എന്നെയോ എന്റെ പ്രണയത്തെയോ വികാരങ്ങളെയോ ഒന്നും, ഒന്നും പൂർണമായി മനസ്സിലാക്കാൻ അവൾ തയ്യാറായിട്ടില്ല…

പ്രതീക്ഷ…

Story written by Keerthi S Kunjumon

============

“നിന്റെ ചു ണ്ടുകൾക്ക് തേൻ മധുരമാണ് വേദാ…”

ദീർഘ ചുംബനത്തിനൊടുവിൽ അവിനാശിനെ തന്നിൽ നിന്ന് അടർത്തി മാറ്റവേ, അവൻ വേദയുടെ അധരങ്ങളിൽ നോക്കി പറഞ്ഞു…അപ്പോൾ അവിനാശിന്റെ കൺകോണിലെ കുസൃതി അവളുടെ ചുണ്ടിലും വിരിഞ്ഞു….

വേദ അവന് മുഖം നൽകാതെ തിരിഞ്ഞു നിന്ന് തന്റെ മുന്നിലെ കണ്ണാടിയിലേക്ക് നോക്കി…

ഇളം പിങ്ക് നിറമുള്ള സാരി വേദയുടെ ആ ലില വ യറിനോട് ഒട്ടിചേർന്ന് കിടക്കുന്നു…അപ്പോഴും തനിക്ക് പിറകിൽ കുസൃതി ചിരിയോടെ നിൽക്കുന്ന അവിനാശിനെ അവൾ ഗൗനിച്ചില്ല…വേദയുടെ പിന്നിലൂടെ അവൻ അവളെ ഇറുക്കെ പുണരുമ്പോൾ, അവളുടെ ഹൃദയം തുടികൊട്ടികൊണ്ടിരുന്നു…

അവന്റെ അധരങ്ങൾ അവളുടെ പിൻക ഴുത്തിലെ കുഞ്ഞു മറുകിനെ പുൽകി…അവിനാശിന്റെ വിരലുകൾ തന്റെ   ശരീരത്തെ തഴുകുമ്പോൾ വേദ മെല്ലെ വിറകൊണ്ടു…

“നിന്റെ കരിനീല മിഴികൾ,  ഈ ഇടതൂർന്ന പുരികകോടികൾ, എള്ളിൻപൂ മൂക്ക്, പവിഴാധരങ്ങൾ…പിന്നെ പിൻകഴുത്തിലെ ഇളം കാപ്പി നിറത്തിലെ കുഞ്ഞു മറുക്, നീണ്ട ഈ കഴുത്ത്….. “

വാക്കുകൾക്ക് മുന്നേ അവന്റെ വിരലുകൾ അവളുടെ ശരീരത്തിലൂടെ  അ ലസമായി ഒഴുകി നടന്നു….

“അയ്യട…മതി അവി, എനിക്കറിയാം നിന്റെ ഉദ്ദേശം… ” വേദ അവന്റെ പിടിയിൽ നിന്ന് മെല്ലെ കുതറിയോടി..

“ശേ…ഈ പെണ്ണ്…അവിടെ നിൽക്കെടി…” ചിന്നിചിതറിയ ചിരിമുത്തുകൾ അവന്റെ ഹൃദയം വീണ്ടും കവർന്നു..

“എന്നാ ന്റെ മോളൊന്ന്  ഓടിക്കേ… “

അവൾക്ക് കുറുകെ നിന്ന്കൊണ്ട് അവൻ വ ശ്യമായി പുഞ്ചിരിച്ചു…തന്റെ നെഞ്ചിലേക്ക് വേദയെ  ചേർക്കുന്ന അവിനാശിന്റെ കൈകളെ അധിക നേരം തടയാൻ അവൾക്ക് ആയില്ല….അവളുടെ ശരീരത്തിലെ നിമ്ന്നോന്നതികളെ വാക്കുകളാൽ വർണിക്കവെ, അവൻ അവളുടെ കാതോരം ചേർന്ന് നിന്ന്  മെല്ലെ എന്തോ പറഞ്ഞു….അത്കേട്ട് അവിനാശിന്റെ  നെഞ്ചിൽ ആഞ്ഞൊന്ന്  ഇടിച്ചുകൊണ്ട്, നാണത്തോടെ അവനിലേക്ക് തന്നെ അവൾ മുഖം പൂഴ്ത്തി…

തോളിൽ ഒരു കരസ്പർശം ഏറ്റപ്പോഴാണ് വേദ ഉണർന്നത്…തന്റെ മാ-റിടങ്ങളിലേക്ക് അവളുടെ കൈകൾ പതിയെ നീണ്ടു…അതെ അവിടം ശൂന്യമാണ്… അവ തന്നിൽ നിന്നും മു റിച്ചു മാറ്റപ്പെട്ടിരിക്കുന്നു…..

അതെ ഒരുകാലത്ത് അവളുടെ ശരീരസൗന്ദര്യത്തിന്റെ, അഴകളവുകൾക്ക് മാറ്റ് കൂട്ടിയിരുന്നവ, അവിനാശിന്റെ കാ-മനകളിൽ ഇഴുകിചേരുമ്പോൾ,  അവന്റെ വർണനകളാൽ അവളെ അഹങ്കാരിയാക്കിയിരുന്നവ, അവന്റെ ജീവന്റെ തുടിപ്പിനെ ഉള്ളിൽ പേറുമ്പോൾ അമൃതം കിനിഞ്ഞ്‌ അവളിലെ സ്ത്രീക്ക് പരിപൂർണത നൽകിയവ…

അങ്ങനെ ഇന്നലെ വരെ എന്തിന്റെ ഒക്കെയോ അടയാളം ആയി തന്നിൽ അവശഷിച്ചിരുന്ന, ഞണ്ടുകൾ പിടി മുറുക്കിയ അവളുടെ ഇരു സ് തനങ്ങളും അപ്രത്യക്ഷമായിയിരിക്കുന്നു…

തൊണ്ടയിൽ കുടുങ്ങിയ ഗദ്ഗദം മെല്ലെ മിഴിനീർ ചാലുകളായി ഒലിച്ചിറങ്ങി ….

“അവി…..!”

ചെറിയൊരു തേങ്ങൽ പതിയെ എട്ട് ദിക്കും പൊട്ടുമാറ് ഉച്ചത്തിൽ നിലവിളി ആയിമാറി…അവിനാശ് അവളെ തന്നിലേക്ക് വീണ്ടും വീണ്ടും ചേർത്ത് പിടിച്ചു…

***************

സന്തോഷത്തിന്റെ നിമിഷങ്ങൾക്ക് നിറം പകരാൻ വേദയിൽ ഒരു കുഞ്ഞുജീവൻ നാമ്പിട്ടു എന്നറിഞ്ഞപ്പോൾ,  അവിനാശിന്റെയും വേദയുടെയും ജീവിതത്തിന് ഇരട്ടിമധുരമായിരുന്നു…പക്ഷെ ദൈവനിശ്ചയം പോലെ കയ്പ്പുനീരിന്റെ രുചി അവരും അറിഞ്ഞു തുടങ്ങി…

ക്യാൻസറിന്റെ രൂപത്തിൽ വന്ന് അവ തന്നെ പിടിമുറുക്കിയപ്പോഴും വേദ കുലുങ്ങിയില്ല…പക്ഷെ അവളിൽ തളിർത്ത,  അവരുടെ സ്വപ്നം ആയിരുന്ന ആ കുഞ്ഞു ജീവനും അത് കവർന്നെടുത്തപ്പോൾ അന്നാദ്യമായി അവളിൽ ഭീതി ജനിച്ചു…ദൈന്യത നിറഞ്ഞ കണ്ണുകളിൽ നിന്നും രക്തചുവപ്പോടെ ദുഃഖം നീർചാലുകളായി ഒഴുകി , ഭ്രാ ന്തമായി അവൾ അലറി വിളിച്ചു…

കീ മോയുടെ പരിണിത ഫലം പോലെ അവളുടെ ശരീരം മെലിയാൻ തുടങ്ങും മുന്നേ, ആ മനസ്സ് ക്ഷീണിച്ചിരുന്നു….മുടി കൊഴിഞ്ഞു, ഇരുണ്ടുമെലിഞ്ഞ സ്വന്തം രൂപം പോലും അവളിൽ ഒരു ചലനം സൃഷ്ടിച്ചില്ല…

“വേദാ…ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം…അവിനാശും… “

ഡോ. ഓംകാർ അവളുടെ കണ്ണുകളിക്ക് നോക്കി ദൈന്യതയോടെ പറഞ്ഞു….അവിനാശ് അവളുടെ കൈകളിൽ മുറുകെ പിടിച്ചു…

“കിമോ കഴിഞ്ഞു…ഇനി നമുക്ക് മുന്നിൽ മറ്റൊരു ഓപ്ഷൻ ഇല്ല…ബ്ര സ്റ്റ് റിമൂവൽ അല്ലാതെ….”

അവിനാശിന്റെ കൈകൾ മെല്ലെ അയഞ്ഞു…പക്ഷെ അപ്പോഴും വേദയിൽ ഭാവഭേദങ്ങൾ ഒന്നും ഉണ്ടായില്ല…

“ഭയപ്പെടേണ്ട, കാൻസർ ട്രീറ്റ്മെന്റിന്റെ ഭാഗമായി ബ്ര സ്റ്റ് റിമൂവ് ചെയേണ്ടി വന്നാലും പല ഇമ്പ്ലാന്റ സർജറികളിലൂടെയും  അത് റീകൺസ്ട്രക്റ്റ് ചെയ്യാം..” അവിനാശിനെയും വേദയെയും മാറി മാറി നോക്കിക്കൊണ്ട് ഡോക്ടർ ഓംകാർ പറഞ്ഞു…

**************

തന്റെ കുഞ്ഞിനെ നഷ്ടമായ ശേഷം യാതൊന്നിനും പിടികൊടുക്കാതെ,  ഒന്നിനു മുന്നിലും പതറാതെ നിന്ന വേദ ഇന്ന് വീണ്ടും ഭീതിയോടെ അലറി കരഞ്ഞു..…

സങ്കട കടൽ ഒന്ന് ശാന്തമായപ്പോൾ അവിനാശിന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി മെല്ലെ  ഒന്ന് നോക്കി…

“അവി നിനക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ….?”

അവിനാശിന്റെ വിരലുകൾ അവളുടെ ചുണ്ടോട് ചേർന്നു…

“വേണ്ട വേദ…ഇങ്ങനെ ഒന്നും ചിന്തിക്കേണ്ട…നിന്നെ വെറുത്താൽ, പിന്നെ ഞാൻ ഇല്ല..” അവിനാശ് അവളുടെ നെറുകയിൽ മെല്ലെ ചുംബിച്ചു…

കണ്ണുകളിൽ ഉണർന്ന നോവിനെ മറച്ചു കൊണ്ട് അവൾ കണ്ണുകളടച്ചു കിടന്നു…

രണ്ടാഴ്ച്ചക്ക് ശേഷം മരുന്നിന്റെ മനം മടുപ്പിക്കുന്ന ഗന്ധം നിറഞ്ഞ മുറി വിടുമ്പോൾ മനസ്സിൽ നേരിയൊരു ആശ്വാസം തോന്നി വേദക്ക്…അവിനാശ്  ലാളനയും സ്നേഹവും കൊണ്ട് അവൾക്ക് ആത്മവിശ്വാസം പകരാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു…എങ്കിലും വേദ മനസ്സ് മരവിച്ചു ചിന്തകളിൽ മുഴുകി കഴിഞ്ഞു..

മാസങ്ങൾക്ക് ശേഷം വീണ്ടും ഡോക്ടറേ കാണാൻ പോകുമ്പോൾ അവിനാശിനായിരുന്നു ഏറെ ആശങ്ക…

ഇളം പിങ്ക് നിറമുള്ള സാരിയിൽ വേദ ഇപ്പോഴും സുന്ദരിയാണ്, കൊഴിഞ്ഞു പോയ മുടിയൊക്കെ വളർന്നിട്ടുണ്ട്…ശരീരത്തിന് ഒരു പുതിയ ഉണർവ് വന്നിട്ടുണ്ട്…പക്ഷെ ഇരു കരങ്ങളും തന്റെ മാറോട് ചേർത്ത് അവൾ കണ്ണാടിയിലേക്ക് നോക്കി…അവളുടെ കണ്ണുകളിൽ നിരാശ പടർന്നു

അവിനാശ് മെല്ലെ പിന്നിലൂടെ അവളെ ചേർത്ത് പിടിച്ചു…

“താൻ വിഷമിക്കണ്ട,  ഇമ്പ്ലാന്റ സർജറി ചെയ്യാൻ കഴിയും എന്ന് ഓംകാർ എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്… “

ഓംകാർ ഒരു ഡോക്ടർ എന്നതിനും അപ്പുറം അവർ ഇരുവർക്കും നല്ല സുഹൃത്തായി മാറിയിരുന്നു…

“ഇനി ഒരു തുന്നി ചേർക്കലുകൾക്കും, കൂട്ടിക്കെട്ടലുകൾക്കും ഞാനില്ല ഓംകാർ…ഇപ്പൊ ഞാൻ എങ്ങനെ ആണോ,  അത്‌ പോലെ മതി…ചില നഷ്ടങ്ങളാണ് എനിക്ക് ഏറ്റവും വലിയ കരുത്ത്… “

വേദയുടെ സ്വരം ഉറച്ചതായിരുന്നു…

പക്ഷെ അവിനാശിന്റെ നിയന്ത്രണം നശിച്ചപോലെ അവൻ ഇരിപ്പിടത്തിൽ നിന്ന് ചാടി എഴുന്നേറ്റു…

“വേദാ…നീ ഇത് എന്തൊക്ക വിഡ്ഢിത്തങ്ങൾ ആണ് പറയുന്നത്…നഷ്ടങ്ങൾ ആണ് കരുത്തെന്നോ…നഷ്ടം എന്നും നഷ്ടമാണ്… “

“അതെ, അവി…പക്ഷെ എന്റെ കുഞ്ഞിനെ നഷ്ടമായതിനപ്പുറം വലിയ നഷ്ടമല്ല അത്…ഇനി ഒരിക്കലും ഒരു അമ്മ ആവാൻ കഴിയാത്തതിനും അപ്പുറം ഒരു നഷ്ടമല്ല അത്…  “

ഒരുനിമിഷം അവിനാശ് സ്തബ്ധനായി…പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു..

വേദ മുഖത്ത് കൈകൾ അമർത്തി പതിയെ തേങ്ങി…

ഓംകാർ എന്തൊക്കെയോ പറഞ്ഞു അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…

മടക്കയാത്രയിൽ അവിനാശ് ഒന്നും മിണ്ടിയില്ല…നിസ്സംഗമായി അവൻ ഡ്രൈവ് ചെയ്തു…വേദ വിൻഡോയിലൂടെ പുറത്തേക്ക് കണ്ണ് നട്ടിരുന്നു…മുൻപ് അവർക്ക് ഇടയിലെ മൗനത്തിനു മണിക്കൂറുകളുടെ നീളം പോലും ഇല്ലായിരുന്നു…എത്ര പിണങ്ങിയാലും ഒരു കൊച്ചു കുഞ്ഞിനെ പോലെ ചിണുങ്ങിക്കൊണ്ട് തന്റെ അരികിലേക്ക് പറ്റിചേരുന്ന ആവിയുടെ മുഖം വേദയിൽ ഒരുപോലെ ആശ്വാസവും പ്രതീക്ഷയും നിറച്ചു…

പക്ഷെ പ്രതീക്ഷകൾക്ക് വിപരീതമായി അവനിലെ മൗനത്തിന് ദൈർഘ്യമേറി വന്നു…മാസങ്ങൾ അങ്ങനെ കടന്നു പോയി…

പക്ഷെ വേദയിൽ പതിയെ ജീവിതതോടുള്ള മോഹം തളിർത്തു തുടങ്ങി…അവിനാശിലേക്ക് ചേരാൻ അവളുടെ ഉള്ളം വെമ്പി…

“അവി, ഇനിയും എനിക്ക് വയ്യടാ..നമ്മുടെ പിണക്കങ്ങളൊക്കെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുന്നതല്ലേ ഉള്ളു..പിന്നെ ഇതെന്ത് പറ്റി…എനിക്ക് പറ്റില്ല..നിന്നോട് ഒന്നും മിണ്ടാതെ ഇങ്ങനെ….എന്റെ തെറ്റാണ്…എല്ലാത്തിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് ഞാൻ അകലം കാണിച്ചത്..ഇനിയും വയ്യ എനിക്ക് നീ ഇല്ലാതെ ..”

വിങ്ങലോടെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചപ്പോൾ, അവന്റെ കൈകൾ യാന്ത്രികമായി അവളെ തലോടി…കുറച്ച് സമയത്തിന് ശേഷം അവൻ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി തിടുക്കപ്പെട്ട് പുറത്തേക്ക് പോയി…

നേരിയൊരു ആശ്വാസം മനസ്സിൽ നിറഞ്ഞെങ്കിലും,  അകാരണമായൊരു ഭയം മനസ്സിനെ പുല്കിയിരുന്നു…

അവിനാശിന്റെ സാമീപ്യവും സാന്ത്വനവും തനിക്ക്  അന്യമാകുന്ന സത്യം തിരിച്ചറിയാൻ അവൾക്ക് ഏറെ കാത്തിരിക്കേണ്ടി വന്നില്ല….അവന്റെ നെഞ്ചോരം ചേർന്ന് ആ കരവലയത്തിൽ ഉറങ്ങിയ നിമിഷങ്ങൾ അവൾക്ക് വിദൂരമായിരുന്നു….പിന്നീടുള്ള ചെക്കപ്പുകൾക്ക് പോലും അവിനാശ് കൂടെ വരാതെ ആയപ്പോൾ,  പഴയ അവിയെ തനിക്ക് നഷ്ടപ്പെട്ടു എന്ന അറിവിൽ അവൾ ആകെ വിറങ്ങലിച്ചുപോയി…

അവിനാശ് വരാത്തതിന്റെ കാരണം പലപ്പോഴും ഓംകാർ തിരക്കുമ്പോഴും ഓരോരോ കള്ളങ്ങൾ പറഞ്ഞു അവൾ ഒഴിഞ്ഞു…

ഒരിക്കൽ അവിനാശിന്റെ ഫോണിൽ വന്ന  കോളിനോപ്പം തെളിഞ്ഞു വന്ന അപരിചിതമായ മുഖം കണ്ട്,  അവൾ ആ കോൾ അറ്റൻഡ് ചെയ്തു…

“അവി, നീ ഇത് എവിടെയാ…ഒരുപാട് മെസ്സേജ് ചെയ്തു…കുറെ വിളിച്ചു…നീ എപ്പോഴാ വരുന്നേ… “

പരാതികളുടെ കെട്ടഴിച്ചുകൊണ്ട് മറുതലക്കൽ നിന്നുയർന്ന സ്ത്രീ ശബ്ദത്തിന് റിപ്ലൈ നൽകാതെ അവൾ കാൾ കട്ട്‌ ചെയ്യുമ്പോൾ വേദയിൽ ഭയം നുരഞ്ഞു പൊന്തി..

ഫിംഗർ അക്സസ്സ് കൊടുത്ത് ലോക്ക് ഓപ്പൺ ചെയ്ത ശേഷം, നെറ്റ് ഓൺ ചെയ്തപ്പോഴേക്കും മെസ്സേജുകളുടെ പെരുമഴ ആയിരുന്നു….

പ്രിയ…ഓർമയിലെങ്ങും കേൾക്കാത്ത പേര്…

ഓരോ മെസ്സേജുകളും വായിക്കുംതോറും വേദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“പ്രിയാ…നിന്റെ ചുണ്ടുകളോടാണ് എന്റെ പ്രണയം…തേൻ മധുരമുള്ള ചുണ്ടുകൾ “

“അവി…നീ എന്നെ ഇത്രത്തോളം പ്രണയിക്കുന്നുണ്ടോ…ഭയം തോന്നുന്നു…ഒന്നിക്കാൻ കഴിയാതെ പോയാൽ…വേദ ഒരു തടസ്സം ആകുമോ..? “

“ഇല്ല…അവളോട്‌ പറയണം…മരുന്നിന്റെ മണമുള്ള ജീവിതത്തിൽ നിന്നൊരു മോചനം എനിക്ക് വേണം പ്രിയാ…എന്നോ മടുപ്പ് തോന്നിയിരുന്നു ആ ജീവിതത്തോട്…എന്നെയോ എന്റെ പ്രണയത്തെയോ വികാരങ്ങളെയോ ഒന്നും, ഒന്നും പൂർണമായി മനസ്സിലാക്കാൻ അവൾ തയ്യാറായിട്ടില്ല…പക്ഷെ നിന്നോട് ചേരുമ്പോൾ ഞാൻ പൂർണമാകുന്നു എന്നൊരു തോന്നൽ “

ദേഷ്യത്തോടെ വേദ കട്ടിലിലേക്ക് ഫോൺ വലിച്ചെറിഞ്ഞു കൊണ്ട്, ഉറക്കെ കരഞ്ഞു…

“വേദാ… “

അവിനാശിന്റെ കൈകൾ അവളുടെ തോളിൽ അമർന്നു…

“തൊട്ട് പോകരുത്…നിന്റെ പ്രണയം വെറും അഭിനയം ആയിരുന്നല്ലേ…ഒരു ഭാരം ആയിരുന്നെങ്കിൽ നേരുത്തേ ഉപേക്ഷിച്ചുകൂടായിരുന്നോ…നിനക്കായ്‌ ഒന്നും തരാൻ കഴിയാത്തവളേ വലിച്ചെറിഞ്ഞുകൂടാർന്നോ…എന്തിനാ ചേർത്ത് പിടിക്കുന്നതായി അഭിനയിച്ച്‌ എന്നെ വഞ്ചിച്ചത്…. “

അവിനാശിന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു ഉലച്ചുകൊണ്ടവൾ പദം പറഞ്ഞു കരഞ്ഞു…പിന്നെ മെല്ലെ ഊർന്ന് നിലത്തേക്ക് ഇരുന്നു…കരച്ചിന്റെ ശക്തി കുറഞ്ഞപ്പോൾ അവിനാശ് അവൾക്ക് നേരെ നീട്ടിയ കടലാസിലെ അക്ഷരരങ്ങൾ മനസ്സിനെ കീറി മുറിക്കുമ്പോഴും അവൾ ചിരിച്ചു….നിറ കണ്ണുകളോടെ തന്നെ…

അവിനാശ് വെച്ച് നീട്ടിയ ജോയിന്റ് ഡിവോഴ്സ് പെറ്റിഷനിൽ ഒപ്പിട്ട് കൊടുക്കുമ്പോൾപോലും ഒരു നേരിയ പ്രതീക്ഷയോടെ അവൾ അവനെ നോക്കി…വ്യർത്ഥമായൊരു വ്യാമോഹം പോലെ ആ പ്രതീക്ഷ കൊഴിഞ്ഞു വീണു…

എന്തോ നിശ്ചയിച്ചുകൊണ്ടവൾ ഒരു ചെറിയ ബാഗുമായി ഇറങ്ങി തിരിച്ചു…

ഡോ. ഓംകാർ ശർമ്മ എന്ന ബോർഡിന് മുന്നിൽ അവൾ കുറച്ചു നേരം നിശ്ചലമായി നിന്നു…ഇന്നാണ് തന്റെ വിധി എഴുതുന്ന ദിവസം…ഫൈനൽ റിപ്പോർട്ട്‌ ഇന്ന് ലഭിക്കും…ദൃഡനിശ്ചയത്തോടെ അവൾ ഓംകാറിന്റെ റൂമിലേക്ക് ചെന്നു….

“ആ വേദാ…നിന്റെ ഈ വരവിനായി ഞാൻ കാത്തിരിക്കുകയായിരുന്നു…കുറച്ചു നാളുകളായി… “

“കുറച്ചു നാളുകളായോ…ഓം എന്താ പറഞ്ഞു വരുന്നത്… “

“അവി…അവനെ നിന്നോടൊപ്പം വരാതിരുന്ന നാൾ തൊട്ടേ എന്തോ ഒരു ഭയം തോന്നിയിരുന്നു…നീ തനിച്ചാവാൻ തുടങ്ങുകയാണോ എന്ന്…ഒരുപാട് ജീവിതാനുഭവങ്ങൾ കണ്ട് ശീലം ആയതാണ്…നിങ്ങൾ രണ്ടാളും എനിക്ക് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ആയത്കൊണ്ട്, എനിക്ക് അവൻ വരാത്തതിന്റെ കാരണം അറിയണമായിരുന്നു വേദാ…

അവൻ എല്ലാം എന്നോട് തുറന്നു പറഞ്ഞു…നിന്റെ മുന്നിൽ അഭിനയിക്കാതെ എത്രയും വേഗം തുറന്നു പറയാൻ ഞാനാണ് പറഞ്ഞത്…പിന്നെ പ്രിയ… “

“വേണ്ട ഓം…ഇനിയൊന്നും കേൾക്കണ്ട…ആ പേരുകൾ പോലും…എല്ലാം അവസാനിച്ചു… “

ഉറച്ച ശബ്ദത്തോടെ വേദയുടെ ശബ്ദം ഉയർന്നപ്പോൾ ഓമിന്റെ കണ്ണുകളിൽ ദൈന്യത നിറഞ്ഞു…

“എല്ലാവരും സഹതാപത്തോടെ നോക്കിയപ്പോൾ, പ്രണയവും കരുതലും,  പിന്തുണയും നൽകിയത് അവി ആയിരുന്നു…പക്ഷെ അതും വെറും അഭിനയം ആയിരുന്നെന്ന് അറിയുമ്പോൾ…. “

വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയാതെ അവളുടെ തൊണ്ടയിൽ കുടുങ്ങിയപ്പോൾ അത് കണ്ണുനീരായി പ്രവഹിച്ചു…

“ശരിയാണ്, അവൻ ആഗ്രഹിക്കുന്ന ഒരു ജീവിതം നൽകാൻ എനിക്ക് ഇനി കഴിയില്ല..ഒരു കുഞ്ഞിനെപോലും….പൂർണത ഇല്ലാത്തവൾക്ക് ഇനി പ്രണയിക്കാനും അർഹത ഇല്ല…പക്ഷെ ജീവിക്കാൻ എനിക്ക് അർഹത ഇല്ലെന്ന് മാത്രം വിധിയെഴുതാൻ ഞാൻ സമ്മതിക്കില്ല…. “

“വേദാ… ” ഓമിന്റെ സ്വരം നേർത്തിരുന്നു..

“ഓം…റിസൾട്ട്‌ എന്തായാലും എനിക്കതറിയണ്ട…എണ്ണപ്പെട്ട ദിനങ്ങൾ ഓർത്ത് വേദനിക്കാൻ ഇനി ഞാൻ ഇല്ല…ഇനി ഉള്ളത് നിമിഷങ്ങൾ ആണെങ്കിൽ പോലും എനിക്ക് സന്തോഷിക്കണം ഓം…നഷ്ടപ്പെടാൻ ഇനി ഒന്നും ഇല്ലാത്തവളെ പോലെ സന്തോഷിക്കണം… “

വേദയുടെ മനസ്സിന്റെ  നിശ്ചയദാർഢ്യം ആ മുഖത്തും പ്രതിഫലിച്ചപ്പോൾ ഓംകാറിന്റെ ആശങ്കകൾ തീർത്തും ഇല്ലാതെ ആയി…

“ഞാൻ ഇറങ്ങട്ടെ ഓം…സഹതാപവും, കപടസ്നേഹവും ഒന്നും വെച്ചുനീട്ടാതെ, നല്ല സൗഹൃദം മാത്രം തന്നതിന് ഒരു നന്ദി വാക്കിനപ്പുറം തരാൻ മറ്റൊന്നും എന്റെ കയ്യിൽ ഇല്ല….ഇനി കാണുമോ എന്നറിയില്ല,  എങ്കിലും…കാണാം… “

“വേദാ…ഒന്ന് നിന്നെ…താൻ എങ്ങോട്ടാ..?”

“അറിയില്ല… “

“ആ ഞാൻ എന്തായാലും വയനാട് വരെ പോകുന്നുണ്ട്…താല്പര്യം ഉണ്ടേൽ താനും വന്നോ … “

“വേണ്ട ഓം തനിക്കത് പിന്നീടൊരു ബുദ്ധിമുട്ടായി തോന്നും… “

“വെറുതെ വേണ്ടടോ…നേരുത്തേ താൻ പറഞ്ഞില്ലേ…ഞാൻ എന്തോ സൗഹൃദം തന്നു, തിരിച്ചു തരാൻ നന്ദി മാത്രേ ഉള്ളു എന്ന്…അതിന്റെ കൂടെ കുറച്ചു കമ്പനി കൂടി തന്നാ മതി…എനിക്ക് മാത്രം അല്ല…ഇവിടുത്തെ പീടിയാട്രിക്ക് വാർഡിലെ കുറച്ചു കുഞ്ഞുങ്ങൾ ഉണ്ട്…കാൻസർ എന്ന് പറഞ്ഞാ എന്താന്ന് പോലും അവർക്ക് അറിയില്ലടോ…പക്ഷെ അവർക്ക് നഷ്ടപ്പെടുന്നത് അവരുടെ ബാല്യമാണ്…കളിച്ചു നടക്കേണ്ട പ്രായമാണ്…ഒരുപാട് നല്ല നിമിഷങ്ങൾ ആണ്…അവരോടൊപ്പം നിന്ന് അങ്ങനെ തോറ്റുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ല എന്ന് പറയാൻ മനസ്സുണ്ടെങ്കിൽ കൂടെ കൂടിക്കോ… “

അത്‌ കേട്ട് വേദയിൽ ഒരു പുഞ്ചിരി വിടർന്നു…

“ആ മതി…ഈ ചിരി മതി…മനസ്സറിഞ്ഞുള്ള ചിരി…”

സംശയത്തോടെ വേദ ഓമിനെ നോക്കി…..

“മനസ്സിൽ നിന്ന് ചിരിക്കുമ്പോൾ,  ചുണ്ടുകൾക്കൊപ്പം കണ്ണുകളും ചിരിക്കും… “

നഷ്ടങ്ങളുടെ വേദനകളെ പൂർണമായും വിസ്മരിച്ചുകൊണ്ടവർ യാത്ര തുടർന്നു… 

വേദ, ആ പേരിന് പ്രതീക്ഷ എന്ന് കൂടി ഒരർത്ഥം കൈവന്നിരിക്കുന്നു….ഒരുപിടി കുരുന്നു മനസ്സുകൾക്ക് തണലായി,  കരുത്തായി…അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ തിരിനാളമായി, അവൾ ജീവിക്കും….പ്രതിസന്ധികളിൽ ഒരിക്കലും തളരരുതെന്ന്  ഈ ലോകത്തോട് ഉറക്കെ പറയാൻ, പോരാടി ജീവിച്ചു കാണിച്ചു കൊടുക്കാൻ അവൾ ഉണ്ടാകും…

~ കീർത്തി എസ് കുഞ്ഞുമോൻ