശരീരത്തിൽ നിന്നും പുറപ്പെട്ട വിയർപ്പ്ഗന്ധത്തിന് തന്റെ ബാപ്പയുടെ മണം ഉണ്ടെന്ന് സെറീനയ്ക്ക് തോന്നി

~സജി തൈപറമ്പ്