എടാ പറഞ്ഞ മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്തുമെന്ന് വാശിയിലാണ് വല്യേട്ടൻ…

മൗനരാഗം…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

==========

മുറപ്പെണ്ണിന്റെ കല്യാണത്തിന് പായസം ഇളക്കുമ്പോൾ ആണ് ചെക്കന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത അറിയുന്നത്, പായസം ഇളക്കി കൊണ്ടിരുന്ന വല്യ ചട്ടുകം കൂടെയുണ്ടായിരുന്ന ആളിനെ ഏൽപ്പിച്ച് തോളിൽ കിടന്ന തോർത്ത് കൊണ്ട് മുഖം തുടച്ച് വേഗം കല്യാണ മണ്ഡപത്തിലേക്ക് നടന്നു…

വല്യമ്മാവന് ചുറ്റും ചെറിയ അമ്മാവനും മറ്റ് ബന്ധുക്കളും വട്ടം കൂടി നിന്ന് എന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ട്, അൽപ്പം മാറി നിന്ന് കരയുന്ന അമ്മായിയെ കുറെ സ്ത്രീകൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ അമ്മായിയുടെ അരികിൽ നിന്ന് അമ്മ എന്റെ അരികിലേക്ക് വന്നു…

” എന്താ പറ്റിയത് അമ്മേ…”

അമ്മയോട് ശബ്ദം താഴ്ത്തിയാണ് ചോദിച്ചത്…

” ഈ പെണ്ണും ആ ചെക്കനും വല്യ ഇഷ്ടത്തിൽ ആയിരുന്നത്രേ, ഇവളുടെ നിർബന്ധം കൊണ്ടാണ് വല്യേട്ടൻ സമ്മതിച്ചതും, എന്നിട്ടിപ്പോ ആ ചെറുക്കന് വേറെ പെണ്ണിനെ ഇഷ്ടം ആണെന്നോ, അതിൽ കുഞ്ഞ് ഉണ്ടന്നോ എന്തൊക്കെയോ പറയുന്നുണ്ട്…..”

അമ്മ പറയുന്നത് തലകുലുക്കി ശ്രദ്ധയോടെ ഞാൻ കേട്ട് നിന്നു.

” ദേവിയെ… ഇങ്ങു വന്നേ….”

അമ്മ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് വല്യമ്മാവന്റെ ശബ്ദം ഉയർന്നത്,,,,

” വരുന്നു വല്യേട്ട….”

ഭവ്യതയോടെ അമ്മ വല്യമ്മാവന്റെ അരികിലേക്ക് ചെല്ലുകയും, വല്യമ്മാവനും മറ്റ് അമ്മാവന്മാരും കൂടി അമ്മയോട് എന്തൊക്കെയോ പറയുന്നതും ഞാൻ അൽപ്പം മാറി നോക്കി നിന്നു. അല്പം കഴിഞ്ഞാണ് അമ്മ ഓടി എന്റെ അരികിലേക്ക് വന്നത്…

” എടാ പറഞ്ഞ മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്തുമെന്ന് വാശിയിലാണ് വല്യേട്ടൻ…..”

അമ്മ ഓടി വന്ന് പറയുമ്പോൾ ഞാനൊന്ന് തല കുലുക്കി, അമ്മ പിന്നെയും എന്തൊക്കെയോ പറയാൻ മടിക്കുന്നത് ആ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി….

” ഇനിയിപ്പോ ഈ സമയത്ത് ആരെയ….”

ഞാൻ അത് പറഞ്ഞു തീരും മുൻപേ അമ്മ വീണ്ടും ഇടയ്ക്ക് കയറി സംസാരിച്ചു തുടങ്ങി…

” അത് തന്നെയാണ് വല്യേട്ടനും പറയുന്നത്, നിന്നെക്കൊണ്ട് കെട്ടിക്കാൻ അവർക്ക് താല്പര്യം ഉണ്ട് വല്യേട്ടൻ ഈ അവസ്ഥയിൽ അത് പറഞ്ഞപ്പോൾ ഞാനും അതങ്ങ് സമ്മതിച്ചു….”

ഞാൻ എങ്ങനെ പ്രതികരിക്കും എന്നറിയാതെ, അമ്മ മടിച്ചു മടിച്ചാണ് അത് പറഞ്ഞത്…

അല്ലേലും വല്യമ്മാവൻ വല്യ വാശിക്കാരൻ ആണ്, ഒന്ന് തീരുമാനിച്ചാൽ അത് നടത്തും, എടുത്ത് ചാട്ടക്കാരനായ അദ്ദേഹത്തെ എല്ലാവർക്കും പേടിയുമുണ്ട്, കുഞ്ഞിലെ അച്ചൻ നഷ്ടപ്പെട്ട എന്നെയും അമ്മയെയും സംരക്ഷിച്ചിരുന്നത് അദ്ദേഹം ആയിരുന്നു, പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസം, ‘ നി പഠിച്ചത് മതി ഈ പശുവിനെയും നോക്കി ഇനി ജീവിച്ചോളണം, അതിന് കറവ തുടങ്ങിയാൽ പിന്നെ അമ്മയ്ക്കും മോനും ഇവിടെ നിന്ന് ഒന്നും കിട്ടില്ല…” പശുക്കിടാവിന്റെ കയർ എന്നെ ഏൽപ്പിച്ചു കൊണ്ട് അന്ന് അദ്ദേഹം അത് പറയുമ്പോൾ എനിക്ക് ഉള്ളിൽ ദേഷ്യം ആയിരുന്നു, ആ ദേഷ്യവും വാശിയും തന്നെയാണ് ഇന്ന് പത്ത് മുപ്പത് പശുക്കളുള്ള ഫാമും, അൽപ്പം കൃഷിയുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പ്രാപ്തൻ ആക്കിയതും…

ഇതിപ്പോ കല്യാണം എന്നൊക്കെ പറയുമ്പോൾ, കുട്ടിക്കാലത്ത് എന്റെ കയ്യും പിടിച്ച് സ്കൂളിൽ പോയിരുന്നവൾ ആണ് മീനു, എന്തിനും ഞാൻ കൂടെ വേണമായിരുന്നു, പിന്നെ ജീവിതവും ജീവിത രീതിയും മാറിയപ്പോൾ അവളും മാറി, വീട്ടിൽ നിന്ന് മാറി നിന്ന് പഠിക്കുന്ന അവൾ വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ദൂരെ നിന്ന് കാണുമെന്നല്ലാതെ ഒന്നും മിണ്ടറില്ല, രണ്ടാളും അതിന് ശ്രമിക്കാറുമില്ല…

” നി എന്താ ആലോചിക്കുന്നെ…”

അമ്മ തട്ടി വിളിച്ചു ചോദിക്കുമ്പോൾ ആണ് ചിന്തയിൽ നിന്ന് ഉണർന്നത്…

” അതിപ്പോ മീനു കൂടി സമ്മതിക്കേണ്ടേ…”

സംശയതോടെയാണ് അമ്മയോട് ചോദിച്ചത്…

” അവൾക്ക് കുഴപ്പമില്ല എന്നാണ് വല്യേട്ടൻ പറഞ്ഞത്…”

മിക്കവാറും മറ്റവനോടുള്ള വാശിക്ക് ആകും അവൾ സമ്മതിച്ചിട്ടുള്ളത് എന്ന് എനിക്കപ്പോഴേ തോന്നി, എങ്കിലും അമ്മ വാക്ക് കൊടുത്ത സ്ഥിതിക്ക് മറുത്ത് പറയാൻ എനിക്ക് തോന്നിയില്ല,..

എന്റെ മൗന സമ്മതം കിട്ടിയതോടെ അമ്മ തന്നെയാണ് ആരെയോ വിട്ട് ഒരു ചെറിയ മാലയും താലിയും വാങ്ങിയതും, മണ്ഡപത്തിലേക്ക് കയറി ഇരിക്കുമ്പോഴും മനസ്സ് നിറയെ സംശയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു, എന്റെ അരികിൽ ഇരിക്കുന്ന മീനുവിനെ ഇടയ്‌ക്ക് ഇടങ്കണ്ണിട്ട് നോക്കുമ്പോൾ അവൾ തല കുമ്പിട്ട് തന്നെ ഇരിക്കുകയാണ്…

അത്രയും നാൾ ഇഷ്ടപ്പെട്ട ആളുമൊത്ത് ജീവിതം സ്വപ്നം കണ്ടിട്ട് ഒറ്റ നിമിഴം കൊണ്ട് മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വരുന്ന അവളുടെ മനസ്സ് എനിക്ക് ഊഹിക്കാവുന്നതിലും വലുത് തന്നേ ആയിരിക്കും എന്ന് അറിയാമായിരുന്നു, ആ കഴുത്തിൽ താലി കെട്ടുമ്പോഴും, പര്സപരം തുളസി മാല അണിയിക്കുമ്പോഴും അവൾ എന്റെ മുഖത്തെ നോക്കിയിരുന്നില്ല…

വിവാഹം കഴിഞ്ഞ് ഫോട്ടോഗ്രാഫറുടെ മുന്നിൽ ചിരിച്ചു നിൽക്കാൻ നമ്മുടെ മനസ്സ് പ്രാപ്തമല്ല എന്നറിയാവുന്നത് കൊണ്ട് തന്നെയാണ് അവരെയൊക്കെ അമ്മാവൻ ഒഴിവാക്കിയത്. അമ്മാവന്റെ അനുഗ്രഹം വാങ്ങി അവിടെ നിന്ന് വീട്ടിലേക്ക് തിരിക്കുമ്പോൾ ജീവിതം ഇനി എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്ന് എനിക്ക് ഒരു പിടിത്തവും ഉണ്ടായിരുന്നില്ല….

വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ പശുവിന്റെയും ചാണകത്തിന്റെയും മണം മൂക്കിൽ അടിച്ചു തുടങ്ങി, മീനുവിന്റെ കൈ ഇടയ്ക്ക് ഇടയ്ക്ക് മൂക്കിലേക്ക് പോകുന്നത്  ഞാൻ ശ്രദ്ധിച്ചിരുന്നു. അമ്മയുടെ കയ്യിൽ നിന്ന് നിലവിളിക്ക് വാങ്ങി അകത്തേക്ക് കയറുമ്പോഴും ആ മുഖത്ത് സന്തോഷം തീരെ ഇല്ലായിരുന്നു…

“എടാ നി മോളുടെ അടുക്കലേക്ക് ചെന്നേ, വന്നപ്പോൾ മുതൽ അവൾ മുറിയിൽ കയറി ഇരിക്കുകയാണ് ….”

വൈകുന്നേരം പശുവിന് പുല്ല് ഇട്ടു കൊടുക്കുമ്പോൾ ആണ് അമ്മ അത് പറയുന്നത്, കയ്യും കാലും കഴുകി മുറിയിലേക്ക് ചെല്ലുമ്പോൾ മീനു തറയിൽ ഷീറ്റ് വിരിച്ച് കിടക്കുക ആയിരുന്നു…

” കട്ടിലിൽ കയറി കിടന്നുടായിരുന്നോ…”

കണ്ണുകൾ അടച്ച് കിടക്കുന്ന മീനുവിനോട് ഞാൻ അത് പറയുമ്പോഴാണ് അവൾ കണ്ണ് തുറന്ന് എന്നെ നോക്കുന്നത്…

” അത് കട്ടിൽ ആണോ, ഊഞ്ഞാൽ ആണോ, അതിൽ എങ്ങനെയാണ് കിടക്കുക….”

അത് പറഞ്ഞവൾ വീണ്ടും ചരിഞ്ഞു കിടന്നു….

” ഇത് മാറ്റണം എന്ന് കുറെയായി വിചാരിക്കുന്നു, പിന്നെയങ്ങു മറന്ന് പോകും…”

പ്ലാസ്റ്റിക് കയർ വരിഞ്ഞ കട്ടിലിൽ ഇരുന്ന് കൊണ്ട് ഞാൻ പറയുമ്പോൾ  അവൾ ഒന്നും മിണ്ടിയിരുന്നില്ല…

” എഴുന്നേറ്റ് വാ എന്തേലും കഴിച്ചിട്ട് കിടക്കാം….”

അതിനും മറുപടി പറയാതെ ഇരുന്നപ്പോൾ, ഞാൻ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു,,,

” എനിക് വേണ്ട നല്ല തലവേദനയാണ്. ഒന്ന് കിടന്നോട്ടെ….”

അവളുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നത് കൊണ്ടാണ് വേറെ ഒന്നും പറയാതെ മുറിയിൽ നിന്ന് ഇറങ്ങിയത്…

“അവൾക്ക് നല്ല തലവേദനയാണ് കിടന്നോട്ടെ…”

അമ്മയോട് അത് പറയുമ്പോൾ അമ്മ തല കുമ്പിട്ട് ഒന്നും മിണ്ടാതെ പോയതെയുള്ളൂ…

” കുറഞ്ഞോ തലവേദന…”

കിടക്കാൻ മുറിയിലേക്ക് എത്തുമ്പോൾ ആണ് വീണ്ടും മീനുവിനോട് ചോദിച്ചത്…

” ഉറങ്ങിയോ…”

മറുപടി ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ വീണ്ടും ചോദിച്ചെങ്കിലും അപ്പോഴും മറുപടി ഒന്നും കിട്ടിയിരുന്നില്ല,..

പതിവുള്ളത് പോലെ പിറ്റേന്ന് രാവിലെ നാലു മണിക്ക് എഴുന്നേൽക്കുമ്പോൾ അവൾ ജന്നൽ കമ്പിയും പിടിച്ച് പുറത്തേക്ക് നോക്കിനിൽക്കുക ആയിരുന്നു..

” രാത്രി ഉറങ്ങിയില്ലേ…”

എന്റെ ചോദ്യം കേട്ടഭാവം നടിക്കാതെ മീനു നിൽക്കുമ്പോൾ പിന്നെയൊന്നും ചോദിക്കാൻ തോന്നിയില്ല, ഒരു ദീർഘ നിശ്വാസത്തോടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ മീനു അപ്പോഴും പുറത്തേക്ക് നോക്കി നിൽക്കുക ആയിരുന്നു..

“ഹ കുഞ്ഞ് എഴുന്നേറ്റോ,, ഇന്ന് ഞങ്ങൾ നോക്കികോളം പോയി കിടന്നോ…”

തൊഴുത്ത് വൃത്തിയാക്കാനും, പശുവിനെ കുളിപ്പിക്കാനും പുല്ല് ചെത്താനും ഒക്കെ വരുന്ന രമേട്ടനാണ് അത് പറഞ്ഞത്, പുളിയും, ഭാര്യയും എന്നും രാവിലെ എത്തും…

” ഒ അത് വേണ്ട…”

അത് പറഞ്ഞ് രാവിലത്തെ ഓരോ ജോലിയിലേക്ക് ഞാൻ കടന്നിരുന്നു, തൊഴുത്ത് വൃത്തയാക്കി, പശുവിനെയും കുളിപ്പിച്ച്, പാലും കറന്ന് പാൽ സൊസൈറ്റിയിൽ കൊണ്ട് പോകുന്നത് വരെ മീനുവിനെ പുറത്തേക്ക് കണ്ടില്ല…

” അവൾ എവിടെ അമ്മേ…”

പാൽ കൊടുത്ത് തിരികെ വന്ന് ചൂട് ചായ ഊതിയറ്റി കുടിക്കുമ്പോൾ ആണ് അമ്മയോട് ചോദിച്ചത്…

“അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല..”

അമ്മയുടെ ആ വാക്കുകളിൽ അൽപ്പം വിഷമം ഉണ്ടായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ മൂളിയത് മാത്രമേയുള്ളൂ….

രാവിലെ തന്നെ കടയിൽ പോയി കട്ടിലും ബെഡ്ഡും വീട്ടിൽ എത്തിച്ചു, ആഹാരം കഴിക്കാൻ പുറത്തേക്ക് ഇറങ്ങുന്നത് അല്ലാതെ മീനു പുറത്തേക്കും ഇറങ്ങിയിരുന്നില്ല, അന്ന് വൈകുന്നേരം തന്നെയാണ് അമ്മാവനും അമ്മായിയും വീട്ടിൽ വന്നത്, വന്നപ്പോൾ തൊട്ട് അമ്മായി അവൾക്കരികിൽ ഇരുന്ന് എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും മീനുവിന്റെ മുഖത്ത് ദേഷ്യം എന്ന ഭാവം മാത്രമേ ഉണ്ടായിരുന്നുള്ളു…

” മോനെ,,, ഞാൻ കാരണം നിന്റെ ജീവിതം കൂടി നശിക്കുമോ എന്നാണ് എന്റെ പേടി, എല്ലാത്തിനും കാരണം എന്റെ വാശിയാണ്,,,,, എന്റെയല്ലേ മോൾ ആ വാശി അവൾക്കും കിട്ടാതെ ഇരിക്കില്ലല്ലോ….”

പോകുന്നതിന് മുന്നേയാണ് അമ്മാവൻ എന്റെ ചുമലിൽ തട്ടി അത് പറഞ്ഞത്, പഴയ ദേഷ്യക്കാരനിൽ നിന്ന് ആള് ആകെ മാറിയിരിക്കുന്നു, ആദ്യമായിട്ടാണ് അദ്ദേഹം എന്നെ മോനെ എന്ന് വിളിക്കുന്നത്, ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു, ഇടയ്ക്ക് അദ്ദേഹം കണ്ണ് തുടയ്ക്കുന്നത് ഞാൻ കണ്ടില്ലെന്നും നടിച്ചു…

“അവൾക്ക് ഇതോകെ ഒന്ന് ഉൾക്കൊള്ളാൻ സമയം എടുക്കും അമ്മാവാ, അത് കഴിയുമ്പോൾ എല്ലാം ശരിയാകും, അമ്മാവൻ സമാധാനമായി ഇരിക്ക്…”

നടക്കില്ലെങ്കിലും അതല്ലാതെ വേറെ ഒന്നും പറയാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു….

ഏറെ നിർബന്ധിച്ചിട്ടും അന്ന് രാത്രിയും മീനു തറയിൽ ഷീറ്റ് വിരിച്ചാണ് കിടന്ന്. പിറ്റേന്നും രാവിലെ മുതൽ ഞാൻ ഓരോ ജോലികൾ തുടങ്ങിയെങ്കിലും അമ്മയെ സഹായിക്കാൻ പോലും മീനു മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നില്ല…

“എനിക്ക് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല…. ഞാൻ ശ്രമിക്കുന്നുണ്ട് എന്നിട്ടും എനിക്ക്…..”

കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടാണ് മീനു അത് പറഞ്ഞ് എന്നോട് സംസാരിക്കുന്നത്…

“ഇനിയും ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും…ഒന്നുകിൽ എനിക്ക് ഡിവോഴ്സ് വേണം, അല്ലെങ്കിൽ  എന്നെ ജോലിക്ക് വിടണം….”

അവൾ പുറത്തേക്ക് നോക്കി അത് പറയുമ്പോൾ ഏറെ നേരം ഞാൻ മിണ്ടാതെ ഇരുന്നു…

“നി ഒരു വാശിപ്പുറത്താണ് ഈ കല്യാണത്തിന് സമ്മതിച്ചത് എന്നെനിക്ക് അറിയാം, ആ വാശി തീരുന്നത് വരെയെ ഈ ബന്ധം നിൽക്കുള്ളൂ എന്നും എനിക്ക് അറിയം. അതൊകൊണ്ട് തന്നെ ഞാൻ ഏറെയൊന്നും പ്രതീക്ഷിച്ചിട്ടും ഇല്ല…”

ഞാൻ അത് പറയുമ്പോൾ തല ചരിച്ചവൾ എന്നെ നോക്കി….

“ഈ മുറിയിൽ നിന്ന് പോലും പുറത്ത് ഇറങ്ങാത്ത നി എന്ത് ശ്രമിച്ചു നോക്കി എന്ന് എനിക്ക് മനസ്സിലായില്ല, അതുപോട്ടെ ജോലിക്ക് വിട്ടാലും നിനക്ക് എന്നെ ഭർത്തവയിട്ട് ഉൾക്കൊള്ളാൻ കഴിയുമെന്ന് എനിക്ക്  ഉറപ്പൊന്നും ഇല്ല….

ഞാൻ ഒരു പത്താം ക്ലാസ്സുകാരനും, നി ഒരുപാട് പഠിച്ചവളും ആണ്, എനിക്ക് പശുവും, കൃഷിപ്പണിയും ആണ്, എന്നിൽ എപ്പോഴും മണ്ണിന്റെയും, ചാണകത്തിന്റെയും, വിയർപ്പിന്റെയും നാറ്റം ആണ്, നി ഇഷ്ട്ടപ്പെടുന്നത് വില കൂടിയ പെർഫ്യൂമിന്റെ മണം ആകും,,, നമ്മൾ ഒരു തരത്തിലും യോജിക്കില്ല മീനു….

നിന്നെ ഇവിടെ തളച്ചിടൻ എനിക്ക് ആഗ്രഹം ഇല്ല, നിനക്ക് ഇഷ്ടം ഉള്ളത് പോലെ തീരുമാനം എടുക്കാം….”

ഞാൻ പറഞ്ഞ് നിർത്തുമ്പോൾ കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല..

“എനിക്ക് ഒരു ജോലി റെഡിയായിട്ടുണ്ട് ചെന്നൈയിൽ ആണ്…”

അവളുടെ വായിൽ നിന്ന് അന്ന് ആദ്യമായി ദേഷ്യം കലരാത്ത വാക്കുകൾ പുറത്തേക്ക് വന്നു…

“അപ്പൊ എല്ലാം തീരുമാനിച്ചു വച്ചേക്കുക ആയിരുന്നു അല്ലേ…”

അത് പറഞ്ഞ് ഞാൻ കട്ടിലിൽ കിടക്കുമ്പോൾ പിന്നെയൊന്നും മിണ്ടാതെ അവൾ ഭിത്തിയും ചാരി നിന്നതെയുള്ളൂ…

പിറ്റേന്ന് ഞാൻ എഴുന്നേൽക്കുമ്പോൾ അവൾ തുണികൾ അടുക്കി ബാഗിൽ വയ്ക്കുക ആയിരുന്നു. ജോലിക്ക് പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ല…

“എന്നെയൊന്ന് ബസ്സ് സ്റ്റോപ്പ് വരെ ആക്കണെ…”

ഞാൻ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ ആണ് അവളത് പറഞ്ഞത്, ഞാൻ ഒന്ന് മൂളിയതെയുള്ളൂ. ഞാൻ ബാത്റൂമിലെ പോയി വരുമ്പോഴേക്കും അവൾ പോകാൻ റെഡിയായി ബാഗുമായി ഇറങ്ങിയിരുന്നു….

“ഇതെങ്ങോട്ടാ രാവിലെതന്നെ….”

മീനുവിനെ കണ്ടപ്പോഴാണ് രാമേട്ടൻ അത് ചോദിച്ചത്…

” ഇവൾക്ക് ഒരു ജോലി റെഡിയായിട്ടുണ്ട്, നാളെ തന്നെ ജോയിൻ ചെയ്തില്ലേൽ അത് പോകും നല്ലൊരു ജോലി എന്തിനാ കളയുന്നത്…”

മീനു എന്തേലും പറയും മുൻപേ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു, അവൾ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ബസ്സ് സ്റ്റാൻഡിൽ ചെന്ന് അവളെ ബസ്സ് കയറ്റി വിടുമ്പോൾ രണ്ടാളുടെയും മനസ്സ് എന്തോ പറയാൻ കൊതിച്ചെങ്കിലും രണ്ടാളും കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് പിരിയുക ആയിരുന്നു….

അന്ന് രാത്രി കിടക്കുമ്പോൾ നോട്ടം വെറുതെ മീനു എന്നും കിടക്കാറുള്ള സ്ഥലത്തേക്കും, അവൾ എപ്പോഴും നിൽക്കാറുള്ള  ജന്നലിന്റെ അരികിലേക്കും വെറുതെ പോയി. എഴുന്നേറ്റ് ആ ജന്നൽ കമ്പി പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ നഷ്ടബോധം തോന്നി തുടങ്ങി, മീനുവിൽ നിന്ന് ഇതുവരെ സ്നേഹത്തോടെ ഒരു നോട്ടമോ വാക്കോ കിട്ടിയിരുന്നില്ലെങ്കിലും ഉള്ളിൽ എവിടെയോ അവളോട് ഇഷ്ടം ഉണ്ടായിരുന്നെന്ന സത്യം മനസ്സിലാക്കുക ആയിരുന്നു….

പിന്നെയും പതിവുപോലെ ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു, അവൾ പോയി കഴിഞ്ഞ് ഒരു ദിവസം അമ്മയെ വിളിച്ച നമ്പർ എന്റെ മൊബൈലിലേക്ക് സേവ് ചെയ്തിടുമ്പോൾ ഒരിക്കലും അതിലേക്ക് വിളിക്കണമെന്ന് കരുതിയിരുന്നതല്ല..

നിലാവുള്ള ആ രാത്രി തുറന്ന ജന്നലിലൂടെ അകത്തേക്ക് അരിച്ചിറങ്ങിയ നിലാവെട്ടത്തിൽ മീനുവിനെ ഓർമ്മ വന്നപ്പോഴാണ് ആ നമ്പറിലേക്ക് കാൾ ചെയ്തത്. അവൾ ഫോൻ എടുക്കില്ല എന്ന ഉറപ്പോടെയാണ് മൊബൈൽ ചെവിയിലേക്ക് വച്ചത് ഒന്നാമത്തെ ബെൽ അടിച്ചു തീരും മുന്നേ മുറുതലയ്ക്ക് നിന്ന് നേർത്ത ശബ്ദം കേട്ടു…

“ഹലോ…”

അത് കേട്ടപ്പോഴേക്കും ഉള്ളിൽ എവിടെയോ ഒരു ആന്തൽ ആയിരുന്നു…

” ഞാനാണ്…”

ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ മറുതലയിൽ നിന്ന് മൂളൽ മാത്രമേ ഉണ്ടായിരുന്നുള്ളു…

” സുഖമാണോ…”

അതിനും മറുപടി മൂളലിൽ ഒതുക്കി അവൾ…. അവൾ ഒന്നും ചോദിച്ചില്ലെങ്കിലും നാട്ടിലെ വിശേഷങ്ങൾ പറയുന്നതിനൊപ്പം അവളുടെ വിശേഷങ്ങളും തിരക്കി, എല്ലാം ഒരു മൂളലിൽ ഒതുക്കുമ്പോൾ ഞാനും സംസാരം നിർത്തി….

  “സുഖമാണോ….”

കാൾ കട്ട് ചെയ്യും മുൻപേ അവളുടെ ആ ചോദ്യം മാത്രം മതിയായിരുന്നു എനിക്ക് സന്തോഷിക്കാൻ, ആ കാൾ അവസാനിക്കുമ്പോൾ അവളുടെ ശബ്ദത്തിൽ പഴയ ദേഷ്യം ഇല്ലെന്ന് എനിക്ക് മനസ്സിലായിരുന്നു…

പിറ്റേന്ന് രാവിലെ തുടങ്ങിയ മഴ  രാത്രി  ആയിട്ടും തോർന്നിരുന്നില്ല, കണ്ണുകളിൽ ഉറക്കം പിടിച്ചു വരുമ്പോഴാണ് ആരോ ശക്തമായി വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്, പെട്ടെന്ന് എഴുന്നേറ്റ് വാതിൽ തുറക്കുമ്പോൾ മഴയിൽ നനഞ്ഞ് കുളിച്ച് കയ്യിൽ ഒരു ബാഗുമായി നിൽക്കുകയാണ് മീനു….

” മഴ നനഞ്ഞങ്ങനെ നിൽക്കല്ലേ മോളെ പനി പിടിക്കും….”

ഞങ്ങളുടെ കണ്ണുകൾ പര്സപരം ഉടക്കുമ്പോഴാണ് അത് പറഞ്ഞമ്മ അരികിലേക്ക് വന്നത്…

” അത് സരമില്ലമ്മേ ഞാൻ ഒന്ന് കുളിക്കട്ടെ….”

തോർത്ത് കൊണ്ട് വന്ന അമ്മയുടെ കൈകൾ തടഞ്ഞ് അതും പറഞ്ഞവൾ കുളിക്കാൻ കയറിയപ്പോൾ എന്താണ് അവൾക്ക് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല. കുളിച്ചു വരുമ്പോഴേക്കും അമ്മ അവൾക്കായി ചപ്പാത്തി ഉണ്ടാക്കിയിരുന്നു, അന്ന് ആദ്യമായി അവൾ സന്തോഷത്തോടെ ഇരിക്കുന്നത് ഞാൻ കണ്ടു….

അവൾ ഭക്ഷണം കഴിച്ചു കിടക്കാൻ വരും മുൻപേ ഞാൻ കിടന്നിരുന്നു. മീനു മുറിയിൽ കയറി വാതിൽ അടച്ച ശേഷം കട്ടിലിൽ വന്നിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, മീനു അരികിൽ ഇരുന്നപ്പോൾ ഞാൻ എഴുന്നേറ്റ് അവളിൽ നിന്ന് അൽപ്പം മാറി ഇരുന്നു….

” കഴിഞ്ഞ ദിവസം ആ സമയത്ത് വിളിച്ചില്ലയിരുന്നെങ്കിൽ ചിലപ്പോൾ ഈ സമയത്ത് എന്റെ തണുത്ത് മരവിച്ച ശരീരം കാണാമായിരുന്നു…”

തല കുമ്പിട്ട് തറയിലേക്ക് നോക്കി അവൾ പറയുമ്പോൾ ഞാൻ സംശയത്തോടെ അവളെ നോക്കിയിരുന്നു..

” അതേ സത്യം, എനിക്ക് അവനെ അത്രമേൽ ഇഷ്ടം ആയിരുന്നു, അവൻ പോയ വാശിക്ക് തന്നെയാണ് ഈ വിവാഹത്തിന് സമ്മതിച്ചതും, എന്നാൽ അത് കഴിഞ്ഞപ്പോഴേക്കും എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്‌ഥ ആയിരുന്നു….

എന്റെ അവസ്‌ഥ എനിക്കത് ആരോടും പറഞ്ഞറിയിക്കാൻ  കഴിയില്ലായിരുന്നു, ഞാനും അതിന് ശ്രമിച്ചില്ല, എനിക്ക് ജോലി കിട്ടി എന്നൊക്കെ വെറുതെ പറഞ്ഞതാ നിങ്ങളുടെയൊക്കെ സ്നേഹം കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത കുറ്റബോധം ആണ് തോന്നുന്നത്, അതുകൊണ്ട് തന്നെയാണ് ഈ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാതെ ഇരുന്നതും….”

മീനു കണ്ണുനീർ തുടച്ച് കൊണ്ട് പറയുമ്പോൾ ഒന്നും മിണ്ടാതെ ഞാൻ കേട്ടിരുന്നു…

” അവിടെ ആദ്യം നിന്ന് ഹോസ്റ്റലിൽ ആയിരുന്നു ഇത്രയും ദിവസം, ആകെ കുറ്റബോധവും വിഷമവും എല്ലാം കൂടി കയറിയപ്പോൾ ഈ ജീവിതം അങ്ങു അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്, ഉറക്ക ഗുളിക എല്ലാം കൂടി കയ്യിൽ തട്ടിയിട്ടപ്പോൾ ആണ് ആ കാൾ വന്നത്,  സുഖമാണോ എന്നെങ്കിലും ചോദിക്കാൻ ഒരാൾ ഉള്ളത്തിലും വല്യ സന്തോഷം എന്താ.. ആ ചോദ്യത്തിന് നമ്മുടെ ജീവന്റെ വില ഉണ്ടെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്….”

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വാക്കുകൾ കിട്ടാതെ അവൾ പൊട്ടി കരഞ്ഞു തുടങ്ങി, എന്ത് ചെയ്യണം എന്നറിയാതെ വിറയ്ക്കുന്ന കൈകൾ അവളുടെ ചുമലിലേക്ക് വയ്ക്കുമ്പോൾ പൊട്ടി കരഞ്ഞുകൊണ്ടവൾ എന്റെ ചുമലിലേക്ക് മുഖം ചേർത്ത് കരഞ്ഞു തുടങ്ങി….

അവളുടെ മനസ്സ് ശാന്തമാകുന്നത് വരെ അവളെ ചേർത്ത് പിടിച്ച് ഞാനും ഇരുന്നു…..

✍️ ശ്യാം….