എന്നാൽ ആരോ പറഞ്ഞ് അറിഞ്ഞ് അന്ന് വൈകുന്നേരം അമ്മവന്മാരും വല്യച്ഛമാരും വീട്ടിൽ ഹാജരായി…

പ്രിയം

എഴുത്ത്: ദേവാംശി ദേവ

==========

“ഇല്ല…പേരുകേട്ട നായർ തറവാടാണ് ഞങ്ങളുടേത്…അതുകൊണ്ട് തന്നെ ഞങ്ങളുടെ കുട്ടിയെ ഒരു താ ഴ്ന്ന ജാ തിക്കാരന് കെട്ടിച്ചു കൊടുക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല.”

അനൂപ് തന്റെ അമ്മയുടെ കൈയ്യും പിടിച്ച് ആ വീടിന്റെ പടി ഇറങ്ങുമ്പോൾ അകത്തളത്തിലെ ജനലിന്റെ പുറകിൽ നിറഞ്ഞ കണ്ണുകളുമായി ഒരു പെണ്ണ് ഉണ്ടായിരുന്നു..

കുട്ടിക്കാലം മുതൽ ഉള്ളിൽ കൊണ്ടു നടന്നൊരിഷ്ടം തുറന്ന് പറയാൻ കഴിവില്ലാതെ പോയൊരുവൾ..

വിദ്യ…

അച്ഛന്റെ മരണത്തോടെ അമ്മാവൻമാരുടെയും വല്യച്ചന്മാരുടെയും നിയന്ത്രണത്തിൽ ജീവിച്ചൊരു അമ്മ..

എന്തിനും ഏതിനും അവരുടെ അഭിപ്രായങ്ങൾ ചോദിച്ചു മാത്രം ജീവിക്കാൻ ആണ് അവർ ഇഷ്ടപ്പെട്ടത്..സ്വന്തമായി ഒരു തീരുമാനം എടുക്കാനോ അതിന്റെ പുറകിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് ഏറ്റെടുക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല..

അമ്മാവന്റെ മകളുമായി  വിവാഹം ഉറപ്പിച്ച്  അവരുടെ ചൊല്പ്പടിക്ക് നിൽക്കുന്ന ഒരേ ഒരു ഏട്ടൻ..

അതിന്റെയൊക്കെഫലം അനുഭവിച്ചത് വിദ്യ എന്ന മകൾ ആയിരുന്നു, അനിയത്തിയായിരുന്നു..

പത്താം ക്ലസ്സിൽ “എല്ലാ കുട്ടികളും ടൂർ പോകുന്നു തനിക്കും പോകണം” എന്ന് പറഞ്ഞപ്പോൾ” അമ്മാവന്മാരും വല്യച്ഛൻമാരും സമ്മതിച്ചാൽ പോയാൽ മതി” എന്ന് ആയിരുന്നു അമ്മയുടെ മറുപടി..

“പെൺകുട്ടികൾ അങ്ങനെ കണ്ടിടം നിരങ്ങുന്ന രീതി നമ്മുടെ തറവാട്ടിൽ ഇല്ല.” എന്ന് പറഞ്ഞ വല്യച്ഛൻ തന്നെയാണ് രണ്ട് വർഷങ്ങൾക്ക് ശേഷം സ്വന്തം മകളെ ബാംഗ്ലൂർ, മൈസൂർ ടൂറിന് ഒരാഴ്ച വിട്ടത്. അന്ന് അവൾക്ക് കൊണ്ടുപോകാൻ ഉത്സാഹത്തോടെ ചിപ്സും ഉണ്ണിയപ്പവുമൊക്കെ ഉണ്ടാക്കിയത് തന്റെ അമ്മ തന്നെയായിരുന്നു.

നല്ല മാർക്കോടെ പ്ലസ് ടു ജയിച്ചിട്ടും മെഡിസിന് പോകാൻ ആഗ്രഹിച്ചപ്പോഴും എതിര് നിന്നത് ഈ കുടുംബക്കാർ തന്നെ ആണ്.

“അഞ്ചു കൊല്ലം മെഡിസിൻ പഠിപ്പിക്കാൻ ഒന്നും നിൽക്കണ്ട…പെൺകുട്ടിയ…ഡിഗ്രി കഴിഞ്ഞാൽ ഉടനെ നല്ലൊരു പയ്യനെ നോക്കി കല്യാണം നടത്തണം..” എല്ലാവരും ഒരുമിച്ച് പറഞ്ഞപ്പോൾ ആ സ്വപ്നവും നഷ്ടപ്പെട്ടു..

ഡിഗ്രി ഫസ്റ്റ് സെമിന്റെ എക്സാം സമയത്ത് ആണ് അമ്മായി സ്റ്റോണിന്റെ സർജറിക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നത്..

രാത്രി അമ്മായിയുടെ കൂടെ ആശുപത്രിയിൽ നിൽക്കുന്ന ജോലി തനിക്ക് ആയിരുന്നു..ഹോസ്പിറ്റലിൽ നിന്ന് രാവിലെ വീട്ടിൽ വന്ന് ഫ്രഷ് ആയ ശേഷം ആണ് കോളേജിലേക്ക് പോകേണ്ടത്..

എത്ര ഓടിപ്പിടിച്ചെത്തിയിട്ടും അന്ന് ബസ് മിസ്സായി..നാട്ടിൻപ്പുറം ആയതുകൊണ്ട് തന്നെ  ഇനി ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ ബസ്സ് ഉണ്ടാകു..എക്സാം മിസ് ആകും എന്ന് ഓർത്ത് നിൽക്കുമ്പോൾ ആണ് കൂടെ പഠിക്കുന്ന വിനീഷ് ബൈക്കിൽ പോയത്..തന്നെ കണ്ട് നിർത്തി..ബസ് പോയെന്ന് പറഞ്ഞപ്പോൾ ലിഫ്റ്റ് തന്നു..

എന്നാൽ ആരോ പറഞ്ഞ് അറിഞ്ഞ് അന്ന് വൈകുന്നേരം അമ്മവന്മാരും വല്യച്ഛമാരും വീട്ടിൽ ഹാജരായി..

“കുടുംബത്തിന്റെ മാനം കളയാൻ നീ ഇനി പഠിക്കാൻ പോകണ്ട” എന്ന് വിധിയും എഴുതി..

അവസാന ആശ്രയം എന്ന നിലയിൽ ആണ് ഏട്ടനോട് പറഞ്ഞത്..

തന്റെ പ്രണയിനി ആയ വല്യമ്മാവന്റെ ബാംഗ്ലൂർ നഴ്‌സിങ് പഠിക്കുന്ന മകളുമായി ഫോണിൽ സംസാരിക്കുന്ന ഏട്ടൻ “അമ്മാവൻ പറയുന്നത് അനുസരിച്ചാൽ മതി ” എന്ന് പറഞ്ഞു നിർത്തി..

പിന്നെ വീടും അമ്പലവും ആയിരുന്നു ലോകം..

കുട്ടിക്കാലത്തെ കണ്ടു വളർന്ന ഒരേ നാട്ടുകാർ ആയിരുന്നു ഞാനും അനൂപും…അമ്മ മാത്രമേ അനൂപിനുള്ളു..പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു കൂലി പണിക്കാരൻ. നാട്ടിലെ എന്ത് കാര്യത്തിനും മുന്നിൽ നിൽക്കുന്ന അനൂപ് എന്നോ മനസ്സിൽ കുടിയേറിയത് ആണ്..

ജാതിയിൽ താഴ്ന്നവൻ ആയത് കൊണ്ട് തന്നെ വീട്ടിൽ സമ്മതിക്കില്ല..വീട്ടുകാരെ ധിക്കാരിക്കാനുള്ള ധൈര്യവും ഇല്ല..അതുകൊണ്ട് മനസ്സിൽ തോന്നിയ മോഹം മനസ്സിൽ തന്നെ ഒളിപ്പിക്കുകയായിരുന്നു.

എന്നിട്ടും രണ്ട് ദിവസം മുൻപ് അമ്പല നടയിൽ വെച്ച് “ഇഷ്ടമാണ് വിവാഹം കഴിച്ചോട്ടെ” എന്ന് ചോദിച്ച അനൂപിനോട് “വീട്ടിൽ വന്ന് ചോദിക്കു” എന്ന് പറയാൻ ആണ് തോന്നിയത്..

അതുകൊണ്ട് ആണ് അനൂപിനും അമ്മക്കും ഇങ്ങനെ അപമാനിക്കപെട്ട് ഇറങ്ങേണ്ടി വന്നത്.

“വിദ്യേ..”

ഉമ്മറത്ത് നിന്ന് വിളി വന്നപ്പോൾ കണ്ണുകൾ അമർത്തി തുടച്ച് അവൾ ഉമ്മറത്തേക്ക് ചെന്നു..

“ഞങ്ങൾ ആ വിവാഹം ഉറപ്പിക്കുവാ..ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നിന്റെയും വിനോദിന്റെയും ഒരുമിച്ച് നടത്താം.”

ഒന്നും മിണ്ടാതെ അകത്തേക്ക് വന്നു..വിനോദേട്ടനും അമ്മാവന്റെ മകൾ അരുണിമയും ഇഷ്ടത്തിൽ ആണ്..

എനിക്കായ് അമ്മാവൻ കണ്ടുപിടിച്ച ആൾ ആണ്  മാധവ്..വല്യ ബിസ്നെസുകാരൻ..ജാതക പൊരുത്തവും ഉണ്ട്..

എല്ലാം അവർ തന്നെ തീരുമാനിച്ചു..പയ്യന്റെ അമ്മയും രണ്ട് സഹോദരിമാരും വന്ന് കണ്ടു..ഇഷ്ടപ്പെട്ടു..വിവാഹം ഉറപ്പിച്ചു..

താലികെട്ടാൻ നേരത്താണ് മാധവിന്റെ മുഖം ആദ്യമായി കാണുന്നത്..അയാൾ എന്നെയൊന്ന് നോക്കുന്നു പോലും ഇല്ല..ആർക്കോ വേണ്ടി എന്നപോലെ ചടങ്ങുകൾ ചെയ്തു..

ആദ്യരാത്രി കൈയ്യിലൊരുഗ്ലാസ് പാലുമായി റൂമിലേക്ക് ചെന്നപ്പോൾ ഗ്ലാസ്സിലേക്ക് ഏതോ വിദേശ മ-ദ്യം ഒഴിച്ചു കുടിക്കുന്ന മാധവിനെയാണ് കണ്ടത്..കൈയ്യിൽ ലാപ്ടോപ്പുമുണ്ട്..

എന്നെ കണ്ടതും ബൽക്കണിയിലേക്ക് ഇറങ്ങി പോയി..പുലർച്ചെ രണ്ട് മണിവരെ അവനായി കാത്തിരുന്നു..

“നീ ഉറങ്ങിയില്ലേ..”

“ഇല്ല..”

“എനിക്ക് വേണ്ടി കാത്തിരുന്നത് ആണെങ്കിൽ ഇനി അത് വേണ്ട..നിന്നെ സ്നേഹിക്കാനോ ഭാര്യയായി കാണണോ എനിക്ക് കഴിയില്ല..നിന്നെപോലെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു നാട്ടിൻ പുറത്തുകാരി പെണ്ണ് അല്ല എന്റെ മനസ്സിൽ..

വിവാഹം ഉടനെ നടക്കണം ഇല്ലെങ്കിൽ പിന്നെ നടക്കില്ല എന്ന് ഏതോ ജ്യോത്സ്യൻ പറഞ്ഞതിന്റെ പേരിൽ എന്നെ വിവാഹത്തിന് നിർബന്ധിച്ചത് അമ്മയാണ്. അമ്മ കണ്ടുപിടിച്ചത് ആണ് നിന്നെ..

എന്റെ സങ്കല്പത്തിലെ പെണ്കുട്ടിയെ ഞാൻ എന്ന് കണ്ടുമുട്ടുന്നുവോ അന്ന് തീരും നിനക്ക് എന്റെ ഭാര്യ പദവി..”

അത്രയും പറഞ്ഞ് എനിക്ക് കിടക്കാനായി ഒരു ബെഡ്ഷീറ്റും തലയണയും താഴേക്ക് വലിച്ചെറിഞ്ഞ് മാധവ് കട്ടിലിലേക്ക് കിടന്നപ്പോൾ എന്റെ തകർച്ച പൂർത്തിയായത് ഞാൻ അറിഞ്ഞു..

പിറ്റേ ദിവസം രാവിലെ തന്നെ ആ വീട്ടിലെ എന്റെ പോസ്റ്റ് അനുവദിച്ചു കിട്ടി
ശമ്പളമില്ലാത്ത ജോലിക്കാരി..

മാധവിന് രണ്ട് ചേച്ചിമാർ ആണ്. മാളവികയും മാനസിയും..രണ്ടുപേരുടെയും ഭർത്താക്കന്മാർ വിദേശത്ത് ആയതുകൊണ്ട് രണ്ടുപേരും വീട്ടിൽ തന്നെയാണ്..

അവരുടെ കാര്യങ്ങളും നോക്കേണ്ടത് എന്റെ ചുമതലയാണ്..

രാവിലെ ചായ മുതൽ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണ്..

ഒരാൾക്ക് ചായ, മറ്റേ ആൾക്ക് കാപ്പി, ഇനി ഒരാൾക്ക് മസാല ചായ..അതുകഴിഞ്ഞാൽ ബ്രേക്ക് ഫാസ്റ്റ്..ഇഡലിയും ദോശയും പുട്ടും ഇടിയപ്പവും ഒക്കെ എന്നും വേണം..

ഉച്ചക്ക് മാളവിക ചേച്ചിക്ക് ബീ ഫ് വേണം. മാനസി ചേച്ചിക്ക് ചിക്കൻ..അമ്മക്ക് കുടംപുളി ഇട്ട മീൻകറി..മാധവ് മുഖ്യവാറും വീട്ടിൽ കാണില്ല..ഉണ്ടെങ്കിൽ അന്ന് എന്തൊക്കെ വേണമെന്ന് രാവിലെ ഓഡർ തരും..

രാത്രിയും അതുപോലെ പല വിഭവങ്ങൾ ആണ്..വീട്ടിൽ ആണെങ്കിൽ പുറം പണിക്ക് മാത്രമാണ് ഒരാൾ വന്നിരുന്നത്..മാനസി ചേച്ചിയുടെ പുതിയ ചെരുപ്പ് കാണാൻ ഇല്ലെന്നും അവർ എടുത്താണെന്നും പറഞ്ഞ് അമ്മ അവരെ പറഞ്ഞുവിട്ടതോടെ ആ പണികൂടി ഞാൻ ചെയ്യേണ്ടി വന്നു..

മാധവ് വീട്ടിലുള്ള ദിവസം വീട്ടിലെ എല്ലാ കാറുകളും ബൈക്കുകളും ജീപ്പും രാവിലെ കഴുകിഇടണം. എതാണ് ഇഷ്ടം അതെടുത്ത് പുറത്ത് പോകും..

അതിരാവിലെ ഉണരുന്ന ഞാൻ ഉറങ്ങുമ്പോൾ പാതിരാത്രി ആകും.

അതിന്റെ കൂടെ നിസാരമായ കാര്യങ്ങൾക്ക് പോലും ക്രൂരമായ ഉപദ്രവം..

ഒരിക്കൽ മീൻ കറിയിൽ ഉപ്പ് കൂടുതൽ ആയതിന് അമ്മ ആ കറിമുഴുവൻ എന്റെ തലയിലൂടെ ഒഴിച്ചു..

മാധവിന്റെ ഷർട്ട് ഇസ്തിരിയിടുമ്പോൾ അത് കരിഞ്ഞുപോയി..അതിന് കൈ വെള്ളയിൽ അയൻബോക്സ് വെച്ചാണ് മാധവ് ശിക്ഷിച്ചത്..

മാനസി ചേച്ചിയുടെ പുതിയ ചുരിദാർ നനച്ചപ്പോൾ അതിൽ വർക് ചെയ്തിരുന്ന സ്റ്റോൻ ഇളകി പോയതിന് ഒരു ദിവസം മുഴുവൻ പട്ടിണിക്കിട്ടു..

മാളവിക ചേച്ചി എന്ത് കാര്യത്തിനും കരണത്ത് അടിക്കും..

ചേച്ചിമാരുടെ ഭർത്തക്കാൻമാർ വന്നാൽ പിന്നെയും പണി കൂടും..ഇതിനിടയിൽ ചേച്ചിമാർ രണ്ടുപേരും ഗർഭിണി ആകുകയും പ്രസവിക്കുകയും ചെയ്തു..

അവരുടെ എല്ലാ കാര്യവും നോക്കിയിരുന്നത് ഞാൻ തന്നെയാണ്..രണ്ട് കുഞ്ഞുങ്ങളുടെ കാര്യങ്ങൾ കൂടി നോക്കേണ്ടി വന്നപ്പോൾ ഞാൻ ആകെ തളർന്നു..

അവരെ അനുസരിച്ച് കഴിയുന്ന ഒരാൾക്ക് വേണ്ടിയാണ് അവർ എന്നെ മാധവിന്റെ ഭാര്യയായി തിരഞ്ഞെടുത്തത് ..

എന്റെ വീട്ടുകാർക്ക് ഇതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല..അവരെ സംബന്ധിച്ച് ഇതൊക്കെ ഒരു പെണ്ണിന്റെ കടമയാണ്..

ദിവസങ്ങളും മാസങ്ങളും അതിവേഗം കടന്നുപോയി..ഒരു വിദേശ ടൂർ കഴിഞ്ഞ് മാധവ് എത്തിയത് ആ വർത്തയുമായാണ്..

“ഞാനൊരു പെണ്കുട്ടിയുമായി ഇഷ്ടത്തിൽ ആണ്..നിനക്ക് ഒഴിഞ്ഞ് പോകാൻ സമയമായി..” ഡിവോഴ്‌സ് നോട്ടീസ് മുന്നിലേക്ക് വലിച്ചെറിഞ്ഞ് മാധവ് പുറത്തേക്ക് പോയി..

കരഞ്ഞില്ല, വിഷമം തോന്നിയില്ല…

ആശ്വാസം ആണ്..തടവിൽ നിന്ന് രക്ഷപ്പെടുന്നവന്റെ ആശ്വാസം..

അതിൽ ഒപ്പിട്ട് ഞാൻ മാധവിനായി കാത്തിരുന്നു..എന്നാൽ എന്നെ തേടിയെത്തിയത് മാധവിന്റെ കാർ ആക്സിഡന്റ് ആയി എന്ന വാർത്ത ആയിരുന്നു..

അമ്മയോടൊപ്പം ഹോസ്പിറ്റലിൽ എത്തിയപ്പോൾ മാധവ് ICU വിൽ ആയിരുന്നു..അന്നുമുതൽ പുതിയൊരു വേഷം കൂടി കെട്ടി തുടങ്ങി..

മാധവിന്റെ ഹോം നഴ്‌സ്..

ഹോസ്പിറ്റലിലും വീട്ടിലും മാധവിന് ഒരു കുറവും വരാതെ നോക്കി..

വിദ്യ എന്ന പെണ്ണിനെ മാധവ് അറിഞ്ഞു തുടങ്ങുകയായിരുന്നു ആ വീഴ്ചയിൽ..

അത് കണ്ണീരായും മാപ്പ് പറച്ചിലായും പുറത്തേക്ക് വന്നു..എന്നാൽ അതൊക്കെ കേൾക്കാനും അറിയാനുമുള്ള മനസ്സ് എന്നോ തനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന് അവൻ അറിഞ്ഞിരുന്നില്ല..

മാധവ് എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ആ ഡിവോഴ്‌സ് നോട്ടീസ് അവന് നൽകി ഞാൻ ആ പടി ഇറങ്ങി..അവൻ ഒരുപാട് തടയാൻ നോക്കിയെങ്കിലും ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു..

രണ്ട് വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ തറവാട്ടിലേക്ക് വരുമ്പോൾ അവിടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു..

ഏട്ടത്തിയാണ് ഇന്ന് തറവാടിന്റെ ഭരണം..ഏട്ടൻ ഏട്ടത്തി പറയുന്നത് മാത്രം അനുസരിക്കുന്ന, സ്വന്തമായി അഭിപ്രായങ്ങളോ തീരുമാനങ്ങളോ ഇല്ലാത്ത ഒരു അടിമ..

അമ്മ വീട്ടുജോലിക്കാരിയുടെ ഭാഗം ഭംഗിയായി നിറവേറ്റുന്നു..

“നീ എന്ന തിരിച്ചു പോകുന്നത്.” വന്ന അന്ന് രാത്രി തന്നെ അമ്മ ചോദിച്ചു.

“ഞാൻ ഇനി പോകുന്നില്ല..”

“അപ്പൊ നീ മാധവുമായി പിണങ്ങി വന്നത് ആണോ ..നാളെ രാവിലെ തന്നെ തിരിച്ച് പോണം. ഇവിടെ നില്ക്കാൻ പറ്റില്ല..” ഏടത്തി ആജ്ഞാപിച്ചു..

“അത് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം..ഇത് എന്റെ അച്ഛന്റെ തറവാട് ആണ്..എനിക്കും ഇവിടെ അവകാശമുണ്ട്.” ഞാൻ അത് പറയുമ്പൽ അമ്മയും ഏട്ടനും ഞെട്ടി നിക്കുകയാണ്..കാരണം ആദ്യമായാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത്..

പിറ്റേദിവസം രാവിലെ അമ്പലത്തിൽ പോയിട്ട് വരുമ്പോൾ ആണ് ഇടവഴിയിൽ വീണ് കിടക്കുന്ന ഒരു സ്ത്രീയെ കാണുന്നത്..

ഓടി അടുത്ത് പോയി നോക്കിയപ്പോൾ അത് അനൂപിന്റെ അമ്മ ആയിരുന്നു..വേഗം ഓട്ടോ വിളിച്ച് ഡ്രൈവറുടെ സഹായത്തോടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി..

അനൂപിന്റെ നമ്പർ കയ്യിൽ ഇല്ലാത്തത് കൊണ്ട് തന്നെ അമ്മക്ക് ബോധം തെളിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നു അവനെ വിവരം അറിയിക്കാൻ…

അവൻ വന്നശേഷം തന്നോട് പൊക്കോളാൻ പറഞ്ഞെങ്കിലും അമ്മക്ക് ഒരുപാട് ടെസ്റ്റുകളൊക്കെ ഡോക്ടർ എഴുതിയത് കൊണ്ട് ഞാനും കൂടെ നിന്നു..

“താൻ എന്ന തറവാട്ടിൽ വന്നത്…”

“ഇന്നലെ..”

“മാധവ് ഉണ്ടോ..”

“ഇല്ല..”

“എന്ന തിരികെ പോകുന്നത്.”

“ഇനി തിരികെ പോകുന്നില്ല..ഞങ്ങൾ ഡിവോഴ്‌സ് ആകാൻ പോകുവാ..” ഒരു കൂസലും ഇല്ലാതെ പറയുന്ന എന്നെ അവൻ അത്ഭുതത്തോടെ നോക്കി നിന്നു.

“അനൂപ് എന്താ വിവാഹം കഴിക്കാത്തത്..”

“തന്നോട് തോന്നിയ സ്നേഹം ഇതുവരെ മറ്റൊരാളോട് തോന്നിയില്ല.” അവന്റെ തുറന്ന് പറച്ചിലിൽ ഞാനൊന്ന് പതറി എങ്കിലും ഒരു ചിരിയിൽ ഞാനത് ഒളിപ്പിച്ചു..

“എന്ത് സഹായം വേണമെങ്കിലും പറയണം..” തിരികെ പോരാൻ നേരം അനൂപ് പറഞ്ഞു..

“എനിക്ക് അത്യാവശ്യമായി ഒരു ജോലി വേണമായിരുന്നു.”

“നോക്കാം..”

തിരികെ വീട്ടിൽ വന്ന് കയറുമ്പോൾ സന്ധ്യ ആയിരുന്നു..അമ്മാവന്മാരും വല്യച്ഛന്മാരും എല്ലാം ഉമ്മറത്ത് നിരന്നിരുന്നു..

ഞാൻ മാധവിനടുത്തേക്ക് തിരികെ പോണം എന്നത് ആയിരുന്നു ആവശ്യം.

പറ്റില്ല എന്ന് ഞാൻ ഉറപ്പിച്ച് പറഞ്ഞു..

വല്യച്ഛന്റ കൈ എന്റെ കവിളിൽ പതിഞ്ഞ നിമിഷം ഞാൻ പോലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുത്തു..

പോലീസ് എല്ലാവരെയും വിളിപ്പിച്ച് സംസാരിച്ചു..അവിടെ വെച്ച് ഞാനും മാധവും ഡിവോഴ്‌സ് ആവാൻ പോകുവാണെന്ന് എല്ലാവരും അറിഞ്ഞു..

ആ വീട്ടിൽ എനിക്കും അവകാശം ഉണ്ടെന്നും ഇനി മേലിൽ എന്നെ ശല്യപ്പെടുത്തരുതെന്നും SI അവരോട് പറഞ്ഞു..

അതോടെ അഹങ്കാരി, തന്നിഷ്ടകാരി, കുടുംബത്തിന്റെ മാനം കളയാൻ ജനിച്ചവൾ എന്നൊക്കെ പേരുകൾ കിട്ടി..

പിറ്റേന്ന് തന്നെ ടൗണിലെ കൂട്ടുകരന്റെ മാർജിൻഫ്രീ ഷോപ്പിൽ അനൂപ് എനിക്ക് ജോലി ശരിയാക്കി തന്നു..ഞാൻ ആ വീട്ടിൽ തന്നെ പ്രത്യേകം താമസം തുടങ്ങി..

മാധവിനെ കണ്ട് എത്രയും പെട്ടെന്ന് ഡിവോഴ്‌സ് വേണം എന്ന് അവശ്യപെട്ടു..മ്യൂച്വൽ പെറ്റീഷൻ ആയതുകൊണ്ട് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ലന്ന് അറിയാമായിരുന്നു..

“താൻ എന്നോട് ക്ഷമിക്കണം വിദ്യ..തന്നോട് ഞാനൊരുപാട് തെറ്റ് ചെയ്തു..തന്നെ മനസിലാക്കാൻ ഒരു വീഴ്ച വേണ്ടിവന്നു എനിക്ക്..ഇനിയൊരു കുറവും വരുത്താതെ ഞാൻ തന്നെ നോക്കികോളാം..”

“സോറി മാധവ്..നമ്മുടെ ആദ്യരാത്രി താൻ പറഞ്ഞത് ഓർമയുണ്ടോ..എന്നെ ഒരിക്കലും ഭാര്യയായി കാണാൻ കഴിയില്ല, തന്റെ സങ്കൽപ്പത്തിലെ പോലെയുള്ള പെണ്ണ് അല്ല ഞാൻ എന്ന്. താൻ എന്നെ അറിയാതെ, മനസ്സിലാക്കാതെ ആണ് അങ്ങിനെ പറഞ്ഞത്..

എന്നാൽ ഞാൻ ഇപ്പോൾ പറയുന്നത് തന്നെ നന്നായി മനസ്സിലാക്കിയിട്ട് ആണ്. എന്റെ സങ്കൽപ്പത്തിലെ ഭർത്താവ് അല്ല മാധവ് താൻ..എന്ത് ദുഃഖത്തിലും എന്റെ കൂടെ നിൽക്കുന്ന, എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന, സ്നേഹിക്കുന്ന, വിശ്വസിക്കുന്നൊരാളാണ് എന്റെ മനസ്സിൽ.

അതുകൊണ്ട് തന്നെ മാധവിനെ ഇനിയെന്റെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല..”

കൂടുതലൊന്നും മാധവ് പറഞ്ഞില്ല..വേഗം തന്നെ ഡിവോഴ്‌സ് കിട്ടി.

ഒരു ദിവസം ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ അനൂപും അമ്മയും എന്നെ കാണാൻ വന്നു..വീണ്ടും അവരുടെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ..

ആദ്യം ഒരുപാട് എതിർത്തെങ്കിലും ഇനിയും നല്ലൊരു ജീവിതം തട്ടികളയാൻ എനിക്ക് കഴിയുമായിരുന്നില്ല..

അടുത്ത ഞായറാഴ്ച തന്നെ ക്ഷേത്രത്തിൽ വെച്ച് അനൂപ് എന്നെ താലി ചാർത്തി..

അമ്മയോട് ഞാൻ വിവരം പറഞ്ഞിരുന്നു..അമ്മ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല..

ഞാനും അനൂപും അനൂപിന്റെ അമ്മയും മാത്രം..

അനൂപിന്റെ ആ കൊച്ചു വീടിനുള്ളിൽ പുതിയൊരു ലോകം ഞാൻ അറിയുകയായിരുന്നു..ജീവിതത്തിൽ ദുഃഖം മാത്രം അല്ല സന്തോഷവും ഉണ്ടെന്ന് അറിഞ്ഞുതുടങ്ങി.

സ്വാത്രന്ത്രം എന്തെന്ന് അനുഭവിച്ചു തുടങ്ങി..

നാളുകൾ പിന്നെയും കൊഴിഞ്ഞു വീണു..എനിക്കും അനൂപിനും ഇരട്ട കുട്ടികൾ ജനിച്ചു..ഒരു മോനും ഒരു മോളും..

അവരെ കാണാനെങ്കിലും അമ്മ വരും എന്ന് പ്രതീക്ഷിച്ചു..അതുണ്ടായില്ല…

ഇടക്ക് മക്കൾക്ക് വാക്‌സിൻ എടുക്കാൻ ഹോസ്പിറ്റലിൽ പോയപ്പോൾ മാധവിനെ കണ്ടു..മാധവിന്റെ അമ്മ വീണ് നട്ടെല്ലിന് പൊട്ടലായി അവിടെ അഡ്മിറ്റ് ആണ്..

മാധവ് വിവാഹം കഴിച്ചു..ആളൊരു സോഫ്റ്റ് വെയർ എൻജിനീയർ ആണ്..

ആ കുട്ടിയും മാധവിന്റെ പെങ്ങമ്മാരും തമ്മിൽ ചേരില്ല…

പ്രശ്നം രൂക്ഷമായപ്പോൾ മാധവ് ചേച്ചിമാരെ രണ്ടുപേരെയും ഭർത്തക്കാൻമാരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്രേ..

ഇപ്പൊ രണ്ടുപേരും അവിടെ ജീവിതം എന്താണെന്ന് പഠിക്കുന്നുണ്ട്..

അമ്മ ഹോസ്പിറ്റലിൽ ആയിട്ടും മാധവിന്റെ ചേച്ചിമാരും ഭാര്യയും വന്നില്ല.

മരുമകൾ അമ്മയെ നോക്കട്ടെ എന്ന് ചേച്ചിമാരും പെണ്മക്കൾ നോക്കട്ടെ എന്ന ഭാര്യയും. ചുരുക്കത്തിൽ ആരും നോക്കാൻ ഇല്ലാതെ അമ്മക്ക് കൂട്ടിരിക്കുന്ന മാധവ്. കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നി.

ഒരു ദിവസം വൈകുന്നേരം അനൂപ് ജോലി കഴിഞ്ഞ് വന്നപ്പോൾ കൂടെ എന്റെ അമ്മയും ഉണ്ടായിരുന്നു..

വീട്ടുജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ മരുമകൾക്ക് അമ്മായിയെ വേണ്ടാതെ ആയി..ഭാര്യയുടെ വാക്ക് മാത്രം കേട്ട് ജീവിക്കുന്ന എന്റെ ആങ്ങളയും അമ്മയെ തള്ളി പറഞ്ഞു ..

അമ്മ അമ്മാവനോട് പരാതി പറഞ്ഞു..ഒടുവിൽ എല്ലാവരും കൂടി ഒരു തീരുമാനം എടുത്തു..അമ്മയെ വൃദ്ധസദനത്തിൽ ആക്കുക.

അത് അറിഞ്ഞ് അനൂപ് അമ്മയെ കൂട്ടികൊണ്ട് വന്നതാണ്..കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വന്ന് കയറിയ അമ്മയെ തള്ളിക്കളയാൻ കഴിഞ്ഞില്ല..ചേർത്ത് പിടിച്ചു..

????

നാലുവയസ്സുള്ള മോളുടെ കരച്ചിൽ കെട്ടിന് അടുക്കളയിൽ നിന്ന് ഓടിവന്നത്..

“പെൺകുട്ടികൾ അങ്ങനെ നാട് നിരങ്ങി നടക്കാൻ പാടില്ല മോളെ..” കരയുന്ന മോളെ സമാധാനിപ്പിക്കുന്ന എന്റെ അമ്മ..

അടുത്ത വീട്ടിൽ അവിടുത്തെ കുട്ടികളോടൊത്ത് കളിക്കാൻ മോനെ മാത്രം വിട്ട ശേഷം കരയുന്ന മോളെ ഉപദേശിക്കുകയാണ് അമ്മ.

“അമ്മേ…” എന്റെ ഒച്ച കേട്ട് അമ്മയും, മോളും ഞെട്ടിത്തിരിഞ്ഞു നോക്കി..

“മോള് പോയി കളിച്ചോ..” കുഞ്ഞിനെ കളിക്കാൻ പറഞ്ഞു വിട്ട ശേഷം അമ്മക്ക് നേരെ തിരിഞ്ഞു.

“എന്റെ മോനും മോളും തമ്മിൽ ഒരു വ്യത്യാസവും ഇവിടെ ഇല്ല..അമ്മക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അമ്മ തിരികെ മോന്റെ അടുത്തേക്ക് തന്നെ പോകുന്നതാണ് നല്ലത്.”

പെട്ടെന്ന് ആണ് അനൂപ് എന്നെ വലിച്ച് മുറിയിലേക്ക് കൊണ്ട് പോയത്..

“താൻ എന്തിനാടോ അമ്മയോട് ദേഷ്യപെടുന്നത്.”

“പിന്നെ ദേഷ്യപ്പെടതെ..അനൂപ്‌ കേട്ടത് അല്ലെ അമ്മ മോളോട് പറഞ്ഞത്…

പെണ്ണായി പിറന്നതിന്റെ പേരിൽ ഞാൻ അനുഭവിച്ചതൊന്നും നമ്മുടെ മോള് അനുഭവിക്കരുത് അനൂപ്..

പെണ്ണായതിന്റെ പേരിൽ അവളുടെ സ്വാതന്ത്ര്യങ്ങളൊന്നും നഷ്ടപ്പെടരുത്.”

“നോക്ക് വിദ്യ…മോനും മോളും നമ്മുടെ മക്കൾ തന്നെയാണ്..അവർക്ക് നമ്മൾ കൊടുക്കുന്ന സ്വാതന്ത്ര്യവും അവർക്ക് മുന്നിൽ വെയ്ക്കുന്ന നിയന്ത്രണങ്ങളും തുല്യമായിരിക്കും..

അവിടെ ആണ്, പെണ്ണ് എന്നൊരു വ്യത്യാസം നമുക്ക് ഒരിക്കലും ഉണ്ടാകില്ല..പിന്നെ എന്തിനാടോ പ്രായമായ അമ്മയോട് ദേഷ്യപ്പെടുന്നത്.”

“‘അമ്മ അത് പറയുന്നത് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല അനൂപ്..അമ്മയുടെ ഈ ചിന്താഗതി കാരണം ഞാൻ അനുഭവിച്ചതൊക്കെ അനൂപിന് അറിയാവുന്നത് അല്ലെ..”

“താൻ വിഷമിക്കാതെ..അമ്മ ഇനി എന്തെങ്കിലും ഇതുപോലെ പറഞ്ഞാൽ ഞാൻ സംസാരിച്ചോളാം അമ്മയോട്.” എന്റെ കണ്ണുകൾ തുടച്ച് അനൂപ് എന്നെ ആ നെഞ്ചോട് ചേർത്ത് പിടിച്ചു..

സന്തോഷത്തോടെ,സമാധാനത്തോടെ ഞാനാ നെഞ്ചോട് ചേർന്നു നിന്നു..

കാരണം…ആ കുഞ്ഞു വീട്ടിൽ…ആ കൂലി പണിക്കാരനിൽ ആണ് എന്റെ സ്വർഗ്ഗം….

അത് തിരഞ്ഞെടുക്കാനുള്ള ധൈര്യം കാണിക്കാൻ ഞാനൽപ്പം താമസിച്ചു പോയി എന്ന് മാത്രം.

അവസാനിച്ചു