നിറവയറുമായി നടക്കുന്ന അവളെ കണ്ടുകൊണ്ടാണ് ഓഫീസിലേക്ക് ഇറങ്ങിയത് തന്നെ…

Story written by Ezra Pound

==========

നിറവയറുമായി നടക്കുന്ന അവളെ കണ്ടുകൊണ്ടാണ് ഓഫീസിലേക്ക് ഇറങ്ങിയത് തന്നെ.

പാവം..പഴയപോലെ വയ്യാണ്ടായി ഇപ്പൊ. ഒന്ന് രണ്ടീസം ലീവെടുത്ത്‌ എന്റെ കാര്യങ്ങളൊക്കെ നോക്കി ഇവിടിരുന്നൂടെ എന്ന് ചോദിക്കാതെ ചോദിക്കുന്നുണ്ടായിരുന്നു ആ കണ്ണുകൾ.

വന്ന് കേറിയ നാൾ തൊട്ടിന്നേ വരെ എന്നെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിച്ചിട്ടില്ല. അവളുടേതായ ഒരാവശ്യവും എന്നോടു പറയാറില്ലെന്നതാണ് സത്യം.

ഞാനോട്ട് ചോദിക്കാനും മെനക്കെട്ടിട്ടില്ല. അല്ലെങ്കിലും എന്തിനു ചോദിക്കണം. അവൾക്ക്‌ കഴിക്കാനുള്ള ഭക്ഷണവും കിടക്കാനൊരിടവും കൊടുക്കുന്നില്ലെ.

ഒരു പണിയുമെടുക്കാതെ തിന്നും കുടിച്ചും കിടന്നുറങ്ങുന്നവരോട്‌ അത്രയെങ്കിലും ചെയ്യുന്നത് തന്നെ വല്യ കാര്യമാണ്.

ആദ്യം മുതൽക്കേ അമ്മക്കൊട്ടും ഇഷ്ടല്ലാരുന്നു..എന്റെ വാശിക്ക് മുമ്പിൽ മറുത്തൊന്നും പറയുന്നില്ലാന്നേയുള്ളൂ. എന്നാലും തരംകിട്ടുമ്പോഴൊക്കെ അവളെ ഉപദ്രവിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. അമ്മയായതോണ്ട് ക്ഷമിക്കുന്നതാ.

ഒരിക്കൽ അവളെ തല്ലാൻ ഓടിക്കുന്നതിനിടയിൽ തെന്നി വീണ്‌ കാലൊടിഞ്ഞു..അവളുടേതല്ല അമ്മയുടെ.

ഒന്നുരണ്ടുമാസം ഒടിഞ്ഞ കാലുമായിട്ടാരുന്നു നടപ്പ്..അന്നത്തോടെ അമ്മക്കവളോടുള്ള ദേഷ്യം ഒന്നൂടെ കൂടിയെന്നു പറയാം. പലപ്പോഴും അവളെക്കുറിച്ച് വേണ്ടാത്ത ഓരോന്ന് പറയുമ്പോ സങ്കടവും ദേഷ്യവുമൊക്കെ തോന്നീട്ടുണ്ടെങ്കിലും പുറത്തു കാണിച്ചീല. അമ്മയായിപ്പോയില്ലേ.

നിനക്കിവളുമായുള്ള ബന്ധം ഉപേക്ഷിച്ചൂടെന്നും ഇതിനെക്കാൾ നല്ലത്‌ വേറെ കിട്ടുമെന്നൊക്കെ പലരും പറഞ്ഞപ്പോഴും എന്തുകൊണ്ടോ അങ്ങനെ ചെയ്യാൻ തോന്നിയില്ല. ഈ വീടു വിട്ടവൾ ഇനിയെങ്ങോട്ട് പോകാനാ. അവൾക്കു കൂടി അവകാശപ്പെട്ടതാണിവിടം. ആരെതിർത്താലും.

ഉച്ച മയക്കത്തിനിടെയാണ് മൊബൈൽ റിംഗ് ചെയ്തെ. അമ്മയാണ്..പെട്ടെന്നിങ് വാടാ ന്നും പറഞ് കാൾ കട്ട് ചെയ്യുകേം ചെയ്തു.

ദൈവമെ..ഇനി അവൾക്കെന്തെലും സംഭവിച്ചോ. വീടെത്തുന്ന വരേം മനസ്സിലാ ഒരൊറ്റ ചിന്തയെ ഉണ്ടാരുന്നുള്ളു.

ലീവെടുത്താ മതിയാരുന്നു. ആരും നോക്കാനില്ലാതെ  ഒരു ഗർഭിണിയെ വീട്ടിൽ തനിച്ചാക്കീട്ട്. അമ്മയാണേൽ ഒന്നു കാറിക്കരഞ്ഞാൽ പോലും തിരിഞു നോക്കുകയുമില്ല. ആലോചിക്കുന്തോറും മനസ്സിലാധി കയറി.

ഒരു കണക്കിനു വീടെത്തിയപ്പോഴേക്കും അമ്മയുണ്ട് വാതില്ക്കൽ തന്നെ നിക്കുന്നു. അവളെവിടെയെന്ന് ചോദിച്ചപ്പോൾ മുഖം വീർപ്പിച്ചൊണ്ട് അകത്തെ മുറിയിലേക്ക് വിരൽചൂണ്ടി.

ഹാവൂ ഭാഗ്യം..പേടിച്ചപോലൊന്നും സംഭവിച്ചില്ല. അമ്മയലക്കാൻ പോയ തക്കം നോക്കി അകത്തേക്കു കയറിയതാവണം. വിരുന്നു കാരൊക്കെ വരുമ്പൊ വിരിക്കാനുപയോഗിക്കുന്ന ഒന്നു രണ്ടു കിടക്കകൾ മടക്കി വെച്ചതിരിപ്പുണ്ടാരുന്നു മുറിയിൽ. അവിടെയായിരുന്നവളുടെ ലേബർ റൂം. ചുമ്മാതല്ല അമ്മയുടെ മുഖം വീർത്തിരുന്നത്..

നല്ല തങ്കക്കുടം പോലത്തെ മൂന്നു കുഞ്ഞുങ്ങൾ.. ആരുടെതാണാവോ. അതിലൊന്നിന്റെ മുഖം കണ്ടിട്ട് ഇയടുത്ത കാലത്തവളുമായി കൂട്ടായ കണ്ടൻ പൂച്ചയുടേത് പോലെ തോന്നി. ഗർഭിണിയാണെന്നറിഞ്ഞപ്പോ കടന്ന് കളഞ്ഞതാവണം..കശ്മലൻ.

ഭാര്യ പ്രസവത്തിനവളുടെ വീട്ടിൽ പോയതോണ്ടിനി ഈ പെണ്ണിന്റെ കാര്യം ഞാൻ തന്നെ നോക്കണം. ഒരുകാര്യത്തിൽ ആശ്വസിക്കാം..മുമ്പൊരു എഴുത്തിൽ സൂചിപ്പിച്ചത് പോലെ പ്രസവ ശുശ്രൂഷയുടെ പേരും പറഞ്ഞോണ്ട് തിളച്ച വെള്ളത്തിൽ പുഴുങ്ങിയും മഞ്ഞൾ പുരട്ടിയുമൊന്നും എടുക്കേണ്ടല്ലോ. എങ്ങനേലും വളർന്നോളും.

ഇനി കുറച്ച് ബുദ്ധിമുട്ടിയാലും സാരോല്ലന്നെ..കുഴപ്പൊന്നുല്ലാണ്ട് രണ്ടും രണ്ടു വഴിക്കായില്ലെ..അതുമതി.