എന്ത് കഷ്ടമാണ് അയാളുടെ കാര്യം. നമ്മുടെ ഫ്ളാറ്റിൻ്റെ കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ടാൽ ഉടനെ തന്നെ അയാളുടെ…

Story written by Saji Thaiparambu

============

കോളിങ്ങ് ബെല്ല് കേട്ട് സ്വാതി ചെന്ന് ഡോറ് തുറന്നു

മിന്ത്രയിൽ നിന്ന് വന്ന ഡെലിവറി ബോയി ആയിരുന്നത്

മേഡം..റ്റു തൗസൻ്റ് എയിറ്റ് ഹൺഡ്രഡ്

ഓകെ, വൺ മിനുട്ട്

അവൾ അകത്ത് പോയി പൈസയെടുത്ത് ഡെലിവറി ബോയ്ക്ക് കൊടുത്തിട്ട് ഡോറടയ്ക്കാനൊരുങ്ങുമ്പോഴാണ് എതിർവശത്തെ ഫ്ളാറ്റിലെ താമസക്കാരനായ മദ്ധ്യവയസ്ക്കൻ തുറിച്ച് നോക്കി നില്ക്കുന്നത് അവൾ കണ്ടത്

ഇയാൾക്കിതെന്തിൻ്റെ കേടാ…?

അനിഷ്ടത്തോടെ അവൾ വാതില് കൊട്ടിയടച്ചു.

എന്ത് കഷ്ടമാണ് അയാളുടെ കാര്യം. നമ്മുടെ ഫ്ളാറ്റിൻ്റെ കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ടാൽ ഉടനെ തന്നെ അയാളുടെ ഫ്ളാറ്റിൻ്റെ ഡോറ് തുറന്ന് നേരെ വാതില്ക്കൽ മാറിയങ്ങ് നില്ക്കും. ഇവിടെ ഇന്നലെ സ്വിഗ്ഗിയിലെയും മീശോയിലെയും ഡെലിവറി ബോയ്സ് വന്നിരുന്നു. അപ്പോഴും ഇതായിരുന്നു അവസ്ഥ. വരുന്നവർ സാധനം തന്നിട്ട് ഉടനെ തന്നെ തിരിച്ച് പോകും. പക്ഷേ അവര് പോകുന്നത് വരെ അയാളവിടെ തന്നെ തുറിച്ച് നോക്കി ഒരു നില്പുണ്ട്, ഒരു മാതിരി പെണ്ണുങ്ങളെ കാണാത്തത് പോലെ…എൻ്റെ അച്ഛൻ്റെ പ്രായമുണ്ടയാൾക്ക്, ഇല്ലെങ്കിൽ ഞാൻ രണ്ട് പറഞ്ഞേനെ…

വൈകുന്നേരം ഭർത്താവ് വിളിച്ചപ്പോൾ സ്വാതി തൻ്റെ അരിശം മുഴുവൻ അയാളോട് പറഞ്ഞു.

ഓഹ് നീയത് മൈൻഡ് ചെയ്യണ്ട സ്വാതീ…ചിലരങ്ങനാ പ്രായമാകുമ്പോൾ മോഹങ്ങൾ കൂടുമെന്നാണ് പറയുന്നത്…

അല്ല അവിടെ അയാൾ തനിച്ചേയുള്ളോ?

ഞാനയാളെ മാത്രമേ കണ്ടിട്ടുള്ളു, ചിലപ്പോൾ മക്കളൊക്കെ വിദേശത്തായിരിക്കും. അച്ഛൻ്റെ സ്വഭാവമറിയാവുന്നത് കൊണ്ട് ഇവിടെ ഫ്ളാറ്റിൽ നിർത്തിയിട്ട് പോയതായിരിക്കും…

ശരി, അങ്ങനെയാണെങ്കിൽ നീയൊന്ന് സൂക്ഷിച്ചോ ?നോക്കി നോക്കി ഒടുവിൽ, നീ തനിച്ചേ ഉള്ളെന്നറിയുമ്പോൾ ചിലപ്പോഴയാൾ മിസ് ബിഹേവ് ചെയ്യാൻ സാധ്യതയുണ്ട്

കൊള്ളാം ചേട്ടാ…എന്നെയിവിടെ തനിച്ചാക്കി പോയിട്ട്, ഇപ്പോൾ വിളിച്ച് പേടിപ്പിക്കുന്നോ? പിറ്റേ ദിവസം വരാമെന്ന് പറഞ്ഞ് പോയതല്ലേ ? അത് കൊണ്ടല്ലേ ഞാൻ നാട്ടിലേക്ക് പോകാതെ ഇവിടെ തന്നെ നിന്നത്. എന്നിട്ടിപ്പോൾ ആഴ്ച ഒന്നായി. ഇനിയെപ്പോഴാ തിരിച്ച് വരുന്നത്?

മനപ്പൂർവ്വമല്ലല്ലോ സ്വാതി, വന്ന കാര്യം നടക്കാതെ തിരിച്ച് വന്നാൽ രൂപയെത്രയാ നഷ്ടം വരുന്നതെന്നറിയാമോ ? നീ ടെൻഷനാവണ്ടാ…ങ്ഹാ പിന്നെ , ഇനി കോളിങ്ങ് ബെല്ല് കേട്ടാൽ നീ ഡോറിൻ്റെ ലെൻസിലൂടെ നോക്കി അയാളല്ലെന്ന് ഉറപ്പ് വരുത്തിയിട്ട് ഡോറ് തുറന്നാൽ മതി

ഓകെ, ചേട്ടാ..കഴിയുന്നതും നേരത്തെ വരണേ

ഓകെ…ഡൺ ,ഞാൻ നാളെ വിളിക്കാം

ബാംഗ്ളൂരിലൊരു സ്വകാര്യ കമ്പനിയിൽ സി ഇ ഒ ആയ ജീവന്, കമ്പനി തന്നെ അറേഞ്ച് ചെയ്ത ഫ്ളാറ്റായിരുന്നു അത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും സ്വാതിക്ക് നാട്ടിലെ കോളേജിൽ കോഴ്സ് കംപ്ളീറ്റ് ചെയ്യാനുള്ളത് കൊണ്ടാണ് അവളെയിത് വരെ അയാൾ ഫ്ളാറ്റിലേക്ക് കൊണ്ട് വരാതിരുന്നത്

ഇപ്പോൾ വെക്കേഷനായത് കൊണ്ടാണ് കുറച്ച് ദിവസം ഭർത്താവിനോടൊപ്പം നില്ക്കാനായി അവൾ ബാംഗ്ളൂരെത്തിയത്

പക്ഷേ പിറ്റേ ദിവസം കമ്പനിയുടെ ബിസ്സിനസ്സാവശ്യത്തിനായി ഡയറക്ടറോടൊപ്പം ഡൽഹിയിലേക്കയാൾക്ക് പോകേണ്ടി വന്നപ്പോൾ മറ്റ് മാർഗ്ഗമില്ലാതെ സ്വതിക്ക് ഫ്ളാറ്റിൽ തന്നെ നില്ക്കേണ്ടി വന്നു,

സാധാരണ പോയാൽ പിറ്റേ ദിവസം തന്നെ മടങ്ങി വരാറാണ് പതിവ്. അത് കൊണ്ടാണ് തിരിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ സ്വാതിയെ അയാൾ പിന്തിരിപ്പിച്ചത്…

കുറെ നേരം ടിവി കണ്ടും ഓൺലൈനിൽ കയറിയുമൊക്കെ ബോറടിച്ചപ്പോൾ അവൾ നേരത്തെ ഉറങ്ങാനായി കട്ടിലിലേയ്ക്ക് കിടന്നു.

കുറച്ച് കഴിഞ്ഞപ്പോൾ കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ട് അവളൊന്ന് ഞെട്ടി

ആരായിരിക്കും ഈ രാത്രിയിൽ ?

അവളുടെ ഉള്ളിൽ ആശങ്ക നിഴലിച്ചു

വീണ്ടും തുടർച്ചയായി കോളിങ്ങ് ബെല്ലടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ ഡോറിനടുത്തെത്തി ലെൻസിലൂടെ പുറത്തേയ്ക്ക് നോക്കി

പുറത്ത് നില്ക്കുന്നയാളെ കണ്ടവൾ വീണ്ടും ഞെട്ടി.

ഒരു കൈലിമുണ്ട് മാത്രമുടുത്ത് അർദ്ധനഗ്നനായി നില്ക്കുന്ന അയാളെ കണ്ട് അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി

അവൾ വാതിലിൻ്റെ ലോക്ക് ഭദ്രമാണെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ചിട്ട് തിരിച്ച് ബെഡ് റൂമിലേക്ക് പോയി മുറിയുടെ വാതിലും ഭദ്രമായടച്ചിട്ട് കോളിങ്ങ് ബെല്ലിൻ്റെ ശബ്ദം കേൾക്കാതിരിക്കാൻ ഇയർഫോണെടുത്ത് ചെവിയിൽ വച്ചിട്ട് മൊബൈലിൽ കണക്ട് ചെയ്ത് ജീവൻ്റെ ഫോണിലേക്ക് വിളിച്ചു.

പക്ഷേ എന്ത് കൊണ്ടോ കോള് പോകുന്നില്ല…എന്ത് ചെയ്യണമെന്നറിയാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ച് കട്ടിലിൽ കമിഴ്ന്ന് കിടന്നു

ആ കിടപ്പിൽ ഉറങ്ങിപ്പോയ അവൾ ഫോണിൻ്റെ റിങ്ങ്ടോൺ കേട്ടാണ് ഉണരുന്നത്

അപ്പോഴേക്കും നേരം വെളുത്തിരുന്നു

ജീവൻ്റെ കോളായിരുന്നു അത്. അവൾ വേഗം കോൾ അറ്റൻറ് ചെയ്തു.

ങ്ഹാ സ്വാതീ…അവിടുത്തെ സെക്യൂരിറ്റിക്കാരൻ എന്നെ കുറച്ച് മുൻപ് വിളിച്ചിരുന്നു, ഇന്നലെ രാത്രിയിൽ ആ മദ്ധ്യവയസ്കൻ നമ്മുടെ ഫ്ളാറ്റിലെ കോളിങ്ങ് ബെല്ല് കുറെ പ്രാവശ്യമടിച്ചിട്ടും നീ ഡോറ് തുറന്നില്ലെന്നും പറഞ്ഞ്

ശരിയാ ചേട്ടാ…അയാളിന്നലെ രാത്രിയിൽ വന്നിരുന്നു. ഞാനാകെ പേടിച്ച് പോയി. ചേട്ടൻ പറഞ്ഞത് കൊണ്ടാണ്, ഞാൻ ഡോറ് തുറക്കാതിരുന്നത്

പക്ഷേ സ്വാതീ…അയാള് വന്നത് നിന്നോടൊരു സഹായം ചോദിക്കാനായിരുന്നു, പൂർണ്ണ ഗർഭിണിയായിരുന്ന അയാളുടെ മകള് പ്രസവവേദന കൊണ്ട് പുളഞ്ഞപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാനായി നീ കൂടെ ചെല്ലുമോയെന്ന് ചോദിക്കാനാണ് അയാൾ ബെല്ലടിച്ച് കാത്ത് നിന്നത്

ങ് ഹേ അയാൾക്കു് മകളുണ്ടായിരുന്നോ?അതും ഗർഭിണിയായ മകൾ

അതെ സ്വാതീ…ഞാനാ ഫ്ളാറ്റിൽ വന്നിട്ട് അധിക കാലമായില്ലല്ലോ ? മാത്രമല്ല, രാവിലെ അവിടുന്നിറങ്ങിയാൽ തിരിച്ച് ചെല്ലുന്നത് രാത്രി എപ്പോഴെങ്കിലുമായിരിക്കും, അത് കൊണ്ട്, അടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന ആരുമായിട്ടും എനിക്ക് യാതൊരു കോൺടാക്ടുമില്ലായിരുന്നു, നിനക്കൊരു കാര്യമറിയുമോ?അയാളൊരു മലയാളിയാണ്, ഭാര്യയും ബുദ്ധിമാന്ദ്യമുള്ളൊരു മകളുമായിരുന്നു അയാളുടെ കൂടെ ഉണ്ടായിരുന്നത്. ഒരു ദിവസം മകളെ ഫ്ളാറ്റിൽ തനിച്ചിരുത്തിയിട്ട്, അവർ പുറത്ത് പോയിട്ട് തിരിച്ച് വന്നപ്പോൾ, മകൾ ബോധംകെട്ട് കിടക്കുന്നതാണ് കണ്ടത്. അങ്ങനെ ഹോസ്പിറ്റലിലെത്തിച്ചപ്പോഴാണറിയുന്നത് മകളെ ആരോ റേ-പ്പ് ചെയ്തെന്ന്

ങ് ഹേ, എന്താ പറഞ്ഞത്?

അതെ സ്വാതീ…തകർന്ന് പോയ അവർ, പോലീസ് അന്വേഷണത്തിൽ പിന്നീടറിഞ്ഞു, അത് ചെയ്തത് അവിടെയെത്തിയ ഒരു ഡെലിവറി ബോയി ആയിരുന്നെന്ന്…

ഒരു മാസത്തിന് ശേഷമാണ് മകൾ ഗർഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം കൂടി അവരറിയുന്നത്

വീണ്ടുമൊരു ഷോക്ക് താങ്ങാനാവാതെ അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തപ്പോൾ മനസ്സ് മരവിച്ചയാളിരുന്നു പോയി

പിന്നെ ഗർഭിണിയായ മകളെയും നോക്കി ആ ഫ്ളാറ്റിൽ തന്നെ അയാൾ കഴിച്ച് കൂട്ടി, അതിന് ശേഷമാണ് ഡെലിവറി ബോയിസിനെ അയാൾ സംശയത്തിൻ്റെ നിഴലിൽ നിർത്തിയത്, അത് കൊണ്ട് മാത്രമായിരുന്നു , നമ്മുടെ ഫ്ളാറ്റിൻ്റെ കോളിങ്ങ് ബെല്ല് കേൾക്കുമ്പോൾ, അയാളിറങ്ങി വന്ന് വാതില്ക്കൽ നോക്കി നിന്നിരുന്നത്. അത് നീ തനിച്ചാണെന്നറിയാവുന്നത് കൊണ്ടായിരുന്നു

നേരാണോ ചേട്ടാ ഈ പറയുന്നത് ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല,

അതെ സ്വാതീ…ഞാനും നീയുമൊക്കെ കാര്യമറിയാതെ അയാളെ വെറുതെ സംശയിച്ചു,

നേരാ ചേട്ടാ ….എന്നിട്ടയാൾ മകളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയൊ?

ഉം , അയാൾ പിന്നെ സെക്യൂരിറ്റിയെ വിളിച്ച് പറഞ്ഞപ്പോൾ, ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് അറേഞ്ച് ചെയ്തു കൊടുത്തു, പക്ഷേ പോകാൻ നേരം അയാൾ സെക്യൂരിറ്റിയോട് മറ്റൊരു കാര്യം പറഞ്ഞു

അതെന്താ ചേട്ടാ..

നമ്മുടെ ഫ്ളാറ്റിൽ നീ തനിച്ചേയുള്ളെന്നും, അത് കൊണ്ട് ഞാൻ തിരിച്ചെത്തുന്നത് വരെ, നമ്മുടെ ഫ്ളാറ്റിലേക്ക് ഒരു കണ്ണ് വേണമെന്നും,

ഓഹ് ചേട്ടാ…എനിക്ക് സങ്കടം വരുന്നു. നമ്മളുമായിട്ട് യാതൊരു ബന്ധമോ കടപ്പാടോ ഇല്ലാത്തൊരാള്, നമ്മുടെ കാര്യത്തിൽ എത്ര ഉത്ക്കണ്ഠയാ കാണിച്ചത്? എന്നിട്ടും നമ്മളയാളെ മനസ്സിലാക്കാതെ പോയല്ലോ ?ഒരു പക്ഷേ, അയാൾക്ക് കൂട്ട് ചെല്ലാനായിരിക്കില്ല, ഇന്നലെ അയാൾ എന്നെ വന്ന് വിളിച്ചത്, അയാളും മകളും പോയി കഴിയുമ്പോൾ, ഞാൻ തനിച്ചാകുമെന്ന് കരുതി, കൂടെ കൊണ്ട് പോകാമെന്ന് വിചാരിച്ചിട്ടുണ്ടാവും…

അതെ സ്വാതി…അത് തന്നെയാവും…

വേദനയോടെ ജീവനത് ശരിവച്ചു.

NB : ശരിയാണ്, തിരക്കിൽ നിന്നും തിരക്കിലേക്കുള്ള നമ്മുടെ ഓട്ടപ്പാച്ചിലിനിടയിൽ, അതുമല്ലെങ്കിൽ തെറ്റിദ്ധാരണയുടെ പേരിൽ തൊട്ട് മുന്നിലുള്ളവരെ പോലും നമ്മൾ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.

~സജി തൈപ്പറമ്പ്.