പുറകെ നിന്ന് വിളിക്കുന്ന മീനുവിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ നടത്തത്തിന്റെ വേഗത കൂട്ടി…

ചെകുത്താൻ….

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

==============

” എടൊ ചെ-കുത്താനെ ഒന്ന് നിൽക്കടോ…”

പുറകെ നിന്ന് വിളിക്കുന്ന മീനുവിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ നടത്തത്തിന്റെ വേഗത കൂട്ടി…

” ഒന്ന് നിൽക്ക് മനുഷ്യാ…”

അത് പറഞ്ഞവൾ ഒന്ന് രണ്ട് ചുവട് ഓടി അയാൾക്കൊപ്പം എത്തി…

” ആ പഴഞ്ചൻ ബുള്ളറ്റ് നിങ്ങൾ വിറ്റോ, കാണാൻ ഇല്ലാലോ അല്ലെ എപ്പോഴും അതിന്റെ മുകളിൽ അണല്ലോ…”

മീനു അത്രയൊക്കെ പറഞ്ഞിട്ടും അയാൾ ഒന്നും മിണ്ടാതെ വേഗത്തിൽ നടന്നതെയുള്ളൂ…

” ഹോ ഇങ്ങേരുടെ അണ്ണാക്കിൽ ഇതെന്താ…”

വേഗത്തിൽ നടന്ന് പോകുന്ന അയാൾക്കൊപ്പം വീണ്ടും രണ്ട് ചുവട് ഓടി എത്തിക്കൊണ്ട് മീനു ചോദിക്കുമ്പോഴും അയാളിൽ മൗനം മാത്രമായിരുന്നു…

വീട്ടിലേക്കുള്ള വഴിയിലേക്ക് അയാൾ തിരിയുമ്പോൾ അവൾ ഒരു നിമിഷം അയാളെയും നോക്കി അവിടെ തന്നെ നിന്നു. കുറച്ച് മുന്നോട്ട് നടന്ന് അയാൾ തിരിഞ്ഞു നോക്കുമ്പോൾ അപ്പോഴും മീനു അവിടെ തന്നെ നിൽപ്പുണ്ട്, അയാളുടെ ആ നോട്ടത്തിൽ ഒന്ന് ചിരിച്ചുകൊണ്ട് അവൾ വീട്ടിലേക്ക് നടകുമ്പോൾ ചിരിയ്ക്കാൻ മറന്ന് പോയ അയാളുടെ മുഖത്തും ഒരു ചിരി വിരിഞ്ഞു.

എന്തിനാണ് അയാളെ ചെ-കുത്താൻ എന്ന് വിളിക്കുന്നത് അയാൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല, കുഞ്ഞു നാളിലെ അമ്മ നഷ്ടപ്പെട്ട അയാളെ വളർത്തിയിരുന്നത് ചുമട്ടു തൊഴിലാളിയായ അച്ഛൻ ആയിരുന്നു. തൊഴിലാളി സംഘടനയും ആയിയുള്ള സഘർഷത്തിൽ അയാളുടെ അച്ഛൻ കു-ത്തേറ്റ് മ-രിക്കുമ്പോൾ അയാൾ ഈ ലോകത്ത് തീർത്തും അനാഥൻ ആകുകയായിരുന്നു..

അച്ഛന്റെ ചിത കത്തി അമരും മുൻപേ തന്റെ അച്ഛനെ കൊന്നവന്റെ പ-ള്ളയ്ക്ക് ക-ത്തി കയറ്റുമ്പോൾ അവന് പ്രായം പതിനെട്ട് കടന്നതെ ഉണ്ടായിരുന്നുള്ളു. കേസും കോടതിയും ജയിലുമായി വർഷങ്ങൾ കഴിഞ്ഞ് അയാൾ പുറത്ത് ഇറങ്ങുമ്പോൾ അയാളുടെ മനസ്സ് ആകെ മുരടിച്ചിരുന്നു, ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ അയാൾ ചിരിക്കാൻ പോലും മറന്നിരുന്നു എന്നതാണ് സത്യം….

തിരികെ നാട്ടിൽ എത്തുമ്പോൾ

” ആ ചെ-കുത്താൻ തിരികെ വന്നല്ലോ…” എന്ന് ആരുടെയോ നാക്കിൽ നിന്നാണ് അയാൾക്ക് ചെ-കുത്താൻ എന്ന പേര് വീണത്, പിന്നെയത് എല്ലാവരും ഏറ്റുപിടിച്ച് അയാൾ ആ നാട്ടിലെ ചെ-കുത്താൻ ആകുമ്പോൾ സ്വന്തം പേര് അയാൾ പോലും മറന്നിരുന്നു. നാട്ടിൽ തിരികെ വന്ന അയാൾക്ക് അച്ഛന്റെ തൊഴിലാളി സംഘടനയിൽ തന്നെ ജോലി കിട്ടി എന്നത് ഒഴിച്ചാൽ ആ നാട്ടിൽ മറ്റൊരാളിൽ നിന്നും ഒരു സഹായം പോലും ലഭിച്ചിരുന്നില്ല…..

ആ പഴയ വീട്ടിൽ അയാൾ തനിച്ചായിരുന്നു താമസം, ഒറ്റപ്പെടൽ മനസ്സിനെ വല്ലാതെ തളർത്തുമ്പോൾ വീടിന് അൽപ്പം മാറിയുള്ള ചെറിയ നദിക്കരയിലുള്ള പാറകെട്ടിൽ ആയിരുന്നു പലപ്പോഴും അയാൾ പോയി ഇരുന്നത്. പാറയിൽ വീണ് ചിതറി ഒഴുകുന്ന വെള്ളവും നോക്കി പല രാത്രി വെളുക്കുന്നത് വരെ അയാൾ അവിടെ ഇരിക്കുമായിരുന്നു….

മീനു,,,അവൾ അയാളുടെ അയൽവാസി ആണെന്നതിൽ ഉപരി അയാളോട് സ്നേഹത്തോടെ, ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഒരേയൊരു വ്യക്തി അവൾ മാത്രമാണ്‌. അവൾ അയാളോട് അടുപ്പം കാണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ പലപ്പോഴും ഒഴിഞ്ഞു മാറി നടന്നതെയുള്ളൂ,…

പതിവുപോലെ ഒരു ദിവസം രാവിലെ ബുള്ളറ്റുമായി അങ്ങാടിയിൽ എത്തുമ്പോൾ ആണ് ജമാലിന്റെ ചായ കടയിൽ നിന്ന് ആ വാർത്ത അയാൾ കേൾക്കുന്നത്…

“അറിഞ്ഞോ നമ്മുടെ രമേശന്റെ മോളെ ഇന്നലെ ആരൊക്കെയോ ചേർന്ന്……”

കടയിൽ നിന്ന് ചായ കുടിക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് ആരോ അത് പറഞ്ഞു തീരും മുന്നേ അയാൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു, അതിന്റെ കാതടപ്പിക്കുന്ന ശബ്ദം കൊണ്ട് പിന്നെ അവിടെയുള്ള സംസാരം അയാൾ കേട്ടിരുന്നില്ല. ബുള്ളറ്റുമായി എങ്ങോട്ടെന്നില്ലാതെ അൽപ്പ ദൂരം മുന്നോട്ട് പോയ ശേഷമാണ് അയാൾ വണ്ടി നിർത്തിയത്. രമേശന്റെ മോൾ,, മീനു,,,,, അവളെ ആരാ … അത് മനസ്സിൽ ആലോചിക്കും മുമ്പേ അയാളുടെ കണ്ണ് ദേഷ്യം കൊണ്ട് ചുവക്കുന്നതിനൊപ്പം, സങ്കടം കൊണ്ട് നിറഞ്ഞൊഴുകുകയും ചെയ്‌തു….

അപ്പോഴാണ് അയാളെ മറികടന്ന് ഒന്ന് രണ്ട് പോലീസ് ജീപ്പും അതിന് പുറകെയാണ് ചാനലുകരുടെയും വണ്ടി ചീറി പാഞ്ഞു പോയത്, ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷമാണ് അയാൾ വണ്ടിയുമായി അവർക്ക് പിന്നാലെ പോയത്. ആ വാഹനങ്ങൾ മീനുവിന്റെ വീടിനു മുമ്പിൽ എത്തുമ്പോഴേക്കും അവിടെ നിറയെ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു….

റോഡ് സൈഡിൽ ബുള്ളറ്റ് നിർത്തി അയാൾ ഇറങ്ങുമ്പോഴേക്കും പോലീസ് ജീപ്പിൽ നിന്ന് കയ്യാമം വച്ച രണ്ടുപേരെ പോലീസ് പുറത്തേക്ക് ഇറക്കി, മൂക്കിന് വിരലും വച്ച് എല്ലാവരും ആ പൊടി മീശയുള്ള പിള്ളേരെ നോക്കി നിന്നു…

“ആ കൊച്ചു ട്യൂഷൻ എടുത്തു കൊണ്ടിരുന്ന പിള്ളേർ ആണെന്നെ, ഇന്നലെ അതിന്റെ അച്ഛനും അമ്മയും വരാൻ വൈകിയത് കൊണ്ട് ആ കൊച്ചിന് വീട്ടിൽ കൂട്ടിരുന്നതാ….”

” ഇതൊക്കെ വല്ല ക-ഞ്ചാവും ആയിരിക്കും കണ്ടില്ലേ മുടിയും വെട്ടാതെ നടക്കുന്നത്, ഓരോ കോലങ്ങൾ….”

അവിടെ കൂടി നിന്നവർ പിറുപിറുക്കുന്നത് അയാളും കേട്ടിരുന്നു…

” പീ-ഡനത്തിന് ഇരയായ കുട്ടി ഇപ്പോഴും ആശുപത്രിയിൽ അഡ്മിറ്റാണ്, ഇരയുടെ കൂടി മൊഴി എടുത്ത ശേഷമേ പോലീസ് ഒരു നിഗമനത്തിൽ എത്തുള്ളു എന്നാണ് നമുക്ക് കിട്ടിയ വിവരം…”

ഏതോ ചാനൽ പ്രവർത്തക പുതിയ ഇരയുടെ വിവരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ നിന്ന് വിവരിക്കുമ്പോഴാണ് മീനു ആശുപത്രിയിൽ ആണെന്ന് അയാളും അറിയുന്നത്. തെളിവെടുപ്പ് കഴിഞ്ഞ് പോലീസ് ആശുപത്രിയിയിലേക്ക് തിരിക്കും മുൻപേ അയാൾ ആശുപത്രിയിയിലേക്ക് തിരിച്ചു….

അയാൾക്ക് പിന്നാലെ തന്നെ പോലീസും മാധ്യമങ്ങളും ആശുപത്രിയിൽ എത്തി കഴിഞ്ഞിരുന്നു. അയാളെ തട്ടിമാറ്റിയാണ് മാധ്യമപ്രവർത്തകർ ക്യാമറയും മൈക്കും കൊണ്ട് ആശുപത്രിയിലേക്ക് ഇടിച്ചു കയറിയത്. മീനു കിടക്കുന്ന മുറിയുടെ പുറത്ത്‌ കൂടി നിന്ന ആൾക്കാർക്ക് ഇടയിലായി ആ മുഖം ഒന്ന് കാണാൻ അയാളും നിന്നു…

ജന്നൽ പാളിയിൽ ഇട്ടിരിക്കുന്ന കർട്ടന്റെ ഇടയിൽ കൂടി മീനുവിനെ മുഖം അയാളും കണ്ടു. നെറ്റിയിലെ മുറിവ് ഡ്രെസ്സ് ചെയ്തിരിക്കുന്നു, മുഖത്ത് അങ്ങിങ്ങായി ഉള്ള ചെറിയ മുറിവിൽ രക്തം പൊടിഞ്ഞിരിക്കുന്നു. പൊട്ടിയ കീഴ് ചുണ്ട് തടിച്ച് വീർത്തിരിക്കുന്നു, പോലീസിന്റെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ മറുപടി പറയുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും, കണ്ണുനീർ ഷാൾ കൊണ്ട് തുടയ്ക്കുന്നതും അയാൾ കണ്ടു…

” ഇവർക്കൊക്കെ രണ്ട് ദിവസം കച്ചവടം ചെയ്യാൻ ഒരു ഇരയെ കിട്ടി, ആൾക്കാർക്ക് പുതിയ ഹാഷ് ടാഗ് ഇടാൻ ഒരു മുഖവും, ഇതോകെ കണ്ട് മടുത്ത് ആ പെണ്ണ് കടുംകൈ ഒന്നും ചെയ്യാതെ ഇരുന്നാൽ മതിയായിരുന്നു…”

കൂട്ടം കൂടി നേഴ്‌സുമാർ അതും പറഞ്ഞ് പോകുമ്പോൾ അയാൾ ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് ഇറങ്ങി….

രണ്ടു ദിവസം കൂടി കഴിഞ്ഞാണ് മീനു ആശുപത്രിയിൽ നിന്ന് വന്നത്. കാറിന്റെ പിൻ സീറ്റിൽ സൈഡ് ഗ്ലാസ്സിൽ മുഖം ചേർത്ത് ഇരിക്കുന്ന മീനുവിനെ അയാളും കണ്ടിരുന്നു. കുട്ടിത്തം മാറാത്ത, എപ്പോഴും ചിരിക്കുന്ന മീനുവിന്റെ മുഖത്ത് എല്ലാ പ്രതീക്ഷയും നഷ്ടപെട്ടവളുടെ നിസ്സഹായാവസ്ഥ ആയിരുന്നു അപ്പോൾ…

പിന്നെയും മൂന്ന് നാല് ദിവസം ആ വീട്ടിൽ ആൾക്കൂട്ടം ആയിരുന്നു, സഹതാപവുമായി വരുന്ന ആൾക്കാർ, അവർക്ക് മുന്നിൽ ഒന്നും മിണ്ടാൻ കഴിയാതെ മീനുവും കുടുംബവും, നാട്ടുകാർ പൊടിപ്പും തൊങ്ങലും ചേർത്ത് പുതിയ പുതിയ കഥകൾ ഉണ്ടാക്കികൊണ്ടേയിരുന്നു….

ഒരു വൈകുന്നേരമാണ് അയാൾ ആ വീട്ടിലേക്ക് ചെന്നത്. ഉമ്മറത്ത് ഇരിക്കുന്ന രമേശൻ ഒന്നും മിണ്ടാതെ ഉള്ളിലെ മുറിയിലേക്ക് നോക്കിയപ്പോൾ അയാൾ വീട്ടിലേക്ക് കയറി. ഉമ്മറത്ത് നിന്ന് ഉള്ളിലേക്ക് കയറി വാതിലിലെ കർട്ടൻ മാറ്റി മുറിയിലേക്ക് എത്തി നോക്കുമ്പോൾ കട്ടിലിൽ ഭിത്തിയും ചാരി ഇരിക്കുകയാണ് മീനു. അവളുടെ കണ്ണുകളിൽ അപ്പോഴും എല്ലാം നഷ്ടപെട്ടവളുടെ നിസ്സഹായതാവസ്ഥ ആയിരുന്നു. കണ്ണ് ചിമ്മാതെ അയാളുടെ മുഖത്തേക്ക് അവൾ നോക്കി ഇരിക്കുമ്പോൾ ഒരുപാട് നേരം അവളുടെ മുഖം നോക്കി നിൽക്കാൻ കഴിയാതെ അയാൾ മുഖം താഴ്ത്തി അവളിൽ നിന്ന് നോട്ടം മാറ്റി നിന്നു…

കുറച്ച് നേരം പരസ്പരം ഒന്നും മിണ്ടാതെ അവിടെ നിന്ന ശേഷമാണ് അയാൾ മുറ്റത്തേക്ക് ഇറങ്ങിയത്. മുറ്റത്ത് ഇറങ്ങുമ്പോൾ വീശിയടിച്ച തണുത്ത കാറ്റിനൊപ്പം മഴ തുള്ളികളും അയാളുടെ മേലേക്ക് പതിച്ചു തുടങ്ങി. പയ്യെ മഴ ശക്തിയാർജിച്ചപ്പോൾ വർഷങ്ങൾക്ക് ശേഷം അയാളുടെ കണ്ണിൽ നിന്ന് ഒഴുകി വന്ന കണ്ണുനീർ ആരും കാണാതെ ആ മഴയിൽ ഒലിച്ചു പോയിരുന്നു…

അന്ന് രാത്രിയോടെയാണ് മഴ ശമിച്ചത്, മഴ കഴിഞ്ഞാണ് അയാൾ നദിക്കരയ്ക്കുള്ള പാറപ്പുറത്ത് പോയി ഇരുന്നത്, മഴ പെയ്തത് കൊണ്ട് തന്നെ നദിയിൽ വെള്ളവും കൂടുതൽ ആയിരുന്നു, പാറപ്പുറത്ത് ശക്തമായി വെള്ളം വീണ് തെറിയുക്കുന്ന ശബ്ദത്തിനൊപ്പമാണ് ആരോ നദിയിലേക്ക് ചാടുന്നത് പോലെ അയാൾക്ക് തോന്നിയത്. കുത്തി ഒലിച്ചു പോകുന്ന വെള്ളത്തിനൊപ്പം ഒരാളുടെ രൂപം മിന്നായം പോലെ കണ്ടപ്പോഴാണ് അയാളും നദിയിലേക്ക് എടുത്ത് ചാടിയത്…

വെള്ളത്തിൽ മുങ്ങി താഴ്ന്ന ആളിന്റെ മുടിയിൽ കുത്തിപ്പിടിച്ച് കരയിലേക്ക് വലിച്ചിട്ട ശേഷമാണ് ആളിന്റെ മുഖം അയാൾ കണ്ടത്…

” മീനു…..നി……”

തറയിൽ കിടക്കുന്ന ആളിനെ കണ്ടപ്പോൾ അയാൾ അറിയാതെ ആ പേര് ഉച്ചരിച്ചു. ഒന്ന് രണ്ട് തവണ ചുമച്ച് പുറത്തേക്ക് തുപ്പി കൊണ്ട് മീനു വീണ്ടും എഴുന്നേറ്റ് നിന്നു….

” എന്തിനാ എന്നെ രക്ഷിച്ചേ… എനിക്ക് മരിക്കണം….”

അവൾ അയാളെ തട്ടി മാറ്റിക്കൊണ്ട് വീണ്ടും പാറയുടെ മുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ അയാൾ അവളെ താഴേക്ക് പിടിച്ച് വലിച്ചു. വീണ്ടും അയാളെ തട്ടി മാറ്റി അവൾ പാറയുടെ മുകളിലേക്ക് കയറാൻ മുതിരുമ്പോഴാണ് വീണ്ടും അവളെ പിടിച്ചു മറ്റുന്നതിനൊപ്പം അയാളുടെ കൈ അവളുടെ കവിളിൽ പതിഞ്ഞതും, അവളെ പിടിച്ചു നെഞ്ചിലേക്ക് ചേർത്ത് വച്ചതും ഒരേ സമയത്ത് ആയിരുന്നു….

ഒന്നും മിണ്ടാതെ മീനു അയാളുടെ നെഞ്ചിൽ തലചായ്ച്ച് നിൽക്കുന്നതിനൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു. ആ തേങ്ങൽ പൊട്ടിക്കരച്ചിൽ ആകുകയും വീണ്ടും ചെറിയ തേങ്ങലിലേക്ക് എത്തുകയും ചെയ്യുന്നത് വരെ ഒന്നും മിണ്ടാതെ അയാൾ അവളെ നെഞ്ചിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു കൊണ്ട് നിന്നിരുന്നു….

” നിനക്ക് ഈ ചെ-കുത്താനൊപ്പം ജീവിക്കാൻ പറ്റുമോ…”

അവളുടെ തേങ്ങൽ ശമിച്ചപ്പോഴാണ് അയാൾ അത് ചോദിച്ചത്….

” ഞാൻ…. ഞാൻ പി–ഴ-ച്ചവൾ അല്ലേ…. എന്നെ…എന്നെയെങ്ങനെ…..”

വാക്കുകൾ പൂർത്തിയക്കാൻ കഴിയാതെ അത് പറഞ്ഞവൾ അയാളിൽ നിന്ന് അകന്ന് മാറി തല കുനിച്ചു നിന്നു….

” ഞാൻ ചോദിച്ചത് നിനക്ക് എനിക്കൊപ്പം ജീവിക്കാൻ പറ്റുമോ എന്നാണ്….”

അവളുടെ ഇരു തോളുകളിലും കൈകൾ വച്ച് അയാൾ വീണ്ടും ചോദിച്ചു. മീനു ഒന്നും മിണ്ടാതെ തല ഉയർത്തി അയാളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. ഒരു നൂറുവട്ടം സമ്മതമാണെന്ന് അവളുടെ കണ്ണുകൾ അയാളോട് പറഞ്ഞുകൊണ്ടേയിരുന്നു..

“ഈ രാത്രി വെളുക്കും മുൻപേ നമുക്ക് ഇവിടെ നിന്ന് പോകാം, നമ്മളെ അറിയാത്ത മറ്റൊരു സ്ഥലത്തേക്ക്, അപരിചിതരുടെ ഇടയിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം, ഇതുവരെ സംഭവിച്ചതെല്ലാം മറന്ന് നമ്മുക്ക് സന്തോഷത്തോടെ ജീവിക്കാം….”

രണ്ട് കൈകൾ കൊണ്ട് അവളുടെ മുഖം ഉയർത്തി അയാൾ അത് പറയുമ്പോൾ വീണ്ടും മീനുവിനെ മുഖത്ത് പ്രതീക്ഷയുടെ പുതു നാമ്പുകൾ വിടർന്നു…

കാതടപ്പിക്കുന്ന ശബദത്തോടെ മീനുവിനെയും പിന്നിൽ ഇരുത്തി അയാളുടെ ബുള്ളറ്റ് പുതു പ്രതീക്ഷകൾ തേടി കുതിക്കുമ്പോൾ അയാളുടെ ഉള്ളിലെ ചെ-കുത്താൻ ആ രണ്ട് പിള്ളേർ ജയിലിൽ നിന്ന് ഇറങ്ങുന്ന ദിവസത്തിനുള്ള കാത്തിരിപ്പിൽ ആയിരുന്നു…..

✍️ ശ്യാം….