കേട്ടതൊന്നും വിശ്വസിക്കാനാകാതെ ഞാൻ സമനില തെറ്റിയവനെ പോലെ ഇരുന്നു പൊട്ടി കരഞ്ഞു…

വെള്ളിക്കൊലുസ്സ്

Story written by Aswathy Joy Arakkal

==========

മാളു…ദേഷ്യവും, സങ്കടവും സഹിക്കാൻ വയ്യാതെ, സ്വയം മറന്ന് അവിനാശ് ഉറക്കെ  വിളിച്ചു..

ഒച്ച വെക്കേണ്ട അവിനാശ്…ഒച്ച വെച്ചത് കൊണ്ടു യാതൊരു പ്രയോജനവും ഇല്ല. എനിക്കിനി നമ്മുടെ ഈ ബന്ധം ഇങ്ങനെ തുടർന്ന് കൊണ്ടു പോകാൻ താൽപ്പര്യമില്ല. ഉറച്ചതായിരുന്നു മാളുവിന്റെ ശബ്ദം..

മാളു..നീ..എന്റെ മാളു തന്നെയാണോ ഈ സംസാരിക്കുന്നതു..അവിനാശ് തളർച്ചയോടെ കസേരയിലേക്കിരുന്നു..

അതെ..മാളവിക തന്നെയാണ്..ദയവു ചെയ്തു നീ ഇനി എന്നെ ശല്യപ്പെടുത്തരുത്. എനിക്ക് വീട്ടിൽ വേറെ കല്യാണം ആലോചിക്കുന്നുണ്ട്..സൊ..

അതുശെരി..അപ്പൊ നീ എന്നെ ചതിക്കുകയായിരുന്നല്ലേ..എന്നേക്കാൾ നല്ലൊരു ബന്ധം കിട്ടിയപ്പോൾ…എനിക്ക്  മുഴുവനാക്കാൻ ആയില്ല..

നിനക്കെങ്ങനെ വേണമെങ്കിലും കരുതാം..ഇനിയുമെന്നെ ശല്യപ്പെടുത്താനാണ് ഭാവമെങ്കിൽ മാളവിക ആരാണെന്നു നീ അറിയും..അതും പറഞ്ഞവൾ ഫോൺ കട്ട്‌ ചെയ്തു..

കേട്ടതൊന്നും വിശ്വസിക്കാനാകാതെ ഞാൻ സമനില തെറ്റിയവനെ പോലെ ഇരുന്നു പൊട്ടി കരഞ്ഞു..തന്റെ മാളു..അവൾ..

കോയമ്പത്തൂരിൽ എഞ്ചിനീറിങ്ങിനു ചേർന്നപ്പോൾ തൊട്ടുള്ള അടുപ്പമാണ് മാളുമായിട്ടു..അവള് കണ്ണൂരും, ഞാൻ കാലിക്കറ്റും ആയതു കൊണ്ട് പോക്കും, വരവുമൊക്കെ മിക്കപ്പോഴും ഒരുമിച്ചായിരിക്കും. അങ്ങനെ ഇടക്കെപ്പഴോ ആ ബന്ധം പ്രണയമായി മാറി..പിന്നെ ഒരിക്കലും പിരിയാനാകാത്ത വിധത്തിൽ ഗാഡമായി..

ക്യാമ്പസ്‌ സെലക്ഷനിൽ ജോലി ലഭിച്ചു ട്രയിനിങ്ങിനു വന്നതാണിവിടെ മുംബൈയിൽ..അവൾ അവിടെ M.Tech നു ചേരുകയും ചെയ്തു..തുടർപഠനം വേണ്ടെന്നു വെച്ചു ഇപ്പോഴേ ജോലിക്ക് ശ്രമിച്ചതു തന്നെ അവളേ എത്രയും വേഗം സ്വന്തമാക്കാനാണ്..എന്നിട്ടവളാണിപ്പോൾ..

ഇവിടെ വന്നു ആദ്യത്തെ രണ്ടാഴ്ച അവള് ആകെ എന്നെ കാണണമെന്നുള്ള കരച്ചിലും, വാശിയുമൊക്കെ ആയിരുന്നു…പിന്നെ ഫോൺ വിളിച്ചാൽ എടുക്കാതായി…മെസ്സേജിന് റിപ്ലൈ ഇല്ല..അവളുടെ ഹോസ്റ്റൽമേറ്റിന്റെ നമ്പർ ആണ് കയ്യിലുള്ളത്..ആ കുട്ടിയെ വിളിച്ചപ്പോൾ മാളവിക നാട്ടിൽ പോയേക്കാണ്, കോളേജിൽ ഒരു മാസത്തെ ലീവ് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു..വേറെ ഡീറ്റെയിൽസ് ഒന്നും അവൾക്കറിയില്ലത്രേ..

ട്രെയിനിങ് പീരിയഡ് ആയതു കൊണ്ടു ഇവിടെ നിന്നു അങ്ങനെ അങ്ങു ഇട്ടിട്ടു പോകാനും പറ്റില്ല…ആകെ ടെൻഷൻ അടിച്ചിരിക്കണ സമയത്താണ് ആഴ്ചകൾക്കു ശേഷം അവളുടെ മെസ്സേജ് വന്നത്. പിന്നീടങ്ങോട്ട് പിരിയണം എന്ന വാശിയിലായിരുന്നവൾ..അതാണിപ്പോ ഇങ്ങനെ അവസാനിച്ചത്..

ഇല്ല..എൻറെ മാളു…അവൾക്കെന്നെ അങ്ങനെ ഒഴിവാക്കി പോകാനാകില്ല. എല്ലാംകൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ പന്തികേടുകൾ തോന്നുന്നുണ്ട്. എന്തോ തീരുമാനിച്ചിട്ടെന്ന പോലെ അവിനാശ് ചിന്തയിൽ നിന്നു ഉണർന്നു.

ഫോണെടുത്തു ക്ലാസ്സ്‌മേറ്റ് ആയിരുന്ന ഉന്മേഷ്നെ  വിളിച്ചു. മാളുവിന്റെ വീടിനടുത്തല്ലെങ്കിലും, കണ്ണൂര് തന്നെയാണ് അവന്റെയും വീട്…നടന്ന കാര്യങ്ങളൊക്കെ വിശദമായി തന്നെ അവനോടു അവതരിപ്പിച്ചു. എന്തു റിസ്ക് എടുത്തിട്ടായാലും മാളുവിനെ കണ്ടു സംസാരിക്കാൻ നോക്കാം  എന്നു അവൻ ഉറപ്പിച്ചു പറഞ്ഞു.

രണ്ടു ദിവസത്തിന് ശേഷം ഉന്മേഷിന്റെ കാൾ വന്നത് അത്ര ശുഭകരമല്ലാത്തൊരു വാർത്തയുമായിട്ടാണ്…

മാളുവിനെ കാണാൻ സാധിച്ചില്ലെങ്കിലും ചിലതൊക്കെ അവനറിയാൻ സാധിച്ചു..ഒരു വെള്ളിയാഴ്ച്ച  ഹോസ്റ്റലിൽ നിന്നു വീട്ടിലേക്കു പോകുന്ന വഴി, മാളൂന്റെ അച്ഛന്റെ ബൈക്ക് ആക്‌സിഡന്റ് ആയെന്നും, കുറേകാലം അവൾ ഹോസ്‌പിറ്റലൈസ്‌ഡ്‌ ആയിരുന്നെന്നും. പതുക്കെ അവൾ പഠിപ്പു നിർത്തിയെന്നുമൊക്കെ ഉന്മേഷിൽ നിന്നു കേട്ടപ്പോ എന്തൊക്കെയോ ശെരിയല്ലാത്തതു പോലൊരു തോന്നൽ മനസ്സിലുണ്ടായി ..

അവൾക്കു വേണ്ടി നേടിയ ജോലി അവൾ ഒപ്പമില്ലെങ്കിൽ എന്തിനെന്ന തിരിച്ചറിവിൽ വലിച്ചെറിഞ്ഞിട്ടു നാട്ടിലേക്കു ട്രെയിൻ കയറി..

നേരെ പോയത് മാളുവിന്റെ വീട്ടിലേക്കാണ്…അവളെ  നഷ്ടപ്പെടാൻ വയ്യാത്തത് കൊണ്ടു മനസ്സിന് നല്ല ധൈര്യമായിരുന്നു..

വാതിൽ തുറന്ന അവളുടെ അച്ഛനോട് കാര്യങ്ങളൊക്കെ ചങ്കൂറ്റത്തോടെ തുറന്നു പറഞ്ഞു. പക്ഷെ അദ്ദേഹത്തിന്റെ  മറുപടി എന്നെ തകർത്തു കളഞ്ഞു..പാവം എൻറെ പെണ്ണ്..അവൾ എന്തൊക്കെ സഹിച്ചു..

ആരെയും വക വെക്കാതെ അവള് കിടന്ന റൂമിലേക്ക്‌ ഓടി കയറി..തളർന്നു ഉറങ്ങുകയാണെന്റെ മാളു..ആക്‌സിഡന്റിന്റെ പാടുകൾ മുഖത്തങ്ങിങ്ങായി കാണാനുണ്ട്..പതുക്കെ അവളേ പുതപ്പിച്ച ഷീറ്റ് ഞാൻ നീക്കി..കണ്ണു നീരെനിക്ക്‌ തടുക്കാനായില്ല…

കൊലുസിട്ട് കൊഞ്ചി നടന്ന അവളുടെ കാലുകളിലൊന്ന്…അതിനേക്കാൾ വിഷമിപ്പിച്ചത് ഞാൻ മേടിച്ചു കൊടുത്ത വെള്ളികൊലുസു മാറോടടക്കി പിടിച്ചു ഉറങ്ങുന്ന എൻറെ പെണ്ണിന്റെ മുഖമാണ്..

എൻറെ കണ്ണുനീർ പതിച്ചത് അവളുടെ മുഖത്താണ്. ഞെട്ടിയെണീറ്റവൾ കാണുന്നത് കണ്ണു നിറച്ചു നിൽക്കുന്ന എന്നെയാണ്..

ഒരുനിമിഷം എനിക്ക് മുഖം തരാതെ അവൾ  കഴുത്തു  വെട്ടിച്ചു..

ഞാൻ പതുക്കെ ചെന്നു അവളുടെ മുഖത്തു  പിടിച്ചു..

പോ..അവിനാശ്..ഇവിടുന്നു പോ..എനിക്കാരെയും കാണണ്ട അവൾ അലറി കരഞ്ഞു

മാളു..

കണ്ടില്ലേ..അവിനാശ്..നീ കൊലുസിട്ടു കാണാൻ കൊതിച്ചിരുന്ന എൻറെ കാലുകളിൽ ഒന്ന് ഇന്നെനിക്കില്ല..ചട്ടുകാലിയാ ഞാനിന്നു ചട്ടുകാലി..എന്നെ നിനക്കെന്തിനാ ഇനി..അവൾ മുഖം പൊത്തി കരഞ്ഞു..

പതുക്കെ ഞാനവളെ എന്നോടടുപ്പിച്ചു..മോളെ  ഞാൻ സ്നേഹിച്ചത് നിന്റെ ശരീരത്തെ മാത്രമല്ല..നിന്റെ മനസ്സിനെ കൂടെയാ…നാളെ എനിക്കാണിങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ  നീ എന്നെ ഉപേക്ഷിക്കുമായിരുന്നോ..ഇല്ലല്ലോ..അപ്പോപ്പിന്നെ എങ്ങനെയാ മോളെ..അല്ലെങ്കിലും ഈ പുറമെ കാണുന്ന സൗന്ദര്യത്തിനൊക്കെ എത്ര ആയുസ്സുണ്ട് മോളെ..ഹൃദയങ്ങൾ തമ്മിലുള്ള ബന്ധമേ മരണമില്ലാതെ നിലനിൽക്കൂ…ഇന്നുമുതൽ ഞാനുണ്ടാകും നിന്റെയൊപ്പം..നിനക്ക് നഷ്ടപെട്ട കാലിനു പകരം..ഊന്നു വടിയായി..നിന്റെ ജീവനായി..എന്നും..എപ്പോഴും..എന്തിനും..

പൊട്ടിക്കരഞ്ഞു കൊണ്ടവളെന്റെ മാറിലേക്ക് വീഴുമ്പോൾ വാതിക്കൽ നിന്നു രണ്ടു ഹൃദയങ്ങളുടെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. ഇരുളടഞ്ഞെന്നു കരുതിയ പൊന്നുമോളുടെ ജീവിതത്തിൽ പ്രകാശം പരക്കുന്നത് കണ്ടു ഹൃദയം നിറഞ്ഞ രണ്ടു പാവം ജന്മങ്ങളുടെ തേങ്ങൽ….

സന്തോഷങ്ങളിൽ ഒപ്പം നടന്നു ആഘോഷിക്കുന്നത് മാത്രമല്ല സ്നേഹം…സങ്കടങ്ങളിൽ താങ്ങും തണലുമായി ഒപ്പം ഉണ്ടാകുമെന്ന വാഗ്ദാനം കൂടെയാണ് സ്നേഹം…

കാപട്യത്തിന്റെ ഈ കാലത്തു…ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്കു  വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടയിൽ….ആത്മാർത്ഥ പ്രണയം കാത്തു സൂക്ഷിക്കുന്നവർക്കായി സമർപ്പണം…

~Aswathy Joy Arakkal (10/07/2019)