കൊണ്ട് വന്ന സമ്മാനങ്ങളൊക്കെ അമ്മയുടെ കൈയിൽ കൊടുത്തിട്ടു മാറി നിന്ന ടീച്ചറുടെ കൈകളിലേക്ക് ഞാൻ തന്നെയാണ് മോനെ വെച്ചു കൊടുത്തതു..

മുലപ്പാൽ…(Story written by Aswathy Joy Arakkal)

===========

മു-ലയൂട്ടൽ വാരത്തോടനബന്ധിച്ചുള്ള ബ്ലോഗ്ഗെഴുത്തു മത്സരത്തിന് ഒരു സുഹൃത്തിന്റെ ഇൻവിറ്റേഷൻ ലഭിച്ചപ്പോഴേ വിചാരിച്ചതാണ് അതിൽ പങ്കെടുക്കണം എന്നു..സമ്മാനം വേണം എന്ന വ്യാമോഹം കൊണ്ടൊന്നുമല്ല, ഒരു സ്ത്രീയെന്ന നിലയിൽ..അമ്മയെന്ന നിലയിൽ എന്റെ കൂടെ ഉത്തരവാദിത്വം ആണ് മു-ലയൂട്ടലിന്റെ പ്രാധാന്യത്തെ പറ്റിയൊരു ലേഖനം പ്രത്യേകിച്ച് ലോകം ഇന്നു മു-ലപ്പാൽ ബാങ്ക് എന്ന സംരഭത്തിന് പിറകെ പൈസയുമായി ഓടുന്ന കാലമാണല്ലോ..

അങ്ങനെ രാത്രി മോനെയും ഉറക്കി ലാപ്ടോപ്പും ടേബിളിൽ വെച്ചു എഴുതാനുള്ള ഇരുപ്പു തുടങ്ങി..മു-ലയൂട്ടലിന്റ പ്രാധാന്യത്തെ പറ്റിയും, മു-ലപ്പാലിന്റെ ഗുണത്തെ പറ്റിയും അതു കുഞ്ഞിന് നൽകുന്ന പ്രതിരോധ ശക്തിയെ പറ്റിയും, മു-ലയൂട്ടുന്ന അമ്മമാർ അനുഭവിക്കുന്ന ശാരീരികവും, മാനസികവും, സാമൂഹികവുമായ പ്രശ്നങ്ങളെ പറ്റിയുമൊക്കെ സ്വന്തം അനുഭവത്തിൽ നിന്നും, ബാക്കി വായനയിൽ നിന്നു കിട്ടിയതുമൊക്കെ മനസ്സിൽ കുറിച്ചിട്ടു..പോയ്ന്റ്സ് എല്ലാമായി ഇനി എഴുതി തുടങ്ങാം എന്നൊരു ആത്മവിശ്വാസം വന്നപ്പോൾ ലാപ്ടോപ്പിലേക്കു മെല്ലെ കൈകൾ ചലിച്ചു..

മു-ലപ്പാൽ എന്നൊരു ക്യാപ്ഷനും കൊടുത്തു എഴുതാൻ തുടങ്ങി..ഇല്ല പറ്റുന്നില്ല..എത്ര ശ്രമിച്ചിട്ടും ഒരു സെന്റെൻസ് പോലും പൂർത്തിയാക്കാൻ എനിക്കു സാധിക്കുന്നില്ല. എങ്ങനെ എനിക്ക് എഴുതാൻ സാധിക്കും ലാപ്‌ടോപ്പിന്റെ  സ്ക്രീനിലും, എന്റെ മനസ്സിലുമെല്ലാം തെളിഞ്ഞു നിൽക്കുന്നത് ഒരൊറ്റ മുഖമാണ്…കാത്തിരുന്നു കിട്ടിയ കണ്മണിക്ക് ഒരിറ്റു മു-ലപ്പാൽ നൽകാൻ അവകാശം നിഷേധിക്കപ്പെട്ടു..നിറഞ്ഞു തുളുമ്പി വിങ്ങുന്ന മാ-റിടത്തിലെ മു-ലപ്പാൽ  ടാബ്ലറ്റ് കഴിച്ചു വറ്റിക്കേണ്ടി വന്ന..എന്റെ മീര ടീച്ചറുടെ മുഖം…മനസ്സു നീറാൻ തുടങ്ങി..മനസ്സിന്റെ ആ പുകച്ചിലിൽ കണ്ണിൽ നിന്നു കണ്ണീർ ഒഴുകി തുടങ്ങി..

ഡ്രൈവിൽ പഴയകാല ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഫോൾഡറിലേക്കു മെല്ലെ എന്റെ കൈകൾ ചലിച്ചു..അവിടെ എന്റെ മീരേച്ചി…നിഷ്കളങ്കമായ മുഖവുമായി ചിരിച്ചു നിൽക്കുന്ന ആ മുഖം ഓർമകളിലേക്കെന്നെ  പിടിച്ചു വലിച്ചു…

പഠിത്തം കഴിഞ്ഞ ഉടനെ ജോലി ലഭിച്ചതു എറണാകുളത്തു ആയതു കൊണ്ട് അവിടെ വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ തന്നെ ആയിരുന്നു ശരണം…അവിടെ ഒരു റൂമിൽ ഒറ്റയ്ക്ക്  സ്വൈര്യവിഹാരം നടത്തി കൊണ്ടിരുന്ന എന്റെ കണ്ണിലെ കരടായിട്ടായിരുന്നു മീരേച്ചി എന്ന മീര ടീച്ചർ കടന്നു വന്നതു…തനി നാട്ടുമ്പുറത്തുകാരി…ഭർത്താവ് മാഷാണ്..രണ്ടുപേരും ഒരിടത്തു തന്നെ ആയിരുന്നു..ഇപ്പൊ ടീച്ചർക്കു  ട്രാൻസ്ഫർ ആയി ഇവിടേക്കെത്തി..

പരിചയപ്പെട്ടെങ്കിലും അവരുമായൊരു അകലം ഞാനെപ്പോഴും സൂക്ഷിച്ചിരുന്നു..ആ കാലത്ത് എന്റെ ഇപ്പോഴത്തെ കെട്ട്യോനും അന്നത്തെ കാമുകനുമായ ശ്രീയേട്ടനുമായുള്ള പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന  സമയമായിരുന്നു..ഞങ്ങളുടെ സ്വസ്ഥമായ ഫോൺ വിളികളിലേക്കു ഇടിച്ചു കയറി വന്ന ശല്യക്കാരി ആയിരുന്നു ടീച്ചറെനിക്ക്…അങ്ങനെ തമ്മിൽ വല്യ അടുപ്പമൊന്നുമില്ലാതെ  ആഴ്ചകൾ കടന്നു പോയി..

ഒരു ദിവസം tv ഹാളിലെ ചർച്ചക്കിടയിലാണ് പ്രസവശേഷം ഹോസ്റ്റൽ വിട്ട പ്രീതേച്ചിയുടെ വിശേഷങ്ങൾ  കടന്നു വന്നത്…ഇരട്ട കുഞ്ഞുങ്ങളാണ് പ്രീതക്ക്…എത്ര പാട് പെടണം അവൾ…ഇനി അവളൊന്നു സ്വസ്ഥമായി  ഉറങ്ങണെങ്കി കാലം കുറെ പിടിക്കും…കുഞ്ഞുങ്ങളുടെ കളി ചിരികൾ, മുലയൂട്ടൽ, പ്രസവം,  ഗർഭകാലം അങ്ങനെ ടോപ്പിക്കുകൾ  കാടു കയറി..

അതിനിടയ്ക്കാണ് pwd വിൽ വർക്ക്‌ ചെയ്യണ സുമേച്ചി വേറൊരു  ടോപ്പിക്ക് എടുത്തിട്ടത്…അല്ല മീര ടീച്ചറുടെ കല്യാണം കഴിഞ്ഞിട്ടെത്ര നാളായി..കുഞ്ഞുങ്ങളെ നോക്കുന്നില്ലേ..എന്നൊക്കെ ചോദിച്ചു ചർച്ച മെല്ലെ  മീരേച്ചിയിലേക്ക്  തിരിഞ്ഞു.

ഒരു വിളറിയ ചിരിയും ചിരിച്ചു എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു മീരേച്ചി അവിടെ  നിന്നൊഴിഞ്ഞു…  

പിന്നെയും ചർച്ചയും വർത്തമാനങ്ങളും  കഴിഞ്ഞു ഒരുപാടു വൈകി ആണ് ഞാൻ റൂമിലെത്തുന്നത്.

മേശയിൽ തല വെച്ചിരുന്നു ഏങ്ങലടിച്ചു കരയുന്ന മീരേച്ചിയെ ആണ് ഞാൻ കാണുന്നത്..സമാധാനിപ്പിക്കലിനും, ആശ്വസിപ്പിക്കലിനും അവസാനം ടീച്ചർ മനസ്സു തുറന്നു…

ആറു വർഷമായി അവർ വിവാഹിതരായിട്ടു, കുഞ്ഞുങ്ങളില്ല….ചെയ്യാത്ത ചികിത്സയില്ല..നേരാത്ത വഴിപാടും, നേർച്ചകളുമില്ല..മ-ച്ചി എന്ന വിളി സഹിക്കാതെയാണ്  ട്രാൻസ്ഫർ വാങ്ങി നാട്ടിൽ  നിന്നു പോന്നത്..

മ-ച്ചി തൊട്ടാൽ ദോഷം എന്നു പറഞ്ഞു സ്വന്തം ആങ്ങളയുടെ കുഞ്ഞിനെയൊന്നു  ഓമനിക്കാൻ പോലും സമ്മതിക്കാതിരുന്നപ്പോഴാണ് മോളെ ഞാൻ തകർന്നു പോയത്…ദോഷം എന്നു പറഞ്ഞു അധിക്ഷേപിക്കുന്നവർക്കറിയുമോ. ഒരു കുഞ്ഞിനെ ഓമനിക്കാൻ വെമ്പുന്ന ഞങ്ങടെ മനസ്സു, മു-ലയൂട്ടാൻ വെമ്പി ശ്വാസം  മുട്ടി പുകയുന്ന  മാ-റിടങ്ങളുടെ പിടച്ചിൽ…ഓരോമാസവും പ്രതീക്ഷകളെ തെറ്റിച്ചു ചുവപ്പടയാളം കാണുമ്പോൾ ചിലപ്പോൾ മനസ്സിന്റെ താളം തന്നെ തെറ്റിപ്പോകും . എല്ലാത്തിൽ നിന്നും ഉള്ള ഒളിച്ചോട്ടമായിരുന്നു  ഈ ട്രാൻസ്ഫർ. പെട്ടന്നാ ചർച്ചയിൽ പെട്ടപ്പോൾ..സാരല്ല..എല്ലാം ഓരോ വിധിയല്ലേ..

എല്ലാം ശെരിയാകുമെന്നു ആശ്വസിപ്പിക്കാനല്ലാതെ വേറൊന്നിനും എനിക്ക് കഴിയില്ലല്ലോ… 

മീരേച്ചി കണ്ണു തുടച്ചു എനിക്കൊപ്പം താഴെക്ക് ഭക്ഷണം കഴിക്കാൻ  വന്നു…ഉള്ളിൽ ഒഴുകുന്ന  സങ്കട കടലും മറച്ചു മീരേച്ചി പിന്നീട് എനിക്കെല്ലാം എല്ലാമായി..കൂട്ടുകാരിയായി, ചേച്ചിയായി, ടീച്ചറായി,  അമ്മയായി അങ്ങനെ എല്ലാം..

ഒരു വർഷം ആയപ്പോഴേക്കും വിവാഹം കഴിഞ്ഞു ഞാൻ ശ്രീയേട്ടനൊപ്പം  ഡൽഹിയിലെത്തി…എങ്കിലും ഫോണിലൂടെ ആ ബന്ധം തുടർന്നു.

മോനെ ഗർഭിണി ആയി ബെഡ് റെസ്റ്റും പറഞ്ഞു  നാട്ടിലെത്തുമ്പോൾ ടീച്ചർ എന്നും ഉപദേശങ്ങളുമായി വിളിക്കുമായിരുന്നു..ശ്രദ്ധിക്കണം..സൂക്ഷിക്കണം. പ്രസവിച്ചു 90 ആയിട്ടും മോനെ കാണാൻ വരാതിരുന്ന ടീച്ചറുടെ മനസ്സു ആരെക്കാളും എനിക്കറിയാമായിരുന്നു..

ടീച്ചറു വന്നു എന്റെ മോനെ കണ്ടില്ലെങ്കിൽ ഞാൻ അങ്ങോട്ടു വരുവേ എന്നു പറഞ്ഞപ്പോ..ഞാൻ വരാം ലച്ചു എന്നു ഇടറിയ ശബ്ദത്തോടെ പറഞ്ഞതു ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്…  

ആ ഞായറാഴ്ച തന്നെ ടീച്ചറും, മാഷുമെത്തി…എന്റെ മോനു ഒരുപാടു സമ്മാനങ്ങളുമായി…കൊണ്ട് വന്ന സമ്മാനങ്ങളൊക്കെ അമ്മയുടെ കൈയിൽ കൊടുത്തിട്ടു മാറി നിന്ന ടീച്ചറുടെ കൈകളിലേക്ക് ഞാൻ തന്നെയാണ് മോനെ വെച്ചു കൊടുത്തതു.. 

എന്റെ മോനെയൊന്നു എടുക്കു ടീച്ചറെ എന്നു പറഞ്ഞു അവനെ ആ മടിയിലേക്ക് വെച്ചു കൊടുക്കുമ്പോൾ മാഷിന്റ കണ്ണുകളും  നിറയുന്നുണ്ടായിരുന്നു..

ആരെന്തു ദോഷമെന്നു പറഞ്ഞാലും എനിക്കുറപ്പായിരുന്നു…മനസ്സും, കണ്ണും നിറഞ്ഞു എന്റെ ടീച്ചറും, മാഷും അനുഗ്രഹിച്ചപോലെ, സ്നേഹിച്ച പോലൊരു പുണ്യവും  ലോകത്തു വേറെവിടെ നിന്നും എന്റ ഉണ്ണിക്കു കിട്ടില്ലെന്ന്‌..

കാലങ്ങൾ കടന്നു പോയി…

പ്രാർഥനക്കും, കാത്തിരിപ്പിനുമൊടുവിൽ മീര ടീച്ചർ ഗർഭിണി ആണെന്ന വാർത്ത എന്റെ ചെവിയിലെത്തി…ലോങ്ങ്‌ ലീവെടുത്തു ടീച്ചർ റെസ്റ്റിലായി. ഇടയ്ക്കു ഒന്നു രണ്ടുവട്ടം ഞാൻ കാണാനും പോയിരുന്നു..അങ്ങനെ ഒരു പോക്കിലാണ് എട്ടാം മാസത്തിൽ ആണെന്ന് തോന്നുന്നു വലത്തേ ബ്രേ-സ്റ്റിലെ ഒരു തടിപ്പിനെ പറ്റി ടീച്ചർ സൂചിപ്പിക്കുന്നതു…

ഗർഭകാലത്തു അതു സാദാരണമാണെങ്കിലും  ഡോക്ടറോട് ഒന്നു  സൂചിപ്പിക്കാൻ  ഞാനും പറഞ്ഞു..

പിന്നീട് വേറെ ചില തിരക്കുകൾ കാരണം ഞാനും അതു മറന്നു. ആഴ്ചകൾക്കു ശേഷം വിശേഷങ്ങളറിയാൻ  ടീച്ചറുടെ നമ്പറിലേക്കു വിളിച്ചപ്പോഴാണ് ടീച്ചർ പ്രസവിച്ചെന്നും, മോളാണെന്നും മാഷ് പറഞ്ഞത്…ഒപ്പം നടുക്കുന്ന ഒരു വാർത്ത കൂടെ ഞാനറിഞ്ഞു ബ്രേ-സ്റ്റ് ക്യാൻസർ ആണെന്നും, അതു അഡ്വാൻസ്ഡ് സ്റ്റേജിലെത്തിയത്  കൊണ്ട് ബ്രേ-സ്റ്റ് നീക്കം ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നും…

ഫോൺ കട്ട് ചെയ്തു എത്ര നേരം കരഞ്ഞുവെന്നു എനിക്ക് തന്നെ അറിയില്ല..ഒടുവിൽ ധൈര്യം സംഭരിച്ചു ടീച്ചറെ കാണാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ മരണവീടിനു  തുല്യമായിരുന്നു അവിടെ..

ഒരുപാടുകാലത്തെ കാത്തിരിപ്പിന്റെ ഫലമായ കൺമണിയുടെ വരവിൽ സന്തോഷിക്കാൻ പോലുമാകാതെ മാഷും, ടീച്ചറും…മക്കളുടെ ദുർവിധിയിൽ മനസ്സു തകർന്ന മാതാപിതാക്കളും, സഹോദരങ്ങളും…

മു-ലപ്പാൽ ലഭിക്കാതെ..ലാക്ടോജൻ ടിന്നുകളിൽ മനസ്സും, വയറും  നിറയാതെ നിർത്താതെ കരഞ്ഞു കൊണ്ട് ആ പിഞ്ചു കുഞ്ഞു..ആകെ മരവിപ്പിക്കുന്ന തണുപ്പ് ആയിരുന്നു അവിടെ ..

പതുക്കെ ഞാൻ ടീച്ചറുടെ ബെഡിനരികെ ഇരുന്നു..

എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..

ലച്ചു…ടീച്ചർ പതുക്കെ ശ്രമപ്പെട്ടു വിളിച്ചു..

കരച്ചിലടക്കാൻ പാടുപെട്ടു കൊണ്ട് ഞാൻ ടീച്ചറെ നോക്കി.

എന്റെ മോളെ കണ്ടോ നീ..കണ്ണു നിറച്ചു കൊണ്ട് ടീച്ചർ ചോദിച്ചു..

അമ്മയെ കാണാതെ..പാലുകുടിക്കാതെ കരയുന്നുണ്ടോ ന്റെമോള്..

ഞാൻ ടീച്ചറുടെ കൈകളിൽ മുറുകെ പിടിച്ചു..

പാപിയാ ഞാൻ..ചു-രത്തുന്ന പാലെന്റെ കുഞ്ഞിന് കൊടുക്കാനാകാതെ പി-ഴിഞ്ഞു കളഞ്ഞും..ടാബ്ലറ്റ്  കഴിച്ചു വറ്റിച്ചും കളയേണ്ടി വരുന്നൊരു പാപി..

എല്ലാവരും പരാതി പറയാറില്ലേ..ഇടയ്ക്കിടെ  കുഞ്ഞു ഉണർന്നു മു-ല കുടിക്കുമ്പോൾ നഷ്ടപെടുന്ന ഉറക്കത്തെ പറ്റി..ഇപ്പൊ മരുന്നിന്റെ സെഡേഷനിൽ ബോധം കെട്ടു ഉറങ്ങി പോകുമ്പോൾ എനിക്ക് കൊതിയാ മോളെ..എന്റെ കുഞ്ഞിന് വേണ്ടി ഉറങ്ങാതിരുന്നു മു-ല ചുരത്താൻ…അവളുടെ ദാഹം തീർക്കാൻ..

പറയാറില്ലേ കുഞ്ഞു കടിച്ചു മു-ലക്കണ്ണുകളിൽ  ഉണ്ടാകുന്ന മുറിവിനെ പറ്റി..ഇപ്പൊ എനിക്കെന്തു കൊതിയാണെന്നോ കാൻസർ തുരന്ന മാ-റിടങ്ങൾ നീക്കുന്നതിന് മുന്നേ എന്റെ മോളുടെ കുഞ്ഞരിപ്പല്ലുകളുടെ കടി കൊണ്ട് ഉണ്ടായ മുറിവുകളിലെ നീറ്റൽ അനുഭവിക്കാൻ..

കൊതിയാണ് മോളെ നിങ്ങളൊക്കെ പറയുന്ന പൊതു സ്ഥലങ്ങളിൽ മു-ലയൂട്ടമ്പോഴുള്ള  ആ തുറിച്ചു നോട്ടമൊന്നു അനുഭവിക്കാൻ..എല്ലാവരു സങ്കടപ്പെടുന്ന, മു-ലയൂട്ടിയതു കൊണ്ടു ഇടിഞ്ഞു പോയെന്നു പരാതിപ്പെടാറുള്ള ഇടിഞ്ഞു തൂങ്ങിയ മാ-റിടങ്ങളില്ലേ..അതെന്റെ സ്വപ്നമാണ് മോളെ ഇപ്പൊ…

ബയോളജി ക്ലാസ്സുകളിൽ മു-ലപ്പാലിന്റെ ഗുണഗണങ്ങളെ പറ്റിയും, അതു കുഞ്ഞിന് എത്രത്തോളം ആവശ്യമാണെന്നും  ക്ലാസ്സെടുക്കുന്ന  ഞാനെൻറെ കുഞ്ഞിന്റെ മുന്നിൽ നിരത്തിയിരിക്കുന്ന  ലാക്ടോജൻ ടിന്നുകൾ കണ്ടില്ലേ നീ..

ഇതിനു മാത്രം എന്തു തെറ്റാ  മോളെ ഞാൻ ചെയ്തത്..

ആശ്വസിപ്പിക്കാൻ വാക്കുകൾക്കായി വിമ്മിഷ്ട്ടപെട്ടു കൊണ്ടു ഞാൻ ടീച്ചറുടെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു..

ഒടുവിൽ പെയിൻ കില്ലറിന്റെ സെഡേഷനിൽ  പാവം മയങ്ങുമ്പോൾ റൂമിൽ നിന്നിറങ്ങി വരാന്തയിലൂടെ  നടന്നു നീങ്ങുമ്പോൾ മനസ്സു നിറയെ കുറ്റബോധമായിരുന്നു. രാത്രികളിൽ നഷ്ടപെട്ട ഉറക്കത്തെ കൂട്ടു പിടിച്ചു  ഒരു വയസ്സുപോലും തികയും  മുൻപേ എന്റെ മോനു നിഷേധിച്ച അമ്മിഞ്ഞപാലിന്റെ മാധുര്യത്തെ  പറ്റിയോർത്തു…നിഷേധിക്കാൻ ഞാനാര്…സത്യത്തിൽ മു-ലപ്പാൽ…അതു എന്റെ കുഞ്ഞിന്റെ അവകാശമായിരുന്നില്ലേ..എന്റെ
ഔദാര്യമായിരുന്നില്ലല്ലോ..

അതേ.. “മു-ലപ്പാൽ കുഞ്ഞിന്റെ അവകാശമാണ്..അതു നിഷേധിക്കാൻ നമുക്കൊരു അവകാശവും ഇല്ല… “

വൈകാതെ ടീച്ചർ മരിച്ചു…കുഞ്ഞുമായി മാഷ് ഇപ്പോഴും ടീച്ചറുടെ ഓർമകളിൽ  ജീവിക്കുന്നു..

ഓർമകളിൽ നിന്നു തിരിച്ചുവന്നപ്പോഴും മനസ്സു മുഴുവൻ വല്ലാത്തൊരു ഭാരമായിരുന്നു…ഇല്ല ഇതേപ്പറ്റി..മു-ലപ്പാലിന്റെ മഹത്വത്തെ പറ്റി എഴുതാൻ എനിക്ക് അർഹതയില്ല..അതാണ് എഴുതാൻ അനുവദിക്കാതെ  വാചകങ്ങൾ മുറിഞ്ഞു പോകുന്നതെന്ന തിരിച്ചറിവോടെ ഞാൻ ബെഡിൽ തലയിണയും ചേർത്തു പിടിച്ചുറങ്ങുന്ന ഉണ്ണിയുടെ അരികിൽ വന്നു കിടന്നു…ആ ഉറക്കത്തിൽ പോലും അവന്റെ ചുണ്ടുകൾ  നഷ്ട്ടപ്പെട്ട, നിഷേധിക്കപ്പെട്ട എന്തിനോ വേണ്ടി എന്ന പോലെ നുണയുന്നുണ്ടായിരുന്നു…..

~Aswathy Joy Arakkal