തലമുടി പിച്ചിക്കീറി കരഞ്ഞോണ്ട് അവസാന റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ച ഹാജറാത്ത മരണ വാർത്തയറിഞ്ഞെത്തിയ…

Story written by Ezra Pound

===========

വീരാനിക്ക മരിച്ചു….അതിനെന്താന്നല്ലേ, പറയാം.

സംഗതി മൂപ്പര്‌ നാട്ടുകാർക്കും കുടുംബക്കാർക്കുമൊക്കെ നല്ലൊരു മനുഷ്യനാരുന്നെങ്കിലും സ്വന്തം വീട്ടില്‌ മഹാ അലമ്പാരുന്നു അതിപ്പം മൂപ്പരെ മാത്രം കാര്യല്ല. അത്യാവശ്യം നാട്ടില് നല്ല പിള്ള ചമഞ്ഞു നടക്കുന്ന പലരും സ്വന്തം വീട്ടിലെ പെരുമാറ്റത്തിൽ വട്ടപ്പൂജ്യമാരിക്കും.

അതോണ്ടന്നെ മൂപ്പര് ഇഹലോകവാസം വെടിഞ്ഞതിന്റെ പേരില്‌ കെട്യോളായ ഹാജറാത്തക്ക് വല്യ സങ്കടോന്നും ഉണ്ടാരുന്നില്ലെന്നത് നേരായിരുന്നു.

പക്ഷെ നാട്ടു നടപ്പ്‌ അങ്ങനല്ലാലോ..മരിച്ചതാരാന്നേലും വാവിട്ട് കരയണം. കരയുന്നതിന്റെ ഏറ്റക്കുറച്ചിലിനനുസരിച് നാട്ടുകാരിൽ ചിലർ മാർക്കിടും. കൊറച്ചു മാർക്ക് ബന്ധുക്കളുമിടും. അതിലൂടെയാണ് മരിച്ചയാളോടുള്ള സ്‌നേഹം അളക്കപ്പെടുക.

തെക്കേലെ ദാസപ്പേട്ടൻ മരിച്ചപ്പോ ആളുകള് മൊത്തം പറഞ്ഞത്‌ അങ്ങേരു പോയത് നന്നായെന്നാ. കാരണമെന്താ..മരിച്ചപ്പോ മൂപ്പരെ ഭാര്യ കരഞ്ഞില്ലത്രേ.

സത്യം പറഞ്ഞാൽ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അവർക്ക്‌ കരയാനുള്ള കണ്ണീരു പോലുമുണ്ടായില്ലെന്നതാണ് സത്യം. അത്രേം വെല്യ ഷോക്കാരുന്നു. അല്ലേലും കരഞ്ഞാലെന്ത് ഇല്ലേലെന്ത്..പോവേണ്ടത് പോയീലെ.

പക്ഷെ നാട്ടുകാര് സമ്മതിക്കോ..അതോണ്ടന്നെ അവരുടേം ബന്ധുക്കളുടേം വിധിയെഴുത്തിൽ ആ പാവം സ്ത്രീ പരാജയപ്പെടുകയും ഗത്യന്തരമില്ലാതെ ഒടുവിൽ ആകെയുണ്ടാരുന്ന പത്തുസെന്റ് വീടും പുരയിടോം വിറ്റ് അവിടുന്നു രക്ഷപ്പെടുകയുമാണുണ്ടായത്.

ഇക്കഥകളൊക്കെ അറിയാവുന്ന ഹാജറാത്ത മുൻകരുതലെന്നോണം വാവിട്ട് കരഞ്ഞു. നല്ലോണം കരഞ്ഞുന്ന് മാത്രല്ല, മൂക്ക് പിഴിഞ്ഞ് അടുത്തുള്ളൊരുടെ വസ്ത്രങ്ങളിലുരച്ചു..മരണ വീട്ടില് പാലിക്കേണ്ട പ്രോട്ടോക്കോൾ ലംഘിക്കേണ്ടെന്ന് കരുതി അവരൊക്കെ ഹാജറാത്തയുടെ പ്രവർത്തിയോട് പ്രതികരിച്ചില്ലെന്ന് മാത്രല്ല ചേർത്ത് പിടിച്ചാശ്വസിപ്പിക്കുകയും ചെയ്തു.

തലമുടി പിച്ചിക്കീറി കരഞ്ഞോണ്ട് അവസാന റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ച ഹാജറാത്ത മരണ വാർത്തയറിഞ്ഞെത്തിയ നാട്ടുകാരുടെയും ബന്ധുക്കളുടെയും ഉത്തമ ഭാര്യ പട്ടികയിലിടം നേടി.

പക്ഷെ അപ്പോഴൊക്കെ ഹാജറാത്ത  ഉള്ളിന്റെയുള്ളിൽ സന്തോഷിക്കാരുന്നു. കാരണം ജീവിച്ചിരുന്ന കാലത്തൊന്നും മൂപ്പര് അവർക്കൊരു ഉപകാരവും ചെയ്തില്ലെന്ന് മാത്രല്ല എണ്ണിയാൽ തീരാത്ത ഉപദ്രവങ്ങൾ ചെയ്തിട്ടുണ്ടാരുന്നു താനും.

സഹിക്കുന്നതും  പൊറുക്കുന്നതുമാണ് ഉത്തമ ഭാര്യയുടെ ലക്ഷണങ്ങളെന്നും അവർക്കാണ് സ്വർഗ്ഗമെന്നും പറഞ്ഞു പഠിപ്പിച്ചത് കാരണം പണ്ടാരക്കാലനെ ഉപേക്ഷിക്കാനും കഴിഞ്ഞീല. അല്ലേലും കെട്യോനെ ഉപേക്ഷിച്ചൊരൊക്കെ ഒരുമ്പെ-ട്ടവരും കെട്യോൻ ഉപേക്ഷിക്കുന്നൊരു കഴിവ് കെട്ടവളും ആയി മാറുന്ന ലോകത്ത് ഉപേക്ഷിക്കലിന് യാതൊരു പ്രസക്തിയുമില്ലാലോ.

അതോണ്ടന്നെ അഞ്ചുനേരവും നിസ്കാര പായേലിരുന്നു കണ്ണീരോടെ പ്രാർഥിക്കാൻ മാത്രമേ അവർക്ക്‌ കഴിഞ്ഞുളളൂ. ഒടുവിലിതാ പടച്ച തമ്പുരാനവരുടെ പ്രാർത്ഥനക്കുത്തരം നൽകിയിരിക്കുന്നു.

രാത്രി കിടക്കാൻ നേരം പുറത്തൂന്നെന്തോ ശബ്ദം കേട്ട് അതെന്താണെന്ന് നോക്കാനും മാണ്ടി മുറ്റത്തേക്കിറങ്ങിയതാരുന്നു വീരാനിക്ക. വിധിയെന്നല്ലാതെ എന്താ പറയാ..

അല്ലെങ്കിൽ സ്വഭാവികമായി താഴേക്ക് വീണൊരു തേങ്ങ ലക്ഷ്യം തെറ്റാതെ മൂപ്പരെ തലേൽ ചെന്ന് പതിക്കോ. പതിച്ചാൽ തന്നെയും ബോധം പോവോ. തെങ്ങു ചതിക്കില്ലെന്നേ പഴമക്കാര് പറഞ്ഞിട്ടുള്ളൂ..തേങ്ങക്ക് ചതിക്കാലോ. അല്ലാണ്ടെന്താ പറയാ.

ശബ്ദം കേട്ടോടിവന്ന ഹാജറാത്ത കാണുന്ന കാഴ്ച വെട്ടിയിട്ട വിറക് കൊള്ളിപോലെ കിടക്കുന്ന വീരാനിക്കാനെയാ. സന്തോഷത്തിന്റെയാണോ  ആശ്ചര്യസൂചകമായാണോ എന്തൊ “ന്റെ റബ്ബെ”ന്നുള്ള ഒരലർച്ചയാരുന്നു  ആദ്യമുണ്ടായത്.

അലർച്ച കേട്ടങ്ങോട്ടേക്കോടി വന്ന അയലോക്കത്തുള്ളോര് മൂപ്പരെ കോരിയെടുത്തോണ്ടു ആശുപത്രീല്ക്ക്‌ കൊണ്ടൊവാൻ നോക്കിയെങ്കിലും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. ഖത്തീബുസ്താദ് വന്ന് അതുറപ്പിക്കേം ചെയ്ത്.

കുളിപ്പിക്കാൻ എടുക്കാൻ നേരം ഹാജറാത്ത കരച്ചിലിന്റെ ശക്തി ഒന്നൂടെ കൂട്ടി..അതും പോരാഞ്ഞു കൊണ്ടൊവുന്നതിനു മുമ്പ് പഴയ പ്രതികാരമൊക്കെ തീർക്കാനാണോ എന്തോ എനിക്കിനി ആരുണ്ടെന്നും പറഞ് കണ്ണടച്ചോണ്ട് ശാന്തനായി കിടക്കുന്ന മൂപ്പരെ നെഞ്ചത്തോട്ട് അഞ്ചാറിടിയും കൊടുത്ത്..അത്ഭുതമെന്ന് പറയട്ടെ..ആദ്യമൊന്നനങ്ങി..പിന്നീടതാ മരിച്ചൂന്ന് കരുതിയ മൂപ്പര് ചാടിയെഴുന്നേറ്റ് ശ്വാസം കിട്ടാതെ ചുമക്കുന്നു.

അതോടെ സ്വിച്ചിട്ട പോലെ ഹാജറാത്ത കരച്ചില് നിർത്തി. കണ്ണ് തുടച്ചു.. വാപൊളിച്ചു.

ജീവിച്ചിരിക്കുന്നോർക്ക് എന്തിനാ ഓത്തും ബൈത്തുമൊക്കെ ന്ന് കരുതിയാവും ഖുർആൻ ഓതിക്കൊണ്ടിരുന്ന കുട്യോൾ അതൊക്കെ മടക്കി വെച്ചു.

കുളിപ്പിക്കാൻ പന്തല് കെട്ടിക്കൊണ്ടിരുന്നൊരു ടാർപ്പോളിൻ ഷീറ്റ് താഴെയിട്ട് അങ്ങോട്ടേക്കൊടിവന്നു. ഇനീപ്പോ മൂപ്പരൊറ്റക്ക് കുളിച്ചോളുല്ലോ.

നിമിഷ നേരം കൊണ്ട് മൂപ്പരെ തിരിച്ചു വരവും അതിന് കാരണക്കാരിയായ ഹാജറാത്തയും നാട്ടിലെമ്പാടും വൈറലായി.സ്വീകരണ ചടങ്ങുകൾ..അനുമോദനങ്ങൾ.

പാർട്ടി മീറ്റിംഗിൽ വരാനിരിക്കുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ഹാജറാത്തനെ പാർട്ടി സ്ഥാനാർഥി ആക്കാൻ വരെ നിർദ്ദേശമുണ്ടായി.

വീരാനിക്കാന്റെ പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങളുണ്ടായി.

ഒരു നിലാവുള്ള രാത്രില് മുഖത്തോട് മുഖം നോക്കി കിടക്കുന്ന സമയത്ത്‌  വീരാനിക്ക ഹാജറാത്താനോട് ചോദിച്ചു..

“അല്ലാടി അന്നേരം നിനക്കെന്താ അങ്ങനെ ചെയ്യാൻ തോന്നിയെ..”

നെഞ്ചത്തിടിച്ച കാര്യമാണ് മൂപ്പര് ചോയ്ക്കുന്നെ. സത്യം പറയാനൊക്കോ. ഹാജറാത്ത മൂപ്പരെ മുഖത്തോട്ട് നോക്കി പുഞ്ചിരിച്ചു..എന്നിട്ട് പറഞ്ഞു.

“എല്ലാം പടച്ചോന്റെ കൃപ”