എഴുത്ത്: മഹാ ദേവൻ
===========
അന്നവൾ തോളിൽ ഒരു ബാഗുമായി മുഖം തുടച്ചുകൊണ്ട് ആ പടിപ്പുരവാതിൽ കടന്ന് പുറത്തേക്ക് പോകുമ്പോൾ പഴയ തറവാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുമ്പോൾ അമ്മ എടുത്തു പറഞ്ഞ വാക്കുകൾ ആയിരുന്നു കാതിൽ മുഴങ്ങിയത്,
“ഒരു മച്ചി ഈ വീട്ടിൽ നിന്നാൽ ഈ കുടുംബത്തിന്റ ആണിവേര് ഇളകും. ആകെ ഉളള ഒരു മകൻ കെട്ടുന്ന പെണ്ണിലൂടെ വേണം ഈ വീടിലെ തലമുറകൾ ജനിക്കാനും അതിലൂടെ എന്നും ഈ വീടിന്റ പേരും അന്തസ്സും ആഭിജാത്യവും നിലനിൽക്കണം എന്ന് ആഗ്രഹിച്ച ഞങ്ങൾക്ക് ഇതുപോലെ പെറാൻ പോലും ശേഷിയില്ലാത്ത ഒന്നിനെ ആണല്ലോ ദൈവമേ തന്നത്. നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് ഈ കുടുംബത്തിന്റെ നാശത്തിനു വേണ്ടി ആയിരുന്നോ? ഇതുപോലെ ഒന്ന് കാലെടുത്തു വെച്ചാൽ തീർന്നു. മച്ചി തൊട്ടാൽ തൊട്ടിടം മുടിയും. അത്ര നന്ന്…”
അമ്മ പലപ്പോഴും പറയുന്ന ക്രൂ-രമായ വാക്കുകൾക്ക് മുന്നിൽ കരയാൻ മാത്രമായിരുന്നു സാവിത്രിക്ക് വിധി.
ഭർത്താവായ വിശ്വൻ ബാംഗ്ലൂരിൽ ആയത് കൊണ്ട് വീട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ല എന്നത് അവളുടെ ദയനീയസ്ഥിതിയ്ക്ക് ആക്കം കൂട്ടി.
വിവാഹം കഴിഞ്ഞ നാളുകളിൽ മൊബൈൽ ഫോൺ വാങ്ങികൊടുക്കുമ്പോൾ അത് വേണ്ടെന്ന് പറഞ്ഞു തടഞ്ഞതും അമ്മയായിരുന്നു.
“ഇപ്പോൾ ഇതിന്റെ ആവശ്യം എന്താ അവൾക്ക്. നിനക്ക് എങ്കിലും വിളിക്കാനോ പറയാനോ ഉണ്ടെങ്കിൽ ലാൻഡ്ഫോൺ ഉണ്ടല്ലോ..അത് മതി ഇപ്പോൾ ഈ വീട്ടിൽ. ഇതൊന്നും ഇല്ലാത്ത കാലത്തും ഇവിടെ ഭാര്യാഭർത്താക്കന്മാർ ഉണ്ടായിട്ടുണ്ട്, ജീവിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ ഉളള സൗകര്യം കൂടുതൽ ആണ്. അതിന് പുറമെ ഇങ്ങനെ ഒരു കുന്ത്രാണ്ടം കൂടി വാങ്ങിച്ചു കൊടുക്കാത്തതിന്റെ കുറവേ ഉളളൂ. അല്ലെങ്കിലെ ഈ വീട്ടിൽ നൂറുകൂട്ടം പണിയുണ്ട്. അതൊക്ക കഴിഞ്ഞാലും പാടത്തും പറമ്പിലും പണിക്കാർക്കൊപ്പം സഹായിക്കാം. അതിൽ ഒരു കുറച്ചിലും ഇല്ല. അല്ലാണ്ട് ഇതിൽ കുത്തിയിരുന്നാൽ ശരിയാവില്ല പെണ്ണുങ്ങൾ.”
അന്ന് മുതൽ വിശ്വൻ വീട്ടിലേക്ക് വിളിക്കുമ്പോൾ എല്ലാം അമ്മയായിരുന്നു ഫോൺ എടുക്കുന്നതും ആദ്യം സംസാരിച്ചിരുന്നതും…
അമ്മ തൊടിയിലോ ബാത്റൂമിലോ മറ്റോ ആണെങ്കിൽ അറിയാതെ എങ്ങാനും ഫോൺ ഒന്ന് എടുത്താൽ ഫോണിനടുത്തെത്തി രൂക്ഷമായി നോക്കുന്ന അമ്മ അപ്പുറത്തു വിശ്വൻ ആണെന്ന് അറിയാവുന്നത് കൊണ്ട് അപ്പോഴൊന്നും ഒന്നും മിണ്ടാതെ ഫോൺ കട്ടാക്കി കഴിയുമ്പോൾ ആയിരിക്കും കലി തുള്ളുന്നത്.
“ഞാൻ ഒന്ന് അപ്പുറത്തോട്ടു മാറിയപ്പോഴേക്കും നിന്നോട് ആരാടി ഫോൺ തൊടാൻ പറഞ്ഞത്. ഞാൻ ഒന്ന് കൺവെട്ടത്തു നിന്ന് മാറുമ്പോഴേക്കും കെട്ടിലമ്മയാകാനാ പൂതി. ഇനി എന്റെ പുക കൂടി കണ്ടിട്ട് വേണം ഇവിടെ ഞെളിഞ്ഞിരുന്നു ഭരിക്കാൻ അല്ലെ. ഹോ..കാണുമ്പോൾ എന്ത് പാവം. മനസ്സ് മുഴുവൻ പെ-ഴയാ” എന്നുറക്കെ പറയുമ്പോൾ കരഞ്ഞുകൊണ്ട് സാവിത്രി അമ്മയെ നോക്കി,
“എന്തിനാണമ്മേ എന്നോടിങ്ങനെ ഒക്കെ. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ? ഏട്ടന്റെ ഭാര്യയായി ഈ പടി കയറുമ്പോൾ ഞാൻ കൊതിച്ചത് കുഞ്ഞിലെ മരിച്ചുപോയ അമ്മയുടെ സ്നേഹം ഇവിടെ കിട്ടുമെന്ന് മാത്രമായിരുന്നു. അല്ലാതെ ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല. ഉപ്പ് തൊട്ടു കർപ്പൂരം വരെ തൊടാൻ അമ്മയുടെ അനുവാദം വേണം. ഭർത്താവിനോട് ഒന്ന് സംസാരിക്കാൻ അമ്മ സമ്മതിക്കണം. എനിക്ക് ഭക്ഷണം കഴിക്കാൻ പോലും അമ്മ കഴിച്ചിട്ടല്ലേ പറ്റൂ…അതിന് മുന്നേ ഞാൻ കഴിച്ചാൽ നിന്റെ എച്ചിൽ കഴിക്കാൻ ആണോടി ഞാൻ എന്ന് ചോദിച്ചു വഴക്കിടും. അങ്ങനെ ഒക്കെ എന്നോട് കാണിച്ചിട്ടും ഞാൻ മറുത്തൊന്നും പറഞ്ഞിട്ടില്ലല്ലൊ. അതൊക്ക എന്റെ അമ്മ സ്നേഹത്തോടെ ശാസിക്കുന്നപോലെ കാണാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂ..പിന്നെയും എന്തിനാണ് അമ്മേ എന്നോട്… “
അവളുടെ ഓരോ വാക്കുകളും കണ്ണുനീരിന്റെ നനവോടെ പുറത്തേക്ക് ചിതറുമ്പോൾ അമ്മയുടെ മുഖത്തു പുച്ഛം ആയിരുന്നു.
“നീ അങ്ങനെ എന്നെ നിന്റെ തള്ളയോട് ഒന്നും ഉപമിക്കണ്ട. നിന്റെ തലവെട്ടം കണ്ടപ്പോൾ തന്നെ അങ്ങോട്ട് കെട്ടിയെടുത്തില്ലേ തള്ള. അത്രക്കുണ്ട് നിന്റെ രാശി. നിന്നിടം മുടിയുമെന്നതിനു അതിനേക്കാൾ വലിയ ഉദാഹരണം വേണോ. അസുരവിത്ത് “
അതും പറഞ്ഞ് ചവിട്ടി തുളളി അകത്തേക്ക് പോകുന്ന അമ്മയെ നോക്കി കരയാൻ ആയിരുന്നു അവളുടെ വിധി.
ഓരോ രാത്രിയും തലയിണകളോട് പരിഭവം പറഞ്ഞ് പുതപ്പിനെ കണ്ണീരു കൊണ്ട് കെട്ടിപിടിച്ച് നെഞ്ചിലെ ഭാരത്തെ ആ മുറിയിൽ ഇറക്കിവെച്ച് ദിവസങ്ങൾ തള്ളി നീക്കുമ്പോൾ വിശ്വന് ലീവ് ഉണ്ടായിരുന്നെങ്കിൽ ഒന്ന് കാണുമ്പോൾ, ആ നെഞ്ചിലേക്ക് ഒന്ന് ചേർന്നു കിടക്കുമ്പോൾ ആ ചുണ്ടുകളിൽ സ്നേഹം കൊണ്ട് പൊതിയുമ്പോൾ എങ്കിലും ഈ സങ്കടങ്ങൾക്ക് കുറവ് വരുമായിരുന്നു എന്ന് ആഗ്രഹിക്കാറുണ്ട് അവൾ.
മുന്നേ വിശ്വൻ പലവട്ടം നാട്ടിൽ വന്ന് പോയിട്ടും സാവിത്രി ഗർഭിണി ആവാത്തതിന്റ ആണ് ഇപ്പോൾ അവൾക്കുള്ള കുറ്റം. അതും പറഞ്ഞായിരുന്നു പലപ്പോഴും പുച്ഛവും കുറ്റപ്പെടുത്തലും.
“എനിക്കറിയാം എന്റെ മോന് കുഴപ്പം ഒന്നുമുണ്ടാകില്ല എന്ന്. നിനക്ക് പെറാൻ ഉളള യോഗം ഇല്ല. അത്ര തന്നെ.”
അന്ന് അവസാനമായി വിശ്വൻ വന്ന ദിവസം വിശദമായി ഒരു ചെക്കപ്പ് നടത്തിയപ്പോൾ അവൾക്കാണ് പ്രശ്നം എന്ന് കൂടി അമ്മ അറിഞ്ഞതിൽ പിന്നെ സാവിത്രി അവരുടെ കണ്ണിൽ മച്ചി ആയിരുന്നു.
“അമ്മേ…ചെറിയ പ്രശ്നം ഉണ്ടെങ്കിലും ചികിൽസിച്ചാൽ ചിലപ്പോൾ ഈ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞിട്ടുള്ളതല്ലേ ഡോക്ടർ. എന്നിട്ടും എന്തിനാണ് ഈ ക്രൂരമായ വാക്ക് കൊണ്ട് ഇങ്ങനെ കുത്തുന്നത്. അമ്മയും ഒരു പെണ്ണല്ലേ..ഇത് കേൾക്കുമ്പോൾ അമ്മയാകാൻ കൊതിക്കുന്ന ഒരു പെണ്ണിന്റ മനസ്സ് എത്രത്തോളം വേദനിക്കുമെന്ന് അമ്മയ്ക്കും അറിയില്ലേ “
അവളുടെ വിഷമം നിറഞ്ഞ വാക്കുകൾക്ക് അമ്മയുടെ മറുപടി കനത്തതായിരുന്നു.
“ഇത് കേൾക്കുമ്പോഴും പറയുമ്പോഴും വിഷമം തോന്നാൻ ഞാൻ നിന്നെ പോലെ മച്ചിയല്ല. ഞാനേ രണ്ടെണ്ണത്തിനെ പെറ്റതാ. ഒന്നിനെ ദൈവം തിരികെ എടുത്തെങ്കിലും ഒരുത്തൻ ഇപ്പോഴും ഉണ്ട് മകനായി. പക്ഷെ ആ മകന് കെട്ടേണ്ടി വന്നത് നിന്നെ പോലെ ഒരു മച്ചിയെ ആണല്ലോ എന്നൊരു വിഷമം മാത്രേ എനിക്കുള്ളൂ.”
അവർ പിന്നെയും പിന്നെയും ആ വാക്ക് തന്നെ ഉച്ചരിച്ചുകൊണ്ട് അവൾക്ക് നേരെ കയർക്കുമ്പോൾ നിസ്സാഹായയായിരുന്നു അവൾ. എതിർത്തൊരു വാക്ക് പറയാൻ മനസ്സ് സമ്മതിക്കുന്നില്ല..അമ്മ എന്ന വാക്കിനോട് അത്രയേറെ ഇഷ്ട്ടമായിരുന്നു. ആ സ്നേഹം അനുഭവിക്കാത്തതിന്റെ ആവാം.
അന്ന് അമ്മ അടുത്തുള്ള അമ്മാവന്റെ വീട്ടിലേക്കെന്നും പറഞ്ഞ് പോകുമ്പോൾ അവൾക്ക് അറിയാമായിരുന്നു തന്നെ കുറിച്ചുള്ള കുറ്റങ്ങൾ പറഞ്ഞ് അവരെ കൂടി തനിക്കെതിരെ തിരിക്കാനാണെന്ന്…തന്നോട് അല്പമെങ്കിലും സ്നേഹം കാണിക്കുന്ന അമ്മാവനെയും അമ്മായിയേയും പറഞ്ഞ് തനിക്കെതിരെ തിരിക്കാൻ അമ്മ പെടാപാട് പെടുന്നത് അവൾക് അറിയാമായിരുന്നു. അവരും കൂടി അമ്മയെ അനുകൂലിച്ചാൽ പിന്നെ തന്റെ സ്ഥാനം ഈ പഠിക്ക് പുറത്താണെന്നും അവൾക്ക് അറിയാം.
വാക്കുകൾ കൊണ്ട് മച്ചിയാക്കി മറ്റുള്ളവർക്ക് മുന്നിൽ നാണംകെടുത്തി ഈ ബന്ധം വേർപ്പെടുത്താനും വിശ്വനെ കൊണ്ട് വേറെ പെണ്ണ് കെട്ടിക്കാനും ആണ് അമ്മയുടെ ഈ നീക്കമെല്ലാം എന്നും അവൾക്കറിയാം..പക്ഷേ, എന്ത് ചെയ്യാം…ഓരോന്ന് ആലോചിച്ചങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു ഫോൺ റിങ് ചെയ്ത് തുടങ്ങിയത്.
അമ്മയാണെങ്കിൽ അവിടെ ഇല്ല. അവൾ ആ സന്തോഷത്തോടെ ഫോൺ എടുക്കുമ്പോൾ മറുതലക്കൽ വിശ്വൻ ആയിരുന്നു.
അമ്മ ഇല്ലാത്തതിനാൽ തന്റെ സങ്കടങ്ങൾ ഓരോന്നായി അവന് മുന്നിൽ കരഞ്ഞുകൊണ്ട് അവതരിപ്പിക്കുമ്പോൾ അവൻ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു
മോളെ…അമ്മ അങ്ങനെ ആയിപോയി. ഇനി അവരെ തിരുത്താൻ പ്രയാസമാണ്. അതിനേക്കാൾ നല്ലത് നമ്മൾ സ്വയം തിരുത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞുകൊണ്ട് അവൻ പറഞ്ഞ ഓരോ കാര്യവും ശ്രദ്ധയോടെ കേൾക്കുമ്പോൾ അവൾ മൂളുന്നുണ്ടായിരുന്നു.
അന്ന് ആദ്യമായി ഫോണിൽ കുറെ നേരം അവനുമായി സംസാരിച്ചതിന്റ സന്തോഷത്തിൽ ആയിരുന്നു അവൾ. അമ്മ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ വാക്കിൽ ഒതുങ്ങുന്ന സംസാരം ഇന്ന് മണിക്കൂറുകൾ നീണ്ട് നിന്നു. അവൾക് പറയാനുള്ളതെല്ലാം കേൾക്കാൻ അപ്പുറത്ത് ഒരാൾ ഉള്ളതിന്റെ സന്തോഷത്തിൽ മനസ്സിലെ പകുതി ഭാരം വാക്കുകൾ കൊണ്ട് ഇറക്കിവെക്കുമ്പോൾ എന്തോ ഒരു സന്തോഷം ഉണ്ടായിരുന്നു മനസ്സിന്…
അങ്ങനെ മുന്നിൽ പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞുവീണു. പക്ഷേ, അമ്മക്ക് മാത്രം മാറ്റമില്ലായിരുന്നു.
അന്ന് അമ്മാവൻ വീട്ടിൽ വന്നിട്ട് പോയ ദിവസം ആയിരുന്നു അമ്മ പിന്നെയും അവളെ മച്ചി എന്ന് വിളിച്ചത്.
പക്ഷേ, കരഞ്ഞുകൊണ്ട് നിൽക്കാറില്ല അവൾ അന്ന് ആദ്യമായി അവർക്ക് മുന്നിൽ പൊട്ടിത്തെറിച്ചു.
“ദേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കം..ഇനി എന്നെ മച്ചി എന്ന് എങ്ങാനും വിളിച്ചാൽ കെട്ടിയോന്റെ അമ്മ ആണെന്നൊന്നും ഞാൻ നോക്കില്ല. എന്റെ വായിൽ നിന്ന് കേൾക്കും നിങ്ങള്. കുറെ ആയി ഞാൻ ഇത് കേൾക്കുന്നു. മച്ചി, മച്ചി, മച്ചി എന്ന്….പറയുന്ന നിങ്ങൾക്കത് വലിയ രസം ആയിരിക്കും. മറ്റുള്ളവരെ കുത്തിനോവിച്ചു രസിക്കുന്ന നിങ്ങൾക്ക് അത് കേൾക്കുന്ന പെണ്ണിന്റ അവസ്ഥ മനസ്സിലാവണമെങ്കിൽ ആദ്യം ഒരു മനുഷ്യസ്ത്രി ആകണം. പിന്നെ അന്തസ്സുള്ള ഒരു പെണ്ണാകണം. അല്ലാതെ ഇങ്ങനെ ഈശ്വരൻ പടച്ചുവിട്ട സ്ത്രീരൂപം മാത്രം ഉണ്ടായാൽ പോരാ…കേട്ടല്ലോ “
ആളിക്കത്തുന്ന അവളുടെ വാക്കുകൾക് മുന്നിൽ അമ്മക്ക് ആദ്യം ഒന്ന് ഉത്തരംമുട്ടിയെങ്കിലും തോറ്റു കൊടുക്കാൻ തയാറല്ലായിരുന്നു അവർ.
“എടി, എന്റെ വീട്ടിൽ ഇരുന്ന് എനിക്ക് നേരെ കുരക്കുന്നോ. എന്റെ മോന് കെട്ടിയ താലി ആണ് നിന്റെ കഴുത്തിൽ. അത് അറുത്തു മാറ്റിയാൽ കഴിഞ്ഞു നിന്റെ ഇവിടെ ഉളള നീ നെഗളിപ്പ്. മൂശേട്ട”
അവർ സാവിത്രിക്ക് നേരെ അതേ പോലെ തിരിച്ചു പറഞ്ഞപ്പോൾ അവൾക് ഒരു കുലുക്കവും ഇല്ലായിരുന്നു.
“അതേ അറുത്തു മാറ്റിയാൽ തീർന്നു ബന്ധങ്ങൾ. പക്ഷേ, അതിന് നിങ്ങളുടെ മകൻ, എന്റെ കേട്ടോയോൻ വന്ന് ചെയ്യണം അത്. അദ്ദേഹം പൂർണ്ണസമ്മതത്തോടെ അത് ചെയ്യുമെങ്കിൽ ഞാൻ മറുത്തൊന്നും പറയില്ല. പക്ഷേ, മകൻ കെട്ടിയ താലി ആണെന്ന് അധികാരത്തിൽ ഈ താലിക്ക് മേലെ നിങ്ങളെങ്ങാനും കൈ വെച്ചാൽ ആ കൈ ഞാൻ വെട്ടും. അതിൽ കെട്ടിയോന്റെ തള്ള ആണെന്നുള്ള സിമ്പതി ഒന്നും പ്രതീക്ഷിക്കണ്ട. വെട്ടുമെന്നു പറഞ്ഞാൽ വെട്ടും. “
അത് കൂടി കേട്ടതോടെ ശരിക്കും ഞെട്ടിയിരുന്നു അമ്മ. ആദ്യമായിട്ടാണ് ഇവൾ ഇങ്ങനെ മുന്നിൽ നിന്ന് സംസാരിക്കുന്നത് തന്നെ. പക്ഷെ, അതിന് ഇത്രക്ക് ധൈര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇപ്പഴും കരഞ്ഞു മാത്രം കണ്ടവളുടെ കണ്ണുകളിൽ ദേഷ്യം കനൽ പോലെ എരിയുന്നുണ്ടെന്ന് തോന്നിയപ്പോൾ അവർ പേടിയോടെ രണ്ടടി പിറകോട്ട് വെച്ചു. എന്നാലും അവൾക്ക് മുന്നിൽ തോറ്റു കൊടുക്കാൻ തയാറല്ലായിരുന്നു അമ്മ.
“എനിക്ക് നേരെ കയ്യുയർത്തി, എന്നെ ധിക്കരിച്ചു സംസാരിച്ചിട്ട് ഇവിടെ വാഴാമെന്ന് കരുതിയോ നീ..ഇപ്പോൾ ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്ന് വിശ്വൻ ചോദിച്ചാൽ ഞാൻ പറഞ്ഞോളാം കാര്യം. അവന്റെ തള്ളയെ ബഹുമാനിക്കാൻ കഴിയാത്ത ഒരുവൾ ഈ വീട്ടിൽ വേണ്ടെന്ന് പറഞ്ഞാൽ അവന് മനസ്സിലാകും അതിന്റ കാര്യഗൗരവം. അതുകൊണ്ട് ഇപ്പോൾ ഇറങ്ങിക്കോണം ഉള്ളതെല്ലാം കെട്ടിപ്പെറുക്കി”
അമ്മ അവൾക് നേരെ ചിറികൂട്ടികൊണ്ട് അവൾക്ക് പുറത്തേക്കുള്ള വഴി ചൂണ്ടുമ്പോൾ അവൾ ഉള്ളിലേക്ക് പോകുന്നതും ഉടനെ തന്നെ നേരത്തെ റെഡിയാക്കി വെച്ച ബാഗുമായി പുറത്തേക്ക് വരുന്നതും കണ്ടപ്പോൾ അവർക്ക് തോന്നി ഇവൾ ഇത് നേരത്തെ കരുതിക്കൂട്ടി ആണെന്ന്.
ബാഗുമെടുത്തു പുറത്തേക്ക് വന്ന അവൾ അമ്മക്ക് മുന്നിൽ ബാഗ് വെച്ചുകൊണ്ട് അവരുടെ മുഖത്തേക്ക് നോക്കി ചിരിച്ചു,
“ഇപ്പോൾ എനിക്ക് ശരിക്കും ചിരിയാണ് വരുന്നത്. നിങ്ങൾ മനുഷ്യൻ എന്ന വാക്കിൽ എന്തൊരു തോൽവി ആണെന്നോർത്ത്. പിന്നെ നിങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും പോകാൻ തന്നെ ആണ് തീരുമാനം. അത് നേരത്തെ തീരുമാനിച്ചതും ആണ്. പക്ഷേ, അതിന് മുന്നേ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മച്ചിയായി ഇറങ്ങേണ്ടി വരും ഇവിടുന്ന്. അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അതുകൊണ്ട് അവസാനമായി ഒന്നുകൂടി പറയാം..എനിക്ക് ഇനിയും സാധ്യത ഉണ്ട് ഗർഭിണി ആകാനും കുഞ്ഞുണ്ടാക്കുന്നതും. എന്നിട്ടും നിങ്ങൾ എന്നെ മച്ചി എന്ന് വിളിച്ചപ്പോൾ എല്ലാം ഞാൻ മിണ്ടാതിരുന്നു. പക്ഷേ ഇനി ഒരിക്കൽ കൂടി ആ പുഴുത്ത നാക്കും വെച്ച് എന്നെ അങ്ങനെ എങ്ങാനും വിളിച്ചാൽ…….
പ്രസവിക്കാൻ കഴിയാത്തത് ആരുടേയും കുറ്റം കൊണ്ടല്ല..പക്ഷേ, അതിന്റ പേരിൽ നിങ്ങളെ പോലെ ഉളള തള്ളമാർ ഉപയോഗിക്കുന്ന വൃത്തികെട്ട വാക്കാണത്. അത് അതുപോലെ പുഴുത്ത നാക്കിൽ നിന്നെ വരികയും ഉളളൂ. അമ്മയാണത്രെ അമ്മ… “
അത്രയും പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് നടക്കുമ്പോൾ കത്തുന്ന കണ്ണുകളിമായി ഉമ്മറത്ത് തന്നെ നിൽക്കുകയായിരുന്നു ആ അമ്മ.
അവൾ പടിപ്പുര വാതിൽ കടന്ന് പതിയെ പുറത്തേക്ക് നടക്കുമ്പോൾ അമ്മയുടെ ക്രൂ-രമായ വാക്കുകൾ ആയിരുന്നു കാതിൽ. അതോടൊപ്പം അന്ന് വിശ്വൻ പറഞ്ഞ വാക്കും അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.
“മോളെ…അമ്മ അങ്ങനെ ആയിപോയി. ഇനി അവരെ തിരുത്താൻ പ്രയാസമാണ്. അതിനേക്കാൾ നല്ലത് നമ്മൾ സ്വയം തിരുത്തുന്നതാണ് നല്ലത്. പറഞ്ഞത് നീ ഇനിയും താഴണം എന്നല്ല. താണ് കൊടുക്കും തോറും അമ്മക്ക് നിന്നെ കുരിശിലേറ്റാൻ ആവേശം കൂടും…അതുകൊണ്ട് എപ്പഴും ഇങ്ങനെ തൊട്ടാവാടി ആയി നിൽക്കാതെ നീ തന്റേടമുള്ള ഒരു പെണ്ണാക്. എന്നിട്ട് പ്രതികരിക്ക്. വാക്കുകൾക്ക് മൂർച്ച കൂടുമ്പോൾ അതിരു കടക്കാതെ ശ്രദ്ധിക്കണം. കാരണം എത്രയൊക്കെ ആണെങ്കിലും അവർ അമ്മയാണ്. പക്ഷേ, തോറ്റു കൊടുത്തു തുടങ്ങിയാൽ പിന്നെ ജീവിതത്തിൽ എപ്പോഴും തോറ്റുകൊണ്ടേ ഇരിക്കും. അങ്ങനെ പ്രതികരിക്കുന്ന നിമിഷം അവിടെ നിന്നിറങ്ങിക്കോ. ഞാൻ അമ്മവനെ വിളിച്ച് പറയാം നിനക്ക് ബാംഗ്ലൂർക്കുള്ള ഒരു ടിക്കറ്റ് എടുത്ത് വെക്കാൻ. അതും വാങ്ങി നേരെ ഇങ്ങോട്ട് വാ..പിന്നെ ട്രീറ്റ്മെന്റ് ഒക്കെ നടത്തി ഒരു കുഞ്ഞാകുമ്പോൾ തിരിച്ചു പോകാം. അപ്പോഴേക്കും അമ്മയുടെ ഈ വാശിയൊക്കെ മാറും. അതുവരെ അമ്മാവൻ ഉണ്ടല്ലോ അവിടെ. ഞാൻ പറഞ്ഞോളാം അമ്മാവനോട് അമ്മക്ക് ഒരു കുറവും വരുത്താതെ നോക്കാൻ ” എന്ന്..
ആ വാക്കുകൾ തന്നെ ധൈര്യം ആയിരുന്നു ഇത്രയും പറയാൻ പ്രേരിപ്പിച്ചത്. ഇച്ചിരി കൂടിപ്പോടയോ എന്ന് അവൾക്ക് തോന്നിയെങ്കിലും പിന്നെ തോന്നി അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ അവർ പറഞ്ഞതിന്റെ ഒരു ഭാഗം പോലും ആവില്ല എന്ന്.
പിന്നെ ബാഗിൽ ഇരിക്കുന്ന ടിക്കറ്റ് എടുത്തു നോക്കുമ്പോൾ അവളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കുറച്ച് മുന്നേ അമ്മാവൻ വന്നത് ഇത് തരാൻ ആയിരുന്നു എന്ന് അമ്മ പോലും അറിഞ്ഞില്ല. അത് ആ ടിക്കറ്റ് ഒന്നുകൂടി തിരിച്ചും മറിച്ചും നോക്കികൊണ്ട് തിരികെ ബാഗിൽ വെച്ച് ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മനസ്സിൽനിറഞ്ഞ് നിന്നത് വിശ്വന്റെ ചിരിയും കുഞ്ഞെന്ന സ്വപ്നവും ആയിരുന്നു.
✍️ദേവൻ