എഴുന്നേൽക്കാൻ ശ്രെമിക്കുന്നതിനിടയിൽ ഊടുവഴിയിലൂടെ അടുത്തെത്തിയ ടോർച്ചിന്റെ വെളിച്ചം അവർ കണ്ടിരുന്നില്ല…

ഇരയെ പ്രണയിച്ചവൻ…

Story written by Jisha Raheesh

============

“ഇന്നല്ലേ രുക്കുവിനെ തൂ ക്കുന്നത്…?”

ആരോ ചോദിച്ച ചോദ്യം പാറമടയിലാകെ പ്രതിധ്വനിച്ചു…

ചിലരുടെ മുഖത്ത് പുച്ഛവും മറ്റു ചില മുഖങ്ങളിൽ നിസംഗതയും ചുരുക്കം ചിലതിൽ സഹതാപവും നിഴലിച്ചിരുന്നു….

ഇരുളടഞ്ഞ സെല്ലിലേക്ക് ഭക്ഷണപാത്രം നീക്കി വെക്കുമ്പോൾ ഗാർഡ് ഒന്നേന്തി നോക്കി..വെറും തറയിൽ കിടക്കുകയായിരുന്നവൾ..നേർത്ത വെളിച്ചത്തിൽ ചെമ്പൻ മുടിയിഴകൾ തിളങ്ങുന്നുണ്ടായിരുന്നു..

എന്തായിരിക്കും അവളുടെ മനസ്സിലെന്നയാൾ ഓർത്തുപോയി..രണ്ടെണ്ണത്തിനെ തീർത്തു കളഞ്ഞവൾ..അതിലൊന്ന് സ്വന്തം അച്ഛനും..അതും ഒറ്റയ്ക്ക്…കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞവൾ..ഇവിടെ എത്തിയത് മുതൽ വ ധശിക്ഷ കാത്തു കിടക്കുന്നതിനിടെ, അവളുടെ മുഖത്ത് കല്ലിച്ച ഒരു ഭാവമേ കണ്ടിട്ടുള്ളൂ…നാളെ പുലർച്ചെയാണ് വിധി നടപ്പാക്കുന്നത്..

സിമന്റ് തറയിലെ തണുപ്പ് രുഗ്മിണിയുടെ ശരീരത്തിൽ അരിച്ചെത്തുന്നുണ്ടായിരുന്നു..മിഴികൾ ചേർത്തടച്ചിരുന്നവൾ..ഓർമ്മകൾ ക്ഷണിക്കപ്പെടാതെ വന്നെത്തി നോക്കുന്നുണ്ടായിരുന്നവളെ…

തെല്ലുനേരം കഴിഞ്ഞതും ഗാർഡ് വീണ്ടും സെല്ലിന്റെ അഴികളിൽ തട്ടി…കിടന്നിടത്തു നിന്നും അനങ്ങിയിരുന്നില്ലവൾ…

“വിസിറ്ററുണ്ട്…”

രുഗ്മിണി അപ്പോഴും തലയുയർത്തി നോക്കിയില്ല..ചോദിക്കാതെ തന്നെ അവൾക്കറിയാമായിരുന്നു ആളെ..സ്പെഷ്യൽ പെർമിഷൻ വാങ്ങിയിട്ടാണെങ്കിലും ഈ ഒരു കൂടിക്കാഴ്ചയ്ക്ക് ആളെത്തുമെന്നും…

അടുത്ത് വരുന്ന ബൂട്സിന്റെ ശബ്ദം കേട്ടതും അവൾ പതിയെ എഴുന്നേറ്റിരുന്നു…

ശ്രീരാജ് നമ്പ്യാർ…ഐ പി എസ്…

ഓർമ്മകൾ വീണ്ടും പുകഞ്ഞു തുടങ്ങിയിരുന്നു…

അന്നൊരു വൈകുന്നേരം…

ആളിക്കത്തുന്ന ചിതയിലെ കനലുകൾ അവളുടെ കണ്ണുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു…ഉയിരായി തണലായി കൂടെയുണ്ടായിരുന്നവൾ ഒരു പിടി ചാരമായി മാറുന്നത് കണ്ടിട്ടും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെയവൾ നിന്നു…കരഞ്ഞു തളർന്ന പന്ത്രണ്ടു വയസുകാരി അനിയത്തിക്കുട്ടിയെ ചേർത്തു പിടിക്കുമ്പോളും അവളുടെ മനസ്സിൽ കനലുകളെരിയുന്നുണ്ടായിരുന്നു…

അവൾ രുഗ്മിണി..പതിനേഴ്‌ വയസ്സുകാരി…അവൾക്കും അനിയത്തി അമ്മുവിനും ഏക ആശ്രയമായിരുന്ന അമ്മയാണ് ആ ചിതയിൽ എരിഞ്ഞടഞ്ഞിയത്. ഓർമ വെച്ച കാലം മുതൽ രുഗ്മിണി കാണുന്നത് അച്ഛന്റെ ചവിട്ടും തൊഴിയും ഏറ്റുവാങ്ങി തളർന്ന ശരീരവുമായി  അവർക്ക് ഒരു നേരത്തെ ആഹാരത്തിന് വകയുണ്ടാക്കാനായി നെട്ടോട്ടം ഓടുന്ന അമ്മയെയാണ്…

മറ്റുള്ള താവളങ്ങൾ മടുക്കുമ്പോൾ അയാൾ തേടിയെത്തുന്ന വിനോദ കേന്ദ്രമായിരുന്നു അവരുടെ വീട്…

അയാളുടെ കഴുകൻ കണ്ണുകളിൽ നിന്ന് പെണ്മക്കളെ ഒളിപ്പിക്കാൻ അവരുടെ മുൻപിൽ ഒരു മറയായി ആ അമ്മ നിന്നിരുന്നു. പലപ്പോഴും അച്ഛൻ അമ്മയുടെ ശരീരത്തിൽ കാ-മാസക്തി തീർക്കുമ്പോൾ വേദനയോടെയുള്ള അമ്മയുടെ നിലവിളികൾ കേൾക്കാതിരിക്കാൻ ചെവികൾ  പൊത്താനെ അവർക്ക് കഴിഞ്ഞിരുന്നുള്ളൂ. അയാൾക്ക് വഴങ്ങികൊടുത്തില്ലെങ്കിൽ തന്റെ പെണ്മക്കളിലേക്ക് അയാളുടെ കണ്ണുകളെത്തും എന്നറിയാവുന്നത് കൊണ്ടു ആ അമ്മയ്ക്കും എല്ലാം അനുസരിക്കാനേ കഴിയുമായിരുന്നുള്ളൂ…

പത്താം ക്ലാസ്സോടെ പഠിപ്പ് നിർത്തി അമ്മയുടെ കൂടെ അവളും ജോലിക്ക് പോവാൻ തുടങ്ങി. പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടായിരുന്നില്ല . അച്ഛന്റെ മർദനങ്ങളേറ്റ് തളർന്ന അമ്മയുടെ ശരീരത്തിന്റെ ബലം കുറയുന്നത് അവളറിയുന്നുണ്ടായിരുന്നു….

അയൽക്കാർക്കെല്ലാം ആ അമ്മയോടും മക്കളോടും അനുകമ്പ ഉണ്ടായിരുന്നെങ്കിലും വാസുവിനെ എല്ലാവർക്കും ഭയമായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെയും മക്കളുടെയും കരച്ചിൽ കേൾക്കുമ്പോൾ അയൽക്കാർ  വാതിലടച്ചിരിക്കാറായിരുന്നു പതിവ്…

അമ്മ മരിച്ചതിനു ശേഷം കുറച്ചു ദിവസങ്ങൾ രുഗ്മിണിയും അമ്മുവും സീതമ്മയുടെ വീട്ടിൽ ആയിരുന്നു. അമ്മയുടെയും അവളുടെയും കൂടെയായിരുന്നു സീതമ്മയും ജോലിക്ക് പോയിരുന്നത്. ഒരു ദിവസം വാസു സീതമ്മയുടെ വീട്ടിൽ വന്നു ബഹളം വെച്ചു. രുക്മിണിയെയും അമ്മുവിനെയും ഇറക്കിവിടണമെന്ന് ഭീഷണിപ്പെടുത്തി. അവിടെ തുടർന്നാൽ സീതമ്മക്കും കുടുംബത്തിനും കൂടി തലവേദന ആവുമെന്ന് മനസിലായതോടെ രുഗ്മിണി അമ്മുവിനെയും കൂട്ടി അവിടെ നിന്നിറങ്ങി…

രാത്രി കോരിച്ചൊരിയുന്ന മഴയിൽ വീടിന്റെ  ഒരു കോണിൽ അയാളുടെ വരവും കാത്തിരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഭയമില്ലായിരുന്നു. പക്ഷേ അച്ഛനെന്നു പേരിട്ടു വിളിക്കുന്ന ആ മനുഷ്യ മൃ ഗം മറ്റൊരു താവളത്തിൽ ഭാര്യയുടെ മരണത്തിന്റെ അവസാനവട്ട ആഘോഷത്തിലായിരുന്നു അപ്പോഴും…

രുഗ്മിണി ഞെട്ടിയുണർന്നപ്പോഴേക്കും നേരം പുലർന്നിരുന്നു. ഇരുന്ന ഇരിപ്പിൽ മനസ്സിലെ തീരുമാനങ്ങൾ ഒന്ന് കൂടി  ഉറപ്പിക്കുകയായിരുന്നു അവൾ. ഉറങ്ങുന്ന അമ്മുവിനെ ഉണർത്താതെ വാതിൽ ചാരി പുറത്തേക്കിറങ്ങി. പുഴക്കരയിലേക്ക് നടന്നു. തേടിയ സാധനം കൈയിൽ കിട്ടിയതും ധൃതിയിൽ വീട്ടിലേക്ക് തിരിച്ചു…

കട്ടൻ ചായയുമായി അമ്മുവിനെ ഉണർത്തി. കണ്ണുകൾ തുറന്നതും അവൾ രുഗ്മിണിയെ കെട്ടിപ്പിടിച്ചു വിതുമ്പി. അമ്മുവിനെ മാറോടു ചേർത്തണക്കുമ്പോഴും കണ്ണീർ വറ്റിയ കണ്ണുകളിൽ നിന്ന് ഒരു തുള്ളി പോലും പുറത്തു വന്നില്ല.

വൈകുന്നേരമായപ്പോഴേക്കും കുളിച്ചൊരുങ്ങി അവൾ അയാളെ കാത്തിരുന്നു. ഉറങ്ങുന്ന അമ്മുവിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും മനസ്സ് ജാഗ്രതയോടെ കാത്തിരുന്നു. പുലർച്ചെക്കെപ്പോഴോ കതകിൽ തട്ടുന്നത് കേട്ടപ്പോഴാണവൾ പിടഞ്ഞുണർന്നത്. കതകിനപ്പുറം നിന്നിരുന്ന വാസുവിന്റെ ചുവന്ന കണ്ണുകൾ അവളുടെ ദേഹം മുഴുവൻ പരതി നടക്കുകയായിരുന്നു. ദേഹം മുഴുവൻ ആയിരം ചൊറിയൻ പുഴുക്കൾ അരിച്ചിറങ്ങുന്ന അറപ്പ് തോന്നിയെങ്കിലും രുഗ്മിണി മുഖത്ത് മാ ദകമായൊരു ചിരി വരുത്തി.

“ഇവിടിപ്പോ ഞങ്ങൾ മാത്രേള്ളൂന്നറിയില്ല്യേ അച്ഛന്. ന്നലെ ന്തേ വരാഞ്ഞത്..?”

പരിഭവത്തിൽ ചാലിച്ച പുഞ്ചിരിയോടെ അവളതു പറയുമ്പോൾ അയാളുടെ ചോ രച്ച കണ്ണുകളിലെ ഭാവമാറ്റങ്ങൾ അവൾ സസ്സൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. താൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പാരിതോഷികം കിട്ടുമെന്ന ചിന്ത അയാളുടെ മുഖത്ത് ഒരു വഷളൻ ചിരി വിടർത്തുന്നത് അവൾ കണ്ടു. തിരിഞ്ഞു നടക്കവെ പുറകിൽ നിന്ന് പിടിച്ച കൈകൾ ശരീരത്തെ  പൊള്ളിക്കുന്നതറിഞ്ഞുവെങ്കിലും ചുണ്ടിൽ അയാൾക്കായി വിടർത്തിയ ചിരിയോടെ അവൾ പറഞ്ഞു

“കഴിക്കാൻ ന്തെങ്കിലും ഇണ്ടാക്കട്ടെ. അച്ഛൻ പോയിക്കിടന്നോ..ഞാൻ വിളിക്കാം “

ഒട്ടൊരു നിരാശ തോന്നിയെങ്കിലും അവളുടെ ചിരിയിലെ വാഗ്ദാനം അയാളിൽ പുതിയൊരു ഉന്മേഷം പരത്തി. അകത്തെ  കട്ടിലിലേക്ക് കയറി കിടക്കാൻ തുടങ്ങുമ്പോഴും അയാൾ അരയിലെ മ ദ്യക്കുപ്പി വായിലേക്ക് കമിഴ്ത്തുന്നത് രുഗ്മിണി കണ്ടിരുന്നു.

രുഗ്മിണി കുളി കഴിഞ്ഞെത്തുമ്പോഴേക്കും
അയാൾ നല്ല ഉറക്കത്തിൽ ആയിരുന്നു. ഗോതമ്പുദോശയും ചമ്മന്തിയും ഉണ്ടാക്കി അമ്മുവിനെ വിളിച്ചു. ഇടയ്ക്കിടെ പുറത്തേക്ക്  വന്നു കൊണ്ടിരുന്ന കൂർക്കം വലിയുടെ ശബ്ദം അമ്മുവിൽ ഞെട്ടൽ ഉണ്ടാക്കിയെങ്കിലും രുഗ്മിണി അവളെ കണ്ണടച്ച് കാണിച്ചു.

“വേഗം കഴിച്ചിട്ട് സ്കൂളിൽ പോ കൊച്ചേ, ദെവസമൊത്തിരിയായില്ല്യേ അങ്ങോട്ട് പോയിട്ട് “

അവളുടെ നേർക്ക് നീളുന്ന അമ്മുവിന്റെ കണ്ണുകളിലെ ചോദ്യഭാവം അവഗണിച്ചു കൊണ്ടു രുഗ്മിണി പറഞ്ഞു.

“വിനോദ് മാഷ് പറഞ്ഞത് പോലെ ഈ തവണേം ക്ലാസ്സിൽ ഫസ്റ്റ് വാങ്ങിക്കണം ട്ടോ അമ്മുക്കുട്ടി, ഏച്ചീടെ സ്വഭാവം അറിയാലോ അമ്മയെപ്പോലല്ല..”

അമ്മുവിന്റെ കണ്ണിൽ പടർന്ന കണ്ണീർ തുടച്ചു കൊണ്ടു പറയുമ്പോൾ രുഗ്മിണിയുടെ വാക്കുകൾ ദൃഢമായിരുന്നു.

“ഏച്ചിയുണ്ട് ന്റെ കുട്ടിക്ക്. എന്നും…എപ്പഴും, പേടിക്കരുത് ഒന്നിനേം…ആരെയും…വെറുതെ…”

അമ്മുവിനെ സ്കൂളിലേക്ക് വിട്ടാണ് മ ദ്യലഹരിയിൽ ലക്ക് കെട്ടുറങ്ങുന്ന അയാൾക്കരികിലേക്ക് ചെന്നത്. മനസിലെ കനലുകൾ കെടുന്നത് വരെ, ക ത്തി കൊ ണ്ടു അയാളുടെ നെഞ്ചിൽ കു ത്തി വരയാൻ  തോന്നിയെങ്കിലും അവൾ മനസ്സിനെ പിടിച്ചു നിർത്തി…

കട്ടിലിന്റെ സൈഡിൽ വെച്ചിരുന്ന മ ദ്യക്കുപ്പി എടുത്തു അടുക്കളയിലേക്ക് നടന്നു…നേരത്തെ കരുതി വെച്ചിരുന്ന വി ഷക്കാ യ പിഴിഞ്ഞ് കുപ്പിയിലേക്ക് ഒഴിക്കുമ്പോഴും രുഗ്മിണിയുടെ കൈകൾ വിറച്ചിരുന്നില്ല…

പിന്നെയും കുറെ നേരം കഴിഞ്ഞാണ് അയാൾ ഉണർന്നത്. കട്ടിലിൽ ഇരുന്നു അയാൾ ചുറ്റും നോക്കുന്നത് രുഗ്മിണി അടുക്കളയിൽ നിന്ന് കാണുന്നുണ്ടായിരുന്നു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് എന്തോ ആലോചിച്ചെന്ന പോലെ അയാൾ മ ദ്യക്കുപ്പി കൈയിലെടുത്തത്…കുറച്ചു വായിലേക്ക് ഒഴിച്ച ശേഷം കുപ്പിയിലേക്ക് ഒന്ന് നോക്കിയെങ്കിലും മടിക്കാതെ അവശേഷിക്കുന്ന ദ്രാവകം കൂടി അയാൾ അകത്താക്കി…

ഏറെ നേരം കഴിയും മുൻപേ വായിൽ നിന്ന് നുരയും പതയും വന്നു അവസാനശ്വാസത്തിന് വേണ്ടി പിടയുമ്പോൾ അയാൾ കണ്മുന്നിൽ ആ രൂപം കണ്ടു…ആ കണ്ണുകളിലെ കെടാത്ത കനലുകളിൽ നിന്ന് അഗ്നി ആളുന്നതും കണ്ടു.

“ന്റെ അമ്മയ്ക്ക് ചെയ്യാൻ കഴിയാഞ്ഞത്. അമ്മയ്ക്ക് വേണ്ടി…അമ്മൂന് വേണ്ടി…പിന്നെ നിക്കും “

കണ്ണുകൾ അടയവേ അയാളാ ശബ്ദം കേട്ടു.

പതിവ് സംഘങ്ങളിൽ നിന്ന്, ആദ്യമൊക്കെ, ഇടയ്ക്കിടെ വാസുവിന്റെ പേര് ഉയർന്നു വന്നിരുന്നെങ്കിലും വളരെ പെട്ടെന്നു തന്നെ അതു നിലച്ചു പോയി. അയാൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീർ പൊഴിക്കാൻ പോലും ആരുമില്ലായിരുന്നുവെന്നത് അയാൾക്ക് മാത്രമായിരുന്നല്ലോ അറിയാതിരുന്നത്…അയൽക്കാർ ആ പെൺകുട്ടികളെ കുറിച്ചോർത്തു ആശ്വസിച്ചു…

കൈയിലെ വാക്ക ത്തിയും കണ്ണുകളിലെ തീയും രുഗ്മിണിക്ക് രക്ഷാവലയം ആയിരുന്നു. വാസുമാർ തീണ്ടാപ്പാടകലത്ത് നിന്നു.

പാറമടയിലെ പണിക്കിടയിൽ ലോറി ഡ്രൈവറായ രാജുവിന്റെ കണ്ണുകൾ തന്നെ തിരയുന്നത് അവൾ കണ്ടില്ലയെന്നു നടിച്ചു. ഒടുവിലൊരു ദിനം ,ഒരു ദാക്ഷിണ്യവുമില്ലാതെ അവന്റെ വിവാഹാഭ്യർത്ഥന നിരസിച്ചു തിരിഞ്ഞു നടക്കുമ്പോൾ ഒരു നീർതുളളി ആ കണ്ണുകളിൽ നിന്നടർന്നു വീണിരുന്നു. അവൾ പോലുമറിയാതെ…..

വർഷങ്ങൾക്കിപ്പുറം എംബിബിഎസ് അവസാനപരീക്ഷയുമെഴുതി വരുന്ന അമ്മുവിനെ കാത്തു ബസ്റ്റോപ്പിൽ നിൽക്കവേ അവൾ കേട്ടു പുറകിൽ നിന്നാരോ പറഞ്ഞത്.

“എന്നാലും ആ കൊച്ചിന്റെ ഒരു ധൈര്യം… സമ്മതിക്കണം…ഒത്തിരി കഷ്ടപ്പെട്ടാണേലും ആ അനിയത്തികൊച്ചിനെ പഠിപ്പിച്ചു ഡോക്ടർ ആക്കീലെ “

ബസിറങ്ങിയ അമ്മുവിനെ ചേർത്ത് പിടിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ രുഗ്മിണിയുടെ ചുണ്ടിൽ ചിരിയുണ്ടായിരുന്നു. അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.

ആ കൊച്ചു വീടിന്റെ തറയ്ക്കുള്ളിലായി ഞാൻ കിടത്തിയുറക്കിയ അയാളിലാണ് എന്റെ ധൈര്യം. തളർന്നു പോവുമെന്ന് തോന്നുമ്പോൾ അയാളുടെ നെഞ്ചിൽ ചവിട്ടിയാണ് ഞാൻ ഉയിർത്തെഴുന്നേൽക്കുന്നത്…

തട്ടാർക്കാവിലെ ഉത്സവത്തിന്റെയന്നാണ് രുഗ്മിണി രാജുവിനെ വീണ്ടും കാണുന്നത്…അമ്മു പോവണമെന്ന് വാശി പിടിച്ചത് കൊണ്ടാണ് രുഗ്മിണി അവളെ കാവിൽ കൊണ്ടുപോയത്..

വയലിനപ്പുറത്തെ റോഡിലൂടെ ചുറ്റിവളയാതെ, ചിറ്റാരിക്കൽകാരുടെ കരിമ്പിൻ തോട്ടത്തിനടുത്തു കൂടെയുള്ള ഊടുവഴിയിലൂടെയാണവർ പോയത്…രണ്ടു കൊല്ലം മുൻപേ കരിമ്പിൻകാട്ടിനപ്പുറത്തെ നിലയില്ലാക്കയത്തിൽ ചീർത്ത് പൊങ്ങിയ  ഭാസ്കരൻ മൊതലാളിയുടെ പ്രേ തം ഇടയ്ക്കിടെ കരിമ്പിൻ തോട്ടത്തിൽ പ്രത്യക്ഷപ്പെടാറുണ്ടെന്ന വാർത്തകൾ പരന്നതോടെ ഇരുട്ടിയാൽ പിന്നെ ആ വഴി ആരും പോവാറില്ല…

രുഗ്മിണി അതൊന്നും ചെവിക്കൊള്ളാറില്ല..ആകെ പേടിക്കേണ്ടത് അവിടെയുണ്ടാവുന്ന ഇഴജന്തുക്കളെയാണെന്നാണ് അവളുടെ ഭാഷ്യം…

പോവുമ്പോൾ കയ്യിൽ കരുതിയ ചൂട്ടുകറ്റ കത്തിച്ചു പിടിച്ചു കൊണ്ടു ധൃതിയിൽ നടക്കവേ പിറകിൽ നിന്നും അമ്മു പറയണത് കേട്ടു…

“ഇത്തിരി നേരം കൂടെ ഇരിക്ക്യാരുന്നു..”

“പിന്നേ അതും കണ്ടോണ്ടിരുന്നാൽ മതീലോ..നാളെ പണിയ്ക്ക് പോണ്ടതാ..”

തിരിഞ്ഞൊന്ന് അമ്മുവിനെ നോക്കിയതും വരമ്പിൽ നിന്നും കാലിടറിയതും ഒരുമിച്ചായിരുന്നു…ചൂട്ടുകറ്റ കയ്യിൽ നിന്നും തെറിച്ചു പോയി…

അമ്മേയെന്ന വിളിയോടെ രുഗ്മിണി വരമ്പത്തേക്കിരുന്നു പോയി..കാലനക്കാൻ പറ്റുന്നില്ല…ഉളുക്കിയിട്ടുണ്ട്…

കയ്യിലെ മൊബൈലിന്റെ വെളിച്ചത്തിൽ അമ്മു അവളുടെ കാല് പിടിച്ചു നോക്കി..

“ശ്ശ്..”

രുഗ്മിണി വേദനയോടെ കാല് വലിക്കാൻ ശ്രെമിച്ചു..

“ഉളുക്കിയതാണെന്ന് തോന്നുന്നു…”

രുഗ്മിണി എഴുന്നേൽക്കാൻ നോക്കിയെങ്കിലും പറ്റിയില്ല..

“എന്താപ്പോ ചെയ്യാ..എണീക്കാൻ പറ്റണില്ല നിക്ക്..ഇവിട ഇങ്ങനെ ഇരിക്കാനും പറ്റില്ല്യ..കരിമ്പിൻ കാട്ടിലപ്പടി ഇഴജന്തുക്കളാ”

അമ്മുവിനെ പിടിച്ചവൾ എഴുന്നേറ്റെങ്കിലും  രുഗ്മിണിയ്ക്ക് വലതു കാല് നിലത്ത് കുത്താൻ  കഴിഞ്ഞില്ല…

“ഞാൻ അപ്പഴേ പറഞ്ഞതാ റോഡ് വഴി വന്നാ മതീന്ന്..അതെങ്ങനാ ആരേലും എന്തേലും പറഞ്ഞാൽ കേക്കോ..”

അമ്മു പിറുപിറുത്തു..എഴുന്നേൽക്കാൻ ശ്രെമിക്കുന്നതിനിടയിൽ ഊടുവഴിയിലൂടെ അടുത്തെത്തിയ ടോർച്ചിന്റെ വെളിച്ചം അവർ കണ്ടിരുന്നില്ല…

“ന്താ പറ്റീത്..?”

രാജു..അന്ന് വിവാഹാഭ്യർത്ഥന നിരസിച്ചതിൽ പിന്നെ കണ്ടിട്ടില്ല..നാട്ടിൽ വന്നെന്നും തെക്കേപ്പുറത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണെന്നു മൊക്കെ കേട്ടിരുന്നു…

“കാൽ വഴുതി വീണതാ..ഉളുക്കിയതാണെന്ന് തോന്നണു…നടക്കാൻ പറ്റണില്ല…”

അമ്മുവാണ് പറഞ്ഞത്..രാജു ചുറ്റുമൊന്ന് നോക്കി..പിന്നെ ടോർച്ച് അമ്മുവിന്റെ നേരേ നീട്ടി..അവളത് വാങ്ങിയതും ആൾ മുണ്ടൊന്ന് മാടിക്കുത്തി..അടുത്ത നിമിഷം രുഗ്മിണി ഒട്ടും പ്രതീക്ഷിക്കാതെയാണ് അവൻ അവളെ കോരിയെടുത്തു തോളത്തിട്ടത്..അമ്മുവും ആദ്യമൊന്ന് ഞെട്ടി..പിന്നെ ആശ്വാസത്തോടെ രാജുവിന് പിറകെ നടന്നു..

രുഗ്മിണിയ്ക്ക് ദേഹമാകെ വിറയ്ക്കുന്നുണ്ടായിരുന്നു.. അയാളുടെ മുടിച്ചുരുളുകൾ അവളുടെ കവിളിൽ തട്ടുന്നുണ്ടായിരുന്നു..ആ ഹൃദയസ്പന്ദനവും വിയർപ്പിന്റെ ഗന്ധവും അവളറിയുന്നുണ്ടായിരുന്നു..

തിണ്ണയിലേയ്ക്ക് പതിയെ ഇരുത്തിയപ്പോൾ അവളൊന്ന് വേച്ചു പോയി..എങ്കിലും മുഖമുയർത്തി നോക്കിയില്ല..അമ്മു കോലയിലേക്ക് കയറി വാതിൽ തുറക്കുമ്പോൾ രാജു രുഗ്മിണിയുടെ കാലൊന്ന് പിടിച്ചു നോക്കി..വേദന കൊണ്ടവൾ മുഖം ചുളിച്ചുവെങ്കിലും മിഴികൾ അവന് നേരെ നീണ്ടില്ല..

“ഉളുക്കിയതാണെന്ന് തോന്നുന്നു..നീര്ണ്ടാവും..രാവിലെ തന്നെ വേലപ്പൻ വൈദ്യരെ ഒന്ന് കാണിച്ചേരെ…”

രുഗ്മിണിയെ നോക്കാതെ അമ്മുവിനോടാണ് രാജു പറഞ്ഞത്..

“അല്ലേൽ എന്തിനാ വൈദ്യരെയൊക്കെ വിളിക്കണത്..ഡോക്ടർ ഇവിടല്ല്യേ..”

എന്തോ ഓർത്തത് പോലെയയാൾ അമ്മുവിനെ നോക്കി പറഞ്ഞു…

“വൈദ്യരെ തന്നെ വിളിച്ചേക്കാം രാജുവേട്ടാ..ന്തൊക്കെ പറഞ്ഞാലും അങ്ങേരുടെ കൈപ്പുണ്യമൊന്നും എനിക്കുണ്ടാവില്ല്യാ..”

രാജു ചിരിച്ചു..

“ന്നാൽ ഞാനിറങ്ങട്ടെ..”

അടുത്ത നിമിഷം അയാൾ വീണ്ടും തിരിഞ്ഞു രുഗ്മിണിയെ നോക്കി…

“അകത്തേക്ക്..കൊണ്ടാക്കണോ …?”

“വേണ്ടാ…ഞാൻ പിടിച്ചു കേറിപ്പൊക്കോളാം..”

അയാൾ പൂർത്തിയാക്കുന്നതിനു മുൻപേ രുഗ്മിണി പറഞ്ഞു..

“ഉം..”

ഒരു മൂളലോടെ രാജു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അമ്മു വിളിച്ചു പറഞ്ഞു…

“രാജുവേട്ടാ..താങ്ക്സ്…”

അവനൊന്നു തല ചെരിച്ചു രുഗ്മിണിയെ നോക്കി…നോട്ടം ഇടഞ്ഞെങ്കിലും രുഗ്മിണി നിശബ്ദയായിരുന്നു…

“അതൊക്കെ കയ്യിൽ വെച്ചേരെ കൊച്ചേ…”

ചിരിയോടെ അവൻ നടന്നകലുന്നത് നോക്കിയിരിക്കവേ രുഗ്മിണിയുടെ ചുണ്ടിലുമൊരു ചെറുചിരി തെളിഞ്ഞിരുന്നു..അവളറിയാതെ…

രാവിലെ തന്നെ വേലപ്പൻ വൈദ്യർ വന്നു കാലുഴിഞ്ഞു കെട്ടി..മൂന്നാഴ്ച വിശ്രമവും വിധിച്ചു. അതായിരുന്നു രുഗ്മിണിയ്ക്ക്‌ ഏറെ കഠിനമായി തോന്നിയത്…

അയൽക്കാരും പണിസ്ഥലത്തുള്ളവരും പലരും വന്നു പോയി..പ്രതീക്ഷിച്ച മുഖം മാത്രം കണ്ടില്ല..വെറുതെ ഓരോന്ന് ഓർത്തു കിടക്കുന്നതിനിടെ അവൾ ശക്തിയായി മുഖമൊന്നു കുടഞ്ഞു..മനസ്സിന്റെ ഭിത്തിയിൽ പറ്റിപ്പിടിച്ചു വളരാൻ തുടങ്ങിയ മോഹങ്ങളെ തൂത്തെറിയാനെന്നോണം…

കാലിലെ കെട്ടഴിച്ചിട്ടും ദിവസങ്ങളോളം അമ്മുവിന്റെ നിർബന്ധത്തിന് വഴങ്ങിയവൾ ജോലിയ്ക്ക് പോയില്ല….

ഒടുവിലൊരു മഴയുള്ള രാവിലെ, പാറമടക്കുകൾക്ക് താഴെ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽചീളുകൾ ക്കടുത്തേക്ക് നടക്കുമ്പോൾ അവൾ കണ്ടു..

നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ ചാരി നിന്ന് ആരോടോ സംസാരിച്ചു നിൽക്കുന്നയാളിലേക്ക് പാളിപ്പോവുന്ന കണ്ണുകളെ നിയന്ത്രിക്കാൻ ശ്രെമിച്ചുകൊണ്ടവൾ ജോലിയിൽ മുഴുകി…എങ്കിലും തനിക്ക് ചുറ്റും പൊട്ടിച്ചിതറി വീഴുന്ന കരിങ്കൽ ചീളുകളിൽ അവളുടെ കണ്ണെത്തുന്നുണ്ടായിരുന്നില്ല..

രാജു പക്ഷെ അവൾക്കരികിലേക്ക്‌ വരികയോ അവളെ ശ്രെദ്ധിക്കുകയോ ചെയ്തില്ല..മറ്റെല്ലാരോടും ചിരിക്കുകയും കളിക്കുകയുമൊക്കെ ചെയ്യുന്നുമുണ്ട്..ദിവസങ്ങൾ കഴിയവേ കൂട്ടിലിട്ട വെരുകിനെ പോലെ അസ്വസ്ഥമായി തുടങ്ങിയിരുന്നു രുഗ്മിണിയുടെ മനസ്സ്..അകാരണമായി ദേഷ്യപ്പെടുന്ന അവളെ അമ്മുവും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..

അന്നുച്ചയ്ക്ക് രാധ വീട്ടിൽ പോയത് കൊണ്ടു അവളൊറ്റയ്ക്കായിരുന്നു ചോറുണ്ണാനിരുന്നത്..കുഞ്ഞിന് സുഖമില്ലാത്തത് കൊണ്ടു സ്മിതേച്ചി രണ്ടു ദിവസമായി വരുന്നില്ല..കുശുമ്പും കുന്നായ്മയുമായി വട്ടം കൂടിയിരുന്നു കഴിക്കുന്നവരുടെ ഇടയിൽ അവളൊരിക്കലും ക്ഷണിക്കപ്പെട്ടിരുന്നില്ല..

ചോറ്റുപാത്രം തുറക്കുന്നതിനിടയിലും അവൾ കേൾക്കുന്നുണ്ടായിരുന്നു ആ പതിഞ്ഞ ചിരി..അപ്പുറത്ത് ചോറുണ്ണുന്നവരുടെയടുത്ത് നിന്ന് ശ്രംഗരിക്കുകയാവും…

ദേഷ്യത്തോടെ ഒരു പിടി കുഴച്ചെടുത്തു വായിലേക്ക് വെയ്ക്കുമ്പോഴാണ് ചോറ്റുപാത്രത്തിലേക്ക് ഒരു കൈ നീണ്ടു വന്നത്..ഉപ്പിലിട്ട കണ്ണിമാങ്ങക്കഷ്ണം എടുത്തു വായിലേക്ക് വെക്കുമ്പോൾ പുളി കൊണ്ടാവണം മുഖം ചുളിക്കുന്നത് കണ്ടു..തുറിച്ചു നോക്കുന്ന അവളെ നോക്കി ചിരിയോടെ രണ്ടു പുരികവും ഉയർത്തി..പിന്നെ പതിയെ തിരിഞ്ഞു നടക്കുമ്പോഴും, വാ തുറന്നു അതേ ഇരിപ്പിരിക്കുന്ന അവളെ നോക്കി പൊട്ടിച്ചിരിയോടെ ഇരുകണ്ണുകളും അടച്ചു കാണിച്ചു..

നേർത്തൊരു പുഞ്ചിരിയിൽ തന്റെ മനസ്സിന്റെ അസ്വസ്ഥതകൾ അകലുന്നതവളറിഞ്ഞിരുന്നു..

അതിൽ പിന്നെ അടുത്തുകൂടെ പോവുമ്പോൾ പരസ്പരം നോക്കിയില്ലെങ്കിലും ഒരു ചെറുചിരി രണ്ടുപേരുടെയും അധരങ്ങളെ തേടിയെത്താറുണ്ടായിരുന്നു…

അന്ന് വൈകുന്നേരം പണി കഴിഞ്ഞവൾ മടങ്ങുമ്പോൾ മാനം കറുത്തിരുണ്ടിരുന്നു..ഇടവഴിയിലേക്ക് ഇറങ്ങുമ്പോഴേക്കും വലിയ തുള്ളികൾ ദേഹത്ത് പതിച്ചു…ചോറ്റുപാത്രമടങ്ങിയ കവർ നെഞ്ചോട് ചേർത്തു പിടിച്ചു, നീളൻ കുട നിവർത്തിയപ്പോഴാണ് ഒരാൾ കുടക്കീഴിലേക്ക് ഓടിക്കയറിയത്..രുഗ്മിണി ഞെട്ടലോടെ മുഖമുയർത്തിയതും രാജു അവളെ നോക്കി ഇരുമിഴികളും അടച്ചു കാണിച്ചു..അവന്റെ ഉയരത്തിനനുസരിച്ചു കുട ഉയർത്തിപ്പിടിക്കാൻ രുഗ്മിണി പാടുപെട്ടപ്പോൾ ഒന്നും പറയാതെ ചിരിയോടയവൻ കുട കയ്യിൽ വാങ്ങി അവളോട് ചേർന്നു നടന്നു..

ഇടവഴിയിൽ നിന്നും വീട്ടിലേക്ക് കയറുമ്പോൾ പറഞ്ഞു…

“അന്നൊരിക്കൽ പറഞ്ഞ മറുപടി ഞാൻ സ്വീകരിച്ചിട്ടില്ല്യാ ..”

കുട അവളുടെ കയ്യിൽ കൊടുത്തു ചിരിയോടെ അവൻ കോലായിലേക്ക് ഓടിക്കയറിയപ്പോഴും ഇടവഴിയിൽ ആ മഴയത്തങ്ങനെ നിൽപ്പായിരുന്നവൾ..എന്തേയെന്നവൻ മുഖമുയർത്തിയപ്പോൾ, ഒന്നും മിണ്ടാതെ തെല്ല് ജാള്യതയോടവൾ നടന്നു നീങ്ങിയിരുന്നു..അപ്പോഴുമവൻ ചിരിക്കുന്നുണ്ടായിരുന്നു…

മൂന്നാല് വാക്കുകൾക്കപ്പുറം ഇടം കണ്ടെത്താത്ത പ്രണയം, പക്ഷെ മിഴികളാൽ വാചാലമായിക്കഴിഞ്ഞിരുന്നു…

പതിവില്ലാതൊരു ദിനം കണ്ണാടിയിൽ നോക്കി പൊട്ടു കുത്തി, അമ്മുവിന്റെ കരിമഷിച്ചെപ്പ് കയ്യിലെടുത്തവൾ കണ്ണെഴുതി..പൊടുന്നനെ പൊട്ടിച്ചിരിയോടൊരു കൈ പിറകിലൂടെ ചുറ്റിയപ്പോൾ അവളുമൊന്ന് ചിരിച്ചു..ചമ്മലോടെ…

“ഉം..ഞാനറിയുന്നുണ്ടെല്ലാം..നിക്ക് ഇഷ്ടാ…ആള് ഏച്ചിയ്ക്ക് നല്ല ചേർച്ചയാ..”

രുഗ്മിണിയുടെ കവിൾത്തടങ്ങൾ തുടുത്തു പോയിരുന്നു…

ഒരു ദിനം കാണാതെ, ചുറ്റും പരതിയ കണ്ണുകൾ, പിറ്റേന്നും നിരാശ്ശരായപ്പോൾ അവളുടെ മനസ്സിനും കനം വെച്ചു തുടങ്ങിയിരുന്നു..അപ്പോഴാണ് വയ്യാണ്ട് കിടക്കുകയാണെന്നൊരു വാർത്ത കാതുകളെ തിരഞ്ഞെത്തിയത്…

മടിച്ചു മടിച്ചാണ് അന്നാ വൈകുന്നേരം ചാരിയിട്ട വാതിൽപ്പാളികൾ തുറന്നു അകത്തു കടന്നത്..കട്ടിലിൽ മൂടിപ്പുതച്ചു കിടന്നിരുന്നയാളിന്റെ കണ്ണുകൾ അടഞ്ഞു കിടന്നിരുന്നു..പെട്ടെന്നൊരു തോന്നലിൽ വലം കൈ  നെറ്റിയിൽ ചേർത്തപ്പോൾ ആ തണുപ്പിലാവാം അവന്റെ കൈ അവളുടേതിന് മേൽ മുറുകിയത്…

“പൊള്ളുന്നുണ്ടല്ലോ…മരുന്നൊന്നും കഴിച്ചില്ല്യേ …?”

വരണ്ടൊരു ചിരിയോടെ ഇല്ലെന്നവൻ തലയാട്ടുമ്പോഴും അവളുടെ കയ്യിലെ പിടുത്തം വിട്ടിരുന്നില്ല..

ചൂടുള്ള ചുക്കുകാപ്പിയും പൊടിയരിക്കഞ്ഞിയുമായി വരുമ്പോൾ അവൾക്കൊപ്പം അമ്മുവുമുണ്ടായിരുന്നു…

അമ്മു കൊടുത്ത മരുന്ന് കഴിപ്പിച്ചു, കഞ്ഞിയും കുടിച്ചതിനുശേഷമാണവർ തിരിച്ചു പോയത്..അമ്മുവിന് പിറകെ നടക്കുമ്പോൾ വാതിൽക്കൽ വെച്ചവളൊന്ന് തിരിഞ്ഞു നോക്കി…ചുണ്ടിന്റെ കോണിലെ കള്ളച്ചിരിയോടൊപ്പം ആ മിഴികളുമവൻ ചിമ്മി തുറന്നിരുന്നു…

രണ്ടാം ദിനവും അവന് കഴിക്കാനുള്ളതൊക്കെ കൊണ്ടു വെച്ച് തിരിച്ചു നടക്കുമ്പോൾ കേട്ടു..

“ഇതങ്ങു സ്ഥിരമാക്കിക്കൂടെ…?”

ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ മൗനം സമ്മതമായിരുന്നെന്ന് അവനറിഞ്ഞിരുന്നു…

ആകാശത്തു മഴമേഘങ്ങൾ തിക്കും തിരക്കും കൂട്ടിയ ഒരു വൈകുന്നേരം,കോലായിലെ തൂണിൽ ചാരിയിരുന്ന അവന്റെ നെഞ്ചിൽ ചേർന്നിരുന്നപ്പോഴാണ് അവൾ ആദ്യമായി അവളെ പറ്റി മറ്റൊരാളോട് സംസാരിച്ചത്…

ആരോടും പങ്കിടാതെ നെഞ്ചിനുള്ളിൽ സൂക്ഷിച്ച രഹസ്യങ്ങൾ അവനിലേക്ക് പകരുമ്പോൾ രാജുവിന്റെ കൈ അവളിൽ മുറുകിയിരുന്നു..

വീടിന്റെ മൺതറയ്ക്കടിയിൽ ഒളിപ്പിച്ച അച്ഛനിൽ നിന്നും, കരിമ്പിൻ തോട്ടത്തിനപ്പുറത്തുള്ള മാടക്കയത്തിലേക്കവൾ വെവിട്ടി വീഴ്ത്തിയ ഭാസ്കരൻ മുതലാളിയുടെ, ചീർത്തു പൊന്തിയ ശവശ രീരത്തെ പറ്റി പറയുമ്പോഴും രുഗ്മിണിയുടെ ശബ്ദം തെല്ലുമിടറിയിരുന്നില്ല…

“അയ്യാളുടെ ഉപദ്രവം കൂടിക്കൂടി അവസാനം ഇടവഴീല് വെച്ച് ന്റെ അമ്മൂട്ടിയെ കേറിപ്പിടിച്ചപ്പോ ആണ് ഞാനത് മനസ്സിലുറപ്പിച്ചത്…”

രുഗ്മിണിയുടെ ശബ്ദത്തിനൊപ്പം രാജുവിന്റെ മുഖവും മുറുകിയിരുന്നു…സന്ധ്യ മയങ്ങിയപ്പോൾ, അവൾ യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ, പെട്ടെന്നാണവൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുണ്ടുകൾ ചേർത്തത്..തെല്ലമ്പരപ്പോടെയവൾ നോക്കിയപ്പോൾ ആ മിഴികൾ അവൻ ചിമ്മിത്തുറന്നു..

വീണ്ടും രണ്ടു നാൾ കാണാത്തതിനോടൊപ്പം താഴിട്ട് പൂട്ടിയ പൂമുഖ വാതിലും കണ്ടതോടെ രുഗ്മിണിയ്ക്ക് ആധിയേറിയിരുന്നു..

എന്നാലും ഒന്നും പറയാതെ..

അന്നൊരു ഞായറാഴ്ചയായിരുന്നു..അമ്മു രാവിലെ കാവിലേക്കെന്നും പറഞ്ഞിറങ്ങിയിട്ടും രുഗ്മിണി എഴുന്നേൽക്കാതെ മടിച്ചു കിടപ്പായിരുന്നു..മനസ്സിൽ കുടിയേറിക്കഴിഞ്ഞവനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു ചിന്തകൾ..വാതിലിൽ മുട്ട് കേട്ടിട്ടും പതിയെയാണവൾ തുറന്നത്…അമ്മുവായിരിക്കും…

പക്ഷെ കണ്മുന്നിൽ കണ്ട കാഴ്ച്ച..ആ മുഖം..ആ വേഷപ്പകർച്ച….

കണ്ണുകളിൽ തിരിച്ചറിവിന്റെ രേണുക്കൾ തെളിഞ്ഞപ്പോൾ അവളുടെ ഉള്ളിൽ എന്തൊക്കെയോ പൊട്ടിത്തകരുന്നുണ്ടായിരുന്നു..പക്ഷെ മുഖത്ത് നിസ്സംഗതയായിരുന്നു…

കാവിൽ തൊഴുതിറങ്ങുമ്പോൾ വീട്ടിൽ പോലീസ് എത്തിയിട്ടുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞാണ് അമ്മു ഓടിക്കിതച്ചെത്തിയത്..

വനിതാപൊലീസുകാർക്കിടയിൽ കൈവിലങ്ങണിഞ്ഞ് നിക്കുന്ന രുഗ്മിണിയെ കണ്ടതും അമ്മുവിന് നെഞ്ച് പറിഞ്ഞു പോവുന്നത് പോലെ തോന്നി..

അടുത്ത നിമിഷം പോലീസ് യൂണിഫോമിൽ തലയെടുപ്പോടെ നിന്നിരുന്ന മറ്റൊരാളിൽ നോട്ടമെത്തിയതും അമ്മുവിനു കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി..

“രാജുവേട്ടൻ..”

അല്ല..ശ്രീരാജ് നമ്പ്യാർ..ഐപിഎസ്…

“ഭാസ്കരൻ നമ്പ്യാരുടെ അനന്തിരവനാ..അമ്മോന്റെ മരണമന്വേഷിക്കാൻ വേഷം മാറി വന്നതായിര്ന്നത്രേ..”

ആരോ പറയുന്നതവൾ കേട്ടു…വീടിനുള്ളിൽ നിന്നും വാസുവിന്റെ പെറുക്കിക്കൂട്ടിയ അസ്ഥിക്കഷ്ണങ്ങളടങ്ങിയ പെട്ടി പുറത്തേക്ക് കൊണ്ടുവന്നപ്പോൾ അമ്മുവിന്റെ കണ്ണുകൾ രുഗ്മിണിയിലെത്തി…ആ നിമിഷം അവളും അമ്മുവിനെയൊന്നു നോക്കിയിരുന്നു…

“പോവാം…”

രുഗ്മിണിക്കരികെ നിന്നിരുന്ന പോലീസുകാരോടായി പറഞ്ഞിട്ട് ശ്രീരാജ് മുറ്റത്തേക്കിറങ്ങി…

അമ്മുവിനെ അയാൾ ശ്രെദ്ധിച്ചതേയില്ല..രുഗ്മിണിയേയും..

തലയുയർത്തി തന്നെയാണ് രുഗ്മിണി ജീപ്പിനരികിലേക്ക് നടന്നത്…നെറ്റിയിലേക്ക് വീണുകിടന്ന മുടികൾക്കിടയിലൂടെ ആ കണ്ണുകൾ തന്നെ തേടിയെത്തുന്നത് അമ്മു കണ്ടു..അലറിക്കരഞ്ഞു കൊണ്ടവൾ മുറ്റത്തിരുന്നു..അപ്പോൾ മാത്രം രുഗ്മിണിയുടെ മുഖത്തൊരു പതർച്ചയുണ്ടായിരുന്നു..

അമ്മു കാല് പിടിച്ചു പറഞ്ഞിട്ടും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളൊന്നും രുഗ്മിണി നിഷേധിച്ചില്ല..വക്കീലിന്റെ വാക്കുകൾ തള്ളിക്കൊണ്ടവൾ കോടതിമുറിയിൽ കുറ്റമേറ്റ് പറഞ്ഞു..

നിസംഗതയോടെ തന്നെ വിധി കേട്ടു നിന്നു..ഒരു നിമിഷം ആ നോട്ടം ശ്രീരാജിനെ തേടിയെത്തിയിരുന്നു..പക്ഷെ അവൻ മുഖമുയർത്തിയിരുന്നില്ല…

ശിക്ഷ കാത്തു കിടക്കുന്നതിനിടെ ശ്രീരാജ് അവളെ കാണാൻ ശ്രെമിച്ചെങ്കിലും നടന്നിരുന്നില്ല..പക്ഷെ ഈയൊരു കൂടിക്കാഴ്ച്ച രുഗ്മിണി പ്രതീക്ഷിച്ചിരുന്നു..

ഏറെ നേരമായി സെല്ലിന് പുറത്തു നിൽക്കുകയായിരുന്നു ശ്രീരാജ് നമ്പ്യാർ..അഴികൾക്കിടയിലൂടെ, കാൽമുട്ടിൽ മുഖം ചേർത്തിരിക്കുന്ന രുഗ്മിണിയിലായിരുന്നു അയാളുടെ കണ്ണുകൾ..പൊടുന്നനെയവൾ മുഖമുയർത്തിയ നിമിഷമാണ് തന്നെ ഉറ്റുനോക്കുന്ന ആ കണ്ണുകൾ കണ്ടത്…

രുഗ്മിണി പതിയെ എഴുന്നേറ്റു സെല്ലിന്റെ വാതിലിനരികിലെത്തി നിന്നു..അവളുടെ വിരലുകൾ കമ്പികളിൽ മുറുകി…

ആ ദിവസം രാവിലെ, തന്റെ വീട്ട് വാതിൽക്കൽ പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടതിൽ, പിന്നെ ഒരിക്കലും ശ്രീരാജ് തന്റെ മുഖത്തേക്ക് നോക്കിയിട്ടില്ലെന്നവളോർത്തു…

അഴികളിൽ പിടിച്ച തന്റെ വിരലുകളിൽ ആ കൈവിരലുകൾ മുറുകുന്നതറിഞ്ഞിട്ടും അവൾ കൈവലിച്ചില്ല….ഒന്നും പറയാതെ പരസ്പരം നോക്കിയവർ നിന്നു…

“അന്ത്യാഭിലാഷം ചോദിച്ചിരുന്നു..ഒന്നും പറഞ്ഞില്ല്യ ഞാൻ…പക്ഷെ ഇപ്പോ പറയണൂ…നാളെ അവിടെ സാറ് ണ്ടാവണം..”

എവിടെയെന്നയാൾ ചോദിച്ചില്ല…തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ പറഞ്ഞു..

“ഉണ്ടാവും.… “

അവൾ അയാളെ തന്നെ നോക്കിനിൽക്കുകയായിരുന്നു..ഇരുമിഴികളുമൊന്ന് ചിമ്മിക്കാണിച്ചു അയാൾ തിരിഞ്ഞു നടക്കുമ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു..ഏറെക്കാലത്തിന് ശേഷം..

പുലർച്ചെ തൂക്കുമരത്തിലേക്ക് ആനയിക്കപ്പെടുമ്പോഴും അവളുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവവും തെളിഞ്ഞില്ല..ഇതെന്തൊരു പെണ്ണാണിതെന്ന് ആ മുറിയിലുണ്ടായിരുന്നവർ  ഉള്ളിൽ പറഞ്ഞു കാണണം…

വിധി വായിച്ചു കേൾപ്പിക്കുമ്പോഴും അവളാരെയും നോക്കിയില്ല..അവളിൽ തന്നെ നോട്ടമർപ്പിച്ച ആ കണ്ണുകളെപ്പോലും..

ഒടുവിൽ കറുത്ത തുണി കാഴ്ചകളെ മറയ്ക്കുന്നതിന് തൊട്ടുമുൻപായി അവൾ തന്റെ പ്രണയത്തിന് നേരെ മിഴികൾ നീട്ടി..ആ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവളുടെ ചുണ്ടിലൊരു നേർത്ത ചിരി മിന്നി മാഞ്ഞു..

ആ മുറിയിൽ നിന്നും തിരിഞ്ഞു നടക്കുമ്പോൾ അതായിരുന്നു ശ്രീരാജിന്റെ അവസാനകാഴ്ച്ച..തന്റെ പ്രണയത്തിന്റെ…

അവൾ ആഗ്രഹിച്ച പോലെ…സ്നേഹത്താൽ മുറിവേറ്റവൾ..സ്നേഹത്താൽ മുറിവേൽപ്പിച്ചു..തോൽപ്പിച്ചു…എന്നെന്നേക്കുമായി…

വർഷവും ശിശിരവുമേറെ കടന്നു പോയി…

ഒരു ദിനം ആ ഒറ്റമുറി ഫ്ലാറ്റിന്റെ ഏകാന്തതയിൽ, ചാരുകസേരയിൽ ചുക്കി ചുളിഞ്ഞ അയാളുടെ ദേഹം മരണം കാത്ത് കിടക്കുമ്പോഴും, അയാളുടെ മനസ്സിലെ അവസാനകാഴ്ച്ച കറുത്ത തുണിയ്ക്കുള്ളിൽ മറഞ്ഞു പോവുന്ന ആ മിഴികളായിരുന്നു..ആ ചിരിയായിരുന്നു..

അയാളുടെ മേശപ്പുറത്തുള്ള നിറം മങ്ങിയ ഫ്രെയിമിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ആ പെണ്ണിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു..വേട്ടക്കാരനെ സ്നേഹിച്ചു തോൽപ്പിച്ച അതേ ചിരി….

~സൂര്യകാന്തി (ജിഷ രഹീഷ് )?